Sunday, July 26, 2009

കുട്ടികള്‍ കുടവയറു കാണുമ്പോള്‍‍!

"മാവേല്യാ ഏറ്റോം കൂട്തല് ചോറ് തിന്നണത്, എന്ത് വല്ലിക്കാട്ട കൊടവയറാ..!" മുറ്റത്ത് കളിവീടുകെട്ടി കഞ്ഞീംകറീം വച്ചു കളിക്കുന്ന സുമിമോളുടെ കമന്റ്..!

"എടീ പൊട്ടീ..മാവേലി പാദാളത്തിലല്ലേ; അവ്ടെ ചോറൊന്നും കിട്ടൂല്ലാ..! അതേ...ഗ്യാസാ..ഗ്യാസ്..! ചോറ് തിന്നാണ്ടിര്ന്നാലേ വയറ്റില് ഗാസ് നെറഞ്ഞ് വീര്‍ക്കും!" കളിവീട്ടിലെ 'ഭര്‍ത്താവ്' അനിക്കുട്ടന്‍ കൂട്ടുകാരിയുടെ തെറ്റു തിരുത്തി.

"അപ്പോ അനിക്കുട്ടന്റെ ഡാഡി ഫോറിന്‍‌ന്നു വന്നപ്പഴും വല്യ കൊടവയറ്ണ്ടാര്‍ന്നല്ലോ? അവ്‌ടെ ചോറൊന്നും കിട്ടൂല്ലേ..?" എന്നായി സുമി..!

"ഉം..ഹും..അവ്‌ടേം ചോറൊന്നും കിട്ടൂല്ലാ..! ഈ ഓണത്തിന് ഡാഡി വരുമ്പ അതിനെക്കാട്ടീം വല്യവയറ്ണ്ടാവും..മാവേലീടത്രേം..!" അടുപ്പിന്റെ കല്ലുറപ്പിക്കവേ അനിക്കുട്ടന്‍ ചുണ്ട് കൂര്‍പ്പിച്ചു വിടര്‍ത്തിക്കൊണ്ടു പറഞ്ഞു..!

ഞാന്‍ ചിരിച്ചുപോയെങ്കിലും അന്തം‌വിടാന്‍ മറന്നില്ല..! കുട്ടികള്‍ സമൂഹത്തില്‍ നിന്നും കാര്യങ്ങള്‍ ഗ്രഹിക്കുന്ന വിധം നോക്കുക! മാവേലി കൊല്ലത്തിലൊരിക്കല്‍ ഓണത്തിനു വരുന്നു എന്നവര്‍ കേട്ടിട്ടുണ്ട്; ഫോറിനില്‍ പോയ അച്ഛനും കൊല്ലത്തിലൊരിക്കല്‍, അധികവും ഓണത്തിന്, വരുന്നു. മാവേലിക്ക് നല്ല കള്ളുംകുടം പോലത്തെ കൊടവയറുണ്ട്, അച്ഛനും കൊല്ലാകൊല്ലം വരുമ്പോള്‍ കൊടവയര്‍ കൂടിക്കൂടി വരുന്നുണ്ട്. ഇപ്പറയുന്ന മാവേലി സ്ഥിരമായി പാതാളത്തിലാണെന്നവര്‍ക്കറിയാം, പാതാളത്തെക്കുറിച്ച് അവരുടെ ഭാവനയില്‍ ഒരു രൂപവുമുണ്ട്! അപ്പോള്‍ പിന്നെ മാവേലിയെപ്പോലെ വല്ലപ്പോഴും വരുന്ന, കൊട്ടപോലെ കൊടവയറുള്ള തന്റെ അച്ഛന്‍ വസിക്കുന്ന 'ഫോറിന്‍' എന്ന സ്ഥലവും പാതാളവും ഏതാണ്ടൊന്നു തന്നെ അല്ലെങ്കില്‍ ഒരുപോലെതന്നെ എന്നൂഹിക്കാന്‍ മാത്രം നിഷ്‌കളങ്കരും, ശുദ്ധരുമാണ് കുട്ടികള്‍!

ഇതുകൊണ്ടാണ് 'വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ; ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍..!' എന്ന വൈലോപ്പിള്ളീ വരികള്‍ക്ക് ഞാന്‍ 'കിടിലന്‍; വീണ്ടൂം എഴുതുക' എന്നു കമന്റിട്ടത്!

ഗള്‍ഫിനെ പാതളം എന്നുവിളിക്കുന്നതാണോ ശരി അതല്ല പാതാളത്തെ ഗള്‍ഫ് എന്നു വിളിക്കുന്നതാണോ ശരി എന്നൊന്നും ഞാനിപ്പോള്‍ വിവരിക്കുന്നില്ല. ഗള്‍‌ഫുകാരുടെ തെറിവിളികേള്‍ക്കാനും പാതാളകുത്തകകളുടെ കയ്യടിയോ, തലക്കിട്ടടിയോ മേടിക്കാനും പേടിയുണ്ടായിട്ടൊന്നുമല്ല; ആകെയുള്ള ചെറിയൊരു കൊടവയറുംകൊണ്ട് ഓണാവധിക്കൊന്നു നാട്ടില്‍ പോകണമല്ലോ എന്നു കരുതിയതുകൊണ്ടാണ്, അതുകൊണ്ടു മാത്രം ആ വിഷയം തീര്‍പ്പുകല്‍‌പ്പിക്കാന്‍ നിങ്ങള്‍ക്ക് വിട്ടുതരുന്നു. ഇനി ഇതെങ്ങാനും വലിയ ചര്‍‌ച്ചയായി മാറി പത്രക്കാരും ചാനലുകാരുമൊക്കെ ഇതിനെ വിഴുപ്പുംകൂട്ടത്തിലിട്ടലക്കാന്‍ തുടങ്ങിയാല്‍ ഗള്‍ഫേതാ പാതാളമേതാ, ഗള്‍ഫിലാരാ പാതാളത്തിലാരാ എന്നറിയാതെ ആളുകളാകെ കണ്‍ഫ്യൂഷനിലായിപ്പോകും. മുഖ്യമന്ത്രിയേതാ മുക്കിയമന്ത്രിയേതാ, (പിണ)റായിയേതാ റവറന്റേതാ എന്നറിയാത്ത നാടാണേ നമ്മുടേത്!

