Saturday, May 24, 2008

"എസ്.എസ്.എല്‍.സി എന്നെ കമ്മ്യൂണിസ്റ്റാക്കി!"

കുഞ്ഞിപ്പരീതിന് പണ്ടേ താല്‍‌പര്യം കാളക്കച്ചവടത്തോടാണ്. അവന്റെ ഫാമിലി ബിസിനസ്സാണത് എന്നത്കൊണ്ട് മാത്രമല്ല ആ താല്പര്യം. ഐശ്വര്യ അഭിഷേകിനെ കെട്ടണകണ്ട് ഐശുമ്മ അങ്ങേരെ കെട്ടാന്‍ പോയാല്‍ ഒള്ള കെട്ട്യോനുംകൂടി ഇല്ലാതെപോകും എന്ന സത്യം കുഞ്ഞിപ്പരീതിന് നന്നായിട്ടറിയാമായിരുന്നു. അത്കൊണ്ടാണ് പത്താം ക്ലാസ്സിലെ ബാക്കി കുട്ടികളെപ്പോലെ വലുതാകുമ്പോള്‍ എം.ബി.ബി.എസ് എടുത്ത് വൃക്കക്കച്ചവടം നടത്തണമെന്നും, എഞ്ജിനീറിംഗ് പാസ്സായി കമ്പി സിമന്‍റ്‌ കച്ചവടം നടത്തണമെന്നുമുള്ള മോഹം മാറ്റിവച്ച് വാപ്പ മൂത്താപ്പമാരെപ്പോലെ കാളക്കച്ചവടം നടത്താന്‍ ആ മിടുക്കന്‍ തീരുമാനിച്ചത്. പിന്നെ കുറച്ച് കാലം കാളക്കച്ചവടം ചെയ്ത് എക്സ്പീരിയന്‍സായിക്കഴിയുമ്പോള്‍ രാഷ്ടീയത്തിലും ഒന്ന് പയറ്റണം എന്ന അവന്റെ പരമമായ ലക്ഷ്‌യം ഏറ്റവും അടുത്ത കൂട്ടുകാരോട് മാത്രം തുറന്ന് പറഞ്ഞിട്ടുണ്ട്! എത്ര കൃത്യമായ പ്ലാനിംഗ് അല്ലേ?

കുഞ്ഞിപ്പരീത് പത്താം ക്ലാസ്സിലേക്ക് കടന്നപ്പോള്‍തന്നെ അവന്റെ വാപ്പ കുളമ്പ് മീതീന്‍‌പിള്ളക്ക് സന്തോഷമായിരുന്നു. "മോന്‍ പത്താം ക്ലാസ് കഴിഞ്ഞിട്ട് വേണം കച്ചവടമൊക്കെ അവനെ ഏല്‍‌പ്പിച്ച് എനിക്കൊന്നു സ്വസ്ഥമാകാന്‍" എന്ന് നിഷ്‌കളങ്കനായ ആ പിതാവു പറഞ്ഞതായി ആകാശവാണിഷാജി നേരിട്ട് കേട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനെത്തുടര്‍ന്നാണ് പത്താം ക്ലാസ്സ് കഴിഞ്ഞ ഒരു പയ്യനെ കാളക്കച്ചവത്തിനു വിടുന്നതിലെ ദുരൂഹതയെക്കുറിച്ചും അത് ലോകത്തുണ്ടായേക്കാവുന്ന ദുരന്തങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ എടത്തലയില്‍ ചൂട്പിടിച്ചതും, പരിസ്ഥിതി പ്രവര്‍ത്തകരും പൗരാവലിയും അടക്കമുള്ളവര്‍ അതേറ്റെടുത്ത് " സേവ് കുഞ്ഞിപ്പരീത് ആക്ഷന്‍ കൌന്‍സില്‍" രൂപീകരിച്ചതും! കൌന്‍സില്‍ പ്രസിഡന്‍‌ഡ് കുഞ്ചാട്ടുകര സ്കൂളിലെ ജ്യോഗ്രഫി അദ്ധ്യാപകന്‍ ഹരിഹരന്‍ സാറിന്റെ നേതൃത്വത്തില്‍ സ്കൂളില്‍ വച്ചു കൂടിയ പത്താമത് മീറ്റിംഗില്‍‍ മീതീന്‍ പിള്ളയുടെ വീട്ടിലേക്ക് ഒരു മൗനജാഥ നടത്താനും മീതീനെ പരസ്യമായി വിചാരണ ചെയ്യാനും തീരുമാനിക്കുകയും അതിനായി "ലോക ആക്ഷ ന്‍കൌന്‍സില്‍ ഡേ" തന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. ആലുവ പാലസില്‍ വച്ചു നടത്തിയ പത്രസമ്മേളനത്തില്‍ ജാഥ ഔദ്യോഗികമായി വിളംബരം ചെയ്തു.

ഹരിഹരന്‍ സാറിന്റെ നേതൃത്വത്തില്‍ 'മൗനജാഥ' കുഞ്ചാട്ടുകരയില്‍ നിന്നും ആരംഭിച്ചു. "ഇങ്കിലാബ് സിന്താബാ...മൗനജഥ സിന്താബ..!" എന്ന് ഹരിഹരന്‍ സാറ് വിളിച്ചു കൊടുത്തപ്പോള്‍ വിപ്ലവ കുതുകികളും വിദ്യാ സമ്പന്നരുമായ അനേകം അനുയായികള്‍ ഏറ്റു വിളിച്ചു; "അങ്ങനത്തന്നെ അങ്ങനത്തന്നെ..!" 'മൗനജാഥ' എടത്തലയാകെ കുലുക്കി. പക്ഷെ മീതീന്‍പിള്ളക്കുണ്ടോ വല്ല കുലുക്കവും? അയാള്‍ കൂളായിട്ടിരുന്ന് കാടി കലക്കി, തന്റെ പ്രിയപ്പെട്ട കാളകള്‍ക്കു വേണ്ടീ!

മൗനജാഥ മീതീന്‍പിള്ളയുടെ വീടിനു മുന്നിലെത്തിയതും അണികളുടെ ആവേശം അലതല്ലി; ദിഗന്തങ്ങള്‍ നടുങ്ങുമാറ് അവര് വിളിച്ചു‍. "മീതീന്‍പിള്ള കാടി കലക്കല്‍ അവസാനിപ്പിക്കുക!", "കുഞ്ഞിപ്പരീതിനെ ഡോക്ടറാക്കുക!"; "കാളക്കച്ചവടം മുതലാളിത്ത അധിനിവേശം!...."

