Thursday, December 31, 2009

അയാളിപ്പോഴും ചാളവില്‍‌ക്കുന്നു.

മൂന്നാം ക്ലാസ്സിലെ എന്റെ സഹപാഠിയാണ് മുസ്തഫ. മൊട്ടത്തലയന്‍. സ്വതവേ അലസന്‍ അശ്രദ്ധാലു അമിണ്ടി..അഥവാ മിണ്ടാത്തവന്‍. നിവൃത്തിയില്ലാതെ എന്തെങ്കിലും പറയേണ്ടിവന്നാല്‍ നേര്‍ത്ത വിക്കിനെ ചാടിക്കടക്കാനെന്നവണ്ണം അതിവേഗത്തിലാകും പറയുക, ആര്‍ക്കു തിരിയാന്‍! വെറുമൊരു സാധു.

അവന്റെ വാപ്പ മീന്‍‌കച്ചവടക്കാരന്‍. സൈക്കിളില്‍ കുട്ടയും 'ബലൂണ്‍ പീപ്പി' യും പിടിപ്പിച്ചൊന്നുമല്ല കച്ചവടം; തോര്‍ത്ത് കെട്ടിയ തലയില്‍ കുട്ട ചുമന്ന് നഗ്നപാദനായി നടന്ന് നടന്ന്...! നടപ്പിനും കിതപ്പിനുമിടക്ക് തൊണ്ടക്കുഴി ഞെരക്കി ചാളഹ്..ഐലഹ്..തിലോപ്പിഹ്...വിളിക്കുന്നതിനിടയില്‍ ശ്വാസം പോലും കഴിക്കുന്നതപൂര്‍‌വ്വം. ഇടക്കിടെ മീന്‍കുട്ട സ്കൂളിന്റെ മതിലില്‍ വച്ച് മുസ്തഫയുടെ വിവരമറിയാന്‍ ക്ലാസ്സിന്റെ മുന്നില്‍ വരും. മകനെപ്പറ്റിയുള്ള കുല്‍‌സു ടീച്ചറുടെ പരാതികള്‍ കേട്ട് മീന്‍‌കുട്ടയിലേക്ക് കുറേ നിരാശകളും വാരിയിട്ട് തിരിച്ചുപോകും. വെറുമൊരു സാധു.

എനിക്കേതാണ്ടെട്ടുവയസ്സുള്ളപ്പോഴുള്ള ചിത്രമാണിത്. പിന്നീട് ലോകം ഒരുപാടു മുന്നോട്ടു പാഞ്ഞു. ഞങ്ങളുടെ മൂന്നാം ക്ലാസ് മുറിയും സ്കൂളും പൊളിച്ചുമാറ്റപ്പെട്ടു. അവിടം ഭൂമാഫിയ കയ്യടക്കി. ചെമ്മണ്ണു ചുവപ്പിച്ചിരുന്ന റോഡുകളെല്ലാം ടാറിട്ടു കറുത്തു. നാടും നാട്ടാരും വളര്‍ന്നു. ചാളയും ഐലയും വരെ പുരോഗമിച്ചു. ഒപ്പം ഞാനും വലുതായി. ഇപ്പോള്‍ ഗള്‍ഫുകാരനുമായി.

മൂന്നാം ക്ലാസ്സിനു ശേഷം മുസ്തഫയെ മൂന്നോ നാലോ പ്രാവശ്യമേ കണ്ടിട്ടുള്ളു. ഞാന്‍ തരക്കേടില്ലാത്ത ഒരു സ്കൂളിലേക്കും പിന്നീടു കോളേജിലേക്കും രംഗം മാറ്റിയിരുന്നല്ലോ? കണ്ടപ്പോഴൊക്കെ ഞാന്‍ എന്തെങ്കിലും വിശേഷം ചോദിച്ചു കാണണം. അവന്‍ അതിനുത്തരവും പറഞ്ഞുകാണും. അതില്‍ കൂടുതല്‍ മുസ്തഫ എന്ന കുട്ടി എന്റെ ജീവിതത്തിലോ മനസ്സിലോ ഇല്ല. അവന്‍ ഒരു സാധുവല്ലേ; ആര്‍ക്കുവേണം ഒരു സാധുവിനെ..!