പക്ഷെ, സുമിമോള്‍ക്കും അനിക്കുട്ടനും യാതൊരു കണ്‍ഫ്യൂഷനുമില്ല. അവര്‍ തീര്‍‍പ്പുകല്പ്പിച്ചിരിക്കുന്നു. മാവേലിയുടെ കുടവയറിന്റെ കാരണം അവര്‍ കണ്ടെത്തിയിരിക്കുന്നു. ഗ്യാസിന്റെ കാരണം അവര്‍ മനസ്സിലാക്കിയിരിക്കുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ പാതാളവും ഗള്‍ഫും സെയിം സെയിം എന്നവര്‍ വിലയിരുത്തിക്കഴിഞ്ഞിരിക്കുന്നു. അവര്‍ എല്ലാ കാര്യങ്ങളും വിലയിരുത്തുന്നതിങ്ങനെയാണ്.

ഇവിടെ മാതാപിതാക്കാള്‍ക്കൊരു മുന്നറിയിപ്പുണ്ട്. വിലയിരുത്തലുകള്‍ക്കും തീര്‍പ്പുകല്‍‌പ്പിക്കലുകള്‍ക്കും ശേഷം അവര്‍ ആക്ഷനിനേക്കു കടക്കുന്ന നിമിഷത്തെ ഭയപ്പെട്ടുകൊള്ളുക. അവര്‍ക്ക് നമ്മില്‍ നിന്നും, ചുറ്റുപാടുകളില്‍ നിന്നും, സമൂഹത്തില്‍ നിന്നും ലഭിക്കുന്ന വിവരം വികലമായാല്‍ വിലയിരുത്തലുകളും വികലമാകും. വികലമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ അവര്‍ പ്രവൃത്തികളിലേക്കു കടക്കാന്‍ തുടങ്ങിയാല്‍പിന്നെ കെടക്കപ്പൊറുതിക്കൊപ്പം നമുക്കും നാടുവിട്ടുപോകാം. തീയെ വിലയിരുത്തുന്നതില്‍ കുട്ടികള്‍ക്ക് പറ്റുന്ന തെറ്റാണ് അവരുടെ കൈ പൊള്ളിക്കുന്നത്. സ്ത്രീയെ വിലയിരുത്തുന്നതില്‍ മുതിര്‍ന്നവര്‍ക്കു പറ്റുന്ന തെറ്റുകള്‍ കുട്ടികള്‍ ശരി എന്നു ധരിച്ച് കാണാതെ പഠിക്കുകയും അത് വിവിധതരം ആക്ഷനുകളായി സഹപാഠികളിലേക്കും കളിക്കൂട്ടുകാരിലേക്കും അവര്‍ പ്രയോഗിക്കുകയും ചെയ്യുന്നു. കുട്ടികളെ വിലയിരുത്തുന്നതില്‍ മാതാപിതാക്കള്‍ക്കു പറ്റുന്ന അബദ്ധങ്ങളാണ് എന്നതാണേറെ പ്രധാനം. 'എന്റെ കുട്ടി തെറ്റുചെയ്യില്ല' എന്ന തീര്‍പ്പാണ് മാതാവേ നിങ്ങളുടെ ഏറ്റവും വലിയ തെറ്റ്!

ഒരു കുട്ടി ഒന്നാന്തരം ഒരു ഫാക്ടറിയാണ്. സമൂഹവും, സാമൂഹ്യ വിവരങ്ങളുമാണ് അവന്റെ റോമെറ്റീരിയല്‍സ്. അതില്‍ നിന്നും അതിവേഗം അവന്‍ നിഗമനങ്ങള്‍ സൃഷ്ടിക്കും. തെറ്റാകട്ടെ ശരിയാകട്ടെ അവന്‍ അതങ്ങനെ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അപ്പോള്‍ അവന് അല്ലെങ്കില്‍ അവള്‍ക്ക് ശരിയായ വിവരങ്ങളും അതിനുള്ള അവസരങ്ങളും ബുദ്ധിപൂര്‍‌വ്വം നമ്മളൊരുക്കിക്കൊടുക്കണം. ശരികള്‍ മാത്രം പഠിപ്പിക്കുന്നതല്ല, ശരിയെ ശരിയെന്നും തെറ്റിനെ തെറ്റെന്നും പഠിപ്പിക്കുന്നതാണ് ശരിയായ വിജ്ഞാനം. ഇതും മാതാപിതാക്കള്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്..!

അതേ സമയം ഒരു കുട്ടി ഒന്നാന്തരം ഒരു റോമെറ്റീരിയലുമാണ്. അവന്റെ പ്രത്യേകതകളും താല്‍‌പര്യങ്ങളും പഠിച്ച്, ക്രൃത്യമായ ചൂടില്‍ ശരിയായ മൂശയില്‍ വാര്‍ത്താല്‍ അവന്‍ ഒന്നാന്തരം ഒരു മണിമുത്തായി മാറും. അവന്റെ പ്രത്യേകതകള്‍ക്ക് വിരുദ്ധമായ മൂശയില്‍ അവനെ വാര്‍ക്കാന്‍ ശ്രമിക്കുന്നത് പരമാബദ്ധമാണെന്നോര്‍ക്കുക. അവന്‍ സ്വര്‍ണ്ണമാണെങ്കില്‍ അവനെ സ്വര്‍ണ്ണഗോപുരമാക്കി മാറ്റുക; സ്വര്‍ണ്ണത്തിന് വര്‍ണ്ണപ്പൂവാകാന്‍ കഴിയില്ല! അവന്‍ വര്‍ണ്ണമാണെങ്കില്‍ അവനെ വര്‍ണ്ണജാലമാക്കിമാറ്റുക; വര്‍ണ്ണത്തിന് സ്വര്‍ണ്ണമാല്യമാകാനും കഴിയില്ല. ഇതും മാതാപിതാക്കള്‍ക്കുള്ള മുന്നറിയിപ്പുതന്നെ!