കുറച്ചുനേരം മീതീന്‍ പിള്ള ചിരിച്ചു ക്ഷമിച്ചിരുന്നെങ്കിലും പത്രപ്രവര്‍ത്തകരെക്കൂടിക്കണ്ടപ്പോള്‍ കക്ഷിയുടെ കണ്ട്രോള് പോയി. ജാഥക്കാരില്‍ അധികവും ഇടതുപക്ഷക്കാരാണെന്നു മനസ്സിലാക്കിയ തന്ത്രശാലിയായ അയാള്‍ അടുക്കളയില്‍ നിന്നും അരിവാളും തട്ടിന്‍പുറത്ത് നിന്നും ചുറ്റികയും എടുത്ത് ഇരുകയ്യിലും ഉയര്‍ത്തിപ്പിടിച്ച്‌കൊണ്ട് അലറി "അറുത്ത്‌കളയും, അലവലാതികളേ..! എന്റെ മോനെ എന്തു ചെയ്യണം എന്ന് എനിക്കറിയാം; ഒരു കൌന്‍സിലും ജാതേം എന്നെ ഒരു ചുക്കും ചെയ്യൂല്ല!" അരിവാളും ചുറ്റികയും കണ്ടപ്പോള്‍ കമ്മ്യൂണീസ്റ്റ് അണികള്‍ ബഹുമാനപൂര്‍‌വ്വം വണങ്ങി അടങ്ങി; പേടിയോ ആദരവോ..?

ഹരിഹരന്‍ സാറ് ചെറിയ വിറയോടെ അരിവാളില്‍ ഒരുകണ്ണുവച്ച് മുന്നോട്ട് വന്നു. "മിസ്റ്റര്‍ മീതീന്‍പിള്ള! ഞങ്ങള്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കണം; നിങ്ങളുടേയും മോന്‍‌റ്റെയും നാടിന്റേയും നന്‍‌മക്കു വേണ്ടിയാണ്".
"ഒന്നു പോ സാറേ; കാലത്ത് മൊതല്‍‌ വൈന്നേരം വരെ നിങ്ങള് പറയണ കേള്‍ക്കണ പിള്ളേരല്ലേ ഇവിടെ കഞ്ചാവും കള്ളൂം കുടിച്ച് കുളിസീന്‍ കാണാന്‍ നടക്കണത്? എന്നിട്ടിപ്പോ മീതീന്‍പിള്ളക്ക് നന്‍‌മ തരാന്‍ നടക്കണ്! സാറിന് വേണോങ്കി സാറിന്റെ മോനെ ഡോക്ടറാക്ക്; അതിനെന്റെ മോനെക്കിട്ടൂല്ല; വെറുതെ സമരം നടത്തി തല്ലുകൊള്ളാനും പട്ടിണികെടന്നു ജീവിക്കാനൊന്നും എന്റെ മോനെ വിടൂല്ലാന്ന്..മനസ്സിലായോ?

"ഏതായാലും പത്തുജയിച്ച കുട്ടിയെ കാളക്കച്ചവടത്തിനു വിടാന്‍ ഞങ്ങള് സമ്മതിക്കൂല്ല! അവനെ പഠിപ്പിക്കണം; പഠിപ്പിച്ചേ പറ്റൂ..!"

"അതിന് അവന്‍ പത്താം ക്ലാസ്സെങ്ങാനും ജയിച്ചു പോയാലല്ലേ..ഹ ഹ്‌ഹാ..! ജയിക്കട്ടെ! ജയിച്ചാ അപ്പോനോക്കാം..! സാറേ..അവനേ മീതീന്‍പിള്ളേടെ മോനാ..!"

അങ്ങനെ....; ജയിച്ചാല്‍ അവനെ പഠിപ്പിക്കണം എന്ന ഉപാധിയില്‍ ജാഥക്കാര്‍ പിരിഞ്ഞു പോയി.

അതെ! അത്ര പ്രതീക്ഷയാണ് ആ പിതാവിന് മോനെക്കുറിച്ച്. തന്റെ കച്ചവടം ഗംഭീരമായി നോക്കി നടത്താനുള്ള എല്ലാ യോഗ്യതകളും തികഞ്ഞ ആ മകന്‍ അയാള്‍‌ക്കഭിമാനമായിരുന്നു. അതിനു വിപരീതമായി അവന്‍ പത്താംക്ലാസ്സെങ്ങാനും പാസ്സായിപ്പോയാല്‍ ആ പിതാവ് ചങ്കുപൊട്ടി മരിക്കും. കുഞ്ഞിപ്പരീതും അതിനു വേണ്ടീയുള്ള എല്ലാ പ്രിപ്പറേഷനും നടത്തിയിരുന്നു. "പത്താം ക്ലാസ്സില്‍ എത്ര പേപ്പറുണ്ടെടാ കുഞ്ഞിപ്പരീ.." എന്ന് ചോദിച്ചാ "പേപ്പറൊന്നൂല്ല..; എന്റെ കയ്യിലൊരു നോട്ട്‌ബുക്കുണ്ട്" എന്നു മറുപടി പറയാവുന്ന രീതിയില്‍ അവന്‍ ഡെവലപ് ചെയ്തിരുന്നു!

എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞു! ആക്ഷന്‍‌കമ്മിറ്റിക്കാര്‍ കണ്ണില്‍ പാമോയിലൊഴിച്ച് നോക്കിയിരിക്കുന്നതിനാല്‍ റിസല്‍‍ട്ട് വന്നിട്ടുമതി മകന്റെ കച്ചവടപ്രവേശം എന്ന് മീതീന്‍‌പിള്ള തീരുമാനിച്ചിരുന്നു. എങ്കിലും റിസല്‍ട്ട് എന്തായിരിക്കും എന്നുറപ്പുള്ളത് കൊണ്ട് രാവിലെ നാലുമണീക്ക് എല്ലാരും ഉറങ്ങുമ്പോള്‍ ചന്തയിലേക്കുള്ള കാളയടി മുതലുള്ള ചെറിയ ചെറിയ കാര്യങ്ങള്‍ കുഞ്ഞിപ്പരീത് സ്വയം ഏറ്റെടുത്ത് സന്തോഷപൂര്‍‌വ്വം നടത്തി വന്നു. റിസല്‍‌ട്ടിന്റെ ദിവസമായതൊന്നും അവന്‍ അറിഞ്ഞില്ല. ആക്ഷന്‍ കമ്മിറ്റിയെ വെല്ലുവിളിച്ചിരുന്നത് കൊണ്ട് മീതീന്‍‌പിള്ള ആ ദിവസം ഓര്‍ത്തു വച്ചിരുന്നു!

അങ്ങനെ ആ ദിവസം പുലര്‍ന്നു. എടത്തലക്കാര്‍ മുഴുവന്‍ കവലയിലേക്കൊഴികി. സൂര്യന്‍ പതിവു കറക്കത്തിനു പോകാതെ ആ വാകയുടെ പിന്നില്‍ ടെന്‍ഷനടിച്ച് നില്പ്പുണ്ട്. പക്ഷെ മീതീന്‍പിള്ളയും കുഞ്ഞിപ്പരീതും ഇപ്പോഴും കൂള്‍ കൂള്‍. ഇന്റര്‍ നെറ്റിലും ടെലഫോണിലും ഒക്കെ റിസല്‍ട്ടറിയാനുള്ള സൗകര്യം ഉണ്ടെങ്കിലും എല്ലാവരുടെയും മുന്‍‌പില്‍ വച്ച് അഭിമാനത്തോടെ റിസല്‍‌ട്ട് പ്രഖ്യാപിച്ച് മകന്റെ കയ്യില്‍ കാളയുടെ കയര്‍ ഏല്‍‌പ്പിക്കണം എന്നത് മീതീന്‍‌പിള്ളയുടെ വാശിയായിരുന്നത്കൊണ്ട് പരീക്ഷാനമ്പര്‍ ടിയാന്‍ രഹസ്യമാക്കി വച്ചിരുന്നു.

