Thursday, March 6, 2008

ലോലന്‍റെ ലീലകള്‍..!

പരമ രസികനാണ് ഷംസു. ലോലന്‍ എന്ന കളിപ്പേരിനു ഇത്രയധികം യോഗ്യനായ മറ്റൊരു മനുഷ്യക്കുട്ടിയും ഈ ലോകത്തുണ്ടാവില്ല. ആരോ മീന്‍പൊതിഞ്ഞിട്ട് വാഴച്ചോട്ടിലേക്കു വലിച്ചെറിഞ്ഞ മംഗളത്തിന്റെ കടലാസ്സീന്ന് അങ്ങനെത്തന്നെ എഴുന്നേറ്റുവന്നതാണെന്നാണ് ലോലനെക്കുറിച്ച് ഒരു കാലിനു നീളംകുറവുള്ള ഉമ്മുക്ക പറയാറ്. നമ്മുടെ ലോലന് മംഗള ലോലനോട് അത്ര രൂപ സാദൃശ്യമുണ്ട്. എന്നാലും ഒരു ചെറുപ്പക്കാരനെപ്പറ്റി, അതും നമ്മട സൈതുക്കാടെ മോനെപ്പറ്റി അങ്ങനെ അങ്ങു പറയാമോ? പറയാം എന്ന് ഞാന്‍ പറയും!. ആരും പറഞ്ഞുപോകും. അത്രക്കുണ്ടവന്റെ കയ്യിലിരിപ്പ്!.

ലോലന്റെ വക കളിപ്പേരു കിട്ടാത്തവരായി ആരും അവന്റെ മുന്നിലൂടെ കടന്നു പോയിട്ടില്ല. അവനിടുന്ന പോലെ അത്ര ആപ്റ്റായ പേരിടുന്ന ഒരു മിടുക്കനെയും ഞാന്‍ പരിചയപ്പെട്ടിട്ടുമില്ല. നാട്ടിലെ പ്രധാന കോഴിയായ കുട്ടൂസന്‍ ജോര്‍ജ്ജിന്റെ (നാമം:ലോലന്‍ വക) പെങ്ങടെ കല്യാണത്തിന്റെ അന്ന് വൈകീട്ടു നാട്ടുകാരെ പരിചയപ്പെടാന്‍ വന്ന പുതിയാപ്ലക്ക് ലോലനിട്ട പേര് "കോഴിഅളിയന്‍"!. ചായക്കടക്കാരനും എടത്തല വടം വലി ടീമിന്റെ ക്യാപ്റ്റനുമായ വീരാനി‌ക്കാക്ക് "വടവീരന്‍"! അല്പം മെലിഞ്ഞവനും ഫുട്ബാള്‍ ടീമിന്റെ സ്ഥിരം ഗോളിയുമായ ഷറഫിന് "ഒണക്ക ഡിങ്കന്‍". ഒരു കൈ വളഞ്ഞിരിക്കുന്ന പലചരക്കുകടക്കാരന്‍ രാജേഷിന് "പൊക്ലിന്‍". ഞായറാഴ്ചകളില്‍ വളക്കച്ചോടത്തിനു വരുന്ന ചൂടന്‍ ഗോപാലേട്ടന് "വളയപ്പന്‍"!
ഇങ്ങനെ തൊരപ്പന്‍, വട്ടിവാസു, പൂച്ചപ്പോലീസ് തുടങ്ങി ഒരുപാടു പേരുകളും പലരെയും കാണുമ്പോളുള്ള വിവിധ ആക്ഷനുകളും കൊണ്ട് ലോലന്‍ പലരുടെയും കണ്ണിലെ കരടും ചില കുരീലുകളുടെ കണ്ണിലുണ്ണിയുമായി.

ഉമ്മുക്ക അവനെക്കുറിച്ചു പറയാറുള്ളത് ഞാന്‍ ആദ്യമേ പറഞ്ഞല്ലോ? പാവം ഗതികെട്ടിട്ട് ഒരുപാടാലോചിച്ച് ഉണ്ടാക്കിയെടുത്തതാണത്. പുക്കാട്ടുപടീപ്പോയി ആരും കാണാതെ രണ്ടെണ്ണം വിട്ടു ഒന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ ഉമ്മുക്ക സ്ഥിരമായി ജംക്ഷനില്‍ വരും. പഴയകാലത്ത് ഒരു മന്ത്രിയുടെ വലംകയ്യും അടിച്ച വെള്ളം വയറ്റീത്തന്നെ കെടക്കുന്നയാളുമായത്കൊണ്ട് ആരും അത് കാര്യമാക്കാറുണ്ടായിരുന്നില്ല. പക്ഷെ ലോലന്‍ വിടൂല്ല. ഉമ്മുക്ക വീരാന്‍‌ക്കാടെ കടേന്ന് ഒരു കട്ടന്‍‌ചായ വാങ്ങി കുടിക്കാനിരുന്നാ അവന്‍ അച്ചാറു മുന്‍പില്‍ കൊണ്ടു വച്ച് കൊടുക്കും;ഒരു കമന്റും;"ടച്ചിംഗ്സാ"!. അതിന് ഉമ്മുക്കാടെ തെറിവിളിയും മറുവിളിയും ഒക്കെ മുറക്ക് നടക്കാറുണ്ട്.

