Saturday, December 6, 2008

ഒരു കൊച്ചു പട്ടിക്കഥ.

ടീനെജിന്റെ പ്രാരംഭ കാലം। കേരളത്തിലെ ഏതാണ്ടെല്ലാ ഗ്രാമ, നഗരവാസികളെയും പോലെ എടത്തലക്കാരും ശ്വസിച്ചുകയറ്റിയ്യിരുന്ന ജീവവായുവില്‍ ഓക്സിജനും, ഓടമണവും, കരിയും പുകയും പൊടിപടലങ്ങള്‍ക്കും പുറമേ ഞായറാഴ്ച പ്രഭാതങ്ങളില്‍ നല്ല പോത്തിറച്ചിയുടെയും ചോരയുടെയും ഗന്ധം കൂടി കലര്‍ന്നിരിക്കും. കാട്ടുറബ്ബര്‍ പത്തലുകളില്‍ പഞ്ചാരച്ചാക്കുകെട്ടിയുണ്ടാക്കിയ ഇറച്ചിക്കടകളില്‍ തൂങ്ങിയാടുന്ന പോത്തിന്‍ കൊറവുകളില്‍ നിന്നും പഞ്ചായത്തു പൈപ്പുകളില്‍ വെള്ളം വരുന്ന പോലെ തുള്ളിതുള്ളിയായി വീഴുന്ന ചോര ഒഴുകാത്ത ഓടകളില്‍ കട്ടപിടിച്ച് കെട്ടിക്കിടന്ന് പരക്കുന്ന ആ ഗന്ധം ഞായറാഴ്ചകള്‍ക്ക് എന്തെന്നില്ലാത്ത് ഒരുന്‍‌മേഷവും ഉണര്‍വ്വും നല്‍കിയിരുന്നു. സാധാരണ ദിവസങ്ങളില്‍ പാത്തുക്കുട്ടിത്താത്താടെ തിളങ്ങുന്ന കാപ്പിവാലുള്ള പൂവന്റെ കൊക്കരക്കോ കേട്ടുണര്‍ന്നിരുന്ന എടത്തല എന്ന എന്റെ ഗ്രാമം ഞായറാഴ്ചകളില്‍ ഉണരണമെങ്കില്‍ ചോരവറ്റാത്ത പോത്തിറച്ചിയും എല്ലും വെട്ടിമുറിച്ച് പുളിമുട്ടികളില്‍‍ വന്നിടിക്കുന്ന വെട്ടുകത്തികളുടെ അക്രമതാളത്തിലുള്ള ശബ്ദം തന്നെ വേണമായിരുന്നു!

