ക്ലാസ് ടെസ്റ്റ് നടത്താനല്ലാതെ അദ്ദേഹം പേപ്പറും കൊണ്ട് വരാറില്ല. ഒന്നും പറഞ്ഞിരുന്നില്ലല്ലോ എന്ന് കുട്ടികളെല്ലാം അമ്പരന്നിരിക്കുമ്പോള്‍ മാഷ് ക്ലാസ് ലീഡറായ അലിക്കുഞ്ഞിനെ പേപ്പറുകള്‍ ഏല്പിച്ച് എല്ലാവര്ക്കും കൊടുക്കാന്‍ പറഞ്ഞു. മുന്പില് നിന്ന് പേപ്പര്‍ കൊടുത്ത് തുടങ്ങിതും കിട്ടിയവര്‍ കിട്ടിയവര്‍ ചിരി തുടങ്ങി. വിവരമറിയാന്‍ ഏന്തിവലിഞ്ഞു നോക്കിയപ്പോള്‍ അതൊരു പടമാണെന്നു എനിക്കു മനസ്സിലായി.
ബാലരമയിലെ 'സൂത്രന്'ല്‍ നിന്ന് വെട്ടിയെടുത്ത, രണ്ട് എലികളും ഒരു ദേഷ്യം പിടിച്ച പൂച്ച സന്യാസിയും മുഖാമുഖം നില്ക്കുന്ന ചിത്രമായിരുന്ന് അത്. അതിന്റെ മുപ്പത്താറ് ഫോട്ടോക്കോപ്പികളാണ് മുപ്പത്താറ് പിള്ളേര്‍ക്കും വിതരണം ചെയ്തത്. ഇപ്പോള്‍ കുട്ടികള്‍ക്കെല്ലാം ഒരു പ്രത്യേക മുഖഭാവമാണ്. ടി.വി യില്‍ ജുറാസിക് പാര്‍ക്ക് കണ്ടപ്പോള്‍ പാത്തുത്താക്കും ഇതേ മുഖഭാവമായിരുന്നു. കുട്ടികള്‍ എല്ലാവരും അന്തം വിട്ടിട്ടുണ്ട് എന്നു മനസ്സിലാക്കിയ മാഷ് പറഞ്ഞു.

"ഇനി എല്ലോരും ഈ ചിത്രത്തിന് അടിക്കുറിപ്പെഴുതണം! നല്ല നാടന്‍ ഭാഷേല് തന്നെ എഴുത്യാലേ സമ്മാനോള്ളൂട്ടോ..".
ഹൊ! പരീക്ഷ ഒഴിവായിക്കിട്ടിയല്ലോ എന്ന് സന്തോഷിച്ച് ഞാന്‍ ഒന്ന് മൂരിനിവര്‍ത്തിയതും, മാഷ് എന്നെ നോക്കി ഒരു ഡോസ്, "ഡോ..പീതാംബരന് (പേരു മറന്നാല്‍ മാഷ് ആരെയും ഏതു പേരും വിളിക്കും) ഇതെങ്കിലും സ്വന്തമായിട്ടെഴുതണോട്ടോ..!".
അടുത്തുള്ള ബോര്‍ഡിംഗില്‍ താമസിച്ച് പഠിക്കുന്ന മലപ്പുറം കാരായ കുട്ടികളാണ് ക്ലാസ്സില്‍ മികച്ചു നിന്നിരുന്നത്. അവരെല്ലാം അനുവദിച്ചിരുന്ന അഞ്ചു മിനിട്ട് കൊണ്ട് അടിക്കുറിപ്പെഴുതി മാഷിനെ ഏല്പിച്ചു. ആറാം മിനുട്ടില്‍ വെപ്രാളത്തില്‍ എന്തൊക്കെയോ എഴുതി മുപ്പത്താറാമനായി ഞാനും സംഗതി സമര്‍പ്പിച്ചു! മാഷ് ഓരോന്നായി വായിക്കാന്‍ തുടങ്ങി.
ഉമ്മര്‍. എം.എം: "സാമീ..ങ്ങള് ഒരു ബരം (വരം) തര്വോ? പപ്പാതി പവുത്ത് ഞങ്ങളെടുത്തോളാം."
ഹലീമ. കെ.പി: " ഈ ബനത്തില് കുത്തിരിക്കാണ്ട് ബരീ, നല്ല കോയി ബിര്യാണി തരാന്ന്.."
മലപ്പുറത്തിന്റെ വാഗ്ദാനങ്ങളൂടെ സാഹിത്യം.
