ഞങ്ങള്‍ രണ്ടുപേരെയുംപോലെതന്നെ പേരകള്‍ രണ്ടും സ്വഭാവത്തില്‍ ഭിന്നരാണ്. ഒന്നില്‍ ഉള്ളുചുവന്ന പേരക്കയും, മറ്റേതില്‍ ഉള്ളുവെളുത്തെ പേരക്കയും.
"ഉള്ളുചുവന്ന പേരക്ക ഞാനാണ്" എന്നു ഞാന്‍ അവകാശപ്പെടുമ്പോള്‍ "അല്ല ഞാനാണ്" എന്ന് അനിയന്‍ വാദിക്കും.
"അയ്യേ..ചുവപ്പ് കമ്മ്യൂണിസ്റ്റാണ്; അവര്‍ക്ക് പടച്ചോനില്ല" എന്നു ഞാന്‍ കാലുമാറുമ്പോള്‍ "എന്നാ ഞാന്‍ വെളുത്ത പേരയാണ്" എന്നവന്‍ കൂറുമാറും.
"അയ്യേ..വെളുപ്പില്‍ പെട്ടെന്ന് അഴുക്കാവും; ഞാന്‍ ചുവന്ന പേരയാ" എന്നു ഞാന്‍ കുരുട്ടുവാദിക്കുമ്പോള്‍ "എന്നാ എനിക്ക് ചുവപ്പുതന്നെ മതി..ഇക്കാക്ക വെളുത്തതെടുത്തോ" എന്നവന്‍ ചുണ്ടുകൂര്‍പ്പിച്ച് മുഖം വീര്‍പ്പിക്കും!.
അങ്ങനെ സ്നേഹവും കളിപ്പാട്ടങ്ങളോടുമൊപ്പം ഞങ്ങള്‍ പേരകളെയും പരസ്പരം കൈമാറി, ഇടക്ക് കാലുംമാറി പൊക്കം വച്ചുകോണ്ടേയിരുന്നു.
ആയിടക്കാണ് ഞങ്ങളുടെ ഇരട്ടപ്പേരകള്‍ക്കു നേരെ ഭീകരാക്രമണം നടക്കുന്നത്. പൂവു കായായി മാറിത്തുടങ്ങിയതുമുതല്‍ ഞങ്ങള്‍ വാക്കുപറഞ്ഞു വച്ചിരുന്ന പേരക്കകള്‍ രാത്രിയുടെ മറവില്‍ ഏതോ ഭീകരന്‍മാര്‍ ബോംബിട്ടു തകര്‍ത്തിരിക്കുന്നു. മുറ്റത്താകെ പേരക്കകളുടെ തൊലിയും തലയോട്ടിയും. കാപാലികര്‍ കടിച്ചുതുപ്പിയതുപോലുണ്ട്. പിറ്റേന്നും, അതിന്റെ പിറ്റേന്നും..ആക്രമണം അങ്ങനെ തുടര്‍ന്നു.
ഞങ്ങള്‍ അധികൃതര്‍ രണ്ടുപേര്‍ ഉടന്‍ പേരച്ചോട്ടില്‍ അടിയന്തിര യോഗം കൂടി.
"ആക്രമണം ആകാശത്തുകൂടിയാവാനാണു സാധ്യത!" അനിയന്‍ പറഞ്ഞു.
"വിമാനം കൊണ്ടോ?"
"പൊട്ടനിക്കാക്കാ..കാക്കയായിരിക്കും" അവനെന്നോടു പുച്ഛം.
"നീ പോടാ മണ്ടാ..രാത്രി എവിടുന്നാ കാക്ക?"
"പിന്നെ..വേറെ ആര്‍ക്കാ മോളില് കയ്യെത്തണത്?"
"ശരിയാണ്, ഇത്ര പൊക്കമുള്ള പേരകളെ കരയിലൂടെ ആക്രമിക്കാന്‍ സാധിക്കില്ല!" ഞാന്‍ ബുദ്ധി ഭാവിച്ചു.
ചര്‍ച്ചക്കൊടുവില്‍ ഉമ്മയുടെ ഉപദേശം തേടാന്‍ തീരുമാനമായി. യോഗം അടുക്കളയിലേക്കു മാറ്റി.