ടീനെജിന്റെ മധ്യകാലമായപ്പോഴേക്കും ഈ ഗന്ധത്തിന്റെയും ശബ്‌ദത്തിന്റെയും ഫലമായി എടത്തലയിലാകെ വല്ലാത്തൊരു ശല്യം മുളച്ചുപൊന്തി। യത്തീംഘാനയുടെ വലത്തേമൂലയില്‍ തുടങ്ങി തുരുത്തിന്റെ വടക്കുകിഴക്കേമൂലവരെ ഏതാണ്ട് ഒരു കിലോമീറ്റര്‍ കോണായി പടര്‍ന്നു കിടന്നിരുന്ന കൂറ്റന്‍ റബ്ബര്‍തോട്ടത്തിന്റെ മധ്യഭാഗത്തെങ്ങോ കാടുപിടിച്ചു കിടന്നിരുന്ന കല്ലുവെട്ടു കുഴികളില്‍ താവളമുറപ്പിച്ചിരുന്ന രണ്ടോ മൂന്നോ അസംഘടിത ബിലോ പോവര്‍ട്ടി ലൈന്‍ ശുനകഫാമിലികള്‍; പട്ടിപിടുത്തക്കാരുടെ കണ്ണുവെട്ടിച്ചും, പഞ്ചായത്തിന്റെ കുടുംബാസൂത്രണ സൂത്രങ്ങളുടെ പിടിപ്പുകേടും തിരിമറിയും മുതലെടുത്തും അംഗസംഖ്യ വര്‍ദ്ധിപ്പിക്കുകയും ശക്തിപ്രാപിക്കുകയും ചെയ്തത് എടത്തലക്കാര്‍ അറിയുന്നത് ഏറെ വൈകിയാണ്। ആദ്യമാദ്യം എടത്തലയുടെ പലദിക്കിലുമുള്ള വിവിധ ഇറച്ചിക്കടകളിലേക്കുമായി മുതിര്‍ന്നവരും, സ്ഥലപരിചയവുമുള്ളവരുമായ ഒന്നോ രണ്ടോ ശുനകവീരന്‍‌മാരെ വേസ്റ്റ്കളക്ഷനയക്കുകയും അവര്‍ നയതന്ത്രപൂര്‍‌വ്വം ചൂണ്ടിയെടുത്ത് റബ്ബര്‍തോട്ടത്തിലെ മടകളില്‍ എത്തിച്ചിരുന്ന ഐറ്റംസ് കൃത്യമായി വീതിച്ചെടുത്ത് സംതൃപ്തിയടയുകയായിരുന്നു പതിവ്. പക്ഷെ; മക്കളൊക്കെ വളര്‍ന്നു വലുതാവാന്‍ തുടങ്ങിയതോടെ പാലായിലെ റബ്ബര്‍‌ ബേസ്ഡ് കേരള കോണ്‍ഗ്രസ്സുകാരെപ്പോലെ, എടത്തലയിലെ റബ്ബര്‍തോട്ടം മട ബേസ്ഡ് പട്ടിപ്പിതാക്കളും തന്റെ മക്കളെ കൂട്ടത്തില്‍ ആളാക്കാന്‍ വേണ്ടീ ചരടുവലികള്‍ തുടങ്ങുകയും 'ബേ' മുതല്‍ 'ബൗ', 'ബം' 'ബ' വരെയുള്ള വിവിധ പേരുകളില്‍ പാര്‍ട്ടികള്‍ രൂപീകരിച്ച് കടിച്ച്‌പിരിയുകയും ചെയ്തുവത്രെ! പട്ടിക്കും തന്‍‌കുഞ്ഞ് കാക്കക്കുഞ്ഞ്!

ഇതിനിടയില്‍ പലപല കാരണങ്ങളാന്‍ എടത്തലയിലെ എറച്ചിക്കടകളുടെ എണ്ണം കുറയുകയും, യതീംഖാനയുടെ ഇടത്തേ മൂലയിലുണ്ടായിരുന്ന അബൂക്കാടെ ഒരേഒരിറച്ചിക്കടയൊഴികെ ബാക്കിയെല്ലാം പൂട്ടി പുളിമുട്ടികള്‍ ചിതലുകള്‍ പാട്ടത്തിനെടുക്കുകയും ചെയ്തു. ഇതോടെയാണ് ഞാന്‍ നേരത്തേ സൂചിപ്പിച്ച ഞായറാഴ്ചകളിലെ ശല്യം അതിന്റെ സകല അതിരുകളും ലംഘിച്ച് പുറത്തു‌ കടക്കുന്നത്. വിവിധ ഇറച്ചിക്കടകളിലേക്കായി ശാന്തരായി പോയിരുന്ന ശുനകസംഘങ്ങളെല്ലാം കൂടി ഞായറാഴ്‌ച പുലര്‍ന്നാല്‍ അബുക്കാടെ ഇറച്ചിക്കടയിലേക്ക് മുദ്രാവാക്യം വിളിച്ചു പോകാന്‍ തുടങ്ങി. ഗതികെട്ട അബുക്ക ഈ പട്ടിഗ്രൂപ്പുകളെ കല്ലെറിഞ്ഞോടിക്കാന്‍ പഴയ ഗോലികളിക്കാരന്‍ മൊയ്തുട്ടിയെ നിയമിക്കുകയും മൊയ്തുവിന്റെ കല്ലാക്രമണത്തില്‍ പരിക്കേറ്റ പട്ടികള്‍ ഒരിക്കല്‍ പതിയിരുന്ന് പ്രതികാരം തീര്‍ക്കുകയും ചെയ്തതിന്റെ ഫലമായി മൊതുട്ടി രാജിവക്കുകയും ചെയ്തു.

