Thursday, March 27, 2008

'മലയാളം ന്യൂസിനു പറ്റിയ പറ്റേ..!'

കഴിഞ്ഞ ഫെബ്രുവരി 5 ന് ഈ ബ്ലോഗില്‍ ഞാന്‍ ഒരു മണ്ടത്തരം കാണിച്ചു. ചിലരൊക്കെ അതു കണ്ടൂ കാണും. ഇവിടെ ഒരു കിഴുക്ക് കൊടുത്താല്‍ ഇപ്പോഴും അതു കാണാം.രസം അതല്ല. ആ മണ്ടത്തരത്തിന്റെ ഒരു കോപ്പി ഞാന്‍ സഊദി അറേബ്യയിലെ പ്രമുഖ പത്രമായ മലയാളം ന്യൂസിന് ചുമ്മാ അയച്ചു കൊടുത്തു.

ദിവസങ്ങള്‍ അങ്ങനെ കടന്നു പോയി. മാര്‍ച്ച് 20 വ്യാഴാഴ്ച രാവിലെ, ഗ്ലാമര്‍ കൂട്ടാന്‍ അരലിറ്റര്‍ പാലുവാങ്ങിക്കുടിക്കാം എന്നു കരുതി അടുത്തുള്ള അനിലേട്ടന്റെ സൂപ്പര്‍മാര്‍ക്കറ്റിലേക്കിറങ്ങി.മലയാളം ന്യൂസ് വന്നിട്ടേയുള്ളു. ആളുകള്‍ ഓസിനു വായിക്കാതിരിക്കാന്‍ അനിലേട്ടന്‍ പേപ്പറിലെല്ലാം സ്റ്റാപ്ലര്‍ അടിക്കുകയാണ്.

മൂപ്പരുടെ കണ്ണ് വെട്ടിച്ച് ഒരുപേപ്പര്‍ കയ്യിലാക്കി, ഒരു പാക്കറ്റ് പാലും എടുത്ത് കുറേശ്ശെ കുടിച്ചുകൊണ്ട് ഒരു തൂണിന്റെ പിന്നില്‍ മറഞ്ഞിരുന്ന് ഞാന്‍ അതൊന്നു മറിച്ച് നോക്കി. അതിന്റെ പതിനൊന്നാം പേജില്‍ സര്‍ഗവീധിയില്‍ ഒരു കരയുന്ന കണ്ണിനോട് ചേര്‍ന്ന് അതാ ആ മണ്ടത്തരം അച്ചടിച്ച് അങ്ങനെ കിടക്കുന്നു. അമ്പരക്കണോ, വായിലുള്ള പാലിറക്കണോ എന്ന വല്ലാത്തൊരു കണ്‍ഫ്യൂഷനിലായിപ്പോയി ഞാന്‍..!

"ചേട്ടാ; ഇതാ പാലിന്റെ പൈസ! പേപ്പറിന്റേം എടുത്തോ..".

"ഹോ! നീ പേപ്പറ് വാങ്ങേ..!? ഇന്ന് ചത്ത കാക്ക മലന്നു പറക്കും".

"ശരിയാ, എനിക്കും തോന്നണ്‌ണ്ട്".

തലക്കടിയേറ്റ് കിറുങ്ങിയ പോലെ റൂമലേക്ക് തിരികെ നടക്കുമ്പോള്‍ ഉള്ളില്‍ എനിക്ക് ചിരിയായിരുന്നു. 'മലയാളം ന്യൂസിനു പറ്റിയ പറ്റേ..!'

മലയാളം ന്യൂസിനു പറ്റിയ ആ മണ്ടത്തരം ഇതിന്റെ തൊട്ടു താഴെ നിങ്ങള്‍ക്ക് കാണാം..!

പിന്നെ, ഞാന്‍ ഇങ്ങനെയൊക്കെ പറഞ്ഞൂന്ന് ആരും മലയാളം ന്യൂസിനോട് പറഞ്ഞേക്കല്ലേ..! പിന്നെ നമ്മളെന്തെങ്കിലും ഇമെയിലില്‍ അയച്ചുകൊടുത്താ പ്രിന്റൗട്ടെടുത്ത് പിച്ചിക്കീറി കലിതീര്‍ത്ത് കളയും പഹയന്‍...!

Tuesday, March 25, 2008

സില്‍മേലെ മമ്മുട്ട്യാക്കാന്റെ ഡയ്‌ലോക്കാ..!

കൂട്ടുകാരൊക്കെ ആലുവ കുട്ടമശ്ശേരി സ്കൂളില്‍ പത്തില്‍ പഠിക്കുമ്പോള്‍ അതേ ക്ലാസ്സില്‍ അവരോടൊപ്പം ഞാനും ഉണ്ടായിരുന്നു. കുട്ടികളുടെ ക്രിയേറ്റിവിറ്റി വളര്‍ത്തുന്നതില്‍ അതീവ ശ്രദ്ധാലുവും അഗ്രഗണ്യനുമായിരുന്ന മലയാളം മാഷ് നീലേശ്വരം രാമന്‍‌കുഞ്ഞി സാറ് ഒരു ദിവസം ക്ലാസ്സിലേക്കു വന്നത് കയ്യില്‍ പുസ്തകങ്ങളൊന്നും ഇല്ലാതെയാണ്. പകരം കുറേ പേപ്പറുകള്‍!
ക്ലാസ് ടെസ്റ്റ് നടത്താനല്ലാതെ അദ്ദേഹം പേപ്പറും കൊണ്ട് വരാറില്ല. ഒന്നും പറഞ്ഞിരുന്നില്ലല്ലോ എന്ന് കുട്ടികളെല്ലാം അമ്പരന്നിരിക്കുമ്പോള്‍ മാഷ് ക്ലാസ് ലീഡറായ അലിക്കുഞ്ഞിനെ പേപ്പറുകള്‍ ഏല്പിച്ച് എല്ലാവര്‍ക്കും കൊടുക്കാന്‍ പറഞ്ഞു. മുന്‍പില്‍ നിന്ന് പേപ്പര്‍ കൊടുത്ത് തുടങ്ങിതും കിട്ടിയവര്‍ കിട്ടിയവര്‍ ചിരി തുടങ്ങി. വിവരമറിയാന്‍ ഏന്തിവലിഞ്ഞു നോക്കിയപ്പോള്‍ അതൊരു പടമാണെന്നു എനിക്കു മനസ്സിലായി.

ബാലരമയിലെ 'സൂത്രന്‍'ല്‍ നിന്ന് വെട്ടിയെടുത്ത, രണ്ട് എലികളും ഒരു ദേഷ്യം പിടിച്ച പൂച്ച സന്യാസിയും മുഖാമുഖം നില്‍ക്കുന്ന ചിത്രമായിരുന്ന് അത്. അതിന്റെ മുപ്പത്താറ് ഫോട്ടോക്കോപ്പികളാണ് മുപ്പത്താറ് പിള്ളേര്‍ക്കും വിതരണം ചെയ്തത്. ഇപ്പോള്‍ കുട്ടികള്‍ക്കെല്ലാം ഒരു പ്രത്യേക മുഖഭാവമാണ്. ടി.വി യില്‍ ജുറാസിക് പാര്‍ക്ക് കണ്ടപ്പോള്‍ പാത്തുത്താക്കും ഇതേ മുഖഭാവമായിരുന്നു. കുട്ടികള്‍ എല്ലാവരും അന്തം വിട്ടിട്ടുണ്ട് എന്നു മനസ്സിലാക്കിയ മാഷ് പറഞ്ഞു.
"ഇനി എല്ലോരും ഈ ചിത്രത്തിന് അടിക്കുറിപ്പെഴുതണം! നല്ല നാടന്‍ ഭാഷേല് തന്നെ എഴുത്യാലേ സമ്മാനോള്ളൂട്ടോ..".