എല്ലാ കണ്ണുകളും പത്രം വരുന്ന വഴിയിലേക്ക് നട്ടിരിക്കുന്നു. പത്രക്കാരന്‍ സുധി ഹീറോ സൈക്കിളില്‍ വളവു തിരിഞ്ഞതും കവലയിലുള്ള സകല ചന്തികളും ഇരിപ്പിടങ്ങള്‍ വിട്ടുയര്‍ന്നു. തന്നെത്തന്നെ തുറിച്ച് നോക്കുന്ന ആള്‍ക്കൂട്ടം കണ്ടമ്പരന്ന സുധി കവലയുടെ ഏതാണ്ട് അമ്പതുവാര ദൂരെ എത്തിയതും പത്രമെറിഞ്ഞ് പമ്പകടന്നു. 'ആരെടുക്കും പത്രം' എന്ന് എല്ലാവരും അന്തിച്ചു നില്‍ക്കേ മുണ്ടു മടക്കിക്കുത്തി മീതീന്‍പിള്ള തന്നെ മുന്നോട്ടു ചെന്നു; പത്രമെടുത്തുയര്‍ത്തിക്കാണിച്ചു; അക്ഷരമറിയാത്തതിനാല്‍ ഔദ്യോഗിക വായനക്കായി പഴയ പത്താംക്ലാസ്സുകാരന്‍ പത്രാസുമമ്മാലിയെ ക്ഷണീച്ചു. പത്രം കണ്ട് മമ്മാലി കഴുകാത്ത വാപൊളിച്ചു!വായന തുടങ്ങി..

"അറിയിപ്പ്: എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം പ്രമാണിച്ച് ഇന്നത്തെ പത്രം മുപ്പത് പേജാണ്; സ്ഥലപരിമിതി മൂലം പ്രധാന വാര്‍ത്തകള്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു!".

അതിശയോക്തിക്കുവേണ്ടീപ്പറയാം; ആ പത്രത്തില്‍ ആകെയുണ്ടായിരുന്ന മലയാളം വാക്കുകള്‍ ആ അറിയിപ്പും പത്രത്തിന്റെ പേരും മാത്രമായിരുന്നു. കാരണമുണ്ട്! ഇന്ത്യക്കാര്‍ തിന്നുമുടിച്ച് പ്രപഞ്ചം മുഴുവന്‍ പട്ടിണിയാക്കിയ കാര്യം പ്രപഞ്ച നാഥന്‍ ബുഷ് തമ്പുരാന്‍ അന്നൗണ്‍സ് ചെയ്തത് റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലൊന്നും ഒരാളും ചോദിക്കില്ലായീരിക്കാം.! പക്ഷെ എസ്.എസ്.എല്‍.സി ജയിച്ച ആരുടെയെങ്കിലും നമ്പര്‍ ഉള്‍പ്പെടുത്താതെ വിട്ടുപോയാല്‍, വായിക്കാനെടുത്ത പത്രം നിലത്ത് വിരിച്ച് കക്കൂസ്സാക്കി മാറ്റിക്കളയും പ്രബുദ്ധ കേരളം!

ഇത്തവണ എഴുതിയവരെല്ലാം പാസ്സായല്ലോ; മൂന്നാലു പേരൊഴികെ! സത്യത്തില്‍ തോറ്റവരുടെ പേരാണ് കൊടുത്തിരുന്നതെങ്കില്‍ ഒരു കോളത്തില്‍ ഒതുക്കാമായിരുന്നു. പക്ഷെ, ആരൊക്കെ ജയിച്ചാലും ഞാന്‍ പാസ്സാവില്ല എന്ന് കുഞ്ഞിപ്പരീത് ഉറപ്പിച്ചു പറഞ്ഞു.

അങ്ങനെ മലയാളത്തിനു പകരം കണക്കിലുള്ള ആ പത്രത്തില്‍ എല്ലാവരും മീതീന്‍‌കുഞ്ഞിന്റെ നമ്പര്‍ തിരഞ്ഞു തുടങ്ങി. ക്ഷീണീച്ചവര്‍ ക്ഷീണീക്കാത്തവര്‍ക്ക് പത്രം കൈമാറി. ഇല്ല കാണുന്നില്ല! കുഞ്ഞിപ്പരീത് പ്രതീക്ഷയോടെ കാളയെ നോക്കി. മീതീന്‍‌പിള്ള അഭിമാനത്തോടെ മകനെ നോക്കി! ഇതിനിടയില്‍ ബോറഡിച്ച സൂര്യന്‍ കോപിച്ച് കുത്തനെ മുകളിലേക്കു കയറി അവിടെ നിന്ന് ചൂടായി. അവസാനത്തെ പേജായി. ആക്ഷന്‍ കൗണ്‍സിലുകാര്‍ നിരാശരായിത്തുടങ്ങി! ഇപ്പോള്‍ പത്രം നോക്കുന്നത് പ്രസിഡന്റ് ശശിധരന്‍ സാറാണ്.

"ജയിച്ചു! കുഞ്ഞിപ്പരീത് ജയിച്ചു! ഇതാ നോക്ക്!" ശശിസാറ് അലറിച്ചാടി!

മീതീന്‍പിള്ള നെഞ്ചിടിപ്പോടെ പത്രം പിടിച്ചുവാങ്ങി; കയ്യിലിരുന്ന നമ്പറും പത്രവും ആകൃതി വച്ച് തട്ടിച്ചു നോക്കി..!

"എന്റെ കാളേ.....!" മീതീന്‍പിള്ള പൊത്തോം എന്ന് പിന്നിലേക്ക് മറിഞ്ഞു വീണു. കുഞ്ഞിപ്പരീത് തല‍ക്ക് കൈയ്യും കൊടുത്ത് കുത്തിയിരുന്നു. ആക്ഷന്‍ കൗണ്‍സിലുകാര്‍ ആനന്ദ നൃത്തമാടി!

ചായക്കട ബീരാനാണ് ഒരു സോഡപൊട്ടിച്ച് മീതീന്‍പിള്ളയുടെ മുഖത്തൊഴിച്ചത്! ബോധം തിരിച്ചു കിട്ടിയ ആ ഹതഭാഗ്യനായ പിതാവ് ചാടിയെഴുന്നേറ്റ് കാറി..

"അറാമ്പറന്നോനേ.....!"

