Wednesday, September 21, 2011

ഒരു വവ്വാല്‍‌ കഥ

വീടിന്റെ വലത്തേമുറ്റത്ത് രണ്ടു പേരമരങ്ങളുണ്ട്. തോട്ടിക്കോല‌ന്മാര്‍! വീട്ടില്‍ വരുന്ന ചിലരൊക്കെ പറയാറുണ്ട് "ഇവിടുത്തെ രണ്ടു മക്കളെപ്പോലെ പേരകളും പൊക്കക്കാലന്‍മാരാണല്ലോ" എന്ന്. വര്‍ഷങ്ങള്‍ക്കു മുന്‍‌പ് ഉമ്മ എവിടെ നിന്നോ ചൂണ്ടിക്കൊണ്ടുവന്നു നട്ടതാണ്. മന്ദമാരുതനില്‍ പരസ്‌പരം കൈകള്‍‍കോര്‍ത്തും കര്‍ക്കിടകത്തില്‍ തമ്മിത്തല്ലിയും കളിച്ചിരുന്ന രണ്ടു പാവം ഇണത്തെങ്ങുകള്‍ക്കിടയില്‍ പാരകളായി ആ പേരകളങ്ങനെ നീണ്ടു വളര്‍ന്നു വന്നു.‍

ഞങ്ങള്‍ രണ്ടുപേരെയുംപോലെതന്നെ പേരകള്‍ രണ്ടും സ്വഭാവത്തില്‍ ഭിന്നരാണ്. ഒന്നില്‍ ഉള്ളുചുവന്ന പേരക്കയും, മറ്റേതില്‍ ഉള്ളുവെളുത്തെ പേരക്കയും.

"ഉള്ളുചുവന്ന പേരക്ക ഞാനാണ്" എന്നു ഞാന്‍ അവകാശപ്പെടുമ്പോള്‍ "അല്ല ഞാനാണ്" എന്ന് അനിയന്‍ വാദിക്കും.

"അയ്യേ..ചുവപ്പ് കമ്മ്യൂണിസ്റ്റാണ്; അവര്‍ക്ക് പടച്ചോനില്ല" എന്നു ഞാന്‍ കാലുമാറുമ്പോള്‍ "എന്നാ ഞാന്‍ വെളുത്ത പേരയാണ്" എന്നവന്‍ കൂറുമാറും.

"അയ്യേ..വെളുപ്പില്‍ പെട്ടെന്ന് അഴുക്കാവും; ഞാന്‍ ചുവന്ന പേരയാ" എന്നു ഞാന്‍ കുരുട്ടുവാദിക്കുമ്പോള്‍ "എന്നാ എനിക്ക് ചുവപ്പുതന്നെ മതി..ഇക്കാക്ക വെളുത്തതെടുത്തോ" എന്നവന്‍ ചുണ്ടുകൂര്‍പ്പിച്ച് മുഖം വീര്‍പ്പിക്കും!.

അങ്ങനെ സ്നേഹവും കളിപ്പാട്ടങ്ങളോടുമൊപ്പം ഞങ്ങള്‍ പേരകളെയും പരസ്പരം കൈമാറി, ഇടക്ക് കാലുംമാറി പൊക്കം വച്ചുകോണ്ടേയിരുന്നു.

ആയിടക്കാണ് ഞങ്ങളുടെ ഇരട്ടപ്പേര‍കള്‍ക്കു നേരെ ഭീകരാക്രമണം നടക്കുന്നത്. പൂവു കായായി മാറിത്തുടങ്ങിയതുമുതല്‍ ഞങ്ങള്‍ വാക്കുപറഞ്ഞു വച്ചിരുന്ന പേരക്കകള്‍ രാത്രിയുടെ മറവില്‍ ഏതോ ഭീകരന്‍‌മാര്‍ ബോംബിട്ടു തകര്‍ത്തിരിക്കുന്നു. മുറ്റത്താകെ പേരക്കകളുടെ തൊലിയും തലയോട്ടിയും. കാപാലികര്‍ കടിച്ചുതുപ്പിയതുപോലുണ്ട്. പിറ്റേന്നും, അതിന്റെ പിറ്റേന്നും..ആക്രമണം അങ്ങനെ തുടര്‍ന്നു.

ഞങ്ങള്‍ അധികൃതര്‍ രണ്ടുപേര്‍ ഉടന്‍ പേരച്ചോട്ടില്‍ അടിയന്തിര യോഗം കൂടി.

