
അന്നം നല്കുന്ന ഗള്‍ഫിനോടുള്ള നന്ദികേടല്ലേ ഇപ്പറഞ്ഞത് എന്നു ചോദിച്ചാല്‍ ചിലപ്പോള്‍ എനിക്ക് ഉത്തരം മുട്ടും. അല്ലെങ്കില്‍ ഗള്‍ഫിനു വേണ്ടി പണിയെടുക്കുന്ന എന്നോട് ഗള്‍ഫ് നന്ദി കാണിക്കുന്നുണ്ടോ എന്നു തിരിച്ചു ചോദിക്കും. പണിയെടുത്തതിനു കൂലി തരുന്നത് നന്ദിയുടെ പരിധിയില്‍ പെടുന്നില്ല എന്നാണെന്റെ പക്ഷം. പക്ഷെ, ബോറഡിക്കുന്നു എന്നു പറയാനുള്ള സ്വാതന്ത്ര്യം കൂടി നിങ്ങള്‍ എനിക്ക് നിഷേധിക്കരുത്. സ്വതന്ത്ര ഇന്ത്യയുടെ കാക്കത്തൊള്ളായിരാമത്തെ ഈ സന്തതിക്ക് നന്ദിയേക്കാള്‍ കൂടുതല്‍ പ്രശ്നം സ്വാതന്ത്ര്യം തന്നെയാണ്. ഇന്ത്യയുടെ ഒന്നാമത്തെയോ രണ്ടാമത്തെയോ പുത്രന് കീ കോടുത്ത പാവയെപ്പോലെ സൗദിയില്‍ വന്നപ്പോള്‍ ‘ സുഖമാണോ ‘ എന്നൊരു വാക്ക് ചോദിച്ചില്ല. അത് നമ്മുടെ പാരമ്പര്യമാണ്. കട്ടിപ്പണിയെടുത്ത് കുടുമ്പം പോറ്റുന്ന മക്കള്‍ക്ക് നന്ദികേടേ തിരിച്ചു കിട്ടിയിട്ടുള്ളൂ. തിരിഞ്ഞു നോക്കാറില്ലെങ്കിലും തിരിച്ചുകുത്തിയാലും പണമുള്ള മക്കള്‍ മഹാന്മാര്, പത്മശ്രീമാന്‍മാര്‍.
എന്നു കരുതി ഞാന്‍ കാശുകൊടുക്കുന്നവരും എന്റെ കാശുകൊണ്ടു ജീവിക്കുന്നവരുമെല്ലാം എന്നെ സ്നേഹിക്കമെന്നോ ബഹുമാനിക്കണമെന്നോ ഇതിനര്‍ത്ഥമില്ല. അങ്ങനെയാണെങ്കില്‍ എന്നെയും എന്നെപ്പോലുള്ളവരെയും കാണുമ്പോള്‍ ആദ്യം ഭൂമിയിലിറങ്ങിവന്ന് കുമ്പിട്ടു വണങ്ങേണ്ടത് എയറ് ഇന്ത്യയാണ്. അവരാണെങ്കില്‍ യാതൊരു ലിവര്‍ ഇന്ത്യയുമില്ലാത്തപോലെയാണ് ഗള്‍ഫുകാരോടു പെരുമാറുന്നത്. എയര്‍ ഇന്ത്യയുടെ നന്ദികേടും കുരുത്തക്കേടും കാരണം പലരും ഒരു മുഴം കയര്‍ ഇന്ത്യയില്‍ ജീവനൊടുക്കേണ്ട ഗതികേടിലുമാണ്. ഈയിടെ വിമാനം ക്യാന്‍സല്‍ ചെയ്തതിനാല്‍ ഒരു ദിവസം മുഴുവന്‍ ദമ്മാം വിമാനസ്റ്റാന്റില്‍ കാത്തുനിന്ന ഒരു കൂട്ടം മക്കള്‍ഇന്ത്യയെ അറിയിക്കാതെ കാലിയായ സീറ്റുകളുമായി എയര്‍ ഇന്ത്യ ആകാശത്തേക്ക് പറന്നു പൊങ്ങിക്കളഞ്ഞു, ശ്ശെ..മുങ്ങിക്കളഞ്ഞു. ആകാശത്ത് പെറ്റുകിടക്കുന്ന അമ്മായിയമ്മക്കു വേണ്ടിയാണോ ആവോ കാത്തുനിന്നവരെ കയറ്റാതെ സീറ്റു കാലിയാക്കിയിട്ടത്. അതോ ഇനി ആകാശത്തു വച്ച് സില്‍ക്ക് സ്മിതയെങ്ങാനും കൈ കാണിച്ചാലോ എന്നു കരുതിയിട്ടോ?
