Monday, May 18, 2009

ആയിരം പൂച്ചെണ്ടുള്ള മണവാട്ടി..!

വിമാനയാത്രകള്‍ സ്വപ്‌നങ്ങളില്‍ ഇടം പിടിച്ചിട്ട് കേവലം മൂന്നോ നാലോ കൊല്ലമേ ആയിട്ടുള്ളൂ. പക്ഷെ ഇപ്പോള്‍ ഞാന്‍ കാണുന്ന ഏറ്റവും നല്ലതും ഏറെ ഭീതിതവുമായ സ്വപ്നങ്ങളില്‍ വിമാനയാത്രകള്‍ക്ക് ഒരു ഹിറ്റ് സിനിമയുടെ പ്രതിച്ഛായയുണ്ട്. നല്ലതാകട്ടെ ഭീകരമാകട്ടെ സൂപ്പര്‍ ഹിറ്റും മെഗാഹിറ്റുമൊക്കെ വേറെയുണ്ട് കെട്ടോ. പക്ഷെ ഇപ്പോള്‍ പറയുന്നത് ആ സ്വപ്നങ്ങളുടെ സാക്ഷാത്കാരമെന്നവണ്ണം, ഒന്നൊന്നര മാസം മുന്‍പ് പ്രിയതമയെ തൊട്ടരികിലിരുത്തി നാട്ടിലേക്കു പറന്ന ആ പറക്കലിന്റെക്കുറിച്ചാണ്!

പൊടിക്കാറ്റില്‍ മുങ്ങി മങ്ങിനിന്ന ദമ്മാമില്‍ നിന്നും പറന്നുയര്‍ന്ന എയര്‍‌ഇന്ത്യയുടെ ആ വിമാനം നെടുംബാശ്ശേരിക്കുമുകളില്‍ മൂളിമൂളി നിന്നത് എന്തുകാരണം കൊണ്ടാണെങ്കിലും എനിക്ക് വല്ലാതെ ബോധിച്ചു. പച്ചിലത്തോട്ടങ്ങളില്‍ നിറഞ്ഞപച്ചനിറത്തിന് മാതൃത്വത്തിന്റെ ഛായയുണ്ട്. എന്റെ നാടിന് കേരളം എന്ന പേരുവന്നത് അവിടെ തെങ്ങുകള്‍ തിങ്ങിനിരന്നിട്ടുണ്ടെന്നതും തെങ്ങിന് കേരം എന്നും പേരുള്ളത്കൊണ്ടുമാണെന്ന് പണ്ടെങ്ങോ പഠിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ കവികള്‍ സ്നേഹപൂര്‍‌വം വിളിക്കുന്ന 'കേരനാട്' എന്ന പേരായിരുന്നില്ലേ കൂടുതല്‍ ഉചിതം? 'കേര'ത്തിനു ശേഷം "കുളം" എന്നതിന്റെ "ളം" എടുത്തിട്ടത് അതിന്റെ ജന മനോഗതിയും, ഭരണഗതികളും മുന്‍‌കൂട്ടിക്കണ്ട ഏതോ കുബുദ്ധിയാവാനാണ് സാധ്യത! ഇതിനെ അനുകരിച്ച് നെല്ലുകള്‍ ഒരുപാടുള്ള(?) ഒരു പ്രദേശത്തെ 'നെല്ലളം' എന്നു വിളിച്ച വിദ്വാന് പത്മശ്രീ കൊടുക്കണം. അങ്ങനെയെങ്കില്‍ 'കോവള'ത്തിന് ആ പേരു വന്നത് അവിടെ കണക്കിലധികം കോവക്കകള്‍ തൂങ്ങിയാടിയതുകൊണ്ടാണോ? 'പന്തള'ത്തിന് ആ പേരുവന്നത് പന്തങ്ങള്‍ ആളിക്കത്തിയതുകൊണ്ടാകണമല്ലോ? കുട്ടളത്തിന് ആ പേരു വരാന്‍ എന്താണാവോ കാരണം? ഇക്കണക്കിന് എന്റെ നാട്ടില്‍ ഒരുപാടു കോഴികള്‍ ഉണ്ടാകുന്നതായിരുന്നു നല്ലത്. ഏറ്റവും ഉചിതമായ 'കോഴളം' എന്ന പേരു കിട്ടുമായിരുന്നില്ലേ? 'കോഴി'കള്‍ക്കും കുറവില്ല, കോഴക്കും കുറവില്ല, കുളമായിട്ടുണ്ട് താനും!

