Tuesday, June 2, 2009

മാപ്പിളപ്പാട്ടില്‍ കാജാബീഢി

മാപ്പിളപ്പാട്ടിനെ പുതിയ പാട്ടുകാരും എഴുത്തുകാരും നശിപ്പിച്ചു എന്നു പറയുന്നവര്‍ പാവങ്ങളാണ്? വിവരം കുറഞ്ഞവര്‍! വെളിവില്ലാത്തവര്‍. മാപ്പിളപ്പാട്ടിനെയും അതിന്റെ ചരിത്രശോഭകളെയും കുറിച്ചവര്‍ക്കെന്തറിയാം? ഒരു കൂട്ടം കുഞ്ഞുകുഞ്ഞു പാട്ടുകാര്‍, ഒരുപറ്റം ചെറിയേചെറിയ എഴുത്തുകാര്‍, തബലക്കാര്‍; ഇവരൊക്കെ കൂട്ടമായ്‌നിന്ന് ഏലാമ്പ്യേ വിളിച്ചു മുക്കി വലിച്ചാലും അനക്കാന്‍പോലും പറ്റില്ല വൈദ്യരുമാപ്ല മുതല്‍ എരഞ്ഞോളിക്കാക്ക വരെയുള്ളവര്‍ പാലും പഴവും കൊടുത്തുവളര്‍ത്തിയ മാപ്പിളപ്പാട്ടിന്റെ മൂക്കിലെ ഒരു രോമം! ഹിമാലയത്തിനെന്തു തൊരപ്പനെലി!?

ഈ പുതു ചേമ്പുതൈകളെല്ലാവരും അവരുടെ വരാനിരിക്കുന്ന മൂന്നു തലമുറകളുമൊക്കെക്കൂടി മാപ്പിളപ്പാട്ടുനശീകരണം ജീവിതയജ്ഞമായിക്കണ്ട് പണിയെടുത്താല്‍ പോലും മാപ്പിളപ്പാട്ടിന്റെ തങ്കപ്പതക്കങ്ങള്‍ തരിമ്പുപോലു ഒളുമങ്ങുമെന്നു കരുതണ്ട! പിന്നെയാണോ ജീവിക്കാന്‍ മറ്റൊരു ഗതിയും കാണാതിരുന്നപ്പോള്‍ കുറച്ചു പാട്ടുകാസറ്റുകളിറക്കിക്കളയാം എന്നുകരുതിയ കൊല്ലത്തെയോ കോഴിക്കോട്ടെയോ ഏതെങ്കിലും പാവപ്പെട്ട പയ്യന്‍‌മാര്‍!

പാട്ടിറക്കണം എന്ന മോഹം കലശലായപ്പോള്‍, പക്ഷെ ഏതുതരം പാട്ടിറക്കണം എന്നതായിരുന്നു അവരുടെ ആദ്യത്തെ പ്രശ്നം! "സംഗീതമേ അമര സല്ലാപമേ" പോലുള്ള കിടിലന്‍ വിസ്‌മയങ്ങളുണ്ടാക്കാനൊന്നും അവര്‍ക്കറിയില്ല. "തൂശിമ്മ കൂന്താരോ" പോലെ നാടന്‍പാട്ടുകളില്‍ സ്പെഷ്യലൈസ്‌ ചെയ്യാനുള്ള പ്രതിഭയില്ലെന്നുമാത്രമല്ല നാട്ടനുഭവങ്ങളോ ‍പാട്ടനുഭവങ്ങളോ അച്ഛന്‍‌മാരില്‍ നിന്നു ലഭിച്ചിട്ടുമില്ല! ആകെ കണ്ടിട്ടുള്ളത് പണ്ടത്തെ കല്യാണവീടുകളിലെ ഒപ്പനയും കൈമുട്ടും കോല്‍‌ക്കളിയും മാത്രം. പഠിച്ചിട്ടുള്ളത് പണ്ട് മദ്രസയില്‍ ഉസ്‌താദ് തല്ലിത്തല്ലി പഠിപ്പിച്ച കുറച്ച് അറബി വാക്കുകളും അയല്‍‌പക്കത്തെ പെണ്ണുങ്ങളുടെ പേരുകളും!

മാപ്പിളപ്പാട്ടിലെ വെള്ളിനക്ഷത്രങ്ങളായ സംകൃതപമഗരിക്കും, വമ്പുറ്റ ഹംസക്കുമൊക്കെ അവരുടെ നാട്ടിന്‍‌പുറങ്ങളില്‍ കിട്ടുന്ന സ്വീകാര്യത കൂടി കണ്ടപ്പോള്‍ അവര്‍ ഉണ്ടാക്കാന്‍ പോകുന്ന പാട്ടിന് "മാപ്പിളപ്പാട്ട്" എന്നു ലേബല്‍ കൊടുക്കാന്‍ അവര്‍ തീരുമാനിച്ചതു തെറ്റാണെന്നു ഞാന്‍ പറയില്ല. പക്ഷെ; വേണ്ടത്ര ഇശല്‍ ബോധമോ, ചരിത്രബോധ്യമോ, ഇല്ലാത്തവര്‍ യാതൊരു കാവ്യഗുണവുമില്ലാതെ, കോളേജ് കുട്ടികളുടെ സംസാരങ്ങള്‍ അപ്പാടെ വരികളായി പകര്‍ത്തി കിട്ടിയ രീതിയിട്ടു പാടി അതിനു "മാപ്പിളപ്പാട്ട്" എന്നു പേരിട്ട ആ ഇടലുണ്ടല്ലോ? അതു ശരിയായില്ല്!. സംസാരപ്പാട്ടെന്നോ, പേരുപാട്ടെന്നോ തുടങ്ങി ചേരുന്ന എന്തുപേരും അവര്‍ക്കു കൊടുക്കാമായിരുന്നല്ലോ? മാപ്പിള കലാശാഖയിലെ മണവാട്ടിയായ മാപ്പിളപ്പാട്ടിനെ തന്നെ വേണമായിരുന്നോ അവര്‍ക്ക് മാനഭംഗപ്പെടുത്താന്‍!