ഹൊ! പരീക്ഷ ഒഴിവായിക്കിട്ടിയല്ലോ എന്ന് സന്തോഷിച്ച് ഞാന്‍ ഒന്ന് മൂരിനിവര്‍ത്തിയതും, മാഷ് എന്നെ നോക്കി ഒരു ഡോസ്, "ഡോ..പീതാം‌ബരന്‍ (പേരു മറന്നാല്‍ മാഷ് ആരെയും ഏതു പേരും വിളിക്കും) ഇതെങ്കിലും സ്വന്തമായിട്ടെഴുതണോട്ടോ..!".

അടുത്തുള്ള ബോര്‍ഡിംഗില്‍ താമസിച്ച് പഠിക്കുന്ന മലപ്പുറം കാരായ കുട്ടികളാണ് ക്ലാസ്സില്‍ മികച്ചു നിന്നിരുന്നത്. അവരെല്ലാം അനുവദിച്ചിരുന്ന അഞ്ചു മിനിട്ട് കൊണ്ട് അടിക്കുറിപ്പെഴുതി മാഷിനെ ഏല്‍‌പിച്ചു. ആറാം മിനുട്ടില്‍ വെപ്രാളത്തില്‍ എന്തൊക്കെയോ എഴുതി മുപ്പത്താറാമനായി ഞാനും സംഗതി സമര്‍‌പ്പിച്ചു! മാഷ് ഓരോന്നായി വായിക്കാന്‍ തുടങ്ങി.

ഉമ്മര്‍. എം.എം: "സാമീ..ങ്ങള് ഒരു ബരം (വരം) തര്വോ? പപ്പാതി പവുത്ത് ഞങ്ങളെടുത്തോളാം."

ഹലീമ. കെ.പി: " ഈ ബനത്തില് കുത്തിരിക്കാണ്ട് ബരീ, നല്ല കോയി ബിര്യാണി തരാന്ന്.."
മലപ്പുറത്തിന്റെ വാഗ്ദാനങ്ങളൂടെ സാഹിത്യം.

സുരേഷ് കുട്ടന്‍: " ഞങ്ങ കല്യാണം വിളിക്കാന്‍ വന്നേണ്..സാമി വന്നം...ഇത്തിര്‍ക്കോളം അനുഗ്രഹം തന്നം, തന്നാ തനിക്ക് കൊള്ളാം, ഇല്ലെങ്കി പോയി പണിനോക്കടപ്പാ..".
കൊച്ചിക്കാരന്റെ ശുദ്ധ മലയാളം!

നിയാസ് മൊയ്തു: " ചോര്‍ന്നാര്‍ന്നോ..? മ്മള് പട്ടിണ്യാ സാമീ.. ബാ..മ്പ്‌ക്ക് പാ... വല്ലോം ഞണ്ണാം"
പെരുമ്പാവൂര്‍ക്കാരന്റെ അടിക്കുറിപ്പ്, വല്ലതും മനസ്സിലായോ? ഇല്ലല്ലോ? ഞങ്ങള്‍ക്കും ഒന്നും മനസ്സിലായില്ല..നിയാസിനോട് വിശദീകരണം ചോദിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്.
" ചോറ് തിന്നായിരുന്നോ? ഞാന്‍ പട്ടിണിയാ സാമിയേ..വാ..നമുക്ക് പോവാം..വല്ലതും കഴിക്കാം".

ഇതൊക്കെ കേട്ട് അന്തം വിട്ടിരുന്ന ഞാന്‍ കരുതി, ഫസ്റ്റ് എനിക്കു തന്നെ.
മുന്‍പ് പറഞ്ഞവരെല്ലാം എലികള്‍ പൂച്ചയോട് പറയുന്നതായിട്ടാണ് എഴുതിയത്. പക്ഷെ നേരെ തിരിച്ചാണ് എന്റെ മഹാ ഭാവന ഉണര്‍ന്നത്! മാഷ് വായന തുടര്‍ന്നു;

നിഷാദ് അഹ്‌മദ്(ഞാന്‍): " ബിരിയാണിയില്‍ പിരിയാണീ കടിച്ചവന്‍ ചന്തു. കൊല്ലന് മാറ്റാന്‍ ചുരിക കൊടുത്തവന്‍ ചന്തു, ചന്തൂനെ തോപ്പിക്കാനാവില്ല മക്കളേ..!"

മാഷ് അത്ഭുതത്തോടെ എന്നെ നോക്കി. ഞാന്‍ അഭിമാനത്തോടെ ചുറ്റും നോക്കി. കുട്ടികള്‍ വളീച്ച മുഖത്തോടെ എന്നെ നോക്കി.

"ആരാഡോ ഈ ചന്തു? കൊല്ലന് എന്തു മാറ്റാന്‍ കൊടുത്തുവെന്ന്? " മാഷിന്റെ ചോദ്യം..! "

അത് സില്‍മേലെ മമ്മുട്ട്യാക്കാന്റെ ഡയ്‌ലോക്കാ മാഷേ..അവന്‍ കോപ്പിയടിച്ചതാ.." അസൂയമൂത്ത മലപ്പുറം കാരന്‍ ഉമ്മറിന്റെ വക.

അത് കേട്ടതോടെ മാഷിന്റെ ചിരി, കുട്ടികള്‍ടെ ചിരി, കൂട്ടച്ചിരി. അങ്ങനെ, അപമാനിതനായി ഞാന്‍ നില്‍ക്കവേ, എനിക്കു പാരവച്ച ഉമ്മറിന് തന്നെ മാഷ് ഒന്നാം സമ്മാനമായ ഹീറോ പേന കൊടുത്തു.

അതില്‍ പിന്നെ എന്റെ പേര് വിളിക്കാന്‍ മാഷിന് കണ്‍ഫ്യൂഷന്‍ ഉണ്ടായിട്ടേയില്ല. കാണുമ്പോഴൊക്കെ അദ്ദേഹം നീട്ടി വിളിക്കും.."ഡോ..ചന്തൂ...!"

രണ്ട് വര്‍ഷം മുന്‍പ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വച്ച് ഉമ്മറിനെ കാണുന്നത് വരെ പത്രങ്ങളിലും മറ്റും വരുന്ന ഓരോ അടിക്കുറിപ്പുകള്‍ വായിക്കുമ്പോഴും, ആ സംഭവവും അവനും എന്റെ പല്ലുകള്‍ക്കിടയില്‍ ഞെരിഞ്ഞമരുമായിരുന്നു.

ഏതായാലും, എനിക്ക് മലയാളത്തെ സ്നേഹിക്കാനും മലയാളത്തില്‍ എഴുതുന്നവരെ സ്നേഹിക്കാനും, കുറച്ചെന്തെങ്കിലും കുത്തിക്കുറിക്കാനും പ്രേരിപ്പിച്ചവരില്‍ ഏറ്റവും മുന്നിലെ നിരയില്‍ എന്റെ പിതാവിനോടൊപ്പം നീലേശ്വരം രാമന്‍‌കുഞ്ഞി എന്ന എന്റെ രാമന്‍‌മാഷിന് സ്ഥാനമുണ്ട്; അതില്‍‌പിന്നെ മാഷിനെ ഞാന്‍ കണ്ടിട്ടില്ലെങ്കിലും! മാഷ് എന്നെ ഓര്‍ക്കുന്നുണ്ടാകില്ലെങ്കിലും..!

Friday, March 21, 2008

ഉത്തരം പറയാമോ?

'കരയുന്ന കുട്ടിക്കേ പാലുള്ളൂ' എന്ന് റോഡരികില്‍ വച്ചിരുന്ന ടി.വി യില്‍ മുഖ്യമന്ത്രി പറയുന്നത് കേട്ടനിമിഷം കടത്തിണ്ണയില്‍ അമ്മയുടെ മുഷിഞ്ഞ മടിത്തട്ടില്‍ കിടന്നു കരഞ്ഞിരുന്ന, പത്താം നാളിലെ പിഞ്ചുപൈതല്‍ കരച്ചില്‍ നിര്‍ത്തി. പറഞ്ഞത് ആരാണെന്നറിഞ്ഞുകൊണ്ടായിരുന്നില്ല കെട്ടോ ആ തീരുമാനം. ഇന്നത്തെ യുവാക്കള്‍ ചിന്തിക്കുന്നത് പോലെ അതൊക്കെ അറിയാന്‍ മാത്രം ആ കുട്ടി ചെറുതായിട്ടുണ്ടായിരുന്നില്ല.