അന്ന്, ആരെക്കളിയാക്കും എന്നു കരുതി ലോലനും സില്‍ബന്ധികളും അങ്ങനെ ഇരിക്കുന്ന നേരത്താണ് ഉമ്മുക്ക കവലയിലേക്കു നീളം കുറവുള്ള ഉറക്കാത്ത കാലെടുത്ത് വച്ചത്. കുറച്ചു നേരം വളരെ മാന്യനായി തല മനപ്പൂര്‌വം ഉയര്‍ത്തിപ്പിടിച്ചു നിന്ന ഉമ്മുക്കാനെ വീക്ഷിച്ചശേഷം ലോലന്‍ പതുക്കെ എഴുന്നേറ്റു മൂരിനിവര്ത്തി. എന്നിട്ട് ആരോടെന്നില്ലാതെ ഉറക്കെ പറഞ്ഞു "പുക്കാട്ടുപടിയിലെ ഷാപ്പു പൂട്ടീന്നാ കേട്ടേ!", എന്നിട്ടു ഇടങ്കണ്ണീട്ട് ഉമ്മുക്കാനെ ഒരു നോട്ടം. 'ഇപ്പൊ ഞാന്‍ വീശീട്ടെറങ്ങിയ ഷാപ്പ് പൂട്ടീന്നോ' എന്നമ്പരന്നു ഉമ്മുക്ക നില്‍ക്കുമ്പോ ലോലന്‍ വീണ്ടും, " മിനിഞ്ഞാന്ന് മുതല്‍ അവിടെ സപ്ലേ ഇല്ല!".
തന്റെ പ്രിയപ്പെട്ട ഷാപ്പിനെപ്പറ്റി അനാവശ്യം പറയണത് സഹിക്കാതെ വന്നതുകൊണ്ടാകണം നിഷ്ക്കളങ്കനായ ഉമ്മുക്കപറഞ്ഞുപോയി, "ഈ ക്ണാപ്പന്‍ ചുമ്മാ പോളിക്കണതാ, ഇപ്പൊ ഞാന്‍ അവിടന്നാ വരണത്, അവിടെ ഷാപ്പൂണ്ട് സപ്ലേണ്ട്, അവന്റെ ചെകിട് നോക്കി ഒന്ന് കൊടുത്തേടാ വീരാനേ!".

പോരേ പൂരം!. ആളുകള്‍ ചിരിതുടങ്ങിയപ്പോഴാണ് പറ്റിയ അബദ്ധം ഉമ്മുക്കാക്കു മനസ്സിലായത്. കവലയില്‍ കൂടിയ കാര്‍‍ന്നോന്മാര്ടേം, പിള്ളേര്ടേം ഒക്കെ മുന്‍പില് ഞാന്‍ പുക്കാട്ടുപടീന്ന് രണ്ടെണ്ണം വിട്ടിട്ടാ വന്നിരിക്കണേന്ന് ഉറക്കെ വിളിച്ച് പറഞ്ഞമാതിരി ആയില്ലേ? ലോലന്റെ ആക്കിയുള്ള ചിരികൂടിആയപ്പൊ ഉമ്മുക്ക അവനു നേരെ പാമ്പായി കുതിച്ചു ചെന്നു. "എങ്ങാണ്ടു കെടന്ന മംഗളത്തില്‍ ആരാണ്ട് വരച്ച പടത്തീന്ന് നീ ഇങ്ങോട്ട് എറങ്ങിവന്നതെന്തിനാടാ ...മോനെ? നിനക്ക് വല്ല അങ്ങടും പോകാന്‍പാടില്ലാര്‍ന്നോ?".

