
Monday, February 1, 2010
സൗഹാര്‍ദ്ദമോഹി !

Thursday, December 31, 2009
അയാളിപ്പോഴും ചാളവില്‍ക്കുന്നു.
അവന്റെ വാപ്പ മീന്‍കച്ചവടക്കാരന്‍. സൈക്കിളില്‍ കുട്ടയും 'ബലൂണ്‍ പീപ്പി' യും പിടിപ്പിച്ചൊന്നുമല്ല കച്ചവടം; തോര്‍ത്ത് കെട്ടിയ തലയില്‍ കുട്ട ചുമന്ന് നഗ്നപാദനായി നടന്ന് നടന്ന്...! നടപ്പിനും കിതപ്പിനുമിടക്ക് തൊണ്ടക്കുഴി ഞെരക്കി ചാളഹ്..ഐലഹ്..തിലോപ്പിഹ്...വിളിക്കുന്നതിനിടയില്‍ ശ്വാസം പോലും കഴിക്കുന്നതപൂര്‍വ്വം. ഇടക്കിടെ മീന്‍കുട്ട സ്കൂളിന്റെ മതിലില്‍ വച്ച് മുസ്തഫയുടെ വിവരമറിയാന്‍ ക്ലാസ്സിന്റെ മുന്നില്‍ വരും. മകനെപ്പറ്റിയുള്ള കുല്‍സു ടീച്ചറുടെ പരാതികള്‍ കേട്ട് മീന്‍കുട്ടയിലേക്ക് കുറേ നിരാശകളും വാരിയിട്ട് തിരിച്ചുപോകും. വെറുമൊരു സാധു.
എനിക്കേതാണ്ടെട്ടുവയസ്സുള്ളപ്പോഴുള്ള ചിത്രമാണിത്. പിന്നീട് ലോകം ഒരുപാടു മുന്നോട്ടു പാഞ്ഞു. ഞങ്ങളുടെ മൂന്നാം ക്ലാസ് മുറിയും സ്കൂളും പൊളിച്ചുമാറ്റപ്പെട്ടു. അവിടം ഭൂമാഫിയ കയ്യടക്കി. ചെമ്മണ്ണു ചുവപ്പിച്ചിരുന്ന റോഡുകളെല്ലാം ടാറിട്ടു കറുത്തു. നാടും നാട്ടാരും വളര്‍ന്നു. ചാളയും ഐലയും വരെ പുരോഗമിച്ചു. ഒപ്പം ഞാനും വലുതായി. ഇപ്പോള്‍ ഗള്‍ഫുകാരനുമായി.
മൂന്നാം ക്ലാസ്സിനു ശേഷം മുസ്തഫയെ മൂന്നോ നാലോ പ്രാവശ്യമേ കണ്ടിട്ടുള്ളു. ഞാന്‍ തരക്കേടില്ലാത്ത ഒരു സ്കൂളിലേക്കും പിന്നീടു കോളേജിലേക്കും രംഗം മാറ്റിയിരുന്നല്ലോ? കണ്ടപ്പോഴൊക്കെ ഞാന്‍ എന്തെങ്കിലും വിശേഷം ചോദിച്ചു കാണണം. അവന്‍ അതിനുത്തരവും പറഞ്ഞുകാണും. അതില്‍ കൂടുതല്‍ മുസ്തഫ എന്ന കുട്ടി എന്റെ ജീവിതത്തിലോ മനസ്സിലോ ഇല്ല. അവന്‍ ഒരു സാധുവല്ലേ; ആര്‍ക്കുവേണം ഒരു സാധുവിനെ..!
പക്ഷെ അവന്റെ വാപ്പ! സാധുവെങ്കിലും എന്റെ ഓര്‍മ്മകളില്‍ പിടക്കുന്നൊരു ചിത്രമാണാ മീന്‍ കച്ചവടക്കാരന്‍. എനിക്ക് വലിയ സഹതാപമാണയാളെ. എന്തുകൊണ്ടോ ഇഷ്ടമാണ്. അതുകൊണ്ടാണോ എന്നറിയില്ല ചാളപൊള്ളിച്ചതും, ഐല പൊരിച്ചതും എനിക്ക് വലിയ കമ്പമാണ്. എന്നുകരുതി അതൊക്കെ വെട്ടി വിഴുങ്ങുമ്പോഴൊക്കെ ഞാന്‍ അയാളെ ഓര്‍ക്കാറൊന്നുമില്ല. അയാള്‍ എവിടെയാണെന്നോ എന്താണെന്നോ എനിക്കിപ്പോളറിയില്ല.
ഞാന്‍ ഉത്തരവാദിയായ ഒരു പ്രസവകര്‍മ്മം രണ്ടു മാസം മുന്‍പു നടന്നു. നടത്തിയത് വേറാരുമല്ല, എന്റെ സ്വന്തം സഹധര്‍മ്മിണിതന്നെ. ആണ്‍ കുട്ടി. ഞാന്‍ അവനെ അമന്‍ എന്നു വിളിച്ചു. അമന്‍ എന്നെ അവന്‍ എന്നൊന്നും വിളിക്കില്ലായിരിക്കും; പേടി ഇല്ലാതില്ല! ഇതുവായിക്കുന്നവരുടെയൊക്കെ കുട്ടികളുടെ കൂടെയാണല്ലോ അവന്‍ വളരേണ്ടത്! ഇതുമായി ബന്ധപ്പെട്ട് രണ്ടുമാസത്തോളം നാട്ടിലുണ്ടായിരുന്നു എന്നു പറയാനാണ് ഈ പാരഗ്രാഫ് കത്തിവച്ചത്.
അമനെക്കാണാന്‍ കുറച്ചതിഥികള്‍ വരുന്നതു പ്രമാണിച്ച് ഉമ്മ പറഞ്ഞു.."ഡാ ഒരു കോഴിവാങ്ങടഡാ...പൊരിക്കാം". പറഞ്ഞയുടന്‍ അതു ചെയ്തില്ലെങ്കില്‍ ഉമ്മ എന്നെ പൊരിക്കും. അല്പം ദൂരെ മലേപ്പള്ളിയില്‍ പുതിയൊരു കോഴിക്കടയുണ്ട്. അനിയന്റെ പള്‍സറില്‍ ഞാനങ്ങോട്ടു പറന്നു.
"കോഴിയെ ഞാനറുക്കാം" ഞാന്‍ പറഞ്ഞു. അല്ലാഹുവിന്റെ നാമത്തില്‍ അറുക്കപ്പെട്ടതേ മുസ്‌ലിമിനു കഴിക്കാവു. അതെന്താ, അല്ലാഹുവിന്റെ പേരില്‍ അറുക്കപ്പെടുമ്പോഴെന്താ കോഴിപ്പനീടെ അണുക്കള്‍ ചത്തുപോകുവോ? അതോ അതില്‍ പ്രോട്ടീന്‍സും മിനറല്‍സും കൂടുവോ? അറിയില്ല, പക്ഷെ അങ്ങനെയേ ചെയ്യാറുള്ളൂ. അതേ പാടുള്ളു എന്നത് പ്രവാചന്റെ നിര്‍ദ്ദേശമാണ്. ഇതു പറഞ്ഞപ്പോള്‍ പലരും വായന മതിയാക്കിയിട്ടുണ്ടാകും അല്ലേ? തീവ്രവാദമല്ലേ പറഞ്ഞത്. ഇതിലും ഭേദം നെറ്റിയില്‍ തീവ്രവാദി എന്നെഴുതി ഒട്ടിക്കലായിരുന്നു. അപ്പോള്‍ തിവ്രവാദിയാണോ ഭ്രാന്തനാണോ എന്ന സംശയമെങ്കിലും ആളുകള്‍ക്കുണ്ടാകും. ഇതിപ്പോ ഒറപ്പായില്ലേ; തീവ്രവാദി തന്നെ.
ഏതായാലും ഞാന്‍ തന്നെ അറുത്തു. കോഴിക്കു വേറെ കുഴപ്പമൊന്നും സംഭവിച്ചില്ല, സാമാന്യം തരക്കേടില്ലാതെ തന്നെ മരിച്ചു! പപ്പും പൂടയും പറിക്കുന്നതിനിടയില്‍ കോഴിക്കാരന്‍ ചോദിച്ചു, "നിനക്കെന്നെ മനസ്സിലായില്ലേ? അല്ല നീ അറുക്കാമെന്നു പറഞ്ഞതുകൊണ്ടു ചോദിച്ചതാ.
"ശ്രദ്ധിച്ചു നോക്കി. മുസ്തഫ! മൂന്നാംക്ലാസിലെ മുസ്തഫ! ആകെ മാറി. ഇപ്പോള്‍ മൊട്ടത്തലയല്ല. വിക്കും മാറി. പക്ഷെ, സംസാരം ഇപ്പോഴും സ്പീഡില്‍ തന്നെ. കോഴി കവറില്‍ കേറിയിട്ടും കുശലം തുടര്‍ന്നു. ഇതിനിടയില്‍ അവന്‍ പിന്നിലെ വീട്ടിലേക്കുപോയി ഒരു തക്കിടിമുണ്ടിക്കുട്ടിയെ എടുത്തുകൊണ്ടു വന്നു.
"എന്റെ മോളാ, ആമിന. ഒരു വയസു കഴിഞ്ഞു". അവന്‍ പറഞ്ഞു. മിടുക്കിയാണ്. ഞാന്‍ കവിളില്‍ തലോടി.
"എനിക്കും ഒരു മോനായി, അമന്‍". അവന്‍ പുഞ്ചിരിച്ചേയുള്ളു.
പക്ഷെ എന്റെ മനസ്സിലെ ആ പഴയ പിടക്കുന്ന ചിത്രം ഇളകിയാടാന്‍ തുടങ്ങി. മുസ്തഫക്കറിയില്ല, അവന്റെ വാപ്പയെ എനിക്കിഷ്ടമാണെന്ന്. അവന്റെ വാപ്പക്കാണെങ്കില്‍ എന്നെപ്പോലും അറിയില്ല, പിന്നെയല്ലേ എനിക്കദ്ദേഹത്തോടുള്ള താല്‍പര്യം!
"വാപ്പയെവിടെ?"
"കച്ചോടോണ്ട്"
"മീന്‍ കച്ചോടോ?"
"ആ അദ്ദന്നെ"
"ഇപ്പഴും നടന്നാണോ?"
"ഹേയ്....., ദേ...അവ്ടെ....." ആ പറമ്പിന്റെ മൂലയിലെ ചെറിയൊരു നീല ടര്‍പോളിന്‍ ഷെഡിലേക്ക് അവന്‍ വിരല്‍ചൂണ്ടി.
ഞാന്‍ അങ്ങോട്ടു നീങ്ങി. ഷെഡില്‍ ഒരു കുട്ടയുണ്ട്, അതില്‍ കുറച്ചു ചാളയും. ചട്ടിയുടെ പിറകിലിരിക്കുന്ന ആ മനുഷ്യശരീരത്തില്‍ കാലം തമാശ കാണിച്ചിരിക്കുന്നു. കറുപ്പിച്ചുകളഞ്ഞു, കവിളൊട്ടിച്ചു. ഈ ജന്‍മത്തേക്ക് വകവച്ചിരുന്ന നടപ്പെല്ലാം നേരത്തേ നടന്നു തീര്‍ത്തതിനാലാകണം മുതുകുവളച്ചു, ഭാരങ്ങളെല്ലാം ചുമന്നുകഴിഞ്ഞതിനാല്‍ കഴുത്തുംകുനിച്ചു. എല്ലാം അപ്‌ഡേറ്റഡായ യുഗത്തില്‍ കാലം അയാളെ ഇങ്ങനെ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നു! ചാളഹ്..ഐലഹ്..തിലോപ്പിഹ്...മനസ്സില്‍ മുഴങ്ങി.
കണ്ടാലറിയാം; കച്ചവടമൊന്നും കാര്യമായില്ല. ഫോറിന്‍ മീനുകളും ഫോര്‍സ്ട്രോക്ക് മീന്‍ വണ്ടികളും രംഗം കയ്യടക്കിയ ഇക്കാലത്ത് ഈ പഴയ മീന്‍കാരനെയും അയാളുടെ പഴയ ചാളയും ആര്‍ക്കുവേണം? എനിക്കും വേണ്ട; കോഴി കയ്യിലുള്ളപ്പോള്‍ മീനെന്തിന്?