വാപ്പ വേലിപ്പത്തല്‍ ഊരണകണ്ട കുഞ്ഞിപ്പരീത് വിളിച്ചു പറഞ്ഞു " വാപ്പോ; ഞാനറിഞ്ഞുകൊണ്ടല്ലേ..; ഇതു ചതിയാ.. ...; എന്നെക്കൊല്ലല്ലേ...!" വാപ്പ അടങ്ങുന്നില്ല എന്നു കണ്ടതും കുഞ്ഞിപ്പരീത് പിടിവിട്ടു പാഞ്ഞു; പിറകെ പത്തലുപിടിച്ച മീതീന്‍‌പിള്ളയും! അവര്‍ കുടിയന്‍ജോസിന്റെ വിതച്ചിട്ട പാടത്തേക്കിറങ്ങണതുവരെ പാവം കാളയും നാട്ടുകാരും അത് നോക്കി നിന്നു! ശേഷം..അചിന്ത്യം..!

പത്തുകൊല്ലങ്ങള്‍ക്കു ശേഷം രണ്ടായിരത്തിപ്പതിനെട്ടിലാണ് ഞാന്‍ വീണ്ടും കുഞ്ഞിപ്പരീതിനെ കാണുന്നത്. സൗദിയില്‍ നിന്നും ചെന്നപ്പോള്‍ ആ പഴയ സ്നേഹിതനെ സന്ദര്‍ശിക്കാന്‍ പോയതാണ്. തേക്കാത്ത പഴയവീട്ടില്‍ എല്ലും തോലുമായ ഒരു രൂപം! ഒരേ ഒരു മോളുടെ ഊര്‍ന്നുപോകുന്ന പാവാട പറഞ്ഞു; പട്ടിണിയാണ്!

"മീതീന്‍പിള്ളക്ക..?"

"വാപ്പ മരിച്ചു; രണ്ടു കൊല്ലമായി!"

"കുഞ്ഞിപ്പരീത് എന്തു ചെയ്യുന്നു?"

"ഡോക്ടറാണ്, എം.ബി.ബി.എസ്, എം.ഡി!"

എനിക്കു സഹതാപം തോന്നി!

"ജോലിയൊന്നും കിട്ടിയില്ലേ?"

"കയ്യിലുള്ള ഈ എം.ബി.ബി.എസ്, എം.ഡി കൊണ്ട് എന്തു ജോലി കിട്ടാനാ? കിട്ടിയാ തന്നെ ഒരു ഡോക്ടര്‍കെന്താ കിട്ടുക? ദിവസക്കൂലി നൂറ്റമ്പത് രൂപ കിട്ടും. അതിനു തന്നെ എന്താ തെരക്ക്? നാടു നിറച്ചും ഡോക്ടര്‍‌മാരല്ലേ?"

എന്റെ സഹതാപം ഇരട്ടിച്ചു. അവന്‍ തുടര്‍ന്നു..

"നല്ല ശമ്പളം കിട്ടണ കൂലിപ്പണീം പാടത്തും പറമ്പിലും ജോലിയൊക്കെ ഇനി സ്വപ്നം കാണാന്‍ പോലും നമുക്കൊന്നും പറ്റില്ല! എസ്.എസ്.എല്‍.സി തോറ്റോരെ മതി അവര്‍ക്ക്. മക്കളെങ്കിലും നന്നായാ മതിയായിരുന്നു. എസ്.എസ്.എല്‍.സി തോല്‍ക്കാനൊക്കെ എന്താ ഒരു പാട്!"

അപ്പോഴേക്കും കുറേ ചുവപ്പു വസ്ത്രധാരികള്‍ അങ്ങോട്ടു വന്നു. യൂണിയന്‍ കാരാണ്; ഡോക്ടേഴ്സ്! അവകാശങ്ങള്‍ക്കു വേണ്ടിപ്പൊരുതുന്ന തൊഴിലാളീ സംഘടനയുടെ കരുത്തുറ്റ പ്രവര്‍ത്തകരാണവര്‍.

"വാ കുഞ്ഞിപ്പരീതേ..ഒരു ഹൃദയം മാറ്റിവക്കല്‍ ശസ്ത്രക്രിയയുണ്ട്! പൊയി നോക്കി നിന്നാല്‍ 'നോക്കുകൂലി' വാങ്ങാം..!"

"മോളേ; ആ തോര്‍ത്തിങ്ങെടുത്തേ, സ്റ്റെതസ്‌ക്കോപ്പും!" കുഞ്ഞിപ്പരീത് അകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു.

"എന്നാ വൈകീട്ട് കവലയില്‍ പന്നിമലത്തുന്നേടത്ത് കാണാം..!" കുഞ്ഞിപ്പരീത് എന്നെ യാത്രയാക്കി.

അവര്‍ കൂട്ടമായി നീങ്ങുമ്പോള്‍ നാളത്തെ ധര്‍ണ്ണക്കുള്ള മുദ്രാവാക്യം ഒരാള്‍ വായിക്കുന്നത് കേട്ടു; "ഞങ്ങള് കീറും വയറെല്ലാം ഞങ്ങടതാകും പൈങ്കിളിയേ..!"

അപ്പോള്‍ ആവഴിയിലൂടെ ഒരു നാടകത്തിന്റെ അനൗണ്‍സ്മെന്റ വാഹനം കടന്നുപോയി; "ആലുവ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍......നൂറാമത് നാടകം..."എസ്.എസ്.എല്‍.സി എന്നെ കമ്മ്യൂണിസ്റ്റാക്കി!"..!"

Monday, May 19, 2008

ഭദ്രാനന്ദസ്വാമിയും ആലുവപോലീസും പിന്നെ ഞാനും!

കുസൃതിക്കാലത്ത് കൂത്താടിയ സ്ഥലങ്ങള്‍ ടി.വി യില്‍ കാണുമ്പോള്‍ ആത്മാവില്‍ ദമ്മിട്ടടച്ച ആനന്ദത്തിന്റെ ബിരിയാണീച്ചെമ്പ് അറിയാതെ തുറന്ന് മനസ്സുമുഴുവന്‍ ആ മണം പരന്ന് കൊതിയൂട്ടാറുണ്ട്. കുഴിരാശിയും അരിയാസും ഏറുപന്തും കളിച്ച ആ രാക്ഷസപ്പാലച്ചോടും, അക്ഷരം കുത്തിക്കുറിച്ച് പഠിച്ച ക്ലാസ്സ് മുറികളും, ന്യൂഡല്‍ഹിയും രാജാവിന്റെ മകനും കണ്ട മാതാ മാധുര്യ തീയേറ്ററും ഒക്കെ ഇടക്കിടക്ക് ടി.വി യില്‍ പ്രത്യക്ഷപ്പെടുന്നത്കാണുമ്പോളുള്ള അനുഭൂതി പറഞ്ഞറിയിക്കാന്‍ ഇപ്പോള്‍ ഞാന്‍‌ മുതിര്‍ന്നാല്‍ അതങ്ങടു പോകും. ഏത്?