പക്ഷെ അവന്റെ വാപ്പ! സാധുവെങ്കിലും എന്റെ ഓര്‍മ്മകളില്‍ പിടക്കുന്നൊരു ചിത്രമാണാ മീന്‍‌ കച്ചവടക്കാരന്‍. എനിക്ക് വലിയ സഹതാപമാണയാളെ. എന്തുകൊണ്ടോ ഇഷ്ടമാണ്. അതുകൊണ്ടാണോ എന്നറിയില്ല ചാളപൊള്ളിച്ചതും, ഐല പൊരിച്ചതും എനിക്ക് വലിയ കമ്പമാണ്. എന്നുകരുതി അതൊക്കെ വെട്ടി വിഴുങ്ങുമ്പോഴൊക്കെ ഞാന്‍ അയാളെ ഓര്‍ക്കാറൊന്നുമില്ല. അയാള്‍ എവിടെയാണെന്നോ എന്താണെന്നോ എനിക്കിപ്പോളറിയില്ല.

ഞാന്‍ ഉത്തരവാദിയായ ഒരു പ്രസവകര്‍മ്മം രണ്ടു മാസം മുന്‍‌പു നടന്നു. നടത്തിയത് വേറാരുമല്ല, എന്റെ സ്വന്തം സഹധര്‍മ്മിണിതന്നെ. ആണ്‍ കുട്ടി. ഞാന്‍ അവനെ അമന്‍ എന്നു വിളിച്ചു. അമന്‍ എന്നെ അവന്‍ എന്നൊന്നും വിളിക്കില്ലായിരിക്കും; പേടി ഇല്ലാതില്ല! ഇതുവായിക്കുന്നവരുടെയൊക്കെ കുട്ടികളുടെ കൂടെയാണല്ലോ അവന്‍ വളരേണ്ടത്! ഇതുമായി ബന്ധപ്പെട്ട് രണ്ടുമാസത്തോളം നാട്ടിലുണ്ടായിരുന്നു എന്നു പറയാനാണ് ഈ പാരഗ്രാഫ് കത്തിവച്ചത്.

അമനെക്കാണാന്‍ കുറച്ചതിഥികള്‍ വരുന്നതു പ്രമാണിച്ച് ഉമ്മ പറഞ്ഞു.."ഡാ ഒരു കോഴിവാങ്ങടഡാ...പൊരിക്കാം". പറഞ്ഞയുടന്‍ അതു ചെയ്തില്ലെങ്കില്‍ ഉമ്മ എന്നെ പൊരിക്കും. അല്പം ദൂരെ മലേപ്പള്ളിയില്‍ പുതിയൊരു കോഴിക്കടയുണ്ട്. അനിയന്റെ പള്‍സറില്‍ ഞാനങ്ങോട്ടു പറന്നു.
"കോഴിയെ ഞാനറുക്കാം" ഞാന്‍ പറഞ്ഞു. അല്ലാഹുവിന്റെ നാമത്തില്‍ അറുക്കപ്പെട്ടതേ മുസ്‌ലിമിനു കഴിക്കാവു. അതെന്താ, അല്ലാഹുവിന്റെ പേരില്‍ അറുക്കപ്പെടുമ്പോഴെന്താ കോഴിപ്പനീടെ അണുക്കള്‍ ചത്തുപോകുവോ? അതോ അതില്‍ പ്രോട്ടീന്‍‌സും മിനറല്‍സും കൂടുവോ? അറിയില്ല, പക്ഷെ അങ്ങനെയേ ചെയ്യാറുള്ളൂ. അതേ പാടുള്ളു എന്നത് പ്രവാചന്റെ നിര്‍ദ്ദേശമാണ്. ഇതു പറഞ്ഞപ്പോള്‍‍ പലരും വായന മതിയാക്കിയിട്ടുണ്ടാകും അല്ലേ? തീവ്രവാദമല്ലേ പറഞ്ഞത്. ഇതിലും ഭേദം നെറ്റിയില്‍ തീവ്രവാദി എന്നെഴുതി ഒട്ടിക്കലായിരുന്നു. അപ്പോള്‍ തിവ്രവാദിയാണോ ഭ്രാന്തനാണോ എന്ന സംശയമെങ്കിലും ആളുകള്‍ക്കുണ്ടാകും. ഇതിപ്പോ ഒറപ്പായില്ലേ; തീവ്രവാദി തന്നെ.