എന്താടോ ഇത്ര ഗൗരവം എന്നല്ലേ? ലോകത്ത് ഏറ്റവും ഗൗരവമുള്ള വിഷയം ഫലിതബിന്ദുക്കളാകുന്നതെങ്ങിനെ? ആത്മാര്‍‌ത്ഥമായി പറഞ്ഞതാണ്. അല്‍‌പം വേദനയോടെ എഴുതിയതാണ്. എന്തുവേദന എന്നാണോ? തെറ്റായി വളര്‍ത്തപ്പെടുത്തകുട്ടികളെ കണ്‍കള്‍ക്കു മുന്നില്‍ കാണുമ്പോഴുള്ളവേദന. തെറ്റായി വളര്‍ത്തപ്പെട്ട കുട്ടികളെ തിന്‍‌മകള്‍ക്കു പിന്നില്‍ കാണുമ്പോഴുള്ള വേദന!

ഇനിയുമുണ്ട് വേദനിപ്പിക്കുന്ന കാര്യങ്ങള്‍. നോക്കൂ..കുറ്റവാളികള്‍ ആരുമാകട്ടെ, അവരുടെ ഇന്നത്തെ ടാര്‍ഗറ്റ് കുട്ടികളാണ്. പണ്ട്പണ്ടല്ല, ഈയടുത്ത്; കോട്ടയത്തൊരിടത്ത്, പത്താം ക്ലാസ്സുകാരിയായ മകളെ പഠിപ്പിക്കാന്‍ അച്ഛന് വലിയ ഉത്സാഹം! വൈകുന്നേരമായാല്‍ മകളുടെ പഠനമുറിയില്‍ അച്ഛന്‍ പഠിപ്പിക്കലോടു പഠിപ്പിക്കല്‍! അമ്മക്ക് സന്തോഷം.! പഠിപ്പിച്ച് പഠിപ്പിച്ച് അവസാനം കുട്ടിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ലത്രെ! കാര്യം എന്താണെന്നു ഞാന്‍ പറയില്ല; കാരണം അവള്‍ ഒരു കുട്ടിയാണ്, ഒരു കൊച്ചു പെണ്‍‌കുട്ടി. ഒന്നു മാത്രം സൂചിപ്പിക്കാം; ആ മകള്‍ക്ക് സ്വന്തം അച്ഛന്‍ ബയോളജിക്കു കൊടുത്ത പ്രാക്ടിക്കല്‍ ക്ലാസിന്റെ +ve റിസല്‍ട്ട് പരീക്ഷക്കു മുന്‍പേ വന്നുവത്രെ..!

പീഢനങ്ങളും കൊടും ചതികളും കേരളക്കരയാകെ മുളച്ചുപോങ്ങാന്‍പാകത്തിന് വിത്തുപാകിയതാരാണ്? അതിനു വളമാകാന്‍ പാകത്തിന് അച്ഛന്‍ ആദരണിയനും, അമ്മ മഹാമഹത്വവും, സഹോദര്യം സുസമ്പത്തുമായിരുന്ന നമ്മുറെ പാരമ്പര്യ സംസ്കാരം വേരറുത്ത് ചീയിച്ചു കളഞ്ഞതാരാണ്? പാശ്ചാത്യനും അവന്റെ സം‌സ്‌കാരവും എന്നൊറ്റവാക്കില്‍ പറഞ്ഞാല്‍ ഉത്തരം പൂര്‍ണ്ണമായില്ല. ടെലിവിഷനും, ഇന്‍‌റ്റര്‍നെറ്റും, മൊബൈല്‍ഫോണും തുടങ്ങിയ ശാസ്ത്ര സാങ്കേതിക വിദ്യകളാണിതിനൊക്കെ ഉത്തരവാദി എന്നു പറയുന്നവര്‍ പണ്ടാരമടങ്ങട്ടെ! സിനിമയെയും സീരിയലുകളെയുമൊക്കെ ഒറ്റക്കണ്ണനായ പിള്ളേരെപ്പിടുത്തക്കാരനോളം ഭയക്കണം. ഒരു കാര്യം സമ്മതിക്കാം, ഇതിലെല്ലാം നന്‍‌മയോളമോ, അതില്‍കൂടുതലോ തിന്‍‌മയുണ്ട്! പക്ഷെ ഒതളങ്ങ കഴിച്ച് ഒരു ‍കുട്ടി മരിച്ചാല്‍ ഒതളങ്ങയെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നവന്‍ പമ്പര വിഡ്ഢിതന്നെ! അതുകഴിച്ച കുട്ടിക്ക് ഒതളങ്ങ വെഷമാണെന്നറിയുകയോ അറിയാതിരിക്കുകയോ ചെയ്യട്ടെ! അവന്റെ പരിസരങ്ങളില്‍ ആ ഒതളങ്ങ നട്ടുപിടിപ്പിച്ചവരും, ഒതളങ്ങയുടെ പരിസരങ്ങളില്‍ അവനെ വിലക്കാതിരുന്നവരുമാണ് കുറ്റക്കാര്‍!