പിന്നെ, പാല്‍ ഇഷ്ടമല്ലാത്തതിനാല്‍, കരഞ്ഞാല്‍ പാല്‍ കുടിക്കേണ്ടീ വരുമോ എന്ന ഭയം കൊണ്ടാകുമോ? ഏയ്, അങ്ങനെ ഭയക്കാന്‍ മാത്രം മണിമാളികയിലൊന്നുമായിരുന്നില്ലല്ലോ അവന്റെ പിറവി! പിന്നെ എന്തുകൊണ്ടവന്‍ കരച്ചില്‍ നിര്‍ത്തി?

ഞാന്‍ പറയാം കാരണം. പുച്ഛം! ആ പഴഞ്ചൊല്ലിനോടുള്ള പുച്ഛം! പഴഞ്ചൊല്ലില്‍ പതിരില്ല എന്ന ചൊല്ലിനോടുള്ള പുച്ഛം! വരണ്ട നാവിന്റെ പ്രതിഷേധം! അവന്റെ ചോദ്യം ഇതായിരുന്നു;

"മഹാന്മാരേ! കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്നു നിങ്ങള്‍ നാഴികക്കു നാല്പതുവട്ടം പറയുന്നുണ്ടല്ലോ? പൊട്ടിക്കരഞ്ഞു പിറന്നിട്ടും, പിറന്നതുമുതല്‍ ഇത്രകാലം നിര്‍ത്താതെ കരഞ്ഞിട്ടും ഒന്നു നുണയാന്‍ പോലും ഒരു തുള്ളി പാല്‍ എനിക്കെന്തേ ഇറ്റി വീണുകിട്ടിയില്ല!?"

പട്ടിവളര്‍ത്തുന്ന അമ്മമാരേ! കള്ളുകുടിക്കുന്ന അച്ഛന്‍‌മാരേ! ഉത്തരം പറയാമോ?

Thursday, March 13, 2008

ചെത്താന്‍‌‍ പെട്ട പാട്..!

ശ്രദ്ധിച്ചു നോക്കിയാല്‍ ഈ ബ്ലോഗിന്റെ വലതുവശത്ത് ഒരു പടം കാണാം? അത് എന്താ സാധനം എന്നോര്‍ത്ത് ആരും അന്തം വിടണ്ട! അത് എന്റെ മോന്തയാണ്.

ഈ മോന്തയും കൊണ്ടാണ്, മൂത്താപ്പ മുതല്‍ കൊച്ചാപ്പമാര്‍ വരെ കൊതറി നടന്ന് വല്ലിപ്പാപരുവമായ രാജ്ദൂത് മോട്ടോര്‍‌സൈക്കിളില്‍, 'ചെത്തല്‍' തന്നെ മുഖ്യവിഷയമായെടുത്ത് ഞാന്‍ മാറമ്പള്ളി എം.ഇ.എസ് കോളേജില്‍ ചെന്നു കേറിയത്. "വാഹനം എന്നാല്‍ യാത്ര ചെയ്യാനുള്ള ഉപകരണമാണ്, ഇതു മതി" എന്നാണ് പുതിയ സുസുക്കി ഷോഗണു വേണ്ടിയുള്ള എന്റെ ആപ്ലിക്കേഷന്‍ റിജക്റ്റ് ചെയ്ത്കൊണ്ട് വാപ്പ പറഞ്ഞത്. ഏതായാലും കിട്ടിയതായി. പക്ഷെ റാഗിംഗിനു വേണ്ടി അവിടുത്തെ മുതുക്കന്‍‌മാര്‍‌ പിടികൂടി തവളച്ചാട്ടം ചാടിച്ചതും 'ജെയിംസ് ബോണ്ട്' എന്ന പേരുവീണതുമല്ലാതെ ഉദ്ദേശിച്ച ഒരു ഗുണവും രാജ്ദൂതും ഈ മോന്തയും എനിക്ക് തന്നില്ല. ചെത്തല്‍ മെയിനായിട്ടെടുത്ത ഒരു അഞ്ചുപത്ത് പേരല്ലാതെ('ഇവനൊക്കെ എന്തു ചെത്താനാ?' എന്നു ഞാന്‍ പോലും അവന്മാരെകുറിച്ച് ചിന്തിച്ചിരുന്നു!) വേറെ ഒരുത്തനും എന്നെ തിരിഞ്ഞുപോലും നോക്കിയില്ല. പിന്നെ കുറേ തരുണീമണികള്‍ തിരിഞ്ഞു നോക്കിയിരുന്നു കെട്ടോ; കാന്റീന്റെ സൈഡിലൂടെ അവറ്റകള്‍ വരുമ്പോള്‍ മുന്നില്‍ ചെന്ന്‌നിന്ന് 'ഹായ്, എന്താപേര്?' എന്ന് ചോദിക്കുമ്പോഴേക്കും അവര്‍ തിരിഞ്ഞു നോക്കിയിരുന്നു, കക്കൂസിന്റെ നേര്‍ക്ക്. പിന്നെ ഒറ്റപ്പോക്കും! അതെന്താ? എന്നേക്കാള്‍ ഭേദം കക്കൂസാണോ ആവോ?

അങ്ങനെ, എങ്ങനെ ശ്രദ്ധിക്കപ്പെടണം എന്ന ചിന്തയും പേറി ഒരു കൊല്ലം കഴിഞ്ഞു. പുതിയ വര്‍ഷം ആദ്യത്തില്‍ തന്നെ കോളേജ് ഇലക്ഷന്‍ പ്രഖ്യാപിച്ചു. രാഷ്ട്രീയം ഇല്ലാത്ത തിരഞ്ഞെടുപ്പ്. രാഷ്ട്രീയം അനുവദിച്ചാല്‍, അലവലാദികള് അലമ്പും അറാമ്പറപ്പും അച്ചാറിട്ട് വില്‍ക്കും അത്രെ!

ഇതു തന്നെ അവസരം; ശ്രദ്ധിക്കപ്പെട്ടിട്ടുതന്നെ ബാക്കിക്കാര്യം. അങ്ങനെ, പൊറോട്ടയും ഹാഫ് ബീഫും വാങ്ങിക്കൊടുത്ത്, കൂട്ടുകാരായ ഷിജുവിന്റേം റാഫിയുടേം മറ്റും മസിലുകാണിക്കാണുള്ള അവകാശവും അതുവഴി 'സാര്‍ക്ക്' എന്ന പാര്‍ട്ടിയുടെ ഒരു സീറ്റും ഒപ്പിച്ചെടുത്തു. ഏതാ സീറ്റ് എന്നല്ലേ? നല്ല സിംഹാസനം പോലത്തെ ആര്‍ട്സ്ക്ലബ് സെക്രട്ടറി സീറ്റ്. പക്ഷെ കിട്ടിക്കഴിഞ്ഞപ്പഴല്ലേ, വായില് സിഗരറ്റുപുകയിരിക്കുമ്പോ വാപ്പ വന്ന അവസ്ഥയായി, ഊതാനും വയ്യ, ഊതാണ്ടിരിക്കാനും വയ്യ. സംഗതി ആര്‍ട്സ് അല്ലേ? കണ്ട അണ്ടത്തീം അടകോടത്തീം വരെ വിളിച്ച് നിര്‍ത്തി പാട്ടു പാടാനും, ഡാന്‍സ് കളിക്കാനും ആജ്ഞാപിച്ചുതുടങ്ങി. നമുക്കുണ്ടോ ഇതു വല്ലതും വഴങ്ങുന്നു? പതുക്കെ മുങ്ങിയാലോ എന്ന് വരെ തോന്നിപ്പോയി. മറുവശത്ത് എതിരാളിയാണെങ്കില്‍ 'യു.എസ്.എ' എന്ന പാര്‍ട്ടിയുടെ വക ഒരു ബ്രേക്ക് ഡാന്‍സര്‍! കൂടാതെ ഇംഗ്ലീഷില് പാട്ടും പാടും!

