ഇതു മാണിക്യക്കവല! എടത്തലയുടെ മാപ്പില്‍ ഏതാണ്ട് നെഞ്ചാങ്കൊട്ടയുടെ ഭാഗം. പണ്ടൊക്കെ തെരഞ്ഞെടുപ്പ് കാലത്ത് ഈ കവലയിലുള്ള ചെറുതും വലുതുമായ സകല കല്ലുകളും അപ്രത്യക്ഷമാകും. ഞങ്ങള്‍ കുട്ടികള്‍ക്ക്, റോട്ടിലേക്ക് ചാഞ്ഞ് കുലച്ചുനില്‍ക്കുന്ന മൂവാണ്ടന്‍ മാവിലെറിയാനോ, പെറ്റുകെടക്കുന്ന പട്ടിമടയില്‍ കോലിട്ടു കുത്തിയതിന് കടിക്കാനോടിക്കുന്ന കൊടിച്ചിപ്പട്ടിയുടെ തലമണ്ടക്കിട്ട് വീക്കാനോ പോലും ഒരു കല്ലിന്‍ കഷണം പോയിട്ട് മണ്ണാംകട്ടപോലും ആ സമയത്ത് ആ കവലയുടെ ചുറ്റുവട്ടത്തെങ്ങും കിട്ടില്ല. കല്ലുകളെല്ലാം കൂടി ആലുവയില്‍ കൈപ്പത്തിയുടെ തെരഞ്ഞെടുപ്പ് ജാഥയില്‍ പങ്കെടുക്കാന്‍ പോകുന്നതൊന്നുമല്ല. അതെല്ലാം ഒരു കാക്കയുടെ വേലയാണ്. പണ്ട് മണ്‍കുടത്തിലെ കുറഞ്ഞവെള്ളത്തിലേക്ക് കല്ലുകള്‍ പെറുക്കിയിട്ട് വെള്ളം പൊങ്ങിവന്നപ്പോള്‍ കുടിച്ചര്‍മ്മാദിച്ച ആ പഴയ കാക്കയല്ല. ഇത് കവലയില്‍ ചായക്കടനടത്തുന്ന, ഇന്നത്തെ മഅദനിയുടെ മങ്ങിയ കോപ്പിയും, അത്രത്തോളം ഉശിരനുമായ ബീരാന്‍ കാക്ക!
തെരഞ്ഞെടുപ്പിന് കൊടിപൊങ്ങി കൊട്ടുണരുന്നതോറെ പുള്ളിക്കാരന്‍ കവലയിലും ചുറ്റുവട്ടത്തുമുള്ള സകല കല്ലുകളും, പട്ടിക്കാട്ടമടക്കമുള്ള കല്ലുപോലത്തതുമെല്ലാം പെറുക്കി ചാക്കില്‍ കെട്ടി വീടിന്റെ പിന്നിലുള്ള ചായ്പില്‍ കൊണ്ടുപോയി പാത്തുവക്കും. അല്ലെങ്കില്‍, കവലയുടെ ഒരു രാഷ്ടീയ വൈകാരിക പൈതൃകമനുസരിച്ച്, രാഷ്ട്രീയ ചര്‍ച്ചകള്‍ കോണ്‍ഗ്രസ്സില്‍ തുടങ്ങി, ലീഗുവഴി, മാര്ക്സിസ്റ്റ് പാര്‍ട്ടിയിലൂടെ കത്തിക്കയറി അവരുടെ തന്തക്ക് ഇവരും ഇവരുടെ തള്ളക്ക് അവരും വിവിധ പട്ടങ്ങളും ചാര്‍ത്തി, പരസ്പരം പിറന്നതിന്റെ ഹറാമും ഹലാലും സാക്ഷ്‌യപ്പെടുത്തി, ഫൈനല്‍ ആക്ഷനിലേക്കു കടക്കുന്നതോടെ ബി.കാക്കാടെ പലഹാരഭരണികളും, ചില്ലലമാരയും തുളച്ച്‌തകര്‍ത്ത് മിടുക്കന്മാരായ പല കല്ലുകളും ബോണ്ടകളുടെയും പരിപ്പുവടകളുടെയും കൂടെ ശയനം തുടങ്ങിയിരിക്കും!
