Saturday, August 9, 2008

ആ താരകത്തെ കൊന്നതാരാണ്?

പ്രിയ വായനക്കാരേ! ഇതൊരു ഭ്രാന്തന്‍‌ എഴുത്താണ്. വെറും ഭ്രാന്തായി തോന്നുന്നെങ്കില്‍ ദയവായി എന്നെ തിരുത്തുക..!
-----------------------------------------------------------------------
ഒരു ചെറുതാരകം മുറ്റത്തെ മുല്ലയില്‍ ‍ഇന്നലെ രാവില്‍ അടര്‍ന്നു വീണു;
നേരം വെളുത്തിട്ടും മേലോട്ടു പോകാതെനക്ഷത്രമവിടെ തപസ്സിരുന്നു...!

മലയാളത്തിന്റെ ഒ.എന്‍.വിയുടെ ഈ ലളിതഭാവന മലയാള ഗസലിന്റെ സ്വന്തം ഉമ്പായിക്ക ലളിതസുന്ദരമായി പാടിയിട്ടും, മലയാളികള്‍ അതുകേട്ടാസ്വദിച്ചിട്ടും ഏകദേശം എത്ര കൊല്ലമായിക്കാണും? അഞ്ചാറു കൊല്ലമെങ്കിലും ആയിക്കാണണം! എന്തായാലും അതില്‍ കൂടുകയല്ലാതെ കുറയാന്‍ തീരെ സാധ്യതയില്ല!
ഇതെന്താ ഇപ്പോ ഒരു കൊല്ലക്കണക്കെന്ന് ഇതു വായിക്കുന്ന ഏതെങ്കിലും ഒരു മലയാളിക്കു തോന്നുന്നുണ്ടെങ്കില്‍ അതെന്റെ തെറ്റല്ല; ആ മലയാളിയുടെയും തെറ്റല്ല; മറിച്ച് ആഗോള മലയാളിയുടെ സകല രോമകൂപങ്ങളെയും ബന്ധിച്ചിരിക്കുന്ന നി:സ്സംഗതയുടെയും, സ്വാര്‍‌ത്ഥതയുടെയും മേല്‍ കുറ്റം ചുമത്തി നമുക്ക് അടുത്ത പാട്ടിനായി ചാനല്‍ മാറ്റാം...!

കൊല്ലം ഇത്രയുമായല്ലോ? മേലോട്ടു പോകാതെ തപസ്സിരുന്ന ആ താരകത്തിന് എന്തു സംഭവിച്ചു എന്നോ, ഇപ്പോള്‍ അതിന്റെ അവസ്ഥ എന്താണെന്നോ ആരെങ്കിലും ചിന്തിച്ചോ? ആ പാവത്തിനെ അവിടെ തപസ്സിരുത്തിയിട്ട് പേരറിയാത്തൊരു പെണ്‍കിടാവിന്റെ കഥ പിന്നെയും പിന്നെയും പാടി നടക്കുന്ന ഒ.എന്‍.വി സാറോ, ആ കഥ പാടി കൗമാരകേരളത്തെ മുഴുവന്‍ മയക്കിയ ഉമ്പായിക്കയോ അതു വെളിവാക്കാന്‍ മെനക്കെടുന്നില്ല എന്നതു പോകട്ടെ; പെണ്ണായിപ്പിറന്ന മക്കളുള്ള ഏതെങ്കിലും ഒരമ്മ ഏഷണിക്കിടയിലെങ്കിലും അവളെക്കുറിച്ചൊന്നോര്‍ത്തോ? ഇല്ലേയില്ല!

പക്ഷെ ആലുവവാലക്കതോര്‍ക്കാതിരിക്കാനാവില്ല; പറയാതിരിക്കാന്‍ തരമില്ല! നല്ല മനസ്സുണ്ടെങ്കില്‍ മാത്രം കേള്‍ക്കുക! യുവാക്കളോടൊരു കാര്യം; സൂര്യനെല്ലിയും, കിളീരൂരും മറ്റും കേട്ടപ്പോളുണ്ടായതു പോലെ, ഇതുകേള്‍ക്കുമ്പോഴും നിങ്ങള്‍ക്ക് ഇക്കിളി തോന്നുന്നുണ്ടെങ്കില്‍ ഉടന്‍ നിങ്ങളുടെ പെങ്ങളെ കെട്ടിച്ചു വിടുക, അല്ലെങ്കില്‍ അവളെ മാറ്റി തമസിപ്പിക്കുകയോ നിങ്ങള്‍ മാറിത്താമസിക്കുകയോ ചെയ്യുക! ഇക്കിളിയുടെ മൂര്‍ദ്ധന്യത്തില്‍ ഒരുമുഖവും നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല..!