തിരിച്ചു പോകാന്‍ തുനിഞ്ഞപ്പോള്‍ പതറിയ പഴയ സ്വരത്തില്‍ അദ്ദേഹം ചോദിച്ചു "ഒന്നും വേണ്ടേ?"
"ഹും...വേണം...ഒരു മൂന്നു കിലോ?"
അപ്പോള്‍ കൗതുകത്തോടെ എന്നെ നോക്കി..ആ നാട്ടില്‍ ഒരുപക്ഷെ ആദ്യമായിട്ടാകും മൂന്നുകിലോ ചാളയുടെ കച്ചവടം!. സന്തോഷത്തോടെയാണ് മീന്‍ തൂക്കി എനിക്കു തന്നതും കാശുവാങ്ങിയതും. മൂന്നാലെണ്ണം കൂടുതലുമിട്ടു. എത്ര ഭംഗിയായിട്ടു പൊതിഞ്ഞിരിക്കുന്നു..! എക്സ്പീരിയന്‍സ് ഈസ് ദ....അല്ലേ? പ്ലാസ്റ്റിക് കവറുകളെ നോക്കി കൊഞ്ഞനം കുത്താന്‍ തോന്നി.
അമ്പരപ്പോടെ, സഹതാപത്തോടെ ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. എത്രകാലമായിട്ടയാള്‍ ഇപ്പണി ചെയ്യുന്നു! ഇപ്പഴും..? ഇനി സ്വര്‍ഗ്ഗത്തില്‍ സ്വയം കരിയര്‍ തിരഞ്ഞെടുക്കാന്‍ അധികാരം കിട്ടിയാലും, വെറുതെയിരുന്നു തിന്നാന്‍ അവസരം ലഭിച്ചാലും ഇദ്ദേഹം മീന്‍ വിറ്റുതന്നെയാകും ജീവിക്കുക!
സമയം ഒരുപാടു വൈകി. കോഴി പൊരിക്കാനുള്ളതാണ്. ആട് കറിവച്ചിട്ടുണ്ട്. പോത്ത് ഒലത്തിയിട്ടുണ്ട്. അപ്പോ കയ്യിലുള്ള ഈ മീനോ? ഇനി ഇതും കൂടി വീട്ടിലേക്ക് കൊണ്ടു ചെന്നാ ഉമ്മ പല്ലിറുമ്മി എന്നെ മൂന്നാക്കിമുറിച്ച് പൊരിച്ചൊലത്തി കറിവക്കും! ഇതിപ്പൊ എന്തു ചെയ്യും?
വീട്ടിലേക്കുള്ള വഴിയില്‍ വളവുതിരിഞ്ഞതും ദാ നില്‍ക്കണ് പാത്തുക്കുട്ടിത്താത്ത. അയല്‍ക്കാരിയാണ്. മീന്‍ കൊതിച്ചിയാണ്. ഒണക്കമീനെങ്കിലുമില്ലാതെ ചക്കപ്പഴം പോലും കഴിക്കാത്ത ടൈപ്പ്. വണ്ടി ചവിട്ടി നിര്‍ത്തി.
"ഇത്തോ..ഇദ് പിടിച്ചേ..!"
"ദ്ദെന്തൂട്ടാദ്ദ്.."
"ച്ചിര്..ചാളയാ..കൊണ്ടോയി വര്‍ത്ത് കടിച്ച് പറിക്ക്.." സാധനം പതുക്കെ ആ മഹത്തായ കൈകളിലേക്ക് വച്ചു കൊടുത്തു...!
താത്ത താടിക്ക് കൈകൊടുത്ത് അന്തം വിട്ടു..കാക്ക വണ്ടിക്ക് കൈകൊടുത്ത് സ്ഥലം വിട്ടു..!
നമ്മുടെ നാട്ടില്‍ നിങ്ങള്‍ക്ക് എന്തു ചീത്തപ്പേരും കേള്‍പ്പിക്കാം തരികിട, ചതിയന്‍, വഞ്ചകന്‍, രാഷ്ട്രീയക്കാരന്‍! വേണമെങ്കില്‍ നല്ലവനുമയിക്കോളൂ..പക്ഷെ ഒരിക്കലും വെറുമൊരു സാധുവാകരുത്; ജീവിക്കാന്‍ കഴിയില്ല. സാധുക്കളെ ആര്‍ക്കും വേണ്ടടോ വായനക്കാരാ...!
Sunday, December 27, 2009
2010 സ്ഥാനമേല്‍ക്കാന്‍ വിസമ്മതിച്ചു - വാര്‍ത്ത
ലോകത്തിന്റെ നിയുക്ത പുതുവര്‍ഷം 2010 സ്ഥാനമേല്‍ക്കാന്‍ വിസമ്മതമറിയിച്ചായി റിപ്പോര്‍ട്ട്. ആഗോള കലണ്ടര്‍ കമ്മീഷണറുടെ ഓഫീസില്‍ ഭാര്യയോടും അഭിഭാഷകനോടുമൊപ്പം നേരിട്ട് ഹാജരായി 2010 വിസമ്മതപത്രം സമര്‍പ്പിച്ചു എന്നറിയുന്നു. ഉഗാണ്ട ആസ്ഥാനമായുള്ള ഒരു സ്വകാര്യവാര്‍ത്താ ഏജന്‍സിയാണ് ഞെട്ടിച്ചിരിപ്പിക്കുന്ന ഈ വാര്‍ത്ത പുറത്തുവിട്ടത്.
ലോകം മുഴുവന്‍ രണ്ടായിരത്തിപ്പത്തിനെ വരവേല്‍ക്കാന്‍ കള്ളും കദിനയും കലണ്ടറുമൊരുക്കി മൂത്തുനില്‍ക്കുന്ന ഈ അവസാനനിമിഷത്തില്‍ പുറത്തുവന്നിരിക്കുന്ന ഈ വാര്‍ത്ത ഭൂലോക കള്ളുകുടിയന്മാരെയും ആഗോള കലണ്ടര്‍ പ്രേമികളെയും പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തിന്റെ നിജസ്ഥിതിയറിയാന്‍ യുണൈറ്റഡ് ന്യൂയിയേര്‍സ് അസോസിയേഷന്‍ (യൂനുസ്) ഏകാംഗ കമ്മീഷനെ നിയമിച്ചു.തലയില്‍ മുണ്ടിട്ട് പടിയിറങ്ങുന്ന രണ്ടായിരത്തി ഒന്‍പതിനുണ്ടായ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് 2010 ഈ കടുത്ത തീരുമാനം കൈക്കൊണ്ടതെന്നു കരുതുന്നു.
കഴിഞ്ഞദിവസം ഉഗാണ്ടയിലെ ഹോട്ടല്‍ ഡീപ് ഫോറസ്റ്റില്‍ 2009 ന്റെ അഭ്യര്‍ത്ഥനപ്രകാരം മുതിര്‍ന്ന വര്‍ഷനേതാക്കളുടെ അടിയന്തിര യോഗം വിളിച്ചുചേര്‍ക്കുകയുണ്ടായി. ഇതില്‍ ബാബരിഫെയിം 1992 അടക്കം അടക്കമുള്ള ഏതാണ്ട് പത്തോളം മുന്‍വര്‍ഷങ്ങള്‍ സംബന്ധിച്ചിരുന്നു. യോഗത്തില്‍ ഏറെ ദുഖിതനും രോഷാകുലനുമായി കാണപ്പെട്ട 2009 തനിക്കുണ്ടായ അപമാനങ്ങളെയും നാണക്കേടുകളെയും കുറിച്ച് രോഷാകുലനായി സംസാരിക്കുകയും ഭൂമിയില്‍ മനുഷ്യന്‍ എന്ന ഭീകരജീവി ഉള്ളിടത്തോളം കാലം തന്റെ കുടുംബത്തില്‍ നിന്നും ആരെയും അവരുടെ ക്രൂരതകള്‍ക്കും കാമകേളികള്‍ക്കും ഇടയിലേക്ക് താന്‍ വിട്ടുകൊടുക്കില്ല എന്നു തറപ്പിച്ചു പറയുകയും ചെയ്തുവത്രെ. ഇന്ന് ലോകത്തെ ജനങ്ങള്‍ തങ്ങളുടെ മുതുമുത്തച്ഛനായ ഹിരോഷിമക്കാരന്‍ 1945 ന്റെ കാലത്തേക്കാള്‍ അധപതിച്ചിരിക്കുകയാണെന്നും ആയിരം ഹിരോഷിമകളുണ്ടാക്കാന്‍ പോന്ന നാശവിത്തുകള്‍ ഒരു മനുഷ്യന്റെ മനസ്സില്‍തന്നെയുണ്ടെന്നും 2009 പറഞ്ഞു. മനുഷ്യന്റെ സദാചാരത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ "എര്‍ത്ത് ഈസ് മോര്‍ ഹോട്ട് ദാന്‍ സണ്‍" (ഭൂമി സൂര്യനേക്കാള്‍ ഹോട്ടാണ്) എന്നു പ്രയോഗിച്ചത് സദസ്സില്‍ ചിരിയുണര്‍ത്തി.
യോഗത്തില്‍ സംബന്ധിച്ച മുതിര്‍ന്ന വര്‍ഷങ്ങളെല്ലാം തന്നെ 2009നെ പിന്തുണക്കുകയും മനുഷ്യന്‍ നന്നാവുന്നതുവരെ കലണ്ടര്‍ കവലയില്‍ അനിശ്ചിത കാല റിലേ നിരാഹാരം തുടങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. തീരുമാനം ആത്മഹത്യാപരമാണെന്നും അതില്‍നിന്ന് പിന്‍മാറണമെന്നും മനുഷ്യത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള ഒരു മുന്‍ വര്‍ഷം അഭിപ്രായപ്പെട്ടെങ്കിലും 2009ന്റെ കടും പിടുത്തത്തിനു മുന്നില്‍ അദ്ദേഹവും വഴങ്ങുകയായിരുന്നു. ജോര്‍ജ് ബുഷിനു ജന്മം നല്‍കിയ കേസില്‍ ആജീവനാന്ത കഠിനതടവനുഭവിക്കുന്ന കൊടും ഭീകരന്‍ 1946നെ ഇരട്ടിശിക്ഷയ്‌ക്കായി 2010നു പകരക്കാരനായി ലോകത്തേക്കയക്കാനുള്ള നിര്‍ദ്ദേശവും യോഗാംഗങ്ങള്‍ കലണ്ടര്‍ കമ്മീഷണര്‍ക്കു സമര്‍പ്പിച്ചേക്കും.
ഇതിനിടയില്‍, യോഗത്തിനിടെ 2009 പിന്‍ഗാമിയായ 2010നെ ഒരു മൂലയിലേക്ക് വിളിച്ച് എന്തോക്കെയോ വികൃതമായ ഭാഷയില്‍ കുശുകുശുക്കുന്നതിന്റെ അവ്യക്തമായ വീഡിയോ പകര്‍പ്പ് കേരളത്തിലെ ഒരു ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്നു. "എന്റെ പൊന്നനിയാ..ചേട്ടനു പറ്റിയതു പറ്റി. പ്രപഞ്ചത്തില് ഭൂമീം അതിലെ അലവലാതികളും ഒള്ള കാലത്തോളം നിനക്ക് സ്വസ്ഥതേണ്ടാവൂല്ലാട്ടാ....വേറെവ്‌ടേങ്കിലും പോയി തടിതപ്പാന്‍ നോക്ക്" എന്ന് പലപ്രാവശ്യം 2009 പറഞ്ഞതായി ചാനലിന്റെ കുശുകുശുപ്പ് വിവര്‍ത്തന വിഭാഗം (കശാപ്പ്) വ്യക്തമാക്കി. ചാനലിന്റെ ഊഹം പടക്കല്‍ (ഊപ) വിഭാഗത്തിന്റെ പക്കല്‍ ഇനിയും കൂടുതല്‍ വിവരങ്ങളുണ്ടെന്നും ആവശ്യാനുസരണം അവ വേവിച്ച് ബ്രേക്കിംഗ് സൂപ്പുകളായി ടി.വിക്കടിയിലൂടെ ഒഴുക്കിവിടുമെന്നും ചാനല്‍ വിളിച്ചുപറഞ്ഞു.