അങ്ങനെ; ഇത്തരം തന്ത്രപൂര്‍വ്വമുള്ള ചിലനീക്കങ്ങളിലൂടെ കാര്യമായ പരിക്കുകളൊന്നും കൂടാതെ വലിയ തെറ്റില്ലാതെ ബീരാന്‍ കാക്ക കടനടത്തിവരുമ്പോഴാണ് കേരളം വീണ്ടും ഒരു തിരഞ്ഞെടുപ്പ് ചൂളയിലേക്ക് വിറക് വെട്ടുന്നത്. പതിവുപോലെ കക്ഷി കല്ലുകള്‍ പെറുക്കി ഒതുക്കി. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട്, കൈപ്പത്തിയുടെ സ്വന്തം ഇരിപ്പ് എം.എല്‍.എ 'മുഹമ്മദ് മത്തായി' (മദ്രസ ഉല്‍ഘാടനത്തിന് പോയതിന് രോഷംപൂണ്ട കൃസ്ത്യാനികള്‍ വെഞ്ചരിച്ച് കൊടുത്ത പേര്) കെട്ടിവക്കാന്‍ പോകുന്ന കാശ് ഊശിയാകാനുള്ള സകലവഴികളും സ്വയം ഒപ്പിച്ചിരുന്നു. അതില്‍ ഏറ്റവും താഴേ പടിയിലുള്ളതാണ് റോഡായ റോഡുകളെല്ലാം പൊട്ടിപ്പോളിഞ്ഞ് മാക്കാന്‍തവളകള്‍ക്കും നീര്‍ക്കോലികള്‍ക്കും മാത്രം ഉപകാരമുള്ളതായി മാറിയത്; അവയാണെങ്കില്‍ പ്രവാസികളെപ്പോലെയാണ്! ഇതുവരെ വോട്ടവകാശം ലഭിച്ചിട്ടില്ല! ഇങ്ങോട്ട് കിട്ടുന്ന ഉപകാരങ്ങളെല്ലാം വാരിക്കെട്ടിയെടുക്കുക എന്നല്ലാതെ നാടോ ഗവണ്മെന്റോ ഈ രണ്ടുകൂട്ടര്‍ക്കും യാതൊരു പരിഗണനയും കൊടുക്കാറില്ലല്ലോ? രാജ്യത്തിന്റെ ഭാഗദേയം ഈ നാലാംകൂലികളെന്തിനു നിശ്ചയിക്കണം?
പക്ഷെ! ഏറു കിട്ടാതിരിക്കാന്‍ മി.ബീരാന്‍ കല്ലുകള്‍ പെറുക്കിയതുപോലെ തോല്‍ക്കാതിരിക്കാനുള്ള സകലവേലകളും കൈപ്പത്തി മത്തായി ഇറക്കിത്തുടങ്ങി. കവലയില്‍ ഒരൊറ്റ കല്ലുപോലും അവശേഷിച്ചിട്ടില്ല എന്നുറപ്പുവരുത്തി വെള്ളീയാഴ്ച പള്ളിയിലേക്കു പോയ ബീ.കാക്ക തിരിച്ചുവന്നപ്പോള്‍ കണ്ട കാഴ്ച ചങ്കും കരളൂം തകര്‍ക്കുന്നതായിരുന്നു! കവലയുടെ മൂന്നുഭാഗങ്ങളിലുമായി നല്ല വശങ്ങള്‍ കൂര്‍ത്തതും കൈപ്പിടിയിലൊതുങ്ങുന്നതുമായ മൂന്നു ലോഡ് സൊയമ്പന്‍ കരിങ്കല്ലുകള്‍! റോഡിന്റെ ശോചനാവസ്ഥയില്‍ രോഷം പൂണ്ട സാമാന്യജനത്തിന്റെ കണ്ണിലിടാന്‍ മത്തായിയിറക്കിയ പൊടിയായിരുന്നു ആ കല്ലുകള്‍! ഇറക്കിയ വേലകളില്‍ ഒടുക്കത്തെ വേല! രോഷവും സങ്കടവും, നിരാശയും നി:സ്സംഗതയും കലര്‍ന്ന മുഖത്തിന്റെ കീഴെ രക്താദിമര്‍ദ്ദം കേറി നടി ഷീലയുടെ ശ്വാസോച്ഛ്വാസത്തോടെ നിന്ന ബീരാന്‍ കാക്കയെ പള്ളിയില്‍ നിന്നിറങ്ങിയവരെല്ലാം സഹതാപത്തോടെ നോക്കിയെങ്കിലും പലരുടെയും മുഖത്ത് ഒരു മണകുണാപ്പന്‍ ചിരി വിടര്‍ന്നിരുന്നു.!