അതെ; എന്റെ കുട്ടി ഏതു സംസ്‌കാരം സ്വീകരിക്കണം എന്നു തീരുമാനിക്കുന്നവര്‍! അവര്‍ ടെലിവിഷനും, ഇന്റര്‍നെറ്റും എങ്ങനെവേണം ഉപയോഗിക്കാന്‍ എന്നു പഠിപ്പിക്കേണ്ടവര്‍; അതില്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യതയും ബാധ്യതയുമുള്ളവര്‍! അവര്‍‌ക്ക് കൈവിരലുകളും കാതുമുറക്കുന്നതിനു മുന്‍‌പ് വഴുക്കലും പടുകുഴികളുമുള്ള അനിയന്ത്രിത ബന്ധങ്ങളുടെ ലോകത്തേക്കുള്ള മൊബൈല്‍ഫോണ്‍ എന്ന താക്കോല്‍ നല്‍കണോ ചിന്തിക്കേണ്ടവര്‍! ഒതളങ്ങ വിഷമാണു മക്കളേ എന്നു പറഞ്ഞു പറഞ്ഞ്, വിലക്കി നിര്‍ത്തേണ്ടവര്‍! അനുസരിച്ചില്ലെങ്കില്‍ ശിക്ഷിക്കേണ്ടവര്‍. പാശ്ചാത്യന്റെ പെണ്‍കുട്ടി, കാമുകന്റെ കാറില്‍ വന്നിറങ്ങുമ്പോള്‍ എനിക്കും വേണം കാറുള്ള കാമുകന്‍ എന്നു പറയാതിരിക്കാന്‍ പാകത്തിന് ആ സംസ്‌കാരത്തോട് അറപ്പും നമ്മുടെ സംസ്‌കാരത്തോട് അടുപ്പവും അവരുടെ മനസ്സില്‍ കുഞ്ഞുപ്രായത്തിലേ വളര്‍ത്തിയെടുക്കേണ്ടവര്‍! അവരാണു കുറ്റക്കാര്‍; കുട്ടികള്‍ വഴിതെറ്റുന്നതിനും വഴിതെറ്റി വളരുന്നതിനും..!ഒരുകണക്കിനും പിടിച്ചാല്‍ കിട്ടാത്ത കാളക്കൂറ്റന്റെ ജീനുള്ള കുട്ടികളുടെ നി:സ്സഹായരായ മാതാപിതാക്കളെ മാത്രം ഇവിടെ കുറ്റവിമുക്തരാക്കാം..!

ഇനിയും ഇതുള്‍‌ക്കൊള്ളാനും പ്രാവര്‍‌ത്തികമാക്കാനും തയ്യാറല്ലാത്ത മാതാവിനും പിതാവിനും ഞാനിതാ ഒരു സന്തോഷവാര്‍ത്തയറിയിക്കുന്നു.. നിങ്ങള്‍ക്കുവേണ്ടി നിങ്ങളുടെ മക്കള്‍തന്നെ തയ്യാറാക്കുന്നുണ്ട് വൃദ്ധസദനങ്ങളും, വീടിന്റെ പിന്നാമ്പുറത്തെങ്ങോ ഇരുണ്ട ഒരു കുഞ്ഞ് ഒറ്റമുറിയും!

Sunday, July 12, 2009

ആകാശഗംഗയിലെ വല്ലിമ്മമാര്‍..!

മനസ്സ് ഒരാകാശഗംഗയാണെങ്കില്‍ ഏറെ പ്രഭാമയരായ സൂര്യചന്ദ്രാദികളായി ഉമ്മയും വാപ്പയും നിലകൊള്ളുന്നു. താരാഗണങ്ങളില്‍ ഏറ്റവും പ്രശോഭിത ഇപ്പോള്‍ മാതൃത്വം പ്രതീക്ഷിക്കുന്ന എന്റെ പ്രിയപ്പെട്ടവള്‍ തന്നെ! ഏറ്റവും ഓമനത്തമുള്ള കൂതൂഹല‍നക്ഷത്രങ്ങളായ് കുഞ്ഞനിയനും അവന്റെ പുതുമണവാട്ടിയും!

എന്റെ മനസ്സെന്ന ഈ ആകാശഗംഗക്ക് ഒരുമ്മറമുണ്ട്. ലോകത്തേക്കേറ്റവും വിലപിടിച്ച കളിമണ്ണുമെഴുകിയ ഒരുമ്മറം! അതിന്റെ രണ്ടു വശങ്ങളില്‍ അപൂര്‍‌വ്വമായ ചെങ്കല്ലില്‍ തീര്‍ത്ത് പരിശുദ്ധമായ കരിമെഴുകിയ രണ്ടു തിണ്ണകള്‍! തിണ്ണളുടെ ചുവരറ്റങ്ങളില്‍ വിശിഷ്ടമായ വെള്ളത്തുണികള്‍ക്കുമീതെ വിശുദ്ധഖുര്‍‌ആന്‍! അരികില്‍.. വിളക്കണക്കുമ്പോള്‍ തെളിഞ്ഞുകത്തുന്ന പട്ടുപച്ച മുത്തുകോര്‍ത്ത തസ്‌ബീഹുമാലകള്‍. ഇവിടെയാണ് വാത്സല്യത്തിന്റെ, കുട്ടിത്തങ്ങളുടെ, കടംകഥകളുടെ, ശൊളകങ്ങളുടെ*, തീഷ്‌ണാനുഭവങ്ങളുടെ, ത്യാഗങ്ങളുടെ, നേരുകളുടെ നേര്‍‌വഴികളുടെയൊക്കെ സ‌ര്‍‌വ്വഗംഗകളും ഉറവപൊട്ടുന്നത്. ആ തിണ്ണകളിള്‍ കാലുകള്‍ നീട്ടി പിറുപിറുത്തുകൊണ്ടിരിക്കുന്നതാണ് ആകാശഗംഗയിലെ ഏറ്റവും മഹത്വമുള്ള നക്ഷത്രങ്ങള്‍‍! എന്റെ വല്ലിമ്മമാര്‍!