ഇതിനെത്തുടര്‍ന്ന് കേരളത്തിലെ വിവിധ രാഷ്ടീയ കക്ഷികള്‍ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. 2010വന്ന് പടക്കം പൊട്ടിക്കുന്നതുവരെ 2009നെ പോകാന്‍ അനുവദിക്കില്ലെന്നും വേണ്ടിവന്നാല്‍ ഡിസംബര്‍ 31ന്, 12 മണിക്ക് എല്ലാ ക്ലോക്കുകളും സ്തംഭിപ്പിക്കുമെന്നും എതിര്‍ക്കാന്‍ നോക്കുന്ന ക്ലോക്കുകളുടെ സെക്കന്റ് സൂചി വളച്ചുകളയുമെന്നും പ്രതിഷേധക്കമ്മിറ്റി ചെയര്‍മാന്‍ തല്ലിപ്പൊളി ജബ്ബാര്‍ അറിയിച്ചു.
Thursday, September 17, 2009
പെരുന്നാളിനോട് പറയാനുള്ളത്..
"നാളെ റസാക്കിന്റെ വീട്ടിലും, ജലീലിക്കാടെ വീട്ടിലും കോഴി ബിരിയാണിയാ.., അബുക്കാടവ്‌ടെ ആട്.. ഹൊ! എല്ലാട്ത്തും പായസോണ്ടാകും ഹാവൂ !" ഇങ്ങനെ യൊക്കെ പലപല ആത്മകൊതിപ്പിക്കലുകളും കരച്ചില്‍ മാറ്റല്‍ ശ്രമങ്ങളും നടത്തിനോക്കാമെന്നല്ലാതെ, ഉം ഹും..ലവലേശം ഒന്നാശ്വസിക്കില്ല എന്റെ അസത്ത് മനസ്സ്..!
വളര്‍ത്തുദോഷമാണേ; വളര്‍ത്തു ദോഷം! മനസ്സുകളെ വളര്‍ത്തണ്ടതുപോലെ വളര്‍ത്തണം. ജനിച്ചതു മുതല്‍, മുതിര്‍ന്നിട്ടും, ഗള്‍ഫിലേക്കു പോരുന്നതുവരെ... പെരുന്നാളിന്റെ തലേദിവസം മക്കളെയും വണ്ടീയില്‍ കയറ്റിയിരുത്തി ആലുവയിലോ പെരുമ്പാവൂരോ പോയി പെരുന്നാകോടിയും, ചെരിപ്പും, ബെല്‍ട്ടും, അത്തറും എല്ലാം വാങ്ങിക്കൊടുത്ത്, വീട്ടില്‍ വന്ന് അണിയിച്ചു നോക്കി, ചേര്‍ച്ച ഉറപ്പുവരുത്തി, സന്തോഷത്തോടെ കിടത്തിയുറക്കുന്ന വാപ്പമാരുണ്ടെങ്കില്‍ മനസ്സുകള്‍ ഇങ്ങനെ അസത്തുക്കളായില്ലെങ്കിലേ അത്ഭുതമുള്ളൂ! രാത്രി ഉറങ്ങാതെ പിറ്റേദിവസം രാവിലത്തേക്കുള്ള പലഹാരമുണ്ടാക്കലും, ഉച്ചക്കലേക്കുള്ള തേങ്ങാചോറിനുള്ള തേങ്ങാചെരകലും ഒക്കെ നടത്തുന്നതിനിടയില്‍ മക്കള്‍ ഉറങ്ങുന്നില്ലേ എന്നുറപ്പുവര്‍ത്താന്‍ ഇടക്കിടെ വന്നു നോക്കുകയും, ഉണര്‍ത്താതെ ഉമ്മ വക്കുകയും, ചെയ്യുന്ന ഉമ്മമാരുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട!
ഉമ്മ വച്ച തേങ്ങാചോറുതിന്ന് വയറുനിറഞ്ഞ മനസ്സിന്റെ ഓര്‍മ്മകളില്‍ ബ്റോയിലര്‍ കോഴിബിരിയാണി ഒരു കുട്ടളം നിറച്ചു തിന്നാലും ഒരു തുള്ളിയെങ്കിലും തൃപ്തിനിറയുമോ?
വാപ്പസമ്മാനിച്ച കോടിയണിഞ്ഞ് പെരുന്നാളുകൂടുന്ന മനസ്സുകളെ റിയാലുകള്‍ വലിച്ചെറിഞ്ഞ് വാങ്ങിയ ജ്യോര്‍ദ്ദാനോയുടെയോ, ബോസ്സിനിയുടെയോ കളര്‍ഫുള്‍ ഉടുപ്പുകളുണ്ടോ ഒരു നുള്ളെങ്കിലും സന്തോഷിപ്പിക്കുന്നു?
അനിയന്‍ തലയില്‍ കെട്ടിത്തന്ന തൂവാല ഇളംകാറ്റില്‍ പാറിയപ്പോള്‍ ഉയര്‍ന്ന് നിന്നിരുന്നതാണല്ലോ എന്റെ ഈ ശിരസ്സ്; ഇപ്പോള്‍ വെല്ലാസ്റ്റ്റെയിറ്റിട്ട് മുടിനിവര്‍ത്തിയിട്ടും, ഹെഡ് & ഷോള്‍ഡര്‍ പതപ്പിച്ച് മിനുപ്പിച്ചിട്ടും, ഉംറക്കുപോയപ്പോള്‍ വാങ്ങിയ തിളക്കത്തൊപ്പിയണിഞ്ഞിട്ടും താങ്ങാനാകുന്നില്ലല്ലോ ഈ തലയുടെയൊരു കനം!
ഈദ്ഗാഹിലേക്കു പോകവേ കുഞ്ഞുമൂത്താപ്പ പഞ്ഞിയില്‍ മുക്കി ചെവിയില്‍ തിരുകിത്തന്ന അത്തറിന്റെ സുഗന്ധത്തില്‍ പൂമ്പാറ്റകളായി പാറിയവര്‍ക്കു മുന്നില്‍ ഹ്യൂഗോ ബോസ്സിനോ അതിന്റെ മൂത്താപ്പ പോലീസിനോ പുല്ലോളം വിലയുണ്ടോ?
തിരുദൂതര്‍ ചെയ്യാത്തതെങ്കിലും പടക്കം ഹറാമല്ല എന്ന ഉറച്ചവിശ്വാസത്തില്‍ പൊട്ടിച്ച പടക്കങ്ങളുടെ ശബ്ദം കാതില്‍ മുഴങ്ങുന്നതിനിടയില്‍ ഞാനിപ്പോള്‍ ഏതു ഖവ്വാലീ സംഗീതത്തിന്റെ താളഗതിയില്‍ മതിമറക്കാനാണ്?
അതിരാവിലെ ആദ്യത്തെ പെരുന്നാള്‍ മുത്തം തന്നിരുന്ന വല്ലിമ്മമാരില്‍ ഒരാളുടെ കൃത്യം മൂന്നു വര്‍ഷം പഴക്കമുള്ള ഖബറിങ്കലും മറ്റേയാളുടെ അഞ്ചു വര്‍ഷം പഴക്കമുള്ള രോഗശയ്യയിലുമെത്തി സലാം പറഞ്ഞു കടന്നുപോകാനുള്ള ഈ പെരുന്നാളിനെ ആഹ്ലാദാമോദങ്ങളോടെ ഞാന്‍ എങ്ങനെ സ്വീകരിക്കാനാണ്?
അതുകൊണ്ടാണ് ഈ വരുന്ന പെരുന്നാളിനോടു പറയാന്‍ എന്റെ മനസ്സ് എന്നോട് ഇങ്ങനെ പറഞ്ഞേല്പ്പിച്ചത്.."അല്ലയോ പ്രിയപ്പെട്ട പെരുന്നാളേ..! ദുര്‍ബ്ബലനായ ഈ പ്രവാസിക്ക് നിന്നെ വേണ്ടവണ്ണം സ്വീകരിക്കാനോ, വേണ്ടുവോളം ആഘോഷിക്കാനോ കഴിഞ്ഞുകൊള്ളണമെന്നില്ല..! ഇഷ്ടമില്ലാഞ്ഞിട്ടല്ല; നിന്നേക്കാള്‍ വലുതായി മറ്റൊരാഘോഷത്തെയും കണ്ടിട്ടുമല്ല; പക്ഷ..എനിക്കു പേടിയാണ്; നിന്നോടൊപ്പം കുത്തിയൊലിച്ചെത്തുന്ന, കരളുതകര്‍ത്ത്, മനസ്സിന്റെ തട്ടിന്‍പുറങ്ങള്‍ കലക്കിമറിച്ച്, ആത്മാവിന്റെ നാട്ടിന്‍പുറങ്ങളില്‍ സര്‍വ്വനാശം വിതച്ചേക്കാവുന്ന മധുരസ്മരണകളെ..,എന്റെ സ്വന്തം മധുരസ്മരണകളെ!"
എങ്കിലും എന്റെ പ്രിയപ്പെട്ടവരോട് എനിക്കു പറയാതിരിക്കാന്‍ പറ്റില്ലല്ലോ "ഈദ് മുബാറക്!"
------------------------------------------------------------
കഴിഞ്ഞ പെരുന്നാളിന് ഇതു വായിച്ചവര്‍...അടുത്ത പെരുന്നാളിനും പ്രതീക്ഷിച്ചുകൊള്ളുക.. :)
Friday, August 14, 2009
ആകാശഗംഗയിലെ വല്ലിമ്മമാര്‍-2
കുഞ്ഞുമക്കളെക്കാണുമ്പോള്‍ വല്ലിമ്മയുടെ കണ്ണുനിറയുന്നതെന്തിനാണ്? സന്തോഷം കൊണ്ടാണെന്ന് വല്ലിമ്മ പറയും. കണ്ണുനീര്‍ ഒരര്‍ത്ഥത്തില്‍ ചതിയനാണ്; സന്തോഷത്തെ സങ്കടമെന്നും സങ്കടത്തെ സന്തോഷമെന്നും അത് തെറ്റിദ്ധരിപ്പിച്ചുകളയും! സന്തോഷത്തിന്റെ കണ്ണുനീരിന് ഉണ്ണിയപ്പത്തിന്റെ നിറവും മാമ്പഴത്തിന്റെ ഗന്ധവും ദൈവം നല്‍കണമായിരുന്നു. തിരിച്ചറിവില്ലാത്ത മക്കള്‍ മാതൃത്വത്തിന്റെ വിവിധ വികാരങ്ങളെ തിരിച്ചറിയാതെ പോകരുതല്ലോ? ഇക്കാലത്ത് സങ്കടത്തിന്റെ കണ്ണുനീരിന് കടുംചുവപ്പുനിറമുണ്ട്, റോസാപൂവിന്റെയും ചോരയുടെയും ചുവപ്പ്; പക്ഷെ ഗന്ധം അധികവും ചോരയുടേതാണ്!
സ്കൂളവധിക്കാലങ്ങളില്‍ നാട്ടിന്‍പുറത്തൊക്കെയും മഞ്ഞനിറമുള്ള കമ്മല്‍പൂക്കള്‍ വിരിഞ്ഞുനിറയാറുണ്ട്. ഇതുപോലെ, അവധിക്കാലത്തുമാത്രം ഭൂമിയില്‍ ഉയര്‍ന്നുവരുന്ന ഒരു വിശുദ്ധഗേഹമാണ് പെരുമ്പാവൂരെ ആ പഴയ തറവാട് എന്നെന്റെ കുഞ്ഞുമനസ്സ് തെറ്റിദ്ധരിച്ചിട്ടുണ്ട്; അപ്പോള്‍ മാത്രമാണല്ലോ അങ്ങോട്ടുപോകാറുള്ളൂ! അവധിയാകുമ്പോള്‍ ചുറ്റും വന്നണയുന്ന മക്കള്‍ക്കും കുഞ്ഞുമക്കള്‍ക്കും വേണ്ടി ബാക്കിയുള്ളകാലങ്ങളത്രയും കാത്തുകാത്തിരുന്നു വിരുന്നൊരുക്കിയ വല്ലിമ്മക്ക് ഞങ്ങളുടെ മനസ്സെന്ന ആകാശഗംഗയില്‍ മറ്റെന്തിനേക്കാളും വിശാലമായൊരു കൊട്ടാരമുയര്‍ന്നതിന്റെ ഒരുപാടുകാരണങ്ങളില്‍ വളരെക്കുറച്ചേ വിവരണത്തനു വിധേയമാക്കാന്‍ സാധിക്കുന്നതായുള്ളു.