ഒന്നാംമാനത്ത് ആകാശഗംഗയുടെ തീരത്ത് അത്രയൊന്നും വികസിതമല്ലാത്ത ഒരു സാധാരണ താരാപഥത്തില്‍, തികച്ചും ഒരു മിഡില്‍ക്ലാസ് നക്ഷത്രകുടുംബത്തിലാണ് ഇവള്‍ ജനിച്ചത്. പാരമ്പര്യമായിക്കിട്ടിയ മിന്നിത്തിളങ്ങലും പ്രകാശിത വദനവും കൂടാതെ സ്പെഷ്യലായി സ്വല്പം ഇടിവെട്ട് സംഗീതവും കൂടിയായപ്പോള്‍ ചെറുപ്പത്തിലേ തന്നെ ആകാശദേശത്തെ ശ്രദ്ധാകേന്ദ്രമായിമാറി ആ കൊച്ചു മിടുക്കി.

നക്ഷത്രങ്ങള്‍ക്ക് പ്രകാശം വില്‍ക്കല്‍ തൊഴിലാക്കിയിരുന്ന അവളുടെ അച്ഛന് നിന്നു തിരിയാനല്ലാതെ നേരമില്ലായിരുന്നതിനാല്‍ അവളുടെ എല്ലാകാര്യങ്ങളും നോക്കിനടത്തിയിരുന്നതും തീരുമാനങ്ങളെടുത്തിരുന്നതും അമ്മയായിരുന്നു. അങ്ങനെ അമ്മയുടെ സം‌രക്ഷണയില്‍ ഒരു സുന്ദരിക്കുട്ടിയായി, നല്ലൊരു പാട്ടുകാരിയായി അവള്‍ വളര്‍ന്നു. സകല താരഗണസംഗമങ്ങളിലും അവള്‍ നൃത്തം ചെയ്ത് പാട്ടുപാടി; പ്രായപൂര്‍ത്തിയായി..!
ഇതിനിടയിലാണ് ഹണ്ട്രഡ് സി.സി. ഉല്‍ക്ക മോട്ടോര്‍സൈക്കിളില്‍ സ്ഥിരമായി മിന്നിക്കാനിറാങ്ങിയിരുന്ന, തൊട്ടടുത്ത മില്‍ക്കീവേയില്‍പെട്ട സമ്പന്ന കുടുംബത്തിലെ ഒരു ജിംഗ്ജാംഗ് യുവനക്ഷത്രകുമാരനെ അവള്‍ പരിചയപ്പെടുന്നതും അവന്റെ പഞ്ചാര പ്രളയത്തില്‍ മുങ്ങി അഗാധമായി അവനെ പ്രേമിക്കാന്‍ തുടങ്ങിയതും. മകള്‍ ഒരു സമ്പന്ന താരകുമാരനെ പ്രേമിക്കുന്നുവെന്ന വാര്‍ത്ത അമ്മയെ ഞെട്ടിപ്പിച്ചു എന്നു തന്നെ കരുതണം. പക്ഷെ സത്യത്തില്‍ ഞെട്ടിയത് ഞാനാണ്; അമ്മയുടെ പ്രതികരണം കേട്ടറിഞ്ഞപ്പോള്‍! മകള്‍ ഹോളീവുഡ് ബോളീവുഡ് താരങ്ങളുടെ നിലവാരത്തിലേക്കുയര്‍ന്നു തുടങ്ങിയെന്നു മനസ്സിലാക്കിയ ആ ആധുനിക താരമാതൃത്വം അഭിമാന പുളകിതയായിപ്പോയത്രേ! അതിനാല്‍.. അവര്‍ കണ്ട കാര്യങ്ങളൊക്കെ കണ്ടില്ല എന്നു തന്നെ നടിച്ചു. ലോകത്തേക്കുതന്നെ ഏറ്റവും ചൂടനായ അച്ഛനറിഞ്ഞാലുള്ള പുകിലറിയാമല്ലോ? അതുകൊണ്ട് മകളുടെ ഈ പ്രേമം മോഡേണ്‍ എന്നഭിമാനിച്ച് അമ്മ അച്ഛനില്‍ നിന്നു മറച്ചു. 'എന്റെ പുന്നാരമകള്‍ ഞാന്‍ പറയുന്നതിനപ്പുറമില്ല' എന്ന് കണ്ണടച്ചു വിശ്വസിച്ച ആ അച്ഛന്‍ മുടക്കമില്ലാതെ ലോകം മുഴുവന്‍ പ്രകാശവിതരണം തുടര്‍ന്നു! ലോകം ഉറങ്ങി ഉണര്‍ന്നുകൊണ്ടിരുന്നു..!