ഇന്നലെയും മിനിഞ്ഞാന്നുമായി ടി.വിയിലൊക്കെ ഒരു മുറി കാണിക്കുന്നില്ലേ? ആ അതു തന്നെ; ആലുവ പോലീസ്‌സ്റ്റേഷനില്‍ നമ്മുടെ ഭദ്രാനന്ദ സ്വാമികള്‍ രൗദ്രാനന്ദ സ്വാമികളാകുകയും പോലീസ്‌സേന കണ്ടിട്ടുപോലുമില്ലാത്ത വെള്ളിമുക്കിയ തോക്കെടുത്ത് വില്ലന്‍ കളിക്കുകയും, പോലീസുകാര്‍ വലിച്ചിട്ടു കൊടുത്ത കസേയില്‍ ഭദ്രമായിട്ടിരുന്ന് പോലീസിന്റെ ചെലവില്‍ മൊബൈല്‍ ചാര്‍ജ് ചെയ്ത് വിളിച്ചു കളിക്കുകയും ചെയ്ത മുറി. എന്റെ ഗ്രഹാതുരത്വം നിറയുന്ന ആ മുറിയെക്കുറിച്ച് ഇപ്പോഴല്ലാതെ പിന്നെ എപ്പോള്‍ പറയാനാണ്? ആ മുറിയും ഈ ആലുവവാലയുമായിട്ടെന്തു ബന്ധം എന്നല്ലേ? ഉണ്ട്! ആ മുറിയുമായിട്ടു മാത്രമല്ല; ഭദ്രന്റെ അടുത്ത് ഒരു പോലീസുകാരന്‍ ഇരുന്ന സ്റ്റൂളില്ലേ? ആ സ്റ്റൂളുമായിട്ടും, മൊബൈല്‍ചാര്‍ജ്ജര്‍ കുത്തിയ പ്ലഗ്ഗുമായിട്ടും ഒരു രാത്രിയിലേറെ നീണ്ട ബന്ധമുണ്ടെനിക്ക്! എങ്ങനെയെന്നല്ലേ? പറയാം!

ആലുവ പോലീസ് സ്റ്റേഷനില്‍ എന്റെ പേഴ്സണലായുള്ള രണ്ടാമത്തെ സന്ദര്‍ശനത്തിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. ഒന്നാമത്തേത് കോളേജില്‍ പഠിക്കുമ്പോള്‍ നിര്‍ത്താതെ പോയ കെ.എസ്.ആര്‍.ടി.സി ബസ്സിന് കല്ലെറിഞ്ഞതിനായിരുന്നു. കോളേജ് വിദ്യാര്‍ത്ഥിയുടെ ആനുകൂല്യത്തില്‍ അന്ന് ഒരുമണിക്കൂറിനു ശേഷം താക്കീതു ചെയ്ത് പറഞ്ഞുവിട്ടു.

രണ്ടാം സന്ദര്‍ശനം; ഒന്നാം സന്ദര്‍ശനത്തിനു കൃത്യം രണ്ടുകൊല്ലങ്ങള്‍ക്കു ശേഷം! ഒരു ശനിയാഴ്ച രാത്രി, സമയം പതിനൊന്നേ മുക്കാല്‍ മുക്കര മുക്കേ മുക്കാല്‍! നാട്ടില്‍‌ ജോലിചെയ്തിരുന്ന കമ്പനിയില്‍ ‍രാത്രി പന്ത്രണ്ടു മണീക്കുള്ള ഷിഫ്റ്റ് അറ്റന്റു ചെയ്യാന്‍ സ്വന്തം ഹീറോ ഹോണ്ടയില്‍ ഒരു മൂളിപ്പാട്ടും പാടിപ്പോകവേ, മാ‌ര്‍ത്താണ്ഡവര്‍മ്മ പാലം കഴിഞ്ഞ് എടയാര്‍ റൂട്ടിലേക്ക് നാല്പത്തഞ്ച് ഡിഗ്രിയില്‍ ബൈക്ക് ചരിച്ച എന്റെ നേരെ വഴിയില്‍ ഒളിച്ചു നിന്നിരുന്ന കാക്കിക്കാപാലകര്‍ കറുത്ത കൈകള്‍ കാണിച്ച് കാടി, ഛെ; ചാടി വീഴുകയായിരുന്നു.

എന്നെ ചെക്ക് ചെയ്ത പോലീസു കാരന്‍ ജീപ്പിലുരുന്ന് രണ്ടെണ്ണം വിടുകയായിരുന്ന എസ്.ഐ ഏലിയാസിനോട് വിളിച്ചു പറഞ്ഞു; "സാറേ, ഇവന് ലൈസന്‍സും, വണ്ടിക്ക് ബുക്കും പേപ്പറും കോപ്പും ഒന്നും ഇല്ല!"

"എന്നാ ആ താക്കോലിങ്ങോട്ട് ഊരിയെടുത്തോ, ഗോപാലാ..!"

"സാറേ, താക്കോലും ഇല്ലാന്നാ ഇവന്‍ പറയണേ..എവിടന്നെങ്ങാണ്ട് അടിച്ച് മാറ്റീട്ട് വന്നതാ..!" എന്ന് ഗോപാലന്‍ സാറ്.

എന്നെ അടുത്തേക്ക് വിളിച്ച് ചോദ്യം ചെയ്ത എസ്.ഐ യോട് "സാറേ, ഞാന്‍ ആ കമ്പനീല് ജോലിചെയ്യണതാ, തെരക്കില് എല്ലാം എടുക്കാന്‍ മറന്നതാ, ഇപ്പ കയ്യില് പത്തു രൂപേ ഉള്ളു, നൂറാണെങ്കി നാളെത്തരാം!" എന്നു കരഞ്ഞു പറഞ്ഞപ്പോ നല്ലവനായ എസ്.ഐയുടെ മനസ്സ് അലിഞ്ഞ് "എന്നാ, ഗോപാലാ, അവന്റെ ശകടം എടുത്ത് സ്റ്റേഷനിലേക്ക് പൊക്കോ, ഇവനിപ്പോ നടന്നു പൊക്കോട്ടെ, നാളെ സ്റ്റേഷനില് ബുക്കും പേപ്പറും താക്കോലും കൊണ്ടോന്നിട്ട് വണ്ടി കൊണ്ടോക്കോട്ടെ" എന്നു പറഞ്ഞതായിരുന്നു. അപ്പോഴേക്കും വായില്ക്കെടന്ന നാക്കില് മുരളീധരന്‍ കൂടി..!

"വണ്ടി തരാതെ ഞാന്‍ പോയാല് ശരിയാവില്ല സാറേ ; വണ്ടീ കോണ്ടൊകണോങ്കി രസീത് തരണം" എന്നു ഞാന്‍ വെറുതെ പറഞ്ഞു നോക്കിയതാ. "എന്നാ സാറ് വാ, രസീത് മുഴുവന്‍ സ്റ്റേഷനിലിരിക്കാണല്ലോ" എന്ന് എന്നോടും "എന്നാ സാറിനെ കേറ്റാല്ലേ സാറേ?" എന്ന് എസ്.ഐ യോടും വയറന്‍ ഗോപാലന്‍ പറയുകയും പറഞ്ഞതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു.