വിണ്ണോളം വിനയവും മലയോളം മാന്യതയും മാലാഖയോളം വിശുദ്ധിയും, വല്ലിമ്മയുടെ കാതില്‍ വല്ലിപ്പ കെട്ടിക്കൊടുത്ത് വട്ടത്തില്‍ തൂങ്ങിയാടിയ അലിക്കത്തുകളേക്കാള്‍ ആ മുഖം പ്രകാശപൂരിതമാക്കിയിരുന്നു എന്നത് അലങ്കാരത്തിനുവേണ്ടിപ്പറയുന്നതല്ല. പക്ഷെ, ഇതിലുമൊക്കെയേറെ ഞങ്ങളുടെ ഓര്‍മ്മകളുടെ കൊട്ടാരത്തിലെ അമൂല്യമായ നിധികള്‍ ഒരു കുസൃതിക്കുരുന്നോളം കുട്ടിത്തം കിനിഞ്ഞ വല്ലിമ്മയുടെ മായാചിത്രങ്ങളാണ്. അതെ, വല്ലിമ്മയെക്കാള്‍ ഓമനത്തവും കൗതുകവുമുള്ള ഏതു പൈതലാണ് എന്റെ മടിയില്‍ കയറിയിരുന്ന് കവിളില്‍ നുള്ളി കളിപറഞ്ഞിട്ടുള്ളത്?
ഓര്‍മ്മകളുടെ രാജപാതയില്‍, കൈവിട്ടുപോയ ആ പഴയവീട്ടിലെ കൊച്ചുമുറിയില്‍ വല്ലിമ്മയെ കെട്ടിപ്പുണര്‍ന്നു കിടക്കുകയാണു ഞാനിപ്പോള്‍. ഈ നിറഞ്ഞൊഴുകുന്ന കണ്ണുനീര്‍തുള്ളികളും ഉതിര്‍ന്നുവീഴുന്ന പുഞ്ചിരികളും മനസ്സുനിറഞ്ഞൊഴുകുന്ന പ്രാര്‍ത്ഥനകളും സ്വര്‍ഗ്ഗപ്പൂങ്കാവനത്തില്‍ വല്ലിമ്മയുടെ തറാവാട്ടുമുറ്റത്തെ പാരിജാതങ്ങളായിമാറട്ടെ..! ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം എന്ന് പാടിയ കവി പ്രഗത്ഭന്‍ തന്നെയാണല്ലേ?
ഗോതമ്പുപൊടിച്ച് പുട്ടുണ്ടാക്കി മക്കളെ ചുറ്റുമിരുത്തി നിര്‍ബ്ബന്ധിച്ച് തീറ്റിക്കുമ്പോഴും, കണ്ണുതെറ്റുന്ന തക്കത്തിന് ഒരു മജീഷ്യന്റെ കരവിരുതോടെ വല്ലിമ്മ തന്റെ പങ്ക് തൊട്ടടുത്തയാളുടെ പാത്രത്തിലേക്ക് മാറ്റിക്കളയും. അയാള്‍ വീണ്ടൂം പാത്രത്തിലേക്കു നോക്കി 'എന്റെ പുട്ട് തീര്‍ന്നില്ലേ..' എന്നന്തംവിടുമ്പോള്‍ ചുമ്മാ ഒരേമ്പക്കവും വിട്ട് എഴുന്നേറ്റുപോകുന്നത് മറ്റാരുമല്ല ഞങ്ങളുടെ സ്വന്തം വല്ലിമ്മയാണ്... അതുകൊണ്ടാണ് എന്റെ വില്ലനനിയന്‍ വല്ലിമ്മയെ 'കുഞ്ഞിപ്പെണ്ണേ' എന്നു വിളിച്ചത്!
അവധിക്കാലമായിട്ടും മക്കള്‍ക്കുവേണ്ടി കായ്‌ക്കാത്ത മാവിനെ ശാസിക്കുകയും, ശേഷം ആശ്വസിപ്പിക്കുകയും ചെയ്യുന്ന കാഴ്‌ചകളൊക്കെ ഞാന്‍ വയസ്സായി സര്‍വ്വതും മറന്നാലും മറക്കാത്തത്ര രസദായകങ്ങളായിരുന്നു!
ഗുളികയും വെള്ളവും കൊണ്ടുക്കൊടുക്കുമ്പോള്‍ ആ സുന്ദരിക്കോതയുടെ മുഖം ചുളുങ്ങും. 'മോനങ്ങു കുടിച്ചോടാ..' എന്നപ്രതികരണത്തിനു ശേഷം വിരിയുന്ന പുഞ്ചിരിക്ക് എന്തൊരു മധുരമാണ്! അവിടെയെങ്ങാനും നമ്മുടെ കണ്ണൊന്നു തെറ്റിയാല്‍ ഗുളിക കട്ടിലിനടിയിലേക്കിട്ട് വെള്ളം മാത്രം കുടിച്ചുകളയും ആ 'കൊച്ചുകുട്ടി'! അടിച്ചുവാരുന്നവരെ ആ കട്ടിലിന്റെ ഏഴയലത്തേക്ക് വല്ലിമ്മ അടുപ്പിക്കാതിരുന്നതിന്റെ ഈ ഗുട്ടന്‍സ് വളരെ വൈകിയാണ് ഞങ്ങള്‍ക്ക് പിടികിട്ടിയത്..!
ഉണക്കാനിട്ട നെല്ല് കൊത്തിയെടുക്കാന്‍ വന്ന ഒരു പാവം കോഴിയുടെ പപ്പുംപൂടയും പറിച്ചുവിട്ട നിറംപിടിപ്പിച്ചകഥയും, ഇതുപോലുള്ള മറ്റുപലകഥകളും വല്ലിമ്മയുടെ ഓര്‍മ്മകളില്‍ ചിരിയായി പടരാറുണ്ട്. വല്ലിമ്മയുടെ ചുറ്റുമിരുന്ന് മക്കള്‍ ഈ കഥകളൊക്കെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പറയുമ്പോള്‍ ചെറിയൊരു ചമ്മലോടെ വല്ലിമ്മ അതൊക്കെ ആസ്വദിക്കുമായിരുന്നു..!
പക്ഷെ സ്വന്തം കാര്യത്തിലെ ഈ അലസകുസൃതികളൊക്കെ മക്കളുടെ കാര്യങ്ങളില്‍ അത്ഭുതകരമായ അതിസൂക്ഷ്‌മതക്കു വഴിമാറുന്നത് കാണാം. മക്കളുടെ ചെറിയ ചെറിയ തെറ്റുകള്‍ പോലും വ്യക്തമായ നിര്‍ദ്ദേശങ്ങളിലൂടെയും കൃത്യമായ ശിക്ഷകളിലൂടെയും തുടച്ചുമാറ്റാന്‍ വല്ലിമ്മക്കു കഴിഞ്ഞിരുന്നു. മക്കള്‍ നന്നായി വളരുന്ന കാര്യത്തില്‍, അവരെ ചിട്ടയില്‍ വളര്‍ത്തുന്ന കാര്യത്തില്‍ അതിപ്രഗത്ഭയായ പണ്ഡിതയോ അനുകരണീയയായ അധ്യാപികയോ ഒക്കെയായിരുന്നു വല്ലിമ്മ.
ഇപ്പോഴും മിക്കദിവസങ്ങളിലും കിടക്കുന്നതിനു മുന്‍പ് അടുക്കളവൃത്തിയാക്കി അടിച്ചുവാരുമ്പോള്‍ എന്റെ ഉമ്മ കൗതുകത്തോടെ വല്ലിമ്മയെക്കുറിച്ചു പറയും. ഒരിക്കല്‍, ചെറുപ്പത്തില്‍ വല്ലിമ്മ ചുമതലപ്പെടുത്തിയതനുസരിച്ച് രാത്രി കിടക്കുന്നതിനു മുന്‍പ് വീടും അടുക്കളയുമൊക്കെ ഉമ്മ അടിച്ചുവാരി. രാവിലെ കളയാം എന്നു കരുതി അതെല്ലാം കൂടി വീടിന്റെ ഒരു മൂലയിലേക്ക് ഉമ്മ തടുത്തുകൂട്ടി. ഇതു കണ്ടുകൊണ്ടു വന്ന വല്ലിമ്മ ചെയ്‌തതെന്താണെന്നോ..? അടുക്കളമൂലയിലേക്കടിച്ചു കൂട്ടിയ സകലവേസ്റ്റുകളും വാരിയെടുത്ത് ഉമ്മയുടെ ചുരുണ്ടുസമൃദ്ധമായ കാര്‍ക്കൂന്തല്‍ തിങ്ങിയ തലയിലേക്കിട്ടുകളഞ്ഞു..! മുറിയുടെ മൂലയിലേക്ക് ചവറും പൊടിയും അടിച്ചുകൂട്ടിയതിന്റെ ശിക്ഷ..! തലയില്‍ നിന്നും ആ പൊടിമുഴുവന്‍ പോയിത്തീരാന്‍ ഒന്നുരണ്ടു ദിവസങ്ങളെടുത്തുവത്രെ. അതില്‍പിന്നെ ഇന്നേവരെ ഉമ്മ വീടുവൃത്തിയാക്കി പൊടിയും മറ്റും പുറത്തുകൊണ്ടുപോയിക്കളഞ്ഞിട്ടല്ലാതെ ഉറങ്ങിയിട്ടില്ല..!
പലര്‍ക്കും ഇതു വലിയൊരു സംഭവമായി തോന്നില്ലായിരിക്കാം! പക്ഷെ തലമുറകള്‍ കൈമാറേണ്ടുന്ന ഒരു നല്ലശീലമാണ് ആ സംഭവത്തിലൂടെ വല്ലിമ തന്റെ മകളെ പഠിപ്പിച്ചത് എന്നുതിരിച്ചറിയുമ്പോള്‍ അതെങ്ങനെ വലുതല്ലാതാകും? തലയിലിടുന്ന തട്ടത്തിന്റെ കാര്യത്തിലും, കണ്ണെഴുതുന്ന രീതിയിലും വരെ വല്ലിമ്മയുടെ നിര്‍ദ്ദേശങ്ങളല്ലാതെ മക്കള്‍ നടപ്പാക്കിയിരുന്നില്ല. മക്കളെ ഇത്തരത്തില്‍ പാഠങ്ങള്‍ പഠിപ്പിക്കുന്ന ഉമ്മമാരാണ് സമൂഹത്തിന്റെ നട്ടെല്ലുകള്‍; ഇന്നു നമുക്ക് കൈമോശം വന്നതും അതാണ്.നന്‍മയുടെയും നേരിന്റെയും ചട്ടക്കൂടിലും ചിട്ടവട്ടത്തിലുമല്ലാതെ മക്കള്‍ ഒരിഞ്ചു പോലും വളരരുത് എന്ന നിര്‍ബ്ബന്ധബുദ്ധിയാണ് വല്ലിമ്മയുടെ ഒന്‍പതില്‍ ഒന്‍പതു മക്കള്‍ക്കും സത്യസന്ധതയുടെയും, ജീവിതവിശുദ്ധിയുടെയും വിജയവഴികളില്‍ അന്‍പതില്‍ അന്‍പതു മാര്‍ക്കും നേടിക്കൊടുത്തത്.
പതിനൊന്നുകൊല്ലം മുന്‍പത്തെ റമദാനില്‍ തന്റെ പ്രിയപ്പെട്ട രണ്ടാമത്തെ മകന്റെ വിയോഗവേളയില്‍ പടച്ചവന്റെ ആ തീരുമാനത്തെ സുമനസ്സാലെ അംഗീകരിച്ച് സ്വയം തളരാതെ പ്രാര്‍ത്ഥനാനിരതയായിരുന്ന സാധുവായ ആ ഉമ്മയെയല്ലാതെ മറ്റാരെയാണു മാതൃത്വം മാതൃകയാക്കേണ്ടത്? തന്റെ എല്ലാമെല്ലാമായിരുന്ന സഹോദരന്റെ മയ്യിത്ത് നമസ്‌കാരത്തിന് ധീരമായിട്ടെഴുന്നേറ്റു നിന്ന് നേതൃത്വം നല്‍കാന്‍ ആ വല്ലിമ്മയുടെ മകള്‍ക്ക് കഴിഞ്ഞതില്‍ പിന്നെയെന്തിനത്ഭുതപ്പെടണം! മാതൃത്വം എന്നവാക്കുപോലും സ്വയമേ വന്‍മഹത്വമായിരിക്കെ മാതൃത്വത്തിന്റെ ഈ മഹാമാതൃകയെ ആദരിച്ചഭിസംബോധന ചെയ്യാന്‍ സ്വര്‍ണ്ണംകെട്ടിയ വാക്കുകള്‍ ലോകത്ത് ഇനിയും പിറവിയെടുക്കേണ്ടിയിരിക്കുന്നു!