കമിതാക്കള്‍ക്കു ബോറഡിച്ചു. "എന്നും ഈ ആകാശത്തും, മേഘങ്ങള്‍ക്കിടയിലും മാത്രം ഇങ്ങനെ കറങ്ങി നടക്കുന്നതില്‍ ഒരു ത്രില്ലും ഇല്ല! നമുക്കു പുറം ലോകത്തൊക്കെ ഒന്നു കറങ്ങിവന്നാലോ?" കാമുക കുമാരന്റെ ചോദ്യം കേട്ടു നമ്മുടെ കുമാരി ഒന്നു സന്ദേഹിച്ചെങ്കിലും 'നോ' പറയാന്‍ അവള്‍ക്കു കഴിഞ്ഞില്ല; 'നോ' പറയാന്‍ അവള്‍ക്കറിയുമായിരുന്നില്ല എന്നതാണു ശരി..! അല്ല; പെണ്‍കുട്ടികളുടെ ജീവിതത്തില്‍ 'നോ' പറയേണ്ട സന്ദര്‍ഭങ്ങളുണ്ടാകുമെന്നും അപ്പോള്‍ 'നോ' പറഞ്ഞില്ലെങ്കില്‍ ജീവിതം വലിയൊരു 'ഠോ' ആയിത്തീരുമെന്നും അവരെ പഠിപ്പിക്കേണ്ട അമ്മമാര്‍തന്നെ 'ഠോ' ആണെങ്കിലോ?

"എവിടെപ്പോകും?" താരകുമാരി ചോദിച്ചു.

"അങ്ങുതാഴെ ഭൂമി എന്നൊരു കൊച്ചുഗോളമുണ്ട്; അവിടെ കേരളം എന്ന ദൈവത്തിനെ സ്വന്തം കുഞ്ഞുനാടുണ്ട്. ആ നാട്ടില്‍ കാടും മലകളും പുഴകളും ഒക്കെയുണ്ട്; അവിടെ എല്ലാമെല്ലാമുണ്ട്..!" താര കുമാരന്റെ വര്‍ണ്ണനകേട്ട കുമാരിക്ക് കേരളം കാണാന്‍ ആക്രാന്തമായി!

അങ്ങനെ രണ്ടുപേരും കൂടി ആകാശത്തുനിന്നും കേരളത്തിലേക്കു ചാടാന്‍ തീരുമാനിച്ചു. ചാട്ടത്തിനുള്ള ടിക്കറ്റ് റെഡി. ചാട്ടത്തിനു മുന്‍പ് തങ്ങാന്‍ ചാട്ടത്താവളത്തിനടുത്തുള്ള ഹോട്ടലും ബുക്കു ചെയ്തു. ചാട്ടത്തിനു സമയമാകുന്നതു വരെ അവിടെ തങ്ങാനും അര്‍ദ്ധരാത്രി പന്ത്രണ്‍‌ടു മണിക്കുള്ള ചാട്ടത്തില്‍ കേരളത്തിലേക്കു പോകാനുമായിരുന്നു തീരുമാനം.

