Monday, September 29, 2008

പെരുന്നാളിനോട് പറയാനുള്ളത്..!

പെരുന്നാളിനെ എനിക്കു പേടിയാണ്! നിലാവ് പിറന്നതായി സൗദിടെലിവിഷനില്‍ അറിയിപ്പ് വരുന്നതു മുതല്‍ തുടങ്ങും മനസ്സിന്റെ കണ്ണു നിറയാന്‍! പെരുന്നാള്‍ രാവുമുഴുവന്‍ ഒരു പോളക്കണ്ണടക്കാതിരുന്നു പൊട്ടിപ്പൊട്ടിക്കരയുന്ന എന്റെ മനസ്സിനെ എന്തുപറഞ്ഞാണു ഞാന്‍ ആശ്വസിപ്പിക്കുക?

"നാളെ ഷാജഹാന്റെ വീട്ടിലും, ജലീലി‍ക്കാടെ വീട്ടിലും കോഴി ബിരിയാണിയാ ഹായ്, അബുക്കാടവ്‌ടെ ആട്! ഹൊ! എല്ലാട്ത്തും പായസോണ്ടാകും ഹാവൂ !" ഇങ്ങനെ യൊക്കെ പലപല ആത്മകൊതിപ്പിക്കലുകളും കരച്ചില്‍ മാറ്റല്‍ ശ്രമങ്ങളും നടത്തിനോക്കാമെന്നല്ലാതെ ഉം ഹും..ലവലേശം ഒന്നാശ്വസിക്കില്ല എന്റെ അസത്ത് മനസ്സ്..!

വളര്‍ത്തുദോഷമാണേ; വളര്‍ത്തു ദോഷം! മനസ്സുകളെ വളര്‍ത്തണ്ടതുപോലെ വളര്‍ത്തണം। ജനിച്ചതു മുതല്‍, മുതിര്‍ന്നിട്ടും, ഗള്‍ഫിലേക്കു പോരുന്നതു വരെ പെരുന്നാളിന്റെ തലേദിവസം മക്കളെയും വണ്ടീയില്‍ കയറ്റിയിരുത്തി ആലുവയിലോ പെരുമ്പാവൂരോ പോയി പെരുന്നാകോടിയും, ചെരിപ്പും, ബെല്‍ട്ടും, അത്തറും എല്ലാം വാങ്ങിക്കൊടുത്ത്, വീട്ടില്‍ വന്ന് അണിയിച്ചു നോക്കി, ചേര്‍ച്ച ഉറപ്പുവരുത്തി, സന്തോഷത്തോടെ കിടത്തിയുറക്കുന്ന വാപ്പമാരുണ്ടെങ്കില്‍ മനസ്സുകള്‍ ഇങ്ങനെ അസത്തുക്കളായില്ലെങ്കിലേ അത്ഭുതമുള്ളൂ॥!രാത്രി ഉറങ്ങാതെ പിറ്റേദിവസം രാവിലത്തേക്കുള്ള പലഹാരമുണ്ടാക്കലും, ഉച്ചക്കലേക്കുള്ള തേങ്ങാചോറിനുള്ള തേങ്ങാചെരകലും ഒക്കെ നടത്തുന്നതിനിടയില്‍ മക്കള്‍ ഉറങ്ങുന്നില്ലേ എന്നുറപ്പുവര്‍ത്താന്‍ ഇടക്കിടെ വന്നു നോക്കുകയും, ഉണര്‍ത്താതെ ഉമ്മ വക്കുകയും, ചെയ്യുന്ന ഉമ്മമാരുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട!

ഉമ്മ വച്ച തേങ്ങാചോറുതിന്ന് വയറുനിറഞ്ഞ മനസ്സിന്റെ ഓര്‍മ്മകളില്‍ ബ്റോയിലര്‍ കോഴിബിരിയാണി ഒരു കുട്ടളം നിറച്ചു തിന്നാലും ഒരു തുള്ളിയെങ്കിലും തൃപ്തിനിറയുമോ? വാപ്പസമ്മാനിച്ച കോടിയണിഞ്ഞ് പെരുന്നാളുകൂടുന്ന മനസ്സുകളെ റിയാലുകള്‍ വലിച്ചെറിഞ്ഞ് വാങ്ങിയ ജ്യോര്‍ദ്ദാനോയുടെയോ, ബോസ്സിനിയുടെയോ കളര്‍ഫുള്‍ ഉടുപ്പുകളുണ്ടോ ഒരു നുള്ളെങ്കിലും സന്തോഷിപ്പിക്കുന്നു? അനിയന്‍ തലയില്‍ കെട്ടിത്തന്ന തൂവാല പാറിയപ്പോള്‍ ഉയര്‍ന്ന് നിന്നിരുന്ന എന്റെ ശിരസ്സ്; ഇപ്പോള്‍ വെല്ലാസ്റ്റ്റെയിറ്റിട്ട് മുടിനിവര്‍ത്തിയിട്ടും,‍ ഹെഡ് & ഷോള്‍‍ഡര്‍ പതപ്പിച്ച് മിനുപ്പിച്ചിട്ടും, ഉംറക്കുപോയപ്പോള്‍ വാങ്ങിയ തിളക്കത്തൊപ്പിയണിഞ്ഞിട്ടും താങ്ങാനാകുന്നില്ലല്ലോ ഈ തലയുടെയൊരു കനം! ഈദ്ഗാഹിലേക്കു പോകവേ കുഞ്ഞുമൂത്താപ്പ പഞ്ഞിയില്‍ മുക്കി ചെവിയില്‍ തിരുകിത്തന്ന അത്തറിന്റെ സുഗന്ധത്തില്‍ പൂമ്പാറ്റകളായി പാറിയവര്‍ക്കു മുന്നില്‍ ഹ്യൂഗോ ബോസ്സിനോ അതിന്റെ മൂത്താപ്പ പോലീസിനോ പുല്ലോളം വിലയുണ്ടോ? തിരുദൂതര്‍ ചെയ്യാത്തതെങ്കിലും പടക്കം ഹറാമല്ല എന്ന ഉറച്ചവിശ്വാസത്തില്‍ പൊട്ടിച്ച പടക്കങ്ങളുടെ ശബ്ദം കാതില്‍ മുഴങ്ങുന്നതിനിടയില്‍ ഞാനിപ്പോള്‍ ഏതു ഖവ്വാലീ സംഗീതത്തിന്റെ താളഗതിയില്‍ മതിമറക്കാനാണ്?അതിരാവിലെ ആദ്യത്തെ പെരുന്നാള്‍ മുത്തം തന്നിരുന്ന വല്ലിമ്മമാരില്‍ ഒരാളുടെ കൃത്യം ഒരു വര്‍ഷം പഴക്കമുള്ള ഖബറിങ്കലും മറ്റേയാളുടെ നാലു വര്‍ഷം പഴക്കമുള്‍ല രോഗശയ്യയിലുമെത്തി സലാം പറഞ്ഞു കടന്നുപോകാനുള്ള ഈ പെരുന്നാളിനെ ആഹ്ലാദാമോദങ്ങളോടെ ഞാന്‍ എങ്ങനെ സ്വീകരിക്കാനാണ്?