വലിമ്മയില്ലാത്ത ഈ ലോകത്തേക്ക് മൂന്നാമത്തെ റമദാനും കടന്നു വരുന്നു. മൂന്നുകൊല്ലം മുന്‍പ് സ്വര്‍ഗ്ഗവാതിലുകളെല്ലാം തുറന്നു കിടന്ന റമദാനിലെ ഒരു വെള്ളിയാഴ്‌ച, പടച്ചവന്റെ പ്രിയ ദാസരും മാലാഖമാരും ജുമുഅ*യില്‍ സുജൂദില്‍ കിടക്കവേ, വല്ലിമ്മ പടച്ചവന്റെ വിളിക്കുത്തരം നല്‍കി ചിരിച്ചുകൊണ്ടു സ്വര്‍ഗ്ഗത്തിലേക്കു യാത്രയായി. പെരുമ്പാവൂര്‍ കണ്ണന്തറപ്പള്ളിയില്‍ ആ ദിവസം തന്നെ ആ പുതിയ മയ്യത്തുകട്ടില്‍ പണിതീര്‍ന്നുവന്നതില്‍ പടച്ചവന്റെ കളിയുണ്ടാകുമോ? ഉണ്ടാകും..!
എങ്ങിനെയായിരിക്കും എന്റെ വല്ലിമ്മപ്പെണ്ണിന്റെ ജീവന്‍ പോയിട്ടുണ്ടാകുക..? അസ്‌റായീല്‍(അ)* എന്തു സ്വകാര്യമായിരിക്കും വല്ലിമ്മയുടെ കാതില്‍ പറഞ്ഞിട്ടുണ്ടാകുക..? സ്വര്‍ഗ്ഗത്തില്‍ വച്ച് എന്നെ വീണ്ടും മാടിവിളിക്കുമ്പോള്‍ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് കവിള്‍നിറച്ച് മുത്തംകൊടുത്തിട്ട് ചോദിച്ചുനോക്കണം..!
പരമകാരുണികനായ തമ്പുരാനേ.. അവര്‍ ഞങ്ങളെ ചെറുപ്പത്തില്‍ ഓമനിച്ചു വളര്‍ത്തിയതുപോലെ നീ അവരെയും ഓമനിക്കേണമേ..!
-------------------------------------------------------------------
ജുമുഅ-വെള്ളിയാഴ്‌ച ഉച്ചനേരത്തെ നമസ്‌കാരം.
അസ്‌റായീല്‍-മരണത്തിന്റെ മലക്ക്.
Sunday, July 26, 2009
കുട്ടികള്‍ കുടവയറു കാണുമ്പോള്‍!
"മാവേല്യാ ഏറ്റോം കൂട്തല് ചോറ് തിന്നണത്, എന്ത് വല്ലിക്കാട്ട കൊടവയറാ..!" മുറ്റത്ത് കളിവീടുകെട്ടി കഞ്ഞീംകറീം വച്ചു കളിക്കുന്ന സുമിമോളുടെ കമന്റ്..!
"എടീ പൊട്ടീ..മാവേലി പാദാളത്തിലല്ലേ; അവ്ടെ ചോറൊന്നും കിട്ടൂല്ലാ..! അതേ...ഗ്യാസാ..ഗ്യാസ്..! ചോറ് തിന്നാണ്ടിര്ന്നാലേ വയറ്റില് ഗാസ് നെറഞ്ഞ് വീര്‍ക്കും!" കളിവീട്ടിലെ 'ഭര്‍ത്താവ്' അനിക്കുട്ടന്‍ കൂട്ടുകാരിയുടെ തെറ്റു തിരുത്തി.
"അപ്പോ അനിക്കുട്ടന്റെ ഡാഡി ഫോറിന്‍ന്നു വന്നപ്പഴും വല്യ കൊടവയറ്ണ്ടാര്‍ന്നല്ലോ? അവ്‌ടെ ചോറൊന്നും കിട്ടൂല്ലേ..?" എന്നായി സുമി..!
"ഉം..ഹും..അവ്‌ടേം ചോറൊന്നും കിട്ടൂല്ലാ..! ഈ ഓണത്തിന് ഡാഡി വരുമ്പ അതിനെക്കാട്ടീം വല്യവയറ്ണ്ടാവും..മാവേലീടത്രേം..!" അടുപ്പിന്റെ കല്ലുറപ്പിക്കവേ അനിക്കുട്ടന്‍ ചുണ്ട് കൂര്‍പ്പിച്ചു വിടര്‍ത്തിക്കൊണ്ടു പറഞ്ഞു..!
ഞാന്‍ ചിരിച്ചുപോയെങ്കിലും അന്തംവിടാന്‍ മറന്നില്ല..! കുട്ടികള്‍ സമൂഹത്തില്‍ നിന്നും കാര്യങ്ങള്‍ ഗ്രഹിക്കുന്ന വിധം നോക്കുക! മാവേലി കൊല്ലത്തിലൊരിക്കല്‍ ഓണത്തിനു വരുന്നു എന്നവര്‍ കേട്ടിട്ടുണ്ട്; ഫോറിനില്‍ പോയ അച്ഛനും കൊല്ലത്തിലൊരിക്കല്‍, അധികവും ഓണത്തിന്, വരുന്നു. മാവേലിക്ക് നല്ല കള്ളുംകുടം പോലത്തെ കൊടവയറുണ്ട്, അച്ഛനും കൊല്ലാകൊല്ലം വരുമ്പോള്‍ കൊടവയര്‍ കൂടിക്കൂടി വരുന്നുണ്ട്. ഇപ്പറയുന്ന മാവേലി സ്ഥിരമായി പാതാളത്തിലാണെന്നവര്‍ക്കറിയാം, പാതാളത്തെക്കുറിച്ച് അവരുടെ ഭാവനയില്‍ ഒരു രൂപവുമുണ്ട്! അപ്പോള്‍ പിന്നെ മാവേലിയെപ്പോലെ വല്ലപ്പോഴും വരുന്ന, കൊട്ടപോലെ കൊടവയറുള്ള തന്റെ അച്ഛന്‍ വസിക്കുന്ന 'ഫോറിന്‍' എന്ന സ്ഥലവും പാതാളവും ഏതാണ്ടൊന്നു തന്നെ അല്ലെങ്കില്‍ ഒരുപോലെതന്നെ എന്നൂഹിക്കാന്‍ മാത്രം നിഷ്‌കളങ്കരും, ശുദ്ധരുമാണ് കുട്ടികള്‍!
ഇതുകൊണ്ടാണ് 'വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ; ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍..!' എന്ന വൈലോപ്പിള്ളീ വരികള്‍ക്ക് ഞാന്‍ 'കിടിലന്‍; വീണ്ടൂം എഴുതുക' എന്നു കമന്റിട്ടത്!
ഗള്‍ഫിനെ പാതളം എന്നുവിളിക്കുന്നതാണോ ശരി അതല്ല പാതാളത്തെ ഗള്‍ഫ് എന്നു വിളിക്കുന്നതാണോ ശരി എന്നൊന്നും ഞാനിപ്പോള്‍ വിവരിക്കുന്നില്ല. ഗള്‍ഫുകാരുടെ തെറിവിളികേള്‍ക്കാനും പാതാളകുത്തകകളുടെ കയ്യടിയോ, തലക്കിട്ടടിയോ മേടിക്കാനും പേടിയുണ്ടായിട്ടൊന്നുമല്ല; ആകെയുള്ള ചെറിയൊരു കൊടവയറുംകൊണ്ട് ഓണാവധിക്കൊന്നു നാട്ടില്‍ പോകണമല്ലോ എന്നു കരുതിയതുകൊണ്ടാണ്, അതുകൊണ്ടു മാത്രം ആ വിഷയം തീര്‍പ്പുകല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് വിട്ടുതരുന്നു. ഇനി ഇതെങ്ങാനും വലിയ ചര്‍ച്ചയായി മാറി പത്രക്കാരും ചാനലുകാരുമൊക്കെ ഇതിനെ വിഴുപ്പുംകൂട്ടത്തിലിട്ടലക്കാന്‍ തുടങ്ങിയാല്‍ ഗള്‍ഫേതാ പാതാളമേതാ, ഗള്‍ഫിലാരാ പാതാളത്തിലാരാ എന്നറിയാതെ ആളുകളാകെ കണ്‍ഫ്യൂഷനിലായിപ്പോകും. മുഖ്യമന്ത്രിയേതാ മുക്കിയമന്ത്രിയേതാ, (പിണ)റായിയേതാ റവറന്റേതാ എന്നറിയാത്ത നാടാണേ നമ്മുടേത്!
പക്ഷെ, സുമിമോള്‍ക്കും അനിക്കുട്ടനും യാതൊരു കണ്‍ഫ്യൂഷനുമില്ല. അവര്‍ തീര്‍പ്പുകല്പ്പിച്ചിരിക്കുന്നു. മാവേലിയുടെ കുടവയറിന്റെ കാരണം അവര്‍ കണ്ടെത്തിയിരിക്കുന്നു. ഗ്യാസിന്റെ കാരണം അവര്‍ മനസ്സിലാക്കിയിരിക്കുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ പാതാളവും ഗള്‍ഫും സെയിം സെയിം എന്നവര്‍ വിലയിരുത്തിക്കഴിഞ്ഞിരിക്കുന്നു. അവര്‍ എല്ലാ കാര്യങ്ങളും വിലയിരുത്തുന്നതിങ്ങനെയാണ്.
ഇവിടെ മാതാപിതാക്കാള്‍ക്കൊരു മുന്നറിയിപ്പുണ്ട്. വിലയിരുത്തലുകള്‍ക്കും തീര്‍പ്പുകല്‍പ്പിക്കലുകള്‍ക്കും ശേഷം അവര്‍ ആക്ഷനിനേക്കു കടക്കുന്ന നിമിഷത്തെ ഭയപ്പെട്ടുകൊള്ളുക. അവര്‍ക്ക് നമ്മില്‍ നിന്നും, ചുറ്റുപാടുകളില്‍ നിന്നും, സമൂഹത്തില്‍ നിന്നും ലഭിക്കുന്ന വിവരം വികലമായാല്‍ വിലയിരുത്തലുകളും വികലമാകും. വികലമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ അവര്‍ പ്രവൃത്തികളിലേക്കു കടക്കാന്‍ തുടങ്ങിയാല്‍പിന്നെ കെടക്കപ്പൊറുതിക്കൊപ്പം നമുക്കും നാടുവിട്ടുപോകാം. തീയെ വിലയിരുത്തുന്നതില്‍ കുട്ടികള്‍ക്ക് പറ്റുന്ന തെറ്റാണ് അവരുടെ കൈ പൊള്ളിക്കുന്നത്. സ്ത്രീയെ വിലയിരുത്തുന്നതില്‍ മുതിര്‍ന്നവര്‍ക്കു പറ്റുന്ന തെറ്റുകള്‍ കുട്ടികള്‍ ശരി എന്നു ധരിച്ച് കാണാതെ പഠിക്കുകയും അത് വിവിധതരം ആക്ഷനുകളായി സഹപാഠികളിലേക്കും കളിക്കൂട്ടുകാരിലേക്കും അവര്‍ പ്രയോഗിക്കുകയും ചെയ്യുന്നു. കുട്ടികളെ വിലയിരുത്തുന്നതില്‍ മാതാപിതാക്കള്‍ക്കു പറ്റുന്ന അബദ്ധങ്ങളാണ് എന്നതാണേറെ പ്രധാനം. 'എന്റെ കുട്ടി തെറ്റുചെയ്യില്ല' എന്ന തീര്‍പ്പാണ് മാതാവേ നിങ്ങളുടെ ഏറ്റവും വലിയ തെറ്റ്!