"ആക്രമണം ആകാശത്തുകൂടിയാവാനാണു സാധ്യത!" അനിയന്‍ പറഞ്ഞു.

"വിമാനം കൊണ്ടോ?"

"പൊട്ടനിക്കാക്കാ..കാക്കയായിരിക്കും" അവനെന്നോടു പുച്ഛം.

"നീ പോടാ മണ്ടാ..രാത്രി എവിടുന്നാ കാക്ക?"

"പിന്നെ..വേറെ ആര്‍ക്കാ മോളില് കയ്യെത്തണത്?"

"ശരിയാണ്, ഇത്ര പൊക്കമുള്ള പേരകളെ കരയിലൂടെ ആക്രമിക്കാന്‍ സാധിക്കില്ല!" ഞാന്‍ ബുദ്ധി ഭാവിച്ചു.

ചര്‍ച്ചക്കൊടുവില്‍ ഉമ്മയുടെ ഉപദേശം തേടാന്‍ തീരുമാനമായി. യോഗം അടുക്കളയിലേക്കു മാറ്റി.

"വല്ല വവ്വാലുമായിരിക്കൂടാ പിള്ളേരേ, നിങ്ങള് പോയിരുന്ന് പഠിക്കാന്‍ നോക്ക്" ഉമ്മ എന്ന യു.എന്‍ ദു:ഖിതരെ അവഗണിച്ചുകൊണ്ട് മുളകുപുരട്ടിയ ചാളയെടുത്ത് തിളച്ച എണ്ണയിലേക്കിട്ടു.

പക്ഷെ, ഞങ്ങള്‍ക്കത്ര വിശ്വാസം വന്നില്ല. ഇത്ര നാളില്ലാതിരുന്ന വവ്വാലുകള്‍ ഇപ്പോ എവിടുന്നു വന്നു? കണ്ടു പിടിച്ചിട്ടുതന്നെ കാര്യം.

"വവ്വാലിനു കെണി വച്ചാലോ ഇക്കാക്കാ?"

"മോളില് കേറി നിന്റെ വാപ്പ വക്കോ കെണി? ഞാനൊരു ഐഡിയ പറയാം. നമുക്ക് വല്ലിമ്മാടെ ഷുഗറിന്റെ സിറിഞ്ചെടുത്ത് പേരക്കേല് എലിവെഷം കുത്തിവക്കാം, ആര് തിന്നാലും കിര്‍മത്തായിക്കോളും."

"ആ..കലക്കി..നല്ല ഐഡിയ. നമുക്ക് ആലുവേല് പോയി ഹൈദ്രാലി ഡോക്ടറെ കൊണ്ടുവരാം. പുള്ളിയാവുമ്പോ നന്നായിട്ട് കുത്തിവച്ചോളും..ഒന്നു പോ ഇക്കാക്കാ!" അവന്റെ കണ്ട്രോളു വിട്ടു.

"എന്നാ നീ എന്തെങ്കിലും കാണിക്ക്, ഞാന്‍ കുഴിരാശി കളിക്കാന്‍ പോകാ.." ഞാന്‍ പതുക്കെ വലിഞ്ഞു.

കളികഴിഞ്ഞ് തിരിച്ചുവന്ന ഞാന്‍ കണ്ടത് അനിയന്റെ അപാരമായ ബുദ്ധിവൈഭവമാണ്. മുന്നറിയിപ്പു ബോര്‍ഡുകള്‍.

"പേരക്കയില്‍ വിഷം തളിച്ചിട്ടുണ്ട്, സൂക്ഷിക്കുക" എന്ന് വെള്ളപ്പേപ്പറിലെഴുതി തൂക്കിയിരിക്കുനു. ഒരു പേരയിലല്ല; രണ്ടു പേരകളിലും.! വവ്വാലിനുള്ള മുന്നറിയിപ്പാണ്!

ഞാന്‍ ചിരിച്ചു ചിരിച്ചു മണ്ണുകപ്പി. ഉമ്മ ചിരിച്ചു ചിരിച്ച് കൈലുകുത്തി. വാപ്പ കരഞ്ഞു!