ലോകത്തുള്ള സകല വല്ലിമ്മമാരെക്കുറിച്ചും സര്‍‌വ്വരും പഠിക്കണം. അനുഭവങ്ങളുടെയും, തരണംചെയ്യലുകളുടെയും അദൃശ്യമായ കൂമ്പാരങ്ങള്‍ ആത്മാവില്‍ ചുമക്കുന്നവരാകാം അവരിലോരോരുത്തരും. ഭൂമിയില്‍ പതിഞ്ഞ അവരുടെ ഓരോ കാല്‍‌പാടുകളിലും കാലത്തെ ശക്തമായി ചവിട്ടിക്കറക്കി മുന്നേറിയതിന്റെ പ്രഭാവങ്ങള്‍‍ കാണാം. ഒരുപക്ഷെ ഒരുപാടു തത്വസംഹിതകളേക്കാള്‍ മാറ്റേറിയതും മാര്‍ഗ്ഗദര്‍ശകവുമാകും അവരെക്കുറിച്ചുള്ള രചനകള്‍! ആരുമല്ലാത്ത ഐശ്വര്യ റായിയുടെ വിവാദവിഷയങ്ങളും വിവാഹവിശേഷങ്ങളും വിശദീകരിക്കുന്നവര്‍, ഒരു പുതുപുത്തന്‍ തൂവെള്ളക്കടലാസില്‍ ആത്മാവില്‍ മുക്കിയ തൂലികയാല്‍ സ്വന്തം മുത്തശ്ശിയെക്കുറിച്ചെഴുതുക. ഒരുപക്ഷെ നിങ്ങളുടെ ഏറ്റവും നല്ല രചനയാകാമത്, ഏറ്റവും നല്ല ചെയ്തികളിലൊന്നും!

വല്ലിമ്മ‌മാരെക്കുറിച്ചു പറയുന്നവരെല്ലാം അതിവേഗംകുട്ടിക്കാലത്തേക്ക് സഞ്ചരിച്ചുപോകും. കുട്ടിക്കാലവും വാര്‍ദ്ധക്യവും പണ്ടുമുതലേ ഏറ്റവും നല്ല ചങ്ങാതിമാരാണ്! രണ്ടിനും ഒരേമനസ്സ്, ഒരേ രീതി. സ്നേഹവും പരിചരണവും കിട്ടിയില്ലെങ്കില്‍ ഏറ്റവും സങ്കടപ്പെടുന്നവര്‍! ഭക്ഷണവും മരുന്നും കഴിക്കാന്‍ ഇവര്‍ക്കെന്തൊരു മടിയാണ്! കുട്ടിക്കാലം ഉമ്മക്കുചുറ്റും കറങ്ങാന്‍ കൊതിക്കുന്നുവെങ്കില്‍ വാര്‍ദ്ധക്യം മക്കള്‍ ചുറ്റുംകൂടുന്ന ഉമ്മയാകാന്‍ മോഹിക്കുന്നു! കുട്ടിക്കാലം എന്തിനും ഏതിനും ഉമ്മവേണം എന്നു ശഠിക്കുമ്പോള്‍ വാര്‍ദ്ധക്യം എന്തും ഏതും മക്കള്‍‌ക്കും കൊച്ചുമക്കള്‍ക്കും വേണ്ടി കരുതിവക്കുന്നു; ഉണ്ണിയപ്പവും, ഉപ്പുമാങ്ങയും, ആരെങ്കിലും സമ്മാനിച്ച കപ്പലണ്ടിമിഠായി പോലും.

ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ പട്ടിണിയുടെ പാരമ്യത്തില്‍ കിണറ്റില്‍ നിന്നും കോരിക്കുടിച്ച പച്ചവെള്ളത്തിന്റെ ശക്തിയില്‍ കല്ലുമലക്കും പെരുമലക്കുമിടയില്‍ കല്ലുചുമന്നും മുതലാളിയുടെ പാടം കൊയ്തും മെതിച്ചും ഏഴു മക്കളെപോറ്റിയ തിക്താനുഭവങ്ങള്‍ എടത്തയില്‍ എന്റെ വീട്ടിലെ‍ തണുത്ത മാര്‍ബിള്‍ തറയിലിരുന്ന് വല്ലിമ്മ വിവരിക്കുമ്പോള്‍‍ ആ പാതി മങ്ങിയ കണ്ണുകള്‍ ചുട്ടുപൊള്ളുന്ന നട്ടുച്ച വെയിലേല്‍ക്കുന്നതുപോലെ ചുരുങ്ങി വിറയ്ക്കുന്നതുകാണാം; തലയില്‍ കനമുള്ള കരിങ്കല്ല് ചുമക്കുന്നതുപോലെ തൊണ്ടഞരമ്പുകള്‍ തടിച്ചു തെളിയുന്നത്‌ കാണാം, അരിവാളു പിടിച്ചപോലെ വലംകൈ ചുരുണ്ടു മുറുകുന്നതുകാണാം! പിന്നെയാ കൈകള്‍ ആകാശത്തേക്കുയരുമ്പോള്‍ കണ്ണുകള്‍ വിപ്ലവകാരിയുടേതുപോലെ ആളിക്കത്തും. ശേഷം കഞ്ഞിവെള്ളത്തിന്നു മോഹിച്ച മക്കള്‍ക്ക്, കുഞ്ഞിക്കയില്‍ കോരിലഞ്ചാറുവറ്റിട്ട്, കാന്താരിപൊട്ടിച്ച് കണ്ണീരുചാലിച്ച്, വാത്സല്യവും കോരി വാരിക്കൊടുത്ത ചരിത്ര വിസ്മയ കഥകള്‍ വീരസാകസികയുടെ മുഖഭാവത്തോടെ പറയും എടത്തലയിലെ എന്റെ വല്ലിമ്മ! അതെ, ആരും തുണയില്ലാതെ രാപകലദ്ധ്വാനിച്ച് മക്കളെ പോറ്റിയ മാതാവിന്റെ നേര്‍ കഥനത്തേക്കാള്‍വലിയ വിപ്ലവ വിജയഗാഥകള്‍ ഏതു ചരിത്രേതിഹാസമാണ് നമുക്ക്‌ പറഞ്ഞു തരിക?

