Thursday, December 31, 2009

അയാളിപ്പോഴും ചാളവില്‍‌ക്കുന്നു.

മൂന്നാം ക്ലാസ്സിലെ എന്റെ സഹപാഠിയാണ് മുസ്തഫ. മൊട്ടത്തലയന്‍. സ്വതവേ അലസന്‍ അശ്രദ്ധാലു അമിണ്ടി..അഥവാ മിണ്ടാത്തവന്‍. നിവൃത്തിയില്ലാതെ എന്തെങ്കിലും പറയേണ്ടിവന്നാല്‍ നേര്‍ത്ത വിക്കിനെ ചാടിക്കടക്കാനെന്നവണ്ണം അതിവേഗത്തിലാകും പറയുക, ആര്‍ക്കു തിരിയാന്‍! വെറുമൊരു സാധു.

അവന്റെ വാപ്പ മീന്‍‌കച്ചവടക്കാരന്‍. സൈക്കിളില്‍ കുട്ടയും 'ബലൂണ്‍ പീപ്പി' യും പിടിപ്പിച്ചൊന്നുമല്ല കച്ചവടം; തോര്‍ത്ത് കെട്ടിയ തലയില്‍ കുട്ട ചുമന്ന് നഗ്നപാദനായി നടന്ന് നടന്ന്...! നടപ്പിനും കിതപ്പിനുമിടക്ക് തൊണ്ടക്കുഴി ഞെരക്കി ചാളഹ്..ഐലഹ്..തിലോപ്പിഹ്...വിളിക്കുന്നതിനിടയില്‍ ശ്വാസം പോലും കഴിക്കുന്നതപൂര്‍‌വ്വം. ഇടക്കിടെ മീന്‍കുട്ട സ്കൂളിന്റെ മതിലില്‍ വച്ച് മുസ്തഫയുടെ വിവരമറിയാന്‍ ക്ലാസ്സിന്റെ മുന്നില്‍ വരും. മകനെപ്പറ്റിയുള്ള കുല്‍‌സു ടീച്ചറുടെ പരാതികള്‍ കേട്ട് മീന്‍‌കുട്ടയിലേക്ക് കുറേ നിരാശകളും വാരിയിട്ട് തിരിച്ചുപോകും. വെറുമൊരു സാധു.

എനിക്കേതാണ്ടെട്ടുവയസ്സുള്ളപ്പോഴുള്ള ചിത്രമാണിത്. പിന്നീട് ലോകം ഒരുപാടു മുന്നോട്ടു പാഞ്ഞു. ഞങ്ങളുടെ മൂന്നാം ക്ലാസ് മുറിയും സ്കൂളും പൊളിച്ചുമാറ്റപ്പെട്ടു. അവിടം ഭൂമാഫിയ കയ്യടക്കി. ചെമ്മണ്ണു ചുവപ്പിച്ചിരുന്ന റോഡുകളെല്ലാം ടാറിട്ടു കറുത്തു. നാടും നാട്ടാരും വളര്‍ന്നു. ചാളയും ഐലയും വരെ പുരോഗമിച്ചു. ഒപ്പം ഞാനും വലുതായി. ഇപ്പോള്‍ ഗള്‍ഫുകാരനുമായി.

മൂന്നാം ക്ലാസ്സിനു ശേഷം മുസ്തഫയെ മൂന്നോ നാലോ പ്രാവശ്യമേ കണ്ടിട്ടുള്ളു. ഞാന്‍ തരക്കേടില്ലാത്ത ഒരു സ്കൂളിലേക്കും പിന്നീടു കോളേജിലേക്കും രംഗം മാറ്റിയിരുന്നല്ലോ? കണ്ടപ്പോഴൊക്കെ ഞാന്‍ എന്തെങ്കിലും വിശേഷം ചോദിച്ചു കാണണം. അവന്‍ അതിനുത്തരവും പറഞ്ഞുകാണും. അതില്‍ കൂടുതല്‍ മുസ്തഫ എന്ന കുട്ടി എന്റെ ജീവിതത്തിലോ മനസ്സിലോ ഇല്ല. അവന്‍ ഒരു സാധുവല്ലേ; ആര്‍ക്കുവേണം ഒരു സാധുവിനെ..!

പക്ഷെ അവന്റെ വാപ്പ! സാധുവെങ്കിലും എന്റെ ഓര്‍മ്മകളില്‍ പിടക്കുന്നൊരു ചിത്രമാണാ മീന്‍‌ കച്ചവടക്കാരന്‍. എനിക്ക് വലിയ സഹതാപമാണയാളെ. എന്തുകൊണ്ടോ ഇഷ്ടമാണ്. അതുകൊണ്ടാണോ എന്നറിയില്ല ചാളപൊള്ളിച്ചതും, ഐല പൊരിച്ചതും എനിക്ക് വലിയ കമ്പമാണ്. എന്നുകരുതി അതൊക്കെ വെട്ടി വിഴുങ്ങുമ്പോഴൊക്കെ ഞാന്‍ അയാളെ ഓര്‍ക്കാറൊന്നുമില്ല. അയാള്‍ എവിടെയാണെന്നോ എന്താണെന്നോ എനിക്കിപ്പോളറിയില്ല.

ഞാന്‍ ഉത്തരവാദിയായ ഒരു പ്രസവകര്‍മ്മം രണ്ടു മാസം മുന്‍‌പു നടന്നു. നടത്തിയത് വേറാരുമല്ല, എന്റെ സ്വന്തം സഹധര്‍മ്മിണിതന്നെ. ആണ്‍ കുട്ടി. ഞാന്‍ അവനെ അമന്‍ എന്നു വിളിച്ചു. അമന്‍ എന്നെ അവന്‍ എന്നൊന്നും വിളിക്കില്ലായിരിക്കും; പേടി ഇല്ലാതില്ല! ഇതുവായിക്കുന്നവരുടെയൊക്കെ കുട്ടികളുടെ കൂടെയാണല്ലോ അവന്‍ വളരേണ്ടത്! ഇതുമായി ബന്ധപ്പെട്ട് രണ്ടുമാസത്തോളം നാട്ടിലുണ്ടായിരുന്നു എന്നു പറയാനാണ് ഈ പാരഗ്രാഫ് കത്തിവച്ചത്.

അമനെക്കാണാന്‍ കുറച്ചതിഥികള്‍ വരുന്നതു പ്രമാണിച്ച് ഉമ്മ പറഞ്ഞു.."ഡാ ഒരു കോഴിവാങ്ങടഡാ...പൊരിക്കാം". പറഞ്ഞയുടന്‍ അതു ചെയ്തില്ലെങ്കില്‍ ഉമ്മ എന്നെ പൊരിക്കും. അല്പം ദൂരെ മലേപ്പള്ളിയില്‍ പുതിയൊരു കോഴിക്കടയുണ്ട്. അനിയന്റെ പള്‍സറില്‍ ഞാനങ്ങോട്ടു പറന്നു.
"കോഴിയെ ഞാനറുക്കാം" ഞാന്‍ പറഞ്ഞു. അല്ലാഹുവിന്റെ നാമത്തില്‍ അറുക്കപ്പെട്ടതേ മുസ്‌ലിമിനു കഴിക്കാവു. അതെന്താ, അല്ലാഹുവിന്റെ പേരില്‍ അറുക്കപ്പെടുമ്പോഴെന്താ കോഴിപ്പനീടെ അണുക്കള്‍ ചത്തുപോകുവോ? അതോ അതില്‍ പ്രോട്ടീന്‍‌സും മിനറല്‍സും കൂടുവോ? അറിയില്ല, പക്ഷെ അങ്ങനെയേ ചെയ്യാറുള്ളൂ. അതേ പാടുള്ളു എന്നത് പ്രവാചന്റെ നിര്‍ദ്ദേശമാണ്. ഇതു പറഞ്ഞപ്പോള്‍‍ പലരും വായന മതിയാക്കിയിട്ടുണ്ടാകും അല്ലേ? തീവ്രവാദമല്ലേ പറഞ്ഞത്. ഇതിലും ഭേദം നെറ്റിയില്‍ തീവ്രവാദി എന്നെഴുതി ഒട്ടിക്കലായിരുന്നു. അപ്പോള്‍ തിവ്രവാദിയാണോ ഭ്രാന്തനാണോ എന്ന സംശയമെങ്കിലും ആളുകള്‍ക്കുണ്ടാകും. ഇതിപ്പോ ഒറപ്പായില്ലേ; തീവ്രവാദി തന്നെ.

ഏതായാലും ഞാന്‍ തന്നെ അറുത്തു. കോഴിക്കു വേറെ കുഴപ്പമൊന്നും സംഭവിച്ചില്ല, സാമാന്യം തരക്കേടില്ലാതെ തന്നെ മരിച്ചു! പപ്പും പൂടയും പറിക്കുന്നതിനിടയില്‍ കോഴിക്കാരന്‍ ചോദിച്ചു, "നിനക്കെന്നെ മനസ്സിലായില്ലേ? അല്ല നീ അറുക്കാമെന്നു പറഞ്ഞതുകൊണ്ടു ചോദിച്ചതാ.

"ശ്രദ്ധിച്ചു നോക്കി. മുസ്തഫ! മൂന്നാം‌ക്ലാസിലെ മുസ്തഫ! ആകെ മാറി. ഇപ്പോള്‍ മൊട്ടത്തലയല്ല. വിക്കും മാറി. പക്ഷെ, സംസാരം ഇപ്പോഴും സ്പീഡില്‍ തന്നെ. കോഴി കവറില്‍ കേറിയിട്ടും കുശലം തുടര്‍ന്നു. ഇതിനിടയില്‍ അവന്‍ പിന്നിലെ വീട്ടിലേക്കുപോയി ഒരു തക്കിടിമുണ്ടിക്കുട്ടിയെ എടുത്തുകൊണ്ടു വന്നു.

"എന്റെ മോളാ, ആമിന. ഒരു വയസു കഴിഞ്ഞു". അവന്‍ പറഞ്ഞു. മിടുക്കിയാണ്. ഞാന്‍ കവിളില്‍ തലോടി.
"എനിക്കും ഒരു മോനായി, അമന്‍". അവന്‍ പുഞ്ചിരിച്ചേയുള്ളു.

പക്ഷെ എന്റെ മനസ്സിലെ ആ പഴയ പിടക്കുന്ന ചിത്രം ഇളകിയാടാന്‍ തുടങ്ങി. മുസ്തഫക്കറിയില്ല, അവന്റെ വാപ്പയെ എനിക്കിഷ്ടമാണെന്ന്. അവന്റെ വാപ്പക്കാണെങ്കില്‍ എന്നെപ്പോലും അറിയില്ല, പിന്നെയല്ലേ എനിക്കദ്ദേഹത്തോടുള്ള താല്‍‌പര്യം!

"വാപ്പയെവിടെ?"
"കച്ചോടോണ്ട്"
"മീന്‍ കച്ചോടോ?"
"ആ അദ്ദന്നെ"
"ഇപ്പഴും നടന്നാണോ?"
"ഹേയ്....., ദേ...അവ്ടെ....." ആ പറമ്പിന്റെ മൂലയിലെ ചെറിയൊരു നീല ടര്‍പോളിന്‍ ഷെഡിലേക്ക് അവന്‍ വിരല്‍ചൂണ്ടി.

ഞാന്‍ അങ്ങോട്ടു നീങ്ങി. ഷെഡില്‍ ഒരു കുട്ടയുണ്ട്, അതില്‍ കുറച്ചു ചാളയും. ചട്ടിയുടെ പിറകിലിരിക്കുന്ന ആ മനുഷ്യശരീരത്തില്‍ കാലം തമാശ കാണിച്ചിരിക്കുന്നു. കറുപ്പിച്ചുകളഞ്ഞു, കവിളൊട്ടിച്ചു. ഈ ജന്‍‌മത്തേക്ക് വകവച്ചിരുന്ന നടപ്പെല്ലാം നേരത്തേ നടന്നു തീര്‍ത്തതിനാലാകണം മുതുകുവളച്ചു, ഭാരങ്ങളെല്ലാം ചുമന്നുകഴിഞ്ഞതിനാല്‍ കഴുത്തുംകുനിച്ചു. എല്ലാം അപ്‌ഡേറ്റഡായ യുഗത്തില്‍ കാലം അയാളെ ഇങ്ങനെ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നു! ചാളഹ്..ഐലഹ്..തിലോപ്പിഹ്...മനസ്സില്‍ മുഴങ്ങി.

കണ്ടാലറിയാം; കച്ചവടമൊന്നും കാര്യമായില്ല. ഫോറിന്‍ മീനുകളും ഫോര്‍സ്ട്രോക്ക് മീന്‍‌ വണ്ടികളും രംഗം കയ്യടക്കിയ ഇക്കാലത്ത് ഈ പഴയ മീന്‍‌കാരനെയും അയാളുടെ പഴയ ചാളയും ആര്‍ക്കുവേണം? എനിക്കും വേണ്ട; കോഴി കയ്യിലുള്ളപ്പോള്‍ മീനെന്തിന്?

തിരിച്ചു പോകാന്‍ തുനിഞ്ഞപ്പോള്‍ പതറിയ പഴയ സ്വരത്തില്‍ അദ്ദേഹം ചോദിച്ചു "ഒന്നും വേണ്ടേ?"
"ഹും...വേണം...ഒരു മൂന്നു കിലോ?"
അപ്പോള്‍ കൗതുകത്തോടെ എന്നെ നോക്കി..ആ നാട്ടില്‍ ഒരുപക്ഷെ ആദ്യമായിട്ടാകും മൂന്നുകിലോ ചാളയുടെ കച്ചവടം!. സന്തോഷത്തോടെയാണ് മീന്‍ തൂക്കി എനിക്കു തന്നതും കാശുവാങ്ങിയതും. മൂന്നാലെണ്ണം കൂടുതലുമിട്ടു. എത്ര ഭംഗിയായിട്ടു പൊതിഞ്ഞിരിക്കുന്നു..! എക്സ്പീരിയന്‍സ് ഈസ് ദ....അല്ലേ? പ്ലാസ്റ്റിക് കവറുകളെ നോക്കി കൊഞ്ഞനം കുത്താന്‍ തോന്നി.

അമ്പരപ്പോടെ, സഹതാപത്തോടെ ഞാന്‍ വണ്ടി സ്റ്റാര്‍‌ട്ട് ചെയ്തു. എത്രകാലമായിട്ടയാള്‍ ഇപ്പണി ചെയ്യുന്നു! ഇപ്പഴും..? ഇനി സ്വര്‍ഗ്ഗത്തില്‍ സ്വയം കരിയര്‍ തിരഞ്ഞെടുക്കാന്‍ അധികാരം കിട്ടിയാലും, വെറുതെയിരുന്നു തിന്നാന്‍ അവസരം ലഭിച്ചാലും ഇദ്ദേഹം മീന്‍ വിറ്റുതന്നെയാകും ജീവിക്കുക!

സമയം ഒരുപാടു വൈകി. കോഴി പൊരിക്കാനുള്ളതാണ്. ആട് കറിവച്ചിട്ടുണ്ട്. പോത്ത് ഒലത്തിയിട്ടുണ്ട്. അപ്പോ കയ്യിലുള്ള ഈ മീനോ? ഇനി ഇതും കൂടി വീട്ടിലേക്ക് കൊണ്ടു ചെന്നാ ഉമ്മ പല്ലിറുമ്മി എന്നെ മൂന്നാക്കിമുറിച്ച് പൊരിച്ചൊലത്തി കറിവക്കും! ഇതിപ്പൊ എന്തു ചെയ്യും?

വീട്ടിലേക്കുള്ള വഴിയില്‍ വളവുതിരിഞ്ഞതും ദാ നില്‍ക്കണ് പാത്തുക്കുട്ടിത്താത്ത. അയല്‍‌ക്കാരിയാണ്. മീന്‍ കൊതിച്ചിയാണ്. ഒണക്കമീനെങ്കിലുമില്ലാതെ ചക്കപ്പഴം പോലും കഴിക്കാത്ത ടൈപ്പ്. വണ്ടി ചവിട്ടി നിര്‍ത്തി.
"ഇത്തോ..ഇദ് പിടിച്ചേ..!"
"ദ്ദെന്തൂട്ടാദ്ദ്.."
"ച്ചിര്..ചാളയാ..കൊണ്ടോയി വര്‍ത്ത് കടിച്ച് പറിക്ക്.." സാധനം പതുക്കെ ആ മഹത്തായ കൈകളിലേക്ക് വച്ചു കൊടുത്തു...!
താത്ത താടിക്ക് കൈകൊടുത്ത് അന്തം വിട്ടു..കാക്ക വണ്ടിക്ക് കൈകൊടുത്ത് സ്ഥലം വിട്ടു..!

നമ്മുടെ നാട്ടില്‍ നിങ്ങള്‍ക്ക് എന്തു ചീത്തപ്പേരും കേള്‍പ്പിക്കാം തരികിട, ചതിയന്‍, വഞ്ചകന്‍, രാഷ്ട്രീയക്കാരന്‍! വേണമെങ്കില്‍ നല്ലവനുമയിക്കോളൂ..പക്ഷെ ഒരിക്കലും വെറുമൊരു സാധുവാകരുത്; ജീവിക്കാന്‍ കഴിയില്ല. സാധുക്കളെ ആര്‍ക്കും വേണ്ടടോ വായനക്കാരാ...!

Sunday, December 27, 2009

2010 സ്ഥാനമേല്‍ക്കാന്‍ വിസമ്മതിച്ചു - വാര്‍ത്ത

കുന്തം ലേഖകന്‍

ലോകത്തിന്റെ നിയുക്ത പുതുവര്‍ഷം 2010 സ്ഥാനമേല്‍ക്കാന്‍ വിസമ്മതമറിയിച്ചായി റിപ്പോര്‍ട്ട്. ആഗോള കലണ്ടര്‍ കമ്മീഷണറുടെ ഓഫീസില്‍‍‍ ഭാര്യയോടും അഭിഭാഷകനോടുമൊപ്പം നേരിട്ട് ഹാജരായി 2010 വിസമ്മതപത്രം സമര്‍പ്പിച്ചു എന്നറിയുന്നു. ഉഗാണ്ട ആസ്ഥാനമായുള്ള ഒരു സ്വകാര്യവാര്‍ത്താ ഏജന്‍സിയാണ് ഞെട്ടിച്ചിരിപ്പിക്കുന്ന ഈ വാര്‍ത്ത പുറത്തുവിട്ടത്.

ലോകം മുഴുവന്‍ രണ്ടായിരത്തിപ്പത്തിനെ വരവേല്‍ക്കാന്‍ കള്ളും കദിനയും കലണ്ടറുമൊരുക്കി മൂത്തുനില്‍ക്കുന്ന ഈ അവസാനനിമിഷത്തില്‍ പുറത്തുവന്നിരിക്കുന്ന ഈ വാര്‍ത്ത ഭൂലോക കള്ളുകുടിയന്മാരെയും ആഗോള കലണ്ടര്‍ പ്രേമികളെയും പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തിന്റെ നിജസ്ഥിതിയറിയാന്‍ യുണൈറ്റഡ് ന്യൂയിയേര്‍സ് അസോസിയേഷന്‍ (യൂനുസ്) ഏകാംഗ കമ്മീഷനെ നിയമിച്ചു.തലയില്‍ മുണ്ടിട്ട് പടിയിറങ്ങുന്ന രണ്ടായിരത്തി ഒന്‍പതിനുണ്ടായ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് 2010 ഈ കടുത്ത തീരുമാനം കൈക്കൊണ്ടതെന്നു കരുതുന്നു.

കഴിഞ്ഞദിവസം ഉഗാണ്ടയിലെ ഹോട്ടല്‍ ഡീപ് ഫോറസ്റ്റില്‍ 2009 ന്റെ അഭ്യര്‍ത്ഥനപ്രകാരം മുതിര്‍ന്ന വര്‍ഷനേതാക്കളുടെ അടിയന്തിര യോഗം വിളിച്ചുചേര്‍ക്കുകയുണ്ടായി. ഇതില്‍ ബാബരിഫെയിം 1992 അടക്കം അടക്കമുള്ള ഏതാണ്ട് പത്തോളം മുന്‍‌വര്‍ഷങ്ങള്‍ സംബന്ധിച്ചിരുന്നു. യോഗത്തില്‍ ഏറെ ദുഖിതനും രോഷാകുലനുമായി കാണപ്പെട്ട 2009 തനിക്കുണ്ടായ അപമാനങ്ങളെയും നാണക്കേടുകളെയും കുറിച്ച് രോഷാകുലനായി സംസാരിക്കുകയും ഭൂമിയില്‍ മനുഷ്യന്‍ എന്ന ഭീകരജീവി ഉള്ളിടത്തോളം കാലം തന്റെ കുടുംബത്തില്‍ നിന്നും ആരെയും അവരുടെ ക്രൂരതകള്‍ക്കും കാമകേളികള്‍ക്കും ഇടയിലേക്ക് താന്‍ വിട്ടുകൊടുക്കില്ല എന്നു തറപ്പിച്ചു പറയുകയും ചെയ്തുവത്രെ. ഇന്ന് ലോകത്തെ ജനങ്ങള്‍ തങ്ങളുടെ മുതുമുത്തച്ഛനായ ഹിരോഷിമക്കാരന്‍ 1945 ന്റെ കാലത്തേക്കാള്‍ അധപതിച്ചിരിക്കുകയാണെന്നും ആയിരം ഹിരോഷിമകളുണ്ടാക്കാന്‍ പോന്ന നാശവിത്തുകള്‍ ഒരു മനുഷ്യന്റെ മനസ്സില്‍തന്നെയുണ്ടെന്നും 2009 പറഞ്ഞു. മനുഷ്യന്റെ സദാചാരത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ "എര്‍ത്ത് ഈസ് മോര്‍ ഹോട്ട് ദാന്‍ സണ്‍" (ഭൂമി സൂര്യനേക്കാള്‍ ഹോട്ടാണ്) എന്നു പ്രയോഗിച്ചത് സദസ്സില്‍ ചിരിയുണര്‍ത്തി.

യോഗത്തില്‍ സംബന്ധിച്ച മുതിര്‍ന്ന വര്‍ഷങ്ങളെല്ലാം തന്നെ 2009നെ പിന്തുണക്കുകയും മനുഷ്യന്‍ നന്നാവുന്നതുവരെ കലണ്ടര്‍ കവലയില്‍ അനിശ്ചിത കാല റിലേ നിരാഹാരം തുടങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. തീരുമാനം ആത്മഹത്യാപരമാണെന്നും അതില്‍നിന്ന് പിന്‍‌മാറണമെന്നും മനുഷ്യത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള ഒരു മുന്‍ വര്‍ഷം അഭിപ്രായപ്പെട്ടെങ്കിലും 2009ന്റെ കടും പിടുത്തത്തിനു മുന്നില്‍ അദ്ദേഹവും വഴങ്ങുകയായിരുന്നു. ജോര്‍ജ് ബുഷിനു ജന്മം നല്‍കിയ കേസില്‍‍ ആജീവനാന്ത കഠിനതടവനുഭവിക്കുന്ന കൊടും ഭീകരന്‍ 1946നെ ഇരട്ടിശിക്ഷയ്‌ക്കായി 2010നു പകരക്കാരനായി ലോകത്തേക്കയക്കാനുള്ള നിര്‍ദ്ദേശവും യോഗാംഗങ്ങള്‍ കലണ്ടര്‍ കമ്മീഷണര്‍ക്കു സമര്‍പ്പിച്ചേക്കും.

ഇതിനിടയില്‍, യോഗത്തിനിടെ 2009 പിന്‍‌ഗാമിയായ 2010നെ ഒരു മൂലയിലേക്ക് വിളിച്ച് എന്തോക്കെയോ വികൃതമായ ഭാഷയില്‍ കുശുകുശുക്കുന്നതിന്റെ അവ്യക്തമായ വീഡിയോ പകര്‍പ്പ് കേരളത്തിലെ ഒരു ചാനല്‍ സം‌പ്രേക്ഷണം ചെയ്തിരുന്നു. "എന്റെ പൊന്നനിയാ..ചേട്ടനു പറ്റിയതു പറ്റി. പ്രപഞ്ചത്തില് ഭൂമീം അതിലെ അലവലാതികളും ഒള്ള കാലത്തോളം നിനക്ക് സ്വസ്ഥതേണ്ടാവൂല്ലാട്ടാ....വേറെവ്‌ടേങ്കിലും പോയി തടിതപ്പാന്‍ നോക്ക്" എന്ന് പലപ്രാവശ്യം 2009 പറഞ്ഞതായി ചാനലിന്റെ കുശുകുശുപ്പ് വിവര്‍ത്തന വിഭാഗം (കശാപ്പ്) വ്യക്തമാക്കി. ചാനലിന്റെ ഊഹം പടക്കല്‍ (ഊപ) വിഭാഗത്തിന്റെ പക്കല്‍ ഇനിയും കൂടുതല്‍ വിവരങ്ങളുണ്ടെന്നും ആവശ്യാനുസരണം അവ വേവിച്ച് ബ്രേക്കിംഗ് സൂപ്പുകളായി ടി.വിക്കടിയിലൂടെ ഒഴുക്കിവിടുമെന്നും ചാനല്‍ വിളിച്ചുപറഞ്ഞു.