എന്താപ്പോ ചെയ്യ? ചെറുപ്പത്തില്‍ വൈലോപ്പിള്ളിയുടെ 'മാമ്പഴം' ചൊല്ലി ഒന്നാം സമ്മാനം കിട്ടിയതിന്റെ ബലത്തില്‍ മധുസൂധനന്‍ നായരുടെ 'അഗസ്ത്യ് ഹൃദയ'ത്തിലെ ആദ്യ ഭാഗം ('നാറാണത്ത് ഭ്രാന്തന്‍' ഹൈപിച്ചാ..! പിടിച്ചാകിട്ടൂല്ല) പഠിച്ച് കുട്ടികള്‍ക്കു മുന്നില്‍ ഒരുവിധം ചൊല്ലി ഒപ്പിച്ചു. പിന്നെ കാണാതെ പഠിച്ച രണ്ടു പ്രസംഗങ്ങള്‍ ക്ലാസ്സുകളില്‍ ('എന്റെ മാത്രം' ശൈലിയില്‍) മാറി മാറി കാച്ചുകയും ചെയ്തതോടെ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. പിന്നെ, ഒന്നു ഹിറ്റാകണം എന്നു തോന്നിയപ്പോള്‍ കോളേജിലെ പ്രശസ്ത മിമിക്രിക്കാരനായ ശ്രീകുമാറിനെ ചാക്കിട്ട് പിടിച്ച് അവതരണം ഒന്നിന് പത്തു രൂപ എന്ന തോതില്‍ എന്റെ പ്രസംഗം അനുകരിക്കാന്‍ സവിനയം ഏല്‍‌പിക്കുകയും ചെയ്തു.

ഒരിക്കള്‍ കാന്റീനിന്റെ 'ലേഡീസ്' ഏരിയയില്‍ മ്മക്ക് വേണ്ടപ്പെട്ട ഒരുകുട്ടി നില്‍ക്കുന്നത് കണ്ട ആവേശത്തില്‍, അവിടെപ്പോയി എന്നെ അവതരിപ്പിക്കന്‍ ഞാന്‍ ശ്രീകുമാറിനെ ശട്ടംകെട്ടി. അവന്‍ അവള്‍ടേം കൂട്ടുകാരികള്‍ടേം മുന്നില്‍ എന്നെ അവതരിപ്പിക്കുന്നത് നിര്‍നിമേഷനായി ഞാന്‍ ഇപ്പുറത്ത് നിന്ന് കേട്ടു. 'ഞാന്‍ തന്നെ' എന്ന പോലുള്ള അവതരണം കഴിഞ്ഞിട്ട് പതിവു പോലെ അവന്‍ എല്ലാരോടുമായി ചോദിച്ചു; 'ആരാണെന്ന് പറയാമോ?'. "ഞാന്‍ പറയാം" എന്ന് മ്മട കുട്ടി പറയണ കേട്ട് ഹര്‍ഷ പുളകിതനായി ഞാന്‍ നില്‍ക്കവേ അവള്‍ ആളെ പറഞ്ഞു "സുകുമാര്‍ അഴീക്കോട്"!. എന്റമ്മേ..! അതോടെ ഞാന‍വിടന്ന് സ്കൂട്ടായി. അവള്‍ പറഞ്ഞത് കറക്ടായിരുന്നു കെട്ടോ! അഴീക്കോടിനെ അറിയുന്നവര്‍ ആ കോളേജിലുണ്ടായിരുന്നു എന്ന് അപ്പോഴാണ് ഞാന്‍ അറിഞ്ഞത്.

അങ്ങനെയിരിക്കെ ഒരുദിവസം രാവിലെ, കോളേജിലെത്തിയ എന്റെ നെഞ്ച് തകരുന്ന കാഴ്ചയായിരുന്നു അത്. അന്നത്തെ മാതൃഭൂമി കോളേജിലാകെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. അതില്‍ നമ്മട ശത്രു ബ്രേക് ഡാന്‍സ് കളിക്കുന്ന കളര്‍ ചിത്രം; ആ വട്ടന്‍ ഏതോ ട്രൂപ്പിന്റെ പരിപാടിക്ക് തുള്ളിയതാണ്.

സകലതും പോയി. ആ കളര്‍ ചിത്രം ഈയുള്ളവന്റെ സ്വപ്നങ്ങളെ ബ്ലാക് & വൈറ്റ് ആക്കുകയും കുട്ടികളെല്ലാം ആ പഹയന്റെ പിന്നാലെ കൂടുകയും ചെയ്തെന്ന് ഇനീം ഞാന്‍ പറയണ്ടല്ലോ? പിന്നേം ചിന്തയായി. ഈ മോന്തയും പത്രത്തില്‍ ഒന്ന് വന്നില്ലെങ്കില്‍ സിംഹാസനത്തില്‍ അവന്‍ കേറിയിരുന്ന് ബ്രേക്ക് ഡാന്‍സു കളിക്കുന്ന ദുരന്തകാഴ്ച ഞാന്‍ കാണേണ്ടീ വരും; പിന്നെ ഞാനും ബ്രേക്ക് ഡാന്‍സ് കളിക്കണ്ടീ വരും, അവന്‍ കളിപ്പിക്കും..!

മസില് വാടകക്ക് തന്ന റാഫിയാണ് പറഞ്ഞത്, "നീ കക്ക്വോ, മോഷ്ടിക്ക്വോ ഒക്കെ ചെയ്താലും നിന്റെ ഈ മോന്ത പത്രക്കാര് ഇടൂന്ന് തൊന്നണില്ല. നീ ഒരു കവിത എഴുതി എല്ലാ പത്രങ്ങള്‍ക്കും അയച്ചു കൊട്ക്ക്, അതെങ്ങാനും അച്ചടിച്ച് വന്നാ നമ്മളിവിടെ പൊളിക്കും, നൂറ് കോപ്പി എന്റെ വക ഞാനിവിടെ വിതരണം ചെയ്യും'. വലിയൊരു ആവേശമായിപ്പോയി എനിക്ക്. അന്ന് തന്നെ "ശകുനമില്ലാത്തവന്‍ ഞാന്‍, മുജ്ജന്‍‌മ സുകൃതമില്ലാത്തവന്‍ ഞാന്‍" എന്ന് തുടങ്ങുന്ന ഒരു കവിത പോലത്തെ സാധനം എഴുതി പിറ്റേദിവസം രാവിലെ അഞ്ച് കോപ്പികള്‍ വിവിധ പത്രമാസികകളുടെ വിലാസത്തില്‍ നോര്‍ത്ത് എടത്തല.പി.ഒ യില്‍ പോസ്റ്റ് ചെയ്തിട്ടാണ് കോളേജിലേക്കെത്തിയത്.

ഇലക്ഷന്‍ തിങ്കളാഴ്ചയാണ്. വെള്ളിയാഴ്ചയായിട്ടും അത് ഒരു പത്രത്തിലും മാസികയിലും അച്ചടിച്ച് വന്നില്ല. ദിവസവും പത്തിരുപത് രൂപ പത്രം വാങ്ങി കളഞ്ഞത് കടം വാങ്ങിയിട്ടാണേ. ദേഷ്യവും സങ്കടവും ഒപ്പം റാഫി അടക്കമുള്ള കൊഞ്ഞാണന്മാരുടെ കളിയാക്കലും കൂടിയായപ്പൊ ആകെ പിരാന്തായി. ഇനീപ്പൊ എപ്പ വരാനാ? വന്നിട്ടെന്തിനാ? കവിത പത്രത്തില്‍ വന്നിട്ടു അതുകാണിച്ച് കുട്ടികളെ സ്വാധീനിക്കാം എന്ന മോഹം അന്നത്തോടെ വിട്ടു.