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈ കാഴ്ച മനോഹരം തന്നെയാണ്! ആയിരം പൂച്ചെണ്ടുകള്‍ ഒന്നിച്ചുപിടിച്ചു നില്‍ക്കുന്ന മണവാട്ടിയോളമുണ്ട് ആ നാടിന്റെ സൗന്ദര്യം. അവള്‍ മിന്നിത്തിളങ്ങുന്ന സ്വര്‍ണ്ണമാലപ്പുഴകളെടുത്ത് വാരിയണിഞ്ഞിട്ടുണ്ട്. നെറുകയില്‍ വാകപ്പൂവിന്‍ സിന്ദൂരം. ചേലയില്‍ വാഴയിലപ്പട്ടിന്‍ കസവ്.... വിമാനങ്ങളും, ബഹിരാകാശവാഹിനികളുമൊക്കെയുണ്ടാകുന്നതിനു മുന്‍പ് ദൈവവും, മാലാഖമാരും മാത്രം കണ്‍കുളിര്‍ക്കെ കണ്ടിട്ടുള്ള ആ കാഴ്ചക്കു മുകളില്‍ കൂറ്റന്‍ വിമാനത്തിലെങ്കിലും മെല്ലെ തണുത്തുവീഴുന്ന ഒരു കുഞ്ഞു മഴത്തുള്ളിയിലെന്ന പോലെ എന്റെ പ്രിയതമയോടൊപ്പം ഞാന്‍ കൂനിക്കൂടിയിരുന്നു. ആ കാഴ്ചകള്‍ എന്നെ എത്രത്തോളം മത്തുപിടിപ്പിച്ചു എന്നുവച്ചാല്‍; വിമാനത്താവളത്തിനു പുറത്ത് ഉമ്മ എന്ന ഒരു ജോഡി നിറകണ്ണുകളും, വാപ്പ എന്ന ഒരാകാംക്ഷയും, അനിയന്‍ എന്ന കൗതുകവും കാത്തുനില്‍‌പില്ലായിരുന്നെങ്കില്‍, വിമാനത്തില്‍ എന്റെ ചാരെ ആനന്ദത്താല്‍ അന്തംവിട്ട് അര്‍ദ്ധമോഹാലസ്യത്തിലായിരിക്കുന്ന ഭാര്യ എന്ന മുത്തുച്ചിപ്പിയോട് 'ഒന്നു മുള്ളിയിട്ടുവരാം' എന്നു കള്ളം പറഞ്ഞ് ഞാന്‍ അവിടെ ചാടിയിറങ്ങിപ്പോകുമായിരുന്നു!

വിമാനത്താവളത്തിനു മുകളില്‍ നിന്നു കാണാനേ സൗന്ദര്യമുള്ളൂ.താഴെ.. പോലീസുകാര്‍ ഭീകരന്‍‌മാരാണെന്നു തോന്നിയത് പഴയ പല അനുഭവങ്ങളും മനസ്സിലെവിടെയോ കിടക്കുന്നതുകോണ്ടാകാം. ആത്മാവ് ആദ്യമേ ചാടിപ്പുറത്തുകടന്നുകളഞ്ഞു. കടമ്പകള്‍ ചെറുതെങ്കിലും വിമാനത്താവളത്തിലെ കുറഞ്ഞ നിമിഷങ്ങള്‍ എന്നെ അസ്വസ്ഥനാക്കിയത്. എന്റെ നാട്ടില്‍ എന്നെ അന്യനാക്കുന്ന ആ ക്രൂര നിമിഷങ്ങളെ എനിക്കു പേടിയാണ്.