ഇതിനെത്തുടര്‍ന്ന് കേരളത്തിലെ വിവിധ രാഷ്ടീയ കക്ഷികള്‍ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. 2010വന്ന് പടക്കം പൊട്ടിക്കുന്നതുവരെ 2009നെ പോകാന്‍ അനുവദിക്കില്ലെന്നും വേണ്ടിവന്നാല്‍ ഡിസംബര്‍ 31ന്, 12 മണിക്ക് എല്ലാ ക്ലോക്കുകളും സ്തംഭിപ്പിക്കുമെന്നും എതിര്‍ക്കാന്‍ നോക്കുന്ന ക്ലോക്കുകളുടെ സെക്കന്റ് സൂചി വളച്ചുകളയുമെന്നും പ്രതിഷേധക്കമ്മിറ്റി ചെയര്‍മാന്‍ തല്ലിപ്പൊളി ജബ്ബാര്‍ അറിയിച്ചു.

Thursday, September 17, 2009

പെരുന്നാളിനോട് പറയാനുള്ളത്..

പെരുന്നാളിനെ എനിക്കു പേടിയാണ്! നിലാവ് പിറന്നതായി സൗദിടെലിവിഷനില്‍ അറിയിപ്പ് വരുന്നതു മുതല്‍ തുടങ്ങും മനസ്സിന്റെ കണ്ണു നിറയാന്‍! പെരുന്നാള്‍ രാവുമുഴുവന്‍ ഒരു പോളക്കണ്ണടക്കാതിരുന്നു പൊട്ടിപ്പൊട്ടിക്കരയുന്ന എന്റെ മനസ്സിനെ എന്തുപറഞ്ഞാണു ഞാന്‍ ആശ്വസിപ്പിക്കുക?

"നാളെ റസാക്കിന്റെ വീട്ടിലും, ജലീലി‍ക്കാടെ വീട്ടിലും കോഴി ബിരിയാണിയാ.., അബുക്കാടവ്‌ടെ ആട്.. ഹൊ! എല്ലാട്ത്തും പായസോണ്ടാകും ഹാവൂ !" ഇങ്ങനെ യൊക്കെ പലപല ആത്മകൊതിപ്പിക്കലുകളും കരച്ചില്‍ മാറ്റല്‍ ശ്രമങ്ങളും നടത്തിനോക്കാമെന്നല്ലാതെ, ഉം ഹും..ലവലേശം ഒന്നാശ്വസിക്കില്ല എന്റെ അസത്ത് മനസ്സ്..!

വളര്‍ത്തുദോഷമാണേ; വളര്‍ത്തു ദോഷം! മനസ്സുകളെ വളര്‍ത്തണ്ടതുപോലെ വളര്‍ത്തണം. ജനിച്ചതു മുതല്‍, മുതിര്‍ന്നിട്ടും, ഗള്‍ഫിലേക്കു പോരുന്നതുവരെ... പെരുന്നാളിന്റെ തലേദിവസം മക്കളെയും വണ്ടീയില്‍ കയറ്റിയിരുത്തി ആലുവയിലോ പെരുമ്പാവൂരോ പോയി പെരുന്നാകോടിയും, ചെരിപ്പും, ബെല്‍ട്ടും, അത്തറും എല്ലാം വാങ്ങിക്കൊടുത്ത്, വീട്ടില്‍ വന്ന് അണിയിച്ചു നോക്കി, ചേര്‍ച്ച ഉറപ്പുവരുത്തി, സന്തോഷത്തോടെ കിടത്തിയുറക്കുന്ന വാപ്പമാരുണ്ടെങ്കില്‍ മനസ്സുകള്‍ ഇങ്ങനെ അസത്തുക്കളായില്ലെങ്കിലേ അത്ഭുതമുള്ളൂ! രാത്രി ഉറങ്ങാതെ പിറ്റേദിവസം രാവിലത്തേക്കുള്ള പലഹാരമുണ്ടാക്കലും, ഉച്ചക്കലേക്കുള്ള തേങ്ങാചോറിനുള്ള തേങ്ങാചെരകലും ഒക്കെ നടത്തുന്നതിനിടയില്‍ മക്കള്‍ ഉറങ്ങുന്നില്ലേ എന്നുറപ്പുവര്‍ത്താന്‍ ഇടക്കിടെ വന്നു നോക്കുകയും, ഉണര്‍ത്താതെ ഉമ്മ വക്കുകയും, ചെയ്യുന്ന ഉമ്മമാരുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട!

ഉമ്മ വച്ച തേങ്ങാചോറുതിന്ന് വയറുനിറഞ്ഞ മനസ്സിന്റെ ഓര്‍മ്മകളില്‍ ബ്റോയിലര്‍ കോഴിബിരിയാണി ഒരു കുട്ടളം നിറച്ചു തിന്നാലും ഒരു തുള്ളിയെങ്കിലും തൃപ്തിനിറയുമോ?

വാപ്പസമ്മാനിച്ച കോടിയണിഞ്ഞ് പെരുന്നാളുകൂടുന്ന മനസ്സുകളെ റിയാലുകള്‍ വലിച്ചെറിഞ്ഞ് വാങ്ങിയ ജ്യോര്‍ദ്ദാനോയുടെയോ, ബോസ്സിനിയുടെയോ കളര്‍ഫുള്‍ ഉടുപ്പുകളുണ്ടോ ഒരു നുള്ളെങ്കിലും സന്തോഷിപ്പിക്കുന്നു?

അനിയന്‍ തലയില്‍ കെട്ടിത്തന്ന തൂവാല ഇളംകാറ്റില്‍ പാറിയപ്പോള്‍ ഉയര്‍ന്ന് നിന്നിരുന്നതാണല്ലോ എന്റെ ഈ ശിരസ്സ്; ഇപ്പോള്‍ വെല്ലാസ്റ്റ്റെയിറ്റിട്ട് മുടിനിവര്‍ത്തിയിട്ടും,‍ ഹെഡ് & ഷോള്‍‍ഡര്‍ പതപ്പിച്ച് മിനുപ്പിച്ചിട്ടും, ഉംറക്കുപോയപ്പോള്‍ വാങ്ങിയ തിളക്കത്തൊപ്പിയണിഞ്ഞിട്ടും താങ്ങാനാകുന്നില്ലല്ലോ ഈ തലയുടെയൊരു കനം!

ഈദ്ഗാഹിലേക്കു പോകവേ കുഞ്ഞുമൂത്താപ്പ പഞ്ഞിയില്‍ മുക്കി ചെവിയില്‍ തിരുകിത്തന്ന അത്തറിന്റെ സുഗന്ധത്തില്‍ പൂമ്പാറ്റകളായി പാറിയവര്‍ക്കു മുന്നില്‍ ഹ്യൂഗോ ബോസ്സിനോ അതിന്റെ മൂത്താപ്പ പോലീസിനോ പുല്ലോളം വിലയുണ്ടോ?

തിരുദൂതര്‍ ചെയ്യാത്തതെങ്കിലും പടക്കം ഹറാമല്ല എന്ന ഉറച്ചവിശ്വാസത്തില്‍ പൊട്ടിച്ച പടക്കങ്ങളുടെ ശബ്ദം കാതില്‍ മുഴങ്ങുന്നതിനിടയില്‍ ഞാനിപ്പോള്‍ ഏതു ഖവ്വാലീ സംഗീതത്തിന്റെ താളഗതിയില്‍ മതിമറക്കാനാണ്?

അതിരാവിലെ ആദ്യത്തെ പെരുന്നാള്‍ മുത്തം തന്നിരുന്ന വല്ലിമ്മമാരില്‍ ഒരാളുടെ കൃത്യം മൂന്നു വര്‍ഷം പഴക്കമുള്ള ഖബറിങ്കലും മറ്റേയാളുടെ അഞ്ചു വര്‍ഷം പഴക്കമുള്ള രോഗശയ്യയിലുമെത്തി സലാം പറഞ്ഞു കടന്നുപോകാനുള്ള ഈ പെരുന്നാളിനെ ആഹ്ലാദാമോദങ്ങളോടെ ഞാന്‍ എങ്ങനെ സ്വീകരിക്കാനാണ്?

അതുകൊണ്ടാണ് ഈ വരുന്ന പെരുന്നാളിനോടു പറയാന്‍ എന്റെ മനസ്സ് എന്നോട് ഇങ്ങനെ പറഞ്ഞേല്പ്പിച്ചത്.."അല്ലയോ പ്രിയപ്പെട്ട പെരുന്നാളേ..! ദുര്‍ബ്ബലനായ ഈ പ്രവാസിക്ക് നിന്നെ വേണ്ടവണ്ണം സ്വീകരിക്കാനോ‍, വേണ്ടുവോളം ആഘോഷിക്കാനോ‍ കഴിഞ്ഞുകൊള്ളണ‌മെന്നില്ല..! ഇഷ്ടമില്ലാഞ്ഞിട്ടല്ല; നിന്നേക്കാള്‍ വലുതായി മറ്റൊരാഘോഷത്തെയും കണ്ടിട്ടുമല്ല; പക്ഷ..എനിക്കു പേടിയാണ്; നിന്നോടൊപ്പം കുത്തിയൊലിച്ചെത്തുന്ന, കരളുതകര്‍ത്ത്, മനസ്സിന്റെ തട്ടിന്‍പുറങ്ങള്‍ കലക്കിമറിച്ച്, ആത്മാവിന്റെ നാട്ടിന്‍പുറങ്ങളില്‍‌ സര്‍‌വ്വനാശം വിതച്ചേക്കാവുന്ന മധുരസ്മരണകളെ..,എന്റെ സ്വന്തം മധുരസ്മരണകളെ!"

എങ്കിലും എന്റെ പ്രിയപ്പെട്ടവരോട് എനിക്കു പറയാതിരിക്കാന്‍ പറ്റില്ലല്ലോ "ഈദ് മുബാറക്!"
------------------------------------------------------------
കഴിഞ്ഞ പെരുന്നാളിന് ഇതു വായിച്ചവര്‍...അടുത്ത പെരുന്നാളിനും പ്രതീക്ഷിച്ചുകൊള്ളുക.. :)

Friday, August 14, 2009

ആകാശഗംഗയിലെ വല്ലിമ്മമാര്‍‌-2

പൗര്‍ണ്ണമിയില്‍ പ്രശോഭിതയായ വാനിലേക്കു നിര്‍ന്നിമേഷനായി നോക്കുന്ന പൈതലിന്റെ മനസ്സോടെയാണ് ഇപ്പോഴും പെരുമ്പാവൂരിനെക്കുറിച്ചുള്ള ഓര്‍മ്മകളിലേക്ക് ഞാന്‍ തലപൊക്കി നോക്കുക!‍ അപ്പോഴൊക്കെയും ഓര്‍മ്മയിലെ ആ പ്രകാശിതപ്രദേശത്തിന്റെ ഒത്തനടുക്ക് ഒരു പൂര്‍ണ്ണചന്ദ്രിക അതിരറ്റ വാത്സല്യത്തോടെ, നിര്‍ബ്ബന്ധപുര്‍വ്വം എന്നെ മാടിവിളിക്കും! അപ്പോള്‍ എന്റെ മനസ്സിന്റെ കൊച്ചരിപ്പല്ലുകള്‍ അറിയാതെ പുഞ്ചിരിതൂകും; ആത്മാവിന്റെ കുഞ്ഞിക്കൈകള്‍ രണ്ടും നീട്ടി ഞാനാ മടിത്തട്ടിലേക്ക് ഓടിയടുക്കും! തൊട്ടടുത്ത് കാത്തുവച്ചിരിക്കുന്ന പൊതിയഴിച്ച് പഴവും പപ്പടവടയും ഉണ്ണിയപ്പവും എന്റെ കുഞ്ഞുവായിലേക്കും, ചുബനങ്ങളുടെ അത്തറുമണങ്ങള്‍ എന്റെ ഇരുകവിളിലേക്കും കുത്തിനിറച്ച്..പെരുമ്പാവൂരെ എന്റെ വല്ലിമ്മ നിറഞ്ഞ കണ്ണുകള്‍ തുടക്കും..!

കുഞ്ഞുമക്കളെക്കാണുമ്പോള്‍ വല്ലിമ്മയുടെ കണ്ണുനിറയുന്നതെന്തിനാണ്? സന്തോഷം കൊണ്ടാണെന്ന് വല്ലിമ്മ പറയും. കണ്ണുനീര്‍ ഒരര്‍ത്ഥത്തില്‍ ചതിയനാണ്; സന്തോഷത്തെ സങ്കടമെന്നും സങ്കടത്തെ സന്തോഷമെന്നും അത് തെറ്റിദ്ധരിപ്പിച്ചുകളയും! സന്തോഷത്തിന്റെ കണ്ണുനീരിന് ഉണ്ണിയപ്പത്തിന്റെ നിറവും മാമ്പഴത്തിന്റെ ഗന്ധവും ദൈവം നല്‍‌കണമായിരുന്നു. തിരിച്ചറിവില്ലാത്ത മക്കള്‍ മാതൃത്വത്തിന്റെ വിവിധ വികാരങ്ങളെ തിരിച്ചറിയാതെ പോകരുതല്ലോ? ഇക്കാലത്ത് സങ്കടത്തിന്റെ കണ്ണുനീരിന് കടുംചുവപ്പുനിറമുണ്ട്, റോസാപൂവിന്റെയും ചോരയുടെയും ചുവപ്പ്; പക്ഷെ ഗന്ധം അധികവും ചോരയുടേതാണ്!

സ്കൂളവധിക്കാലങ്ങളില്‍ നാട്ടിന്‍പുറത്തൊക്കെയും മഞ്ഞനിറമുള്ള കമ്മല്‍‌പൂക്കള്‍ വിരിഞ്ഞുനിറയാറുണ്ട്. ഇതുപോലെ‍, അവധിക്കാലത്തുമാത്രം ഭൂമിയില്‍ ഉയര്‍ന്നുവരുന്ന ഒരു വിശുദ്ധഗേഹമാണ് പെരുമ്പാവൂരെ ആ പഴയ തറവാട് എന്നെന്റെ കുഞ്ഞുമനസ്സ് തെറ്റിദ്ധരിച്ചിട്ടുണ്ട്; അപ്പോള്‍ മാത്രമാണല്ലോ അങ്ങോട്ടുപോകാറുള്ളൂ! അവധിയാകുമ്പോള്‍ ചുറ്റും വന്നണയുന്ന മക്കള്‍ക്കും കുഞ്ഞുമക്കള്‍ക്കും വേണ്ടി ബാക്കിയുള്ളകാലങ്ങളത്രയും കാത്തുകാത്തിരുന്നു വിരുന്നൊരുക്കിയ വല്ലിമ്മക്ക് ഞങ്ങളുടെ മനസ്സെന്ന ആകാശഗംഗയില്‍ മറ്റെന്തിനേക്കാളും വിശാലമായൊരു കൊട്ടാരമുയര്‍ന്നതിന്റെ ഒരുപാടുകാരണങ്ങളില്‍‍ വളരെക്കുറച്ചേ വിവരണത്തനു വിധേയമാക്കാന്‍ സാധിക്കുന്നതായുള്ളു.

വിണ്ണോളം വിനയവും മലയോളം മാന്യതയും മാലാഖയോളം വിശുദ്ധിയും, വല്ലിമ്മയുടെ കാതില്‍ വല്ലിപ്പ കെട്ടിക്കൊടുത്ത് വട്ടത്തില്‍ തൂങ്ങിയാടിയ അലിക്കത്തുകളേക്കാള്‍ ആ മുഖം പ്രകാശപൂരിതമാക്കിയിരുന്നു എന്നത് അലങ്കാരത്തിനുവേണ്ടിപ്പറയുന്നതല്ല. പക്ഷെ, ഇതിലുമൊക്കെയേറെ ഞങ്ങളുടെ ഓര്‍മ്മകളുടെ കൊട്ടാരത്തിലെ അമൂല്യമായ നിധികള്‍ ഒരു കുസൃതിക്കുരുന്നോളം കുട്ടിത്തം കിനിഞ്ഞ വല്ലിമ്മയുടെ മായാചിത്രങ്ങളാണ്. അതെ, വല്ലിമ്മയെക്കാള്‍ ഓമനത്തവും കൗതുകവുമുള്ള ഏതു പൈതലാണ് എന്റെ മടിയില്‍ കയറിയിരുന്ന് കവിളില്‍ നുള്ളി കളിപറഞ്ഞിട്ടുള്ളത്?
ഓര്‍മ്മകളുടെ രാജപാതയില്‍, കൈവിട്ടുപോയ ആ പഴയവീട്ടിലെ കൊച്ചുമുറിയില്‍‍ വല്ലിമ്മയെ കെട്ടിപ്പുണര്‍ന്നു കിടക്കുകയാണു ഞാനിപ്പോള്‍. ഈ നിറഞ്ഞൊഴുകുന്ന കണ്ണുനീര്‍തുള്ളികളും ഉതിര്‍ന്നുവീഴുന്ന പുഞ്ചിരികളും മനസ്സുനിറഞ്ഞൊഴുകുന്ന പ്രാര്‍ത്ഥനകളും സ്വര്‍ഗ്ഗപ്പൂങ്കാവനത്തില്‍ വല്ലിമ്മയുടെ തറാവാട്ടുമുറ്റത്തെ പാരിജാതങ്ങളായിമാറട്ടെ..! ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം എന്ന് പാടിയ കവി പ്രഗത്ഭന്‍ തന്നെയാണല്ലേ?

ഗോതമ്പുപൊടിച്ച് പുട്ടുണ്ടാക്കി മക്കളെ ചുറ്റുമിരുത്തി നിര്‍ബ്ബന്ധിച്ച് തീറ്റിക്കുമ്പോഴും, കണ്ണുതെറ്റുന്ന തക്കത്തിന് ഒരു മജീഷ്യന്റെ കരവിരുതോടെ വല്ലിമ്മ തന്റെ പങ്ക് തൊട്ടടുത്തയാളുടെ പാത്രത്തിലേക്ക് മാറ്റിക്കളയും. അയാള്‍ വീണ്ടൂം പാത്രത്തിലേക്കു നോക്കി 'എന്റെ പുട്ട് തീര്‍ന്നില്ലേ..' എന്നന്തം‌വിടുമ്പോള്‍ ചുമ്മാ ഒരേമ്പക്കവും വിട്ട് എഴുന്നേറ്റുപോകുന്നത് മറ്റാരുമല്ല ഞങ്ങളുടെ സ്വന്തം വല്ലിമ്മയാണ്... അതുകൊണ്ടാണ് എന്റെ വില്ലനനിയന്‍ വല്ലിമ്മയെ 'കുഞ്ഞിപ്പെണ്ണേ' എന്നു വിളിച്ചത്!

അവധിക്കാലമായിട്ടും മക്കള്‍ക്കുവേണ്ടി കായ്‌ക്കാത്ത മാവിനെ ശാസിക്കുകയും, ശേഷം ആശ്വസിപ്പിക്കുകയും ചെയ്യുന്ന കാഴ്‌ചകളൊക്കെ ഞാന്‍ വയസ്സായി സര്‍‌വ്വതും മറന്നാലും മറക്കാത്തത്ര രസദായകങ്ങളായിരുന്നു!

ഗുളികയും വെള്ളവും കൊണ്ടുക്കൊടുക്കുമ്പോള്‍ ആ സുന്ദരിക്കോതയുടെ മുഖം ചുളുങ്ങും. 'മോനങ്ങു കുടിച്ചോടാ..' എന്നപ്രതികരണത്തിനു ശേഷം വിരിയുന്ന പുഞ്ചിരിക്ക് എന്തൊരു മധുരമാണ്! അവിടെയെങ്ങാനും നമ്മുടെ കണ്ണൊന്നു തെറ്റിയാല്‍ ഗുളിക കട്ടിലിനടിയിലേക്കിട്ട് വെള്ളം മാത്രം കുടിച്ചുകളയും ആ 'കൊച്ചുകുട്ടി'! അടിച്ചുവാരുന്നവരെ ആ കട്ടിലിന്റെ ഏഴയലത്തേക്ക് വല്ലിമ്മ അടുപ്പിക്കാതിരുന്നതിന്റെ ഈ ഗുട്ടന്‍സ് വളരെ വൈകിയാണ് ഞങ്ങള്‍ക്ക് പിടികിട്ടിയത്..!

ഉണക്കാനിട്ട നെല്ല് കൊത്തിയെടുക്കാന്‍ വന്ന ഒരു പാവം കോഴിയുടെ പപ്പുംപൂടയും പറിച്ചുവിട്ട നിറം‌പിടിപ്പിച്ചകഥയും, ഇതുപോലുള്ള മറ്റുപലകഥകളും വല്ലിമ്മയുടെ ഓര്‍മ്മകളില്‍ ചിരിയായി പടരാറുണ്ട്. വല്ലിമ്മയുടെ ചുറ്റുമിരുന്ന് മക്കള്‍ ഈ കഥകളൊക്കെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പറയുമ്പോള്‍ ചെറിയൊരു ചമ്മലോടെ വല്ലിമ്മ അതൊക്കെ ആസ്വദിക്കുമായിരുന്നു..!

പക്ഷെ സ്വന്തം കാര്യത്തിലെ ഈ അലസകുസൃതികളൊക്കെ മക്കളുടെ കാര്യങ്ങളില്‍ അത്ഭുതകരമായ അതിസൂക്ഷ്‌മതക്കു വഴിമാറുന്നത് കാണാം. മക്കളുടെ ചെറിയ ചെറിയ തെറ്റുകള്‍ പോലും വ്യക്തമായ നിര്‍ദ്ദേശങ്ങളിലൂടെയും കൃത്യമായ ശിക്ഷകളിലൂടെയും തുടച്ചുമാറ്റാന്‍ വല്ലിമ്മക്കു കഴിഞ്ഞിരുന്നു. മക്കള്‍ നന്നായി വളരുന്ന കാര്യത്തില്‍, അവരെ ചിട്ടയില്‍ വളര്‍ത്തുന്ന കാര്യത്തില്‍ അതിപ്രഗത്ഭയായ പണ്ഡിതയോ അനുകരണീയയായ അധ്യാപികയോ ഒക്കെയായിരുന്നു വല്ലിമ്മ.

ഇപ്പോഴും മിക്കദിവസങ്ങളിലും കിടക്കുന്നതിനു മുന്‍പ് അടുക്കളവൃത്തിയാക്കി അടിച്ചുവാരുമ്പോള്‍ എന്റെ ഉമ്മ കൗതുകത്തോടെ വല്ലിമ്മയെക്കുറിച്ചു പറയും. ഒരിക്കല്‍, ചെറുപ്പത്തില്‍ വല്ലിമ്മ ചുമതലപ്പെടുത്തിയതനുസരിച്ച് രാത്രി കിടക്കുന്നതിനു മുന്‍പ് വീടും അടുക്കളയുമൊക്കെ ഉമ്മ അടിച്ചുവാരി. രാവിലെ കളയാം എന്നു കരുതി അതെല്ലാം കൂടി വീടിന്റെ ഒരു മൂലയിലേക്ക് ഉമ്മ തടുത്തുകൂട്ടി. ഇതു കണ്ടുകൊണ്ടു വന്ന വല്ലിമ്മ ചെയ്‌തതെന്താണെന്നോ..? അടുക്കളമൂലയിലേക്കടിച്ചു കൂട്ടിയ സകലവേസ്റ്റുകളും വാരിയെടുത്ത് ഉമ്മയുടെ ചുരുണ്ടുസമൃദ്ധമായ കാര്‍ക്കൂന്തല്‍ തിങ്ങിയ തലയിലേക്കിട്ടുകളഞ്ഞു..! മുറിയുടെ മൂലയിലേക്ക് ചവറും പൊടിയും അടിച്ചുകൂട്ടിയതിന്റെ ശിക്ഷ..! തലയില്‍ നിന്നും ആ പൊടിമുഴുവന്‍ പോയിത്തീരാന്‍ ഒന്നുരണ്ടു ദിവസങ്ങളെടുത്തുവത്രെ. അതില്‍‌പിന്നെ ഇന്നേവരെ ഉമ്മ വീടുവൃത്തിയാക്കി പൊടിയും മറ്റും പുറത്തുകൊണ്ടുപോയിക്കളഞ്ഞിട്ടല്ലാതെ ഉറങ്ങിയിട്ടില്ല..!