സുരേഷ് കുട്ടന്: " ഞങ്ങ കല്യാണം വിളിക്കാന്‍ വന്നേണ്..സാമി വന്നം...ഇത്തിര്‍ക്കോളം അനുഗ്രഹം തന്നം, തന്നാ തനിക്ക് കൊള്ളാം, ഇല്ലെങ്കി പോയി പണിനോക്കടപ്പാ..".
കൊച്ചിക്കാരന്റെ ശുദ്ധ മലയാളം!
നിയാസ് മൊയ്തു: " ചോര്‍ന്നാര്‍ന്നോ..? മ്മള് പട്ടിണ്യാ സാമീ.. ബാ..മ്പ്ക്ക് പാ... വല്ലോം ഞണ്ണാം"
പെരുമ്പാവൂര്‍ക്കാരന്റെ അടിക്കുറിപ്പ്, വല്ലതും മനസ്സിലായോ? ഇല്ലല്ലോ? ഞങ്ങള്‍ക്കും ഒന്നും മനസ്സിലായില്ല..നിയാസിനോട് വിശദീകരണം ചോദിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്.
" ചോറ് തിന്നായിരുന്നോ? ഞാന്‍ പട്ടിണിയാ സാമിയേ..വാ..നമുക്ക് പോവാം..വല്ലതും കഴിക്കാം".
ഇതൊക്കെ കേട്ട് അന്തം വിട്ടിരുന്ന ഞാന്‍ കരുതി, ഫസ്റ്റ് എനിക്കു തന്നെ.
മുന്‍പ് പറഞ്ഞവരെല്ലാം എലികള്‍ പൂച്ചയോട് പറയുന്നതായിട്ടാണ് എഴുതിയത്. പക്ഷെ നേരെ തിരിച്ചാണ് എന്റെ മഹാ ഭാവന ഉണര്‍ന്നത്! മാഷ് വായന തുടര്‍ന്നു;
നിഷാദ് അഹ്മദ്(ഞാന്‍): " ബിരിയാണിയില്‍ പിരിയാണീ കടിച്ചവന് ചന്തു. കൊല്ലന് മാറ്റാന്‍ ചുരിക കൊടുത്തവന് ചന്തു, ചന്തൂനെ തോപ്പിക്കാനാവില്ല മക്കളേ..!"
മാഷ് അത്ഭുതത്തോടെ എന്നെ നോക്കി. ഞാന്‍ അഭിമാനത്തോടെ ചുറ്റും നോക്കി. കുട്ടികള്‍ വളീച്ച മുഖത്തോടെ എന്നെ നോക്കി.
"ആരാഡോ ഈ ചന്തു? കൊല്ലന് എന്തു മാറ്റാന്‍ കൊടുത്തുവെന്ന്? " മാഷിന്റെ ചോദ്യം..! "
അത് സില്മേലെ മമ്മുട്ട്യാക്കാന്റെ ഡയ്ലോക്കാ മാഷേ..അവന് കോപ്പിയടിച്ചതാ.." അസൂയമൂത്ത മലപ്പുറം കാരന് ഉമ്മറിന്റെ വക.
അത് കേട്ടതോടെ മാഷിന്റെ ചിരി, കുട്ടികള്ടെ ചിരി, കൂട്ടച്ചിരി. അങ്ങനെ, അപമാനിതനായി ഞാന്‍ നില്ക്കവേ, എനിക്കു പാരവച്ച ഉമ്മറിന് തന്നെ മാഷ് ഒന്നാം സമ്മാനമായ ഹീറോ പേന കൊടുത്തു.
അതില്‍ പിന്നെ എന്റെ പേര് വിളിക്കാന്‍ മാഷിന് കണ്ഫ്യൂഷന് ഉണ്ടായിട്ടേയില്ല. കാണുമ്പോഴൊക്കെ അദ്ദേഹം നീട്ടി വിളിക്കും.."ഡോ..ചന്തൂ...!"
രണ്ട് വര്‍ഷം മുന്‍പ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വച്ച് ഉമ്മറിനെ കാണുന്നത് വരെ പത്രങ്ങളിലും മറ്റും വരുന്ന ഓരോ അടിക്കുറിപ്പുകള്‍ വായിക്കുമ്പോഴും, ആ സംഭവവും അവനും എന്റെ പല്ലുകള്‍ക്കിടയില്‍ ഞെരിഞ്ഞമരുമായിരുന്നു.