സ്റ്റേഷനില്‍ ചെന്നപ്പോഴല്ലേ, രസീത് ഇപ്പോ തരൂല്ലത്രേ! നാളെ രാവിലെയേ രസീത് കുറ്റി തുറക്കാന്‍ പറ്റൂ പോലും! ഒരു സ്റ്റൂള്‍ ചൂണ്ടിക്കാണിച്ചു ഗോപാലന്‍ സാറ്. അതെ! മിനിഞ്ഞാന്ന് ഭദ്രന്റെ കൂടെ പോലീസുകാരനിരുന്ന അതേ സ്റ്റൂള്. ആ സ്റ്റൂളാണ് ഈ സ്റ്റൂളെന്ന് എങ്ങനെ മനസ്സിലായി എന്നു മാത്രം ചോദിക്കരുത്. ചില സംഗതികള്‍ അംഗനെയാണ്. ബുഷിന്റെ മൂക്ക് കണ്ടാല്‍ സദ്ദാം പറയുമായിരുന്നില്ലേ "മിസൈല്‍" എന്ന്!

"സാറ് ഇവിടെ ഇരുന്നോ, രസീത് കുറ്റി തുറക്കുമ്പോ ആദ്യം തന്നെ തന്ന് വിട്ടോളാം ട്ടോ..!" എന്തൊരു മാന്യനാണ് ഗോപാലന്‍ സാറ്, എന്നേം സാറെന്നല്ലേ വിളീച്ചത്!

ഗോപാലന്‍ സാറ് പോയി, ഞാനും നീണ്ട പാറാവ്കാരന്‍ അനിയന്‍സാറും നീളമുള്ള ഒരു തോക്കും മാത്രമായി. അനിയന്‍ സാറ് കാഴ്ചയില്‍ അപ്പൂപ്പന്‍ സാറാണ് കെട്ടോ. തോക്കില്‍ ഉണ്ടയുണ്ടോ ആവോ? അനിയന്‍ സാറ് ടി.വിയില്‍ വാര്‍ത്ത കണ്ട് കണ്ട് ബോറടിച്ചുറങ്ങിപ്പോയി. പാവം! എനിക്കുണ്ടോ ബോറഡിക്കു കുറവ്? വാര്‍ത്തയിപ്പോ എന്തു കാണാനാ? അന്ന് വാര്‍ത്തകേള്‍ക്കാന്‍ ഇന്നത്രെ അത്ര ത്രില്ലൊന്നും ഉണ്ടായിരുന്നില്ല. ഏറ്റവും കൂടിയാല്‍ ഒരു ബലാത്സംഗം, ഒരു കൊല! മഹാ ബോറ്. പതുക്കെ മേശപ്പുറത്തിരുന്ന റിമോട്ട് കയ്യിലെടുത്തു. പാട്ടു ചാനലിനുള്ള തിരച്ചിലില്‍ ഡിസ്കവറിചാനലില്‍ എത്തിയതും ഒടുക്കം വരാന്‍ ഒരാന ചിന്നംവിളിച്ചു. അത് കേട്ട് അനിയന്‍ പോലീസ് ഞെട്ടിയുണര്‍ന്നു. "ഡാ..നീ ആളു കൊള്ളാല്ലോ! പോലീസ്റ്റേഷനിലെ ടി.വീല് ചാനലു മാറ്റിക്കളിക്കുന്നോ? റിമോട്ട് ഇവിടെത്താഡാ...!".
"സാറൊറങ്ങല്ലേന്നു കരുതിയാ!".

"നീ ഒറങ്ങണോര്ടെ ഒക്കെ ചാനല് മാറ്റുവോഡാ...? മര്യാദക്കിരുന്നോണം..? പിടിച്ച് തുണീയഴിച്ച് അകത്തിടും, എം.ബി.യെ ക്കാരനല്ലേ, നല്ലൊരു പയ്യനല്ലേ എന്നു കരുതിയപ്പോ, അവന്‍ ഞാനൊറങ്ങണ നോക്കണ്; ആഹാ..!". എം.ബി.യെ ക്കാരനോ? ഞാനോ? ഓ, ഗോപാലന്‍ സാറ് പറഞ്ഞതാകും. റോട്ടില്‍ വച്ച് ചോദിച്ചപ്പൊ ഒരു വെയിറ്റിനു വേണ്ടീ ഗോപാലന്‍സാറിനോട് എം.ബി.യെ ക്കാരനാണെന്നു പറഞ്ഞായിരുന്നു. അതുവരെ ഞാന്‍ ഒരുപാടു വഴക്കു പറഞ്ഞ എന്റെ നാവിനോട് എനിക്ക് ബഹുമനം തോന്നി. അനിയന്‍ സാറ് വീണ്ടും ഉറക്കം തുടങ്ങി.

രാത്രി ഷിഫ്റ്റുള്ള ദിവസം കമ്പനിയില്‍ എത്തിയാല്‍ ഉടന്‍ വീട്ടിലേക്ക് വിളിക്കാറുണ്ട്. എന്നിട്ടേ ഉമ്മ ഉറങ്ങാറുള്ളൂ. ഉമ്മ ഇതുവരെ ഉറങ്ങീട്ടുണ്ടാവില്ല. ബാറ്ററിചാര്‍ജ്ജ് തീരെ തീര്‍ന്നുപോയതിനാല്‍ കമ്പനിയില്‍ ചെന്നിട്ട് ചാര്‍ജ്ജ് ചെയ്യാം എന്നു കരുതി എടുത്ത എന്റെ അഭിമാനം എറിക്സണ്ടെ മൊബൈല്‍ സ്കിന്‍ടൈറ്റ് ജീന്‍സ് ഇഷ്ടിക വിഴുങ്ങിയത് പോലെ പോക്കറ്റില്‍ കിടക്കുകയാണ്. ഒന്നു ചുറ്റും നോക്കിയപ്പോള്‍ ഒരു പവര്‍ പ്ലഗ്ഗില്‍ ഹോളോബ്ലോക്ക് പോലൊരു ചാര്‍ജ്ജര്‍! എറിക്സണ്‍‌ടെ തന്നെയാണ്; സമാധാനമായി. കുത്തി! മിനിഞ്ഞാന്നു ഭദ്രന്‍ സ്വാമിയുടെ മൊബൈല്‍ചാര്‍ജ്ജര്‍ കുത്തി ഫെയ്മസായ അതേ പ്ലഗ്ഗായിരുന്നു അത്! ഉറങ്ങുന്നതിനു മുന്‍പ് അനിയന്‍ സാറ് വീണ്ടും വച്ച വാര്‍ത്തയും, കൊതുകിന്റെ അറുബോറന്‍ സംഗീതആല്‍ബവും, അനിയന്‍ സാറു സ്റ്റാര്‍ട്ട് ചെയ്ത കൂര്‍ക്കം വലിയുമായി പത്തു പതിനഞ്ചു നിമിഷങ്ങള്‍ കടന്നു പോയി. ഞാനും ഒന്നു മയങ്ങിത്തുടങ്ങിയിരുന്നു.

