Monday, March 3, 2008

അമ്മേ! എന്റെ മൊതലാണല്ലാ മോളില് !

എടത്തല! യതീംഖാന ജംക്ഷനില്‍ നിന്നും പഞ്ചായത്ത് പടിയിലേക്കുള്ള പുതിയ വഴി. ഈ റൂട്ടിലെ ലാസ്റ്റ് ബസ്സായ നാലേമുക്കാലിന്റെ പി.എം.പി പോയി. നാട്ടിലെ തേച്ചുടുത്ത് പൗഡറിട്ട പല വമ്പന്മാരെയും ഈ സമയത്ത് ഈ വഴിയില്‍ കാണാറില്ല. ഇവരൊക്കെ സ്കൂള്‍ ഗ്രൗണ്ടില്‍ പിള്ളേരു വോളീബോളു കളിക്കുന്നേടത്തു കാണും എന്നു കരുതിയാ തെറ്റി, അവിടെ ഒട്ടും ഉണ്ടാവില്ല. കാരണം ഇപ്പോഴാണ് നീണ്ട ശരീരവും താടിയുമുള്ള വട്ടിവാസു (പി.എന്‍.വാസുദേവന്‍ എന്ന് മുഴുവന്‍ പേര്) മുറുക്കിച്ചുവപ്പിച്ച്, ഭീമന്‍ രഘുവിനെപ്പോലെ മുഖം കേറ്റി കൈനറ്റിക് ഹോണ്ടയില്‍ ഇവിടങ്ങളിലൊക്കെ പിരിവിനിറങ്ങുന്നത്.

മീതീന്‍‌ക്കാടെ വീട്ടുമുറ്റത്ത് റോട്ടിലേക്കു ചാഞ്ഞു നിന്ന ചിങ്കിരിമാവു വെട്ടുന്നത്കൊണ്ട് അത് കാണാന്‍ ഞാനും ലോലന്‍ എന്ന ഷംസുവുമടക്കം കൂട്ടം കൂടിനിന്ന നാലഞ്ചുപേര് ഇപ്പോള്‍ ഒന്നുരണ്ട് പേരായി. ലോലനു പെട്ടെന്ന് ചായകുടിക്കാനോ, മൂത്രമൊഴിക്കാനൊ ഒക്കെ തോന്നുന്നൂന്ന് പലവട്ടം പറഞ്ഞെങ്കിലും, അവന്‍ മുങ്ങിയത് ഞാന്‍ കണ്ടില്ല. ചടേന്ന് മരം വെട്ടു നിന്നു.
"എന്തേടാ സുബൈറേ; ക്ഷീണീച്ചോ? എന്നാ നീ ഇങ്ങെറങ്ങിക്കോ, ബാക്കി നാളെയാക്കാം" മീതീന്‍‌ക്ക മേലോട്ടു നോക്കി വിളീച്ച് പറഞ്ഞു.

എന്തോ അപകടം മണത്തപോലെ ദൂരേക്കു നോക്കിക്കൊണ്ട് ചെവിക്കു മുകളീല്‍ നിന്ന് ബീഡി എടുത്ത് കത്തിച്ച് സുബൈര്‍ അവനു കഴിയാവുന്നത്ര പതുക്കെ പറഞ്ഞു " ഇക്കോ, വാസു വരണ്ട്, അവന്‍ ചോദിച്ചാ ഞാന്‍ ഇവിടെ ഒള്ളത് പറയല്ലേട്ടാ, കൊറച്ച് ചില്ലറ കൊടുക്കാനുണ്ട്".

അതിന് അവനിവിടെ നിന്നാലല്ലെ? അവന്‍ നേരെ സ്കൂള്‍ ഗ്രൗണ്ടീലേക്കു പോകുള്ളു എന്ന് ഞാന്‍ പറാഞ്ഞു തീര്‍ന്നതും അതാ ആ അപകടം വളവു തിരിഞ്ഞ് വരുന്നു. മുകളിലേക്കു നോക്കിയ എന്നെ സുബൈര് നോക്കല്ലേ എന്ന് തലയാട്ടി വിലക്കി.