പലര്‍ക്കും ഇതു വലിയൊരു സംഭവമായി തോന്നില്ലായിരിക്കാം! പക്ഷെ തലമുറകള്‍ കൈമാറേണ്ടുന്ന ഒരു നല്ലശീലമാണ് ആ സംഭവത്തിലൂടെ വല്ലിമ തന്റെ മകളെ പഠിപ്പിച്ചത് എന്നുതിരിച്ചറിയുമ്പോള്‍ അതെങ്ങനെ വലുതല്ലാതാകും? തലയിലിടുന്ന തട്ടത്തിന്റെ കാര്യത്തിലും, കണ്ണെഴുതുന്ന രീതിയിലും വരെ വല്ലിമ്മയുടെ നിര്‍ദ്ദേശങ്ങളല്ലാതെ മക്കള്‍ നടപ്പാക്കിയിരുന്നില്ല. മക്കളെ ഇത്തരത്തില്‍ പാഠങ്ങള്‍ പഠിപ്പിക്കുന്ന ഉമ്മമാരാണ് സമൂഹത്തിന്റെ നട്ടെല്ലുകള്‍; ഇന്നു നമുക്ക് കൈമോശം വന്നതും അതാണ്.ന‌ന്‍‌മയുടെയും നേരിന്റെയും ചട്ടക്കൂടിലും ചിട്ടവട്ടത്തിലുമല്ലാതെ മക്കള്‍ ഒരിഞ്ചു പോലും വളരരുത് എന്ന നിര്‍‌ബ്ബന്ധബുദ്ധിയാണ് വല്ലിമ്മയുടെ ഒന്‍‌പതില്‍ ഒന്‍‌പതു മക്കള്‍ക്കും സത്യസന്ധതയുടെയും, ജീവിതവിശുദ്ധിയുടെയും വിജയവഴികളില്‍ അന്‍‌പതില്‍ അന്‍‌പതു മാര്‍ക്കും നേടിക്കൊടുത്തത്.

പതിനൊന്നുകൊല്ലം മുന്‍പത്തെ റമദാനില്‍ തന്റെ പ്രിയപ്പെട്ട രണ്ടാമത്തെ മകന്റെ വിയോഗവേളയില്‍ പടച്ചവന്റെ ആ തീരുമാനത്തെ സുമനസ്സാലെ അംഗീകരിച്ച് സ്വയം തളരാതെ പ്രാര്‍ത്ഥനാനിരതയായിരുന്ന സാധുവായ ആ ഉമ്മയെയല്ലാതെ മറ്റാരെയാണു മാതൃത്വം മാതൃകയാക്കേണ്ടത്? തന്റെ എല്ലാമെല്ലാമായിരുന്ന സഹോദരന്റെ മയ്യിത്ത് നമസ്‌കാരത്തിന് ധീരമായിട്ടെഴുന്നേറ്റു നിന്ന് നേതൃത്വം നല്‍‌കാന്‍ ആ വല്ലിമ്മയുടെ മകള്‍ക്ക് കഴിഞ്ഞതില്‍ പിന്നെയെന്തിനത്ഭുതപ്പെടണം! മാതൃത്വം എന്നവാക്കുപോലും സ്വയമേ വന്‍‌മഹത്വമായിരിക്കെ മാതൃത്വത്തിന്റെ ഈ മഹാമാതൃകയെ ആദരിച്ചഭിസംബോധന ചെയ്യാന്‍ സ്വര്‍ണ്ണംകെട്ടിയ വാക്കുകള്‍ ലോകത്ത് ഇനിയും പിറവിയെടുക്കേണ്ടിയിരിക്കുന്നു!

വലിമ്മയില്ലാത്ത ഈ ലോകത്തേക്ക് മൂന്നാമത്തെ റമദാനും കടന്നു വരുന്നു. മൂന്നുകൊല്ലം മുന്‍‌പ് സ്വര്‍ഗ്ഗവാതിലുകളെല്ലാം തുറന്നു കിടന്ന റമദാനിലെ ഒരു വെള്ളിയാഴ്‌ച, പടച്ചവന്റെ പ്രിയ ദാസരും മാലാഖമാരും ജുമുഅ*യില്‍ സുജൂദില്‍ കിടക്കവേ, വല്ലിമ്മ പടച്ചവന്റെ വിളിക്കുത്തരം നല്‍കി ചിരിച്ചുകൊണ്ടു സ്വര്‍ഗ്ഗത്തിലേക്കു യാത്രയായി. പെരുമ്പാവൂര്‍ കണ്ണന്തറപ്പള്ളിയില്‍ ആ ദിവസം തന്നെ ആ പുതിയ മയ്യത്തുകട്ടില്‍ പണിതീര്‍ന്നുവന്നതില്‍ പടച്ചവന്റെ കളിയുണ്ടാകുമോ? ഉണ്ടാകും..!

എങ്ങിനെയായിരിക്കും എന്റെ വല്ലിമ്മപ്പെണ്ണിന്റെ ജീവന്‍ പോയിട്ടുണ്ടാകുക..? അസ്‌റായീല്‍(അ)* എന്തു സ്വകാര്യമായിരിക്കും വല്ലിമ്മയുടെ കാതില്‍ പറഞ്ഞിട്ടുണ്ടാകുക..? സ്വര്‍ഗ്ഗത്തില്‍ വച്ച് എന്നെ വീണ്ടും മാടിവിളിക്കുമ്പോള്‍ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് കവിള്‍നിറച്ച് മുത്തംകൊടുത്തിട്ട് ചോദിച്ചുനോക്കണം..!

പരമകാരുണികനായ തമ്പുരാനേ.. അവര്‍ ഞങ്ങളെ ചെറുപ്പത്തില്‍ ഓമനിച്ചു വളര്‍ത്തിയതുപോലെ നീ അവരെയും ഓമനിക്കേണമേ..!
-------------------------------------------------------------------
ജുമുഅ-വെള്ളിയാഴ്‌ച ഉച്ചനേരത്തെ നമസ്‌കാരം.
അസ്‌റായീല്‍-മരണത്തിന്റെ മലക്ക്.

Sunday, July 26, 2009

കുട്ടികള്‍ കുടവയറു കാണുമ്പോള്‍‍!

"മാവേല്യാ ഏറ്റോം കൂട്തല് ചോറ് തിന്നണത്, എന്ത് വല്ലിക്കാട്ട കൊടവയറാ..!" മുറ്റത്ത് കളിവീടുകെട്ടി കഞ്ഞീംകറീം വച്ചു കളിക്കുന്ന സുമിമോളുടെ കമന്റ്..!

"എടീ പൊട്ടീ..മാവേലി പാദാളത്തിലല്ലേ; അവ്ടെ ചോറൊന്നും കിട്ടൂല്ലാ..! അതേ...ഗ്യാസാ..ഗ്യാസ്..! ചോറ് തിന്നാണ്ടിര്ന്നാലേ വയറ്റില് ഗാസ് നെറഞ്ഞ് വീര്‍ക്കും!" കളിവീട്ടിലെ 'ഭര്‍ത്താവ്' അനിക്കുട്ടന്‍ കൂട്ടുകാരിയുടെ തെറ്റു തിരുത്തി.

"അപ്പോ അനിക്കുട്ടന്റെ ഡാഡി ഫോറിന്‍‌ന്നു വന്നപ്പഴും വല്യ കൊടവയറ്ണ്ടാര്‍ന്നല്ലോ? അവ്‌ടെ ചോറൊന്നും കിട്ടൂല്ലേ..?" എന്നായി സുമി..!

"ഉം..ഹും..അവ്‌ടേം ചോറൊന്നും കിട്ടൂല്ലാ..! ഈ ഓണത്തിന് ഡാഡി വരുമ്പ അതിനെക്കാട്ടീം വല്യവയറ്ണ്ടാവും..മാവേലീടത്രേം..!" അടുപ്പിന്റെ കല്ലുറപ്പിക്കവേ അനിക്കുട്ടന്‍ ചുണ്ട് കൂര്‍പ്പിച്ചു വിടര്‍ത്തിക്കൊണ്ടു പറഞ്ഞു..!

ഞാന്‍ ചിരിച്ചുപോയെങ്കിലും അന്തം‌വിടാന്‍ മറന്നില്ല..! കുട്ടികള്‍ സമൂഹത്തില്‍ നിന്നും കാര്യങ്ങള്‍ ഗ്രഹിക്കുന്ന വിധം നോക്കുക! മാവേലി കൊല്ലത്തിലൊരിക്കല്‍ ഓണത്തിനു വരുന്നു എന്നവര്‍ കേട്ടിട്ടുണ്ട്; ഫോറിനില്‍ പോയ അച്ഛനും കൊല്ലത്തിലൊരിക്കല്‍, അധികവും ഓണത്തിന്, വരുന്നു. മാവേലിക്ക് നല്ല കള്ളുംകുടം പോലത്തെ കൊടവയറുണ്ട്, അച്ഛനും കൊല്ലാകൊല്ലം വരുമ്പോള്‍ കൊടവയര്‍ കൂടിക്കൂടി വരുന്നുണ്ട്. ഇപ്പറയുന്ന മാവേലി സ്ഥിരമായി പാതാളത്തിലാണെന്നവര്‍ക്കറിയാം, പാതാളത്തെക്കുറിച്ച് അവരുടെ ഭാവനയില്‍ ഒരു രൂപവുമുണ്ട്! അപ്പോള്‍ പിന്നെ മാവേലിയെപ്പോലെ വല്ലപ്പോഴും വരുന്ന, കൊട്ടപോലെ കൊടവയറുള്ള തന്റെ അച്ഛന്‍ വസിക്കുന്ന 'ഫോറിന്‍' എന്ന സ്ഥലവും പാതാളവും ഏതാണ്ടൊന്നു തന്നെ അല്ലെങ്കില്‍ ഒരുപോലെതന്നെ എന്നൂഹിക്കാന്‍ മാത്രം നിഷ്‌കളങ്കരും, ശുദ്ധരുമാണ് കുട്ടികള്‍!

ഇതുകൊണ്ടാണ് 'വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ; ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍..!' എന്ന വൈലോപ്പിള്ളീ വരികള്‍ക്ക് ഞാന്‍ 'കിടിലന്‍; വീണ്ടൂം എഴുതുക' എന്നു കമന്റിട്ടത്!

ഗള്‍ഫിനെ പാതളം എന്നുവിളിക്കുന്നതാണോ ശരി അതല്ല പാതാളത്തെ ഗള്‍ഫ് എന്നു വിളിക്കുന്നതാണോ ശരി എന്നൊന്നും ഞാനിപ്പോള്‍ വിവരിക്കുന്നില്ല. ഗള്‍‌ഫുകാരുടെ തെറിവിളികേള്‍ക്കാനും പാതാളകുത്തകകളുടെ കയ്യടിയോ, തലക്കിട്ടടിയോ മേടിക്കാനും പേടിയുണ്ടായിട്ടൊന്നുമല്ല; ആകെയുള്ള ചെറിയൊരു കൊടവയറുംകൊണ്ട് ഓണാവധിക്കൊന്നു നാട്ടില്‍ പോകണമല്ലോ എന്നു കരുതിയതുകൊണ്ടാണ്, അതുകൊണ്ടു മാത്രം ആ വിഷയം തീര്‍പ്പുകല്‍‌പ്പിക്കാന്‍ നിങ്ങള്‍ക്ക് വിട്ടുതരുന്നു. ഇനി ഇതെങ്ങാനും വലിയ ചര്‍‌ച്ചയായി മാറി പത്രക്കാരും ചാനലുകാരുമൊക്കെ ഇതിനെ വിഴുപ്പുംകൂട്ടത്തിലിട്ടലക്കാന്‍ തുടങ്ങിയാല്‍ ഗള്‍ഫേതാ പാതാളമേതാ, ഗള്‍ഫിലാരാ പാതാളത്തിലാരാ എന്നറിയാതെ ആളുകളാകെ കണ്‍ഫ്യൂഷനിലായിപ്പോകും. മുഖ്യമന്ത്രിയേതാ മുക്കിയമന്ത്രിയേതാ, (പിണ)റായിയേതാ റവറന്റേതാ എന്നറിയാത്ത നാടാണേ നമ്മുടേത്!

പക്ഷെ, സുമിമോള്‍ക്കും അനിക്കുട്ടനും യാതൊരു കണ്‍ഫ്യൂഷനുമില്ല. അവര്‍ തീര്‍‍പ്പുകല്പ്പിച്ചിരിക്കുന്നു. മാവേലിയുടെ കുടവയറിന്റെ കാരണം അവര്‍ കണ്ടെത്തിയിരിക്കുന്നു. ഗ്യാസിന്റെ കാരണം അവര്‍ മനസ്സിലാക്കിയിരിക്കുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ പാതാളവും ഗള്‍ഫും സെയിം സെയിം എന്നവര്‍ വിലയിരുത്തിക്കഴിഞ്ഞിരിക്കുന്നു. അവര്‍ എല്ലാ കാര്യങ്ങളും വിലയിരുത്തുന്നതിങ്ങനെയാണ്.

ഇവിടെ മാതാപിതാക്കാള്‍ക്കൊരു മുന്നറിയിപ്പുണ്ട്. വിലയിരുത്തലുകള്‍ക്കും തീര്‍പ്പുകല്‍‌പ്പിക്കലുകള്‍ക്കും ശേഷം അവര്‍ ആക്ഷനിനേക്കു കടക്കുന്ന നിമിഷത്തെ ഭയപ്പെട്ടുകൊള്ളുക. അവര്‍ക്ക് നമ്മില്‍ നിന്നും, ചുറ്റുപാടുകളില്‍ നിന്നും, സമൂഹത്തില്‍ നിന്നും ലഭിക്കുന്ന വിവരം വികലമായാല്‍ വിലയിരുത്തലുകളും വികലമാകും. വികലമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ അവര്‍ പ്രവൃത്തികളിലേക്കു കടക്കാന്‍ തുടങ്ങിയാല്‍പിന്നെ കെടക്കപ്പൊറുതിക്കൊപ്പം നമുക്കും നാടുവിട്ടുപോകാം. തീയെ വിലയിരുത്തുന്നതില്‍ കുട്ടികള്‍ക്ക് പറ്റുന്ന തെറ്റാണ് അവരുടെ കൈ പൊള്ളിക്കുന്നത്. സ്ത്രീയെ വിലയിരുത്തുന്നതില്‍ മുതിര്‍ന്നവര്‍ക്കു പറ്റുന്ന തെറ്റുകള്‍ കുട്ടികള്‍ ശരി എന്നു ധരിച്ച് കാണാതെ പഠിക്കുകയും അത് വിവിധതരം ആക്ഷനുകളായി സഹപാഠികളിലേക്കും കളിക്കൂട്ടുകാരിലേക്കും അവര്‍ പ്രയോഗിക്കുകയും ചെയ്യുന്നു. കുട്ടികളെ വിലയിരുത്തുന്നതില്‍ മാതാപിതാക്കള്‍ക്കു പറ്റുന്ന അബദ്ധങ്ങളാണ് എന്നതാണേറെ പ്രധാനം. 'എന്റെ കുട്ടി തെറ്റുചെയ്യില്ല' എന്ന തീര്‍പ്പാണ് മാതാവേ നിങ്ങളുടെ ഏറ്റവും വലിയ തെറ്റ്!

ഒരു കുട്ടി ഒന്നാന്തരം ഒരു ഫാക്ടറിയാണ്. സമൂഹവും, സാമൂഹ്യ വിവരങ്ങളുമാണ് അവന്റെ റോമെറ്റീരിയല്‍സ്. അതില്‍ നിന്നും അതിവേഗം അവന്‍ നിഗമനങ്ങള്‍ സൃഷ്ടിക്കും. തെറ്റാകട്ടെ ശരിയാകട്ടെ അവന്‍ അതങ്ങനെ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അപ്പോള്‍ അവന് അല്ലെങ്കില്‍ അവള്‍ക്ക് ശരിയായ വിവരങ്ങളും അതിനുള്ള അവസരങ്ങളും ബുദ്ധിപൂര്‍‌വ്വം നമ്മളൊരുക്കിക്കൊടുക്കണം. ശരികള്‍ മാത്രം പഠിപ്പിക്കുന്നതല്ല, ശരിയെ ശരിയെന്നും തെറ്റിനെ തെറ്റെന്നും പഠിപ്പിക്കുന്നതാണ് ശരിയായ വിജ്ഞാനം. ഇതും മാതാപിതാക്കള്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്..!

അതേ സമയം ഒരു കുട്ടി ഒന്നാന്തരം ഒരു റോമെറ്റീരിയലുമാണ്. അവന്റെ പ്രത്യേകതകളും താല്‍‌പര്യങ്ങളും പഠിച്ച്, ക്രൃത്യമായ ചൂടില്‍ ശരിയായ മൂശയില്‍ വാര്‍ത്താല്‍ അവന്‍ ഒന്നാന്തരം ഒരു മണിമുത്തായി മാറും. അവന്റെ പ്രത്യേകതകള്‍ക്ക് വിരുദ്ധമായ മൂശയില്‍ അവനെ വാര്‍ക്കാന്‍ ശ്രമിക്കുന്നത് പരമാബദ്ധമാണെന്നോര്‍ക്കുക. അവന്‍ സ്വര്‍ണ്ണമാണെങ്കില്‍ അവനെ സ്വര്‍ണ്ണഗോപുരമാക്കി മാറ്റുക; സ്വര്‍ണ്ണത്തിന് വര്‍ണ്ണപ്പൂവാകാന്‍ കഴിയില്ല! അവന്‍ വര്‍ണ്ണമാണെങ്കില്‍ അവനെ വര്‍ണ്ണജാലമാക്കിമാറ്റുക; വര്‍ണ്ണത്തിന് സ്വര്‍ണ്ണമാല്യമാകാനും കഴിയില്ല. ഇതും മാതാപിതാക്കള്‍ക്കുള്ള മുന്നറിയിപ്പുതന്നെ!

എന്താടോ ഇത്ര ഗൗരവം എന്നല്ലേ? ലോകത്ത് ഏറ്റവും ഗൗരവമുള്ള വിഷയം ഫലിതബിന്ദുക്കളാകുന്നതെങ്ങിനെ? ആത്മാര്‍‌ത്ഥമായി പറഞ്ഞതാണ്. അല്‍‌പം വേദനയോടെ എഴുതിയതാണ്. എന്തുവേദന എന്നാണോ? തെറ്റായി വളര്‍ത്തപ്പെടുത്തകുട്ടികളെ കണ്‍കള്‍ക്കു മുന്നില്‍ കാണുമ്പോഴുള്ളവേദന. തെറ്റായി വളര്‍ത്തപ്പെട്ട കുട്ടികളെ തിന്‍‌മകള്‍ക്കു പിന്നില്‍ കാണുമ്പോഴുള്ള വേദന!

ഇനിയുമുണ്ട് വേദനിപ്പിക്കുന്ന കാര്യങ്ങള്‍. നോക്കൂ..കുറ്റവാളികള്‍ ആരുമാകട്ടെ, അവരുടെ ഇന്നത്തെ ടാര്‍ഗറ്റ് കുട്ടികളാണ്. പണ്ട്പണ്ടല്ല, ഈയടുത്ത്; കോട്ടയത്തൊരിടത്ത്, പത്താം ക്ലാസ്സുകാരിയായ മകളെ പഠിപ്പിക്കാന്‍ അച്ഛന് വലിയ ഉത്സാഹം! വൈകുന്നേരമായാല്‍ മകളുടെ പഠനമുറിയില്‍ അച്ഛന്‍ പഠിപ്പിക്കലോടു പഠിപ്പിക്കല്‍! അമ്മക്ക് സന്തോഷം.! പഠിപ്പിച്ച് പഠിപ്പിച്ച് അവസാനം കുട്ടിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ലത്രെ! കാര്യം എന്താണെന്നു ഞാന്‍ പറയില്ല; കാരണം അവള്‍ ഒരു കുട്ടിയാണ്, ഒരു കൊച്ചു പെണ്‍‌കുട്ടി. ഒന്നു മാത്രം സൂചിപ്പിക്കാം; ആ മകള്‍ക്ക് സ്വന്തം അച്ഛന്‍ ബയോളജിക്കു കൊടുത്ത പ്രാക്ടിക്കല്‍ ക്ലാസിന്റെ +ve റിസല്‍ട്ട് പരീക്ഷക്കു മുന്‍പേ വന്നുവത്രെ..!

പീഢനങ്ങളും കൊടും ചതികളും കേരളക്കരയാകെ മുളച്ചുപോങ്ങാന്‍പാകത്തിന് വിത്തുപാകിയതാരാണ്? അതിനു വളമാകാന്‍ പാകത്തിന് അച്ഛന്‍ ആദരണിയനും, അമ്മ മഹാമഹത്വവും, സഹോദര്യം സുസമ്പത്തുമായിരുന്ന നമ്മുറെ പാരമ്പര്യ സംസ്കാരം വേരറുത്ത് ചീയിച്ചു കളഞ്ഞതാരാണ്? പാശ്ചാത്യനും അവന്റെ സം‌സ്‌കാരവും എന്നൊറ്റവാക്കില്‍ പറഞ്ഞാല്‍ ഉത്തരം പൂര്‍ണ്ണമായില്ല. ടെലിവിഷനും, ഇന്‍‌റ്റര്‍നെറ്റും, മൊബൈല്‍ഫോണും തുടങ്ങിയ ശാസ്ത്ര സാങ്കേതിക വിദ്യകളാണിതിനൊക്കെ ഉത്തരവാദി എന്നു പറയുന്നവര്‍ പണ്ടാരമടങ്ങട്ടെ! സിനിമയെയും സീരിയലുകളെയുമൊക്കെ ഒറ്റക്കണ്ണനായ പിള്ളേരെപ്പിടുത്തക്കാരനോളം ഭയക്കണം. ഒരു കാര്യം സമ്മതിക്കാം, ഇതിലെല്ലാം നന്‍‌മയോളമോ, അതില്‍കൂടുതലോ തിന്‍‌മയുണ്ട്! പക്ഷെ ഒതളങ്ങ കഴിച്ച് ഒരു ‍കുട്ടി മരിച്ചാല്‍ ഒതളങ്ങയെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നവന്‍ പമ്പര വിഡ്ഢിതന്നെ! അതുകഴിച്ച കുട്ടിക്ക് ഒതളങ്ങ വെഷമാണെന്നറിയുകയോ അറിയാതിരിക്കുകയോ ചെയ്യട്ടെ! അവന്റെ പരിസരങ്ങളില്‍ ആ ഒതളങ്ങ നട്ടുപിടിപ്പിച്ചവരും, ഒതളങ്ങയുടെ പരിസരങ്ങളില്‍ അവനെ വിലക്കാതിരുന്നവരുമാണ് കുറ്റക്കാര്‍!

അതെ; എന്റെ കുട്ടി ഏതു സംസ്‌കാരം സ്വീകരിക്കണം എന്നു തീരുമാനിക്കുന്നവര്‍! അവര്‍ ടെലിവിഷനും, ഇന്റര്‍നെറ്റും എങ്ങനെവേണം ഉപയോഗിക്കാന്‍ എന്നു പഠിപ്പിക്കേണ്ടവര്‍; അതില്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യതയും ബാധ്യതയുമുള്ളവര്‍! അവര്‍‌ക്ക് കൈവിരലുകളും കാതുമുറക്കുന്നതിനു മുന്‍‌പ് വഴുക്കലും പടുകുഴികളുമുള്ള അനിയന്ത്രിത ബന്ധങ്ങളുടെ ലോകത്തേക്കുള്ള മൊബൈല്‍ഫോണ്‍ എന്ന താക്കോല്‍ നല്‍കണോ ചിന്തിക്കേണ്ടവര്‍! ഒതളങ്ങ വിഷമാണു മക്കളേ എന്നു പറഞ്ഞു പറഞ്ഞ്, വിലക്കി നിര്‍ത്തേണ്ടവര്‍! അനുസരിച്ചില്ലെങ്കില്‍ ശിക്ഷിക്കേണ്ടവര്‍. പാശ്ചാത്യന്റെ പെണ്‍കുട്ടി, കാമുകന്റെ കാറില്‍ വന്നിറങ്ങുമ്പോള്‍ എനിക്കും വേണം കാറുള്ള കാമുകന്‍ എന്നു പറയാതിരിക്കാന്‍ പാകത്തിന് ആ സംസ്‌കാരത്തോട് അറപ്പും നമ്മുടെ സംസ്‌കാരത്തോട് അടുപ്പവും അവരുടെ മനസ്സില്‍ കുഞ്ഞുപ്രായത്തിലേ വളര്‍ത്തിയെടുക്കേണ്ടവര്‍! അവരാണു കുറ്റക്കാര്‍; കുട്ടികള്‍ വഴിതെറ്റുന്നതിനും വഴിതെറ്റി വളരുന്നതിനും..!ഒരുകണക്കിനും പിടിച്ചാല്‍ കിട്ടാത്ത കാളക്കൂറ്റന്റെ ജീനുള്ള കുട്ടികളുടെ നി:സ്സഹായരായ മാതാപിതാക്കളെ മാത്രം ഇവിടെ കുറ്റവിമുക്തരാക്കാം..!