ജീപ്പിന്റെ സൗണ്ട് കേട്ടാണ് ഞങ്ങള്‍ രണ്ടുപേരും ഉണര്‍ന്നത്. രാത്രി ഇരപിടുത്തത്തിന് പുറത്ത് പോയിരുന്ന എസ്.ഐയും ഗോപാലന്‍ സാറും ഒന്നു രണ്ടു വേറെ പോലീസുകാരും തിരിച്ചു വന്നതാണ്. എസ്.ഐ കയറി വന്നയുടനെ എന്നോട് ചോദിച്ചു; "രസീത് കിട്ടിയോഡാ..?" ഞാന്‍ വളിച്ച ചിരി ചിരിക്കുന്നതിനിടെ എസ്.ഐയുടെ കണ്ണ് ചാര്‍ജ്ജ് ചെയ്യാന്‍ വച്ചിരുന്ന എന്റെ മൊബൈലിലേക്ക് നല്ല കിണ്ണനായി പതിഞ്ഞിരുന്നു. അങ്ങനെയൊന്ന് കുത്തിവച്ചിരുന്നല്ലോ എന്ന് അപ്പോഴാണ ഞാന്‍ ഓര്‍ക്കുന്നത് തന്നെ.

"ചാര്‍ജ്ജ് കേറുന്നുണ്ടോ?" എസ്.ഐയുടെ സ്നേഹാന്വേഷണം!

"ഉവ്വാ, ഇപ്പക്കുത്തിയേ ഉള്ളു!"

"എന്നാ സാറു വാ, അകത്തേക്കിരിക്കാം". ദേ എസ്.ഐ യും എന്നെ സാറേന്നു വിളിക്കുന്നു!

"ഒ.കെ; സംസാരിക്കാനായിരിക്കും!"

"ഇങ്ങോട്ടിരിക്കാം".

"എങ്ങോട്ട്?"

"ദേ; ഇങ്ങോട്ട്!"

"അല്ലാ; അത് സാറിന്റെ ചെയറല്ലേ?"

"ഹേയ്! നീയല്ലേ ഇപ്പോ ഈ സ്റ്റേഷന്റെ അധികാരി? നീ വേണം ഇനി ഇവിടെ ഇരിക്കാന്‍; ഇരിക്കെഡാ"

പെട്ടെന്നുള്ള 'ഇരിക്കെഡാ'യില്‍ ഞെട്ടിപ്പോയ ഞാന്‍ എസ്.ഐ യുടെ സീറ്റില്‍ കേറി ഇരിക്കാനാഞ്ഞതും എസ്.ഐ ഉറക്കെ വിളിച്ചു "ഗോപാലാ....!" "ഇവനെ എടുത്ത് അകത്തിട്, അവടെക്കെടക്കട്ടെ; സമ്മാനം നാളെക്കൊടുക്കാം!"

"സാറേ; അതില് വെള്ളിപ്പല്ലന്‍ വാസുവും ടീമും കെടന്ന് ഒറക്കത്തിലാ; ഇവനെ അതിലിടണോ?"

"എന്നാ അവനെ ആ സ്റ്റൂളില്ക്കേറ്റി നിര്‍ത്ത്; മുള്ളാന്‍പോലും വിടണ്ട; അവന്റെ മൊബൈല്‍ എന്റെ മേശേല് വച്ച് പൂട്ട്!"

നിര്‍ത്തി! സ്റ്റൂളിന്റെ മോളില്‍തന്നെ കേറ്റി നിര്‍ത്തി. എസ്.ഐ വീട്ടില്‍ പോയി. ഗോപാലന്‍ സാറ് കുളിക്കാനും. അനിയന്‍ സാറ് കൂര്‍ക്കം വലിച്ചു. രാവിലെ എന്നെ ഇറക്കാന്‍ മൂത്താപ്പ വരുന്നത് വരെ ഞാന്‍ ആ സ്റ്റൂളില്‍ തന്നെ നിന്നു. അങ്ങനെയാണ്‍ ആ മുറിയും സ്റ്റൂളും പ്ലഗും എന്റെ ഗൃഹാതുരതയില്‍ പടര്‍ന്നു കയറുന്നത്! പടര്‍ന്നു കയറിയില്ലെങ്കിലേ അത്ഭുതമുള്ളൂ!

ഇന്നലെ വീണ്ടും ഞാനാ മുറിയും സ്റ്റൂളും പ്ലഗും കണ്ടു. പാവപ്പെട്ട, സല്‍സ്വഭാവിയായ എനിക്കു പകരം അവിടെയുണ്ടായിരുന്നത് തട്ടിപ്പിന്റെ തട്ടിന്‍പുറത്താശാന്‍ ഭദ്രാനന്ദ എന്ന എച്.എം.ഭദ്രനായിരുന്നു. മൂന്നു പോലീസുകാര്‍ക്കു പകരം മുപ്പത് പോലീസുകാര്‍. പിന്നെയുമുണ്ടായിരുന്നു ഒട്ടേറെ പ്രത്യേകതകള്‍!ഞാന്‍ റിമോട്ട് എടുത്തിടത്ത് ഭദ്രന്‍ തോക്കെടുത്തു! എന്റെകയ്യില്‍ റിമോട്ട്കണ്ട് കലിയായ പോലീസുകാരന്‍ ഭദ്രന്റെകയ്യില്‍ തോക്കു കണ്ട് എലിയായി! ഞാന്‍തന്നെ കുത്തിയ എന്റെ മൊബൈല്‍ ചാര്‍ജ്ജര്‍ എസ്.ഐ മേശയില്‍ വച്ചു പൂട്ടിയേടത്ത് ഭദ്രന്റെ ചാര്‍ജ്ജര്‍ പോലീസുകാര്‍ കുത്തിക്കൊടുത്തു! ഞാന്‍ സ്റ്റൂളില്‍ നിന്നേടത്ത് ഭദ്രന്‍ കസേരയില്‍ ഭദ്രാസനം ചെയ്തു. പോലീസുകാര് എന്നെ തെറി പറഞ്ഞേടത്ത് ഭദ്രന്‍ പോലീസിനെയും പത്രക്കാരെയും തെറി പറഞ്ഞു; അവസാനം, എല്ലാത്തിനും ആരംഭമെന്നവണ്ണം, രണ്ട് വെടിയും പൊട്ടിച്ചു!