ഒരു വില്ലന്റെ സകല ഭാവഹാവാദികളോടും കൂടി വട്ടിവാസു എന്ന അമരീഷ്പുരി റോട്ടില്‍ വീണു കിടക്കുന്ന മരാവശിഷ്ടങ്ങള്‍ക്കു മുന്നില്‍ വന്നു ബ്രേക്കിട്ടു. വായില്‍ തിങ്ങിനിറഞ്ഞ് വലത്തെ അധരകോണിലൂടെ ചാലിട്ടൊഴുകാന്‍ തുടങ്ങിയിരുന്ന മുറുക്കാന്‍ ചാറ് ഇടത്തോട്ട് തുപ്പി, വയസിപ്പശു മക്കിടണപോലെ വാ പൊളിച്ച്, മോണക്കിടയില്‍ അള്ളിപ്പിടിച്ചിരുന്ന അടക്കാത്തരികളെ നാവുകൊണ്ട് തോണ്ടിയെടുത്ത് പല്ലുകള്‍ക്കിടയിലേക്കിട്ടുകൊടുത്ത് വാസു മീതീന്‍‌ക്കാക്കു നേരെ ഒരാവശ്യവുമില്ലാതെ ഒരു 'ഉരുള' വിട്ടു; "റോട്ടിലാണോ മാഷേ മരം വെട്ടിയിടണത്?".
ആരോടാ? നാട്ടിലെ 'ഉപ്പേരി' മൊത്തക്കച്ചവടക്കാരനായ മീതീന്‍‌ക്കാനോട്!!

"റോട്ടിലാണൊടാ വാസൂ കോപ്പ് തുപ്പണത്? പിന്നെ നിന്റെ വീട്ടില് വന്ന് വെട്ടിയാ മാത്രം നീപറഞ്ഞാ മതി! എന്റടുത്ത് കളീച്ചാ പലിശയടക്കം ഞാന്‍ അങ്ങു ചൊരിയും."
മീതീന്‍‌ക്കാടെ മറുപടി കേട്ട് എനിക്ക് വീര്ത്തു വന്ന ചിരിപൊട്ടാതെ ഞാന്‍ തൊണ്ടക്കുഴിയില്‍ നൂലിട്ടു കെട്ടി. പതിയെ തിരിഞ്ഞ് നിന്ന് മാവിലേക്കു നോക്കി. സുബൈര്‍ പേടിച്ച് വിറച്ചിരിക്കുകയാകും എന്ന എന്റെ ധാരണ തെറ്റിച്ച്‌കൊണ്ട് ഒരു കൈ മരക്കൊമ്പില്‍ പിടിച്ച് മറുകൈ കൊണ്ട് വാപൊത്തി ശ്വാസം കിട്ടാത്ത പോലെ അവന്‍ ഇരുന്ന് പിരിയുന്നു. ആദ്യം ഒന്നമ്പരന്ന എനിക്ക് പിന്നെ മനസ്സിലായി, എന്നെപ്പോലെതന്നെ ചിരിയടക്കാന്‍ പാടുപെടുകയാണു കക്ഷി. അതുകൂടിക്കണ്‍ടപ്പൊ നൂലു പൊട്ടി, ചിരി പുറത്ത് വന്ന് ബലൂണ്‍ പോലെ പൊട്ടിച്ചിതറി. അതോടെ വാസു ശരിക്കും കോപാന്ധ കെ.പി.ഉമ്മറായി മാറി.

എന്നെ കലിപ്പിച്ചൊന്നു നോക്കി വാസു മെല്ലെ വണ്ടി എരപ്പിച്ചു പോകാനാഞ്ഞു. പെട്ടെന്നതാ മോളീന്നൊരു അപശബ്ദം! അതെവിടുന്നാണെന്നോ എന്താണെന്നോ ആദ്യം വാസൂനു മനസ്സിലായില്ല. വളരെ വേഗം തന്നെ മുട്ടയിട്ട കോഴി കൊക്കുന്ന അതേ ഫ്രീക്വ ന്‍സിയിലേക്കു ആ ശബ്ദം ഉയര്‍ന്നു; സുബൈറിന്റെ ചിരിവള്ളി പൊട്ടിയിരിക്കുന്നു. അവന്‍ അടക്കാനാകാതെ പൊട്ടിപ്പൊട്ടിച്ചിരിക്കുകയാണ്! വാസു താഴെയുള്ളത് അവന്‍ മറന്നിട്ടല്ല ആ ചിരി എന്നും അടക്കാന്‍ പറ്റാതായപ്പൊ തുറന്നുവിട്ടതാണെന്നും എനിക്കു വേഗം മനസ്സിലായി.