ഇനിയും ഇതുള്‍‌ക്കൊള്ളാനും പ്രാവര്‍‌ത്തികമാക്കാനും തയ്യാറല്ലാത്ത മാതാവിനും പിതാവിനും ഞാനിതാ ഒരു സന്തോഷവാര്‍ത്തയറിയിക്കുന്നു.. നിങ്ങള്‍ക്കുവേണ്ടി നിങ്ങളുടെ മക്കള്‍തന്നെ തയ്യാറാക്കുന്നുണ്ട് വൃദ്ധസദനങ്ങളും, വീടിന്റെ പിന്നാമ്പുറത്തെങ്ങോ ഇരുണ്ട ഒരു കുഞ്ഞ് ഒറ്റമുറിയും!

Sunday, July 12, 2009

ആകാശഗംഗയിലെ വല്ലിമ്മമാര്‍..!

മനസ്സ് ഒരാകാശഗംഗയാണെങ്കില്‍ ഏറെ പ്രഭാമയരായ സൂര്യചന്ദ്രാദികളായി ഉമ്മയും വാപ്പയും നിലകൊള്ളുന്നു. താരാഗണങ്ങളില്‍ ഏറ്റവും പ്രശോഭിത ഇപ്പോള്‍ മാതൃത്വം പ്രതീക്ഷിക്കുന്ന എന്റെ പ്രിയപ്പെട്ടവള്‍ തന്നെ! ഏറ്റവും ഓമനത്തമുള്ള കൂതൂഹല‍നക്ഷത്രങ്ങളായ് കുഞ്ഞനിയനും അവന്റെ പുതുമണവാട്ടിയും!

എന്റെ മനസ്സെന്ന ഈ ആകാശഗംഗക്ക് ഒരുമ്മറമുണ്ട്. ലോകത്തേക്കേറ്റവും വിലപിടിച്ച കളിമണ്ണുമെഴുകിയ ഒരുമ്മറം! അതിന്റെ രണ്ടു വശങ്ങളില്‍ അപൂര്‍‌വ്വമായ ചെങ്കല്ലില്‍ തീര്‍ത്ത് പരിശുദ്ധമായ കരിമെഴുകിയ രണ്ടു തിണ്ണകള്‍! തിണ്ണളുടെ ചുവരറ്റങ്ങളില്‍ വിശിഷ്ടമായ വെള്ളത്തുണികള്‍ക്കുമീതെ വിശുദ്ധഖുര്‍‌ആന്‍! അരികില്‍.. വിളക്കണക്കുമ്പോള്‍ തെളിഞ്ഞുകത്തുന്ന പട്ടുപച്ച മുത്തുകോര്‍ത്ത തസ്‌ബീഹുമാലകള്‍. ഇവിടെയാണ് വാത്സല്യത്തിന്റെ, കുട്ടിത്തങ്ങളുടെ, കടംകഥകളുടെ, ശൊളകങ്ങളുടെ*, തീഷ്‌ണാനുഭവങ്ങളുടെ, ത്യാഗങ്ങളുടെ, നേരുകളുടെ നേര്‍‌വഴികളുടെയൊക്കെ സ‌ര്‍‌വ്വഗംഗകളും ഉറവപൊട്ടുന്നത്. ആ തിണ്ണകളിള്‍ കാലുകള്‍ നീട്ടി പിറുപിറുത്തുകൊണ്ടിരിക്കുന്നതാണ് ആകാശഗംഗയിലെ ഏറ്റവും മഹത്വമുള്ള നക്ഷത്രങ്ങള്‍‍! എന്റെ വല്ലിമ്മമാര്‍!

ലോകത്തുള്ള സകല വല്ലിമ്മമാരെക്കുറിച്ചും സര്‍‌വ്വരും പഠിക്കണം. അനുഭവങ്ങളുടെയും, തരണംചെയ്യലുകളുടെയും അദൃശ്യമായ കൂമ്പാരങ്ങള്‍ ആത്മാവില്‍ ചുമക്കുന്നവരാകാം അവരിലോരോരുത്തരും. ഭൂമിയില്‍ പതിഞ്ഞ അവരുടെ ഓരോ കാല്‍‌പാടുകളിലും കാലത്തെ ശക്തമായി ചവിട്ടിക്കറക്കി മുന്നേറിയതിന്റെ പ്രഭാവങ്ങള്‍‍ കാണാം. ഒരുപക്ഷെ ഒരുപാടു തത്വസംഹിതകളേക്കാള്‍ മാറ്റേറിയതും മാര്‍ഗ്ഗദര്‍ശകവുമാകും അവരെക്കുറിച്ചുള്ള രചനകള്‍! ആരുമല്ലാത്ത ഐശ്വര്യ റായിയുടെ വിവാദവിഷയങ്ങളും വിവാഹവിശേഷങ്ങളും വിശദീകരിക്കുന്നവര്‍, ഒരു പുതുപുത്തന്‍ തൂവെള്ളക്കടലാസില്‍ ആത്മാവില്‍ മുക്കിയ തൂലികയാല്‍ സ്വന്തം മുത്തശ്ശിയെക്കുറിച്ചെഴുതുക. ഒരുപക്ഷെ നിങ്ങളുടെ ഏറ്റവും നല്ല രചനയാകാമത്, ഏറ്റവും നല്ല ചെയ്തികളിലൊന്നും!

വല്ലിമ്മ‌മാരെക്കുറിച്ചു പറയുന്നവരെല്ലാം അതിവേഗംകുട്ടിക്കാലത്തേക്ക് സഞ്ചരിച്ചുപോകും. കുട്ടിക്കാലവും വാര്‍ദ്ധക്യവും പണ്ടുമുതലേ ഏറ്റവും നല്ല ചങ്ങാതിമാരാണ്! രണ്ടിനും ഒരേമനസ്സ്, ഒരേ രീതി. സ്നേഹവും പരിചരണവും കിട്ടിയില്ലെങ്കില്‍ ഏറ്റവും സങ്കടപ്പെടുന്നവര്‍! ഭക്ഷണവും മരുന്നും കഴിക്കാന്‍ ഇവര്‍ക്കെന്തൊരു മടിയാണ്! കുട്ടിക്കാലം ഉമ്മക്കുചുറ്റും കറങ്ങാന്‍ കൊതിക്കുന്നുവെങ്കില്‍ വാര്‍ദ്ധക്യം മക്കള്‍ ചുറ്റുംകൂടുന്ന ഉമ്മയാകാന്‍ മോഹിക്കുന്നു! കുട്ടിക്കാലം എന്തിനും ഏതിനും ഉമ്മവേണം എന്നു ശഠിക്കുമ്പോള്‍ വാര്‍ദ്ധക്യം എന്തും ഏതും മക്കള്‍‌ക്കും കൊച്ചുമക്കള്‍ക്കും വേണ്ടി കരുതിവക്കുന്നു; ഉണ്ണിയപ്പവും, ഉപ്പുമാങ്ങയും, ആരെങ്കിലും സമ്മാനിച്ച കപ്പലണ്ടിമിഠായി പോലും.

ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ പട്ടിണിയുടെ പാരമ്യത്തില്‍ കിണറ്റില്‍ നിന്നും കോരിക്കുടിച്ച പച്ചവെള്ളത്തിന്റെ ശക്തിയില്‍ കല്ലുമലക്കും പെരുമലക്കുമിടയില്‍ കല്ലുചുമന്നും മുതലാളിയുടെ പാടം കൊയ്തും മെതിച്ചും ഏഴു മക്കളെപോറ്റിയ തിക്താനുഭവങ്ങള്‍ എടത്തയില്‍ എന്റെ വീട്ടിലെ‍ തണുത്ത മാര്‍ബിള്‍ തറയിലിരുന്ന് വല്ലിമ്മ വിവരിക്കുമ്പോള്‍‍ ആ പാതി മങ്ങിയ കണ്ണുകള്‍ ചുട്ടുപൊള്ളുന്ന നട്ടുച്ച വെയിലേല്‍ക്കുന്നതുപോലെ ചുരുങ്ങി വിറയ്ക്കുന്നതുകാണാം; തലയില്‍ കനമുള്ള കരിങ്കല്ല് ചുമക്കുന്നതുപോലെ തൊണ്ടഞരമ്പുകള്‍ തടിച്ചു തെളിയുന്നത്‌ കാണാം, അരിവാളു പിടിച്ചപോലെ വലംകൈ ചുരുണ്ടു മുറുകുന്നതുകാണാം! പിന്നെയാ കൈകള്‍ ആകാശത്തേക്കുയരുമ്പോള്‍ കണ്ണുകള്‍ വിപ്ലവകാരിയുടേതുപോലെ ആളിക്കത്തും. ശേഷം കഞ്ഞിവെള്ളത്തിന്നു മോഹിച്ച മക്കള്‍ക്ക്, കുഞ്ഞിക്കയില്‍ കോരിലഞ്ചാറുവറ്റിട്ട്, കാന്താരിപൊട്ടിച്ച് കണ്ണീരുചാലിച്ച്, വാത്സല്യവും കോരി വാരിക്കൊടുത്ത ചരിത്ര വിസ്മയ കഥകള്‍ വീരസാകസികയുടെ മുഖഭാവത്തോടെ പറയും എടത്തലയിലെ എന്റെ വല്ലിമ്മ! അതെ, ആരും തുണയില്ലാതെ രാപകലദ്ധ്വാനിച്ച് മക്കളെ പോറ്റിയ മാതാവിന്റെ നേര്‍ കഥനത്തേക്കാള്‍വലിയ വിപ്ലവ വിജയഗാഥകള്‍ ഏതു ചരിത്രേതിഹാസമാണ് നമുക്ക്‌ പറഞ്ഞു തരിക?

അത്ഭുതപ്പെട്ടുപോകും മധുരത്തില്‍ മുങ്ങിക്കുളിക്കുന്ന നമ്മള്‍. ഒരു നുള്ളു മധുരം നുണയാന്‍ കൊതിച്ചിരുന്ന കാലമുണ്ടയിരുന്നുവത്രെ അവര്‍ക്കൊക്കെ! ലോകത്തെങ്ങും മധുരം ഇല്ലാതിരുന്നിട്ടല്ല; കാലണക്ക് അഞ്ചെണ്ണം കിട്ടുന്ന ചന്ദ്രക്കലയൊത്ത നാരങ്ങാമിഠായികള്‍ പോലും വല്ലിമ്മ സ്വയം അപ്ര്യാപ്യമാക്കിയത് മക്കളുടെ ഒരുകയില്‍‌ ‍കഞ്ഞിയും ഒരു ജോഡി വസ്ത്രവും അവരുടെ വിദ്യാഭ്യാസവും ജീവിതത്തിലെ ഏറ്റവും വലിയ കൊതിയും ലക്ഷ്‌യവുമായി മാറിയതുകൊണ്ടാണ്; എത്താത്ത കൊമ്പിലെ മാമ്പഴം കയ്യെത്തിപ്പിടിക്കുമ്പോള്‍ ആത്മാവില്‍ നിറയുന്ന മധുരം നുകരാന്‍‌വേണ്ടിയാണ്! ബഹിരാകാശയാത്രയും വമ്പന്‍ പരീക്ഷാവിജയങ്ങളും മുഖ്യ ലക്ഷ്‌യമായിക്കാണുന്ന പെണ്ണുങ്ങള്‍ മിടുമിടുക്കികള്‍ തന്നെ, പക്ഷെ മഹത്വത്തില്‍ ആരാണു മുന്നില്‍ എന്ന ചോദ്യത്തിന് ഞാന്‍ ചൂണ്ടിക്കാണിക്കുക ഓരോ വീടിന്റെയും പിന്നാമ്പുറങ്ങളിലേക്കാണ്. അവിടെ മക്കളുടെയും കൊച്ചുമക്കളുടെയും ഓര്‍മ്മയില്‍ പ്രാര്‍‌ത്ഥനാ നിര്‍‌ഭരം നിശ്ശബ്ദമായിരിക്കുന്ന വല്ലിമ്മമാരിലേക്കാണ്. ഒരാളും ആ മഹത്വത്തിനു തെളിവു ചോദിക്കരുത്; തേഞ്ഞുതീര്‍ന്ന കൈകളും, പാടേ കുഴിഞ്ഞ കണ്ണുകളും, കൊഴിഞ്ഞുതീര്‍ന്ന കൂന്തലും തന്നെയാണ് തെളിവുകള്‍! ഞാനും നിങ്ങളും നമ്മുടെ മാതാപിതാക്കളും ഇങ്ങനെ ജീവിക്കുന്നു എന്നതും അവരുടെ മഹത്വമല്ലാതെ പിന്നെന്താണ്?

അന്ന് ഒരു തുണ്ടു മധുരം കൊതിച്ച നാളുകളെ വന്‍നിധിപോലെ മനസ്സില്‍ സൂക്ഷിക്കുന്നുണ്ട് വല്ലിമ്മ! പക്ഷെ, ഇന്ന്, ഈ മധുരം കുമിഞ്ഞ നാളില്‍ പഞ്ചാരരോഗത്തിന്റെ രൂപത്തില്‍ വന്ന പടച്ചവന്റെ വിധി മധുരം കഴിക്കരുത് എന്നായിരുന്നു. പറമ്പിലെ തേന്‍‌വരിക്ക പ്ലാവ് കായ്‌ച്ചകാലങ്ങളില്‍ ഞങ്ങളെയെല്ലാം ചുറ്റും വിളിച്ചിരുത്തി വെട്ടിയുരിഞ്ഞു തീറ്റിക്കുമ്പോള്‍ ഒരൊറ്റ ചുളപോലും രുചിച്ചുനോക്കാറില്ല പാവംവല്ലിമ്മ. അന്നു മക്കള്‍ക്കു വേണ്ടി സന്തോഷത്തോടെ മാറ്റിവച്ച കൊതി ഇതാ പടച്ചവനു വേണ്ടി അനുസരണത്തോടെ മാറ്റിവച്ചിരിക്കുന്നു! പക്ഷെ, അതോടെ പല്ലുകള്‍ പിണങ്ങി പിരിഞ്ഞുപോയി. കുറേ കഴിഞ്ഞപ്പോള്‍ രോഗം മൂര്‍ച്ഛിച്ച് ഇടത്തേ കാലും മുറിച്ചു മാറ്റപ്പെട്ടു. ചക്കക്കൊതിയരായ മക്കളെ സ്വര്‍ഗ്ഗത്തില്‍ ചുറ്റും ലഭിക്കാന്‍ നേരത്തേതന്നെ അവര്‍ക്കുള്ള പാസ്സുവാങ്ങാനയച്ചതാകാം മക്കളുടെ സ്വര്‍ഗ്ഗം വിരാജിക്കുന്ന ആ മാതൃപാദം!

"ഞാനെന്തു കഴിച്ചിട്ടാണാവോ എനിക്കീ രോഗം വന്നത്?" എന്ന ചോദ്യം വ്യത്യസ്ത്ഥമായ ഒരു ചിരിയോടെ വലിമ്മ ഇടക്കിടെ ചോദിക്കാറുണ്ട്. ചോദിക്കുന്നത് വല്ലിമ്മയാണ്, ഉത്തരങ്ങള്‍ എന്റെ പ്രാര്‍‌ത്ഥനകളാകുന്നു!
രോഗത്തിന്റെ രൂപത്തില്‍ വന്ന ആ വിലക്ക് ത്യാഗങ്ങളുടെ സ്മരണകള്‍‍ നല്‍കുന്ന മധുരത്തില്‍ തെല്ലുപോലും മായം കലര്‍‌ത്തേണ്ട എന്ന പടച്ചവന്റെ തീരുമാനമാകാം! കാപട്യം നിറഞ്ഞ ഈ ലോകത്തെ മധുരങ്ങളൊക്കെയും തന്റെ ഈ വിശുദ്ധദാസിക്ക് കഴിക്കാന്‍മാത്രം പരിശുദ്ധമല്ല എന്നവന്‍ കണ്ടതുകൊണ്ടാകാം!

പകരമായി, സ്വര്‍ഗ്ഗത്തിന്റെ ഉച്ഛിയില്‍ മധുരത്തിന്റെ പെരുമലകള്‍ സ്വര്‍ഗ്ഗരാജന്‍ കരുതിവച്ചിട്ടുണ്ടാകും! സ്വര്‍ഗ്ഗഗേഹത്തിന്റെ മുറ്റത്ത് അനര്‍ഘമായ ഒരു തേന്‍‌വരിക്കപ്ലാവ് വല്ലിമ്മാക്കുവേണ്ടി മാത്രം കായ്‌ച്ചുനില്‍‌പ്പുണ്ടാകും! നേരത്തേ മുറിക്കപ്പെട്ട ഇടംകാലിനു പകരം സ്വര്‍ഗ്ഗത്തിലെ തെങ്ങിന്‍ തോട്ടം ഭരിക്കാന്‍ തമ്പുരാന്‍ സ്വര്‍ണ്ണപാദം തന്നെയാകും നല്‍കുക! വീടിന്റെ പിറകിലെ കുഞ്ഞുതോട്ടത്തിലെപ്പോലെ സര്‍‌വതിനും സഹായിയായി സാധുവായ മക്കാര്കാക്കയെയും കൂട്ടിനു നല്‍കിയേക്കാം. സ്വര്‍ഗ്ഗീയശയ്യയില്‍ തന്റെ വലംകയ്യായ ശുശ്രൂഷകക്കുള്ള തോട്ടത്തിന്റെ കവാടത്തില്‍ അവകാശിയുടെ നാമം 'ഹാജറാബീവി' എന്നുല്ലേഖനം ചെയ്യപ്പെട്ടിരിക്കാം!!!

വല്ലിമ്മ തീരെ ക്ഷീണിതയാണ്! ഒന്നും കഴിക്കുന്നില്ല! ഇതെഴുതിത്തീര്‍ത്തിട്ടുവേണം വീട്ടിലേക്കൊന്നു വിളിക്കാന്‍. ആരെങ്കിലും ഫോണെറ്റുക്കുമ്പോള്‍ വല്ലിമ്മ തലപൊക്കി നോക്കും. അപ്പോള്‍ ശുശ്രൂഷിച്ചുകൊണ്ട് അടുത്തിരിക്കുന്ന ഹാജുഎളീമ പറയും "ഉമ്മാ..നിഷാദാണ്..!" ആവേശത്തോടെ ഉണങ്ങിയ ചുണ്ട്നനക്കാന്‍ ശ്രമിച്ചുകൊണ്ട് വല്ലിമ്മ ഫോണ്‍ ചെവിയോട് ചേര്‍‌ക്കും! ഞാന്‍ വിളിക്കും.."വല്ലിമ്മാ...". കേള്‍ക്കില്ലെങ്കിലും നേര്‍ത്ത സ്വരത്തില്‍ നിരതെറ്റിയ വാക്കുകളീല്‍ വല്ലിമ്മ ചോദിക്കും "മോനു സുഖാണോ..?"

അതെ എനിക്കു സുഖമാണ്. അതിനുവേണ്ടി മാത്രമാണല്ലോ വല്ലിമ്മ ജീവിച്ചതും; ഇപ്പോഴും പ്രാര്‍‌ത്ഥിക്കുന്നതും.....!


തുടരും..!

(ഇനി എനിക്ക് പെരുമ്പാവൂരുപോകാനുണ്ട്..അവിടെ എനിക്കൊരു വല്ലിമ്മയുണ്ടായിരുന്നു.....അല്ല വല്ലിമ്മയുണ്ട്...!)

-----------------------------------------------------------------
ശ്ലോകം: ശൊളകം എന്നാണ് പെരുമ്പാവൂരെ എന്റെ വല്ലിമ്മ പറഞ്ഞിരുന്നത്.

Thursday, July 2, 2009

അച്ഛന്‍‌ ‍മരിച്ചാലെന്തുചെയ്യണം..?

കേരളമായ കേരളമാകെ കൂര്‍മ്മബുദ്ധിയില്‍ വിദഗ്ധമായി രസം കലര്‍ത്തിയ തന്ത്രശാലിയുടെമുഖഭാവത്തോടെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്;പറന്നുപോകുന്ന ഒരു കൂട്ടം പക്ഷികളിലൊന്ന് പറക്കവേ മുട്ടയിട്ടു, പക്ഷെ മുട്ട താഴേക്കു വീണില്ല; എന്തുകൊണ്ട്?

ഈ ചോദ്യം കേള്‍ക്കുന്ന ഉത്തരബാധ്യതക്കാരന്‍‍ പുറത്തിരിക്കുന്ന കാക്കയുടെ "ഭാരം കൂടുതലില്ലല്ലോ?" എന്ന ചോദ്യം കേട്ട പോത്തിന്റെ മുഖഭാവത്തില്‍ മറുപടി നല്‍കും.."പക്ഷി അണ്‍‌ടര്‍‌വെയറിട്ടിരുന്നു!"പിന്നെ ഒരു കൂട്ടച്ചിരിയാണ്! അന്തം വിട്ട പൊട്ടിച്ചിരി!

ചിരിച്ചോട്ടെ. ചിരി ആരോഗ്യത്തിന് നല്ലതാണ്. പക്ഷെ ചിരിക്കാന്‍ വേണ്ടി മാത്രം ജീവിക്കുക എന്നു വന്നാല്‍; കരച്ചിലുകള്‍ കേട്ടാല്‍ ബോറടിക്കും എന്നാകുമ്പോള്‍‍?! അണ്ടര്‍‌വെയറിട്ട പക്ഷിയുടെ ചിത്രം മനസ്സില്‍ തെളിയുമ്പോഴുള്ള ചിരിയില്‍ കൂടുതലായി ഈ ചോദ്യത്തിനും ഉത്തരത്തിനും യാതൊരു പ്രത്യേകതകളുമില്ല. അഥവാ യാതൊരടിസ്ഥാനമോ, സാംഗത്യമോ ഇല്ലാത്ത ഒരു ചോദ്യവും ഉത്തരവും! എന്നിട്ടും കേരളക്കരയില്‍ അത് ഹിറ്റാകുകയും ആളുകള്‍ ചിരിച്ചുചിരിച്ച് മണ്ണുകപ്പുകയും ചെയ്യുന്നു!

ഇത്തരത്തില്‍ ലോജിക്കില്ലാതെ ചിരിക്കുന്നവരായി ലോകത്തൊരുപക്ഷേ നമ്മള്‍ മലയാളികള്‍ മാത്രമേയുണ്ടാകൂ. നമുക്കെന്തും ചിരിയാണ്. എന്തും ചിരിക്കുള്ള വകയാണ്. കരള്‍ചീഞ്ഞ കാട്ടാളന്‍‌മാര്‍ കടിച്ചുകീറിയ കുഞ്ഞിന്റെ മൃതദേഹം വാരിപ്പുണര്‍ന്നു പൊട്ടിക്കരയുന്ന മാതാവിന്റെ മുഖഭാവങ്ങള്‍കണ്ടു ചിരിക്കാന്‍; മലയാളീ നീയല്ലാതെ ഈ ലോകവനാന്തരങ്ങളില്‍ പല്ലിളിക്കുന്ന ഏതു ഹിംസ്രജന്തുവാണുള്ളത്?

മാറാവ്യാധികളും അപകടങ്ങളും പീഠനങ്ങളും ഒളിച്ചോട്ടങ്ങളും കൊള്ളയും കൊലയും ബലാത്സംഗവും പിഞ്ചുകുഞ്ഞുങ്ങളുടെ രോദനങ്ങളും പ്രകൃതിക്ഷോഭവും തലക്കുമീതേ കരിമേഘങ്ങളായി നില്‍ക്കുമ്പോഴും ആളുകള്‍ക്ക് കാര്യം ബോധ്യപ്പെടാന്‍ നേര്‍ക്കാഴ്ചകളോ സെമിനാറുകളോ പ്രബന്ധങ്ങളോ പോരാ; മിമിക്രിയിലൂടെയും കോമഡി ഷോകളിലൂടെയും വേണം കാര്യം അവരെ ബോധ്യപ്പെടുത്താന്‍; അല്ലാതെ ബോധ്യപ്പെടാന്‍ അവര്‍ തയ്യാറല്ല! ദേഹമാകെ ചൊറിയും ചെരങ്ങും പിടിച്ച് മാന്തിപ്പൊട്ടി പഴുത്തിരുന്നിട്ടും അതിനുള്ള തുള്ളിമരുന്ന് പാലില്‍കലര്‍ത്തി കൊടുത്താലേ ഈ കുരുത്തംകെട്ട കുട്ടികള്‍ കുടിക്കൂ..; ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുന്നതുപോലെ. ഇനി നിന്റെ മകളെത്തിന്ന ഭോഗിയുടെ കഥ നാളെ നിനക്കു ഞാന്‍ നര്‍മ്മം കലര്‍ത്തി പറഞ്ഞു തരാം; മിമിക്രിയിലൂടെ കാട്ടിത്തരാം! അല്ലെങ്കില്‍ ചിലപ്പോള്‍ നിനക്കു മനസ്സിലായില്ല എന്നു വരും..!