അവനു ദേഷ്യം അടക്കാന്‍ കഴിഞ്ഞില്ല. എന്റെ ചെരിപ്പ് റോട്ടിലേക്കും, ഉമ്മാടെ തട്ടന്‍ കോഴിക്കൂട്ടിലേക്കും വാപ്പാടെ സിസര്‍ ഫില്‍റ്റര്‍ തെങ്ങിന്‍ ചോട്ടിലേക്കും വലിച്ചെറിഞ്ഞ് "ബോര്‍ഡില് തൊട്ടാ എല്ലാത്തിനേം ഞാന്‍ തട്ടും" എന്നു ചൂണ്ടുവിരല്‍ നീട്ടി അവന്‍ എന്റെ ബെഡ്ഡില്‍ കേറി കെടന്നു. ഞാന്‍ അവന്റെ ബെഡ്ഡിലും. എന്റെ സ്വപ്‌നത്തില്‍ അവന്‍ വവ്വാലിനെ കുത്തിവച്ചു. അവന്‍ പറഞ്ഞു, അവന്റെ സ്വപ്‌നത്തില്‍ ഞാന്‍ ഡോ.ഹൈദ്രാലിയെ കുത്തിവച്ചത്രെ!

നേരം പുലര്‍ന്നു. പേരച്ചുവട്ടിലെത്തിയ എന്നെ അത്‌ഭുതപ്പെടുത്തിക്കൊണ്ട്  മുറ്റം ക്ലീന്‍ ക്ലീനായിക്കിടക്കുന്നു. ഇന്നലെ ആക്രമണം ഉണ്ടായിട്ടേയില്ല. പക്ഷെ എനിക്ക് സന്തോഷം വന്നില്ല. "പേരക്കയില്‍ വിഷം തളിച്ചിട്ടുണ്ട്, സൂക്ഷിക്കുക" എന്ന ബോര്‍ഡ് എന്നെ നോക്കി പല്ലിളിച്ചു! ഉമ്മ അന്തംവിട്ടു. വാപ്പ പേരയുടെ മുകളിലേക്ക് നോക്കി ഏമ്പക്കം വിട്ടു.

അപ്പോള്‍ അനിയന്‍ അമല്‍ നീരദിന്റെ സിനിമയില്‍ നിന്നിറങ്ങി സ്ലോമോഷനില്‍ എന്റെടുത്തേക്കു വന്നു. "ഇക്കാക്കയൊക്കെ അങ്ങു വീട്ടില്. പേരച്ചോട്ടില്‍ കാള്‍ മീ സര്‍". ഞാന്‍ ഉമ്മയെ നോക്കി, ഉമ്മ ചിരി അടക്കിക്കൊണ്ട് മുഖം തിരിച്ചു. വാപ്പ മേലോട്ടുനോക്കി! അവന്‍ സ്ലോമോഷനില്‍ തന്നെ പുട്ടും പയറും പപ്പടവും കഴിക്കാന്‍ പോയി. ഇനി ദിവസം മുഴുവനും സ്ലോമോഷനായിരിക്കും.

എന്നാലും എന്താണ് സംഭവിച്ചത്? വവ്വാലിനു വായിക്കാനറിയുമോ? ഞാന്‍ അന്തം വിട്ടു നിന്നു.

അനിയന്‍ ഒട്ടും സമയം കളയാതെ അവന്റെ വീരവിജയഗാഥ സലാമിനോടും ബക്കറിനോടും വിളംബരം ചെയ്തു. രണ്ടുപേരും അവനെ അഭിനന്ദിച്ചു. ആ ദിവസം അങ്ങനെ സ്ലോമോഷനില്‍ കഴിഞ്ഞു.

പിറ്റേ ദിവസം രാവിലെ നാടുണര്‍ന്നത് പുതിയ രണ്ടു ബോര്‍ഡുകളുമായാണ്.

സലാമിന്റെ തെങ്ങിന്‍ തോട്ടത്തില്‍‍... "തേങ്ങയില്‍ വിഷം തളിച്ചിട്ടുണ്ട്, സൂക്ഷിക്കുക".

ബക്കറിന്റെ വാപ്പ നടത്തുന്ന കോഴിഫാമിനു മുന്നില്‍... "കോഴിയില്‍‍ വിഷം തളിച്ചിട്ടുണ്ട്, സൂക്ഷിക്കുക".

ശേഷം ചിന്ത്യം.

തേങ്ങയിലെ വിഷം ചിരിയിലും 'തേങ്ങാവെഷം' എന്ന ഒരു കളിപ്പേരിലും ഒതുങ്ങി.