"വല്ല വവ്വാലുമായിരിക്കൂടാ പിള്ളേരേ, നിങ്ങള് പോയിരുന്ന് പഠിക്കാന്‍ നോക്ക്" ഉമ്മ എന്ന യു.എന്‍ ദു:ഖിതരെ അവഗണിച്ചുകൊണ്ട് മുളകുപുരട്ടിയ ചാളയെടുത്ത് തിളച്ച എണ്ണയിലേക്കിട്ടു.
പക്ഷെ, ഞങ്ങള്‍ക്കത്ര വിശ്വാസം വന്നില്ല. ഇത്ര നാളില്ലാതിരുന്ന വവ്വാലുകള്‍ ഇപ്പോ എവിടുന്നു വന്നു? കണ്ടു പിടിച്ചിട്ടുതന്നെ കാര്യം.
"വവ്വാലിനു കെണി വച്ചാലോ ഇക്കാക്കാ?"
"മോളില് കേറി നിന്റെ വാപ്പ വക്കോ കെണി? ഞാനൊരു ഐഡിയ പറയാം. നമുക്ക് വല്ലിമ്മാടെ ഷുഗറിന്റെ സിറിഞ്ചെടുത്ത് പേരക്കേല് എലിവെഷം കുത്തിവക്കാം, ആര് തിന്നാലും കിര്‍മത്തായിക്കോളും."
"ആ..കലക്കി..നല്ല ഐഡിയ. നമുക്ക് ആലുവേല് പോയി ഹൈദ്രാലി ഡോക്ടറെ കൊണ്ടുവരാം. പുള്ളിയാവുമ്പോ നന്നായിട്ട് കുത്തിവച്ചോളും..ഒന്നു പോ ഇക്കാക്കാ!" അവന്റെ കണ്ട്രോളു വിട്ടു.
"എന്നാ നീ എന്തെങ്കിലും കാണിക്ക്, ഞാന്‍ കുഴിരാശി കളിക്കാന്‍ പോകാ.." ഞാന്‍ പതുക്കെ വലിഞ്ഞു.
കളികഴിഞ്ഞ് തിരിച്ചുവന്ന ഞാന്‍ കണ്ടത് അനിയന്റെ അപാരമായ ബുദ്ധിവൈഭവമാണ്. മുന്നറിയിപ്പു ബോര്‍ഡുകള്‍.
"പേരക്കയില്‍ വിഷം തളിച്ചിട്ടുണ്ട്, സൂക്ഷിക്കുക" എന്ന് വെള്ളപ്പേപ്പറിലെഴുതി തൂക്കിയിരിക്കുനു. ഒരു പേരയിലല്ല; രണ്ടു പേരകളിലും.! വവ്വാലിനുള്ള മുന്നറിയിപ്പാണ്!
ഞാന്‍ ചിരിച്ചു ചിരിച്ചു മണ്ണുകപ്പി. ഉമ്മ ചിരിച്ചു ചിരിച്ച് കൈലുകുത്തി. വാപ്പ കരഞ്ഞു!
അവനു ദേഷ്യം അടക്കാന്‍ കഴിഞ്ഞില്ല. എന്റെ ചെരിപ്പ് റോട്ടിലേക്കും, ഉമ്മാടെ തട്ടന്‍ കോഴിക്കൂട്ടിലേക്കും വാപ്പാടെ സിസര്‍ ഫില്‍റ്റര്‍ തെങ്ങിന്‍ ചോട്ടിലേക്കും വലിച്ചെറിഞ്ഞ് "ബോര്‍ഡില് തൊട്ടാ എല്ലാത്തിനേം ഞാന്‍ തട്ടും" എന്നു ചൂണ്ടുവിരല്‍ നീട്ടി അവന്‍ എന്റെ ബെഡ്ഡില്‍ കേറി കെടന്നു. ഞാന്‍ അവന്റെ ബെഡ്ഡിലും. എന്റെ സ്വപ്‌നത്തില്‍ അവന്‍ വവ്വാലിനെ കുത്തിവച്ചു. അവന്‍ പറഞ്ഞു, അവന്റെ സ്വപ്‌നത്തില്‍ ഞാന്‍ ഡോ.ഹൈദ്രാലിയെ കുത്തിവച്ചത്രെ!