തിങ്കളാഴ്ച! ഇന്ന് ഇലക്ഷനാണ്. നേതാക്കള്‍‌ക്കെല്ലാം ഖദര്‍വേഷം‍, കുട്ടികള്‍ക്ക് ആവേശം‍, എനിക്കാണെങ്കില്‍ പരവേശം!. അപ്പഴും എതിരാളിക്കുചുറ്റും ബ്രേക്ക് ഡാന്‍സും ഇംഗ്ലീഷ് പാട്ടും കാണാനും കേള്‍ക്കാനും കുട്ടികള്‍. എന്റെ കാര്യം പോക്കാ..!

അങ്ങനെ വോട്ടെടുപ്പ് കഴിഞ്ഞു. ഉച്ചകഴിഞ്ഞ് ഫലപ്രഖാപനത്തിനു മുന്‍പ് "ഡാ, ഞാനൊന്ന് ടൗണീല്‍ പോയിട്ട് വരാം, അത്യാവശ്യോണ്ട്" എന്ന് പറഞ്ഞ് മെല്ലെ സ്ഥലം കാലിയാക്കാന്‍ ശ്രമിച്ചപ്പൊ പ്രിയപ്പെട്ട അനുയായികള്‍ കാന്റീനിന്റെ സ്റ്റോര്‍‌റൂമിലിട്ട് എന്നെ പൂട്ടി. അത് നന്നായീന്ന് ഞാനും കരുതി. ആരും കൂകിവിളിക്കൂലല്ലോ!

ആധികേറി അങ്ങനെ ഇരിക്കുമ്പോള്‍ ബുള്ളറ്റ്മനു ഓടിവന്ന് കാന്റീനിലുള്ളവരോടു പറയുന്നത് ശരിക്കും ഞാന്‍ കേട്ടു. എന്റമ്മോ..! ഞാന്‍ ലീഡു ചെയ്യുന്നൂന്ന്..!അനുയായികളുടെ അനുവാദത്തോടെ ആവേശത്തില്‍ ചാടി പുറത്തിറങ്ങി വരാന്തയിലൂടെ ഞെളിഞ്ഞു നടന്നു. അങ്ങനെ, അവസാന ഫലപ്രഖ്യാപനത്തിനായി പ്രിന്‍സിപ്പള്‍ അസംബ്ലി സ്ഥലത്തേക്കു വന്നു. കുട്ടികള്‍ ശ്വാസമടക്കി നിന്നു. എനിക്ക് ശ്വാസമേകിട്ടുന്നുണ്ടായിരുന്നില്ല!

പ്രഖ്യാപനം തുടങ്ങി. നമ്മട പാര്‍ട്ടീടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി പൊട്ടി. വൈസ് ചെയര്‍മാന്‍ പൂട്ടി. മാഗസിന്‍ എഡിറ്ററ് പിച്ചച്ചട്ടി. ഇനി എന്റെ ഊഴമാണ്. കിട്ടി! ഇതാ നാല് വോട്ടിന് ജയിച്ചിരിക്കുന്നു; മ്മട ബ്രേക്ക് ഡാന്‍സര്‍; അല്ലാണ്ടാരാ..?

അവനെ തോളിലേറ്റി മുദ്രാവാക്യം വിളിക്കുന്നതിനു പകരം മന്ദബുദ്ധികളെല്ലാം എന്റെ ചുറ്റും കൂടി കൂവിയ കൂവല്! ഒപ്പം പെട്ടി പെട്ടി ബാലറ്റ് പെട്ടീ...! ഞാന്‍ മെല്ലെ വലിഞ്ഞ്, ടെന്‍ഷന്‍ വരുമ്പൊ പോയിരിക്കാറുള്ള സോമേട്ടന്റെ കടേലെ ഉള്ളിലെ മുറീയില്‍ കേറിയിരുന്ന് മനസ്സിന്റെ കൊളുത്തിവലി നിര്‍ത്താന്‍ ഒരു വില്‍സ് കൊളുത്തി വലിച്ചു. പിന്നാലെ കൂവലിന്റെ മര്‍ദ്ദം സഹിക്കാനാവാതെ റാഫീം ഷിജൂം അങ്ങോട്ട് പാഞ്ഞെത്തി. ഷിജു അടുത്തിരുന്ന മാതൃഭൂമി എടുത്ത് നിവര്‍ത്തി. "ഡാ മോനേ, അത് ഞായറാഴ്ചത്തെയാടാ",സോമേട്ടന്‍. "എന്നത്തേങ്കിലുമാകട്ടെ, ഒന്ന് മുഖം മറക്കാനാ ചേട്ടാ" എന്നും പറഞ്ഞ് പത്രത്തില്‍ കണ്ണൂം നട്ട് മൗനിയായി ഷിജുവിരുന്നു. ഞാന്‍ വില്‍സ്കുറ്റി കടയുടെ പുറത്തേക്കെറിഞ്ഞ് തിരിഞ്ഞപ്പോഴേക്കും, ഷിജുവിന്റെ അലര്‍ച്ച!
"ഡാ, ദേ ശകുനമില്ലാത്തവന്‍! ദേ നോക്ക്യേ.." എന്നെ പരിഹസിക്കുകയാണെന്നു കരുതിപ്പോയി. അവന്‍ പത്രം എനിക്കു നേരെ കാണീച്ചു. "ദേ; എന്റെ കവിത! ഇതെപ്പോ വന്നു?" അതിന്നലത്തെ, ഞായറാഴ്ചത്തെ പേപ്പറാ" സോമേട്ടന്‍ പറഞ്ഞു.
പിന്നെ നോക്കണോ..? ഞായറാഴ്ച പത്രം വായിക്കാത്തതിന് പരസ്പരം പഴിയും, 'പോടാ, നീപോടാ' വിളികളും തുടങ്ങിയതോടെ, ഇടതുകാല്‍ സന്തോഷത്തിലും വലതുകാല്‍ ദു:ഖത്തിലും വച്ച് ഞാന്‍ നിരാശയിലേക്ക് മുങ്ങി, വീട്ടിലെത്തി. ഇന്നലെ കണ്ടിരുന്നെങ്കില്‍ രണ്ട് വോട്ടൊക്കെ മറിക്കാന്‍ അത് മതിയായിരുന്നു; ജയിച്ചേനെ. ഇനിപ്പറഞ്ഞിട്ടെന്താ; പോയില്ലേ?

പിറ്റേ ദിവസം കോളേജില്‍ എന്നെ കൂവി എതിരേല്‍ക്കാന്‍ നിന്ന ബ്രേക്ക് ഡാന്‍സറുടേം സില്‍ബന്ധികളുടേം മുന്നിലേക്ക് ഈ പത്രവും ഉയര്‍ത്തിപ്പിടിച്ച്, ഇതേ മൊന്തയുമായി, അതേ രാജ്ദൂതില്‍ മുഖത്ത് അഭിമാനം വരുത്തി ഞാന്‍ ചെന്നിറങ്ങി. "നോക്കെടാ നോക്ക്..എന്റെ കവിതയാ...!" അവന്റെ നേരെ ചുമ്മാ എറിഞ്ഞു ഞാനാ പത്രം.

ആ പത്രത്തിനു വേണ്ടീ പെണ്‍കുട്ടികള്‍ തിക്കിത്തിരക്കുന്നത് കണ്ടപ്പൊ എനിക്കെന്റെ സുന്ദരദിനങ്ങള്‍ വന്നു ചേര്‍ന്ന പോലെ തോന്നി. ബ്രേക്ക് ഡാന്‍സറുടെ മുഖത്തെ ദേഷ്യം കൂടി കണ്ടപ്പൊ, സന്തോഷം നിയന്ത്രിക്കാനായില്ല. കിട്ടാവുന്നോടത്ത്‌ന്നെല്ലാം ഞായറാഴച്ചത്തെ മാതൃഭൂമി ഇന്നലെത്തന്നെ ശേഖരിച്ചിരുന്നത് കൊണ്ട് എല്ലാര്‍ക്കുമല്ലെങ്കിലും കുറേ പേര്‍ക്കൊക്കെ കൊടുക്കാന്‍ കഴിഞ്ഞു. അധികം പേരും തിരിച്ചു തന്നു കെട്ടോ, നല്ല കുട്ടികള്‍! പക്ഷെ മ്മട കുട്ടി തിരിച്ചു തന്നില്ല; അതെന്താണാവോ..?