ഇതോടെ അബുക്ക പട്ടികളുമായി ഒരു സന്ധിയിലെത്തുകയും, അവര്‍ക്ക് ഞായറാഴ്ചകളില്‍ ഒരു ക്വാട്ട നിര്‍ണ്ണയിക്കുകയും ചെയ്തു. പക്ഷെ ഒരു കണ്ടീഷന്‍. ഒന്നോ രണ്ടോ പേര്‍ മാത്രം വന്ന് ക്വാട്ട കളക്റ്റ് ചെയ്തോളണം, എല്ലാവരും കൂടി അപ്പുറത്ത് ചക്യാന്റെ പറമ്പില്‍ പോയി വീതിച്ച് തിന്നുകയോ കളയുകയോ ചെയ്യാം. അത് പട്ടികള്‍ അക്ഷരം പ്രതി അംഗീകരിച്ചു. പക്ഷെ, ഇപ്പോഴല്ലേ പൂരം. പട്ടികളല്ലേ പിള്ളേരല്ലേ എന്നു വിചാരിച്ച് അബുക്ക ചെയ്തത് വിനയായത് വിശാലമായ ചക്യാന്റെ പറമ്പിനു ചുറ്റും അധിവസിച്ചിരിന്ന എന്നെപ്പോലെ ചുരുക്കം ചിലര്‍ക്ക്. ഞായറാഴ്ച ഒമ്പതു മണിവരെ കിടന്നുറങ്ങുന്നതിന്റെ ബലത്തില്‍ ഒരാഴ്ച രാവിലെയുണര്‍ന്ന് കോളേജലും, പിന്നെ ജോലിക്കും പോയിരുന്ന എന്നെ പട്ടികളുണ്ടോ ഉറക്കുന്നു! അവറ്റകളെ അവിടെ നിന്നോടിക്കാന്‍ പഞ്ചായത്തിന്റെ സഹായം കിട്ടില്ലെന്നുറപ്പായപ്പോള്‍ അറിയപ്പെടുന്ന ഏറുകാരായ കുഴിരാശിപ്പിള്ളേരോടും, ക്രിക്കറ്റ് ടീമിനോടും ഒക്കെ സഹായം ചോദിച്ചെങ്കിലും മൊയ്തുട്ടിയുടെ അനുഭവം അവരെ എന്നെ സഹായിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു.

അങ്ങനെ അന്നുറക്കം നഷടപ്പെട്ട് ഗള്‍ഫിലേക്കു കടന്ന ഞാന്‍ പിന്നെ സ്വസ്ഥമായിട്ടൊന്നുറങ്ങിയിരുന്നത് ഇവിട അവധിയായ വെള്ളിയാഴ്ചകളിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച പ്രഭാതക്കുളിരിനെ പഞ്ഞിപ്പുതപ്പില്‍ ചുരുണ്ടകറ്റുമ്പോഴാണ് എന്റെ ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ട് വീണ്ടും പട്ടി ശല്യം..! ഇവിടെയും വിടില്ലേ ഇവറ്റകള്‍..!? സംഗതി എന്താണെന്നറിയാതെ എഴുന്നേറ്റ് ചെന്നു നോക്കുമ്പോഴല്ലേ..; സഹധര്‍മ്മിണി ടി.വി ഓണ്‍ ചെയ്തതാണ്! കേരള നിയമ സഭയാണ്! മുഖ്യമന്ത്രിയെ ആരോ പട്ടിയെന്നു വിളിച്ചെന്നോ, മുഖ്യമന്ത്രി പട്ടിയെന്നു വിളിച്ചെന്നോ...! കുര പൊടി പൂരം।എന്നിലെ നൊസ്റ്റാള്‍ജിയ ഉണര്‍ന്നു"ഹൊ, ചക്യാന്റെ പറമ്പാണല്ലോ ഞാനീ കാണുന്നത്"?