കോഴിയിലെ വിഷം, പേരവടി..ബക്കറിന്റെ ചന്തിയില്‍ വീണിടത്തു നിന്നു തുടങ്ങി 'കോഴിവെഷം' എന്ന കളിപ്പേരില്‍ അവസാനിച്ചത് ഭാഗ്യം.

പിന്നീട് പേരകളിലെ ബോര്‍ഡുകള്‍ താനേ പഴകി വീണുപോയി. പക്ഷെ, ആ മല്ലു വവ്വാല്‍‍ പിന്നീടിതുവരെ ആക്രമണം നടത്തിയിട്ടില്ല. കാരണം, അപ്പോഴേക്കും ചക്യാന്റെ പറമ്പില്‍ വീടുപൊളിക്കാന്‍വന്ന രണ്ട് കാസര്‍കോട്ടുകാര്‍ പൊളികഴിഞ്ഞ് തിരിച്ചുപോയിരുന്നു!


Tuesday, July 5, 2011

ചീരുവമ്മയെ ഞാന്‍ കണ്ടിട്ടേയില്ല..!


കൈവെള്ളയില്‍ ഒരുപേനക്കിരുന്നു ചലിക്കാന്‍ ഒരുപാടു സ്ഥലമൊന്നും വേണ്ട, എങ്കിലും ജീവിതം വാരിപ്പിടിച്ചോടുന്നതിനിടയില്‍ പേനക്ക് പണികൊടുക്കാന്‍ സാധിക്കാത്ത എല്ലാ കയ്യുടമകളോടും ആദ്യം തന്നെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കട്ടെ! ഏതു തിരക്കിനിടയിലും സ്ഥിരമായിട്ടെഴുതാന്‍ കഴിയുന്ന കൈകളേ; നിങ്ങളുടെ പിന്നിലുള്ള മനസ്സുകളെ സമ്മതിക്കണം!

പിന്നില്‍ ഒരു കയ്യില്ലാതെ ഒരു പേനക്കും ഒന്നിനും കഴിയില്ല. തുമ്പില്‍ ഒരു പേനയില്ലാതെ ഒരു കൈക്കും ലോകത്തെ മാറ്റിമറിക്കാനുമാവില്ല. അതുകൊണ്ട്, എന്റെ കയ്യുടെയും മനസ്സിന്റെയും അപേക്ഷ മാനിച്ചുകൊണ്ട് ഞാന്‍ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കട്ടെ. ലോകത്തെ മാറ്റിമറിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒന്നു രണ്ടു പേജൊക്കെ മറിയുന്നതുവരെ എഴുതാന്‍ എനിക്കു കഴിഞ്ഞേക്കും..!

അപ്പോഴൊരു പ്രശ്നം, എന്തെഴുതണം? വലത്തേക്കു നോക്കി; കാലിയായ ഒരു വെള്ളക്കുപ്പി! അതിനെക്കുറിച്ച് എന്തെഴുതാനാണ്? വെള്ളക്കുപ്പിയെ ആരും പീഢിപ്പിച്ചിട്ടില്ല, അത് ആരുടെയും കൂടെ ഒളിച്ചോടിയിട്ടുമില്ല! ഇടത്തേക്കു നോക്കി. അലമാര! ഓ..അലമാര ഒട്ടും സെക്സിയല്ല, ഒരു കലൊടിഞ്ഞെങ്കിലും പാര്‍ട്ടി വിട്ടു പാര്ട്ടി മാറിയിട്ടില്ല! മുകളില്‍ തൂങ്ങുന്ന അലങ്കാരവിളക്കും മുന്നിലെ കമ്പ്യൂട്ടറും, ബോറന്‍‌മാര്‍; പോയി പണി നോക്കാന്‍ പറ!

എങ്കില്‍ പിന്നെ എന്നിലേക്കു തന്നെ നോക്കിക്കളയാം. ഞാന്‍ തന്നെയാണല്ലോ എനിക്കേറ്റവും പ്രിയപ്പെട്ട വിഷയം. പക്ഷെ, എനിക്കെന്നെ കാണണമെങ്കില്‍ കണ്ണുകള്‍ പൂട്ടണം. എന്റെ കണ്ണുകള്‍ എനിക്ക് ലോകത്തെ കാണാനുള്ള ദൈവദാനമാണ്. ആ ദൈവം തന്നെയാണ് കണ്ണില്ലാതെയും ചില കാര്യങ്ങള്‍ കാണണം എന്നു പഠിപ്പിച്ചത്. കണ്ണില്ലാതെ ഒന്നാമതായി കാണേണ്ടത് ദൈവത്തെ തന്നെയാണ്; രണ്ടാമത്തെ കാര്യം ഞാനും! ദൈവത്തെ ഞാന്‍ കാണുന്നില്ലെങ്കിലും ദൈവം എന്നെ എപ്പോഴും കാണുന്നുണ്ട് എന്നു മനസ്സിനെ പറഞ്ഞു ബോധിപ്പിച്ചാല്‍ മനസ്സുപോയി ദൈവത്തെ കണ്ടുകൊള്ളും, കണ്ടിട്ടുണ്ട്!. പക്ഷെ, ഞാന്‍ ഇതുവരെ എന്നെ കണ്ടിട്ടില്ലല്ലോ?