തോറ്റാലെന്താ..? ഒരു കവിത പത്രത്തില് വന്നല്ലോ.. പെണ്‍കുട്ടികള്‍ 'കവി' എന്നു വിളീച്ചു, എതിരാളികള്‍ 'ക' മാറ്റി 'ശ' ആക്കി വിളിച്ചു. പരിപാടികളില്‍ കവിത ചൊല്ലാന്‍ അവസരങ്ങള്‍ കിട്ടി, കുട്ടികള്‍ക്ക് കൂവാനും. എല്ലാത്തിലുമുപരിയായി, ശ്രദ്ധിക്കപ്പെട്ടല്ലോ? അല്ല! അതിനു വേണ്ടീയാണല്ലോ ഈ പണിയൊക്കെ ഒപ്പിച്ചതും!

പിന്നെ,ഒരു കാര്യം കൂടി പറഞ്ഞോട്ടെ! മ്മട കുട്ടി ആ പത്രം ഇത് വരെ തിരിച്ചു തന്നിട്ടില്ലാട്ടോ,..ആരെങ്കിലും കണ്ടാ ഒന്നു പറഞ്ഞേക്കണേ..!

Thursday, March 6, 2008

ലോലന്‍റെ ലീലകള്‍..!

പരമ രസികനാണ് ഷംസു. ലോലന്‍ എന്ന കളിപ്പേരിനു ഇത്രയധികം യോഗ്യനായ മറ്റൊരു മനുഷ്യക്കുട്ടിയും ഈ ലോകത്തുണ്ടാവില്ല. ആരോ മീന്‍പൊതിഞ്ഞിട്ട് വാഴച്ചോട്ടിലേക്കു വലിച്ചെറിഞ്ഞ മംഗളത്തിന്റെ കടലാസ്സീന്ന് അങ്ങനെത്തന്നെ എഴുന്നേറ്റുവന്നതാണെന്നാണ് ലോലനെക്കുറിച്ച് ഒരു കാലിനു നീളംകുറവുള്ള ഉമ്മുക്ക പറയാറ്. നമ്മുടെ ലോലന് മംഗള ലോലനോട് അത്ര രൂപ സാദൃശ്യമുണ്ട്. എന്നാലും ഒരു ചെറുപ്പക്കാരനെപ്പറ്റി, അതും നമ്മട സൈതുക്കാടെ മോനെപ്പറ്റി അങ്ങനെ അങ്ങു പറയാമോ? പറയാം എന്ന് ഞാന്‍ പറയും!. ആരും പറഞ്ഞുപോകും. അത്രക്കുണ്ടവന്റെ കയ്യിലിരിപ്പ്!.

ലോലന്റെ വക കളിപ്പേരു കിട്ടാത്തവരായി ആരും അവന്റെ മുന്നിലൂടെ കടന്നു പോയിട്ടില്ല. അവനിടുന്ന പോലെ അത്ര ആപ്റ്റായ പേരിടുന്ന ഒരു മിടുക്കനെയും ഞാന്‍ പരിചയപ്പെട്ടിട്ടുമില്ല. നാട്ടിലെ പ്രധാന കോഴിയായ കുട്ടൂസന്‍ ജോര്‍ജ്ജിന്റെ (നാമം:ലോലന്‍ വക) പെങ്ങടെ കല്യാണത്തിന്റെ അന്ന് വൈകീട്ടു നാട്ടുകാരെ പരിചയപ്പെടാന്‍ വന്ന പുതിയാപ്ലക്ക് ലോലനിട്ട പേര് "കോഴിഅളിയന്‍"!. ചായക്കടക്കാരനും എടത്തല വടം വലി ടീമിന്റെ ക്യാപ്റ്റനുമായ വീരാനി‌ക്കാക്ക് "വടവീരന്‍"! അല്പം മെലിഞ്ഞവനും ഫുട്ബാള്‍ ടീമിന്റെ സ്ഥിരം ഗോളിയുമായ ഷറഫിന് "ഒണക്ക ഡിങ്കന്‍". ഒരു കൈ വളഞ്ഞിരിക്കുന്ന പലചരക്കുകടക്കാരന്‍ രാജേഷിന് "പൊക്ലിന്‍". ഞായറാഴ്ചകളില്‍ വളക്കച്ചോടത്തിനു വരുന്ന ചൂടന്‍ ഗോപാലേട്ടന് "വളയപ്പന്‍"!
ഇങ്ങനെ തൊരപ്പന്‍, വട്ടിവാസു, പൂച്ചപ്പോലീസ് തുടങ്ങി ഒരുപാടു പേരുകളും പലരെയും കാണുമ്പോളുള്ള വിവിധ ആക്ഷനുകളും കൊണ്ട് ലോലന്‍ പലരുടെയും കണ്ണിലെ കരടും ചില കുരീലുകളുടെ കണ്ണിലുണ്ണിയുമായി.

ഉമ്മുക്ക അവനെക്കുറിച്ചു പറയാറുള്ളത് ഞാന്‍ ആദ്യമേ പറഞ്ഞല്ലോ? പാവം ഗതികെട്ടിട്ട് ഒരുപാടാലോചിച്ച് ഉണ്ടാക്കിയെടുത്തതാണത്. പുക്കാട്ടുപടീപ്പോയി ആരും കാണാതെ രണ്ടെണ്ണം വിട്ടു ഒന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ ഉമ്മുക്ക സ്ഥിരമായി ജംക്ഷനില്‍ വരും. പഴയകാലത്ത് ഒരു മന്ത്രിയുടെ വലംകയ്യും അടിച്ച വെള്ളം വയറ്റീത്തന്നെ കെടക്കുന്നയാളുമായത്കൊണ്ട് ആരും അത് കാര്യമാക്കാറുണ്ടായിരുന്നില്ല. പക്ഷെ ലോലന്‍ വിടൂല്ല. ഉമ്മുക്ക വീരാന്‍‌ക്കാടെ കടേന്ന് ഒരു കട്ടന്‍‌ചായ വാങ്ങി കുടിക്കാനിരുന്നാ അവന്‍ അച്ചാറു മുന്‍പില്‍ കൊണ്ടു വച്ച് കൊടുക്കും;ഒരു കമന്റും;"ടച്ചിംഗ്സാ"!. അതിന് ഉമ്മുക്കാടെ തെറിവിളിയും മറുവിളിയും ഒക്കെ മുറക്ക് നടക്കാറുണ്ട്.

