Tuesday, January 22, 2008

സുപ്രഭാതങ്ങളേ..!

മനസ്സിന്‍റെ ഉള്‍നാട്ടില്‍ ഒരു മഴക്കാലം,
തോരാതെ പെയ്തു നില്‍ക്കുന്നു,
തുള്ളികള്‍ താഴാതെ തങ്ങി നില്‍ക്കുന്നു,
മഴവില്ലു മായാതെ മങ്ങി നില്‍ക്കുന്നു!

പതിനഞ്ചു സംവല്സരങ്ങള്‍ക്ക് മുന്‍പു ഞാന്‍ ഓടിക്കളിച്ചു വളര്‍ന്ന മുറ്റങ്ങളും,
ഇന്നെന്‍റെ കയ്കള്‍ക്കലങ്കാരം അക്ഷരം കുത്തിക്കുറിച്ചു പഠിച്ച മുറികളും,
നല്ലതും നല്ലതിന്നുള്ളതും നന്‍മയും കയ്പിടിച്ചെഴുതിച്ച വന്ദ്യഗുരുനാഥരും,
ഇന്നെന്‍റെ കണ്മുന്നില്‍ ഉണ്ടെങ്കിലെന്നു ഞാന്‍ ഏറെക്കൊതിക്കുന്ന കൂട്ടുകാരും,
ഒട്ടേറെ ഓര്‍മ്മകള്‍ ഓടിക്കളിക്കുന്ന കളിമുറ്റമാണാ കൊച്ചു കലാലയം!
ഇപ്രഭാതങ്ങളില്‍ നഷ്ടസ്വപ്നങ്ങളാം അപ്രഭാതങ്ങളേ സുപ്രഭാതങ്ങളേ..!

ഒരുകുടം മെത്തുന്ന മാരിക്കണങ്ങളെ തെല്ലും വകക്കാതെ പോന്നകാലങ്ങളേ!
പച്ചക്കു കത്തുന്ന നട്ടുച്ച സൂര്യനെ വെല്ലുവിളിച്ചു നടന്ന ദിനങ്ങളേ!
കു‌കിയും കൂടുകരോത്ത് കൂത്താടിക്കളിച്ചു നടന്ന കഴിഞ്ഞ കാലങ്ങളേ!
എന്നുമെന്‍ ഓര്‍മ്മയില്‍ തോരാതെ പെയ്യുന്ന മഞ്ഞു കണങ്ങളേ ബാല്യകാലങ്ങളേ!
ഇപ്രഭാതങ്ങളില്‍ നഷ്ടസ്വപ്നങ്ങളാം അപ്രഭാതങ്ങളേ സുപ്രഭാതങ്ങളേ..!

അന്നാ വരാന്തയില്‍ ആമണ്‍പരപ്പില്‍, അങ്ങേ തലക്കലുള്ളാ മുളംകൂട്ടില്‍,
ഇങ്ങേ തലക്കലെ കാണാതെ പോയൊരാ രാക്ഷസപ്പാലതന്‍ ശീതലചായയില്‍
കുട്ടിയും കോലും ഗുസ്തിയും തല്ലും കിളിമാസും അരിയാസും ഏറുപന്തും,
കൂടെക്കളിച്ചവര്‍ കൂടെച്ചിരിച്ചവര്‍ തോറ്റുപിണങ്ങിപ്പിരിഞ്ഞു പോയോര്‍,
കള്ളം കളിച്ചിട്ടു തര്‍ക്കം പറഞ്ഞിട്ടു തല്ല് പിടിച്ചിട്ടു തല്ലുകൊണ്ടോര്‍.
എല്ലാരും ഓര്‍മ്മയില്‍ ഓടിവന്നെത്തുമ്പോള്‍,
ഏകനായ് നിങ്ങള്‍ക്കു മുന്നിലീ ഞാന്‍!ഏകനായ് ഈ മരുക്കാട്ടിലീ ഞാന്‍!