പിറ്റേ ദിവസം മാണിക്യക്കവല ഉണര്‍ന്നത് പുതിയൊരു കാഴ്ചയുമായാണ്! ചായക്കടക്കുമുന്നില്‍ പുതിയൊരു ബോര്‍ഡ്!
"പൊ.ജ. ശ്രദ്ധക്ക്! തെരഞ്ഞെടുപ്പ് പ്രമാണിച്ച് ബോണ്ട, പരിപ്പുവട വില്പ്പനയുണ്ടായിരിക്കുന്നതല്ല. ചായ ചില്ലുഗ്ലാസില്‍ കൊടുക്കുന്നതല്ല! പ്രൊപ്രൈറ്റര്‍ മി.ബീരാന്‍"
ഏതായാലും മൂന്നു ലോഡുകല്ലുകള്‍ ചായ്പ്പിലേക്കു മാറ്റിയാല്‍ വിവരമറിയും! സൊ॥ബീരാന്‍ കാക്ക പുതിയൊരു തന്ത്രം പ്രയോഗിച്ചു; ചില്ലുമാറ്റി। അഥവാ ചില്ലലമാരയും, ചില്ലുഗ്ലാസുകളുകടക്കം ചില്ലുമായി ബന്ധപ്പെട്ട സര്‍വ്വതും ചായ്പ്പിലേക്കു മാറ്റി. ഫലമോ; ഇപ്പോള്‍ കടയില്‍ സ്റ്റീല്‍ പാത്രങ്ങളും കാക്കയും മാത്രം ബാക്കി! ആളുകള്‍ കൂടാറില്ല; ചര്‍ച്ചകളില്ല, തെറിവിളികളില്ല; കവലയില്‍ മൂന്നു ലോഡു കല്ലുകളുണ്ടായിട്ടും ഒരൊറ്റ കല്ലുപോലും ആരാലും എറിയപ്പെട്ടില്ല! ചായകുടിക്കാന്‍ ആളുകള്‍ വന്നാലല്ലേ ഇതൊക്കെയുണ്ടാകൂ! കടിക്കാന്‍ ബോണ്ടയുണ്ടെങ്കിലല്ലേ ചായകുടിക്കാന്‍ ആളുകള്‍ വരൂ..!
അതോടേ നാട്ടിലാകെ പുതിയൊരു ചര്‍ച്ചക്ക് തുടക്കമായി! മുന്‍കാല തെരഞ്ഞെടുപ്പുകളിലെല്ലാം നടന്ന ആക്രമണങ്ങള്‍ക്കെല്ലാം കാരണം ബീരാന്റെ ബോണ്ടയാണ്! ചര്‍ച്ച ചൂടുപിടിക്കുകയും അതിന്റെ പേരില്‍ വീണ്ടൂം നിരവധി ആക്രമണങ്ങളുണ്ടാകുകയും അതെല്ലം അവസാനം ബീരാന്റെ അറസ്റ്റില്‍ കലാശിക്കുകയും ചെയ്തു!