ചിരിയുടെയോ നര്‍മ്മബോധത്തിന്റെയോ നന്‍‌മകളെയും, സാധ്യതകളെയും ചോദ്യം ചെയ്യാന്‍മാത്രം മുരടനൊന്നുമല്ല ഞാന്‍. ചിരിക്കാന്‍ ഇഷ്ടമുള്ളവനാണ്. ചിരിയിലൂടെ പറയേണ്ടവയും, ചിര്‍ക്കാന്‍ വേണ്ടി പറയേണ്ടവയും അങ്ങനെ തന്നെ പറയണം എന്ന പക്ഷക്കാരനാണ്. പക്ഷെ ദുരന്തങ്ങളോ, ദുരന്തങ്ങളുടെ നര്‍മ്മം കലര്‍ത്തിയ കഥകളോ എന്നെ ചിരിപ്പിക്കരുത് എന്ന വാശിയുണ്ടെനിക്ക്!

ചിരി ഒരുപ്രസ്‌ഥാനത്തിനും, വ്യവസായത്തിനുമപ്പുറം വളര്‍ന്നു കഴിഞ്ഞ നമ്മുടെ സമൂഹത്തില്‍, അപകടങ്ങളും ദുരന്തങ്ങളും ദുരനുഭങ്ങളും കാണുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകേണ്ട വികാരം ചിരിയല്ല എന്നു സ്വയം ബോധ്യപ്പെടുകയും മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും ചെയ്‌തില്ലെങ്കില്‍ കേരളം ഉടന്‍ കൂപ്പുകുത്തുക ഒരാശയക്കുഴപ്പത്തിന്റെ ഗതികേടിലേക്കായിരിക്കും. ഏതുവികാരം എപ്പോള്‍ പ്രകടിപ്പിക്കണം എന്ന ആശയക്കുഴപ്പമുണ്ടാകുക എന്നാല്‍, ഒരുവേള ഇന്നു ലോകം ഭയക്കുന്ന അണുവി‌സ്ഫോടനത്തേക്കാള്‍ അപകടകരമായിരിക്കും ആ നാശം എന്നോര്‍ക്കുന്നത് നന്ന്. അല്ലെങ്കില്‍ നാളത്തെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ പുതിയൊരു പാഠം കൂടി ചേര്‍ക്കേണ്ടി വരും; ദുരന്തം കണ്ടാല്‍ പ്രകടിപ്പിക്കേണ്ട വികാരം = ദു:ഖം! അച്ഛന്‍ മരിച്ചാല്‍= സങ്കടം+കരച്ചില്‍..!

Tuesday, June 2, 2009

മാപ്പിളപ്പാട്ടില്‍ കാജാബീഢി

മാപ്പിളപ്പാട്ടിനെ പുതിയ പാട്ടുകാരും എഴുത്തുകാരും നശിപ്പിച്ചു എന്നു പറയുന്നവര്‍ പാവങ്ങളാണ്? വിവരം കുറഞ്ഞവര്‍! വെളിവില്ലാത്തവര്‍. മാപ്പിളപ്പാട്ടിനെയും അതിന്റെ ചരിത്രശോഭകളെയും കുറിച്ചവര്‍ക്കെന്തറിയാം? ഒരു കൂട്ടം കുഞ്ഞുകുഞ്ഞു പാട്ടുകാര്‍, ഒരുപറ്റം ചെറിയേചെറിയ എഴുത്തുകാര്‍, തബലക്കാര്‍; ഇവരൊക്കെ കൂട്ടമായ്‌നിന്ന് ഏലാമ്പ്യേ വിളിച്ചു മുക്കി വലിച്ചാലും അനക്കാന്‍പോലും പറ്റില്ല വൈദ്യരുമാപ്ല മുതല്‍ എരഞ്ഞോളിക്കാക്ക വരെയുള്ളവര്‍ പാലും പഴവും കൊടുത്തുവളര്‍ത്തിയ മാപ്പിളപ്പാട്ടിന്റെ മൂക്കിലെ ഒരു രോമം! ഹിമാലയത്തിനെന്തു തൊരപ്പനെലി!?

ഈ പുതു ചേമ്പുതൈകളെല്ലാവരും അവരുടെ വരാനിരിക്കുന്ന മൂന്നു തലമുറകളുമൊക്കെക്കൂടി മാപ്പിളപ്പാട്ടുനശീകരണം ജീവിതയജ്ഞമായിക്കണ്ട് പണിയെടുത്താല്‍ പോലും മാപ്പിളപ്പാട്ടിന്റെ തങ്കപ്പതക്കങ്ങള്‍ തരിമ്പുപോലു ഒളുമങ്ങുമെന്നു കരുതണ്ട! പിന്നെയാണോ ജീവിക്കാന്‍ മറ്റൊരു ഗതിയും കാണാതിരുന്നപ്പോള്‍ കുറച്ചു പാട്ടുകാസറ്റുകളിറക്കിക്കളയാം എന്നുകരുതിയ കൊല്ലത്തെയോ കോഴിക്കോട്ടെയോ ഏതെങ്കിലും പാവപ്പെട്ട പയ്യന്‍‌മാര്‍!

പാട്ടിറക്കണം എന്ന മോഹം കലശലായപ്പോള്‍, പക്ഷെ ഏതുതരം പാട്ടിറക്കണം എന്നതായിരുന്നു അവരുടെ ആദ്യത്തെ പ്രശ്നം! "സംഗീതമേ അമര സല്ലാപമേ" പോലുള്ള കിടിലന്‍ വിസ്‌മയങ്ങളുണ്ടാക്കാനൊന്നും അവര്‍ക്കറിയില്ല. "തൂശിമ്മ കൂന്താരോ" പോലെ നാടന്‍പാട്ടുകളില്‍ സ്പെഷ്യലൈസ്‌ ചെയ്യാനുള്ള പ്രതിഭയില്ലെന്നുമാത്രമല്ല നാട്ടനുഭവങ്ങളോ ‍പാട്ടനുഭവങ്ങളോ അച്ഛന്‍‌മാരില്‍ നിന്നു ലഭിച്ചിട്ടുമില്ല! ആകെ കണ്ടിട്ടുള്ളത് പണ്ടത്തെ കല്യാണവീടുകളിലെ ഒപ്പനയും കൈമുട്ടും കോല്‍‌ക്കളിയും മാത്രം. പഠിച്ചിട്ടുള്ളത് പണ്ട് മദ്രസയില്‍ ഉസ്‌താദ് തല്ലിത്തല്ലി പഠിപ്പിച്ച കുറച്ച് അറബി വാക്കുകളും അയല്‍‌പക്കത്തെ പെണ്ണുങ്ങളുടെ പേരുകളും!

മാപ്പിളപ്പാട്ടിലെ വെള്ളിനക്ഷത്രങ്ങളായ സംകൃതപമഗരിക്കും, വമ്പുറ്റ ഹംസക്കുമൊക്കെ അവരുടെ നാട്ടിന്‍‌പുറങ്ങളില്‍ കിട്ടുന്ന സ്വീകാര്യത കൂടി കണ്ടപ്പോള്‍ അവര്‍ ഉണ്ടാക്കാന്‍ പോകുന്ന പാട്ടിന് "മാപ്പിളപ്പാട്ട്" എന്നു ലേബല്‍ കൊടുക്കാന്‍ അവര്‍ തീരുമാനിച്ചതു തെറ്റാണെന്നു ഞാന്‍ പറയില്ല. പക്ഷെ; വേണ്ടത്ര ഇശല്‍ ബോധമോ, ചരിത്രബോധ്യമോ, ഇല്ലാത്തവര്‍ യാതൊരു കാവ്യഗുണവുമില്ലാതെ, കോളേജ് കുട്ടികളുടെ സംസാരങ്ങള്‍ അപ്പാടെ വരികളായി പകര്‍ത്തി കിട്ടിയ രീതിയിട്ടു പാടി അതിനു "മാപ്പിളപ്പാട്ട്" എന്നു പേരിട്ട ആ ഇടലുണ്ടല്ലോ? അതു ശരിയായില്ല്!. സംസാരപ്പാട്ടെന്നോ, പേരുപാട്ടെന്നോ തുടങ്ങി ചേരുന്ന എന്തുപേരും അവര്‍ക്കു കൊടുക്കാമായിരുന്നല്ലോ? മാപ്പിള കലാശാഖയിലെ മണവാട്ടിയായ മാപ്പിളപ്പാട്ടിനെ തന്നെ വേണമായിരുന്നോ അവര്‍ക്ക് മാനഭംഗപ്പെടുത്താന്‍!

എന്നിട്ടിപ്പോള്‍ അവരൊക്കെ വലിയ പാട്ടുകാരായി ഞെളിഞ്ഞുനടക്കുന്നതു കാണുമ്പോള്‍ പണ്ട് കുമ്പാട്ടെ കോഴിക്കാരന്‍ കമ്മുക്കാക്ക കാജാബീഢി വില്‍സിന്റെ പാക്കറ്റിലിട്ട് അത് ഷര്‍ട്ടിന്റെ പോക്കറ്റിലിട്ട് ഞെളീഞ്ഞു നടന്നിരുന്ന ആ നടപ്പാണ് ഓര്‍മ്മ വരുന്നത്. ഒരിക്കല്‍ തൃശൂര്‍പൂരം കാണാന്‍ പോയ കമ്മുക്കാക്കാടെ പോക്കറ്റിലെ വില്‍‌സ് പാക്കറ്റ് കണ്ട ഒരു സായിപ്പ് കക്ഷിയോടൊരു സിഗരറ്റ് ചോദിച്ചു. കൊടുക്കുന്നതെങ്ങനെ; കൊടുക്കാതിരിക്കുന്നതെങ്ങനെ? നിവൃത്തിയില്ലാതെ മാന്യദേഹം പാക്കറ്റില്‍ നിന്നും ഒരു കാജാബീഢിയെടുത്തു കത്തിച്ചു കൊടുത്തു. സായിപ്പ് ഒന്നേ വലിച്ചുള്ളൂ; ചുമനിര്‍ത്താന്‍ പാടുപെടുന്നതിനിടയില്‍‌ സായിപ്പ് വിളീച്ചു പറഞ്ഞത്രേ.." ബുള്‍ഷിറ്റ് വില്‍സ്!".

സായിപ്പെന്തിനു വില്‍സിനെ തെറിപറഞ്ഞു? വില്‍സെന്തു പഴിച്ചു? കാജാബീഢി ചെയ്തോ വല്ല തെറ്റും?കാജാബീഢിക്ക് ദുര്‍ഗന്ധവും, കുത്തലും ഉണ്ടെന്നുകരുതി അതിഷ്ടപ്പെടുന്നവര്‍ വലിക്കട്ടെ? കമ്മുക്കാക്ക അതു വലിക്കുന്നതില്‍ ആര്‍ക്കാണെതിര്‍പ്പ്! വലിച്ചോട്ടെ..മരിക്കണവരെ വലിച്ചോട്ടെ..!

പിന്നെ തെറ്റെവിടെയാണ്? അത് വില്‍സിന്റെ പാക്കറ്റിലിട്ടില്ലേ, അതാണ് തെറ്റ്! മാപ്പിളപ്പാട്ടിന്റെ സുന്ദരന്‍ കവചത്തില്‍ ദു:ര്‍ഗ്ഗന്ധവും, കുത്തലുമുള്ള വിലകുറഞ്ഞ കാജാബീഢി പൊതിഞ്ഞ് കൊടുത്ത് മാപ്പിളപ്പാട്ടിനെ തെറികേള്‍പ്പിക്കുന്ന കമ്മുക്കാക്കമാരാണു തെറ്റുകാര്‍!

സായിപ്പന്‍‌മാരോടൊരു കാര്യം; നിങ്ങള്‍ തെറിവിളിക്കേണ്ടത് മാപ്പിളപ്പാട്ടിനെയല്ല, കൊല്ലത്തും കോഴിക്കോട്ടുമുള്ള ഈ കമ്മുക്കാക്കമാരെയാണ്! കാജാബീഢി പോലെ നാറുന്ന പാട്ടുകള്‍ കൊണ്ടു നടക്കുന്നതിനല്ല; അത് മാപ്പിളപ്പാട്ടിന്റെ പാക്കറ്റലിട്ട് ആളെപ്പറ്റിക്കുന്നതിന്!
--------------------------------------------------------------------------------
അടിവര:വില്‍‌സും കാജാബീഢിയും കേവലം സംഭവവിവരണത്തിന്റെ ഉപാധികള്‍ മാത്രമാണ്. നാറ്റത്തില്‍ മാത്രമേ കാജാബീഢിയും പുതിയ പാട്ടുകളുമായി സാമ്യമുള്ളു.വില്‍സുമായി മാപ്പിളപ്പാട്ടിന് യാതൊരു ബന്ധവുമില്ല ഇനി ഉണ്ടാവുകയുമില്ല!

Thursday, May 28, 2009

പീഢനം അച്ഛന്‍ വക; അമ്മ ഒരുവഹ..!

പണ്ട്പണ്ടല്ല, ഈയടുത്ത്; കോട്ടയത്തൊരിടത്ത്, പത്താം ക്ലാസ്സുകാരിയായ മകളെ പഠിപ്പിക്കാന്‍ അച്ഛന് വലിയ ഉത്സാഹം! വൈകുന്നേരമായാല്‍ മകളുടെ പഠനമുറിയില്‍ അച്ഛന്‍ പഠിപ്പിക്കലോടു പഠിപ്പിക്കല്‍! അമ്മക്ക് സന്തോഷം.! പഠിപ്പിച്ച് പഠിപ്പിച്ച് അവസാനം കുട്ടിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ലത്രെ!കാരണമെന്താണെന്നല്ലേ? ഗര്‍ഭം! ബയോളജിക്ക് അച്ഛന്‍ കൊടുത്ത പ്രാക്ടിക്കല്‍ ക്ലാസ്സിന്റെ റിസല്‍ട്ടാണത്രേ ആ A+ ഗര്‍ഭം..! ഹൊ!

മലയാളക്കരയില് ‍ഇത് പീഢനങ്ങള്‍ വിളയുന്ന കാലം! കുടുംബങ്ങളുടെ നെടുംതൂണിളക്കിയും അടിത്തറ പൊളിച്ചും വരെ പീഢനങ്ങളുടെ ചൊറിയണങ്ങള്‍ മുളപൊട്ടുന്നത്, നോക്കാനാളില്ലാതെ ചീഞ്ഞുപോയ നമ്മുടെ ആര്‍ഷ സംസ്‌കാരത്തിന്റെ വളത്തിലാണ്. അച്ഛനോടൊപ്പം മകളെയും, സഹോദരനൊപ്പം സഹോദരിയെയും തനിച്ചാക്കി അമ്മ കല്ലുചുമക്കാന്‍ പോകുന്നത് ആ സംസ്‌കാരം പിതൃ-പുതൃ, സഹോദര ബന്ധങ്ങളില്‍ പരസ്പര സം‌രക്ഷണത്തിന്റെയും വാത്സല്യാദരങ്ങളുടെയും മുഖവും ആത്മാവുമാണു നട്ടുമുളപ്പിച്ച് വേരുപിടിപ്പിച്ചെടുത്തത് എന്നതുകൊണ്ടാണ്.

ആ സംസ്‌കാരത്തിന്റെ മറവില്‍, ആ വിശ്വാസം മുതലെടുത്തുകൊണ്ടാണ് ഇന്നു കേരളത്തില്‍ ഏറ്റവും കൂടുതല്‍ പീഢനങ്ങളും വാണിഭങ്ങളും നടക്കുന്നത് എന്നു വായിക്കുമ്പോള്‍, സ്നേഹനിധിയായ ഭാര്യ അറേബ്യന്‍ മണിമാളികയുടെ പിന്നാമ്പുറത്തെങ്ങോ പുറംലോകം കാണാതെ, അറബികളുടെ ആട്ടും ചവിട്ടുമേറ്റ് തനിക്ക് മരുന്നു വാങ്ങാനയക്കുന്ന കാശ്കോണ്ട് തേവിടിശ്ശിയെത്തേടിപ്പോയ അധമനായ ഭര്‍ത്താവിന്റെ കൊടും വഞ്ചന എത്ര നിസ്സാരം എന്നു പറഞ്ഞുപോകുന്നു!

പീഢനങ്ങളും കൊടും വഞ്ചനകളും കേരളക്കരയാകെ മുളച്ചുപോങ്ങാന്‍പാകത്തിന് വിത്തുപാകിയതാരാണ്? അതിനു വളമാകാന്‍ പാകത്തിന് നമ്മുറെ പാരമ്പര്യ സംസ്കാരം വേരറുത്ത് ചീയിച്ചു കളഞ്ഞതാരാണ്? പാശ്ചാതനും അവന്റെ സം‌സ്‌കാരവും എന്നൊറ്റവാക്കില്‍ പറഞ്ഞാല്‍ ഉത്തരം പൂര്‍ണ്ണമായില്ല. ടെലിവിഷനും, ഇന്‍‌റ്റര്‍നെറ്റും, മൊബൈല്‍ഫോണും തുടങ്ങിയ ശാസ്ത്ര സാങ്കേതിക വിദ്യകളാണിതിനൊക്കെ ഉത്തരവാദി എന്നു പറയുന്നവര്‍ പണ്ടാരമടങ്ങട്ടെ! സിനിമയും സീരിയലുകളും എന്നു പറഞ്ഞാലും ശാരിയാവില്ല. ഒരു കാര്യം സമ്മതിക്കാം, ഇതിലെല്ലാം നന്‍‌മയോളമോ, അതില്‍കൂടുതലോ തിന്‍‌മയുണ്ട്! പക്ഷെ ഒതളങ്ങ കഴിച്ച് ഒരു ‍കുട്ടി മരിച്ചാല്‍ ഒതളങ്ങയെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നവന്‍ പമ്പര വിഡ്ഢിതന്നെ! അതുകഴിച്ച കുട്ടിക്ക് ഒതളങ്ങ വെഷമാണെന്നറിയുകയോ അറിയാതിരിക്കുകയോ ചെയ്യട്ടെ! അവന്റെ പരിസരങ്ങളില്‍ ആ ഒതളങ്ങ നട്ടുപിടിപ്പിച്ചവരും, ഒതളങ്ങയുടെ പരിസരങ്ങളില്‍ അവനെ വിലക്കാതിരുന്നവരുമാണ് കുറ്റക്കാര്‍!

അതെ; എന്റെ കുട്ടി ഏതു സംസ്‌കാരം സ്വീകരിക്കണം എന്നു തീരുമാനിക്കുന്നവര്‍! അവര്‍ ടെലിവിഷനും, ഇന്റര്‍നെറ്റും എങ്ങനെവേണം ഉപയോഗിക്കാന്‍ എന്നു പഠിപ്പിക്കേണ്ടവര്‍, അതില്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യതയും ബാധ്യതയുമുള്ളവര്‍! അവര്‍‌ക്ക് കൈവിരലുകളും കാതുമുറക്കുന്നതിനു മുന്‍‌പ് വഴുക്കലും പടുകുഴികളുമുള്ള അനിയന്ത്രിത ബന്ധങ്ങളുടെ ലോകത്തേക്കുള്ള മൊബൈല്‍ഫോണ്‍ എന്ന താക്കോല്‍ നല്‍കണോ ചിന്തിക്കേണ്ടവര്‍! ഒതളങ്ങ വിഷമാണു മക്കളേ എന്നു പറഞ്ഞു പറഞ്ഞ്, വിലക്കി നിര്‍ത്തേണ്ടവര്‍! അനുസരിച്ചില്ലെങ്കില്‍ ശിക്ഷിക്കേണ്ടവര്‍. പാശ്ചാത്യന്റെ പെണ്‍കുട്ടി, കാമുകന്റെ കാറില്‍ വന്നിറങ്ങുമ്പോള്‍ എനിക്കും വേണം കാറുള്ള കാമുകന്‍ എന്നു പറയാതിരിക്കാന്‍ പാകത്തിന് ആ സംസ്‌കാരത്തോട് അറപ്പും നമ്മുടെ സംസ്‌കാരത്തോട് അടുപ്പവും അവരുടെ മനസ്സില്‍ കുഞ്ഞുപ്രായത്തിലേ വളര്‍ത്തിയെടുക്കേണ്ടവര്‍! അവരാണു കുറ്റക്കാര്‍..!

ഇനി;ഈ "അവര്‍" എന്നാല്‍ ആരാണ് എന്നു ചോദിച്ചാല്‍ "അമ്മയും അച്ഛനും" എന്ന് തെറ്റാതെ ഉത്തരം പറയാത്തവര്‍‌ക്ക് വേണ്ടി മക്കള്‍തന്നെ കരുതി വക്കുന്നുണ്ട്; വൃദ്ധസദനങ്ങളും, വീടിന്റെ പിന്നാമ്പുറത്തെങ്ങോ ഒരു കുഞ്ഞ് ഒറ്റമുറിയും!

Wednesday, May 27, 2009

കാള്‍ മീ മിസ്റ്റര്‍ മലയാളി

ഇന്നലെ ഒരു ഹൈദരാബാദി എന്നോടു ചോദിച്ചു? "ആര്‍ യു മല്ലു?"

"പോയിപ്പണിനോക്കെടാ പുല്ലേ" എന്നതിന്റെ ഇംഗ്ലീഷോ ഹിന്ദിയോ പെട്ടെന്നു കിട്ടാതിരുന്നത് കൊണ്ട് ഞാന്‍ തിരിച്ചു ചോദിച്ചു "ആര്‍ യു ഹൈദ്രൂ..?"

"വാട്ട്..?" എന്നായി അയാള്‍!

"കാള്‍ മീ മിസ്റ്റര്‍ മലയാളി..ഓ.ക്കേ!?" അയാള്‍ക്ക് സമാധാനമായി... എനിക്കും..!

എന്തൊരു കഷ്ടമാണിതെന്നു നോക്കണേ! ഇന്ത്യയിലെ വേറെയൊരു ഭാഷക്കാര്‍ക്കും ഈയൊരു ഗതികേടുണ്ടായിക്കാണില്ല! തെലുങ്കന്‍‌മാരെ "തെല്ലൂ" എന്നോ ഗുജറാത്തികളെ "ഗുജ്ജൂ" എന്നോ പഞ്ചാബികളെ "പഞ്ചൂ" എന്നോ കന്നടക്കാരെ "കന്നൂ" എന്നോ ആരും വിളിക്കാറില്ല. "ഹിന്ദു" എന്നത് "ഹിന്ദി" സംസാരിക്കുന്നവര്‍ക്കുള്ള ഇരട്ടപ്പേരുമല്ല? പിന്നെ മലയാളികള്‍ മാത്രം എന്തിനിങ്ങനെ ഈ മൈഗുണാപുരത്തെ പേരാല്‍ വിളിക്കപ്പെടണം?

ഇതിന്റെ അപകടവും അപമാനവും എത്രത്തോളമുണ്ടെന്നറിയണമെങ്കില്‍ ഗൂഗിളില്‍ പോയി എം.അ.എല്‍.എല്‍.യു എന്ന് ടൈപ്പ് ചെയ്ത് നോക്കിയാല്‍ മതി! ഹോട്ട് ഗേള്‍, മസാല, ഹോട്ട് വീഡിയോ, കുന്തം, കൊടച്ചക്രം..തുടങ്ങിയ വിശേഷാല്‍ പതക്കങ്ങളോടെയല്ലാതെ അഭിമാനിയായ മലയാളികള്‍ക്ക് ഏതോ കുബുദ്ധി ചാര്‍ത്തിയ ആ പേരിനെ കാണാനേ കഴിയില്ല!അത് സോള്‍ജിയര്‍ എന്നവാക്കിനൊപ്പം ഒരു സ്ഥലത്തും പ്രയോഗിച്ചുകാണാത്തത് എന്തുകൊണ്ടാണ്? രക്തസാക്ഷികളേയും, പണ്ഢിതവര്യന്‍‌മാരെയും ആ പദം കൊണ്ടഭിസബോധന ചെയ്തു കാണുന്നില്ല. കര്‍ത്താവിന്റെ സുവിശേഷകരായ വിശുദ്ധമണവാട്ടികളുടെ പേരിനോടൊപ്പവും അടുത്തകാലം വരെ ആ പദം പ്രയോഗിച്ചു കണ്ടിട്ടില്ല; ആലുവക്കടുത്ത് ഒരു അവിശുദ്ധകന്യക ഡ്രൈവറില്‍ നിന്നു 'സുഖശേഷം' സ്വീകരിച്ചപ്പോള്‍ മാത്രം അവരെ 'മല്ലു നണ്‍' എന്നു വിശേഷിപ്പിച്ചു കണ്ടു; നോണ്‍സെന്‍സ്..!