ഏതായാലും ഞാന്‍ തന്നെ അറുത്തു. കോഴിക്കു വേറെ കുഴപ്പമൊന്നും സംഭവിച്ചില്ല, സാമാന്യം തരക്കേടില്ലാതെ തന്നെ മരിച്ചു! പപ്പും പൂടയും പറിക്കുന്നതിനിടയില്‍ കോഴിക്കാരന്‍ ചോദിച്ചു, "നിനക്കെന്നെ മനസ്സിലായില്ലേ? അല്ല നീ അറുക്കാമെന്നു പറഞ്ഞതുകൊണ്ടു ചോദിച്ചതാ.

"ശ്രദ്ധിച്ചു നോക്കി. മുസ്തഫ! മൂന്നാം‌ക്ലാസിലെ മുസ്തഫ! ആകെ മാറി. ഇപ്പോള്‍ മൊട്ടത്തലയല്ല. വിക്കും മാറി. പക്ഷെ, സംസാരം ഇപ്പോഴും സ്പീഡില്‍ തന്നെ. കോഴി കവറില്‍ കേറിയിട്ടും കുശലം തുടര്‍ന്നു. ഇതിനിടയില്‍ അവന്‍ പിന്നിലെ വീട്ടിലേക്കുപോയി ഒരു തക്കിടിമുണ്ടിക്കുട്ടിയെ എടുത്തുകൊണ്ടു വന്നു.

"എന്റെ മോളാ, ആമിന. ഒരു വയസു കഴിഞ്ഞു". അവന്‍ പറഞ്ഞു. മിടുക്കിയാണ്. ഞാന്‍ കവിളില്‍ തലോടി.
"എനിക്കും ഒരു മോനായി, അമന്‍". അവന്‍ പുഞ്ചിരിച്ചേയുള്ളു.

പക്ഷെ എന്റെ മനസ്സിലെ ആ പഴയ പിടക്കുന്ന ചിത്രം ഇളകിയാടാന്‍ തുടങ്ങി. മുസ്തഫക്കറിയില്ല, അവന്റെ വാപ്പയെ എനിക്കിഷ്ടമാണെന്ന്. അവന്റെ വാപ്പക്കാണെങ്കില്‍ എന്നെപ്പോലും അറിയില്ല, പിന്നെയല്ലേ എനിക്കദ്ദേഹത്തോടുള്ള താല്‍‌പര്യം!

"വാപ്പയെവിടെ?"
"കച്ചോടോണ്ട്"
"മീന്‍ കച്ചോടോ?"
"ആ അദ്ദന്നെ"
"ഇപ്പഴും നടന്നാണോ?"
"ഹേയ്....., ദേ...അവ്ടെ....." ആ പറമ്പിന്റെ മൂലയിലെ ചെറിയൊരു നീല ടര്‍പോളിന്‍ ഷെഡിലേക്ക് അവന്‍ വിരല്‍ചൂണ്ടി.