പറഞ്ഞുവന്നത്, ഗള്‍ഫുകാരുടെ കാര്യത്തില്‍ വിമാനക്കമ്പനി മുതല്‍ ഭരണക്കമ്പനി വരെ കണക്കാണ് എന്നാണ്. പ്രധാനമന്ത്രി സൗദിയില്‍ വന്ന് ആകെ ഒപ്പിട്ടത് കുറ്റവാളികളെ കൈമാറുന്ന കരാറാണ്. അല്ല ഇവര്‍ക്കൊക്കെ കുറ്റവാളികളെ നാട്ടിലേക്കു കൊണ്ടുപോകാനെന്താ ഇത്ര തിടുക്കം. ഭരിക്കാന്‍ ആളു തെകയുന്നില്ല എന്നുണ്ടോ? ഇന്ത്യക്കാരായ കുറ്റവാളികളെ കബ്സ വാങ്ങിക്കൊടുത്തും മരിച്ചാല്‍ പിന്നെ അതിന്റെ പിറകെ നടന്നും കളയാനുള്ള സമയം ഞങ്ങള്‍ക്കില്ല എന്നു സൗദി പറഞ്ഞ ഉടനെ "ഉത്തരവ്" എന്നു പറഞ്ഞ് വിനീത വിധേയനായി തലേക്കെട്ടും കെട്ടി ഒപ്പിടാന്‍ വന്നതാണെന്നൊക്കെ നമുക്ക് മനസ്സിലായില്ല എന്നൊന്നും ആരും കരുതണ്ട.
ഹലോ മിസ്റ്റര്‍ പ്രധാന മന്ത്രീ..തങ്കക്കുടമേ; കുറ്റവാളികളല്ലാത്ത ഒരുപാടു മേരാ ഭാരത് മഹാന്റെ മക്കള്‍ നാട്ടില്‍ പോകാന്‍ കഴിയാതെ പട്ടിണി കിടക്കുന്നു നരകിക്കുന്ന കാര്യം അങ്ങേക്കറിയില്ലയോ ആവോ? അവര്‍ക്കു വേണ്ടി ഒപ്പും കോപ്പും ഒന്നും ഇട്ടില്ലെങ്കിലും, അവരെ ഇങ്ങനെ അവഗണനയോടെ കാര്‍ക്കിച്ചു തുപ്പരുതായിരുന്നു. എയര്‍ ഇന്ത്യയേക്കാള്‍ വേഗത്തില്‍ യാതൊരു ഗുണവും ചെയ്യാതെ പ്രധാനമന്ത്രിയും ആകാശത്തേക്ക് പറന്നു പോയി. ആകാശത്ത് പെറ്റുകിടക്കുന്ന...അല്ലെങ്കി വേണ്ട, എന്തൊക്കെ പറഞ്ഞാലും ഫാരതത്തിന്റെ പരമപ്രധാന മോനല്ലേ..!
പ്രവാസികള്‍ക്ക് വേണ്ടി ഗവണ്മെന്റ് ഒന്നും ചെയ്യുന്നില്ല എന്നു പറഞ്ഞാല്‍ അതും ഒരു നന്ദികേടാകും. പ്രവാസി വെല്‍ഫെയര്‍ ഫണ്ട് ലോകത്താദ്യമായി നടപ്പാക്കിയ ഗവണ്മെന്റെ എന്ന ഇനം ഗിന്നസ് ലിസ്റ്റില്‍ ഇല്ല എന്നു കരുതി റെക്കോര്‍ഡ് റെക്കോറ്ഡല്ലാതാകുമോ? പത്തും ഇരുപതും കൊല്ലം അഞ്ഞൂറും ആയിരവും വച്ച് അടക്കുന്ന പ്രവാസിക്ക് മടങ്ങിച്ചെല്ലുമ്പോള്‍ മുന്നൂറും അഞ്ഞൂറുമൊക്കെ പെന്ഷന് ലഭിക്കുന്ന ഈ പദ്ധതി ഗംഭീരം തന്നെയല്ലേ? ജീവിച്ചിരിക്കുന്ന രണ്ടോ മൂന്നോ കൊല്ലം പിന്നെ വേറെ വരുമാനം തേടി പോകണ്ടല്ലോ?
