Tuesday, March 16, 2010

'നന്ദികെട്ടവനെ'തിരെ മൂടുതാങ്ങികള്‍

ഹൊ..! വന്നു വന്ന് എഴുതാന്‍ അറിയാത്തവര്‍ക്കൊക്കെ ഒന്നും എഴുതാന്‍ പറ്റാത്ത അവസ്ഥയായി ഇപ്പോള്‍. ഒരു ലേഖനമെഴുതിയതിന്റെ പേരില്‍ എന്തൊക്കെ കേള്‍ക്കേണ്ടി വന്നു. എല്ലാവരും കൂടി ഇമെയിലുവഴി കല്ലെറിഞ്ഞു കൊന്നു. ഒരാള്‍‍ ബോറന്‍ എന്നു വിളിച്ചു. വേറൊരുത്തന്‍ അതു ശരിവച്ചു. പിന്നൊരാള്‍ ഞാന്‍ ഇടത്തേക്കു ചെരിഞ്ഞവനാണെന്നു കണ്ടുപിടിച്ചു. നെഗറ്റീവ് തിങ്കിംങ്ങിന്റെ ആശാന്‍ എന്ന് എന്നെ വിളിച്ചയാള്‍ക്കായിരുന്നു ഏറ്റവും രോഷം. എല്ലാം പോസിറ്റീവായിട്ടു കാണണമത്രെ..!അല്ല..ഒന്നു ചോദിച്ചോട്ടെ! എന്താണ് ഹേ ഈ പോസിറ്റീവ് തിങ്കിംഗ്? എന്തിലും ഏതിലും നല്ലവശങ്ങള്‍ കണ്ടെത്തുകയും ജീവിതത്തെ ആശയോടെ പ്രതീക്ഷയോടെ സമീപിക്കുകയും, പ്രതിസന്ധികളില്‍ തകരാതെ തളരാതെ അതിനെ നേരിടാന്‍ സജ്ജമായ മനസ്സാര്‍ജ്ജിക്കുകയും ചെയ്യുക എന്നതാണ് പോസിറ്റീവ് തിങ്കിംഗ് എങ്കില്‍ അതൊന്നും എന്നെ ആരും പഠിപ്പിക്കണ്ട. നിങ്ങള്‍ പോസിറ്റീവാണെങ്കില്‍ പോസിറ്റീവിനു പോസ്റ്റിട്ടവനാണു ഞാന്‍. അഹങ്കാരമാണിപ്പറഞ്ഞത് എന്നാര്‍ക്കെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ അത് അവരുടെ കുഴപ്പം, എന്റെയല്ല!അതല്ല ഗള്‍ഫ് ജീവിതം മടുത്തു എന്നു പറഞ്ഞതാണോ എന്റെ നെഗറ്റീവ് തിങ്കിംഗ്? വല്ലവനും ആധിപത്യമുള്ള നാട്ടില്‍ വല്ലവന്റെയും കീഴില്‍ അവന്‍ പറയുന്ന പണി ചെയ്ത് അവന്‍ തരുന്നതും വാങ്ങിയുള്ള ഈ ജീവിതം എനിക്കും ബോറഡിച്ചു എന്നു ഞാന്‍ പറഞ്ഞതാണോ നെഗറ്റീവ് തിങ്കിംഗ്? എങ്കില്‍ ലോകത്ത് ഏറ്റവും വലിയ നെഗറ്റീവ് തിങ്കിക്കുന്നവന്‍ നിങ്ങളാണെന്നു ഞാന്‍ പറയും. എനിക്കിത് ബോറഡിച്ചു എന്നു പറഞ്ഞാല്‍ എനിക്കു താല്‍‌പര്യമുള്ള മറ്റെന്തോ ഉണ്ട് എന്നാണതിനര്‍‌ത്ഥം. എനിക്കൊരു വിശാലമായ ഭാവിയുണ്ടെന്നും, അത് എനിക്ക് ആധിപത്യമുള്ള നാട്ടിലാണെന്നും, അവിടെ ഞാനാണ് എന്റെ അധികാരിയെന്നും, ആ ജീവിതമാണ് എനിക്ക് വേണ്ടത് എന്നുമൊക്കെ ആശിക്കുന്നതും അതിനുവേണ്ടി സംസാരിക്കുകയും ചരിക്കുകയും ചെയ്യുന്നു എന്നത് എന്റെ പോസിറ്റീവ് തിങ്കിംഗും പോസിറ്റീവ് ആറ്റിറ്റ്യൂടും അല്ലാതെ മറ്റെന്താണ്? അടിമത്തം എനിക്കു മടുത്തു എന്നു പറയുമ്പോള്‍ ഉടമത്തം ഞാന്‍ കൊതിക്കുന്നു എന്ന പോസിറ്റീവ് കൊതി എന്തേ കൂട്ടുകാരാ നിനക്കു കാണാന്‍ കഴിഞ്ഞില്ല?