ഏതായാലും, എനിക്ക് മലയാളത്തെ സ്നേഹിക്കാനും മലയാളത്തില്‍ എഴുതുന്നവരെ സ്നേഹിക്കാനും, കുറച്ചെന്തെങ്കിലും കുത്തിക്കുറിക്കാനും പ്രേരിപ്പിച്ചവരില്‍ ഏറ്റവും മുന്നിലെ നിരയില്‍ എന്റെ പിതാവിനോടൊപ്പം നീലേശ്വരം രാമന്‍കുഞ്ഞി എന്ന എന്റെ രാമന്‍മാഷിന് സ്ഥാനമുണ്ട്; അതില്പിന്നെ മാഷിനെ ഞാന്‍ കണ്ടിട്ടില്ലെങ്കിലും! മാഷ് എന്നെ ഓര്‍ക്കുന്നുണ്ടാകില്ലെങ്കിലും..!
5 comments:
ഏതായാലും, എനിക്ക് മലയാളത്തെ സ്നേഹിക്കാനും മലയാളത്തില്‍ എഴുതുന്നവരെ സ്നേഹിക്കാനും, കുറച്ചെന്തെങ്കിലും കുത്തിക്കുറിക്കാനും പ്രേരിപ്പിച്ചവരില്‍ ഏറ്റവും മുന്നിലെ നിരയില്‍ എന്റെ പിതാവിനോടൊപ്പം നീലേശ്വരം രാമന്‍കുഞ്ഞി എന്ന എന്റെ രാമന്‍മാഷിന് സ്ഥാനമുണ്ട്; അതില്പിന്നെ മാഷിനെ ഞാന്‍ കണ്ടിട്ടില്ലെങ്കിലും! മാഷ് എന്നെ ഓര്‍ക്കുന്നുണ്ടാകില്ലെങ്കിലും..!
മലപ്പുറത്തെവിടെയോ പഠിച്ച അരവ്ന്ദന്റെ കുറിപ്പുകളില്‍ ആണു ആര്‍ക്കും മനസ്സിലാകാത്ത മലപ്പുറം ഭാഷയും അതിനു ശേഷം ഒറിജിനലും പോസ്റ്റി കണ്ടിട്ടുള്ളത്. അതിനു ശേഷം ഇപ്പം ആണു ഈ സ്ലാങ്ങുകള്‍ വായിച്ചു ചിരിക്കുന്നത്. നന്നായിട്ടുണ്ട്.
ആലുവാവാലേ
കിടിലനായിട്ടുണ്ട് , മറ്റൊരു പുലിയാവാനുള്ള
അടിസ്ഥാനപരമായ എല്ലാ യോഗ്യതകളും കഴിഞ്ഞ പോസ്റ്റുകളിലൂടെ തന്നെ തെളിയിച്ച ആലുവാപുലിക്കഭിനന്ദനങ്ങള്.
മമ്മൂക്കയുടെ ഡയലോഗും തകര്‍ത്തു വാരി
പക്ഷെ ഒരു സംശയം , ആലുവാവാല പത്താം ക്ലാസ്സില്‍ പഠിക്കുമ്പോ ബാലരെമയില് “സൂത്രന്” തുടങ്ങിയിരുന്നോ ?? ഇല്ല മോനെ , ബാലരമയെക്കുറിച്ച് ഇല്ലാത്തതു പറഞ്ഞാല്‍ സഹിക്കില്ല കേട്ടോ.
ഇനിയും തുടരുക....
രസകരമായ കുറിപ്പ് ‘ചന്തു’മാഷേ...
;)
റെജിനേ....!
ഞാന്‍ പത്തില്‍ പഠിച്ചത് ഒരു പതിനഞ്ചുകൊല്ലം മുന്‍പാണ്. സൂത്രന് ആ സമയത്ത് ബാലരമയില്‍ കളിച്ചു നടക്കുന്നുണ്ടായിരുന്നു എന്നായിരുന്നു എന്റെ ഒരോര്‍മ്മ..! ഓര്‍മ്മ തെറ്റായിരിക്കും അല്ലേ?
സൂത്രന് അല്ലെങ്കില്‍ പിന്നെ ആരായിരുന്നു അന്ന് ബാലരമയില്‍ കെടന്നു വെലസിയത്? ചിമ്പുക്കുറുക്കനാണോ?
പിന്നെ "സൂത്രന്"ല്‍ ഡോക്ടറേറ്റ് എടുത്തവര്‍ ഇവിടെ ഉണ്ടാകും എന്ന് സ്വപ്നേപി നിനച്ചില്ല കെട്ടോ..!
സ്നേഹപൂര്‍വ്വം! ആലുവവാല.
Post a Comment