നൂറ്റിക്ക് പത്തിന്റെ പലിശക്കെണിയില്‍ കുടുങ്ങി നാടുവിട്ടതാണെങ്കിലും ഒന്നിന് പന്ത്രണ്ടിന്റെ വരുമാനക്കണക്കിലും അസംതൃത്പനും പ്രാരാബ്ധക്കാരനുമായ പ്രവാസികളെയാണോ മുന്നൂറു കൂവപ്പൊടിയുടെ പെന്ഷന് കാണിച്ച് പ്രലോഭിപ്പിക്കുന്നത് എന്നു ചോദിക്കരുത്. ഗവണ്മെന്റിന്റെ സുഖജോലിക്കാര്‍, എം.എല്‍.എ, എം.പി, മന്ത്രി തുടങ്ങിയ പാവങ്ങള്‍ക്ക് കൊടുക്കും പോലെ പ്രവാസികള്‍ക്ക് വാരിക്കോരി പെന്ഷന് കൊടുക്കാന്‍ മാത്രം മണ്ടന്മാരൊന്നും ഇതേവരെ നമ്മുടെ നാടു ഭരിച്ചിട്ടില്ല. ഇനി ഭരിക്കുകയുമില്ല. ഇതേ..ഉഗാണ്ടയല്ല..ഉണ്ടയാണ്; ഛെ..ഇന്ത്യയാണ്!
എന്തേ സുഖിച്ചില്ലേ..? ഇന്ത്യയെ പറഞ്ഞപ്പോ നൊന്തോ? നൊന്തെങ്കി നല്ല ടൈഗര്‍ ബാം എടുത്തുപുരട്ടി ജോലിക്ക് പോകാന്‍ നോക്ക്. അല്ലെങ്കി സ്പോണ്സര് തലക്കിട്ടടിക്കും..ചെല്ല്..! എനിക്ക് മണിക്കൂറിനാ ശമ്പളം. കഥ പറഞ്ഞിരുന്ന് ഓഫീസിലെത്താന്‍ വൈകിയാലേ..റിയാലങ്ങടു പോകും; ഒന്നിന് പന്ത്രണ്ടാ ഇപ്പോഴത്തെ ബാങ്ക് റേറ്റ്..! സഹിച്ചതിന് നന്ദി..!
7 comments:
ഹലോ മിസ്റ്റര്‍ പ്രധാന മന്ത്രീ..തങ്കക്കുടമേ; കുറ്റവാളികളല്ലാത്ത ഒരുപാടു മേരാ ഭാരത് മഹാന്റെ മക്കള്‍ നാട്ടില്‍ പോകാന്‍ കഴിയാതെ പട്ടിണി കിടക്കുന്നു നരകിക്കുന്ന കാര്യം അങ്ങേക്കറിയില്ലയോ ആവോ?
ദ്ദാണ്
അല്ലെങ്കി സ്പോണ്സര് തലക്കിട്ടടിക്കും..ചെല്ല്..!
നമ്മുടെയൊക്കെ രോഷം ആര്‍ക്കുവേണം?
നമ്മള് റിയാലിനെക്കുറിച്ച് മാത്രേ ചിന്തിക്കാന്‍ പാടുള്ളൂ....!!!!
എന്തൊക്കെയായാലും നാടിനെ പറ്റി പറഞ്ഞാല്‍ ചെറുതായിട്ടെങ്കിലും നോവും
അതെ..ശ്രീ പറഞ്ഞതു പോലെ നാടിനെ പറഞ്ഞാൽ നോവും
YOU SAID IT..
സത്യങ്ങൾ പക്ഷെ (പിറന്ന നാടിനെ പറയരുത്. )
Post a Comment