അങ്ങനെ ഞാന്‍ കണ്ണുകള്‍ പൂട്ടി എന്നെ കാണാന്‍ തുടങ്ങി. ഇപ്പോള്‍ എനിക്ക് വസ്ത്രങ്ങളില്ല. അതിനുള്ളില്‍ മാംസരുപമോ, കീഴെ ഒരസ്ഥിപഞ്ചരമോ, ആമാശയം കരള്‍ കിഡ്നി തുടങ്ങിയവയോ ഒന്നും എനിക്കിപ്പോഴില്ല.

പക്ഷെ, എനിക്കിപ്പോള്‍ യഥാര്ത്ഥത്തിലുള്ള എന്നെ വളരെ വ്യക്തമായി കാണാം. എന്റെയുള്ളില്‍, സര്‍‌വ്വ ശക്‌തനായ ദൈവത്തെയും ദൈവദൂതനെയും ദൂതാനുയായികളെയും കാണാം. കൈകാലുകളിട്ടടിച്ചു പൊട്ടിച്ചിരിക്കുന്ന എന്റെ കുഞ്ഞുമകനെയും അവനെ മാറോടു ചേര്‍ത്തു കവിളില്‍ ചും‌ബിക്കുന്ന എന്റെ പ്രിയതമയെയും കാണാം. എന്റെ നെറ്റിയില്‍ ഉണര്‍ത്താതെ ചും‌ബിക്കുന്ന പ്രിയ മാതാവിനെയും, എന്നെ ഖുര്‌ആന്‍ പ്ഠിപ്പിക്കുന്ന വന്ദ്യപിതാവിനെയും, നര്‍‌മ്മകുശലനായ സഹോദരനെയും അവന്റെ പെണ്ണിനെയും കുഞ്ഞുകാന്താരിയെയും കാണാം. സ്വര്‍ഗ്ഗത്തില്‍ സൊറപറഞ്ഞിരിക്കുന്ന വല്ലിമ്മമാരെയും, പരസ്‌പരം ഇശലുകള്‍ മൂളിയിരിക്കുന്ന വല്ലിപ്പമാരെയും, നിരന്നിരിക്കുന്ന ബന്ധുക്കളെയും പരന്നൊഴുകുന്ന സ്നേഹിതന്മാരെയും, പിന്നെ ഒരു സ്വകാര്യ നഷ്ടസ്നേഹത്തെയും കാണാം. കുറച്ചുകൂടി പിന്നിലേക്കു നോക്കിയാല്‍ നാട്ടുപ്രമാണിമാരെയും, മന്ത്രിപുംഗവ ശുംഭ ശ്രേഷ്ഠന്‍‌മാരെയും, നാട്യ നവരസ ഹാസ്യ ഗാന പ്രതിഭകളെയും കാണാം. അല്‍‌പം കൂടി മാറിനോക്കിയാല്‍ ശാന്തഗംഭീരനായ ഗാന്ധിയെയും ക്രൂരനായ ഹിറ്റ്‌ലറെയും നികൃഷ്ടനായ ബുഷിനെയും നിഷ്ടൂരനായ ഈദി അമീനെയും കുതന്ത്രശാലിയായ ഒബാമയെയും ധീരനായ സദ്ദാമിനെയും ബാഗ്ദാദിലെ കുരിശു കുഞ്ഞിനെയും ഗാസയിലെ പിടക്കുന്ന രക്തപിണ്ഠങ്ങളെയും കാണാം.

