Tuesday, April 20, 2010

ആലുവായില്‍ അമ്പഴങ്ങ..!



ആയിരം പാദസരങ്ങള്‍ കിലുങ്ങി 'ആലുവാപുഴ' പിന്നെയുമൊഴുകി എന്ന പാട്ട് കേള്‍ക്കാന്‍ തുടങ്ങിയതുമുതല്‍ ഞാന്‍ അഭിമാനത്തോടെ വാരിയണിഞ്ഞതാണ് ആലുവക്കാരന്‍ എന്ന ആഭരണം. പിന്നീട് പാദസര്‍ം കിലുക്കി വരുന്ന സുന്ദരിപ്പെണ്‍കിടാങ്ങളെ ആലുവപ്പുഴ എന്നു കളിയാക്കിയത് മുതലല്ലേ എന്നില്‍ ഭാവന മൊട്ടിട്ടത് എന്നു ഞാന്‍ സംശയിക്കുന്നു. ദയവു ചെയ്ത്, 'ഏതു ഫാവന' എന്നൊക്കെ ചോദിച്ച് എന്റെ ഭാവനാ ശുദ്ധിയെ ചോദ്യം ചെയ്യരുത്. പക്ഷെ, ആലുവാപുഴയുടെ തീരത്ത് പലവട്ടം പോയിരുന്നിട്ടും വയലാര് കേട്ട പാദസരത്തിന്റെ കിലുക്കമൊന്നും ഞാന്‍ കേട്ടിട്ടില്ലാത്തതിനാല്‍‍ അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയെ എന്റെ ഈ ശുദ്ധഭാവന ചോദ്യം ചയ്തിട്ടുണ്ട് എന്നത് വേറെകാര്യം!


ആലുവയില്‍ അഭിമാനിക്കാന്‍ മാത്രം ഇത്രവലിയ അമ്പഴങ്ങ എന്തിരിക്കുന്നു എന്നു ചോദിക്കുന്നവര്‍ ആലുവയെക്കുറിച്ചറിയാത്തവരല്ല, മറിച്ച് അഭിമാനത്തെ കുറിച്ചറിയാത്തവരാണെന്ന് ഞാന്‍ പറയും. ലോകത്തെ എല്ലാ പിറപ്പുകളും സ്വന്തം നാടിനെക്കുറിച്ചു പറയുമ്പോളുണ്ടാകുന്ന ഒരു വികാരമുണ്ടല്ലോ; അതിനെ മലയാളത്തില്‍ അഭിമാനം എന്നു വിളിക്കപ്പെടുന്നു എന്ന് അത്തരക്കാര്‍ക്കുവേണ്ടി ഞാന്‍ പറഞ്ഞു വക്കട്ടെ. ആ നാട്ടില്‍ ആലുവാപുഴ പോലൊരു പുഴയുണ്ടാകണമെന്നോ, ആ പുഴയുടെ പാദസരം പാട്ടില്‍ കിലുങ്ങണമെന്നോ യാതൊരു നിബന്ധനയുമില്ല. എന്തുചെയ്യാം, എല്ലാ നാടുകള്‍ക്കും അതിനുള്ള ഭാഗ്യമൊന്നും ഈശ്വരന്‍ കൊടുത്തില്ലല്ലോ. എന്നാല്‍ ആലുവയെപ്പോലെ അതൊക്കെയുള്ള ഒരു നാടിന്റെ സന്തതിക്ക് പലവട്ടം അഭിമാനിക്കാന്‍ മറ്റെന്തുവകയാണു വേണ്ടത്? അതുകൊണ്ടുതന്നെ ആലുവവാല എന്ന പേരിന്റെ സമ്പൂര്‍ണ്ണാര്‍‌ത്ഥം കേവലം ആലുവക്കാരന്‍ എന്നല്ല; അഭിമാനിയായ ആലുവക്കാരന്‍ എന്നാണ്! സാന്ദര്‍ഭികമായിപ്പറയട്ടെ, മറ്റു പല സന്ദര്‍ഭങ്ങളിലും അഭിമാനം എന്ന ഈ വികാരം ഇടിച്ചുകേറി വരാറുണ്ട്, അതൊക്കെ സമയാസമയങ്ങളില്‍ ഓരോരുത്തരും അനുഭവിച്ചുകൊള്ളട്ടെ.!