ഇനി; പ്രവാസികളെ ഇന്ത്യാഗവണ്മെന്റ് അവഗണിക്കുന്നു എന്നു പറഞ്ഞതാണ് ഞാന്‍ തുപ്പിയ മറ്റൊരു നെഗറ്റീവ് എങ്കില്‍ ആ നെഗറ്റീവ് ഛര്‍ദ്ദിക്കാനാണ് ഇനി എന്റെ തീരുമാനം. ബുദ്ധിമുട്ടുന്നവര്‍ക്കു വേണ്ടി ശബ്ദിക്കാനും അവര്‍ക്കു വേണ്ടി നിലകൊള്ളാനുമാണ് എന്നെ വാപ്പ പഠിപ്പിച്ചിട്ടുള്ളത്. ഇത് നെഗറ്റീവാണ് എന്നു പറഞ്ഞയാളുടെ പിതാവും അതുതന്നെയാകും പഠിപ്പിച്ചിട്ടുണ്ടാകുക. അതാണ് ശരിയും പോസിറ്റീവ് നിലപാടും. പിന്നെ അവഗണന വലിയ നേതാക്കളുടെ ഭാഗത്ത് നിന്നാകുമ്പോള്‍, ആരോപണം നേതാക്കള്‍ക്കും കൊലകൊമ്പന്‍ മാര്‍ക്കുമെതിരാകുമ്പോള്‍ അത് നെഗറ്റീവാകുന്ന സമ്പ്രദായം 'അപ്പപ്പോള്‍ കണ്ടവനെ' വിളിക്കുന്ന ശൈലിയാണ്. അപ്പണിക്ക് എന്നെ കിട്ടില്ല.നമ്മുടെ നേതാക്കളെ അവര്‍ ശരിയാണെങ്കിലും തെറ്റാണെങ്കിലും കുറ്റപ്പെടുത്തരുത് പോലും! അവര്‍ രാജ്യത്തിനു വേണ്ടി എന്തു ചെയ്തു എന്നതാണ് വലിയ കാര്യമത്രേ! അവര്‍ രാജ്യത്തിനു വേണ്ടി ഒന്നും ചെയ്തില്ല എന്നു ഞാന്‍ പറയില്ല. പക്ഷെ, ആയിരം കാര്യങ്ങള്‍ ചെയ്താലും അവശ്യം ചെയ്യേണ്ട് ഒരുകാര്യം ചെയ്യാതെ ബാക്കിയുണ്ടെന്ങ്കില്‍ അത് നേതൃത്വത്തിന്റെ കഴിവുകേടോ, അവഗണനയോ ആണ്. അത് നേതൃ നീതിക്ക് വിരുദ്ധമാണ്. എന്നിരിക്കെ, സൗദി സന്ദര്‍ശന വേളയില്‍ സാദാ കഷ്ടപ്രവാസികളെ കണ്ടില്ലെന്നു നടിച്ചതടക്കം ഒരുപാടുകാര്യങ്ങള്‍ ചെയ്യാതിരുന്നു, ചെയ്യാതിരിക്കുന്ന പ്രധാനമന്ത്രിയും ഗവണ്മെറ്റ്നും അനീതി കാണിച്ചു എന്നു പറഞ്ഞതാണോ നെഗറ്റീവ് അപ്രോച്ച്. കുളത്തില്‍ വീണ് മുങ്ങിത്താഴുന്ന പെണ്‍കുട്ടിയെ എടുത്തു ചാടി രക്ഷിക്കുന്നത് ഒരു നല്ല പ്രവൃത്തിയാണ്. പക്ഷെ അവളെ കരയിലുപേക്ഷിച്ച് കരക്കാര്‍ക്ക് മാനഭംഗപ്പെടുത്താന്‍ ഇടകൊടുക്കുകയും, അത് കണ്ടില്ലെന്നു നടിക്കുകയും ചെയ്താലോ? ആദ്യത്തെ രക്ഷാപ്രവര്‍ത്തനം പോലും അപ്പോള്‍ കുറ്റകരമായി മാറും! അതു കുറ്റമാണെന്നു വിളിച്ചു പറയുന്നത് നെഗറ്റീവ് തിങ്കിംഗ് ആണെന്നു പറയാന്‍ ആണായിപ്പിറന്ന ആണിനോ പെണ്ണായിപ്പിറന്ന പെണ്ണിനോ കഴിയില്ല!പോസിറ്റീവ് തിങ്കിംഗ് എന്നത് ഫലപ്രദമായ ഒരു മനോശൈലിയാണ്. യഥാസമയ പ്രതികരണശേഷിയും, ശക്തമായ നീതിബോധവുമാണതിന്റെ ആണിക്കല്ല്. കോണ്‍ഗ്രസ്സുകാരനായിപ്പോയി എന്നത് 'ഇംപൊട്ടന്റ്' ആകുന്നതിനുള്ള ന്യായീകരണമല്ല. കോണ്‍ഗ്രസ്സുകാരനല്ലെങ്കിലും ശേഷിക്കുറവും ഷണ്ഠത്വവും അലങ്കാരമായിട്ടെടുത്തു ചാര്‍ത്തരുത്; പറഞ്ഞേക്കാം!