പക്ഷെ, ഇത്രയൊക്കെ കണ്ടീട്ടും, നിര്‍ബ്ബന്ധമായും ഉണ്ടാകേണ്ടിയിരുന്ന ചില കാഴ്ചകള്‍ എന്നിലില്ലല്ലോ എന്നു ഞാനിപ്പോള്‍ കുണ്ഡ്തിതപ്പെടുന്നു. എന്റെ കണ്‍‌പാത്രങ്ങളിലേക്ക് തെറിച്ചുവീണ് കണ്‍‌കോണുകളില്‍ നിന്നും ചോര ചീറ്റിക്കേണ്ടിയിരുന്ന കാഴ്‌ചകള്‍. എന്നില്‍ ആഴത്തി തറച്ച് ചുവന്ന വടുക്കളുണ്ടാക്കി നൊമ്പരപ്പെടുത്തേണ്ടിയിരുന്ന കാഴ്‌ചകള്‍. എന്റെ കൈകളുടെയും ആത്മാവിന്റെയും ബാദ്ധ്യതാ പട്ടികയില്‍ ഏറെ മുകളില്‍ സ്ഥാനം പിടിക്കേണ്ടിയിരുന്ന കാഴ്‌ചകള്‍. എന്നിട്ടും എന്റെ ശ്രദ്ധയുടെ ഏതെങ്കിലും ഒരു മൂലയിലേക്ക് പോലും അറിഞ്ഞോ അറിയാതെയോ കടന്നുവരാന്‍ മടിച്ച ഏറെ അമ്പരപ്പിക്കുന്ന കാഴ്‌ചകള്‍.

ആ കാഴ്‌ചകള്‍ തുടങ്ങുന്നത്, ആനയും ഹിപ്പപ്പൊട്ടാമസും കടക്കാതെ എന്റെ വീടിനു ചുറ്റും കെട്ടി ഉയര്‍ത്തിയ വമ്പന്‍ മതില്‍കെട്ടിന്റെ മറുഭാഗത്തെ കൊച്ചുകുടിലില്‍ നിന്നാണ്. ആ കുടിലില്‍ ചീരു എന്ന മാതാവിന്റെ വറ്റിയ മുലയില്‍ ദാഹാര്‍ത്തനായി കടിച്ചു വലിച്ച്, മുലയില്‍ പൊടിഞ്ഞ മാതൃരക്തത്തില്‍ നിന്നും മനുഷ്യരക്തത്തിന്റെ ആദ്യരുചിയറിഞ്ഞ, എന്നിട്ടും ദാഹം മാറാതെ തൊണ്ടപൊട്ടിക്കരഞ്ഞ മണികണ്ഠന്‍ എന്ന മൂന്നുമാസക്കാരന്‍ തോല്‍‌മാക്രിയുടെ ഉണങ്ങിയ ചുണ്ടില്‍ നിന്നാണ്. അപ്പോള്‍ ചീരുവമ്മയുടെ ചോരപോടിഞ്ഞ മുലകളിലേക്ക് കാമാര്‍ത്തനായി നോക്കിയ ചോരക്കണ്ണന്‍ വള്ളോനില്‍ നിന്നാണ്. കുഞ്ഞു മണി വളര്‍ന്നപ്പോള്‍‍ കാലം പോയതും, കാലപ്പാച്ചിലില്‍ ആ ദാഹക്കരച്ചില്‍  ക്രൂരമായ അട്ടഹാസങ്ങളായതും, അമ്മച്ചോരക്കടിമയായവന്‍ മനുഷ്യച്ചോരയില്‍ ലഹരികണ്ടതും കണ്ണു ചുവന്നതും കരള്‍ കറുത്തതും 'കണ്ണന്‍മണി' എന്ന രാത്രിസഞ്ചാരിയായ കൊലപാതകി പിറന്നതും ഞാന്‍ കാണ്ടിട്ടും കാണാതിരുന്ന കാഴ്‌ചകളാണ് !