ഒരു കുട്ടി ഒന്നാന്തരം ഒരു ഫാക്ടറിയാണ്. സമൂഹവും, സാമൂഹ്യ വിവരങ്ങളുമാണ് അവന്റെ റോമെറ്റീരിയല്‍സ്. അതില്‍ നിന്നും അതിവേഗം അവന്‍ നിഗമനങ്ങള്‍ സൃഷ്ടിക്കും. തെറ്റാകട്ടെ ശരിയാകട്ടെ അവന്‍ അതങ്ങനെ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അപ്പോള്‍ അവന് അല്ലെങ്കില്‍ അവള്‍ക്ക് ശരിയായ വിവരങ്ങളും അതിനുള്ള അവസരങ്ങളും ബുദ്ധിപൂര്‍വ്വം നമ്മളൊരുക്കിക്കൊടുക്കണം. ശരികള്‍ മാത്രം പഠിപ്പിക്കുന്നതല്ല, ശരിയെ ശരിയെന്നും തെറ്റിനെ തെറ്റെന്നും പഠിപ്പിക്കുന്നതാണ് ശരിയായ വിജ്ഞാനം. ഇതും മാതാപിതാക്കള്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്..!
അതേ സമയം ഒരു കുട്ടി ഒന്നാന്തരം ഒരു റോമെറ്റീരിയലുമാണ്. അവന്റെ പ്രത്യേകതകളും താല്‍പര്യങ്ങളും പഠിച്ച്, ക്രൃത്യമായ ചൂടില്‍ ശരിയായ മൂശയില്‍ വാര്‍ത്താല്‍ അവന്‍ ഒന്നാന്തരം ഒരു മണിമുത്തായി മാറും. അവന്റെ പ്രത്യേകതകള്‍ക്ക് വിരുദ്ധമായ മൂശയില്‍ അവനെ വാര്‍ക്കാന്‍ ശ്രമിക്കുന്നത് പരമാബദ്ധമാണെന്നോര്‍ക്കുക. അവന്‍ സ്വര്‍ണ്ണമാണെങ്കില്‍ അവനെ സ്വര്‍ണ്ണഗോപുരമാക്കി മാറ്റുക; സ്വര്‍ണ്ണത്തിന് വര്‍ണ്ണപ്പൂവാകാന്‍ കഴിയില്ല! അവന്‍ വര്‍ണ്ണമാണെങ്കില്‍ അവനെ വര്‍ണ്ണജാലമാക്കിമാറ്റുക; വര്‍ണ്ണത്തിന് സ്വര്‍ണ്ണമാല്യമാകാനും കഴിയില്ല. ഇതും മാതാപിതാക്കള്‍ക്കുള്ള മുന്നറിയിപ്പുതന്നെ!
എന്താടോ ഇത്ര ഗൗരവം എന്നല്ലേ? ലോകത്ത് ഏറ്റവും ഗൗരവമുള്ള വിഷയം ഫലിതബിന്ദുക്കളാകുന്നതെങ്ങിനെ? ആത്മാര്‍ത്ഥമായി പറഞ്ഞതാണ്. അല്‍പം വേദനയോടെ എഴുതിയതാണ്. എന്തുവേദന എന്നാണോ? തെറ്റായി വളര്‍ത്തപ്പെടുത്തകുട്ടികളെ കണ്‍കള്‍ക്കു മുന്നില്‍ കാണുമ്പോഴുള്ളവേദന. തെറ്റായി വളര്‍ത്തപ്പെട്ട കുട്ടികളെ തിന്‍മകള്‍ക്കു പിന്നില്‍ കാണുമ്പോഴുള്ള വേദന!
ഇനിയുമുണ്ട് വേദനിപ്പിക്കുന്ന കാര്യങ്ങള്‍. നോക്കൂ..കുറ്റവാളികള്‍ ആരുമാകട്ടെ, അവരുടെ ഇന്നത്തെ ടാര്‍ഗറ്റ് കുട്ടികളാണ്. പണ്ട്പണ്ടല്ല, ഈയടുത്ത്; കോട്ടയത്തൊരിടത്ത്, പത്താം ക്ലാസ്സുകാരിയായ മകളെ പഠിപ്പിക്കാന്‍ അച്ഛന് വലിയ ഉത്സാഹം! വൈകുന്നേരമായാല്‍ മകളുടെ പഠനമുറിയില്‍ അച്ഛന്‍ പഠിപ്പിക്കലോടു പഠിപ്പിക്കല്‍! അമ്മക്ക് സന്തോഷം.! പഠിപ്പിച്ച് പഠിപ്പിച്ച് അവസാനം കുട്ടിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ലത്രെ! കാര്യം എന്താണെന്നു ഞാന്‍ പറയില്ല; കാരണം അവള്‍ ഒരു കുട്ടിയാണ്, ഒരു കൊച്ചു പെണ്‍കുട്ടി. ഒന്നു മാത്രം സൂചിപ്പിക്കാം; ആ മകള്‍ക്ക് സ്വന്തം അച്ഛന്‍ ബയോളജിക്കു കൊടുത്ത പ്രാക്ടിക്കല്‍ ക്ലാസിന്റെ +ve റിസല്‍ട്ട് പരീക്ഷക്കു മുന്‍പേ വന്നുവത്രെ..!
പീഢനങ്ങളും കൊടും ചതികളും കേരളക്കരയാകെ മുളച്ചുപോങ്ങാന്‍പാകത്തിന് വിത്തുപാകിയതാരാണ്? അതിനു വളമാകാന്‍ പാകത്തിന് അച്ഛന്‍ ആദരണിയനും, അമ്മ മഹാമഹത്വവും, സഹോദര്യം സുസമ്പത്തുമായിരുന്ന നമ്മുറെ പാരമ്പര്യ സംസ്കാരം വേരറുത്ത് ചീയിച്ചു കളഞ്ഞതാരാണ്? പാശ്ചാത്യനും അവന്റെ സംസ്‌കാരവും എന്നൊറ്റവാക്കില്‍ പറഞ്ഞാല്‍ ഉത്തരം പൂര്‍ണ്ണമായില്ല. ടെലിവിഷനും, ഇന്‍റ്റര്‍നെറ്റും, മൊബൈല്‍ഫോണും തുടങ്ങിയ ശാസ്ത്ര സാങ്കേതിക വിദ്യകളാണിതിനൊക്കെ ഉത്തരവാദി എന്നു പറയുന്നവര്‍ പണ്ടാരമടങ്ങട്ടെ! സിനിമയെയും സീരിയലുകളെയുമൊക്കെ ഒറ്റക്കണ്ണനായ പിള്ളേരെപ്പിടുത്തക്കാരനോളം ഭയക്കണം. ഒരു കാര്യം സമ്മതിക്കാം, ഇതിലെല്ലാം നന്‍മയോളമോ, അതില്‍കൂടുതലോ തിന്‍മയുണ്ട്! പക്ഷെ ഒതളങ്ങ കഴിച്ച് ഒരു കുട്ടി മരിച്ചാല്‍ ഒതളങ്ങയെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നവന്‍ പമ്പര വിഡ്ഢിതന്നെ! അതുകഴിച്ച കുട്ടിക്ക് ഒതളങ്ങ വെഷമാണെന്നറിയുകയോ അറിയാതിരിക്കുകയോ ചെയ്യട്ടെ! അവന്റെ പരിസരങ്ങളില്‍ ആ ഒതളങ്ങ നട്ടുപിടിപ്പിച്ചവരും, ഒതളങ്ങയുടെ പരിസരങ്ങളില്‍ അവനെ വിലക്കാതിരുന്നവരുമാണ് കുറ്റക്കാര്‍!
അതെ; എന്റെ കുട്ടി ഏതു സംസ്‌കാരം സ്വീകരിക്കണം എന്നു തീരുമാനിക്കുന്നവര്‍! അവര്‍ ടെലിവിഷനും, ഇന്റര്‍നെറ്റും എങ്ങനെവേണം ഉപയോഗിക്കാന്‍ എന്നു പഠിപ്പിക്കേണ്ടവര്‍; അതില്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യതയും ബാധ്യതയുമുള്ളവര്‍! അവര്‍ക്ക് കൈവിരലുകളും കാതുമുറക്കുന്നതിനു മുന്‍പ് വഴുക്കലും പടുകുഴികളുമുള്ള അനിയന്ത്രിത ബന്ധങ്ങളുടെ ലോകത്തേക്കുള്ള മൊബൈല്‍ഫോണ്‍ എന്ന താക്കോല്‍ നല്‍കണോ ചിന്തിക്കേണ്ടവര്‍! ഒതളങ്ങ വിഷമാണു മക്കളേ എന്നു പറഞ്ഞു പറഞ്ഞ്, വിലക്കി നിര്‍ത്തേണ്ടവര്‍! അനുസരിച്ചില്ലെങ്കില്‍ ശിക്ഷിക്കേണ്ടവര്‍. പാശ്ചാത്യന്റെ പെണ്‍കുട്ടി, കാമുകന്റെ കാറില്‍ വന്നിറങ്ങുമ്പോള്‍ എനിക്കും വേണം കാറുള്ള കാമുകന്‍ എന്നു പറയാതിരിക്കാന്‍ പാകത്തിന് ആ സംസ്‌കാരത്തോട് അറപ്പും നമ്മുടെ സംസ്‌കാരത്തോട് അടുപ്പവും അവരുടെ മനസ്സില്‍ കുഞ്ഞുപ്രായത്തിലേ വളര്‍ത്തിയെടുക്കേണ്ടവര്‍! അവരാണു കുറ്റക്കാര്‍; കുട്ടികള്‍ വഴിതെറ്റുന്നതിനും വഴിതെറ്റി വളരുന്നതിനും..!ഒരുകണക്കിനും പിടിച്ചാല്‍ കിട്ടാത്ത കാളക്കൂറ്റന്റെ ജീനുള്ള കുട്ടികളുടെ നി:സ്സഹായരായ മാതാപിതാക്കളെ മാത്രം ഇവിടെ കുറ്റവിമുക്തരാക്കാം..!
ഇനിയും ഇതുള്‍ക്കൊള്ളാനും പ്രാവര്‍ത്തികമാക്കാനും തയ്യാറല്ലാത്ത മാതാവിനും പിതാവിനും ഞാനിതാ ഒരു സന്തോഷവാര്‍ത്തയറിയിക്കുന്നു.. നിങ്ങള്‍ക്കുവേണ്ടി നിങ്ങളുടെ മക്കള്‍തന്നെ തയ്യാറാക്കുന്നുണ്ട് വൃദ്ധസദനങ്ങളും, വീടിന്റെ പിന്നാമ്പുറത്തെങ്ങോ ഇരുണ്ട ഒരു കുഞ്ഞ് ഒറ്റമുറിയും!
Sunday, July 12, 2009
ആകാശഗംഗയിലെ വല്ലിമ്മമാര്‍..!
മനസ്സ് ഒരാകാശഗംഗയാണെങ്കില്‍ ഏറെ പ്രഭാമയരായ സൂര്യചന്ദ്രാദികളായി ഉമ്മയും വാപ്പയും നിലകൊള്ളുന്നു. താരാഗണങ്ങളില്‍ ഏറ്റവും പ്രശോഭിത ഇപ്പോള്‍ മാതൃത്വം പ്രതീക്ഷിക്കുന്ന എന്റെ പ്രിയപ്പെട്ടവള്‍ തന്നെ! ഏറ്റവും ഓമനത്തമുള്ള കൂതൂഹലനക്ഷത്രങ്ങളായ് കുഞ്ഞനിയനും അവന്റെ പുതുമണവാട്ടിയും!