നേരം പുലര്‍ന്നു. പേരച്ചുവട്ടിലെത്തിയ എന്നെ അത്‌ഭുതപ്പെടുത്തിക്കൊണ്ട് മുറ്റം ക്ലീന്‍ ക്ലീനായിക്കിടക്കുന്നു. ഇന്നലെ ആക്രമണം ഉണ്ടായിട്ടേയില്ല. പക്ഷെ എനിക്ക് സന്തോഷം വന്നില്ല. "പേരക്കയില്‍ വിഷം തളിച്ചിട്ടുണ്ട്, സൂക്ഷിക്കുക" എന്ന ബോര്‍ഡ് എന്നെ നോക്കി പല്ലിളിച്ചു! ഉമ്മ അന്തംവിട്ടു. വാപ്പ പേരയുടെ മുകളിലേക്ക് നോക്കി ഏമ്പക്കം വിട്ടു.
അപ്പോള്‍ അനിയന്‍ അമല്‍ നീരദിന്റെ സിനിമയില്‍ നിന്നിറങ്ങി സ്ലോമോഷനില്‍ എന്റെടുത്തേക്കു വന്നു. "ഇക്കാക്കയൊക്കെ അങ്ങു വീട്ടില്. പേരച്ചോട്ടില്‍ കാള്‍ മീ സര്‍". ഞാന്‍ ഉമ്മയെ നോക്കി, ഉമ്മ ചിരി അടക്കിക്കൊണ്ട് മുഖം തിരിച്ചു. വാപ്പ മേലോട്ടുനോക്കി! അവന്‍ സ്ലോമോഷനില്‍ തന്നെ പുട്ടും പയറും പപ്പടവും കഴിക്കാന്‍ പോയി. ഇനി ദിവസം മുഴുവനും സ്ലോമോഷനായിരിക്കും.
എന്നാലും എന്താണ് സംഭവിച്ചത്? വവ്വാലിനു വായിക്കാനറിയുമോ? ഞാന്‍ അന്തം വിട്ടു നിന്നു.
അനിയന്‍ ഒട്ടും സമയം കളയാതെ അവന്റെ വീരവിജയഗാഥ സലാമിനോടും ബക്കറിനോടും വിളംബരം ചെയ്തു. രണ്ടുപേരും അവനെ അഭിനന്ദിച്ചു. ആ ദിവസം അങ്ങനെ സ്ലോമോഷനില്‍ കഴിഞ്ഞു.
പിറ്റേ ദിവസം രാവിലെ നാടുണര്‍ന്നത് പുതിയ രണ്ടു ബോര്‍ഡുകളുമായാണ്.
സലാമിന്റെ തെങ്ങിന്‍ തോട്ടത്തില്‍... "തേങ്ങയില്‍ വിഷം തളിച്ചിട്ടുണ്ട്, സൂക്ഷിക്കുക".
ബക്കറിന്റെ വാപ്പ നടത്തുന്ന കോഴിഫാമിനു മുന്നില്‍... "കോഴിയില്‍ വിഷം തളിച്ചിട്ടുണ്ട്, സൂക്ഷിക്കുക".
ശേഷം ചിന്ത്യം.
തേങ്ങയിലെ വിഷം ചിരിയിലും 'തേങ്ങാവെഷം' എന്ന ഒരു കളിപ്പേരിലും ഒതുങ്ങി.
കോഴിയിലെ വിഷം, പേരവടി..ബക്കറിന്റെ ചന്തിയില്‍ വീണിടത്തു നിന്നു തുടങ്ങി 'കോഴിവെഷം' എന്ന കളിപ്പേരില്‍ അവസാനിച്ചത് ഭാഗ്യം.
പിന്നീട് പേരകളിലെ ബോര്‍ഡുകള്‍ താനേ പഴകി വീണുപോയി. പക്ഷെ, ആ മല്ലു വവ്വാല്‍ പിന്നീടിതുവരെ ആക്രമണം നടത്തിയിട്ടില്ല. കാരണം, അപ്പോഴേക്കും ചക്യാന്റെ പറമ്പില്‍ വീടുപൊളിക്കാന്‍വന്ന രണ്ട് കാസര്‍കോട്ടുകാര്‍ പൊളികഴിഞ്ഞ് തിരിച്ചുപോയിരുന്നു!