ആ കാഴ്‌ചകള്‍ തുടരുന്നത് പള്ളിക്കരികിലൂടെ പോകുന്ന കല്ലും മുള്ളും നിറഞ്ഞ ഇടവഴിയിലൂടെയാണ്. ആ ഇടവഴിക്കരികിലാണ് ശിവകാമി എന്ന കറുത്ത മധുരപ്പതിനേഴുകാരിയുടെ വീട്. സ്നേഹം ചോദിച്ച് പിറകെ നടന്ന മാന്യന്റെ മകനായ സജീവന് ഹൃദയം കൊടുത്തപ്പോള്‍, ഹൃദയം പൊതിഞ്ഞ ശരീരത്തുണ്ടിലേക്ക് അവന്‍ തെറിപ്പിച്ച ഏതാനും കാമശമനിത്തുള്ളികള്‍ അടിവയറ്റിലേക്ക് അബദ്ധത്തില്‍ ഏറ്റുവാങ്ങിയവള്‍. ഒരിക്കലും നിറഞ്ഞിട്ടില്ലാത്ത ആമാശയത്തിനു കീഴെ ജീവസ്സഞ്ചിയില്‍ ഒരു നിറവു പൊങ്ങി അനക്കം തുടങ്ങിയപ്പോള്‍, നിഷ്‌കരുണം കൂക്കിവിളിച്ച നാടിന്റെ നെഞ്ചത്തു വന്നു നിന്ന് നിറവയറിലേക്ക് ചൂണ്ടി ഹൃദയം കൊടുത്തവനോട് ഒരല്‍‌പം ദയ ചോദിച്ചതിന് പകരം ചവിട്ടേറ്റുവാങ്ങി, കൈകാലുകളുള്ള രക്തപിണ്ഠം വിസര്‍ജ്ജിച്ചവള്‍. ഇന്ന്, പഴയ കാമുകന്റെ മാന്യനായ പിതാവിനോടു പോലും പ്രതികാരമെന്നവണ്ണം ഓരോ രാത്രിക്കും കണക്കു പറഞ്ഞ് കാശുവാങ്ങുന്ന ഇരുപത്തേഴുകാരിയായ, ചുണ്ടില്‍ ചുവന്ന ചായം തേച്ച ശിവകാമി എന്ന വിലകുറഞ്ഞ അഭിസാരികയെയും, ഇനിയൊരു മാതൃത്വത്തിനു ശക്തിയില്ലാത്ത അവളുടെ ഉദരസഞ്ചിയെയും, നടുവൊടിഞ്ഞ അച്ഛനെയും തൂങ്ങിമരിച്ച അമ്മയെയും ഞാന്‍ കണ്ടിട്ടേയില്ല.

 ഇനിയും; കാണാത്ത കാഴ്‌ചകള്‍ തെളിയുന്നു. കവലയില്‍ നിന്ന് തെറിപറയുന്ന അനുസരണയില്ലാത്ത ഭ്രാന്തിയായ ഉമ്മയെ ചിരിച്ചാര്‍ക്കുന്ന ആളുകള്‍ക്കു മുന്നിലൂടെ വീട്ടിലേക്ക് കൊണ്ടുപോകാന്‍  ഊരിവടികൊണ്ടടിച്ച്, സ്വയം പുളയുന്ന, നിവൃത്തികെട്ട, ഏകമകന്‍ പത്താം ക്ലാസുകാരന്‍ മനാഫ് ! രോഗിയും വൃദ്ധയുമായ സ്വന്തം സഹധര്‍മ്മിണിക്ക് കഞ്ഞി കൊടുക്കാന്‍‍ എന്റെ വീടിന്റെ പറമ്പു കിളച്ച് ആരും കാണതെ നിന്നു കിതച്ച, ഉമ്മകൊടുത്ത പുട്ടും കടലയും പാതി പൊതിഞ്ഞെടുത്ത, ജീവിതത്തിലെ ഏറ്റവും വലിയ സുഭിക്ഷതകള്‍ നോമ്പുകാലങ്ങളില്‍ പള്ളികളില്‍ നിന്ന് സ്വീകരിച്ച, സാധുവായ, വന്ദ്യവയോധികനായ, മക്കളില്ലാത്ത മക്കാരുകാക്ക! പിറന്ന മക്കള്‍ ഏഴും പെണ്ണായിപ്പോയപ്പോള്‍ വിശപ്പിന്റെ എരിയടുപ്പിലേക്ക് ഒരു സര്‍ബ്ബത്തും പാളേന്‍‌കോടന്‍ പഴവും ഇട്ടുപോയതിന് കവലനായ്‌ക്കളുടെ പരിഹാസത്തിന്റെ കുരകള്‍ കേള്‍ക്കേണ്ടിവന്ന, കണ്ണുകളില്‍ ചുവന്ന നൂല്‍ ഞരമ്പുകള്‍ പൊങ്ങിയ പേരറിയാത്ത മറ്റൊരു വൃദ്ധജന്‍‌മം!