അപ്പോള്‍ പിന്നെ എന്നേക്കാള്‍ ഒരര്‍ത്ഥത്തിലും യോഗ്യനല്ല എന്നു എനിക്കു തോന്നിയ ഒരാള്‍ എന്നെ ആ പദം കൊണ്ടഭിസംബോധന ചെയ്താല്‍ അയാള്‍ക്കുമുന്നില്‍ ഞാന്‍ വില്ലുപോലെ വളയണോ അതോ പോടാ പുല്ലേ എന്നു വിളിക്കണോ? ഇനി എന്നേക്കാള്‍ എന്തുകൊണ്ടൂം യോഗ്യനും മാന്യനുമായ ഒരാളാണ് എന്നെ അങ്ങനെ വിളിക്കുന്നങ്കില്‍ ഇതിനേക്കാള്‍ അമാന്യമായിരിക്കും എന്റെ പ്രതികരണം..! കാര്യമൊക്കെ ശരി മാന്യാ..പക്ഷെ മാന്യന്‍ മാന്യന്റെ സ്ഥാനത്തു നില്‍ക്കണം..പ്രത്യേകിച്ച് ലോകമാന്യ മലയാളിയുടെ കാര്യത്തില്‍. :)

ഈ പേരു വീണുകിട്ടിയത് മലയാളികളുടെ കയ്യിലിരിപ്പിന്റെ ഫലമാണോ അതോ വിദേശമലയാളികളുടെ പെരുപ്പത്തിലും പെരുമയിലും അസൂയപൂണ്ട മറ്റവന്‍‌മാരുടെ പണിയാണോ എന്നൊന്നും എനിക്കറിയില്ല. പാരവപ്പില്‍‍ നമ്മള്‍ ഒട്ടും പിറകിലല്ലോ? ഇതല്ല ഇതിനേക്കാള്‍ മോശമായ ഒരുപാടു പേരുകള്‍ കൊണ്ടു വിളിക്കപ്പെടാന്‍ മാത്രം കൊട്ട കണക്കിന് ശരിയല്ലാത്ത കയ്യിലിരിപ്പുകളുമായി പലരാജ്യങ്ങളിലേക്കും ഊര്‍ന്നിറങ്ങിയവരാണ്‍ നമ്മള്‍..! മുകേഷ് ചോദിക്കുന്നതുപോലെ.."ചെറ്റത്തരത്തിനും ഒരു മാന്യതയില്ലേടേ..?"

ഇത്രയും പറഞ്ഞത് 'മല്ലൂ' എന്ന ഈ വിളിയില്‍ ഉദ്ദേശ്യശുദ്ധിയില്ല എന്നുമാത്രമല്ല അശുദ്ധോദ്ദേശങ്ങള്‍ മാത്രമാണുള്ളത് എന്നു നാം ചുമ്മാ ഒന്നു മനസ്സിലാക്കിവക്കാന്‍ വേണ്ടീയാണ്. ഇനിയെങ്കിലും ആ വിളികേട്ട് പൊട്ടനെപ്പോലെ ഇളിച്ചുകൊണ്ടു നിന്നേക്കരുതെന്നേ പ്രിയപ്പെട്ട ശ്രീ & ശ്രീമതി മലയാളികളോട് ചുമ്മാതാണെങ്കിലും എനിക്കു പറയാനുള്ളൂ. നമ്മുടെ കാര്യം പോകട്ടെ..നാണം കെടാന്‍ നമുക്കുള്ള മിടുക്കൊന്നും ലോകത്താര്‍ക്കുമുണ്ടാകില്ല! പക്ഷെ മലയാളക്കരയില്‍ ഇനിയും ചുണക്കുട്ടികളുണ്ടാകുകയാണെങ്കില്‍ ഒരുപാടു സമരങ്ങള്‍ക്കിടയില്‍ ഈ കളിപ്പേരിനെതിരെ കൂടി വിമോചനസമരം നടത്താന്‍ അവര്‍ക്ക് സമയം കിട്ടുമോ ആവോ..?

Monday, May 25, 2009

മാണിക്യക്കവലയിലെ ചായക്കട

ഇതു മാണിക്യക്കവല! എടത്തലയുടെ മാപ്പില്‍ ഏതാണ്ട് നെഞ്ചാങ്കൊട്ടയുടെ ഭാഗം. പണ്ടൊക്കെ തെരഞ്ഞെടുപ്പ് കാലത്ത് ഈ കവലയിലുള്ള ചെറുതും വലുതുമായ സകല കല്ലുകളും അപ്രത്യക്ഷമാകും. ഞങ്ങള്‍ കുട്ടികള്‍ക്ക്, റോട്ടിലേക്ക് ചാഞ്ഞ് കുലച്ചുനില്‍ക്കുന്ന മൂവാണ്ടന്‍ മാവിലെറിയാനോ, പെറ്റുകെടക്കുന്ന പട്ടിമടയില്‍ കോലിട്ടു കുത്തിയതിന് കടിക്കാനോടിക്കുന്ന കൊടിച്ചിപ്പട്ടിയുടെ തലമണ്ടക്കിട്ട് വീക്കാനോ പോലും ഒരു കല്ലിന്‍ കഷണം പോയിട്ട് മണ്ണാംകട്ടപോലും ആ സമയത്ത് ആ കവലയുടെ ചുറ്റുവട്ടത്തെങ്ങും കിട്ടില്ല. കല്ലുകളെല്ലാം കൂടി ആലുവയില്‍ കൈപ്പത്തിയുടെ തെരഞ്ഞെടുപ്പ് ജാഥയില്‍ പങ്കെടുക്കാന്‍ പോകുന്നതൊന്നുമല്ല. അതെല്ലാം ഒരു കാക്കയുടെ വേലയാണ്. പണ്ട് മണ്‍കുടത്തിലെ കുറഞ്ഞവെള്ളത്തിലേക്ക് കല്ലുകള്‍ പെറുക്കിയിട്ട് വെള്ളം പൊങ്ങിവന്നപ്പോള്‍ കുടിച്ചര്‍‍മ്മാദിച്ച ആ പഴയ കാക്കയല്ല. ഇത് കവലയില്‍ ചായക്കടനടത്തുന്ന, ഇന്നത്തെ മഅദനിയുടെ മങ്ങിയ കോപ്പിയും, അത്രത്തോളം ഉശിരനുമായ ബീരാന്‍ കാക്ക!

തെരഞ്ഞെടുപ്പിന് കൊടിപൊങ്ങി കൊട്ടുണരുന്നതോറെ പുള്ളിക്കാരന്‍ കവലയിലും ചുറ്റുവട്ടത്തുമുള്ള സകല കല്ലുകളും, പട്ടിക്കാട്ടമടക്കമുള്ള കല്ലുപോലത്തതുമെല്ലാം പെറുക്കി ചാക്കില്‍ കെട്ടി വീടിന്റെ പിന്നിലുള്ള ചായ്പില്‍ കൊണ്ടുപോയി പാത്തുവക്കും. അല്ലെങ്കില്‍, കവലയുടെ ഒരു രാഷ്ടീയ വൈകാരിക പൈതൃകമനുസരിച്ച്, രാഷ്ട്രീയ ചര്‍‍ച്ചകള്‍ കോണ്‍ഗ്രസ്സില്‍ തുടങ്ങി, ലീഗുവഴി, മാര്ക്സിസ്റ്റ് പാര്‍ട്ടിയിലൂടെ കത്തിക്കയറി അവരുടെ തന്തക്ക് ഇവരും ഇവരുടെ തള്ളക്ക് അവരും വിവിധ പട്ടങ്ങളും ചാര്‍ത്തി, പരസ്പരം പിറന്നതിന്റെ ഹറാമും ഹലാലും സാക്ഷ്‌യപ്പെടുത്തി, ഫൈനല്‍ ആക്ഷനിലേക്കു കടക്കുന്നതോടെ ബി.കാക്കാടെ പലഹാരഭരണികളും, ചില്ലലമാരയും തുളച്ച്‌തകര്‍ത്ത് മിടുക്കന്മാരായ പല കല്ലുകളും ബോണ്ടകളുടെയും പരിപ്പുവടകളുടെയും കൂടെ ശയനം തുടങ്ങിയിരിക്കും!

അങ്ങനെ; ഇത്തരം തന്ത്രപൂര്‍‌വ്വമുള്ള ചിലനീക്കങ്ങളിലൂടെ കാര്യമായ പരിക്കുകളൊന്നും കൂടാതെ വലിയ തെറ്റില്ലാതെ ബീരാന്‍ കാക്ക കടനടത്തിവരുമ്പോഴാണ് കേരളം വീണ്ടും ഒരു തിരഞ്ഞെടുപ്പ് ചൂളയിലേക്ക് വിറക് വെട്ടുന്നത്. പതിവുപോലെ കക്ഷി കല്ലുകള്‍ പെറുക്കി ഒതുക്കി. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട്, കൈപ്പത്തിയുടെ സ്വന്തം ഇരിപ്പ് എം.എല്‍.എ 'മുഹമ്മദ് മത്തായി' (മദ്രസ ഉല്‍ഘാടനത്തിന് പോയതിന് രോഷംപൂണ്ട കൃസ്ത്യാനികള്‍ വെഞ്ചരിച്ച് കൊടുത്ത പേര്) കെട്ടിവക്കാന്‍ പോകുന്ന കാശ് ഊശിയാകാനുള്ള സകലവഴികളും സ്വയം ഒപ്പിച്ചിരുന്നു. അതില്‍ ഏറ്റവും താഴേ പടിയിലുള്ളതാണ് റോഡായ റോഡുകളെല്ലാം പൊട്ടിപ്പോളിഞ്ഞ് മാക്കാന്‍തവളകള്‍ക്കും നീര്‍ക്കോലികള്‍ക്കും മാത്രം ഉപകാരമുള്ളതായി മാറിയത്; അവയാണെങ്കില്‍ പ്രവാസികളെപ്പോലെയാണ്! ഇതുവരെ വോട്ടവകാശം ലഭിച്ചിട്ടില്ല! ഇങ്ങോട്ട് കിട്ടുന്ന ഉപകാരങ്ങളെല്ലാം വാരിക്കെട്ടിയെടുക്കുക എന്നല്ലാതെ നാടോ ഗവണ്മെന്റോ ഈ രണ്ടുകൂട്ടര്‍ക്കും യാതൊരു പരിഗണനയും കൊടുക്കാറില്ലല്ലോ? രാജ്യത്തിന്റെ ഭാഗദേയം ഈ നാലാംകൂലികളെന്തിനു നിശ്ചയിക്കണം?

പക്ഷെ! ഏറു കിട്ടാതിരിക്കാന്‍ മി.ബീരാന്‍ കല്ലുകള്‍ പെറുക്കിയതുപോലെ തോല്‍ക്കാതിരിക്കാനുള്ള സകലവേലകളും കൈപ്പത്തി മത്തായി ഇറക്കിത്തുടങ്ങി. കവലയില്‍ ഒരൊറ്റ കല്ലുപോലും അവശേഷിച്ചിട്ടില്ല എന്നുറപ്പുവരുത്തി വെള്ളീയാഴ്ച പള്ളിയിലേക്കു പോയ ബീ.കാക്ക തിരിച്ചുവന്നപ്പോള്‍ കണ്ട കാഴ്ച ചങ്കും കരളൂം തകര്‍ക്കുന്നതായിരുന്നു! കവലയുടെ മൂന്നുഭാഗങ്ങളിലുമായി നല്ല വശങ്ങള്‍ കൂര്‍ത്തതും കൈപ്പിടിയിലൊതുങ്ങുന്നതുമായ മൂന്നു ലോഡ് സൊയമ്പന്‍ കരിങ്കല്ലുകള്‍! റോഡിന്റെ ശോചനാവസ്ഥയില്‍ രോഷം പൂണ്ട സാമാന്യജനത്തിന്റെ കണ്ണിലിടാന്‍ മത്തായിയിറക്കിയ പൊടിയായിരുന്നു ആ കല്ലുകള്‍! ഇറക്കിയ വേലകളില്‍ ഒടുക്കത്തെ വേല! രോഷവും സങ്കടവും, നിരാശയും നി:സ്സംഗതയും കലര്‍ന്ന മുഖത്തിന്റെ കീഴെ രക്താദിമര്‍ദ്ദം കേറി നടി ഷീലയുടെ ശ്വാസോച്ഛ്വാസത്തോടെ നിന്ന ബീരാന്‍ കാക്കയെ പള്ളിയില്‍ നിന്നിറങ്ങിയവരെല്ലാം സഹതാപത്തോടെ നോക്കിയെങ്കിലും പലരുടെയും മുഖത്ത് ഒരു മണകുണാപ്പന്‍ ചിരി വിടര്‍ന്നിരുന്നു.!

പിറ്റേ ദിവസം മാണിക്യക്കവല ഉണര്‍ന്നത് പുതിയൊരു കാഴ്ചയുമായാണ്! ചായക്കടക്കുമുന്നില്‍ പുതിയൊരു ബോര്‍ഡ്!

"പൊ.ജ. ശ്രദ്ധക്ക്! തെരഞ്ഞെടുപ്പ് പ്രമാണിച്ച് ബോണ്ട, പരിപ്പുവട വില്പ്പനയുണ്ടായിരിക്കുന്നതല്ല. ചായ ചില്ലുഗ്ലാസില്‍ കൊടുക്കുന്നതല്ല! പ്രൊപ്രൈറ്റര്‍ മി.ബീരാന്‍"

ഏതായാലും മൂന്നു ലോഡുകല്ലുകള്‍ ചായ്പ്പിലേക്കു മാറ്റിയാല്‍ വിവരമറിയും! സൊ॥ബീരാന്‍ കാക്ക പുതിയൊരു തന്ത്രം പ്രയോഗിച്ചു; ചില്ലുമാറ്റി। അഥവാ ചില്ലലമാരയും, ചില്ലുഗ്ലാസുകളുകടക്കം ചില്ലുമായി ബന്ധപ്പെട്ട സര്‍‌വ്വതും ചായ്പ്പിലേക്കു മാറ്റി. ഫലമോ; ഇപ്പോള്‍ കടയില്‍ സ്റ്റീല്‍ പാത്രങ്ങളും കാക്കയും മാത്രം ബാക്കി! ആളുകള്‍ കൂടാറില്ല; ചര്‍ച്ചകളില്ല, തെറിവിളികളില്ല; കവലയില്‍ മൂന്നു ലോഡു കല്ലുകളുണ്ടായിട്ടും ഒരൊറ്റ കല്ലുപോലും ആരാലും എറിയപ്പെട്ടില്ല! ചായകുടിക്കാന്‍ ആളുകള്‍ വന്നാലല്ലേ ഇതൊക്കെയുണ്ടാകൂ! കടിക്കാന്‍ ബോണ്ടയുണ്ടെങ്കിലല്ലേ ചായകുടിക്കാന്‍ ആളുകള്‍ വരൂ..!

അതോടേ നാട്ടിലാകെ പുതിയൊരു ചര്‍ച്ചക്ക് തുടക്കമായി! മുന്‍‌കാല തെരഞ്ഞെടുപ്പുകളിലെല്ലാം നടന്ന ആക്രമണങ്ങള്‍ക്കെല്ലാം കാരണം ബീരാന്റെ ബോണ്ടയാണ്! ചര്‍ച്ച ചൂടുപിടിക്കുകയും അതിന്റെ പേരില്‍ വീണ്ടൂം നിരവധി ആക്രമണങ്ങളുണ്ടാകുകയും അതെല്ലം അവസാനം ബീരാന്റെ അറസ്റ്റില്‍ കലാശിക്കുകയും ചെയ്തു!

"ബോണ്ടയാക്രമണം! മുഖ്യസൂത്രധാരന്‍ ബീരാന്‍ അറസ്റ്റില്‍"

മ।മ പത്രം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്! മാറാട്ടെ വര്‍ഗ്ഗീയ കലാപവും, കോയമ്പത്തൂര്‍ സ്ഫോടനവും പോലീസിന്റെ വക ഫ്രീയായിട്ടു കിട്ടി. ബീരാനെ കുടുക്കിയതിനു പിന്നില്‍ അപ്പുറത്തെ മലമുകളില്‍ മതമായം ചേര്‍ത്ത ചായക്കടനടത്തുന്ന കുഞ്ഞാലിയുടെ ഫിംഗര്‍പ്രിന്റ് കണ്ടവരുണ്ട്. ഏതായാലും പാവം ബീരാന് വിലപ്പെട്ട ഒന്‍പതുവര്‍ഷം ഒരുപ്പോക്കുപോയി! ഇതിനിടയില്‍ ചായക്കടയില്‍ വേണ്ടതും വേണ്ടാത്തതുമായ പല കച്ചവടങ്ങളും പലരും ചെയ്തു! അവസാനം നിരപരാധിയെന്നു പ്രഖ്യാപിക്കപ്പെട്ട് ജയില്‍മോചിതനായ ബീരാന്‍കാക്ക, ജയിലില്‍ നിന്നാര്‍ജ്ജിച്ച 'ആത്മ ബലത്തില്‍' ആരുടെയൊക്കെയോ കൂടെക്കൂടി അരിവാളോ, ചുറ്റികയോ ഒക്കെ വില്പ്പനതുടങ്ങിയെന്നൊ, ആ കച്ചവടം പൊട്ടിയെന്നോ ഒക്കെ കേള്‍ക്കുന്നു!

പക്ഷെ, മാണിക്യക്കവലയില്‍ കവലയില്‍ ഈ സംഭവങ്ങള്‍‌ക്കെല്ലാം ശേഷം ഇന്നേവരെ തെരഞ്ഞെടുപ്പ് കാലത്ത് ഒരൊറ്റചായക്കടയില്‍ പോലും ബോണ്ട വിറ്റിട്ടില്ല! അവിടങ്ങളിലെല്ലാം ഇപ്പോള്‍ ഒരറിയിപ്പ് കാണാം..
"പൊ.ജ.ശ്രദ്ധക്ക്, ബോണ്ട വില്‍ക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്..!"

Monday, May 18, 2009

ആയിരം പൂച്ചെണ്ടുള്ള മണവാട്ടി..!

വിമാനയാത്രകള്‍ സ്വപ്‌നങ്ങളില്‍ ഇടം പിടിച്ചിട്ട് കേവലം മൂന്നോ നാലോ കൊല്ലമേ ആയിട്ടുള്ളൂ. പക്ഷെ ഇപ്പോള്‍ ഞാന്‍ കാണുന്ന ഏറ്റവും നല്ലതും ഏറെ ഭീതിതവുമായ സ്വപ്നങ്ങളില്‍ വിമാനയാത്രകള്‍ക്ക് ഒരു ഹിറ്റ് സിനിമയുടെ പ്രതിച്ഛായയുണ്ട്. നല്ലതാകട്ടെ ഭീകരമാകട്ടെ സൂപ്പര്‍ ഹിറ്റും മെഗാഹിറ്റുമൊക്കെ വേറെയുണ്ട് കെട്ടോ. പക്ഷെ ഇപ്പോള്‍ പറയുന്നത് ആ സ്വപ്നങ്ങളുടെ സാക്ഷാത്കാരമെന്നവണ്ണം, ഒന്നൊന്നര മാസം മുന്‍പ് പ്രിയതമയെ തൊട്ടരികിലിരുത്തി നാട്ടിലേക്കു പറന്ന ആ പറക്കലിന്റെക്കുറിച്ചാണ്!

പൊടിക്കാറ്റില്‍ മുങ്ങി മങ്ങിനിന്ന ദമ്മാമില്‍ നിന്നും പറന്നുയര്‍ന്ന എയര്‍‌ഇന്ത്യയുടെ ആ വിമാനം നെടുംബാശ്ശേരിക്കുമുകളില്‍ മൂളിമൂളി നിന്നത് എന്തുകാരണം കൊണ്ടാണെങ്കിലും എനിക്ക് വല്ലാതെ ബോധിച്ചു. പച്ചിലത്തോട്ടങ്ങളില്‍ നിറഞ്ഞപച്ചനിറത്തിന് മാതൃത്വത്തിന്റെ ഛായയുണ്ട്. എന്റെ നാടിന് കേരളം എന്ന പേരുവന്നത് അവിടെ തെങ്ങുകള്‍ തിങ്ങിനിരന്നിട്ടുണ്ടെന്നതും തെങ്ങിന് കേരം എന്നും പേരുള്ളത്കൊണ്ടുമാണെന്ന് പണ്ടെങ്ങോ പഠിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ കവികള്‍ സ്നേഹപൂര്‍‌വം വിളിക്കുന്ന 'കേരനാട്' എന്ന പേരായിരുന്നില്ലേ കൂടുതല്‍ ഉചിതം? 'കേര'ത്തിനു ശേഷം "കുളം" എന്നതിന്റെ "ളം" എടുത്തിട്ടത് അതിന്റെ ജന മനോഗതിയും, ഭരണഗതികളും മുന്‍‌കൂട്ടിക്കണ്ട ഏതോ കുബുദ്ധിയാവാനാണ് സാധ്യത! ഇതിനെ അനുകരിച്ച് നെല്ലുകള്‍ ഒരുപാടുള്ള(?) ഒരു പ്രദേശത്തെ 'നെല്ലളം' എന്നു വിളിച്ച വിദ്വാന് പത്മശ്രീ കൊടുക്കണം. അങ്ങനെയെങ്കില്‍ 'കോവള'ത്തിന് ആ പേരു വന്നത് അവിടെ കണക്കിലധികം കോവക്കകള്‍ തൂങ്ങിയാടിയതുകൊണ്ടാണോ? 'പന്തള'ത്തിന് ആ പേരുവന്നത് പന്തങ്ങള്‍ ആളിക്കത്തിയതുകൊണ്ടാകണമല്ലോ? കുട്ടളത്തിന് ആ പേരു വരാന്‍ എന്താണാവോ കാരണം? ഇക്കണക്കിന് എന്റെ നാട്ടില്‍ ഒരുപാടു കോഴികള്‍ ഉണ്ടാകുന്നതായിരുന്നു നല്ലത്. ഏറ്റവും ഉചിതമായ 'കോഴളം' എന്ന പേരു കിട്ടുമായിരുന്നില്ലേ? 'കോഴി'കള്‍ക്കും കുറവില്ല, കോഴക്കും കുറവില്ല, കുളമായിട്ടുണ്ട് താനും!

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈ കാഴ്ച മനോഹരം തന്നെയാണ്! ആയിരം പൂച്ചെണ്ടുകള്‍ ഒന്നിച്ചുപിടിച്ചു നില്‍ക്കുന്ന മണവാട്ടിയോളമുണ്ട് ആ നാടിന്റെ സൗന്ദര്യം. അവള്‍ മിന്നിത്തിളങ്ങുന്ന സ്വര്‍ണ്ണമാലപ്പുഴകളെടുത്ത് വാരിയണിഞ്ഞിട്ടുണ്ട്. നെറുകയില്‍ വാകപ്പൂവിന്‍ സിന്ദൂരം. ചേലയില്‍ വാഴയിലപ്പട്ടിന്‍ കസവ്.... വിമാനങ്ങളും, ബഹിരാകാശവാഹിനികളുമൊക്കെയുണ്ടാകുന്നതിനു മുന്‍പ് ദൈവവും, മാലാഖമാരും മാത്രം കണ്‍കുളിര്‍ക്കെ കണ്ടിട്ടുള്ള ആ കാഴ്ചക്കു മുകളില്‍ കൂറ്റന്‍ വിമാനത്തിലെങ്കിലും മെല്ലെ തണുത്തുവീഴുന്ന ഒരു കുഞ്ഞു മഴത്തുള്ളിയിലെന്ന പോലെ എന്റെ പ്രിയതമയോടൊപ്പം ഞാന്‍ കൂനിക്കൂടിയിരുന്നു. ആ കാഴ്ചകള്‍ എന്നെ എത്രത്തോളം മത്തുപിടിപ്പിച്ചു എന്നുവച്ചാല്‍; വിമാനത്താവളത്തിനു പുറത്ത് ഉമ്മ എന്ന ഒരു ജോഡി നിറകണ്ണുകളും, വാപ്പ എന്ന ഒരാകാംക്ഷയും, അനിയന്‍ എന്ന കൗതുകവും കാത്തുനില്‍‌പില്ലായിരുന്നെങ്കില്‍, വിമാനത്തില്‍ എന്റെ ചാരെ ആനന്ദത്താല്‍ അന്തംവിട്ട് അര്‍ദ്ധമോഹാലസ്യത്തിലായിരിക്കുന്ന ഭാര്യ എന്ന മുത്തുച്ചിപ്പിയോട് 'ഒന്നു മുള്ളിയിട്ടുവരാം' എന്നു കള്ളം പറഞ്ഞ് ഞാന്‍ അവിടെ ചാടിയിറങ്ങിപ്പോകുമായിരുന്നു!