അത്ഭുതപ്പെട്ടുപോകും മധുരത്തില്‍ മുങ്ങിക്കുളിക്കുന്ന നമ്മള്‍. ഒരു നുള്ളു മധുരം നുണയാന്‍ കൊതിച്ചിരുന്ന കാലമുണ്ടയിരുന്നുവത്രെ അവര്‍ക്കൊക്കെ! ലോകത്തെങ്ങും മധുരം ഇല്ലാതിരുന്നിട്ടല്ല; കാലണക്ക് അഞ്ചെണ്ണം കിട്ടുന്ന ചന്ദ്രക്കലയൊത്ത നാരങ്ങാമിഠായികള്‍ പോലും വല്ലിമ്മ സ്വയം അപ്ര്യാപ്യമാക്കിയത് മക്കളുടെ ഒരുകയില്‍‌ ‍കഞ്ഞിയും ഒരു ജോഡി വസ്ത്രവും അവരുടെ വിദ്യാഭ്യാസവും ജീവിതത്തിലെ ഏറ്റവും വലിയ കൊതിയും ലക്ഷ്‌യവുമായി മാറിയതുകൊണ്ടാണ്; എത്താത്ത കൊമ്പിലെ മാമ്പഴം കയ്യെത്തിപ്പിടിക്കുമ്പോള്‍ ആത്മാവില്‍ നിറയുന്ന മധുരം നുകരാന്‍‌വേണ്ടിയാണ്! ബഹിരാകാശയാത്രയും വമ്പന്‍ പരീക്ഷാവിജയങ്ങളും മുഖ്യ ലക്ഷ്‌യമായിക്കാണുന്ന പെണ്ണുങ്ങള്‍ മിടുമിടുക്കികള്‍ തന്നെ, പക്ഷെ മഹത്വത്തില്‍ ആരാണു മുന്നില്‍ എന്ന ചോദ്യത്തിന് ഞാന്‍ ചൂണ്ടിക്കാണിക്കുക ഓരോ വീടിന്റെയും പിന്നാമ്പുറങ്ങളിലേക്കാണ്. അവിടെ മക്കളുടെയും കൊച്ചുമക്കളുടെയും ഓര്‍മ്മയില്‍ പ്രാര്‍‌ത്ഥനാ നിര്‍‌ഭരം നിശ്ശബ്ദമായിരിക്കുന്ന വല്ലിമ്മമാരിലേക്കാണ്. ഒരാളും ആ മഹത്വത്തിനു തെളിവു ചോദിക്കരുത്; തേഞ്ഞുതീര്‍ന്ന കൈകളും, പാടേ കുഴിഞ്ഞ കണ്ണുകളും, കൊഴിഞ്ഞുതീര്‍ന്ന കൂന്തലും തന്നെയാണ് തെളിവുകള്‍! ഞാനും നിങ്ങളും നമ്മുടെ മാതാപിതാക്കളും ഇങ്ങനെ ജീവിക്കുന്നു എന്നതും അവരുടെ മഹത്വമല്ലാതെ പിന്നെന്താണ്?

അന്ന് ഒരു തുണ്ടു മധുരം കൊതിച്ച നാളുകളെ വന്‍നിധിപോലെ മനസ്സില്‍ സൂക്ഷിക്കുന്നുണ്ട് വല്ലിമ്മ! പക്ഷെ, ഇന്ന്, ഈ മധുരം കുമിഞ്ഞ നാളില്‍ പഞ്ചാരരോഗത്തിന്റെ രൂപത്തില്‍ വന്ന പടച്ചവന്റെ വിധി മധുരം കഴിക്കരുത് എന്നായിരുന്നു. പറമ്പിലെ തേന്‍‌വരിക്ക പ്ലാവ് കായ്‌ച്ചകാലങ്ങളില്‍ ഞങ്ങളെയെല്ലാം ചുറ്റും വിളിച്ചിരുത്തി വെട്ടിയുരിഞ്ഞു തീറ്റിക്കുമ്പോള്‍ ഒരൊറ്റ ചുളപോലും രുചിച്ചുനോക്കാറില്ല പാവംവല്ലിമ്മ. അന്നു മക്കള്‍ക്കു വേണ്ടി സന്തോഷത്തോടെ മാറ്റിവച്ച കൊതി ഇതാ പടച്ചവനു വേണ്ടി അനുസരണത്തോടെ മാറ്റിവച്ചിരിക്കുന്നു! പക്ഷെ, അതോടെ പല്ലുകള്‍ പിണങ്ങി പിരിഞ്ഞുപോയി. കുറേ കഴിഞ്ഞപ്പോള്‍ രോഗം മൂര്‍ച്ഛിച്ച് ഇടത്തേ കാലും മുറിച്ചു മാറ്റപ്പെട്ടു. ചക്കക്കൊതിയരായ മക്കളെ സ്വര്‍ഗ്ഗത്തില്‍ ചുറ്റും ലഭിക്കാന്‍ നേരത്തേതന്നെ അവര്‍ക്കുള്ള പാസ്സുവാങ്ങാനയച്ചതാകാം മക്കളുടെ സ്വര്‍ഗ്ഗം വിരാജിക്കുന്ന ആ മാതൃപാദം!

"ഞാനെന്തു കഴിച്ചിട്ടാണാവോ എനിക്കീ രോഗം വന്നത്?" എന്ന ചോദ്യം വ്യത്യസ്ത്ഥമായ ഒരു ചിരിയോടെ വലിമ്മ ഇടക്കിടെ ചോദിക്കാറുണ്ട്. ചോദിക്കുന്നത് വല്ലിമ്മയാണ്, ഉത്തരങ്ങള്‍ എന്റെ പ്രാര്‍‌ത്ഥനകളാകുന്നു!
രോഗത്തിന്റെ രൂപത്തില്‍ വന്ന ആ വിലക്ക് ത്യാഗങ്ങളുടെ സ്മരണകള്‍‍ നല്‍കുന്ന മധുരത്തില്‍ തെല്ലുപോലും മായം കലര്‍‌ത്തേണ്ട എന്ന പടച്ചവന്റെ തീരുമാനമാകാം! കാപട്യം നിറഞ്ഞ ഈ ലോകത്തെ മധുരങ്ങളൊക്കെയും തന്റെ ഈ വിശുദ്ധദാസിക്ക് കഴിക്കാന്‍മാത്രം പരിശുദ്ധമല്ല എന്നവന്‍ കണ്ടതുകൊണ്ടാകാം!