ബോംബെ ബ്ലാസ്റ്റ്, വെടിവെപ്പ്, എറച്ചി, ചോരമണം...! എങ്ങനെ ഞാന്‍ ഉറങ്ങും? ഇനി എവിടെച്ചെന്നാലാണ് എനിക്കൊന്നുറങ്ങാന്‍ കഴിയുക? സന്ദീപ് ഉണ്ണീകൃഷ്ണനും, കര്‍ക്കറെക്കും രക്തസ്സക്ഷികള്‍ക്കും സലാം!

നാട്ടിലേക്കു അനിയനെ വിളിച്ചു; ചക്യാന്റെ പറമ്പിലെ പട്ടികളെക്കുറിച്ച് ചോദിച്ചു। അവന്‍ പറഞ്ഞു; "ഇല്ല, അവറ്റകളൊന്നും ഇപ്പോ വരാറില്ല"!
എങ്ങനെ വരും? അവയും കാണുന്നുണ്ടാകുമല്ലോ ടെലിവിഷന്‍! അല്പം അഭിമാനം അവക്കുമുണ്ടാകില്ലേ?

6 comments:

ആലുവവാല said...

നാട്ടിലേക്കു അനിയനെ വിളിച്ചു; ചക്യാന്റെ പറമ്പിലെ പട്ടികളെക്കുറിച്ച് ചോദിച്ചു। അവന്‍ പറഞ്ഞു; "ഇല്ല, അവറ്റകളൊന്നും ഇപ്പോ വരാറില്ല"!
എങ്ങനെ വരും? അവയും കാണുന്നുണ്ടാകുമല്ലോ ടെലിവിഷന്‍! അല്പം അഭിമാനം അവക്കുമുണ്ടാകില്ലേ?

പാമരന്‍ said...

ഹ ഹ ഹ :) കലക്കി!

അഗ്നി said...

കൊച്ചു വെളുപ്പാങ്കാലത്ത് സഹധർമ്മിണിക്ക് കാണാൻ പറ്റിയ പരിപാടി കേരള നിയമസഭ ,സത്യം പറയാലോ,എനിക്കു പട്ടിക്കഥയേകാൾ ഇഷ്ടമായതു അതാണു.അതോ ഇനി തന്നെ ഉറ്ക്കാത്തിൽ നിന്നു എഴുന്നേൽ‌പ്പിക്കാൻ ചെയ്ത വേലയാണോ/????

thasneem said...

പ്രിയപെട്ട ആലുവവാല,
ശുനക പുരാണം ഭേഷായീ......ട്ടോ!

Thasnikutty

ശ്രീ said...

തകര്‍ത്തല്ലോ മാഷേ. ഓര്‍മ്മകളും സമകാലികവും എല്ലാം മിക്സ് ചെയ്ത് നല്ലൊരു പോസ്റ്റ് തന്നെ.

fayaz said...

അഞ്ചു വര്‍ഷം ഞാന്‍ നിന്റെ കൂടെ ഉണ്ടായിട്ടും ആ റബര്‍ തോട്ടം നീ എനിക്ക് കാണിച്ചു തന്നില്ലല്ലോ... നിന്നെ ഒളിച്ചിരുന്ന് കല്ലെറിഞ്ഞപ്പോഴും.. ഒരു പട്ടിയെ പോലും എറിയാനുള്ള ഭാഗ്യം എനിക്കില്ലല്ലോ എന്നാ സന്കടമായിരുന്നു മനസ്സ് നിറയെ.. എന്തായാലും സാരമില്ല അടുത്ത വെക്കേഷന് വരുമ്പോള്‍ ഒരു കൈ നോക്കാംസ് അല്ലെ..??
സങ്ങതി എന്തായാലും കലക്കീട്ടുണ്ട്ട്ടാ..