അന്ന്, ആരെക്കളിയാക്കും എന്നു കരുതി ലോലനും സില്‍ബന്ധികളും അങ്ങനെ ഇരിക്കുന്ന നേരത്താണ് ഉമ്മുക്ക കവലയിലേക്കു നീളം കുറവുള്ള ഉറക്കാത്ത കാലെടുത്ത് വച്ചത്. കുറച്ചു നേരം വളരെ മാന്യനായി തല മനപ്പൂര്‌വം ഉയര്‍ത്തിപ്പിടിച്ചു നിന്ന ഉമ്മുക്കാനെ വീക്ഷിച്ചശേഷം ലോലന്‍ പതുക്കെ എഴുന്നേറ്റു മൂരിനിവര്ത്തി. എന്നിട്ട് ആരോടെന്നില്ലാതെ ഉറക്കെ പറഞ്ഞു "പുക്കാട്ടുപടിയിലെ ഷാപ്പു പൂട്ടീന്നാ കേട്ടേ!", എന്നിട്ടു ഇടങ്കണ്ണീട്ട് ഉമ്മുക്കാനെ ഒരു നോട്ടം. 'ഇപ്പൊ ഞാന്‍ വീശീട്ടെറങ്ങിയ ഷാപ്പ് പൂട്ടീന്നോ' എന്നമ്പരന്നു ഉമ്മുക്ക നില്‍ക്കുമ്പോ ലോലന്‍ വീണ്ടും, " മിനിഞ്ഞാന്ന് മുതല്‍ അവിടെ സപ്ലേ ഇല്ല!".
തന്റെ പ്രിയപ്പെട്ട ഷാപ്പിനെപ്പറ്റി അനാവശ്യം പറയണത് സഹിക്കാതെ വന്നതുകൊണ്ടാകണം നിഷ്ക്കളങ്കനായ ഉമ്മുക്കപറഞ്ഞുപോയി, "ഈ ക്ണാപ്പന്‍ ചുമ്മാ പോളിക്കണതാ, ഇപ്പൊ ഞാന്‍ അവിടന്നാ വരണത്, അവിടെ ഷാപ്പൂണ്ട് സപ്ലേണ്ട്, അവന്റെ ചെകിട് നോക്കി ഒന്ന് കൊടുത്തേടാ വീരാനേ!".

പോരേ പൂരം!. ആളുകള്‍ ചിരിതുടങ്ങിയപ്പോഴാണ് പറ്റിയ അബദ്ധം ഉമ്മുക്കാക്കു മനസ്സിലായത്. കവലയില്‍ കൂടിയ കാര്‍‍ന്നോന്മാര്ടേം, പിള്ളേര്ടേം ഒക്കെ മുന്‍പില് ഞാന്‍ പുക്കാട്ടുപടീന്ന് രണ്ടെണ്ണം വിട്ടിട്ടാ വന്നിരിക്കണേന്ന് ഉറക്കെ വിളിച്ച് പറഞ്ഞമാതിരി ആയില്ലേ? ലോലന്റെ ആക്കിയുള്ള ചിരികൂടിആയപ്പൊ ഉമ്മുക്ക അവനു നേരെ പാമ്പായി കുതിച്ചു ചെന്നു. "എങ്ങാണ്ടു കെടന്ന മംഗളത്തില്‍ ആരാണ്ട് വരച്ച പടത്തീന്ന് നീ ഇങ്ങോട്ട് എറങ്ങിവന്നതെന്തിനാടാ ...മോനെ? നിനക്ക് വല്ല അങ്ങടും പോകാന്‍പാടില്ലാര്‍ന്നോ?".

"ഉമ്മുക്കാനോട് ഞാന്‍ വല്ലതും പറഞ്ഞോ? എന്റെ മേത്തേക്ക് കേറണതെന്തിനാന്നേ? പിന്നെ പടത്തിന്റെ കാര്യം ഇക്ക പറയര്ത്..." ഒരു തത്വജ്ഞാനിയെപ്പോലെ ലോലന്‍ പറഞ്ഞു തുടങ്ങി,"...ഈ ലോകം മുഴുവന്‍ ആരോ വരച്ച ചിത്രമാണുമ്മുക്കാ!.ഞാനും, ഇവരും, ഉമ്മുക്കായും ഒക്കെ. പക്ഷെ എന്റെ അറിവ് ശരിയാണെങ്കില്‍ ഉമ്മുക്കാനെയാ ലാസ്റ്റ് വരച്ചത്! ഉമ്മുക്കാനെ വരച്ച് തീരാറായപ്പോഴേക്കും മഷിതീര്‍ന്നു പോയിട്ട്‌ണ്ടാവും! അതോണ്ടാ കാല് പാതിയായിപ്പോയത്!".

ഉമ്മുക്ക ലോലനെ കടന്നു പിടിച്ചൂന്ന് ഞാന്‍ പറയണ്ടല്ലോ? അവന്റെ സ്ഥിരം കോട്ട ഇന്ന് ഉമ്മുക്കാടടുത്ത്‌ന്ന് കിട്ടി ബോധിച്ചു. പക്ഷെ പകരമായി, അത്രപോരെങ്കിലും പുതിയ ഒരു പേരു ലോലന്‍ ഉമ്മുക്കാക്ക് സമ്മാനിച്ചു; "വരതീരാത്ത പടം"! വിളീക്കാന്‍ എളുപ്പത്തിന് കാലക്രമേണ അവന്‍‌തന്നെ അതു ലോപിപ്പിച്ചു "വരതീരാ..."!.

Monday, March 3, 2008

അമ്മേ! എന്റെ മൊതലാണല്ലാ മോളില് !

എടത്തല! യതീംഖാന ജംക്ഷനില്‍ നിന്നും പഞ്ചായത്ത് പടിയിലേക്കുള്ള പുതിയ വഴി. ഈ റൂട്ടിലെ ലാസ്റ്റ് ബസ്സായ നാലേമുക്കാലിന്റെ പി.എം.പി പോയി. നാട്ടിലെ തേച്ചുടുത്ത് പൗഡറിട്ട പല വമ്പന്മാരെയും ഈ സമയത്ത് ഈ വഴിയില്‍ കാണാറില്ല. ഇവരൊക്കെ സ്കൂള്‍ ഗ്രൗണ്ടില്‍ പിള്ളേരു വോളീബോളു കളിക്കുന്നേടത്തു കാണും എന്നു കരുതിയാ തെറ്റി, അവിടെ ഒട്ടും ഉണ്ടാവില്ല. കാരണം ഇപ്പോഴാണ് നീണ്ട ശരീരവും താടിയുമുള്ള വട്ടിവാസു (പി.എന്‍.വാസുദേവന്‍ എന്ന് മുഴുവന്‍ പേര്) മുറുക്കിച്ചുവപ്പിച്ച്, ഭീമന്‍ രഘുവിനെപ്പോലെ മുഖം കേറ്റി കൈനറ്റിക് ഹോണ്ടയില്‍ ഇവിടങ്ങളിലൊക്കെ പിരിവിനിറങ്ങുന്നത്.

മീതീന്‍‌ക്കാടെ വീട്ടുമുറ്റത്ത് റോട്ടിലേക്കു ചാഞ്ഞു നിന്ന ചിങ്കിരിമാവു വെട്ടുന്നത്കൊണ്ട് അത് കാണാന്‍ ഞാനും ലോലന്‍ എന്ന ഷംസുവുമടക്കം കൂട്ടം കൂടിനിന്ന നാലഞ്ചുപേര് ഇപ്പോള്‍ ഒന്നുരണ്ട് പേരായി. ലോലനു പെട്ടെന്ന് ചായകുടിക്കാനോ, മൂത്രമൊഴിക്കാനൊ ഒക്കെ തോന്നുന്നൂന്ന് പലവട്ടം പറഞ്ഞെങ്കിലും, അവന്‍ മുങ്ങിയത് ഞാന്‍ കണ്ടില്ല. ചടേന്ന് മരം വെട്ടു നിന്നു.
"എന്തേടാ സുബൈറേ; ക്ഷീണീച്ചോ? എന്നാ നീ ഇങ്ങെറങ്ങിക്കോ, ബാക്കി നാളെയാക്കാം" മീതീന്‍‌ക്ക മേലോട്ടു നോക്കി വിളീച്ച് പറഞ്ഞു.

എന്തോ അപകടം മണത്തപോലെ ദൂരേക്കു നോക്കിക്കൊണ്ട് ചെവിക്കു മുകളീല്‍ നിന്ന് ബീഡി എടുത്ത് കത്തിച്ച് സുബൈര്‍ അവനു കഴിയാവുന്നത്ര പതുക്കെ പറഞ്ഞു " ഇക്കോ, വാസു വരണ്ട്, അവന്‍ ചോദിച്ചാ ഞാന്‍ ഇവിടെ ഒള്ളത് പറയല്ലേട്ടാ, കൊറച്ച് ചില്ലറ കൊടുക്കാനുണ്ട്".