വാസു ചുറ്റും നോക്കുന്നു. പിന്നെ വിമാനത്തിന്റെ ശബ്ദം കേട്ട് പാത്തുത്ത മേലോട്ടു നോക്കുന്ന പോലെ കണ്ണുകള്‍ മേലോട്ട്. സുബൈറിന്റെ ചിരി അതോടെ നിന്നു. വാസു സുബൈറിനെ കണ്ടിരിക്കുന്നു. സുബൈറിന്റെ മുഖത്തെ ചമ്മല്‍‌പാളി മീതീന്‍‌ക്കാടെ മുഖത്തും ചിരിവിടര്ത്തി. വാസൂന്റെ മുഖമാകട്ടെ ദേഷ്യം കൊണ്ടു കൂടുതല്‍ കറുത്തു. പുളിച്ച തെറിയുടെ മാലപ്പടക്കം പ്രതീക്ഷിച്ചു കാതോര്‍ത്തു ഞാനിരുന്നു. പ്രതീക്ഷ തെറ്റിച്ച് കൊണ്ട് വാസുവിന്റെ പ്രതികരണം!
"അമ്മേ! എന്റെ മൊതലാണല്ലാ മോളില്! ഡാ പിടിച്ചിരിക്കെടാ മോനേ! എന്തിനാടാ നീ ഈ പണീക്കൊക്കെ നിക്കണേ? നിനക്ക് നെലത്ത് നിന്ന് പണിഞ്ഞാ പോരേടാ?".

പിന്നെ മീതീന്‍‌ക്കാടെ നേരെ തിരിഞ്ഞ് "അതേ! എന്റെ രൂവ ഇരുപത്തേഴായിരാ നിങ്ങള് മരത്തേ കേറ്റിയേക്കണത്! അവനെന്തെങ്കിലും പറ്റിയാ പിന്നെ വട്ടിവാസു വട്ടുവാസുവാകും, ഹ്‌ആ!"

എന്റെ ഓര്‍മ്മയില്‍ ആദ്യമായി ഉത്തരമില്ലാതെ അന്തം വിട്ടു നിന്ന മീതീന്‍‌ക്കാനേം ചിരിപൊട്ടിനിന്ന എന്നേം മാറിമാറി നോക്കിക്കൊണ്ട്, ഡയലോഗിനു ശേഷം കലാഭവന്‍ മണിയുടെ മുഖഭാവത്തോടെ വാസു തന്റെ കൈനറ്റിക് ഹോണ്ടയില്‍ അടുത്ത പിരിവിടത്തേക്കു നീങ്ങി. അപ്പോള്‍ വീണ്ടും മുകളില്‍ നിന്നും സുബൈറിന്റെ അലറിയുള്ള കോഴിച്ചിരി ആരംഭിച്ചിരുന്നു.

3 comments:

ശ്രീവല്ലഭന്‍. said...

ഇതു വായിച്ച് എന്റേം ചിരിവള്ളി പൊട്ടിയിരിക്കുന്നു :-)
നല്ല ഭാഷ പ്രയോഗങ്ങള്‍!

ശ്രീ said...

കൊള്ളാം മാഷേ. നല്ല എഴുത്ത്.
:)

കുഞ്ഞന്‍ said...

മാഷേ..

തനി നാടന്‍ എഴുത്ത്.. നല്ല രസം വായിയ്ക്കാന്‍.. അഭിനന്ദനങ്ങള്‍ ..!

കൂടുതല്‍ എഴുതൂ...