ഉമ്മയുടെ കരവലയത്തിലേക്ക് ഞാന്‍ മനസ്സാ ചാടിക്കയറി! മുപ്പത്താറുവര്‍ഷത്തെ അധ്യാപനജീവിതത്തിനു ശേഷം വിരമിക്കുന്നത് ഉത്സവമായി ആഘോഷിക്കുന്നുണ്ടെങ്കിലും അല്പം അങ്കലാപ്പ് ഉമ്മയുടെ ഉള്ളിലുണ്ട്. ഉമ്മ റിട്ടയര്‍ ചെയ്ത് വീട്ടില്‍ വരുമ്പോള്‍ ഞാന്‍ അവിടെയുണ്ടാകണം എന്ന ആഗ്രഹം കൊണ്ടാണ് അവധി അല്പം നേരത്തെയാക്കിയത്. കാരണം, വാപ്പയുടെ വലംകയ്യായി ഉമ്മ എന്നും തിളങ്ങിനിന്നതിനും, എന്റെ വീട് ഒരു കൊച്ചു സ്വര്‍ഗ്ഗമാക്കിയതിനുമൊക്കെ പിന്നില്‍ ഉമ്മയുടെ ഈ ഉദ്യോഗം വളരെ വലിയ ഒരു പങ്കാണ് വഹിച്ചിട്ടുള്ളത്. ഇനി ജോലിത്തിരക്കില്‍ നിന്നെല്ലാം മാറി വിശ്രമജീവിതം നയിക്കാനാണ്‍ കക്ഷി ഉദ്ദേശിച്ചിട്ടുള്ളതെങ്കില്‍ തെറ്റി; ഞാന്‍ എന്റെ പെണ്ണുമ്പിള്ള വഴി ഒരു പണി ഉമ്മാക്ക് കൊടുത്തുകൊണ്ടിരിക്കുകയാണ്. പടച്ചവന്‍ അനുഗ്രഹിച്ചാല്‍ അധികം താമസിയാതെ ഉമ്മാക്ക് ഉമ്മുമ്മയായി പ്രൊമോഷന്‍ കിട്ടും!

ഏതാണ്ട് ഒന്നൊന്നരമാസക്കാലം ഞാനനുഭവിച്ച ലാളനക്ക് മഞ്ഞുകാലത്തേക്കാള്‍ കുളിരും, പഞ്ഞിമിഠായിയേക്കാള്‍ മധുരവുമുണ്ടായിരുന്നു. വാപ്പയുടെ സാമീപ്യം തന്ന സുരക്ഷിതത്വത്തിനു മുന്നില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സെക്യൂരിറ്റി സിസ്റ്റം എത്ര മോശം! പുതുമണവാളനായ അനിയന്റെ ചിത്രവും, അവന്റെ ഉത്സാഹവും മനസ്സില്‍ നിറച്ച സുന്ദര വര്‍ണ്ണചിത്രങ്ങള്‍ ദൈവമല്ലാതെ ആരാണു വരച്ചത്? ബന്ധുക്കളും, ബന്ധങ്ങളും മനസ്സിന്റെ തോട്ടത്തില്‍ പൂക്കളായി വിരിഞ്ഞു; പുതുമഴയായി പെയ്തു. എല്ലാത്തിനുമുപരി സ്വര്‍ഗ്ഗം പ്രതീക്ഷിക്കുന്ന വല്ലിമ്മയുടെ എണ്ണമില്ലാത്ത ചുംബനങ്ങളില്‍ പ്രാര്‍ത്ഥനയുടെ, അനുഗ്രഹങ്ങളുടെ കൂമ്പാരങ്ങള്‍! കഴിഞ്ഞതിനു മുന്‍പത്തെ റമദാനില്‍ പടച്ചവന്‍ തിരിച്ചുവിളിച്ച പെരുമ്പാവൂരെ വല്ലിമ്മയുടെ ഖബറിനു മുകളില്‍ രണ്ടുചെടികള്‍ നല്ല പച്ചയില്‍ തളിര്‍ത്തിരിക്കുന്നു, അതിനുമേല്‍ ആത്മാഭിമാനിയായ ഒരു മുത്തശ്ശിപ്ലാവ് തണലിട്ടിരിക്കുന്നു!