ഈ മരുക്കാട്ടിലെ കാറ്റിന്‍റെ കയ്കളില്‍ മാമല നാടിന്‍ സുഗന്ധമില്ല,
ഈ മണല്‍ക്കാട്ടിലെ മണ്ണിന്നു പൂക്കളെ പെറ്റുവളര്‍ത്താന്‍ മനസ്സുമില്ല!
ക്രൂരനാണിവിടുത്തെ സുര്യനല്ലേ?
ക്രൂരനാം സുര്യനെ വെല്ലുവാന്‍ ഇന്നെനിക്കാവതില്ലതിനുള്ള ബാല്യമില്ല!
ബാലികാ ബാലകന്‍മാരേ; ബാല്യമുണ്ടെങ്കില്‍;
നിങ്ങളാനേറ്റവും ശക്തര്‍! നിങ്ങളാനേറെ സമ്പന്നര്‍!

Thursday, January 17, 2008

ഇനി ഞാനിറങ്ങട്ടെ!

മോന്‍ പോയി കെടന്നോ. നാളെ രാവിലെ എണീക്കണ്ടേ? വപ്പാടെ സ്നേഹോപദേശം.
മുറ്റത്ത് കൂട്ടുകാരോടൊപ്പം അവസാന വെടിപറച്ചില്‍ ദുഃഖസാന്ദ്രമായ യാത്രപറച്ചിലോടെ അവസാനിപ്പിച്ചു. ഞാന്‍ വീട്ടീന്നിറങ്ങുമ്പോള്‍ അവര്‍ ഉറങ്ങുകയാകും. അവരും നല്കി കുറെ നിര്‍ദ്ദേശങ്ങള്‍, ഫോണ്‍ നമ്പറുകളും.
വീട്ടിനകത്ത് കുട്ടികള്‍ നെയ്ചോറും കൊഴിച്ചാറും അച്ചാറും വിതറിക്കളിക്കുന്നു. വരാന്തയിലെ സിഗരട്ടുപുകക്കിടയില്‍ മൂത്താപ്പയും മാമാമാരും രാഷ്ട്രീയവും.

"ഡാ, പെട്ടിയൊക്കെ റെഡി ആണോ?" മൂത്താപ്പ ഉപദേശം ഇപ്പൊ തുടങ്ങും.
എനിക്കിഷ്ട്ടമാണ് മൂത്താപ്പാനേം മൂത്താപ്പാടെ സംസരോം. ഗംഭീരം, കണ്ണീര്‍ഭരം ! എല്ലാ കൂടലുകളിലും അതുണ്ടാകും. കല്യാണം, പെരകുടി, മരണം, കൂട്ടിക്കൊണ്ടോക്ക് എല്ലാത്തിലും.
"പ്രവാചകന്റെ മണ്ണില്‍ ആദ്യം നിന്‍റെ ശിരസ്സ്‌ വയ്ക്കുക, പിന്നെ വിശുദ്ധ ഭവനത്തില്‍ പോയി കരഞ്ഞോളൂ, ഒരു ജോലിക്കു വേണ്ടിയല്ല, നല്ല ജീവിത മാര്‍ഗത്തിന് വേണ്ടി, നിന്‍റെ മുഖം സുന്ദരമാകും, ജീവിതം മനോഹരവും..."!

അന്ന് നിറഞ്ഞ കണ്ണുകള്‍ക്കിടയിലെങ്ങും ഞാന്‍ എന്‍റെ ഉമ്മയെ കണ്ടില്ല. വീടിന്‍റെ പിന്നാംപുറത്ത് പാത്രങ്ങള്‍ കഴുകുന്ന ശബ്ദങ്ങള്‍ക്കിടയില്‍ ആ മനസ്സിന്റെ തേങ്ങല്‍ ഞാന്‍ മാത്രം കേട്ടു. എനിക്ക് വേണ്ടി ഉമ്മ വീഴ്ത്തിയ ഓരോ കണ്ണീര്‍തുള്ളികളും ഞാന്‍സൂക്ഷിച്ചുവച്ചിട്ടുണ്ട്. പൊള്ളുന്ന പളുങ്കുകള്‍!