വിമാനത്താവളത്തിനു മുകളില്‍ നിന്നു കാണാനേ സൗന്ദര്യമുള്ളൂ.താഴെ.. പോലീസുകാര്‍ ഭീകരന്‍‌മാരാണെന്നു തോന്നിയത് പഴയ പല അനുഭവങ്ങളും മനസ്സിലെവിടെയോ കിടക്കുന്നതുകോണ്ടാകാം. ആത്മാവ് ആദ്യമേ ചാടിപ്പുറത്തുകടന്നുകളഞ്ഞു. കടമ്പകള്‍ ചെറുതെങ്കിലും വിമാനത്താവളത്തിലെ കുറഞ്ഞ നിമിഷങ്ങള്‍ എന്നെ അസ്വസ്ഥനാക്കിയത്. എന്റെ നാട്ടില്‍ എന്നെ അന്യനാക്കുന്ന ആ ക്രൂര നിമിഷങ്ങളെ എനിക്കു പേടിയാണ്.

ഉമ്മയുടെ കരവലയത്തിലേക്ക് ഞാന്‍ മനസ്സാ ചാടിക്കയറി! മുപ്പത്താറുവര്‍ഷത്തെ അധ്യാപനജീവിതത്തിനു ശേഷം വിരമിക്കുന്നത് ഉത്സവമായി ആഘോഷിക്കുന്നുണ്ടെങ്കിലും അല്പം അങ്കലാപ്പ് ഉമ്മയുടെ ഉള്ളിലുണ്ട്. ഉമ്മ റിട്ടയര്‍ ചെയ്ത് വീട്ടില്‍ വരുമ്പോള്‍ ഞാന്‍ അവിടെയുണ്ടാകണം എന്ന ആഗ്രഹം കൊണ്ടാണ് അവധി അല്പം നേരത്തെയാക്കിയത്. കാരണം, വാപ്പയുടെ വലംകയ്യായി ഉമ്മ എന്നും തിളങ്ങിനിന്നതിനും, എന്റെ വീട് ഒരു കൊച്ചു സ്വര്‍ഗ്ഗമാക്കിയതിനുമൊക്കെ പിന്നില്‍ ഉമ്മയുടെ ഈ ഉദ്യോഗം വളരെ വലിയ ഒരു പങ്കാണ് വഹിച്ചിട്ടുള്ളത്. ഇനി ജോലിത്തിരക്കില്‍ നിന്നെല്ലാം മാറി വിശ്രമജീവിതം നയിക്കാനാണ്‍ കക്ഷി ഉദ്ദേശിച്ചിട്ടുള്ളതെങ്കില്‍ തെറ്റി; ഞാന്‍ എന്റെ പെണ്ണുമ്പിള്ള വഴി ഒരു പണി ഉമ്മാക്ക് കൊടുത്തുകൊണ്ടിരിക്കുകയാണ്. പടച്ചവന്‍ അനുഗ്രഹിച്ചാല്‍ അധികം താമസിയാതെ ഉമ്മാക്ക് ഉമ്മുമ്മയായി പ്രൊമോഷന്‍ കിട്ടും!

ഏതാണ്ട് ഒന്നൊന്നരമാസക്കാലം ഞാനനുഭവിച്ച ലാളനക്ക് മഞ്ഞുകാലത്തേക്കാള്‍ കുളിരും, പഞ്ഞിമിഠായിയേക്കാള്‍ മധുരവുമുണ്ടായിരുന്നു. വാപ്പയുടെ സാമീപ്യം തന്ന സുരക്ഷിതത്വത്തിനു മുന്നില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സെക്യൂരിറ്റി സിസ്റ്റം എത്ര മോശം! പുതുമണവാളനായ അനിയന്റെ ചിത്രവും, അവന്റെ ഉത്സാഹവും മനസ്സില്‍ നിറച്ച സുന്ദര വര്‍ണ്ണചിത്രങ്ങള്‍ ദൈവമല്ലാതെ ആരാണു വരച്ചത്? ബന്ധുക്കളും, ബന്ധങ്ങളും മനസ്സിന്റെ തോട്ടത്തില്‍ പൂക്കളായി വിരിഞ്ഞു; പുതുമഴയായി പെയ്തു. എല്ലാത്തിനുമുപരി സ്വര്‍ഗ്ഗം പ്രതീക്ഷിക്കുന്ന വല്ലിമ്മയുടെ എണ്ണമില്ലാത്ത ചുംബനങ്ങളില്‍ പ്രാര്‍ത്ഥനയുടെ, അനുഗ്രഹങ്ങളുടെ കൂമ്പാരങ്ങള്‍! കഴിഞ്ഞതിനു മുന്‍പത്തെ റമദാനില്‍ പടച്ചവന്‍ തിരിച്ചുവിളിച്ച പെരുമ്പാവൂരെ വല്ലിമ്മയുടെ ഖബറിനു മുകളില്‍ രണ്ടുചെടികള്‍ നല്ല പച്ചയില്‍ തളിര്‍ത്തിരിക്കുന്നു, അതിനുമേല്‍ ആത്മാഭിമാനിയായ ഒരു മുത്തശ്ശിപ്ലാവ് തണലിട്ടിരിക്കുന്നു!

മിടുക്കനായിരുന്ന പഴയ കളിക്കൂട്ടുകാരന്‍ സലാം ഞാന്‍ ചെന്നയുടെനെ വിളിച്ച് വിശേഷങ്ങള്‍ തിരക്കിയിരുന്നു। അനിയന്റെ കല്യാണത്തിനു ഞാന്‍ അവനെ ക്ഷണിക്കുകയും ചെയ്തു. പണ്ട് സ്കൂളവധിക്കാലത്ത് അതിരാവിലെ ജനാലക്കരികില്‍ വന്ന് എന്നെ മുട്ടിവിളിച്ച് തെങ്ങിന്‍ തോട്ടത്തിലേക്ക് പോയിരുന്നതും, അവിടെ കളിപ്പൂരത്തിന് തുടക്കം കുറിച്ചിരുന്നതുമെല്ലാം ഓര്‍മ്മകളില്‍ ഒട്ടും ക്ലാവുപിടിക്കാതെ അവന്‍ സൂക്ഷിച്ചുവച്ചിരുന്നു. ആ അവധികളും എന്റെ ഈ അവധിയും തമ്മിലുള്ള അന്തരത്തില്‍ അവന്‍ നിരാശപ്രകടിപ്പിച്ചു. അവന്റെ കടയിലേക്ക് ഇടക്കൊന്നിറങ്ങാന്‍ ആവശ്യപ്പെട്ടാണ് ഫോണ്‍ നിര്‍ത്തിയത്. രണ്ടുദിവസങ്ങള്‍ക്കു ശേഷം ഞാന്‍ തലവേദനയുടെ പിടിയില്‍ തളര്‍ന്നു കിടക്കവെ പഴയ ജനാലക്കരികില്‍ വച്ചിരുന്ന ഫോണ്‍ കരഞ്ഞത് ആ പഴയ സ്നേഹിതന്റെ മരണവാര്‍‌ത്തയുമായാണ്. അലക്ഷ്‌യമായി കുതിച്ചുപാഞ്ഞിരുന്ന ജീവിതവാഹനത്തിന് കടിഞ്ഞാണിട്ട്, ഉത്തരവാദിത്തങ്ങളിലേക്കുന്നമിട്ട്, കുടുംബഭാരവും വഹിച്ചു സാവധാനം അവന്‍ യാത്രതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ! പാതിവഴിയില്‍ എതിരേവന്ന ഒരു മിനിലോറി ആ മികച്ച ബാറ്റ്സ്‌മാനെ റണ്ണൗട്ടാക്കിക്കളഞ്ഞു. ഞാന്‍ വന്നു കണ്ട്, പറഞ്ഞിട്ടു പോകാന്‍ കാത്തിരുന്നതുപോലെ! വിജയശ്രീലാളിതരായി ബാറ്റുകള്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോയെടുക്കാന്‍ കൊതിച്ചവരാണു ഞങ്ങള്‍; പക്ഷെ അവന്റെ മൃതദേഹത്തിന്റെ ഇന്‍‌ക്വസ്റ്റിന് പോലീസിനുള്ള അഞ്ചു സാക്ഷികളില്‍ ഒരാളായിനിന്ന് പടമെടുക്കാനായിരുന്നു വിധി!

അങ്ങനെ സംഭവബഹുലമായ ഒരു യഥാര്‍ത്ഥ സ്വപ്നം മൂര്‍ദ്ധന്യത്തിലായിരിക്കേ അവധിയവസാനത്തിന്റെ ഭീകരമണി മുഴങ്ങി. വിവിധ വികാരങ്ങളുടെ അതിരുകളില്ലാത്ത ആ ലോകത്ത് നിന്നും അലാറങ്ങളുടെ അടച്ചിട്ട ലോകത്തേക്കുള്ള പറിച്ചുനടലിന്റെ ചിന്തകള്‍ ദു:സ്സ്വപ്നം പോലെ ദു:സ്സഹമായിരുന്നു. എങ്കിലും എന്റെ നിയോഗം ഞാനല്ലല്ലോ തീരുമാനിച്ചത്? സൃഷ്ടാവിന്റെ തീരുമാനങ്ങളാണ് ശരിയും നടപ്പാകുന്നതും. എനിക്കും അതിലേറെ എന്റെ കുടുംബത്തിന്റെ നന്‍‌മക്കും അതാണ് നല്ലത്!

വീണ്ടും പറക്കുകയാണ്. മനസ്സ് വീട്ടില്‍ മറന്നുവച്ചിരിക്കുന്നു. നെടുംബാശ്ശേരിയില്‍ നിന്നും ആ വിമാനം എന്നെപ്പോലെതന്നെ മനസ്സില്ലാത്ത കുറേ മനുഷ്യശരീരങ്ങളെയും വഹിച്ചാണ് പറന്നുയര്‍ന്നത്. സഹയാത്രികനായ സാധുമനുഷ്യന് വാപ്പയുടെ പ്രായമുണ്ട്. അയാള്‍ അതിരാവിലെത്തന്നെ രണ്ടു 'ആനമയക്കികള്‍' വീശിയതിന്റെ ദുര്‍ഗന്ധം എന്നെ തെല്ലും ദേഷ്യം പിടിപ്പിച്ചില്ല. ഒരുപിടിപ്രാരാബ്ധങ്ങലുടെ നിര്‍ബ്ബന്ധങ്ങളാകാം യുവാക്കളോടൊപ്പം ആ മനുഷ്യനെയും മരുഭൂമിരാക്ഷസന്റെ ശിങ്കിടിയായ ഈ വിമാനത്തിന്റെ വയറ്റില്‍ കൊണ്ടെത്തിച്ചത്!

കൊതിയോടെ വീണ്ടും താഴേക്കു നോക്കി. എന്റെ നാട്; അവള്‍ ഇപ്പോഴും സുന്ദരിയാണ്. തെങ്ങിന്‍ പൂച്ചെണ്ടുകള്‍ തെല്ലും വാടിയിട്ടില്ല. പുഴകള്‍ പക്ഷെ, അടിയേറ്റ നാഗങ്ങളെപ്പോലെ കിടന്നു പുളയുന്നു. വാഴത്തൈകള്‍ മെല്ലെ കണ്ണുതുടക്കുന്നു, വാകപ്പൂക്കള്‍ക്കു മീതെ മഘങ്ങള്‍ മറപിടിക്കുന്നു. അങ്ങോട്ടു പോയപ്പോള്‍ കളിപറഞ്ഞ് കൂടെയുണ്ടായിരുന്ന പ്രിയതമ കൂടെയില്ല. അവളിപ്പോള്‍ വീട്ടില്‍ ഉറക്കം നടിച്ചു കിടക്കുകയാകും. ഉമ്മ പ്രഭാത ഭക്ഷണം തയ്യാറാക്കുന്നുണ്ടാകും. വാപ്പയും അനിയനും എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലെത്തിയിട്ടുണ്ടാവും..! ഏതായാലും ഞാന്‍ വീണ്ടും പറന്നിറങ്ങിയിരിക്കുന്നു. പൂക്കളും പച്ചമരങ്ങളും, പുഴകളും പൂമരങ്ങളും ഒന്നുമില്ലാത്ത; പ്രിയപ്പെട്ടവരുടെ നിറകണ്ണുകളും ആകാക്ഷയും കൗതുകവുമില്ലാത്ത, ഒട്ടും സുന്ദരമല്ലാത്ത, വരണ്ടുണങ്ങിയ മറ്റൊരു ലോകത്തേക്ക്. സ്നേഹത്തിന്റെ ചെടികള്‍ പെട്രോളൊഴിച്ചാലൊന്നും വളരില്ലല്ലോ? മനുഷ്യത്വത്തിന്റെ പൂമരങ്ങല്‍ക്ക് പൂത്തപണം വളവുമല്ല..!

Sunday, February 15, 2009

പൂയ്..പൂ..വാലന്‍ഡൈന്‍...!

വായനോട്ടക്കാരനായ ഫിലിപ്പോസിന് സുന്ദരിയായ മറിയക്കുട്ടിയോടൊരു മോഹം। ഇഷ്ടം പറയാന്‍ ഇടവഴിയില്‍ കാത്തുനിന്നപ്പോള്‍ തലയില്‍ തേങ്ങവീണ് ഫിലിപ്പോസിന്റെ തോളെല്ലുപൊട്ടി പതിനാലുദിവസം ആശുപത്രിയില്‍. അവിടുന്നെറങ്ങിയതിനു ശേഷം മറിയക്കുട്ടി പഠിക്കുന്ന തുന്നല്‍‍ക്ലാസ്സിന്റെ മുന്നില്‍ കാത്തുനില്പുതുടങ്ങി കൃത്യം പതിനാലു ദിവസം തുന്നല്‍മാഷിന്റെ സൂചി ചന്തിയില്‍ എറ്റുവാങ്ങി പ്രഭാതകര്‍മ്മങ്ങള്‍ അവതാളത്തിലായി. ഒരുമാസത്തിനു ശേഷം അവളുടെ വീടിനു മുന്നിലൂടെ കറങ്ങിയ അഞ്ചാമത്തെ കറക്കത്തോടെ ആങ്ങളമാരുടെ മുട്ടുകാലുകളും ഫിലിപ്പോസിന്റെ അടിവയറും തമ്മില്‍ കൂട്ടിയുരസി കണ്ണിലൂടെ തീപ്പൊരിപാറി ഈരേഴു പതിനാലു ലോകവും കണ്ട് ഫിലിപ്പോസ് അതേ ആശുപതിയില്‍ തിരിച്ചെത്തി.

അങ്ങനെ സകല വഴികളും മുട്ടി മറിയക്കുട്ടിയോടുള്ള ഇഷ്ടവും കെട്ടിപ്പുണര്‍ന്ന് ആശുപത്രിയില്‍ കിടക്കുമ്പോള്‍ അന്നാമ്മ സിസ്റ്ററ് പറഞ്ഞാണ് വാലന്‍ഡൈന്‍ എന്ന സ്നേഹസ്വരൂപനെയും അദ്ദേഹത്തിന്റെ വികൃതികളെയും കുറിച്ച് ഫിലിപോസ് കേള്‍ക്കുന്നത്। സ്നേഹം പകര്‍ന്നും നുകര്‍ന്നും അതിനുവേണ്ടി പലതും ത്യജിച്ചും ത്യാഗിച്ചും ജീവിച്ച ആ സ്നേഹിമനുഷ്യന്റെ പേരില്‍ ലോകത്തെങ്ങാണ്ടൊക്കെ ഒരു ദിനം കൊണ്ടാടുന്നുണ്ടെന്നും ആ ദിനത്തില്‍ കമിതാക്കള്‍ പരസ്പരം ചുവന്ന പൂക്കള്‍ കൈമാറാറുണ്ടെന്നും മനസ്സിലാക്കിയ ഫിലിപ്പോസിന് അന്നൊരു പൂതികേറി. എങ്കില്‍ മറിയക്കുട്ടിക്കുള്ള എന്റെ പ്രേമത്തിന്റെ പൂവും ആ ദിവസത്തില്‍ തന്നെ കൈമാറിക്കളയാം! പക്ഷെ, അതേതാ ദിവസം? ആഴത്തിലുള്ള പഠനത്തിന്റെ അവസനം ഒരു ഞെട്ടലോടെയോടെയാണ് ഫിലിപ്പോസ് ഫെബ്രുവരി പതിനാലാണ് ആദിവസം എന്നു തിരിച്ചറിഞ്ഞത്. ഞെട്ടലിന്റെ ഒന്നാം കാരണം അന്ന് വലന്‍‌ഡൈന്‍ എന്ന സ്നേഹപര്‍‌വ്വം മരിച്ച ദിവസമാണത് എന്നതാണത്. രണ്ടാമത്തെ കാരണം മറിയക്കുട്ടിയുടെ പിന്നാലെ നടാക്കാന്‍ തുടങ്ങിയതിനു ശേഷമുണ്ടായ ഓരോ ദുരന്തങ്ങള്‍ക്കും പതിനാലുമായുള്ള ബന്ധമാണ്. തേങ്ങവീണ് പതിനാലു ദിവസം ആശുപത്രിയില്‍ കിടന്നത്; തുന്നല്‍ ക്ലാസിനു മുന്നിലെ പതിനാലാം ദിവസം ചന്തിയില്‍ സൂചി കയറിയത് പിന്നെ മറിയക്കുട്ടിയുടെ ആങ്ങളമാര്‍ ഈരേഴുപതിനാലു ലോകവും കാണിച്ച് ആശുപത്രിയിലാക്കിയത്! എന്തുവന്നാലും വേണ്ടില്ല ഫെബ്രിവരി പതിനാലിനു മറിയക്കുട്ടിക്കു പൂ കൊടുത്തിട്ടുതന്നെ ബാക്കിക്കാര്യം.

പതിനാലാം തീയതി രാവിലെ അയലത്തെ മുറ്റത്തു നിന്നും പറിച്ച ചുവന്ന റോസാപൂവും പിടിച്ച് വഴിയേ നടന്നു വന്ന മറിയക്കുട്ടിയുടെ മുന്നിലേക്കെടുത്തു ചാടി।

"എന്റെ മറിയേ, ഇതാ ഒരു പുസ്പം"।

"എന്തൂട്ടാത്" എന്നായി മറിയ।

"ഇത് ഒരു പൂ..എന്റെ വാലിന്റെ സമ്മാനമാണ്..!"

ഫെബ്രുവരി പതിനാല് എന്ന ആ ദിവസത്തിന്റെ പ്രത്യേകതയും മറിയക്കുട്ടിയുടെ സവിശേഷതകളും അറയാമായിരുന്നതിനാല്‍ അന്ന് ലീവെടുത്ത് അവള്‍ക്ക് അകമ്പടി സേവിച്ചിരുന്ന ആങ്ങളമാര്‍ ഫിലിപ്പോസിനെ തൊട്ടടുത്ത പുഞ്ചപ്പാടത്തേക്ക് കോരിയിടുകയും ചേറിലിട്ടുരുട്ടി, ഉടുവകകള്‍ വലിച്ചുകീറി, കൂമ്പിനിട്ടിടിച്ച്, തലമുടി പിടിച്ചുവലിച്ച് ചെളി പുരട്ടി കാലിപ്പാടത്തെ നെല്‍ക്കുറ്റികള്‍ പോലെയാക്കി, മോന്തപിടിച്ച് നെലത്തൊരച്ച താടിമീശകള്‍ അവിടവിടെ മാത്രം അവശേഷിപ്പിച്ച്, പൂവെടുത്ത് പിന്നില്‍ തിരുകി 'പോയിച്ചാവടാ പോര്‍ക്കേ' എന്ന കമന്‍‌ഡോടെ റോട്ടിലേക്കു കയറ്റി വിട്ടു।

പൂ കൈമാറ്റവും, ഫിലിപ്പോസിന്റെ രൂപമാറ്റങ്ങളും കണ്ടൂ നിന്നവര്‍ ആര്‍ത്തു ചിരിച്ച് ഫിലിപ്പോസിനെ നീട്ടിവിളിച്ചു; പൂയ്..പൂ..വാലന്‍ഡൈന്‍...! അങ്ങനെ വാലന്‍‌ഡൈന്‍ ദിനത്തില്‍ പൂകൊടുക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ ആ വിളി തുടരുകയും പിന്നീടത് ലോപിച്ച് പൂവാലന്‍ എന്നാകുകയും ചെയ്തു എന്ന് ചരിത്രം!

ഏഷ്യന്‍ വന്‍‌കരയില്‍ കേരളം എന്ന പ്രദേശത്ത് ഇപ്പോഴും ഫിലിപ്പോസു പൂവാലന്റെ പിന്‍‌ഗാമികള്‍ വിലസുന്നുണ്ടത്രേ; പിന്നിക്കീറിയ ഉടുപ്പുകളിട്ട്, കുളിയും നനയുമില്ലാതെ ചേറിലുരുണ്ടവനെപ്പോലെ, നെല്‍ക്കുറ്റികള്‍ പോലെ മുടിവച്ച്, മുഖത്ത് അവിടവിടെ മാത്രം രോമങ്ങള്‍ വച്ചുമൊക്കെ കോലമല്ലാത്ത കോലത്തിലാണ് അവരില്‍ ഭൂരിഭാഗം പേരും കാണപ്പെടുന്നതെങ്കിലും ഈയിനത്തില്‍ ചോക്ലേറ്റ് കുട്ടപ്പന്‍‌മാരും കുറവല്ല എന്ന് ഡിസ്‌കവറി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു..!

Wednesday, February 11, 2009

ബെര്‍ളി ചുടേണ്ടിയിരുന്നത് പത്തായമല്ല..!

എലിയെപ്പേടിച്ച് ഇല്ലം ചുട്ട നമ്പൂതിരി ഫലിതപ്രിയനായിരുന്നു എന്നതിനേക്കാള്‍ ആളുകള്‍ മനസ്സിലാക്കിയിരിക്കുന്നത് അദ്ദേഹം ഒരു വിഡ്ഡിശിരോമണിയായിരുന്നു എന്നാണ്. എലിശല്യം സഹിക്കാതെ നമ്പൂരി ആദ്യം പൂച്ചയെവളര്‍ത്തി. പക്ഷെ പൂച്ചയല്ലേ കക്ഷി; ഉണ്ണിനമ്പൂരിക്കു കുടിക്കാന്‍ അന്തര്‍ജനം കരുതിവച്ച പാല്‍ പുള്ളിയെടുത്തു കുടിച്ചുകളഞ്ഞു. എന്നാല്‍ പിന്നെ പൂച്ചയുടെ ആര്‍ത്തി മാറ്റിയാല്‍ പ്രശ്നം തീരുമല്ലോ എന്നു കരുതി നമ്പൂരി പൂച്ചക്കു വെള്ളംചേര്‍ത്ത പാല്‍ വയറുനിറച്ചുകൊടുക്കാന്‍ വാല്യക്കാരന്‍ രാമനെ ശട്ടം കെട്ടി. പിറ്റേദിവസം പൂച്ചയെ മുള്ളുമ്മ നിര്‍ത്തി നമ്മുടെ എലി കുടുംബസമേതം പാല്‍പാത്രത്തില്‍ ആദിവാസിനൃത്തം ചവിട്ടുന്നതുകണ്ട നമ്പൂരി കോപം കൊണ്ടു വിറതുള്ളുകയും അവ താവളമടിച്ചിരുന്ന പറക്കണക്കിന് നെല്ലുശേഖരമുണ്ടായിരുന്ന ഇല്ലത്തെ പത്തായം കത്തിച്ചുകളയുകയും ചെയ്തു. അതോടെ എലികളും പൂച്ചയും കൂടി ഇല്ലത്തിന്റെ കലവറയിലും മണിയറയിലുമടക്കം കബഡികളി തുടങ്ങുകയും, ആ സമയത്ത്തന്നെ അന്തര്‍ജനം പുതിയൊരു നമ്പൂരിക്കുഞ്ഞിനു ജന്‍‌മം നല്‍കി മുലയൂട്ടാന്‍ തുടങ്ങുകയും ചെയ്തതോടെ എലിയും പൂച്ചയും കൂടി ഇനി അതിന്‍‌മേലും കണ്ണൂവച്ചുകളയുമോ എന്ന ഭീതിയില്‍ നമ്പൂരി ഇല്ലം തന്നെ ചുട്ടുകളഞ്ഞു എന്നുമാണ് എനിക്കിപ്പോള്‍ കിട്ടിയ കഥ.