മിടുക്കനായിരുന്ന പഴയ കളിക്കൂട്ടുകാരന്‍ സലാം ഞാന്‍ ചെന്നയുടെനെ വിളിച്ച് വിശേഷങ്ങള്‍ തിരക്കിയിരുന്നു। അനിയന്റെ കല്യാണത്തിനു ഞാന്‍ അവനെ ക്ഷണിക്കുകയും ചെയ്തു. പണ്ട് സ്കൂളവധിക്കാലത്ത് അതിരാവിലെ ജനാലക്കരികില്‍ വന്ന് എന്നെ മുട്ടിവിളിച്ച് തെങ്ങിന്‍ തോട്ടത്തിലേക്ക് പോയിരുന്നതും, അവിടെ കളിപ്പൂരത്തിന് തുടക്കം കുറിച്ചിരുന്നതുമെല്ലാം ഓര്‍മ്മകളില്‍ ഒട്ടും ക്ലാവുപിടിക്കാതെ അവന്‍ സൂക്ഷിച്ചുവച്ചിരുന്നു. ആ അവധികളും എന്റെ ഈ അവധിയും തമ്മിലുള്ള അന്തരത്തില്‍ അവന്‍ നിരാശപ്രകടിപ്പിച്ചു. അവന്റെ കടയിലേക്ക് ഇടക്കൊന്നിറങ്ങാന്‍ ആവശ്യപ്പെട്ടാണ് ഫോണ്‍ നിര്‍ത്തിയത്. രണ്ടുദിവസങ്ങള്‍ക്കു ശേഷം ഞാന്‍ തലവേദനയുടെ പിടിയില്‍ തളര്‍ന്നു കിടക്കവെ പഴയ ജനാലക്കരികില്‍ വച്ചിരുന്ന ഫോണ്‍ കരഞ്ഞത് ആ പഴയ സ്നേഹിതന്റെ മരണവാര്‍‌ത്തയുമായാണ്. അലക്ഷ്‌യമായി കുതിച്ചുപാഞ്ഞിരുന്ന ജീവിതവാഹനത്തിന് കടിഞ്ഞാണിട്ട്, ഉത്തരവാദിത്തങ്ങളിലേക്കുന്നമിട്ട്, കുടുംബഭാരവും വഹിച്ചു സാവധാനം അവന്‍ യാത്രതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ! പാതിവഴിയില്‍ എതിരേവന്ന ഒരു മിനിലോറി ആ മികച്ച ബാറ്റ്സ്‌മാനെ റണ്ണൗട്ടാക്കിക്കളഞ്ഞു. ഞാന്‍ വന്നു കണ്ട്, പറഞ്ഞിട്ടു പോകാന്‍ കാത്തിരുന്നതുപോലെ! വിജയശ്രീലാളിതരായി ബാറ്റുകള്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോയെടുക്കാന്‍ കൊതിച്ചവരാണു ഞങ്ങള്‍; പക്ഷെ അവന്റെ മൃതദേഹത്തിന്റെ ഇന്‍‌ക്വസ്റ്റിന് പോലീസിനുള്ള അഞ്ചു സാക്ഷികളില്‍ ഒരാളായിനിന്ന് പടമെടുക്കാനായിരുന്നു വിധി!

അങ്ങനെ സംഭവബഹുലമായ ഒരു യഥാര്‍ത്ഥ സ്വപ്നം മൂര്‍ദ്ധന്യത്തിലായിരിക്കേ അവധിയവസാനത്തിന്റെ ഭീകരമണി മുഴങ്ങി. വിവിധ വികാരങ്ങളുടെ അതിരുകളില്ലാത്ത ആ ലോകത്ത് നിന്നും അലാറങ്ങളുടെ അടച്ചിട്ട ലോകത്തേക്കുള്ള പറിച്ചുനടലിന്റെ ചിന്തകള്‍ ദു:സ്സ്വപ്നം പോലെ ദു:സ്സഹമായിരുന്നു. എങ്കിലും എന്റെ നിയോഗം ഞാനല്ലല്ലോ തീരുമാനിച്ചത്? സൃഷ്ടാവിന്റെ തീരുമാനങ്ങളാണ് ശരിയും നടപ്പാകുന്നതും. എനിക്കും അതിലേറെ എന്റെ കുടുംബത്തിന്റെ നന്‍‌മക്കും അതാണ് നല്ലത്!