കുരുത്തം കാര്യമായിട്ടൊന്നും കെട്ടവനായിരുന്നില്ല ഞാന്‍. എന്‍റെ ഈ യാത്രയില്‍ ഏറ്റവും നഷ്ടം ഉമ്മിചിക്ക് തന്നെയാണ്‍. ഞാന്‍ നന്നായി കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷത്തില്‍ കൂടുതല്‍ എന്‍റെ ഈ യാത്രകൊണ്ട് ഒന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല.എന്നെ കണ്ടതും പതിവു പോലെ, ചെയ്യുന്ന പണി പാതിവച്ച് ചോറു വിളമ്പി. ഞാന്‍ തിന്നുന്നതും നോക്കിയുള്ള ആ ഇരിപ്പ് ഇപ്പോള്‍ എനിക്ക് സഹിക്കുന്നില്ല. കണ്ണ് നിറയാന്‍ തുടങ്ങി. "വെള്ളം". ഉമ്മ വെള്ളമെടുക്കാന്‍ പോയതക്കം ഞാന്‍ കണ്ണ് തുടച്ചു.ഇനി ഞാന്‍ ഉറങ്ങിവീഴട്ടെ. കൊല്ലങ്ങള്‍ക്കു ശേഷം മാത്രം എന്‍റെ പ്രിയപ്പെട്ട വീട്ടില്‍ ഇനി ഞാനുറങ്ങും. സുഖങ്ങളേ, സുപ്രഭാതങ്ങളേ വിട!
...തുടരും..

Wednesday, January 16, 2008

മഴനേരം

നീലക്കുടശ്ശീല നീര്‍ത്തി നിന്നംബരം നീര്‍മണിത്തുള്ളികള്‍ തൂകി,
പഞ്ചവര്‍ണ്ണക്കുടക്കീഴിലേക്കന്നവള്‍ സാദരം സ്വാഗതം ചൊല്ലി.

ആദ്യാനുരാഗത്തിനാദ്യ സമ്മാനമായ്‌ അന്നാ കുടക്കീഴിനോരം
നെഞ്ചകത്താലങ്ങള്‍ കയ്മാറ്റമായതും അന്നാ മഴത്തുള്ളി പെയ്തനേരം!
തോളോടു തോളന്നടക്കംപറഞ്ഞതു നെഞ്ചിലെ കാവിലെ കൊടിയേറ്റം
മിണ്ടാതെ മിണ്ടാതെ ആത്മാക്കള്‍ അന്യോന്യമേകിയന്നായിരം സന്ദേശം.

അന്നൊളിച്ചാ സൂര്യന്‍ ഇന്നെന്‍റെ ജീവിത പാതയില്‍ കത്തിജ്വലിക്കേ
വെയിലേറ്റു വീഴാതെ സ്നേഹക്കുടക്കീഴില്‍ ഒന്നിച്ചു നമ്മള്‍ നടന്നിടട്ടെ!
ഇനി നിന്‍റെ ജന്‍മം മഴക്കാലമുന്ടെന്കിലന്നാ കുടക്കീഴിലെന്നെ;
വീണ്ടും വിളിക്കുക ജന്മാന്തരങ്ങളില്‍ സ്നേഹാദരങ്ങളാല്‍ തന്നെ !