അതുകൊണ്ടാണ് ഈ വരുന്ന പെരുന്നാളിനോടു പറയാന്‍ എന്റെ മനസ്സ് എന്നോട് ഇങ്ങനെ പറഞ്ഞേല്പ്പിച്ചത്..
"അല്ലയോ പ്രിയപ്പെട്ട പെരുന്നാളേ! ദുര്‍ബ്ബലനായ ഈ പ്രവാസിക്ക് നിന്നെ വേണ്ടവണ്ണം സ്വീകരിക്കാനോ‍, വേണ്ടുവോളം ആഘോഷിക്കാനോ‍ കഴിഞ്ഞുകൊള്ളണ‌മെന്നില്ല! ഇഷ്ടമില്ലാഞ്ഞിട്ടല്ല! നിന്നേക്കാള്‍ വലുതായി മറ്റൊരാഘോഷത്തെയും കണ്ടിട്ടുമല്ല! പക്ഷ; എനിക്കു പേടിയാണ്; നിന്നോടൊപ്പം കുത്തിയൊലിച്ചെത്തുന്ന, കരളുതകര്‍ത്ത്, മനസ്സിന്റെ തട്ടിന്‍പുറങ്ങള്‍ കലക്കിമറിച്ച്, ആത്മാവിന്റെ നാട്ടിന്‍പുറങ്ങളില്‍‌ സര്‍‌വ്വനാശം വിതച്ചേക്കാവുന്ന മധുരസ്മരണകളെ;! എന്റെ സ്വന്തം മധുരസ്മരണകളെ!"

എങ്കിലും എന്റെ പ്രിയപ്പെട്ടവരോട് എനിക്കു പറയാതിരിക്കാന്‍ പറ്റില്ലല്ലോ "ഈദ് മുബാറക്!"

9 comments:

Aluvavala said...

എങ്കിലും എന്റെ പ്രിയപ്പെട്ടവരോട് എനിക്കു പറഞ്ഞല്ലേ പറ്റൂ॥"ഈദ് മുബാറക്..!"

ഫസല്‍ ബിനാലി.. said...

ഹൃദയം നിറഞ്ഞ ഈദാശംസകള്‍..

സന്തോഷ്‌ കോറോത്ത് said...

ഈദ് മുബാറക് :)

നജൂസ്‌ said...

ഏവര്‍ക്കും എന്റെ ഈദ് ആശംസകള്‍
ഈദ് മുബാറക്ക്‌.....

സലാഹുദ്ദീന്‍ said...

സസ്നേഹം
ചെറിയ പെരുന്നാള്‍ ആശംസകള്‍.

Areekkodan | അരീക്കോടന്‍ said...

ബൂലോകര്‍ക്ക്‌ മുഴുവന്‍ ഈദാശംസകള്‍ നേരുന്നു

രസികന്‍ said...

ഈദ് മുബാറക്ക്
പെരുന്നാൾ ദിനത്തിൽ വീട്ടിൽ വെക്കുന്ന തേങ്ങാച്ചോറിനു കൊതിക്കുന്ന മറ്റൊരു പ്രവാസി

പി എം അരുൺ said...

ഇന്നിന്റെ അനുഭവങ്ങൾ മധുരതരമല്ലെങ്കിലും, നാളെയുടെ ഓർമകളിൽ അതിനു മധുരമുണ്ടായിക്കൂടെന്നില്ല! കാലം ദിവസം തോറും മോശമായിക്കൊണ്ടിരിക്കുകയാണ്‌........................

Zain$ said...

കണ്ണു നിറഞ്ഞിട്ടു വായിക്കാന്‍ പറ്റാതായി...അത്രക്ക്‌ മനോഹരമായി നമ്മുടെ ഓര്‍മകളെ വരച്ചിരിക്കുന്നു ...ഇത് വായിക്കാന്‍ തന്നതിന് ഒരു പാട് ഒരു പാട് നന്ദി ...നിഷാദ് ....