"ഉമ്മുക്കാനോട് ഞാന്‍ വല്ലതും പറഞ്ഞോ? എന്റെ മേത്തേക്ക് കേറണതെന്തിനാന്നേ? പിന്നെ പടത്തിന്റെ കാര്യം ഇക്ക പറയര്ത്..." ഒരു തത്വജ്ഞാനിയെപ്പോലെ ലോലന്‍ പറഞ്ഞു തുടങ്ങി,"...ഈ ലോകം മുഴുവന്‍ ആരോ വരച്ച ചിത്രമാണുമ്മുക്കാ!.ഞാനും, ഇവരും, ഉമ്മുക്കായും ഒക്കെ. പക്ഷെ എന്റെ അറിവ് ശരിയാണെങ്കില്‍ ഉമ്മുക്കാനെയാ ലാസ്റ്റ് വരച്ചത്! ഉമ്മുക്കാനെ വരച്ച് തീരാറായപ്പോഴേക്കും മഷിതീര്‍ന്നു പോയിട്ട്‌ണ്ടാവും! അതോണ്ടാ കാല് പാതിയായിപ്പോയത്!".

ഉമ്മുക്ക ലോലനെ കടന്നു പിടിച്ചൂന്ന് ഞാന്‍ പറയണ്ടല്ലോ? അവന്റെ സ്ഥിരം കോട്ട ഇന്ന് ഉമ്മുക്കാടടുത്ത്‌ന്ന് കിട്ടി ബോധിച്ചു. പക്ഷെ പകരമായി, അത്രപോരെങ്കിലും പുതിയ ഒരു പേരു ലോലന്‍ ഉമ്മുക്കാക്ക് സമ്മാനിച്ചു; "വരതീരാത്ത പടം"! വിളീക്കാന്‍ എളുപ്പത്തിന് കാലക്രമേണ അവന്‍‌തന്നെ അതു ലോപിപ്പിച്ചു "വരതീരാ..."!.

10 comments:

ആലുവവാല said...

ഏതു നിമിഷവും ഞാന്‍ ഒരു ഭീകരഫോണ്‍കാള്‍ പ്രതീക്ഷിക്കുന്നു! മറുതലക്കല്‍ ലോലന്‍ എന്ന ഷംസു എന്നോടു പറയും "ടാ, നീ എന്നെക്കുറിച്ചെഴുതി അല്ലേ?" പിന്നെ അവന്‍ എനിക്കു പുതിയൊരു പേരും സമ്മാനിക്കും!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പക്ഷേ ഇത് ലോലനെ പൊക്കിക്കോണ്ടല്ലേ എഴുതീത്? അതിനെന്താ പ്രശ്നം.. എന്തായാലും ലോലന്റെ നമ്പറുകൊള്ളാം.

നവരുചിയന്‍ said...

ആ പേരു ഉടനെ പോസ്റ്റ് ആക്കണേ......

ഇസാദ്‌ said...

:)

ആലുവവാല said...

കെ. ചാത്തോ..ലോലനെ പൊക്കാന്‍ ഉദ്ദേശിച്ചല്ല എഴുതിത്തുടങ്ങിയത്. പക്ഷെ പറഞ്ഞു വന്നപ്പൊ അതങ്ങനെയായിപ്പോയി. അത് എന്റെ കൊറവോ, ലോലന്റെ 'കൂടുതലോ' ആയിരിക്കാം...!

ഷിജു അലക്സ്‌‌: :Shiju Alex said...

വിക്കിപീഡിയയും അതിന്റെ സഹോദര സംരംഭങ്ങളും എന്താണെന്നു അറിയാന്‍ ഈ പോസ്റ്റ് വായിക്കുക.

മലയാളം വിക്കിഗ്രന്ഥശാല (http://ml.wikisource.org) ബ്ലൊഗിന്റെ പരസ്യവും മറ്റും ഇടാനുള്ള നോട്ടീസ് ബോര്‍ഡ് അല്ല.

മലയാളം വിക്കി ഗ്രന്ഥശാലയില്‍ ആലുവ എന്ന ഒരു താള്‍ ഉണ്ടാക്കിയിട്ടു അതു വഴി നടത്തുന്ന എഡിറ്റുകളെ കുറച്ചാണു സൂചിപ്പിക്കുന്നത്.

ആ താള്‍ താമസിയാതെ ഒഴിവാക്കുന്നതായിരിക്കും. വിക്കിഗ്രന്ഥശാലയും വിക്കിപീഡിയയും ഒക്കെ എന്താണെന്നു അറിയാന്‍ മുകളില്‍ തന്ന ലിങ്കിലുള്ള പോസ്റ്റ് വായിക്കുക

സ്നേഹാശംസകളോടെ.

ഷിജു

ആലുവവാല said...

വിക്കിപിഡിയേടേം സഹോദരന്മാരുടേം മൊതലാളീ ഷിജുസാറ് എന്നെ വഴക്ക് പറഞ്ഞു. വിക്കീപീഡിയ, ബ്ലോഗിന്റെ പരസ്യവും മറ്റും ഇടാനുള്ള നോട്ടീസ് ബോര്‍ഡ് അല്ലാന്നും പുള്ളി പറഞ്ഞു.
അല്ലെങ്കി വേണ്ട! അതു മായ്ചു കളഞ്ഞേക്ക്. പക്ഷെ, പരസ്യം പതിക്കരുത് എന്ന് എഴുതിവക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍‍ ഇനീം പല വഴിപോക്കരും അതില്‍ പലതും എഴുതി എന്ന് വരും. സാറിന് മായ്കാനേ നേരമുണ്ടാകൂ.