വീണ്ടും പറക്കുകയാണ്. മനസ്സ് വീട്ടില്‍ മറന്നുവച്ചിരിക്കുന്നു. നെടുംബാശ്ശേരിയില്‍ നിന്നും ആ വിമാനം എന്നെപ്പോലെതന്നെ മനസ്സില്ലാത്ത കുറേ മനുഷ്യശരീരങ്ങളെയും വഹിച്ചാണ് പറന്നുയര്‍ന്നത്. സഹയാത്രികനായ സാധുമനുഷ്യന് വാപ്പയുടെ പ്രായമുണ്ട്. അയാള്‍ അതിരാവിലെത്തന്നെ രണ്ടു 'ആനമയക്കികള്‍' വീശിയതിന്റെ ദുര്‍ഗന്ധം എന്നെ തെല്ലും ദേഷ്യം പിടിപ്പിച്ചില്ല. ഒരുപിടിപ്രാരാബ്ധങ്ങലുടെ നിര്‍ബ്ബന്ധങ്ങളാകാം യുവാക്കളോടൊപ്പം ആ മനുഷ്യനെയും മരുഭൂമിരാക്ഷസന്റെ ശിങ്കിടിയായ ഈ വിമാനത്തിന്റെ വയറ്റില്‍ കൊണ്ടെത്തിച്ചത്!

കൊതിയോടെ വീണ്ടും താഴേക്കു നോക്കി. എന്റെ നാട്; അവള്‍ ഇപ്പോഴും സുന്ദരിയാണ്. തെങ്ങിന്‍ പൂച്ചെണ്ടുകള്‍ തെല്ലും വാടിയിട്ടില്ല. പുഴകള്‍ പക്ഷെ, അടിയേറ്റ നാഗങ്ങളെപ്പോലെ കിടന്നു പുളയുന്നു. വാഴത്തൈകള്‍ മെല്ലെ കണ്ണുതുടക്കുന്നു, വാകപ്പൂക്കള്‍ക്കു മീതെ മഘങ്ങള്‍ മറപിടിക്കുന്നു. അങ്ങോട്ടു പോയപ്പോള്‍ കളിപറഞ്ഞ് കൂടെയുണ്ടായിരുന്ന പ്രിയതമ കൂടെയില്ല. അവളിപ്പോള്‍ വീട്ടില്‍ ഉറക്കം നടിച്ചു കിടക്കുകയാകും. ഉമ്മ പ്രഭാത ഭക്ഷണം തയ്യാറാക്കുന്നുണ്ടാകും. വാപ്പയും അനിയനും എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലെത്തിയിട്ടുണ്ടാവും..! ഏതായാലും ഞാന്‍ വീണ്ടും പറന്നിറങ്ങിയിരിക്കുന്നു. പൂക്കളും പച്ചമരങ്ങളും, പുഴകളും പൂമരങ്ങളും ഒന്നുമില്ലാത്ത; പ്രിയപ്പെട്ടവരുടെ നിറകണ്ണുകളും ആകാക്ഷയും കൗതുകവുമില്ലാത്ത, ഒട്ടും സുന്ദരമല്ലാത്ത, വരണ്ടുണങ്ങിയ മറ്റൊരു ലോകത്തേക്ക്. സ്നേഹത്തിന്റെ ചെടികള്‍ പെട്രോളൊഴിച്ചാലൊന്നും വളരില്ലല്ലോ? മനുഷ്യത്വത്തിന്റെ പൂമരങ്ങല്‍ക്ക് പൂത്തപണം വളവുമല്ല..!

16 comments:

ആലുവവാല said...

സ്നേഹത്തിന്റെ ചെടികള്‍ പെട്രോളൊഴിച്ചാലൊന്നും വളരില്ലല്ലോ? മനുഷ്യത്വത്തിന്റെ പൂമരങ്ങല്‍ക്ക് പൂത്തപണം വളവുമല്ല..!

ശ്രീ said...

മനസ്സു തുറന്ന് എല്ലാം പറയുന്നത് കേട്ടിരിയ്ക്കുന്ന ഒരു ഫീല്‍!

“വിജയശ്രീലാളിതരായി ബാറ്റുകള്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോയെടുക്കാന്‍ കൊതിച്ചവരാണു ഞങ്ങള്‍; പക്ഷെ അവന്റെ മൃതദേഹത്തിന്റെ ഇന്‍‌ക്വസ്റ്റിന് പോലീസിനുള്ള അഞ്ചു സാക്ഷികളില്‍ ഒരാളായിനിന്ന് പടമെടുക്കാനായിരുന്നു വിധി!”

വിധി നമുക്കു വേണ്ടി കാത്തു വച്ചിരിയ്ക്കുന്നതെന്തെന്ന് നമുക്കറിയില്ലല്ലോ!

poor-me/പാവം-ഞാന്‍ said...

Good writing aluva vaala. this is my first and I will follow you be carefulllll....

poor-me/പാവം-ഞാന്‍ said...