ഞാന്‍ അങ്ങോട്ടു നീങ്ങി. ഷെഡില്‍ ഒരു കുട്ടയുണ്ട്, അതില്‍ കുറച്ചു ചാളയും. ചട്ടിയുടെ പിറകിലിരിക്കുന്ന ആ മനുഷ്യശരീരത്തില്‍ കാലം തമാശ കാണിച്ചിരിക്കുന്നു. കറുപ്പിച്ചുകളഞ്ഞു, കവിളൊട്ടിച്ചു. ഈ ജന്‍‌മത്തേക്ക് വകവച്ചിരുന്ന നടപ്പെല്ലാം നേരത്തേ നടന്നു തീര്‍ത്തതിനാലാകണം മുതുകുവളച്ചു, ഭാരങ്ങളെല്ലാം ചുമന്നുകഴിഞ്ഞതിനാല്‍ കഴുത്തുംകുനിച്ചു. എല്ലാം അപ്‌ഡേറ്റഡായ യുഗത്തില്‍ കാലം അയാളെ ഇങ്ങനെ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നു! ചാളഹ്..ഐലഹ്..തിലോപ്പിഹ്...മനസ്സില്‍ മുഴങ്ങി.

കണ്ടാലറിയാം; കച്ചവടമൊന്നും കാര്യമായില്ല. ഫോറിന്‍ മീനുകളും ഫോര്‍സ്ട്രോക്ക് മീന്‍‌ വണ്ടികളും രംഗം കയ്യടക്കിയ ഇക്കാലത്ത് ഈ പഴയ മീന്‍‌കാരനെയും അയാളുടെ പഴയ ചാളയും ആര്‍ക്കുവേണം? എനിക്കും വേണ്ട; കോഴി കയ്യിലുള്ളപ്പോള്‍ മീനെന്തിന്?

തിരിച്ചു പോകാന്‍ തുനിഞ്ഞപ്പോള്‍ പതറിയ പഴയ സ്വരത്തില്‍ അദ്ദേഹം ചോദിച്ചു "ഒന്നും വേണ്ടേ?"
"ഹും...വേണം...ഒരു മൂന്നു കിലോ?"
അപ്പോള്‍ കൗതുകത്തോടെ എന്നെ നോക്കി..ആ നാട്ടില്‍ ഒരുപക്ഷെ ആദ്യമായിട്ടാകും മൂന്നുകിലോ ചാളയുടെ കച്ചവടം!. സന്തോഷത്തോടെയാണ് മീന്‍ തൂക്കി എനിക്കു തന്നതും കാശുവാങ്ങിയതും. മൂന്നാലെണ്ണം കൂടുതലുമിട്ടു. എത്ര ഭംഗിയായിട്ടു പൊതിഞ്ഞിരിക്കുന്നു..! എക്സ്പീരിയന്‍സ് ഈസ് ദ....അല്ലേ? പ്ലാസ്റ്റിക് കവറുകളെ നോക്കി കൊഞ്ഞനം കുത്താന്‍ തോന്നി.

അമ്പരപ്പോടെ, സഹതാപത്തോടെ ഞാന്‍ വണ്ടി സ്റ്റാര്‍‌ട്ട് ചെയ്തു. എത്രകാലമായിട്ടയാള്‍ ഇപ്പണി ചെയ്യുന്നു! ഇപ്പഴും..? ഇനി സ്വര്‍ഗ്ഗത്തില്‍ സ്വയം കരിയര്‍ തിരഞ്ഞെടുക്കാന്‍ അധികാരം കിട്ടിയാലും, വെറുതെയിരുന്നു തിന്നാന്‍ അവസരം ലഭിച്ചാലും ഇദ്ദേഹം മീന്‍ വിറ്റുതന്നെയാകും ജീവിക്കുക!