രാത്രി കരിനാഗമായി പടര്‍ന്നിറങ്ങി. അവര്‍ വിരിസര്‍പ്പങ്ങളായ് പടര്‍ന്നു കയറി..!
ആ അര്‍ദ്ധരാത്രി അവള്‍‍ ഉലഞ്ഞുണര്‍ന്നു. അവനും!

'അറ്റന്‍ഷന്‍പ്ലീസ്..ചാട്ടക്കാരുടെ ശ്രദ്ധക്ക്! ആകാശത്തു നിന്നും അന്തരീക്ഷം വഴി കേരളത്തിലേക്കുള്ള ആദ്യത്തെ ചാട്ടം അല്പസമയത്തിനകം നടക്കുന്നതാണ്. ടിക്കറ്റെടുത്തവര്‍ ചാട്ടപ്പോയിന്റില്‍ വന്ന് തയ്യാറായി നില്‍ക്കുക..!"

കേരളത്തിലേക്ക് ആകെ ചാടനുള്ളത് നമ്മുടെ കമിതാക്കള്‍...!

ചാട്ടത്തിനു സമയമായി..ഒന്ന്..രണ്ട്..മൂന്ന്...ഠേ..!

ചാടി..അവള്‍ ചാടി...! അതിവേഗം കേരളത്തെ ലക്ഷ്യമാക്കി കുതിക്കുകയാണവള്‍..! ചാടുന്നതിനിടയില്‍ അവള്‍ ചുറ്റും നോക്കി..എവിടെ..? തന്റെ പ്രിയ താരകുമാരനെവിടെ? ചാടുന്നതിനു തൊട്ടു മുന്‍പുവരെ തന്റെ കൈപിടിച്ചിരുന്നതാണല്ലോ? തന്റെ കുമാരനെന്തുപറ്റി? ചാട്ടത്തിനിടയില്‍ വല്ലതും...?
പാവം, താരകുമാരി! അവളറിയുന്നുണ്ടോ; അവന്‍ ചാടിയിട്ടേ ഇല്ല! അവന്‍ പ്രേംനസീറിനെപ്പോലെ ചാടുന്നതായി ആക്ഷന്‍ കാണീച്ചേ ഉള്ളൂ. മണ്ടിപ്പെണ്ണ്..അവള്‍ മാത്രം ചാടി. ആ താരകുമാരനിപ്പോള്‍ അവന്റെ ഉല്‍ക്കയില്‍ മറ്റൊരു താരകുമാരിയെത്തേടി ചീറിപ്പായുന്നുണ്ടാകും..!

അങ്ങനെ തിളക്കമില്ലാത്ത കണ്ണൂകളുമായി ആ താരകുമാരി കേരളത്തിന്റെ മുറ്റത്തെ മുല്ലയില്‍ വന്നിറങ്ങി..! എങ്ങിനെ മേലോട്ടു തിരിച്ചുപോകും എന്നറിയാതെ, തന്റെ പ്രിയകാമുകന്‍ അടുത്തചാട്ടത്തിലെങ്കിലും തന്നെത്തേടിവരും എന്നപ്രതീക്ഷയില്‍ ആ പാവം നക്ഷത്രകുമാരി കാത്തുകാത്തിരുന്നു. ദിവസങ്ങള്‍ കൊഴിഞ്ഞു മറഞ്ഞു. അവളുടെ ചിന്തകള്‍ കുഴഞ്ഞു മറിഞ്ഞു. പതിയെപ്പതിയെ അവള്‍ മനസ്സിലാക്കി, തന്റെ പ്രിയപ്പെട്ടവന്‍ തന്നെ ചതിക്കുകയായിരുന്നു! അമ്മ വിലക്കിയിരുന്നെങ്കില്‍? അച്ഛന്‍ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍.! ഏതായാലും പറ്റി. ഇനിയും ജീവിച്ചല്ലേ പറ്റൂ. എന്തു ചെയ്യും?