"ബോണ്ടയാക്രമണം! മുഖ്യസൂത്രധാരന്‍ ബീരാന്‍ അറസ്റ്റില്‍"
മ।മ പത്രം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്! മാറാട്ടെ വര്‍ഗ്ഗീയ കലാപവും, കോയമ്പത്തൂര്‍ സ്ഫോടനവും പോലീസിന്റെ വക ഫ്രീയായിട്ടു കിട്ടി. ബീരാനെ കുടുക്കിയതിനു പിന്നില്‍ അപ്പുറത്തെ മലമുകളില്‍ മതമായം ചേര്‍ത്ത ചായക്കടനടത്തുന്ന കുഞ്ഞാലിയുടെ ഫിംഗര്‍പ്രിന്റ് കണ്ടവരുണ്ട്. ഏതായാലും പാവം ബീരാന് വിലപ്പെട്ട ഒന്‍പതുവര്‍ഷം ഒരുപ്പോക്കുപോയി! ഇതിനിടയില്‍ ചായക്കടയില്‍ വേണ്ടതും വേണ്ടാത്തതുമായ പല കച്ചവടങ്ങളും പലരും ചെയ്തു! അവസാനം നിരപരാധിയെന്നു പ്രഖ്യാപിക്കപ്പെട്ട് ജയില്‍മോചിതനായ ബീരാന്‍കാക്ക, ജയിലില്‍ നിന്നാര്‍ജ്ജിച്ച 'ആത്മ ബലത്തില്‍' ആരുടെയൊക്കെയോ കൂടെക്കൂടി അരിവാളോ, ചുറ്റികയോ ഒക്കെ വില്പ്പനതുടങ്ങിയെന്നൊ, ആ കച്ചവടം പൊട്ടിയെന്നോ ഒക്കെ കേള്‍ക്കുന്നു!
പക്ഷെ, മാണിക്യക്കവലയില്‍ കവലയില്‍ ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം ഇന്നേവരെ തെരഞ്ഞെടുപ്പ് കാലത്ത് ഒരൊറ്റചായക്കടയില്‍ പോലും ബോണ്ട വിറ്റിട്ടില്ല! അവിടങ്ങളിലെല്ലാം ഇപ്പോള്‍ ഒരറിയിപ്പ് കാണാം..
"പൊ.ജ.ശ്രദ്ധക്ക്, ബോണ്ട വില്‍ക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്..!"
8 comments:
"പൊ.ജ.ശ്രദ്ധക്ക്, ബോണ്ട വില്‍ക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്..!"
തിരഞ്ഞെടുപ്പില്‍ ബോണ്ടയ്ക്കുള്ള പങ്ക്!!!
:)
ആഹ.. ഇതെപ്പൊ പൊങ്ങി... കണ്ടില്ലാട്ടൊ.. നന്നായിട്ടുണ്ട്.. :) ബീരാന്‍ കക്കാടെ ആ ബോണ്ട ഇനി തിന്നാന്‍ പറ്റിയില്ലെങ്കിലും ഒന്നു കാണാനെങ്കിലും പറ്റിയാല്‍ മതി.. പടം വല്ലതും പിടിച്ചു വെച്ചിട്ടുണ്ടാ...??
പണ്ട് തെരഞ്ഞെടുപ്പ് വേളയിലെ യാത്രക്കിടയില്‍ കല്ലുകളില്‍ നിന്നും രക്ഷപ്പെട്ടത് ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ഭയം.പിന്നെ എനിക്കേറ്റവും ഇഷ്ടമുള്ളതും അപൂര്‍വ്വമായി മാത്രം ലഭിക്കുന്നതുമാണ് ബോണ്ട. നല്ല രുചി ഉണ്ട്.
good
ബോണ്ട നിരോധനം... !! :)
ഞങ്ങള്‍ കുട്ടികള്‍ക്ക്, റോട്ടിലേക്ക് ചാഞ്ഞ് കുലച്ചുനില്‍ക്കുന്ന മൂവാണ്ടന്‍ മാവിലെറിയാനോ, പെറ്റുകെടക്കുന്ന പട്ടിമടയില്‍ കോലിട്ടു കുത്തിയതിന് കടിക്കാനോടിക്കുന്ന കൊടിച്ചിപ്പട്ടിയുടെ തലമണ്ടക്കിട്ട് വീക്കാനോ പോലും ഒരു കല്ലിന്‍ കഷണം പോയിട്ട് മണ്ണാംകട്ടപോലും ആ സമയത്ത് ആ കവലയുടെ ചുറ്റുവട്ടത്തെങ്ങും കിട്ടില്ല....
supre guddy...
that reminds me a lot!
Post a Comment