This is my first knocking at your door...i will follow...

ഉറുമ്പ്‌ /ANT said...

good

പ്രതീഷ്‌ദേവ്‌ said...

വളരെ നല്ല എഴുത്ത്‌..ഭാവുകങ്ങള്‍..

hAnLLaLaTh said...

നന്നായിട്ടുണ്ട്... :)

Sheik Fayaz Bin Abdulrahman Al antharathara said...
This comment has been removed by the author.
Sheik Fayaz Bin Abdulrahman said...

"അവള്‍ ഇപ്പോഴും സുന്ദരിയാണ്. തെങ്ങിന്‍ പൂച്ചെണ്ടുകള്‍ തെല്ലും വാടിയിട്ടില്ല. പുഴകള്‍ പക്ഷെ, അടിയേറ്റ നാഗങ്ങളെപ്പോലെ കിടന്നു പുളയുന്നു. വാഴത്തൈകള്‍ മെല്ലെ കണ്ണുതുടക്കുന്നു, വാകപ്പൂക്കള്‍ക്കു മീതെ മഘങ്ങള്‍ മറപിടിക്കുന്നു...."

നല്ല വായനാ സുഖം തരുന്ന കൃതി.. നമ്മളെ പോലുള്ള പ്രവാസികള്‍ക്കു സിനിമയിലും സ്വപ്നത്തിലും പിന്നെ വര്‍ഷത്തില്‍ ചുരുങ്ങിയ നാളുകളിലും മാത്രം കാണാന്‍ കഴിയുന്ന കാഴ്ചകള്‍.. അതിന്റെ കൂടെ സ്വന്തം മക്കളെയും കാത്തു കണ്ണും നട്ടിരിക്കുന്ന മാതപിതാക്കള്‍.. സഹോദരങ്ങള്‍.. കൂട്ടുകാര്‍.. നാട്.. ഇവയെല്ലാം വളാരെ ചുരുങ്ങിയ സമയം കൊണ്ട് ചുരുങ്ങിയ വാക്കുകളില്‍ വായനക്കാരുടെ ഹൃദയത്തിലേക്കത്തിക്കാന്‍ കഴിഞു എന്നുള്ളതാണ് ഈ എഴുത്തിന്റെ പ്രത്യേകത.. പിന്നെ സ്ഥിരം ശൈലി വിട്ടുള്ള ഒരു കളിയും.. കൊള്ളാം.. അടിപൊളീടാ...

എന്നാലും നിന്നെ പോലുള്ള ഒരു പൊളിയുടെ അടുത്തൂന്നും ഇതൊക്കെ എങ്ങനാ വരുന്നത് എന്നാണ് ഞാന്‍ ആലോചിക്കുന്നത്... :) വേണ്ട മോനെ ഇതു വായിച്ചു രക്തം തിളക്കെണ്ട.. ഇനി നീ അടുത്ത ഒരു കഥയെഴുത്.. ടൈറ്റില്‍ ഞാന്‍ തരാം.. "നീല വെള്ളം" ആ കഥ നീ എഴുതണോ അതോ ഞാന്‍ എഴുതണൊ..??

shabna said...
This comment has been removed by the author.
shabna said...

ikkaka nannayittund
All the best

SreeDeviNair.ശ്രീരാഗം said...

മനുഷ്യത്വത്തിന്റെ
പൂമരങ്ങള്‍ക്ക്
സ്നേഹത്തിന്റെ വളം
നല്‍കൂ...
പൂക്കള്‍ക്ക്ആത്മാവിന്റെ
സുഗന്ധമുണ്ടാകട്ടെ...സസ്നേഹം,
ചേച്ചി.

Anonymous said...

nishad this is somthing awesome, lot of feeling too good

rafi said...

I like very much awesome words

ഉമ്മ റിട്ടയര്‍ ചെയ്ത് വീട്ടില്‍ വരുമ്പോള്‍ ഞാന്‍ അവിടെയുണ്ടാകണം എന്ന ആഗ്രഹം കൊണ്ടാണ് അവധി അല്പം നേരത്തെയാക്കിയത്.

too much , these needs to be deserved for all the people, whoes deeply loves their parents

i-am-rafeeq said...

I LIKE IT

bilaaaaal said...

2-3 masangal kazhinjulla post kalakki