അവളുടെ ആ വിമ്മിഷ്ടമെല്ലാം ഒരാള്‍ വീക്ഷിക്കുന്നുണ്ടായിരുന്നു.‍ ആ മുല്ലച്ചെടിയിലെ കൊഴിയാറായ ഒരു വയസിമുല്ലപ്പൂ! അവര്‍‍ ഇതളില്ലാത്ത മോണകാട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു. "കുഞ്ഞേ! നീ ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ. ഇനി നീ മുകളിലേക്കു തിരിച്ചു പോകാന്‍ നിനക്കാവില്ല. നീ ഇനി ഇവിടെ ജീവിക്കുക!" "അമ്മുമ്മേ..ഞാന്‍ ഒരു താരകമല്ലേ..? ഞാന്‍ എങ്ങിനെ ഇവിടെ ജീവിക്കും? എനിക്കൊരു തൊഴിലും അറിയില്ല."

വയസിമുല്ലപ്പൂ വീണ്ടും ചിരിച്ചു, "ഇവിടെ ഇപ്പോള്‍ താരങ്ങളേ ജീവിക്കുന്നുള്ളൂ. ഇവിടുത്തെ അമ്മമാരെല്ലാം മക്കളെ താരങ്ങളാക്കുകയാണ്. ഇവിടുത്തെ ചാനലുകളെല്ലാം താരങ്ങളെ സൃഷടിക്കുന്ന വന്‍ വ്യവസായ ശാലകളാണ്. നിനക്കു പാടാനറിയുമോ? സൗന്ദര്യവും, സംഗീതവും, അല്പം 'സംഗതി'യു‌മുണ്ടെങ്കില്‍ ഇവിടെ ആരും താരമാണ്. പിന്നെയാണോ നിന്നെപ്പോലൊരു യഥാര്‍ത്ഥ താരകം!" ഇത്രയും പറഞ്ഞ് മുല്ലപ്പൂ നാമജപം തുടങ്ങി; കൊഴിയാന്‍ തയ്യാറായി..!

നക്ഷത്രകുമാരി മുല്ലയില്‍ നിന്നുമിറങ്ങി ചാനല്‍ഓഫീസ് ലക്ഷ്‌യമാക്കി നടന്നു. പണവും പ്രശസ്തിയും കൊരുത്ത് സുന്ദരിമാര്‍ക്കായി ചാനലുകാര്‍ വിരിച്ച വല അവള്‍ക്കു പല്ലക്കായി. അധികം അലയാതെ പ്രശസ്തിയുടെ മാണിക്യക്കൊട്ടാരത്തിലെത്തി. താമസിയാതെ നടത്തം ഓട്ടമായി മാറി. വലകളില്‍ നിന്ന് വലകളിലേക്ക്! കൈകളില്‍ നിന്നു കൈകളിലേക്ക്..! ചാനലുകളില്‍ നിന്നു ചാനലുകളിലേക്കും പിന്നെ അവിടെ നിന്നു വെള്ളിത്തിരയിലേക്കും! അങ്ങനെ ആ താരകം ഭൂമിയില്‍ താരമായി; ഇന്നും താരമായിത്തന്നെ ജീവിക്കുന്നു.അവള്‍ നിങ്ങളുടെ ആരാധനാപാത്രമാണ്. അവളുടെ കയ്യൊപ്പ് നിങ്ങള്‍ക്ക് നിധിയാണ്. അവളെ ഇപ്പോള്‍ നിങ്ങള്‍ നന്നായറിയുന്നു, അല്ലേ? അവളുടെ പലപേരുകളും മുഖങ്ങളും നിങ്ങളറിയും!

പക്ഷെ നിങ്ങള്‍ അറിയാത്ത ഒരു പരമസത്യമുണ്ട്! ആ താരകം; അവള്‍ ഇന്നു ജീവിക്കുന്നില്ല! ആകാശത്തു നിന്നും ഭൂമിയിലേക്കുള്ള ചാട്ടത്തിനു മുന്‍പേ ആ ഹോട്ടല്‍മുറിയില്‍ അവള്‍ മരിച്ചിരുന്നു; അതിനു ശേഷം ഭൂമിയില്‍ വച്ചു പലവട്ടവും..! ഭൂമിയിലെയും ആകാശത്തെയും അമ്മമാര്‍ പറയട്ടെ; ആരൊക്കെയാണു കൊലയാളികള്‍?.