7 comments:

ആലുവവാല said...

പോസിറ്റീവ് തിങ്കിംഗ് എന്നത് ഫലപ്രദമായ ഒരു മനോശൈലിയാണ്. യഥാസമയ പ്രതികരണശേഷിയും, ശക്തമായ നീതിബോധവുമാണതിന്റെ ആണിക്കല്ല്. കോണ്‍ഗ്രസ്സുകാരനായിപ്പോയി എന്നത് 'ഇംപൊട്ടന്റ്' ആകുന്നതിനുള്ള ന്യായീകരണമല്ല. കോണ്‍ഗ്രസ്സുകാരനല്ലെങ്കിലും ശേഷിക്കുറവും ഷണ്ഠത്വവും അലങ്കാരമായിട്ടെടുത്തു ചാര്‍ത്തരുത്; പറഞ്ഞേക്കാം!

jayanEvoor said...

“എനിക്കിത് ബോറഡിച്ചു എന്നു പറഞ്ഞാല്‍ എനിക്കു താല്‍‌പര്യമുള്ള മറ്റെന്തോ ഉണ്ട് എന്നാണതിനര്‍‌ത്ഥം.”

എങ്കിൽ കൊള്ളാം!

എന്തായാലും അല്പം തണുക്കൂ സഹോദരാ!

(പിന്നെ ഷണ്ഠത്വം അല്ല; ഷണ്ഡത്വം ആണ് ശരി)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

എന്തോ പ്രശ്നമുണ്ടല്ലോ..ഞാൻ ആ പോസ്റ്റ് കൂടി വായിക്കട്ടെ. എന്തായാലും പ്രഷർ കൂട്ടാതെ നോക്കുക.. ഭാവുകങ്ങൾ

( O M R ) said...

ശേഷിയും ശേമുഷിയും ഉള്ളവനെ കല്ലെറിയാനാണ് ജനതാല്പര്യം.
മസ്തിഷ്ക്കമുള്ളവന്‍റെ മസ്തകത്തിനിട്ടു തട്ടുന്നതാണ് പുതിയ ശൈലി.
എനിക്കും കിട്ടി സഹോദരാ മെയില്‍ വഴി 'ഭരണിപ്പാട്ട്'. (ഞാന്‍ ചെയ്ത തെറ്റെന്തെന്നു അറിയണോ?
ഒരഭിപ്രായം പോസ്റ്റ്‌ ചെയ്തു.)
താങ്കള്‍ നീണാള്‍ വാഴട്ടെ, ഭാവുകങ്ങള്‍..

പ്രതിധ്വനി said...

http://gulf.manoramaonline.com/cgi-bin/MMOnline.dll/portal/ep/gulfContentView.do?tabId=15&programId=6722890&BV_ID=@@@&contentId=6918055&contentType=EDITORIAL&articleType=Malayalam%20News

പ്രതിധ്വനി said...

manormayil koduthatho
atho
kattatho??

ആലുവവാല said...

ഹി ഹി...കട്ടതല്ല....
മനോരമയില്‍ ഇതു കൊടുത്തിരുന്നു...
പക്ഷെ ...അവര്‍ എഡിറ്റ് ചെയ്ത് കളഞ്ഞു...