എന്റെ മനസ്സെന്ന ഈ ആകാശഗംഗക്ക് ഒരുമ്മറമുണ്ട്. ലോകത്തേക്കേറ്റവും വിലപിടിച്ച കളിമണ്ണുമെഴുകിയ ഒരുമ്മറം! അതിന്റെ രണ്ടു വശങ്ങളില്‍ അപൂര്‍വ്വമായ ചെങ്കല്ലില്‍ തീര്‍ത്ത് പരിശുദ്ധമായ കരിമെഴുകിയ രണ്ടു തിണ്ണകള്‍! തിണ്ണളുടെ ചുവരറ്റങ്ങളില്‍ വിശിഷ്ടമായ വെള്ളത്തുണികള്‍ക്കുമീതെ വിശുദ്ധഖുര്‍ആന്‍! അരികില്‍.. വിളക്കണക്കുമ്പോള്‍ തെളിഞ്ഞുകത്തുന്ന പട്ടുപച്ച മുത്തുകോര്‍ത്ത തസ്‌ബീഹുമാലകള്‍. ഇവിടെയാണ് വാത്സല്യത്തിന്റെ, കുട്ടിത്തങ്ങളുടെ, കടംകഥകളുടെ, ശൊളകങ്ങളുടെ*, തീഷ്‌ണാനുഭവങ്ങളുടെ, ത്യാഗങ്ങളുടെ, നേരുകളുടെ നേര്‍വഴികളുടെയൊക്കെ സര്‍വ്വഗംഗകളും ഉറവപൊട്ടുന്നത്. ആ തിണ്ണകളിള്‍ കാലുകള്‍ നീട്ടി പിറുപിറുത്തുകൊണ്ടിരിക്കുന്നതാണ് ആകാശഗംഗയിലെ ഏറ്റവും മഹത്വമുള്ള നക്ഷത്രങ്ങള്‍! എന്റെ വല്ലിമ്മമാര്‍!
ലോകത്തുള്ള സകല വല്ലിമ്മമാരെക്കുറിച്ചും സര്‍വ്വരും പഠിക്കണം. അനുഭവങ്ങളുടെയും, തരണംചെയ്യലുകളുടെയും അദൃശ്യമായ കൂമ്പാരങ്ങള്‍ ആത്മാവില്‍ ചുമക്കുന്നവരാകാം അവരിലോരോരുത്തരും. ഭൂമിയില്‍ പതിഞ്ഞ അവരുടെ ഓരോ കാല്‍പാടുകളിലും കാലത്തെ ശക്തമായി ചവിട്ടിക്കറക്കി മുന്നേറിയതിന്റെ പ്രഭാവങ്ങള്‍ കാണാം. ഒരുപക്ഷെ ഒരുപാടു തത്വസംഹിതകളേക്കാള്‍ മാറ്റേറിയതും മാര്‍ഗ്ഗദര്‍ശകവുമാകും അവരെക്കുറിച്ചുള്ള രചനകള്‍! ആരുമല്ലാത്ത ഐശ്വര്യ റായിയുടെ വിവാദവിഷയങ്ങളും വിവാഹവിശേഷങ്ങളും വിശദീകരിക്കുന്നവര്‍, ഒരു പുതുപുത്തന്‍ തൂവെള്ളക്കടലാസില്‍ ആത്മാവില്‍ മുക്കിയ തൂലികയാല്‍ സ്വന്തം മുത്തശ്ശിയെക്കുറിച്ചെഴുതുക. ഒരുപക്ഷെ നിങ്ങളുടെ ഏറ്റവും നല്ല രചനയാകാമത്, ഏറ്റവും നല്ല ചെയ്തികളിലൊന്നും!
വല്ലിമ്മമാരെക്കുറിച്ചു പറയുന്നവരെല്ലാം അതിവേഗംകുട്ടിക്കാലത്തേക്ക് സഞ്ചരിച്ചുപോകും. കുട്ടിക്കാലവും വാര്‍ദ്ധക്യവും പണ്ടുമുതലേ ഏറ്റവും നല്ല ചങ്ങാതിമാരാണ്! രണ്ടിനും ഒരേമനസ്സ്, ഒരേ രീതി. സ്നേഹവും പരിചരണവും കിട്ടിയില്ലെങ്കില്‍ ഏറ്റവും സങ്കടപ്പെടുന്നവര്‍! ഭക്ഷണവും മരുന്നും കഴിക്കാന്‍ ഇവര്‍ക്കെന്തൊരു മടിയാണ്! കുട്ടിക്കാലം ഉമ്മക്കുചുറ്റും കറങ്ങാന്‍ കൊതിക്കുന്നുവെങ്കില്‍ വാര്‍ദ്ധക്യം മക്കള്‍ ചുറ്റുംകൂടുന്ന ഉമ്മയാകാന്‍ മോഹിക്കുന്നു! കുട്ടിക്കാലം എന്തിനും ഏതിനും ഉമ്മവേണം എന്നു ശഠിക്കുമ്പോള്‍ വാര്‍ദ്ധക്യം എന്തും ഏതും മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും വേണ്ടി കരുതിവക്കുന്നു; ഉണ്ണിയപ്പവും, ഉപ്പുമാങ്ങയും, ആരെങ്കിലും സമ്മാനിച്ച കപ്പലണ്ടിമിഠായി പോലും.
ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ പട്ടിണിയുടെ പാരമ്യത്തില്‍ കിണറ്റില്‍ നിന്നും കോരിക്കുടിച്ച പച്ചവെള്ളത്തിന്റെ ശക്തിയില്‍ കല്ലുമലക്കും പെരുമലക്കുമിടയില്‍ കല്ലുചുമന്നും മുതലാളിയുടെ പാടം കൊയ്തും മെതിച്ചും ഏഴു മക്കളെപോറ്റിയ തിക്താനുഭവങ്ങള്‍ എടത്തയില്‍ എന്റെ വീട്ടിലെ തണുത്ത മാര്‍ബിള്‍ തറയിലിരുന്ന് വല്ലിമ്മ വിവരിക്കുമ്പോള്‍ ആ പാതി മങ്ങിയ കണ്ണുകള്‍ ചുട്ടുപൊള്ളുന്ന നട്ടുച്ച വെയിലേല്‍ക്കുന്നതുപോലെ ചുരുങ്ങി വിറയ്ക്കുന്നതുകാണാം; തലയില്‍ കനമുള്ള കരിങ്കല്ല് ചുമക്കുന്നതുപോലെ തൊണ്ടഞരമ്പുകള്‍ തടിച്ചു തെളിയുന്നത് കാണാം, അരിവാളു പിടിച്ചപോലെ വലംകൈ ചുരുണ്ടു മുറുകുന്നതുകാണാം! പിന്നെയാ കൈകള്‍ ആകാശത്തേക്കുയരുമ്പോള്‍ കണ്ണുകള്‍ വിപ്ലവകാരിയുടേതുപോലെ ആളിക്കത്തും. ശേഷം കഞ്ഞിവെള്ളത്തിന്നു മോഹിച്ച മക്കള്‍ക്ക്, കുഞ്ഞിക്കയില്‍ കോരിലഞ്ചാറുവറ്റിട്ട്, കാന്താരിപൊട്ടിച്ച് കണ്ണീരുചാലിച്ച്, വാത്സല്യവും കോരി വാരിക്കൊടുത്ത ചരിത്ര വിസ്മയ കഥകള്‍ വീരസാകസികയുടെ മുഖഭാവത്തോടെ പറയും എടത്തലയിലെ എന്റെ വല്ലിമ്മ! അതെ, ആരും തുണയില്ലാതെ രാപകലദ്ധ്വാനിച്ച് മക്കളെ പോറ്റിയ മാതാവിന്റെ നേര്‍ കഥനത്തേക്കാള്‍വലിയ വിപ്ലവ വിജയഗാഥകള്‍ ഏതു ചരിത്രേതിഹാസമാണ് നമുക്ക് പറഞ്ഞു തരിക?
അത്ഭുതപ്പെട്ടുപോകും മധുരത്തില്‍ മുങ്ങിക്കുളിക്കുന്ന നമ്മള്‍. ഒരു നുള്ളു മധുരം നുണയാന്‍ കൊതിച്ചിരുന്ന കാലമുണ്ടയിരുന്നുവത്രെ അവര്‍ക്കൊക്കെ! ലോകത്തെങ്ങും മധുരം ഇല്ലാതിരുന്നിട്ടല്ല; കാലണക്ക് അഞ്ചെണ്ണം കിട്ടുന്ന ചന്ദ്രക്കലയൊത്ത നാരങ്ങാമിഠായികള്‍ പോലും വല്ലിമ്മ സ്വയം അപ്ര്യാപ്യമാക്കിയത് മക്കളുടെ ഒരുകയില്‍ കഞ്ഞിയും ഒരു ജോഡി വസ്ത്രവും അവരുടെ വിദ്യാഭ്യാസവും ജീവിതത്തിലെ ഏറ്റവും വലിയ കൊതിയും ലക്ഷ്‌യവുമായി മാറിയതുകൊണ്ടാണ്; എത്താത്ത കൊമ്പിലെ മാമ്പഴം കയ്യെത്തിപ്പിടിക്കുമ്പോള്‍ ആത്മാവില്‍ നിറയുന്ന മധുരം നുകരാന്‍വേണ്ടിയാണ്! ബഹിരാകാശയാത്രയും വമ്പന്‍ പരീക്ഷാവിജയങ്ങളും മുഖ്യ ലക്ഷ്‌യമായിക്കാണുന്ന പെണ്ണുങ്ങള്‍ മിടുമിടുക്കികള്‍ തന്നെ, പക്ഷെ മഹത്വത്തില്‍ ആരാണു മുന്നില്‍ എന്ന ചോദ്യത്തിന് ഞാന്‍ ചൂണ്ടിക്കാണിക്കുക ഓരോ വീടിന്റെയും പിന്നാമ്പുറങ്ങളിലേക്കാണ്. അവിടെ മക്കളുടെയും കൊച്ചുമക്കളുടെയും ഓര്‍മ്മയില്‍ പ്രാര്‍ത്ഥനാ നിര്‍ഭരം നിശ്ശബ്ദമായിരിക്കുന്ന വല്ലിമ്മമാരിലേക്കാണ്. ഒരാളും ആ മഹത്വത്തിനു തെളിവു ചോദിക്കരുത്; തേഞ്ഞുതീര്‍ന്ന കൈകളും, പാടേ കുഴിഞ്ഞ കണ്ണുകളും, കൊഴിഞ്ഞുതീര്‍ന്ന കൂന്തലും തന്നെയാണ് തെളിവുകള്‍! ഞാനും നിങ്ങളും നമ്മുടെ മാതാപിതാക്കളും ഇങ്ങനെ ജീവിക്കുന്നു എന്നതും അവരുടെ മഹത്വമല്ലാതെ പിന്നെന്താണ്?
അന്ന് ഒരു തുണ്ടു മധുരം കൊതിച്ച നാളുകളെ വന്‍നിധിപോലെ മനസ്സില്‍ സൂക്ഷിക്കുന്നുണ്ട് വല്ലിമ്മ! പക്ഷെ, ഇന്ന്, ഈ മധുരം കുമിഞ്ഞ നാളില്‍ പഞ്ചാരരോഗത്തിന്റെ രൂപത്തില്‍ വന്ന പടച്ചവന്റെ വിധി മധുരം കഴിക്കരുത് എന്നായിരുന്നു. പറമ്പിലെ തേന്‍വരിക്ക പ്ലാവ് കായ്‌ച്ചകാലങ്ങളില്‍ ഞങ്ങളെയെല്ലാം ചുറ്റും വിളിച്ചിരുത്തി വെട്ടിയുരിഞ്ഞു തീറ്റിക്കുമ്പോള്‍ ഒരൊറ്റ ചുളപോലും രുചിച്ചുനോക്കാറില്ല പാവംവല്ലിമ്മ. അന്നു മക്കള്‍ക്കു വേണ്ടി സന്തോഷത്തോടെ മാറ്റിവച്ച കൊതി ഇതാ പടച്ചവനു വേണ്ടി അനുസരണത്തോടെ മാറ്റിവച്ചിരിക്കുന്നു! പക്ഷെ, അതോടെ പല്ലുകള്‍ പിണങ്ങി പിരിഞ്ഞുപോയി. കുറേ കഴിഞ്ഞപ്പോള്‍ രോഗം മൂര്‍ച്ഛിച്ച് ഇടത്തേ കാലും മുറിച്ചു മാറ്റപ്പെട്ടു. ചക്കക്കൊതിയരായ മക്കളെ സ്വര്‍ഗ്ഗത്തില്‍ ചുറ്റും ലഭിക്കാന്‍ നേരത്തേതന്നെ അവര്‍ക്കുള്ള പാസ്സുവാങ്ങാനയച്ചതാകാം മക്കളുടെ സ്വര്‍ഗ്ഗം വിരാജിക്കുന്ന ആ മാതൃപാദം!