പകരമായി, സ്വര്‍ഗ്ഗത്തിന്റെ ഉച്ഛിയില്‍ മധുരത്തിന്റെ പെരുമലകള്‍ സ്വര്‍ഗ്ഗരാജന്‍ കരുതിവച്ചിട്ടുണ്ടാകും! സ്വര്‍ഗ്ഗഗേഹത്തിന്റെ മുറ്റത്ത് അനര്‍ഘമായ ഒരു തേന്‍‌വരിക്കപ്ലാവ് വല്ലിമ്മാക്കുവേണ്ടി മാത്രം കായ്‌ച്ചുനില്‍‌പ്പുണ്ടാകും! നേരത്തേ മുറിക്കപ്പെട്ട ഇടംകാലിനു പകരം സ്വര്‍ഗ്ഗത്തിലെ തെങ്ങിന്‍ തോട്ടം ഭരിക്കാന്‍ തമ്പുരാന്‍ സ്വര്‍ണ്ണപാദം തന്നെയാകും നല്‍കുക! വീടിന്റെ പിറകിലെ കുഞ്ഞുതോട്ടത്തിലെപ്പോലെ സര്‍‌വതിനും സഹായിയായി സാധുവായ മക്കാര്കാക്കയെയും കൂട്ടിനു നല്‍കിയേക്കാം. സ്വര്‍ഗ്ഗീയശയ്യയില്‍ തന്റെ വലംകയ്യായ ശുശ്രൂഷകക്കുള്ള തോട്ടത്തിന്റെ കവാടത്തില്‍ അവകാശിയുടെ നാമം 'ഹാജറാബീവി' എന്നുല്ലേഖനം ചെയ്യപ്പെട്ടിരിക്കാം!!!

വല്ലിമ്മ തീരെ ക്ഷീണിതയാണ്! ഒന്നും കഴിക്കുന്നില്ല! ഇതെഴുതിത്തീര്‍ത്തിട്ടുവേണം വീട്ടിലേക്കൊന്നു വിളിക്കാന്‍. ആരെങ്കിലും ഫോണെറ്റുക്കുമ്പോള്‍ വല്ലിമ്മ തലപൊക്കി നോക്കും. അപ്പോള്‍ ശുശ്രൂഷിച്ചുകൊണ്ട് അടുത്തിരിക്കുന്ന ഹാജുഎളീമ പറയും "ഉമ്മാ..നിഷാദാണ്..!" ആവേശത്തോടെ ഉണങ്ങിയ ചുണ്ട്നനക്കാന്‍ ശ്രമിച്ചുകൊണ്ട് വല്ലിമ്മ ഫോണ്‍ ചെവിയോട് ചേര്‍‌ക്കും! ഞാന്‍ വിളിക്കും.."വല്ലിമ്മാ...". കേള്‍ക്കില്ലെങ്കിലും നേര്‍ത്ത സ്വരത്തില്‍ നിരതെറ്റിയ വാക്കുകളീല്‍ വല്ലിമ്മ ചോദിക്കും "മോനു സുഖാണോ..?"

അതെ എനിക്കു സുഖമാണ്. അതിനുവേണ്ടി മാത്രമാണല്ലോ വല്ലിമ്മ ജീവിച്ചതും; ഇപ്പോഴും പ്രാര്‍‌ത്ഥിക്കുന്നതും.....!


തുടരും..!

(ഇനി എനിക്ക് പെരുമ്പാവൂരുപോകാനുണ്ട്..അവിടെ എനിക്കൊരു വല്ലിമ്മയുണ്ടായിരുന്നു.....അല്ല വല്ലിമ്മയുണ്ട്...!)

-----------------------------------------------------------------
ശ്ലോകം: ശൊളകം എന്നാണ് പെരുമ്പാവൂരെ എന്റെ വല്ലിമ്മ പറഞ്ഞിരുന്നത്.

Thursday, July 2, 2009

അച്ഛന്‍‌ ‍മരിച്ചാലെന്തുചെയ്യണം..?

കേരളമായ കേരളമാകെ കൂര്‍മ്മബുദ്ധിയില്‍ വിദഗ്ധമായി രസം കലര്‍ത്തിയ തന്ത്രശാലിയുടെമുഖഭാവത്തോടെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്;പറന്നുപോകുന്ന ഒരു കൂട്ടം പക്ഷികളിലൊന്ന് പറക്കവേ മുട്ടയിട്ടു, പക്ഷെ മുട്ട താഴേക്കു വീണില്ല; എന്തുകൊണ്ട്?

ഈ ചോദ്യം കേള്‍ക്കുന്ന ഉത്തരബാധ്യതക്കാരന്‍‍ പുറത്തിരിക്കുന്ന കാക്കയുടെ "ഭാരം കൂടുതലില്ലല്ലോ?" എന്ന ചോദ്യം കേട്ട പോത്തിന്റെ മുഖഭാവത്തില്‍ മറുപടി നല്‍കും.."പക്ഷി അണ്‍‌ടര്‍‌വെയറിട്ടിരുന്നു!"പിന്നെ ഒരു കൂട്ടച്ചിരിയാണ്! അന്തം വിട്ട പൊട്ടിച്ചിരി!

ചിരിച്ചോട്ടെ. ചിരി ആരോഗ്യത്തിന് നല്ലതാണ്. പക്ഷെ ചിരിക്കാന്‍ വേണ്ടി മാത്രം ജീവിക്കുക എന്നു വന്നാല്‍; കരച്ചിലുകള്‍ കേട്ടാല്‍ ബോറടിക്കും എന്നാകുമ്പോള്‍‍?! അണ്ടര്‍‌വെയറിട്ട പക്ഷിയുടെ ചിത്രം മനസ്സില്‍ തെളിയുമ്പോഴുള്ള ചിരിയില്‍ കൂടുതലായി ഈ ചോദ്യത്തിനും ഉത്തരത്തിനും യാതൊരു പ്രത്യേകതകളുമില്ല. അഥവാ യാതൊരടിസ്ഥാനമോ, സാംഗത്യമോ ഇല്ലാത്ത ഒരു ചോദ്യവും ഉത്തരവും! എന്നിട്ടും കേരളക്കരയില്‍ അത് ഹിറ്റാകുകയും ആളുകള്‍ ചിരിച്ചുചിരിച്ച് മണ്ണുകപ്പുകയും ചെയ്യുന്നു!