സമയം ഒരുപാടു വൈകി. കോഴി പൊരിക്കാനുള്ളതാണ്. ആട് കറിവച്ചിട്ടുണ്ട്. പോത്ത് ഒലത്തിയിട്ടുണ്ട്. അപ്പോ കയ്യിലുള്ള ഈ മീനോ? ഇനി ഇതും കൂടി വീട്ടിലേക്ക് കൊണ്ടു ചെന്നാ ഉമ്മ പല്ലിറുമ്മി എന്നെ മൂന്നാക്കിമുറിച്ച് പൊരിച്ചൊലത്തി കറിവക്കും! ഇതിപ്പൊ എന്തു ചെയ്യും?

വീട്ടിലേക്കുള്ള വഴിയില്‍ വളവുതിരിഞ്ഞതും ദാ നില്‍ക്കണ് പാത്തുക്കുട്ടിത്താത്ത. അയല്‍‌ക്കാരിയാണ്. മീന്‍ കൊതിച്ചിയാണ്. ഒണക്കമീനെങ്കിലുമില്ലാതെ ചക്കപ്പഴം പോലും കഴിക്കാത്ത ടൈപ്പ്. വണ്ടി ചവിട്ടി നിര്‍ത്തി.
"ഇത്തോ..ഇദ് പിടിച്ചേ..!"
"ദ്ദെന്തൂട്ടാദ്ദ്.."
"ച്ചിര്..ചാളയാ..കൊണ്ടോയി വര്‍ത്ത് കടിച്ച് പറിക്ക്.." സാധനം പതുക്കെ ആ മഹത്തായ കൈകളിലേക്ക് വച്ചു കൊടുത്തു...!
താത്ത താടിക്ക് കൈകൊടുത്ത് അന്തം വിട്ടു..കാക്ക വണ്ടിക്ക് കൈകൊടുത്ത് സ്ഥലം വിട്ടു..!

നമ്മുടെ നാട്ടില്‍ നിങ്ങള്‍ക്ക് എന്തു ചീത്തപ്പേരും കേള്‍പ്പിക്കാം തരികിട, ചതിയന്‍, വഞ്ചകന്‍, രാഷ്ട്രീയക്കാരന്‍! വേണമെങ്കില്‍ നല്ലവനുമയിക്കോളൂ..പക്ഷെ ഒരിക്കലും വെറുമൊരു സാധുവാകരുത്; ജീവിക്കാന്‍ കഴിയില്ല. സാധുക്കളെ ആര്‍ക്കും വേണ്ടടോ വായനക്കാരാ...!

Sunday, December 27, 2009

2010 സ്ഥാനമേല്‍ക്കാന്‍ വിസമ്മതിച്ചു - വാര്‍ത്ത

കുന്തം ലേഖകന്‍

ലോകത്തിന്റെ നിയുക്ത പുതുവര്‍ഷം 2010 സ്ഥാനമേല്‍ക്കാന്‍ വിസമ്മതമറിയിച്ചായി റിപ്പോര്‍ട്ട്. ആഗോള കലണ്ടര്‍ കമ്മീഷണറുടെ ഓഫീസില്‍‍‍ ഭാര്യയോടും അഭിഭാഷകനോടുമൊപ്പം നേരിട്ട് ഹാജരായി 2010 വിസമ്മതപത്രം സമര്‍പ്പിച്ചു എന്നറിയുന്നു. ഉഗാണ്ട ആസ്ഥാനമായുള്ള ഒരു സ്വകാര്യവാര്‍ത്താ ഏജന്‍സിയാണ് ഞെട്ടിച്ചിരിപ്പിക്കുന്ന ഈ വാര്‍ത്ത പുറത്തുവിട്ടത്.