പിന്നെ "ബ്ലോഗിന്റെ പരസ്യവും മറ്റും" എന്ന പ്രയോഗം എനിക്കിഷ്ടപ്പെട്ടിട്ടില്ല..! ബ്ലോഗില്ലാത്തൊരു കളിയില്ല എന്നും പറഞ്ഞ് ഞങ്ങള് ബൂലോഗപിള്ളേര് അങ്ങട് എളകിയല്ണ്ടല്ലാ....ആ...!

പിന്നെ വിക്കി നോട്ടീസ് ബോര്‍ഡല്ലാന്ന് ഷിജുസാറ് പറഞ്ഞല്ലോ? സാറിനോടാരാ പറഞ്ഞേ ആലുവവാലയില്‍ വന്ന് വഴക്ക് കമന്റിടാന്‍? ആലുവവാല ഷിജുസാറിന്റേം മറ്റും കൊരസ്യം ഇടാനുള്ള നോട്ടീസ് ബോര്‍ഡല്ല!

കുഞ്ഞന്‍ said...

ഹഹ..

ഇതും തകര്‍പ്പന്‍..!

പിന്നെ ഷിജുവിനു നല്‍കിയ മറുപടിയും കിടിലന്‍..ബോധിച്ചു മാഷെ..!

ആ വേഡ് വെരിഫിക്കേഷന്‍ ഒരു ശല്യമായി മാറുന്നല്ലൊ, എന്താ വഴി..?

ആലുവവാല said...

കുഞ്ഞേട്ടാ! നന്ദി പറയാന്‍ പറ്റാത്തത്കൊണ്ട് നന്ദി എഴുതുന്നു! താങ്കളുടെ കമന്റുകള്‍ എനിക്ക് വലിയ പ്രോത്സാഹനമായിരിക്കുന്നു. എത്രയും വേഗം ഒരു പോസ്റ്റ് കൂടി ഇട്ട് കമന്റടി വാങ്ങാന്‍ പൂതിയായി.

ഷിജുസാറിന്റെ വഴക്ക് പേഴിച്ച് കമന്റ് മോഡറേഷന്‍ ഓണ്‍ അക്കിയപ്പൊ അറിയാതെ വേര്‍ഡ് വെരിഫിക്കേഷന്‍ ഓണായതാണ്. സോറി. ഇപ്പോള്‍ ഓ.ക്കെ ആണ്; ഏതു വേര്‍ഡും പോവും.

ഒരിക്കല്‍ക്കൂടി നന്ദി.

നല്ല സ്നേഹത്തോടെ, ആലുവവാല.

ഗീതാഗീതികള്‍ said...

ആലുവാ, അവിടെ വന്നതില്‍ നന്ദി, കാരണം അതുകൊണ്ടെനിക്ക് ഇവിടെയെത്താന്‍ പറ്റി. തമാശപോസ്റ്റുകളേറെ ഇഷ്ടമാണെനിക്ക്...

വട്ടപ്പേരുകളിടാന്‍ ചിലര്‍ക്ക് വല്ലാത്ത സാമര്‍ത്ഥ്യം തന്നെയാണ് . പേരുകളെല്ലാം വളരെ apt ആയിരിക്കയും ചെയ്യും....

ചില കോളേജദ്ധ്യാപകര്‍ക്ക് ഉണ്ടായിരുന്ന ചില വട്ടപ്പേരുകളിതാ...

ദേഷ്യക്കാരനും‍ മെലിഞ്ഞ ശരീരപ്രകൃതിയുമുള്ള കെമിസ്റ്റ്രി സാറിന് പേര് ഗ്ലാസ്സ് റോഡ്.
മറ്റു 2 ദേഷ്യക്കാര്‍ (ലേഡി ടീചര്‍മാര്‍)- കടുവ, കൊച്ചുകടുവ.
വളരെ സ്പീഡില്‍ നടക്കുന്ന സാറിന്നു പേര് -പിരിഡിന്‍.
ആ സ്പീഡ് സംസാരത്തിലും കൂടി ഉണ്ടായിരുന്ന സാറ്‌ - പിപ്പിരിഡിന്‍
സ്വാഭാവികമായി തമാശ പറയാന്‍ പറ്റുന്നത് ഒരു കഴിവുതന്നെയാണേ....
ലോലനെ എന്റെ അഭിനന്ദനം അറിയിച്ചേക്കൂ......