ഹൊ! എന്തൊരു മൂര്‍‌ച്ചയാണീ കാണാതെപോയ കാഴ്‌ചകള്‍ക്കെല്ലാം! നവയവ്വനത്തിന് ത്രസിപ്പിക്കുന്ന കാഴ്‌ചകള്‍ കാണാനുള്ള കണ്ണേയുള്ളു; രസിപ്പിക്കുന്ന ചിത്രങ്ങള്‍ തൂക്കാനുള്ള മനസ്സേയുള്ളു!

അന്ധനായിരുന്നല്ലോ ഞാന്‍! ചീരുവിനെയും കുഞ്ഞു മണിയെയും, ശിവകാമിയെയും കാണാതെ ഗാന്ധിയെയും ഹിറ്റ്ലറെയും കണ്ട മണ്ടന്‍! ഭ്രാന്തിയുടെ മകനെയും ദുരിതം തിന്ന വയോധികരെയും കുറിച്ച് ചിന്തിക്കാതെ ദൈവദൂതനെയും ദൂതാനുയായികളെയും കുറിച്ചു പാടിയ പമ്പരവിഡ്ഢി. അതിനാല്‍ എന്റെ ഈ അലസ യവ്വനം ഞാനിതാ ലേലത്തിനു വക്കുന്നു. പൊട്ടിയ ഒരോട്ടുപാത്രത്തോളമെങ്കിലും നിങ്ങള്‍ അതിനു വിലയിടുമെങ്കില്‍; ഇതുപോലുള്ള അല്ലെങ്കില്‍ ഇതിനേക്കാള്‍ അര്‍ത്ഥശൂന്യമായ ഒരു യുവസമൂഹത്തെത്തന്നെ ഞാനീ ലേലച്ചന്തയില്‍ വില്പനക്കു കൊണ്ടുവരാം.

പക്ഷെ, അവരെയെല്ലാം ഒന്നടങ്കം വാങ്ങി ശുദ്ധീകരിച്ച് ചീരുവമ്മമാരുടെ വറ്റിയ മുലകളിലേക്ക് അമ്മിഞ്ഞാപ്പാലെത്തിക്കാള്ള സാമൂഹ്യബോധത്തിന്റെ ടാങ്കര്‍ ലോറികളില്‍ ഡ്രൈവര്‍മാരാക്കാന്‍ കെല്‍പ്പുള്ള ‌ഏതെങ്കിലും തത്വശാസ്ത്രം കയ്യിലുള്ളവര്‍ മാത്രം ലേലം വിളിക്കുക. കൊടിയുടെയോ വെടിയുടെയോ മുടിയുടെയോ പേരില്‍ പരസ്‌പരം തമ്മില്‍തല്ലുന്ന ജാതി മത സമുദായങ്ങള്‍ക്ക് ഈ ലേലച്ചന്തയുടെയോ അപ്പുറത്തെ കാളച്ചന്തയുടെയോ അവശിഷ്ടക്കുഴികളിലേക്കു പോലും പ്രവേശനമില്ല. കാരണം; ദൃശ്യമാദ്ധ്യമങ്ങളും വെബും കാണിച്ചുകൊതിപ്പിച്ച പുതുലോകത്തിന്റെ വര്‍ണ്ണച്ചതിയില്‍ നിന്ന്, ഞാനടങ്ങുന്ന യുവതയുടെ കണ്ണുകളെ തിരിച്ചുവിളിച്ച് മനാഫിലേക്കും മക്കാരുകാക്കയുടെ കിതപ്പിലേക്കും ചൂണ്ടിക്കാണിക്കേണ്ടിയിരുന്ന വിരലുകളാണ് നിങ്ങളിപ്പോഴും പരസ്പരം ചൂണ്ടി പോരു വിളിക്കുന്നത്!

ഞാന്‍ ഒരു കോടതിയായിരുന്നെങ്കില്‍ നിങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ഞാന്‍ വിധിക്കുക വ്യഭിചാരക്കുറ്റത്തിനുള്ള ശിക്ഷയായിരിക്കും; ഒരു ജനതയെ പരസ്യമായി വ്യഭിചരിച്ചതിനുള്ള ഏറ്റവും വലിയ ശിക്ഷ! പക്ഷെ ഇപ്പോള്‍ എന്റെ ഭയം നാളെ ദൈവത്തിന്റെ കോടതിയില്‍ ഞാന്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ ദൈവം പറയുമോ..നിന്നെ ഞാന്‍ കണ്ടിട്ടേയില്ല എന്ന്..?