എന്നിട്ടിപ്പോള്‍ അവരൊക്കെ വലിയ പാട്ടുകാരായി ഞെളിഞ്ഞുനടക്കുന്നതു കാണുമ്പോള്‍ പണ്ട് കുമ്പാട്ടെ കോഴിക്കാരന്‍ കമ്മുക്കാക്ക കാജാബീഢി വില്‍സിന്റെ പാക്കറ്റിലിട്ട് അത് ഷര്‍ട്ടിന്റെ പോക്കറ്റിലിട്ട് ഞെളീഞ്ഞു നടന്നിരുന്ന ആ നടപ്പാണ് ഓര്‍മ്മ വരുന്നത്. ഒരിക്കല്‍ തൃശൂര്‍പൂരം കാണാന്‍ പോയ കമ്മുക്കാക്കാടെ പോക്കറ്റിലെ വില്‍‌സ് പാക്കറ്റ് കണ്ട ഒരു സായിപ്പ് കക്ഷിയോടൊരു സിഗരറ്റ് ചോദിച്ചു. കൊടുക്കുന്നതെങ്ങനെ; കൊടുക്കാതിരിക്കുന്നതെങ്ങനെ? നിവൃത്തിയില്ലാതെ മാന്യദേഹം പാക്കറ്റില്‍ നിന്നും ഒരു കാജാബീഢിയെടുത്തു കത്തിച്ചു കൊടുത്തു. സായിപ്പ് ഒന്നേ വലിച്ചുള്ളൂ; ചുമനിര്‍ത്താന്‍ പാടുപെടുന്നതിനിടയില്‍‌ സായിപ്പ് വിളീച്ചു പറഞ്ഞത്രേ.." ബുള്‍ഷിറ്റ് വില്‍സ്!".

സായിപ്പെന്തിനു വില്‍സിനെ തെറിപറഞ്ഞു? വില്‍സെന്തു പഴിച്ചു? കാജാബീഢി ചെയ്തോ വല്ല തെറ്റും?കാജാബീഢിക്ക് ദുര്‍ഗന്ധവും, കുത്തലും ഉണ്ടെന്നുകരുതി അതിഷ്ടപ്പെടുന്നവര്‍ വലിക്കട്ടെ? കമ്മുക്കാക്ക അതു വലിക്കുന്നതില്‍ ആര്‍ക്കാണെതിര്‍പ്പ്! വലിച്ചോട്ടെ..മരിക്കണവരെ വലിച്ചോട്ടെ..!

പിന്നെ തെറ്റെവിടെയാണ്? അത് വില്‍സിന്റെ പാക്കറ്റിലിട്ടില്ലേ, അതാണ് തെറ്റ്! മാപ്പിളപ്പാട്ടിന്റെ സുന്ദരന്‍ കവചത്തില്‍ ദു:ര്‍ഗ്ഗന്ധവും, കുത്തലുമുള്ള വിലകുറഞ്ഞ കാജാബീഢി പൊതിഞ്ഞ് കൊടുത്ത് മാപ്പിളപ്പാട്ടിനെ തെറികേള്‍പ്പിക്കുന്ന കമ്മുക്കാക്കമാരാണു തെറ്റുകാര്‍!

സായിപ്പന്‍‌മാരോടൊരു കാര്യം; നിങ്ങള്‍ തെറിവിളിക്കേണ്ടത് മാപ്പിളപ്പാട്ടിനെയല്ല, കൊല്ലത്തും കോഴിക്കോട്ടുമുള്ള ഈ കമ്മുക്കാക്കമാരെയാണ്! കാജാബീഢി പോലെ നാറുന്ന പാട്ടുകള്‍ കൊണ്ടു നടക്കുന്നതിനല്ല; അത് മാപ്പിളപ്പാട്ടിന്റെ പാക്കറ്റലിട്ട് ആളെപ്പറ്റിക്കുന്നതിന്!
--------------------------------------------------------------------------------
അടിവര:വില്‍‌സും കാജാബീഢിയും കേവലം സംഭവവിവരണത്തിന്റെ ഉപാധികള്‍ മാത്രമാണ്. നാറ്റത്തില്‍ മാത്രമേ കാജാബീഢിയും പുതിയ പാട്ടുകളുമായി സാമ്യമുള്ളു.വില്‍സുമായി മാപ്പിളപ്പാട്ടിന് യാതൊരു ബന്ധവുമില്ല ഇനി ഉണ്ടാവുകയുമില്ല!