ബെര്‍ളിത്തരങ്ങളുടെ ഉടമ ബെര്‍ളിയും നല്ലൊരു ഫലിതപ്രിയനാണ് എന്നെനിക്കഭിപ്രായമുണ്ട്. ബെര്‍ളിത്തരങ്ങള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്. അതില്‍ നിറയുന്ന അനേകം കമറ്റ്നുകള്‍ കാണുമ്പോള്‍ ഏറിയാല്‍ പത്തോ പതിനഞ്ചോ കമന്റുകളില്‍ കൂടുതല്‍ കിട്ടിയിട്ടില്ലാത്ത ഞാന്‍ ചെറുതായെങ്കിലും അസൂയപ്പെടുകയും ചെയ്തിട്ടുണ്ട്. ഞാന്‍ ബെര്‍ളിത്തരങ്ങളില്‍ ഒരേഒരു കമന്റെ ഇട്ടിട്ടുള്ളു എന്ന എന്റെ ഓര്‍മ്മ ശരിയായിരിക്കട്ടെ. ആരിട്ടതായാലും ബ്ലോഗറെ സംബന്ധിച്ച് കമന്റുകള്‍ അനുഗ്രഹങ്ങളാണ് എന്നു ഞാന്‍ മനസ്സിലാക്കുന്നു, എനിക്കു കിട്ടിയിട്ടില്ലെങ്കിലും! അതുകൊണ്ടുതന്നെ എനിക്കുള്ള സംശയം, ഞാനും എന്നെപ്പോലെ പലരും അസൂയയോടെ നോക്കിയിരുന്ന പറക്കണക്കിനു കമന്റുകള്‍ നിറഞ്ഞിരുന്ന ആ പത്തായം ആരെപ്പേടിച്ചാണ് ബെര്‍‌ളി കത്തിച്ചുകളഞ്ഞത്? ഞാന്‍ വായിക്കുന്ന ബ്ലോഗില്‍ കമന്റിടുക എന്നത് എന്റെ ആവശ്യവും അവകാശവുമല്ല എന്നാരുപറഞ്ഞാലും പോയിപ്പണിനോക്കാന്‍ പറയും. തന്നെയുമല്ല, വേണോങ്കി കല്യാണത്തിനു വന്ന് ഓസിനു തിന്നിട്ടുപോക്കോണം, എറച്ചീടെ ഉപ്പൊന്നും ആരും നോക്കണ്ട എന്ന സമ്പന്നന്റെ നെഗളിപ്പുപോലെ, വേണോങ്കി വായിച്ചിട്ട് പോടേ, അഭിപ്രായമൊന്നും ആരും പറയണ്ട എന്ന ബെര്‍ളിയുടെ ധാര്‍ഷ്ട്യത്തോട് എനിക്ക് വല്ലാത്തൊരു അറപ്പു തോന്നിപ്പോകുന്നു. നൂറുകണക്കിനു വായനക്കാര്‍ സ്നേഹത്തോടെയോ ദേഷ്യത്തോടെയോ ആവട്ടെ സമയമെടുത്തെഴുതിയിട്ട കമന്റുകള്‍ക്കു നേരെ സ്വന്തം അമ്മക്കോ അച്ഛനോ നേരെ തന്റെ വീടിന്റെ മുന്‍‌വാതില്‍ കൊട്ടിയടക്കുന്ന അസഹിഷ്ണുവും, കുരുത്തംകെട്ടവനുമായ പുത്രനെപ്പോലെ പെരുമാറണമായിരുന്നോ പ്രിയപ്പെട്ട ബെര്‍ളി?

താങ്കള്‍ നമ്പൂരിയെപ്പൊലെ, ബെര്‍ളിത്തരങ്ങള്‍ എന്ന ഇല്ലത്തെ പത്തായം ചുട്ടിരിക്കുന്നു! ബെര്‍ളി എന്തുപറഞ്ഞാലും, ഒരിക്കലും ഒരു ശല്യമല്ലാത്ത, കമന്റുകളിട്ടു നിങ്ങളെ അനുഗ്രഹിച്ച പാവം വായനക്കാരെയാണ് നിങ്ങള്‍ പേടിക്കുന്നതെങ്കില്‍ പത്തായമായിരുന്നില്ല കത്തിച്ചുകളയേണ്ടിയിരുന്നത്; ബെര്‍ളിത്തരങ്ങള്‍ എന്ന ഇല്ലമായിരുന്നു..!

Ad: Track Your Shipment
India Post Tracking

Tuesday, February 10, 2009

'ത' തെറ്റിയാല്‍...

എല്ലാ രാഷ്ട്രീയക്കാരും വിവരദോഷികളും, വാപോയ കോടാലികളുമാണെന്ന് ആരു പറഞ്ഞാലും അംഗീകരിച്ചുകൊടുക്കാന്‍ എനിക്കു പ്രാന്തില്ല! എങ്കിലും, വലതുകാലിലെ ചെരട്ട പൊട്ടിയതിന് ഇടതുകാലിന്റെ ഉപ്പൂറ്റിയില്‍ കത്തിവക്കുന്ന ചില വൈദ്യവിദ്വാന്‍‌മാരെപ്പോലെ, അല്ലെങ്കില്‍ 'മ' ഫോര്‍ 'മത്തങ്ങ' എന്നതിനു പകരം 'മതം' എന്നും, 'ന' ഫോര്‍‌ 'നല്ലത്' എന്നതിനു പകരം‍ 'നാറ്റം' എന്നും 'നയന്‍‌താര‍' എന്നുമൊക്കെ പഠിപ്പിക്കുന്ന ചില മാഷന്‍മാരെപ്പോലെ, രാഷ്ട്രീയക്കാരിലും ചില കത്തികളും, നാറ്റങ്ങളുമൊക്കെയുണ്ടെന്നു കേരളം മുഴുവന്‍ വാദിച്ചിട്ടും, അതേറെക്കുറെ ഉള്ളിന്റെ ഉള്ളില്‍ അംഗീകരിച്ചിട്ടും, പബ്ലിക്കായിട്ടംഗീകരിക്കാതെ ഇതുവരെ ഞാന്‍ പിടിച്ചു നിന്ന. ഇപ്പോഴെന്താ പിടിവിട്ടോ എന്നു ചോദിച്ചാല്‍; ഇത്രയായിട്ടും പിടിവിടാതിരിക്കാന്‍ ഞാന്‍ മനുഷ്യരൂപമുള്ള ഉടുമ്പുകളില്‍ പെട്ടവനോ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ പൊട്ടക്കണ്ണനായ അനുയായിയോ അല്ല എന്നാണുത്തരം! മരുന്നില്ലാത്ത രോഗങ്ങളായ അസൂയയും കഷണ്ടിയും നന്നേ ചെറുതെങ്കിലും എന്തിനും പോന്ന ഒരു നാവും മാത്രം കൈമുതലായുള്ള ഒരവതാരം മനുഷ്യ രൂപംപൂണ്ട്, മന്ത്രി വേഷത്തില്‍ സുധാകരന്‍ എന്ന പേരില്‍ നാടായ നാടു മുഴുവന്‍ നാറിയും നാറ്റിച്ചും നടക്കുമ്പോള്‍ അതംഗീകരിക്കാതെ തരമില്ലല്ലോ?

അത്രത്തോളം എത്തില്ലെങ്കിലും, അത്രമേല്‍ നാണം കെട്ടിട്ടില്ലെങ്കിലും എന്റെ നാട്ടിലുമുണ്ടൊരു വിദ്വാന്‍. പേര് രാജു കടവാള്‍! പഞ്ചായത്തിലെ ഞങ്ങളുടെ 'ഡി' വാര്‍ഡിന്റെ പ്രതിനിധി! പഞ്ചായത്തെലക്ഷന്‍ കാലത്ത് മതിലുകളായ മതിലുകളും പോസ്റ്ററുകളായ പോസ്റ്ററുകളും മുഴുവന്‍ നിറഞ്ഞു നിന്ന "രാജു കടവാള്‍; എടത്തലയുടെ പടവാള്‍" എന്ന മുദ്രാവാക്യമാണ് തെങ്ങുകയറ്റ ചെത്തുതൊഴിലാളിയായിരുന്ന രാജുവിനെ ജയിപ്പിച്ചത് എന്ന് പാര്‍ട്ടി മതം. കുറച്ചുകൂടി പിന്നില്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടിലേക്കിറങ്ങി നോക്കിയാല്‍ 'കടവാള്‍' എന്ന പേരിന്റെ ഉല്‍ഭവം ഇങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളതായിക്കാണാം;ഒരിക്കല്‍ രാജു രാവിലത്തന്നെ ചെത്തി കുടം കമഴ്ത്തിയ മാക്കോതയുടെ തെങ്ങില്‍ വൈകുന്നേരം കള്ളൂറ്റാന്‍ കയറി. മുകളില്‍ കയറി നിറകുടം കണ്ടപ്പോള്‍ പതിവിലേറെ ക്ഷീണിതനായിരുന്ന രാജുവിനൊരു പൂതി। "ഇന്നൊരു ദിവസം ഷാപ്പില്‍ കൊടുക്കുന്ന അളവു കുറഞ്ഞാലും വേണ്ടില്ല; കുറച്ചു മോന്തിക്കളയാം. മൊതലാളി ചോദിച്ചാ കുടം പൊട്ടിപ്പോയി എന്നു കാച്ചാം." രാജു ആ കുടം കള്ള് അപ്പാടെ അകത്താക്കി! ക്ഷീണിതനായിരുന്നതിനാലാവണം രാജു തെങ്ങിന്റെ മുകളിലിരുന്ന് പൂസായി. മാക്കോതയുടെ തെങ്ങിന്‍ മുകളിലെ പൂസ് അതിന്റെ പാരമ്യതയിലെത്തിയപ്പോളല്ലേ പുകില്. താന്‍ തെങ്ങിന്റെ മുകളിലാണോ, അതല്ല തെങ്ങിന്‍ ചോട്ടിലാണോ ഇരിക്കുന്നതെന്നൊരു കണ്‍ഫ്യൂഷന്‍! ഏതായാലും, തെങ്ങിന്റെ മുകളിലൊന്നുമല്ല, തെങ്ങിന്റെ ചോട്ടില്‍ തന്നെയാണ് താന്‍ നിലയുറപ്പിച്ചിട്ടുള്ളത് എന്ന് രാജു എന്തോഅടിസ്ഥാനത്തില്‍ ഉറപ്പിക്കുകയും ചെയ്തു. അല്പം കഴിഞ്ഞപ്പോള്‍ ജോലിയോടുള്ള ഉത്തരവാദിത്തബോധം പെട്ടെന്നു കലശലായതിന്റെ ഫലമായി "എന്റെ കുര്വായൂരപ്പാ॥മാക്കോതയുടെ തെങ്ങേല് കേറേണ്ട ഡൈം കഴിഞ്ഞല്ലോ" എന്നോര്‍ക്കുന്നതും. പിന്നെയോ॥? ഇരുന്ന ഇരിപ്പില്‍ നേരെ തല കീഴ്‌ക്കാംപാടായി, കുത്തിച്ചാരിവച്ച ഒലക്കയിലൂടെ‍ പന്നിയെലി താഴേക്കിറങ്ങും പോലെ, തെങ്ങിന്റെ മുകളില്‍ നിന്നും താഴേക്ക് ഇറങ്ങാന്‍ തുടങ്ങി! രാജുവിന്റെ ബോധത്തില്‍ ഇപ്പോള്‍ കക്ഷി തെങ്ങിലേക്ക് വലിഞ്ഞു കയറുകയാണ്. തെങ്ങിന്റെ ബോധത്തില്‍ നേരെ തിരിച്ചും. ആ 'കയറ്റ'ത്തിന്റെ അവസാനം രാജു ലക്ഷ്‌യത്തിലെത്തി. ഇപ്പോള്‍ രാജുവിന്റെ ബോധത്തില്‍ രാജു തെങ്ങിന്റെ മുകളിലാണ്, തെങ്ങിന്റെ ബോധത്തില്‍ രാജു തെങ്ങിന്റെ കടക്കലും!

രാജു, രാവിലെ വച്ച കുടം തപ്പാന്‍ തുടങ്ങി। കുടം കുറച്ചു മുന്‍പ് താന്‍ കാലിയാക്കി തെങ്ങിന്‍ മുകളില്‍ തന്നെ ഭദ്രമായി വച്ചിട്ടുണ്ടെന്നും താനിപ്പോള്‍ തെങ്ങിന്റെ കടക്കലാണ് കുടത്തിനായി തപ്പുന്നതെന്നും മനസ്സിലാകാതെ രാജുവിനു കലി കയറി. "ഒരു കൊടം വച്ചാ നിനക്കു നോക്കാന്‍ വയ്യ അല്ലേടാ॥ ഫുല്ലേ!" തെറി തെങ്ങിനോടാണ്.. രാജു അരയിലെ കൊടുവാളൂരി തെങ്ങിന്റെ കടക്കല്‍ ആഞ്ഞാഞ്ഞുവെട്ടാന്‍ തുടങ്ങിയെന്നും, ഇതുകണ്ട മാക്കോതയും കെട്ട്യോള്‍ മേര്യേടത്തിയും മക്കളും ഓടിവന്ന് രാജുവിനെ പിടിച്ച് വെട്ടവസാനിപ്പിച്ചു എന്നും ചരിത്രം. ആ സംഭവം ആ മഹാനു നല്‍കിയ പേരാണ് രാജു കടവാള്‍. തെങ്ങിന്റെ കടക്കല്‍ കൊടുവാളു വച്ചവന്‍ എന്ന് വിശദീകരണം..! സംഗതി എന്തായാലും രാജുവിനെ പ്രശസ്തനാക്കിയതിലും പിന്നീട് തെരഞ്ഞെടുപ്പില്‍ സീറ്റ് തരപ്പെടുത്തിയതിലും വിജയശ്രീലാളിതനായി പഞ്ചായത്ത് മെംബറായതിലും ഒക്കെ ആ പേരുവഹിച്ച പങ്ക് ചില്ലറയൊന്നുമല്ല!

സത്യത്തില്‍ ഇതെഴുതിത്തുടങ്ങിയപ്പോള്‍ കടവാളിന്റെ ചിത്രമോ പേരിന്റെ ചരിത്രമോ വിവരിക്കലായിരുന്നില്ല ലക്ഷ്‌യം। പക്ഷെ ചാണാന്‍ ചവിട്ടാതെ പശുവിനെ ചവിട്ടിക്കാനാവില്ല എന്നതുപോലെ ഞാന്‍പോലുമറിയാതെ പറഞ്ഞുപോയതാണാ ചരിത്രം. രാജുവിന്റെ തന്നെ പ്രസംഗങ്ങളിലെന്നപോലെ വേണ്ടാത്തതും വേവലാതികളും ഒക്കെ പരത്തിപ്പറഞ്ഞ്, അനുവദിക്കപ്പെട്ട സമയം തീരാറാകുമ്പോള്‍ "ആമുഖമായി ഇത്രയും പറഞ്ഞുകൊണ്ട് ഞാന്‍ വിഷയത്തിലേക്കു കടക്കട്ടെ" എന്ന ഡയലോഗോടെ ഞാന്‍ വിഷയത്തിലേക്കു വരാം. മാന്യ അധ്യക്ഷന്‍‌മാര്‍ ദയവു ചെയ്ത് കുഞ്ചിക്കഴുത്തിനു പിടിച്ചു പുറത്താക്കരുത്, ശ്രോതാക്കള്‍ കൂക്കിവിളിക്കരുത്!

അങ്ങനെ ആ ചരിത്രമൊക്കെ പിന്നിട്ട് രാജു സ്ലോമോഷനിന്‍ പഞ്ചായത്തുമെംബര്‍ കസേരയില്‍ കയറി നെരങ്ങാന്‍ തുടങ്ങി। അക്കാലത്താണ് ശമ്പളമില്ലാതെ പട്ടിണിയും പരിവട്ടവുമായി സ്റ്റെതസ്കോപ്പ് കഴുത്തിലിടാന്‍ പോലും ആവതില്ലാതെ നാട്ടിലെ ഗവ: ഡോക്‌ടര്‍മാര്‍ വേതന വര്‍ദ്ധനക്കായി സമരവുമായി രംഗത്തത്തുന്നത്. എടത്തല പഞ്ചായത്ത് കവലയില്‍ ഡോക്‌ടര്‍മാരുടെ സംഘടനയായ 'എഡാ' (എടത്തല ഡോക്‌ടേര്‍സ് അസോസിയേഷന്‍) നടത്തുന്ന പൊതുയോഗം ഉല്‍‌ഘാടനം ചെയ്യേണ്ടിയിരുന്ന പഞ്ചായത്തു പ്രസിഡന്‍ഡ് ഗോപാലന്‍ കുഞ്ചാട്ടിനെ തലേന്നു രാത്രി സുമതീടെ വേലിക്കരികിലെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും കരണ്ട് പിടിച്ച് മെഡിക്കല്‍ ട്രസ്റ്റില്‍ അഡ്മിറ്റായതിനാല്‍ ആ കര്‍ത്തവ്യം നിര്‍‌വഹിക്കാനുള്ള ഭാഗ്യം സിദ്ധിച്ചത് നമ്മുടെ സ്വന്തം "എടത്തലയുടെ പടവാളായ" കടവാളിനാണ്.ഡോക്ടര്‍മാരല്ലേ, പലര്‍ക്കും യോഗശേഷം സിനിമക്കും, മൂന്നാറിലെ എസ്റ്റേറ്റിലുമൊക്കെ പോകാനുള്ളത്കൊണ്ട് രാവിലെ കൃത്യം ഒന്‍‌പതു മണിക്ക് പൊതുയോഗം ആരംഭിച്ചു. സ്റ്റേജില്‍ വമ്പന്‍ ബാനര്‍‍ "ഡോക്ടര്‍മാരുടെ വേതനവര്‍ദ്ധന"! കൃത്യസമയത്തെത്തിയാല്‍ "ശേയ്, ലവനു ഒരു ജോലീല്ലാട്ടാ..ഫ്രീയാ" എന്നു നാട്ടുകാര്‍ വിചാരിക്കും എന്നതിനാല്‍ മുന്‍‌കൂട്ടി തീരുമാനിച്ചപോലെതന്നെ കടവാളെത്താന്‍ പത്തുമിനിട്ട് വൈകി. എത്തിയ ഉടന്‍ സദസ്സിനു നേരെ കൈവീശിക്കാണിച്ച് വേദിയിലെ തന്റെ കസേരയില്‍ കക്ഷി ഉപവിഷ്ടനായി, അടുത്തിരുന്ന "എഡാ"യുടെ പ്രസിഡന്റ് ഡൊ।കുഞ്ഞാലിയോടു ചോദിച്ചു; "എന്താ വിഷയം?" "ഡോക്ടര്‍മാരുടെ വേതന വര്‍ദ്ധന.." ഡോ.കുഞ്ഞാലി സൂചന കൊടുത്തു.
"നമ്മുടെ ഉല്‍ഘാടകന്‍ പഞ്ചായത്തു പ്രസിഡന്റ് കരണ്ടു പിടിച്ച് ആശുപത്രിയിലായതിനാല്‍ യോഗം ഉല്‍‌ഘാടനം ചെയ്യാന്‍ എടത്തലയുടെ പടവാളായ രാജു കടവാള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്; നമ്മോട് രണ്ടു വാക്ക് സംസാരിക്കാനും യോഗം ഉല്‍‌ഘാടനം ചെയ്യാനുമായി അദ്ദേഹത്തെ ആദരപൂര്‍‌വ്വം ക്ഷണിക്കുന്നു।" അധ്യക്ഷന്‍ പറഞ്ഞവസാനിപ്പിച്ചതും, രാജു നിവര്‍ന്നെഴുന്നേറ്റ് ഷര്‍ട്ടു വലിച്ചു താഴ്ത്തി പ്രസംഗ പീഢത്തിലേക്ക് ചെന്നു। വായ്‌ക്കടുരികിലേക്ക് മൈക്ക് പിടിച്ചു നീക്കി, രണ്ടു മുട്ടുമുട്ടി തൊണ്ടയനക്കി പറഞ്ഞു തുടങ്ങി।

"പ്രിയപ്പെട്ട ഡോക്ഡര്‍മാരേ; സദ്സ്സിലുള്ള സാമൂഹ്യരേ....!ഈ സമരം ഒരു മഹാസമരമാണ്. സമരത്തിന്റെ വിഷയം വളരെയേറെ മഹത്തായതാണ്. സത്യത്തില്‍ കുറേകാലമായി എന്റെ മനസിലും കിടന്നു വിങ്ങിയിരുന്ന ഒരു പ്രശ്‌നമാണ് ഇത് എന്ന് ഞാന്‍ നിങ്ങളോട് തുറന്നു പറയാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്. അതുകൊണ്ടുതന്നെ ഇതിനെക്കുറിച്ചുപറയാന്‍ എനിക്കു കിട്ടിയ ഈ അവസരം ഞാന്‍ മുതലാക്കുകതന്നെ ചെയ്യും।

പ്രിയപ്പെട്ട നാട്ടുകാരേ, അമ്മമാരേ പെങ്ങന്‍‌മാരേ! നമുക്കൊരു തലവേദനവന്നാല്‍, അല്ലെങ്കില്‍ കല്ലില്‍ തട്ടി കാലൊന്നു മുറിഞ്ഞാല്‍, എന്തിനധികം നമ്മുടെ ഭാര്യമാര്‍ക്ക് പ്രസവവേദന വന്നാല്‍ പോലും നാം ഓടിച്ചെല്ലുന്നത് ഈ ഡോക്‌ടര്‍മാരുടെ അടുത്തേക്കാണ്. അവര്‍ നമുക്ക് അതിനുള്ള മരുന്നുകളും, കുത്തിവപ്പികളും തരുന്നു. പക്ഷെ॥നാം ഒരു കാര്യം ആലോചിച്ചിട്ടുണ്ടോ?...ഈ പാവപ്പെട്ട ഡോക്ടര്‍മാരുടെ വര്‍ദ്ധിച്ചുവരുന്ന 'വേദന'കളെക്കുറിച്ച് നമ്മളാരെങ്കിലും ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടോ? ഇല്ല എന്നതാണ് വാസ്തവം। അവരും നമ്മളെപ്പോലെ മജ്ജയും മാംസവുമുള്ള മനുഷ്യന്‍‌മാരല്ലേ? അവര്‍ക്കുമുണ്ടാകില്ലേ 'വേദനാ'...? ഏതായാലും ഡോക്‌ടര്‍‌മാരുടെ വര്‍ദ്ധിച്ചുവരുന്ന വിവിധതരം 'വേദനകള്‍' നമ്മുടെ നാടിന്റെയും സംസ്ഥാനത്തിന്റെയും‍, ഇന്ത്യയുടെയും, ലോകത്തിന്റെ തന്നെയും ഒരു പ്രധാനപ്രശ്നമായി ഉയര്‍ത്തിക്കാട്ടാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്! എനിക്ക് എന്റെ പ്രിയപ്പെട്ട നാട്ടുകാരോടു പറയാനുള്ളത്, ഇനിമുതല്‍ നിങ്ങള്‍ തലവേദനയോ, തൊണ്ടവേദനയോ, നടുവേദനയോ അല്ലെങ്കില്‍ പ്രസവവേദനയോ സഹിക്കാനാകാതെ ഡോക്ടര്മാരുടെ അടുത്ത് ചെല്ലുമ്പോള്‍ ആ പാവങ്ങളോട് ഒരു ചോദ്യം ചോദിക്കാന്‍ മറക്കരുത്॥"അല്ലയോ ഡോക്ടര്‍; താങ്കള്‍ക്ക് എന്തങ്കിലും വേദനയുണ്ടോ?" ഒരു പൗരന്‍ എന്ന നിലയില്‍ അത് നമ്മളുടെ ബാധ്യതയാണ് ഉത്തരവാദിത്തമാണ്...!ഞാന്‍ അധികം ദീര്‍ഘിപ്പിക്കുന്നില്ല ഡോക്ടര്‍മാരുടെ 'വേദന' കുറക്കുന്നതിനും ഒരുവേള അതില്ലാതാക്കുന്നതിനും വേണ്ടീയുള്ള ഈ സമരം ഔപചാരികമായി ഉല്‍ഘാടനം ചെയ്തതായി ഞാനിതാ പ്രഖ്യാപിക്കുന്നു ....ജയ്ഹിന്ദ്!"

വേദിയിലുള്ള ഡോക്ടര്‍മാരും സദസ്സിലുള്ള രോഗികളും മുണ്ടാട്ടം മുട്ടിയിരിക്കെ പ്രാസംഗികന്റെ പാര്‍ട്ടിക്കാര്‍ ആവേശത്തില്‍ കരഘോഷം മുഴക്കെ, വെപ്രാളം പിടിച്ച അധ്യക്ഷന്‍ മൈക്കിലൂടെ ഉച്ഛത്തില്‍ വിളിച്ചു പറഞ്ഞു "വരാനിരിക്കുന്ന പ്രാസംഗികരുടെ ശ്രദ്ധക്ക്...'ത' തെറ്റിപ്പോകരുത്..തത്തമ്മേടെ തായാണ്..കടവാളിന്റെ തായല്ല!.."