ലോകം മുഴുവന്‍ രണ്ടായിരത്തിപ്പത്തിനെ വരവേല്‍ക്കാന്‍ കള്ളും കദിനയും കലണ്ടറുമൊരുക്കി മൂത്തുനില്‍ക്കുന്ന ഈ അവസാനനിമിഷത്തില്‍ പുറത്തുവന്നിരിക്കുന്ന ഈ വാര്‍ത്ത ഭൂലോക കള്ളുകുടിയന്മാരെയും ആഗോള കലണ്ടര്‍ പ്രേമികളെയും പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തിന്റെ നിജസ്ഥിതിയറിയാന്‍ യുണൈറ്റഡ് ന്യൂയിയേര്‍സ് അസോസിയേഷന്‍ (യൂനുസ്) ഏകാംഗ കമ്മീഷനെ നിയമിച്ചു.തലയില്‍ മുണ്ടിട്ട് പടിയിറങ്ങുന്ന രണ്ടായിരത്തി ഒന്‍പതിനുണ്ടായ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് 2010 ഈ കടുത്ത തീരുമാനം കൈക്കൊണ്ടതെന്നു കരുതുന്നു.

കഴിഞ്ഞദിവസം ഉഗാണ്ടയിലെ ഹോട്ടല്‍ ഡീപ് ഫോറസ്റ്റില്‍ 2009 ന്റെ അഭ്യര്‍ത്ഥനപ്രകാരം മുതിര്‍ന്ന വര്‍ഷനേതാക്കളുടെ അടിയന്തിര യോഗം വിളിച്ചുചേര്‍ക്കുകയുണ്ടായി. ഇതില്‍ ബാബരിഫെയിം 1992 അടക്കം അടക്കമുള്ള ഏതാണ്ട് പത്തോളം മുന്‍‌വര്‍ഷങ്ങള്‍ സംബന്ധിച്ചിരുന്നു. യോഗത്തില്‍ ഏറെ ദുഖിതനും രോഷാകുലനുമായി കാണപ്പെട്ട 2009 തനിക്കുണ്ടായ അപമാനങ്ങളെയും നാണക്കേടുകളെയും കുറിച്ച് രോഷാകുലനായി സംസാരിക്കുകയും ഭൂമിയില്‍ മനുഷ്യന്‍ എന്ന ഭീകരജീവി ഉള്ളിടത്തോളം കാലം തന്റെ കുടുംബത്തില്‍ നിന്നും ആരെയും അവരുടെ ക്രൂരതകള്‍ക്കും കാമകേളികള്‍ക്കും ഇടയിലേക്ക് താന്‍ വിട്ടുകൊടുക്കില്ല എന്നു തറപ്പിച്ചു പറയുകയും ചെയ്തുവത്രെ. ഇന്ന് ലോകത്തെ ജനങ്ങള്‍ തങ്ങളുടെ മുതുമുത്തച്ഛനായ ഹിരോഷിമക്കാരന്‍ 1945 ന്റെ കാലത്തേക്കാള്‍ അധപതിച്ചിരിക്കുകയാണെന്നും ആയിരം ഹിരോഷിമകളുണ്ടാക്കാന്‍ പോന്ന നാശവിത്തുകള്‍ ഒരു മനുഷ്യന്റെ മനസ്സില്‍തന്നെയുണ്ടെന്നും 2009 പറഞ്ഞു. മനുഷ്യന്റെ സദാചാരത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ "എര്‍ത്ത് ഈസ് മോര്‍ ഹോട്ട് ദാന്‍ സണ്‍" (ഭൂമി സൂര്യനേക്കാള്‍ ഹോട്ടാണ്) എന്നു പ്രയോഗിച്ചത് സദസ്സില്‍ ചിരിയുണര്‍ത്തി.