എന്നാല്‍ ഒരുപാടുകാരണങ്ങളാല്‍ ചിലര്‍ക്കൊക്കെ സ്വന്തം നാടിനെക്കുറിച്ചു പറയുമ്പോളുണ്ടാകുന്ന വികാരത്തിന് 'അപമാനം' എന്നാണു പേര്. അതെന്താ അങ്ങനെ എന്നു ചോദിക്കുന്നവര്‍ക്ക് അപമാനത്തെക്കുറിച്ചും ഒരു ചുക്കും അറിയില്ല എന്നേ എനിക്കുത്തരം നല്‍കാന്‍ കഴിയൂ. പിണരായി, അഴീക്കോട്, മാള തുടങ്ങിയ സ്ഥലങ്ങളില്‍ ജനിച്ചുപോയവരോട് ചോദിച്ച് അപമാനത്തെക്കുറിച്ചു പഠിക്കാന്‍ ഞാന്‍ അവരെ ഉപദേശിക്കുന്നു. തച്ചങ്കരി എന്നത് സ്ഥലപ്പേരാണെങ്കില്‍ അബദ്ധത്തില്‍ പോലും അവരോടൊന്നും അപമാനത്തെക്കുറിച്ച് ചോദിച്ചേക്കല്ലേ, ലോക്കപ്പിലിട്ട് ഉരുട്ടിക്കൊന്നുകളയും. ഉരുണ്ട മയ്യത്തിന് ഭംഗി തീരെ കുറവാണ്!


ഗള്‍ഫില്‍ അറബികള്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. "നീ ഇന്ത്യക്കാരനാണോ അതോ കേരളയോ?". നല്ല ചോദ്യം. കേരളം മറ്റൊരു രാഷ്ടമാണെന്ന് അവര്‍ തെറ്റിദ്ധരിച്ചതിന്റെ കാരണം എണ്ണാനറിയുന്ന നിങ്ങളോട് ഞാന്‍ പറയണ്ടല്ലോ? ഭാഷയിലും, രൂപത്തിലുമൊക്കെയുള്ള വ്യതാസങ്ങളും അതിനു കാരണമായിട്ടുണ്ടാകാം! 'ഇന്ത്യ' എന്നുത്തരം കൊടുത്താല്‍ അവര്‍ പറയും "ഹിന്ദി..കുല്ലു കൊയ്സ്, കേരള..മുശ്കില (ഇന്ത്യക്കാരൊക്കെ നല്ലവരാ..പക്ഷെ..കേരളക്കാര് പ്രശ്‌നമാ). ഇനി 'കേരള' എന്നുത്തരം കൊടുത്താല്‍ തിരിച്ചായിരിക്കും അവരുടെ പ്രതികരണം. ഇതുരണ്ടും കേള്‍ക്കാന്‍ എനിക്കിഷ്ടമല്ല. കാരണം ആ പേരുകള്‍ ഞരമ്പുകളില്‍ ചോരതിളപ്പിക്കുകയും അന്തരംഗം അഭിമാന‌പൂരിതമാക്കുകയും ചയ്യുന്നവനാണ് ഞാന്‍ എന്നതുതന്നെ.


ഒരിക്കല്‍ ഞാനും നേരിട്ടു ആ ചോദ്യം. "നീ ഇന്ത്യക്കാരനോ അതോ കേരളയോ?" കണ്‍ഫ്യൂഷന്റെ മൂര്ദ്ധന്യത്തില്‍ ഞാന്‍ പറഞ്ഞുപോയി "ആലുവ"! ഒരു നിമിഷം, രണ്ടൂ നിമിഷം..ആലോചിച്ച് ആ മഹാന്‍ മറുപടി അരുളിച്ചെയ്തു.."ആള്‍വ കൊയ്സ്..ലാകിന്‍ ഹിന്ദി വ കേരള കുല്ലു ഹറാമി..!!(ആള്‍വ കൊള്ളാം പക്ഷെ ഇന്ത്യയും കേരളയും മുഴുവന്‍ കള്ളന്‍‌മാരാണ്)". ആദരണീയ തച്ചങ്കരി സാറേ.. ഇനി ബന്ധുവീട്ടീപോണെന്നു കള്ളം പറഞ്ഞ്..ജോലിയില്‍ നിന്നു മുങ്ങി ഗള്‍ഫില്‍ വരുമ്പോള്‍ ടിയാന്റെ കാര്യം അങ്ങ് ഏറ്റോളേണമേ..!


ഇന്ത്യക്കാരേ..കേരളീയരേ.. ഇനിപ്പറ..! ഞാന്‍ ആലുവാക്കാരന്‍ എന്നഭിമാനിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ? പക്ഷെ..ആ അറബിയെപ്പോലെ എനിക്കും ഇപ്പോള്‍ ഒരേയൊരു സംശയമേയുള്ളു, ആരാ ആലുവയിലെ പ്രധാനമന്ത്രി?