മിസ്‌'അബ്‌ ബ്‌നു ഉമൈര്‍

പണ്ടറേബ്യയില്‍ പ്രവാചകന്‍ വരുന്ന വേളയില്‍
‍കണ്ടൊരാഢ്യനാം അരോഗ ഗാത്രനാം യുവാവിനെ..
മിന്നിടും ലിബാസിലന്നു മുന്തിനിന്നോരത്തറിന്‍
സുഗന്ധവും പരത്തിവന്ന മിസ്‌അബ്‌ബ്‌നുമൈറിനെ.
തന്നുടുപ്പുമാനടപ്പെടുപ്പുമൊന്നു കാണുവാന്‍
വന്നു നിന്നിരുന്നു പാത വക്കിലന്നു മക്കികള്‍!
ഇന്നുടുത്തതൊന്നുടുത്തതില്ല പിന്നൊരിക്കലും
ഇങ്ങുപോയതങ്ങു പോയ കുതിരയല്ലൊരിക്കലും,
പകലു പൂശിയംബറിന്‍ സുഗന്ധമല്ല രാവിലും
പകരമുള്ള പലവിധങ്ങള്‍ അത്തറാണു മേലിലും.
മിസഅബിവ്വിധം പ്രതാപിയായി വാണ നാളിലാ;
ണുജ്ജ്വല പ്രതാപിയാം പ്രവാചകപ്രബോധനം.
സര്‍വ്വ ലോക രക്ഷിതാവിന്‍ സത്യദീന്‍ പുണര്‍ന്നതാ
സത്യസാക്ഷ്യം സ്വീകരിച്ചു വന്നു മിസ്‌അബന്നതാ!
കേട്ടറിഞ്ഞു ക്രൂദ്ധയായി മിസ്‌അബിന്റെ ഉമ്മയും,
വീട്ടിലിട്ടു പൂട്ടിയെന്നത്രേ ചരിത്രമുള്ളതും.
രക്തസാക്ഷ്യം തന്നെ ലക്ഷ്യം എന്നുറച്ചാ മാനസം,
സര്‍വ്വതും ത്യജിച്ചിറങ്ങാന്‍ പിന്നെയുണ്ടോ താമസം.
ശേഷമാസഹാബി ദീനിന്‍ മുന്നണിപ്പോരാളിയായ്‌
ലക്ഷ്യമിട്ടിരുന്ന പോലെ ധീരരക്തസാക്ഷിയായ്‌.
ആപ്രഭു കുമാരനാ രണാങ്കണത്തില്‍ വീഴവേ,
പിന്നിയിട്ടു തുന്നിയിട്ടുടുത്തതാണു വേഷമേ!
പടച്ചവന്റെ ദൂതരന്നു വന്നുനിന്നു നോക്കവേ,
മിസ്‌അബിന്റെ കാഴ്ചയില്‍ കരഞ്ഞു പോയി പോലുമേ.
മിസ്‌അബാ മദീനനാട്ടിലേക്കൊളിച്ചു പോകവേ,
അന്നുടുത്തതാണിതെന്നതന്നവര്‍കളോര്‍ക്കവേ..!
ആഢ്യനായിരുന്നവര്‍ ശഹീദരായിരിക്കവേ,
സാധ്യമായ പുടവയില്ല കഫനുടുക്കുവാനുമേ.
ശിരസ്സു മൂടിടുമ്പൊഴാ കാലുകള്‍ പുറത്തുപോയ്‌
കാലു മൂടിടുമ്പൊഴോ തല പുറത്തുമെന്നുമായ്‌.
പണ്ടു പട്ടുകൊണ്ടലങ്കരിച്ചിരുന്നാ മേനിയെ,
കണ്ടപുല്ലു കൊണ്ടു മൂടി എന്നതാണു സംഭവം.
സുന്ദരന്‍ സുഗന്ധകന്‍ സുഖിച്ചുവാണാ ലോലുപന്‍,
സുന്ദരം സുബര്‍ക്കവും ജയിച്ചുവീണാ ഗാധകള്‍,
പാടണം പഠിക്കണം പടച്ചവന്റെ ദീനിനായ്‌
പടക്കിറങ്ങണം മടിച്ചു നിന്നിടാതെ നമ്മളും.