യോഗത്തില്‍ സംബന്ധിച്ച മുതിര്‍ന്ന വര്‍ഷങ്ങളെല്ലാം തന്നെ 2009നെ പിന്തുണക്കുകയും മനുഷ്യന്‍ നന്നാവുന്നതുവരെ കലണ്ടര്‍ കവലയില്‍ അനിശ്ചിത കാല റിലേ നിരാഹാരം തുടങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. തീരുമാനം ആത്മഹത്യാപരമാണെന്നും അതില്‍നിന്ന് പിന്‍‌മാറണമെന്നും മനുഷ്യത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള ഒരു മുന്‍ വര്‍ഷം അഭിപ്രായപ്പെട്ടെങ്കിലും 2009ന്റെ കടും പിടുത്തത്തിനു മുന്നില്‍ അദ്ദേഹവും വഴങ്ങുകയായിരുന്നു. ജോര്‍ജ് ബുഷിനു ജന്മം നല്‍കിയ കേസില്‍‍ ആജീവനാന്ത കഠിനതടവനുഭവിക്കുന്ന കൊടും ഭീകരന്‍ 1946നെ ഇരട്ടിശിക്ഷയ്‌ക്കായി 2010നു പകരക്കാരനായി ലോകത്തേക്കയക്കാനുള്ള നിര്‍ദ്ദേശവും യോഗാംഗങ്ങള്‍ കലണ്ടര്‍ കമ്മീഷണര്‍ക്കു സമര്‍പ്പിച്ചേക്കും.

ഇതിനിടയില്‍, യോഗത്തിനിടെ 2009 പിന്‍‌ഗാമിയായ 2010നെ ഒരു മൂലയിലേക്ക് വിളിച്ച് എന്തോക്കെയോ വികൃതമായ ഭാഷയില്‍ കുശുകുശുക്കുന്നതിന്റെ അവ്യക്തമായ വീഡിയോ പകര്‍പ്പ് കേരളത്തിലെ ഒരു ചാനല്‍ സം‌പ്രേക്ഷണം ചെയ്തിരുന്നു. "എന്റെ പൊന്നനിയാ..ചേട്ടനു പറ്റിയതു പറ്റി. പ്രപഞ്ചത്തില് ഭൂമീം അതിലെ അലവലാതികളും ഒള്ള കാലത്തോളം നിനക്ക് സ്വസ്ഥതേണ്ടാവൂല്ലാട്ടാ....വേറെവ്‌ടേങ്കിലും പോയി തടിതപ്പാന്‍ നോക്ക്" എന്ന് പലപ്രാവശ്യം 2009 പറഞ്ഞതായി ചാനലിന്റെ കുശുകുശുപ്പ് വിവര്‍ത്തന വിഭാഗം (കശാപ്പ്) വ്യക്തമാക്കി. ചാനലിന്റെ ഊഹം പടക്കല്‍ (ഊപ) വിഭാഗത്തിന്റെ പക്കല്‍ ഇനിയും കൂടുതല്‍ വിവരങ്ങളുണ്ടെന്നും ആവശ്യാനുസരണം അവ വേവിച്ച് ബ്രേക്കിംഗ് സൂപ്പുകളായി ടി.വിക്കടിയിലൂടെ ഒഴുക്കിവിടുമെന്നും ചാനല്‍ വിളിച്ചുപറഞ്ഞു.

ഇതിനെത്തുടര്‍ന്ന് കേരളത്തിലെ വിവിധ രാഷ്ടീയ കക്ഷികള്‍ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. 2010വന്ന് പടക്കം പൊട്ടിക്കുന്നതുവരെ 2009നെ പോകാന്‍ അനുവദിക്കില്ലെന്നും വേണ്ടിവന്നാല്‍ ഡിസംബര്‍ 31ന്, 12 മണിക്ക് എല്ലാ ക്ലോക്കുകളും സ്തംഭിപ്പിക്കുമെന്നും എതിര്‍ക്കാന്‍ നോക്കുന്ന ക്ലോക്കുകളുടെ സെക്കന്റ് സൂചി വളച്ചുകളയുമെന്നും പ്രതിഷേധക്കമ്മിറ്റി ചെയര്‍മാന്‍ തല്ലിപ്പൊളി ജബ്ബാര്‍ അറിയിച്ചു.