ഇത്തരത്തില്‍ ലോജിക്കില്ലാതെ ചിരിക്കുന്നവരായി ലോകത്തൊരുപക്ഷേ നമ്മള്‍ മലയാളികള്‍ മാത്രമേയുണ്ടാകൂ. നമുക്കെന്തും ചിരിയാണ്. എന്തും ചിരിക്കുള്ള വകയാണ്. കരള്‍ചീഞ്ഞ കാട്ടാളന്‍‌മാര്‍ കടിച്ചുകീറിയ കുഞ്ഞിന്റെ മൃതദേഹം വാരിപ്പുണര്‍ന്നു പൊട്ടിക്കരയുന്ന മാതാവിന്റെ മുഖഭാവങ്ങള്‍കണ്ടു ചിരിക്കാന്‍; മലയാളീ നീയല്ലാതെ ഈ ലോകവനാന്തരങ്ങളില്‍ പല്ലിളിക്കുന്ന ഏതു ഹിംസ്രജന്തുവാണുള്ളത്?

മാറാവ്യാധികളും അപകടങ്ങളും പീഠനങ്ങളും ഒളിച്ചോട്ടങ്ങളും കൊള്ളയും കൊലയും ബലാത്സംഗവും പിഞ്ചുകുഞ്ഞുങ്ങളുടെ രോദനങ്ങളും പ്രകൃതിക്ഷോഭവും തലക്കുമീതേ കരിമേഘങ്ങളായി നില്‍ക്കുമ്പോഴും ആളുകള്‍ക്ക് കാര്യം ബോധ്യപ്പെടാന്‍ നേര്‍ക്കാഴ്ചകളോ സെമിനാറുകളോ പ്രബന്ധങ്ങളോ പോരാ; മിമിക്രിയിലൂടെയും കോമഡി ഷോകളിലൂടെയും വേണം കാര്യം അവരെ ബോധ്യപ്പെടുത്താന്‍; അല്ലാതെ ബോധ്യപ്പെടാന്‍ അവര്‍ തയ്യാറല്ല! ദേഹമാകെ ചൊറിയും ചെരങ്ങും പിടിച്ച് മാന്തിപ്പൊട്ടി പഴുത്തിരുന്നിട്ടും അതിനുള്ള തുള്ളിമരുന്ന് പാലില്‍കലര്‍ത്തി കൊടുത്താലേ ഈ കുരുത്തംകെട്ട കുട്ടികള്‍ കുടിക്കൂ..; ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുന്നതുപോലെ. ഇനി നിന്റെ മകളെത്തിന്ന ഭോഗിയുടെ കഥ നാളെ നിനക്കു ഞാന്‍ നര്‍മ്മം കലര്‍ത്തി പറഞ്ഞു തരാം; മിമിക്രിയിലൂടെ കാട്ടിത്തരാം! അല്ലെങ്കില്‍ ചിലപ്പോള്‍ നിനക്കു മനസ്സിലായില്ല എന്നു വരും..!

ചിരിയുടെയോ നര്‍മ്മബോധത്തിന്റെയോ നന്‍‌മകളെയും, സാധ്യതകളെയും ചോദ്യം ചെയ്യാന്‍മാത്രം മുരടനൊന്നുമല്ല ഞാന്‍. ചിരിക്കാന്‍ ഇഷ്ടമുള്ളവനാണ്. ചിരിയിലൂടെ പറയേണ്ടവയും, ചിര്‍ക്കാന്‍ വേണ്ടി പറയേണ്ടവയും അങ്ങനെ തന്നെ പറയണം എന്ന പക്ഷക്കാരനാണ്. പക്ഷെ ദുരന്തങ്ങളോ, ദുരന്തങ്ങളുടെ നര്‍മ്മം കലര്‍ത്തിയ കഥകളോ എന്നെ ചിരിപ്പിക്കരുത് എന്ന വാശിയുണ്ടെനിക്ക്!

ചിരി ഒരുപ്രസ്‌ഥാനത്തിനും, വ്യവസായത്തിനുമപ്പുറം വളര്‍ന്നു കഴിഞ്ഞ നമ്മുടെ സമൂഹത്തില്‍, അപകടങ്ങളും ദുരന്തങ്ങളും ദുരനുഭങ്ങളും കാണുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകേണ്ട വികാരം ചിരിയല്ല എന്നു സ്വയം ബോധ്യപ്പെടുകയും മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും ചെയ്‌തില്ലെങ്കില്‍ കേരളം ഉടന്‍ കൂപ്പുകുത്തുക ഒരാശയക്കുഴപ്പത്തിന്റെ ഗതികേടിലേക്കായിരിക്കും. ഏതുവികാരം എപ്പോള്‍ പ്രകടിപ്പിക്കണം എന്ന ആശയക്കുഴപ്പമുണ്ടാകുക എന്നാല്‍, ഒരുവേള ഇന്നു ലോകം ഭയക്കുന്ന അണുവി‌സ്ഫോടനത്തേക്കാള്‍ അപകടകരമായിരിക്കും ആ നാശം എന്നോര്‍ക്കുന്നത് നന്ന്. അല്ലെങ്കില്‍ നാളത്തെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ പുതിയൊരു പാഠം കൂടി ചേര്‍ക്കേണ്ടി വരും; ദുരന്തം കണ്ടാല്‍ പ്രകടിപ്പിക്കേണ്ട വികാരം = ദു:ഖം! അച്ഛന്‍ മരിച്ചാല്‍= സങ്കടം+കരച്ചില്‍..!