Saturday, April 10, 2010

സൂര്യനുദിക്കാത്ത മലയാളം

വിരലിലെണ്ണാവുന്നത്ര സ്വപ്‌നങ്ങളേ എനിക്കുള്ളു. വിരലുകള്‍ കുറഞ്ഞുപോയല്ലോ എന്ന ഒരേയൊരു സങ്കടവും എനിക്കുണ്ട്. ഒരായിരം വിരലുകളുണ്ടായിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നത് സ്വപ്‌നങ്ങളോടുള്ള അത്യാര്‍ത്തി മൂലമാണ്. കാരണം, സ്വപ്‌നം കാണുമ്പോഴുള്ള സുഖമൊന്നും ജീവിതത്തിലെ മറ്റൊരു പ്രതിഭാസവും എനിക്കു സമ്മാനിക്കാറില്ല.

ഉറക്കത്തില്‍ കണ്ണടച്ചു കാണുന്ന സ്വപ്‌നമല്ല യഥാര്‍‌ത്ഥ സ്വപ്നം. കണ്ണു തുറന്നിരിക്കുമ്പോള്‍ സ്വപ്‌നം കാണാന്‍ കഴിയണം. ഇത് ഞാന്‍ എവിടെയോ വായിച്ചതാണ്. ഉറക്കത്തില്‍ ഞാന്‍ കാണുന്ന സ്വപ്‌നങ്ങളധികവും എന്റെ ശത്രുക്കള്‍ സം‌വിധാനം ചെയ്ത ഹൊറര്‍ മൂവികളാണ്. അതിലൊക്കെ ഞാനെപ്പോള്‍ അഭിനയിച്ചു എന്ന് ഞാന്‍ തന്നെ അത്ഭുതപ്പെടാറുണ്ട്. എങ്കിലും കണ്ണു തുറന്നിരിക്കുമ്പോള്‍ കാണുന്ന സ്വപ്നങ്ങളെല്ലാം ഞാന്‍ തന്നെ സംവിധാനം ചെയ്ത ജനപ്രിയ ചിത്രങ്ങളാണ്. ഉറങ്ങാതിരിക്കുമ്പോള്‍ കാണുന്നതെങ്കിലും എന്റെ സ്വപ്‌നങ്ങളിലെ മാസ്റ്റര്‍ പീസുകള്‍ ഉറക്കവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു എന്നതാണ് അതിന്റെ വിരോധാഭാസവും പ്രത്യേകതയും.


ബോര്‌ഡിംഗ് ജീവിത കാലത്ത് അതിരാവിലെ വാതിലില്‍ ചൂരലുകൊണ്ടടിച്ച് വിളിച്ചുണര്‍ത്താന്‍ വാര്‍ഡന്‍‌മാരില്ലാത്ത കാലത്തെ സ്വപ്‌നം കണ്ടിട്ടുണ്ട്. പിന്നീട് മറ്റൊരു ഹോസ്റ്റലിലായപ്പോള്‍, സ്വപ്‌ന മൂര്‍ദ്ധന്യത്തില്‍ കിടക്കപ്പായയാല്‍ സ്വയം ചുരുട്ടി, എഴുന്നേറ്റു പോയ കുട്ടികള്‍ മടക്കി അട്ടിയിട്ടു വച്ച പായകള്‍ക്കിടയില്‍ പോയി കിടന്ന് സ്വപ്ന സാക്ഷാല്‍‌ക്കാരവും പ്രതിഫലമായി ചൂരല്‍ പ്രയോഗവും നേടിയിട്ടുണ്ട്. ഇപ്പോള്‍ ഈ ഗള്‍ഫുകാലത്ത് വാര്ഡ‍ന്റെ സ്ഥാനം അലാറവും അടിയുടെ സ്ഥാനം ബോസിന്റെ തുറിച്ചു നോട്ടവും കയ്യടക്കി എന്നല്ലാതെ വെളുപ്പാന്‍‌കാലമയക്കം സ്വപ്നം തന്നെയായി തുടരുന്നു. പിന്നെ 'അസ്വലാത്തു ഹൈറും മിനന്നൗം' എന്ന ബാങ്കുവിളിയുടെ അര്‍‌ത്ഥം ശരിക്കും മനസ്സിലാകുകയും, പ്രഭാത നമ‌സ്‌കാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തിരിക്കെ ആ സ്വപ്‌നം എന്നെന്നേക്കുമായി ത്യജിക്കാനുള്ള കഠിനപ്രയത്നത്തിലാണു ഞാനിപ്പോള്‍. സ്വര്‍ഗ്ഗം നേടുക എന്നതു മാത്രമല്ല, നരകത്തില്‍ നിന്നു രക്ഷപ്പെടുകകൂടി ചെയ്യണമല്ലോ? അതിനാല്‍ അതാണിപ്പോള്‍ എന്റെ ഏറ്റവും വലിയ സ്വപ്നവും തേട്ടവും.