"ഞാനെന്തു കഴിച്ചിട്ടാണാവോ എനിക്കീ രോഗം വന്നത്?" എന്ന ചോദ്യം വ്യത്യസ്ത്ഥമായ ഒരു ചിരിയോടെ വലിമ്മ ഇടക്കിടെ ചോദിക്കാറുണ്ട്. ചോദിക്കുന്നത് വല്ലിമ്മയാണ്, ഉത്തരങ്ങള്‍ എന്റെ പ്രാര്‍ത്ഥനകളാകുന്നു!
രോഗത്തിന്റെ രൂപത്തില്‍ വന്ന ആ വിലക്ക് ത്യാഗങ്ങളുടെ സ്മരണകള്‍ നല്‍കുന്ന മധുരത്തില്‍ തെല്ലുപോലും മായം കലര്‍ത്തേണ്ട എന്ന പടച്ചവന്റെ തീരുമാനമാകാം! കാപട്യം നിറഞ്ഞ ഈ ലോകത്തെ മധുരങ്ങളൊക്കെയും തന്റെ ഈ വിശുദ്ധദാസിക്ക് കഴിക്കാന്‍മാത്രം പരിശുദ്ധമല്ല എന്നവന്‍ കണ്ടതുകൊണ്ടാകാം!
പകരമായി, സ്വര്‍ഗ്ഗത്തിന്റെ ഉച്ഛിയില്‍ മധുരത്തിന്റെ പെരുമലകള്‍ സ്വര്‍ഗ്ഗരാജന്‍ കരുതിവച്ചിട്ടുണ്ടാകും! സ്വര്‍ഗ്ഗഗേഹത്തിന്റെ മുറ്റത്ത് അനര്‍ഘമായ ഒരു തേന്‍വരിക്കപ്ലാവ് വല്ലിമ്മാക്കുവേണ്ടി മാത്രം കായ്‌ച്ചുനില്‍പ്പുണ്ടാകും! നേരത്തേ മുറിക്കപ്പെട്ട ഇടംകാലിനു പകരം സ്വര്‍ഗ്ഗത്തിലെ തെങ്ങിന്‍ തോട്ടം ഭരിക്കാന്‍ തമ്പുരാന്‍ സ്വര്‍ണ്ണപാദം തന്നെയാകും നല്‍കുക! വീടിന്റെ പിറകിലെ കുഞ്ഞുതോട്ടത്തിലെപ്പോലെ സര്‍വതിനും സഹായിയായി സാധുവായ മക്കാര്കാക്കയെയും കൂട്ടിനു നല്‍കിയേക്കാം. സ്വര്‍ഗ്ഗീയശയ്യയില്‍ തന്റെ വലംകയ്യായ ശുശ്രൂഷകക്കുള്ള തോട്ടത്തിന്റെ കവാടത്തില്‍ അവകാശിയുടെ നാമം 'ഹാജറാബീവി' എന്നുല്ലേഖനം ചെയ്യപ്പെട്ടിരിക്കാം!!!
വല്ലിമ്മ തീരെ ക്ഷീണിതയാണ്! ഒന്നും കഴിക്കുന്നില്ല! ഇതെഴുതിത്തീര്‍ത്തിട്ടുവേണം വീട്ടിലേക്കൊന്നു വിളിക്കാന്‍. ആരെങ്കിലും ഫോണെറ്റുക്കുമ്പോള്‍ വല്ലിമ്മ തലപൊക്കി നോക്കും. അപ്പോള്‍ ശുശ്രൂഷിച്ചുകൊണ്ട് അടുത്തിരിക്കുന്ന ഹാജുഎളീമ പറയും "ഉമ്മാ..നിഷാദാണ്..!" ആവേശത്തോടെ ഉണങ്ങിയ ചുണ്ട്നനക്കാന്‍ ശ്രമിച്ചുകൊണ്ട് വല്ലിമ്മ ഫോണ്‍ ചെവിയോട് ചേര്‍ക്കും! ഞാന്‍ വിളിക്കും.."വല്ലിമ്മാ...". കേള്‍ക്കില്ലെങ്കിലും നേര്‍ത്ത സ്വരത്തില്‍ നിരതെറ്റിയ വാക്കുകളീല്‍ വല്ലിമ്മ ചോദിക്കും "മോനു സുഖാണോ..?"
അതെ എനിക്കു സുഖമാണ്. അതിനുവേണ്ടി മാത്രമാണല്ലോ വല്ലിമ്മ ജീവിച്ചതും; ഇപ്പോഴും പ്രാര്‍ത്ഥിക്കുന്നതും.....!
തുടരും..!
(ഇനി എനിക്ക് പെരുമ്പാവൂരുപോകാനുണ്ട്..അവിടെ എനിക്കൊരു വല്ലിമ്മയുണ്ടായിരുന്നു.....അല്ല വല്ലിമ്മയുണ്ട്...!)
-----------------------------------------------------------------
ശ്ലോകം: ശൊളകം എന്നാണ് പെരുമ്പാവൂരെ എന്റെ വല്ലിമ്മ പറഞ്ഞിരുന്നത്.
Thursday, July 2, 2009
അച്ഛന്‍ മരിച്ചാലെന്തുചെയ്യണം..?
ഈ ചോദ്യം കേള്‍ക്കുന്ന ഉത്തരബാധ്യതക്കാരന്‍ പുറത്തിരിക്കുന്ന കാക്കയുടെ "ഭാരം കൂടുതലില്ലല്ലോ?" എന്ന ചോദ്യം കേട്ട പോത്തിന്റെ മുഖഭാവത്തില്‍ മറുപടി നല്‍കും.."പക്ഷി അണ്‍ടര്‍വെയറിട്ടിരുന്നു!"പിന്നെ ഒരു കൂട്ടച്ചിരിയാണ്! അന്തം വിട്ട പൊട്ടിച്ചിരി!
ചിരിച്ചോട്ടെ. ചിരി ആരോഗ്യത്തിന് നല്ലതാണ്. പക്ഷെ ചിരിക്കാന്‍ വേണ്ടി മാത്രം ജീവിക്കുക എന്നു വന്നാല്‍; കരച്ചിലുകള്‍ കേട്ടാല്‍ ബോറടിക്കും എന്നാകുമ്പോള്‍?! അണ്ടര്‍വെയറിട്ട പക്ഷിയുടെ ചിത്രം മനസ്സില്‍ തെളിയുമ്പോഴുള്ള ചിരിയില്‍ കൂടുതലായി ഈ ചോദ്യത്തിനും ഉത്തരത്തിനും യാതൊരു പ്രത്യേകതകളുമില്ല. അഥവാ യാതൊരടിസ്ഥാനമോ, സാംഗത്യമോ ഇല്ലാത്ത ഒരു ചോദ്യവും ഉത്തരവും! എന്നിട്ടും കേരളക്കരയില്‍ അത് ഹിറ്റാകുകയും ആളുകള്‍ ചിരിച്ചുചിരിച്ച് മണ്ണുകപ്പുകയും ചെയ്യുന്നു!
ഇത്തരത്തില്‍ ലോജിക്കില്ലാതെ ചിരിക്കുന്നവരായി ലോകത്തൊരുപക്ഷേ നമ്മള്‍ മലയാളികള്‍ മാത്രമേയുണ്ടാകൂ. നമുക്കെന്തും ചിരിയാണ്. എന്തും ചിരിക്കുള്ള വകയാണ്. കരള്‍ചീഞ്ഞ കാട്ടാളന്‍മാര്‍ കടിച്ചുകീറിയ കുഞ്ഞിന്റെ മൃതദേഹം വാരിപ്പുണര്‍ന്നു പൊട്ടിക്കരയുന്ന മാതാവിന്റെ മുഖഭാവങ്ങള്‍കണ്ടു ചിരിക്കാന്‍; മലയാളീ നീയല്ലാതെ ഈ ലോകവനാന്തരങ്ങളില്‍ പല്ലിളിക്കുന്ന ഏതു ഹിംസ്രജന്തുവാണുള്ളത്?
മാറാവ്യാധികളും അപകടങ്ങളും പീഠനങ്ങളും ഒളിച്ചോട്ടങ്ങളും കൊള്ളയും കൊലയും ബലാത്സംഗവും പിഞ്ചുകുഞ്ഞുങ്ങളുടെ രോദനങ്ങളും പ്രകൃതിക്ഷോഭവും തലക്കുമീതേ കരിമേഘങ്ങളായി നില്‍ക്കുമ്പോഴും ആളുകള്‍ക്ക് കാര്യം ബോധ്യപ്പെടാന്‍ നേര്‍ക്കാഴ്ചകളോ സെമിനാറുകളോ പ്രബന്ധങ്ങളോ പോരാ; മിമിക്രിയിലൂടെയും കോമഡി ഷോകളിലൂടെയും വേണം കാര്യം അവരെ ബോധ്യപ്പെടുത്താന്‍; അല്ലാതെ ബോധ്യപ്പെടാന്‍ അവര്‍ തയ്യാറല്ല! ദേഹമാകെ ചൊറിയും ചെരങ്ങും പിടിച്ച് മാന്തിപ്പൊട്ടി പഴുത്തിരുന്നിട്ടും അതിനുള്ള തുള്ളിമരുന്ന് പാലില്‍കലര്‍ത്തി കൊടുത്താലേ ഈ കുരുത്തംകെട്ട കുട്ടികള്‍ കുടിക്കൂ..; ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുന്നതുപോലെ. ഇനി നിന്റെ മകളെത്തിന്ന ഭോഗിയുടെ കഥ നാളെ നിനക്കു ഞാന്‍ നര്‍മ്മം കലര്‍ത്തി പറഞ്ഞു തരാം; മിമിക്രിയിലൂടെ കാട്ടിത്തരാം! അല്ലെങ്കില്‍ ചിലപ്പോള്‍ നിനക്കു മനസ്സിലായില്ല എന്നു വരും..!
ചിരിയുടെയോ നര്‍മ്മബോധത്തിന്റെയോ നന്‍മകളെയും, സാധ്യതകളെയും ചോദ്യം ചെയ്യാന്‍മാത്രം മുരടനൊന്നുമല്ല ഞാന്‍. ചിരിക്കാന്‍ ഇഷ്ടമുള്ളവനാണ്. ചിരിയിലൂടെ പറയേണ്ടവയും, ചിര്‍ക്കാന്‍ വേണ്ടി പറയേണ്ടവയും അങ്ങനെ തന്നെ പറയണം എന്ന പക്ഷക്കാരനാണ്. പക്ഷെ ദുരന്തങ്ങളോ, ദുരന്തങ്ങളുടെ നര്‍മ്മം കലര്‍ത്തിയ കഥകളോ എന്നെ ചിരിപ്പിക്കരുത് എന്ന വാശിയുണ്ടെനിക്ക്!
ചിരി ഒരുപ്രസ്‌ഥാനത്തിനും, വ്യവസായത്തിനുമപ്പുറം വളര്‍ന്നു കഴിഞ്ഞ നമ്മുടെ സമൂഹത്തില്‍, അപകടങ്ങളും ദുരന്തങ്ങളും ദുരനുഭങ്ങളും കാണുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകേണ്ട വികാരം ചിരിയല്ല എന്നു സ്വയം ബോധ്യപ്പെടുകയും മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും ചെയ്‌തില്ലെങ്കില്‍ കേരളം ഉടന്‍ കൂപ്പുകുത്തുക ഒരാശയക്കുഴപ്പത്തിന്റെ ഗതികേടിലേക്കായിരിക്കും. ഏതുവികാരം എപ്പോള്‍ പ്രകടിപ്പിക്കണം എന്ന ആശയക്കുഴപ്പമുണ്ടാകുക എന്നാല്‍, ഒരുവേള ഇന്നു ലോകം ഭയക്കുന്ന അണുവിസ്ഫോടനത്തേക്കാള്‍ അപകടകരമായിരിക്കും ആ നാശം എന്നോര്‍ക്കുന്നത് നന്ന്. അല്ലെങ്കില്‍ നാളത്തെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ പുതിയൊരു പാഠം കൂടി ചേര്‍ക്കേണ്ടി വരും; ദുരന്തം കണ്ടാല്‍ പ്രകടിപ്പിക്കേണ്ട വികാരം = ദു:ഖം! അച്ഛന്‍ മരിച്ചാല്‍= സങ്കടം+കരച്ചില്‍..!