അതിന് അവനിവിടെ നിന്നാലല്ലെ? അവന്‍ നേരെ സ്കൂള്‍ ഗ്രൗണ്ടീലേക്കു പോകുള്ളു എന്ന് ഞാന്‍ പറാഞ്ഞു തീര്‍ന്നതും അതാ ആ അപകടം വളവു തിരിഞ്ഞ് വരുന്നു. മുകളിലേക്കു നോക്കിയ എന്നെ സുബൈര് നോക്കല്ലേ എന്ന് തലയാട്ടി വിലക്കി.

ഒരു വില്ലന്റെ സകല ഭാവഹാവാദികളോടും കൂടി വട്ടിവാസു എന്ന അമരീഷ്പുരി റോട്ടില്‍ വീണു കിടക്കുന്ന മരാവശിഷ്ടങ്ങള്‍ക്കു മുന്നില്‍ വന്നു ബ്രേക്കിട്ടു. വായില്‍ തിങ്ങിനിറഞ്ഞ് വലത്തെ അധരകോണിലൂടെ ചാലിട്ടൊഴുകാന്‍ തുടങ്ങിയിരുന്ന മുറുക്കാന്‍ ചാറ് ഇടത്തോട്ട് തുപ്പി, വയസിപ്പശു മക്കിടണപോലെ വാ പൊളിച്ച്, മോണക്കിടയില്‍ അള്ളിപ്പിടിച്ചിരുന്ന അടക്കാത്തരികളെ നാവുകൊണ്ട് തോണ്ടിയെടുത്ത് പല്ലുകള്‍ക്കിടയിലേക്കിട്ടുകൊടുത്ത് വാസു മീതീന്‍‌ക്കാക്കു നേരെ ഒരാവശ്യവുമില്ലാതെ ഒരു 'ഉരുള' വിട്ടു; "റോട്ടിലാണോ മാഷേ മരം വെട്ടിയിടണത്?".
ആരോടാ? നാട്ടിലെ 'ഉപ്പേരി' മൊത്തക്കച്ചവടക്കാരനായ മീതീന്‍‌ക്കാനോട്!!

"റോട്ടിലാണൊടാ വാസൂ കോപ്പ് തുപ്പണത്? പിന്നെ നിന്റെ വീട്ടില് വന്ന് വെട്ടിയാ മാത്രം നീപറഞ്ഞാ മതി! എന്റടുത്ത് കളീച്ചാ പലിശയടക്കം ഞാന്‍ അങ്ങു ചൊരിയും."
മീതീന്‍‌ക്കാടെ മറുപടി കേട്ട് എനിക്ക് വീര്ത്തു വന്ന ചിരിപൊട്ടാതെ ഞാന്‍ തൊണ്ടക്കുഴിയില്‍ നൂലിട്ടു കെട്ടി. പതിയെ തിരിഞ്ഞ് നിന്ന് മാവിലേക്കു നോക്കി. സുബൈര്‍ പേടിച്ച് വിറച്ചിരിക്കുകയാകും എന്ന എന്റെ ധാരണ തെറ്റിച്ച്‌കൊണ്ട് ഒരു കൈ മരക്കൊമ്പില്‍ പിടിച്ച് മറുകൈ കൊണ്ട് വാപൊത്തി ശ്വാസം കിട്ടാത്ത പോലെ അവന്‍ ഇരുന്ന് പിരിയുന്നു. ആദ്യം ഒന്നമ്പരന്ന എനിക്ക് പിന്നെ മനസ്സിലായി, എന്നെപ്പോലെതന്നെ ചിരിയടക്കാന്‍ പാടുപെടുകയാണു കക്ഷി. അതുകൂടിക്കണ്‍ടപ്പൊ നൂലു പൊട്ടി, ചിരി പുറത്ത് വന്ന് ബലൂണ്‍ പോലെ പൊട്ടിച്ചിതറി. അതോടെ വാസു ശരിക്കും കോപാന്ധ കെ.പി.ഉമ്മറായി മാറി.

എന്നെ കലിപ്പിച്ചൊന്നു നോക്കി വാസു മെല്ലെ വണ്ടി എരപ്പിച്ചു പോകാനാഞ്ഞു. പെട്ടെന്നതാ മോളീന്നൊരു അപശബ്ദം! അതെവിടുന്നാണെന്നോ എന്താണെന്നോ ആദ്യം വാസൂനു മനസ്സിലായില്ല. വളരെ വേഗം തന്നെ മുട്ടയിട്ട കോഴി കൊക്കുന്ന അതേ ഫ്രീക്വ ന്‍സിയിലേക്കു ആ ശബ്ദം ഉയര്‍ന്നു; സുബൈറിന്റെ ചിരിവള്ളി പൊട്ടിയിരിക്കുന്നു. അവന്‍ അടക്കാനാകാതെ പൊട്ടിപ്പൊട്ടിച്ചിരിക്കുകയാണ്! വാസു താഴെയുള്ളത് അവന്‍ മറന്നിട്ടല്ല ആ ചിരി എന്നും അടക്കാന്‍ പറ്റാതായപ്പൊ തുറന്നുവിട്ടതാണെന്നും എനിക്കു വേഗം മനസ്സിലായി.

വാസു ചുറ്റും നോക്കുന്നു. പിന്നെ വിമാനത്തിന്റെ ശബ്ദം കേട്ട് പാത്തുത്ത മേലോട്ടു നോക്കുന്ന പോലെ കണ്ണുകള്‍ മേലോട്ട്. സുബൈറിന്റെ ചിരി അതോടെ നിന്നു. വാസു സുബൈറിനെ കണ്ടിരിക്കുന്നു. സുബൈറിന്റെ മുഖത്തെ ചമ്മല്‍‌പാളി മീതീന്‍‌ക്കാടെ മുഖത്തും ചിരിവിടര്ത്തി. വാസൂന്റെ മുഖമാകട്ടെ ദേഷ്യം കൊണ്ടു കൂടുതല്‍ കറുത്തു. പുളിച്ച തെറിയുടെ മാലപ്പടക്കം പ്രതീക്ഷിച്ചു കാതോര്‍ത്തു ഞാനിരുന്നു. പ്രതീക്ഷ തെറ്റിച്ച് കൊണ്ട് വാസുവിന്റെ പ്രതികരണം!
"അമ്മേ! എന്റെ മൊതലാണല്ലാ മോളില്! ഡാ പിടിച്ചിരിക്കെടാ മോനേ! എന്തിനാടാ നീ ഈ പണീക്കൊക്കെ നിക്കണേ? നിനക്ക് നെലത്ത് നിന്ന് പണിഞ്ഞാ പോരേടാ?".

പിന്നെ മീതീന്‍‌ക്കാടെ നേരെ തിരിഞ്ഞ് "അതേ! എന്റെ രൂവ ഇരുപത്തേഴായിരാ നിങ്ങള് മരത്തേ കേറ്റിയേക്കണത്! അവനെന്തെങ്കിലും പറ്റിയാ പിന്നെ വട്ടിവാസു വട്ടുവാസുവാകും, ഹ്‌ആ!"

എന്റെ ഓര്‍മ്മയില്‍ ആദ്യമായി ഉത്തരമില്ലാതെ അന്തം വിട്ടു നിന്ന മീതീന്‍‌ക്കാനേം ചിരിപൊട്ടിനിന്ന എന്നേം മാറിമാറി നോക്കിക്കൊണ്ട്, ഡയലോഗിനു ശേഷം കലാഭവന്‍ മണിയുടെ മുഖഭാവത്തോടെ വാസു തന്റെ കൈനറ്റിക് ഹോണ്ടയില്‍ അടുത്ത പിരിവിടത്തേക്കു നീങ്ങി. അപ്പോള്‍ വീണ്ടും മുകളില്‍ നിന്നും സുബൈറിന്റെ അലറിയുള്ള കോഴിച്ചിരി ആരംഭിച്ചിരുന്നു.