പക്ഷെ, ഈയിടെയായി മു‌ന്‍പൊന്നും ഇല്ലാതിരുന്ന ചില സ്വപ്നങ്ങള്‍ കൂടി ഈ പ്രവാസ ജീവിതത്തില്‍ ഞാന്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. മഴനനയാനുള്ള സ്വപ്നം പോലെ ചിലത്. പ്രകൃതിയുമായി ചേരുന്ന ചിലത്.പ്രകൃതിയുടെ ക്ഷോഭവും സൂര്യന്റെ കോപവും കണ്ടിട്ടുണായ പേടിയില്‍ നിന്നുണ്ടായതാണതൊക്കെ. നാട്ടില്‍ പ്രകൃതിയിപ്പോള്‍ കാരുണ്യത്തിന്റെ മഴവര്‍ഷിക്കുന്നില്ലത്രെ! സൂര്യനാണെങ്കില്‍ കലികത്തിച്ച് ആളുകളുടെ പുറം പൊള്ളിക്കുന്നു. ഇവിടെ ഒരു പ്രവാസിയുടെ സ്വപ്നത്തിന് പ്രസക്തിയുണ്ട്. പ്രവാസിയേ ആ സ്വ‌പ്‌നങ്ങള്‍ കാണാവൂ; അവനു മാത്രമേ സാക്ഷാ‌ല്‍ക്കരിക്കപ്പെടേണ്ടാത്ത സ്വപ്നങ്ങള്‍ കാണാന്‍ അവകാശമുള്ളൂ? എങ്കിലുല്‍ം ഇടക്കിടെ ഞാനവയെ വാരിപ്പുണരാറുണ്ട്. കുസൃതിചേര്‍ത്ത് മനസ്സില്‍ പുരട്ടാറുണ്ട്.


എല്ലാം അവസാനിക്കുന്നതിനു മു‌ന്‍പ് ഒരിക്കല്‍ കൂടി കുളിരുള്ള പ്രഭാതത്തില്‍ എടത്തലയിലെ എന്റെ വീട്ടില്‍‍ എനിക്കൊന്നുറക്കമുണരണം. മുറ്റത്ത് ചിക്കിച്ചികയുന്ന കോഴിക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറി അവയെ പേടിപ്പിക്കണം. മാങ്കൊമ്പില്‍ വാപൊളിച്ചിരിക്കുന്ന കാപ്പിരിക്കാക്കയെ കൈകൊട്ടിപ്പറപ്പിക്കണം. എന്നെ കാണുമ്പോള്‍ കോണിപ്പടിക്കടിയില്‍ നിന്നു കുളിരുകുടഞ്ഞ് 'ബെഡ് മില്‍ക്കും, ബ്രേക്ക് മീനും താടാ' എന്നു കോട്ടുവായിടുന്ന അബ്ദുല്ലപ്പൂച്ചയെ മരക്കഷണമെറിഞ്ഞുകൊടുത്ത് പറ്റിക്കണം, അവനെന്നെ കലിപ്പിച്ചു നോക്കുമ്പോള്‍ തലോടിയെടുത്ത് പാലുകൊടുക്കണം. വാഴയിലത്തുമ്പത്തിറ്റുന്ന മഞ്ഞുതുള്ളികള്‍ വിരല്‍തുമ്പിലെടുത്ത് ചുണ്ടില്‍ പുരട്ടണം. ആകാശമുല്ലയിലെ അടക്കാക്കിളിക്കൂട്ടില്‍ തറ പറ വായിച്ചു പഠിക്കുന്ന കിളിക്കുഞ്ഞുങ്ങളെ മിമിക്രി കാണിച്ചു കളിയാക്കണം, നെല്ലൊരുക്കുന്ന തള്ളക്കിളിയെ നോക്കി ചൂളമടിക്കണം.


ഇനിയുമുണ്ട് ഒട്ടേറെ, പക്ഷെ മലയാളത്തിന്റെ ഇന്നത്തെ പ്രകൃതിയിലേക്കു നോക്കുമ്പോള്‍ എല്ലാം കെട്ടണഞ്ഞു പോകുന്നു. മലയാളിയുടെ പ്രകൃതത്തിലേക്കു നോക്കുമ്പോള്‍ മെല്ലെ കണ്ണടഞ്ഞുപോകുന്നു. അപ്പോള്‍ ഞാനൊരു ഭീകര സ്വപ്‌നം കാണും. ആ സ്വപ്‌നത്തില്‍ ഞാന്‍ കാണുന്നത് എന്റെ നാടിന്റെ നെറുകയില്‍ സൂര്യന്‍ കത്തിയാളുന്ന കാലത്തെയല്ല, സൂര്യന്‍ ഉദിക്കാതെ പോയേക്കാവുന്ന സമീപ കാലത്തെയാണ്. മഴത്തുള്ളി‍ക്ക് പെയ്യാതെയും, മാരിവില്ലിന് വിരിയാതെയും പോകാമെങ്കില്‍ സൂര്യനു മാത്രമെന്തേ ഉദിക്കാതിരുന്നു കൂടാ..?