ഇപ്പോള്‍ ഞാന്‍ ആശിച്ചുപോകുന്നു; അന്നു ഞാനൊരു ഭദ്രനായിരുന്നെങ്കില്‍ നില ഏറെ ഭദ്രമായിരുന്നേനെ! സന്തോഷ് മാധവനായിരുന്നെങ്കില്‍ ഏറെ സന്തോഷവും വിശ്വചൈതന്യയായിരുന്നെങ്കില്‍ കുറേക്കൂടി ചൈതന്യവും ഉണ്ടായിരുന്നേനെ! പക്ഷെ ഇങ്ങനെ ആശിക്കുമ്പോള്‍ തന്നെ ഞാന്‍ ഒന്നോര്‍ക്കണം; എം.ബി.എ ക്കാരന്‍ എന്നു പറഞ്ഞില്ലായിരുന്നെങ്കിലോ?

Sunday, May 4, 2008

എങ്ങനെ തുടങ്ങണം ?

പലഹാരപ്പൊതികിട്ടിയാല്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ജിലേബിയാണ് ഞാനാദ്യം കഴിക്കുക. ആക്രാന്തം കൊണ്ടോ ചെറുപ്പത്തില്‍ സംഭവിച്ച ഏതെങ്കിലും ജിലേബി നഷ്ട ദുരന്തത്തിന്റെ ആഘാതം കാരണമായോ ഞാനറിയാതെ എന്റെ മനസ്സ് കൈക്കൊണ്ട ഒരു മുന്‍‌കരുതലാകാമത്!. ജിലേബിക്കൊതിയനായ കുഞ്ഞുമ്മാടെ കുഞ്ഞുമോന്‍ സുഹൈലും കൊച്ചാപ്പാടെ കൊച്ചുമോള്‍ അസ്മയും ആ മധുരസ്വരൂപത്തെ അവസാനത്തെ സുദീര്‍ഘമായ കഴിക്കാക്കഴിപ്പിനു വേണ്ടി പാത്രത്തിന്റെ ആള്‍ സാമീപ്യമില്ലാത്ത മൂലയിലേക്ക് സ്ഥാപിക്കുകയും അവരുടെ ഒരു കണ്ണ് അതിന്റെ സുരക്ഷക്കായി നീക്കി വക്കുകയും ചെയ്യും. ഞാനിത് പറഞ്ഞത് ആ കുട്ടികളെ എരികേറ്റാനോ കരയിപ്പിക്കാനോ അല്ല; പ്രിയമുള്ളതില്‍ ആദ്യം കൈവക്കുക എന്ന എന്റെ ശീലം ബ്ലോഗിംഗിനുള്ള വിഷയം തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പാലിക്കപ്പെട്ടില്ലല്ലോ എന്ന കുണ്ഠിതം പങ്കുവക്കാന്‍ മാത്രമാണ്.

വിരലില്‍ എണ്ണാവുന്നത്ര, അതും നിലവാരം കുറഞ്ഞവ മാത്രമേ എനിക്കെഴുതാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നത് വിനയത്തിനു വേണ്ടീ ഞാന്‍ പറയുന്നതല്ല എന്നതിന് "ആലുവവാല" സാക്ഷിയാണ്. ഒന്നിനെയും ഞാന്‍ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ലെങ്കിലും നിലവിലുള്ള ബ്ലോഗിംഗിന്റെ സ്വഭാവവും സമ്പ്രദായങ്ങളും എന്റെ വിഷയ തിരഞ്ഞെടുപ്പുകളില്‍ വല്ലാതെ ഇടപെട്ടിട്ടുണ്ട് എന്ന് തെല്ലത്ഭുതത്തോടെ ഞാന്‍ തിരിച്ചറിയുന്നു. വിഷയങ്ങള്‍ക്കു വേണ്ടീ ചുറ്റുപാടുളിലേക്ക് നോക്കുന്നത് തെറ്റാണോ? അല്ല!. എങ്കിലും ആ ചുറ്റുപാടുകള്‍ എനിക്ക് തന്ന വിഷയങ്ങളേക്കാള്‍ പതിന്‍‌മടങ്ങ് എന്നെ തൃപ്തിപ്പെടുത്തുന്ന ഒരു വിഷയംഎന്റെ ആത്മാവിന്റെ മരതകക്കൂട്ടില്‍ വേരൂന്നി എന്റെ ജന്മം മുഴുവന്‍ പടര്‍ന്ന് പന്തലിച്ച്, നിശ്വാസവും, വിശ്വാസവുമായി കുടികൊള്ളൂന്ന വിവരം എനിക്കറിയാതിരുന്നതല്ലല്ലോ?. എന്നിട്ടും അതു തൊടാതെ മാറ്റിവച്ചുകൊണ്ട്, ചുറ്റുവട്ടത്തേക്ക് എടുത്ത് ചാടിയത് കൊടിയ പാതകമാണെന്നും ആ മഹത്വത്തെക്കുറിച്ചെഴുതുന്നത് വരെ ഞാന്‍ എഴുതിയ സകലതും വിലയില്ലാതെ പോകുന്നു എന്നതും സത്യം തന്നെയാണ്.

ഇപ്പോഴും എന്താണാ വിഷയം എന്നു പറഞ്ഞില്ല. ഇതിനു മുന്‍പും ഇങ്ങനെത്തന്നെയായിരുന്നു. ശ്രമിക്കാഞ്ഞിട്ടല്ല. ഭയമാണെനിക്ക്. എങ്ങിനെ തുടങ്ങണം എന്ന സന്ദേഹമാണ്. അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ അതുമിതും പറഞ്ഞ് ചുറ്റിത്തിരിയുന്നത്. അതെ ഇപ്പോഴും എനിക്കു കഴിയുന്നില്ല; ആ വിഷയം ഗംഭീരമായി ഒന്നു തുടങ്ങി വക്കാന്‍‍ പോലും. കുറേ കൊല്ലം എഴുതി എഴുതി തഴക്കവും പഴക്കവും ഒക്കെ വന്നതിനു ശേഷം അതിനെക്കുറിച്ച് എന്തെങ്കിലും ഒക്കെ എനിക്കെഴുതാന്‍ കഴിഞ്ഞേക്കും.

എഴുതിയവയില്‍ എനിക്കേറ്റവും ഇഷ്ടം എന്റെ വാപ്പയെക്കുറിച്ച് ഞാനെഴുതിയ കവിതയാണ്. എന്റെ ബാക്കിയിള്ള എഴുത്തുകളെക്കുറിച്ച് ആളുകള്‍ പറയുന്നത് പോലെ ഇത് കവിതയല്ല എന്നാരെങ്കിലും പറഞ്ഞാല്‍ ഞാന്‍ സമ്മതിച്ചെന്നു വരില്ല. ശ്രോതാക്കളെ അതെത്രകണ്ട് സ്വാധീനിക്കും എന്നത് ആ കവിതയുടെ കാര്യത്തില്‍ എനിക്ക് പ്രശ്നമേ അല്ല. അതെന്നെ വല്ലാതെ സ്വാധീനിക്കുന്നു, കണ്ണു നിറക്കുന്നു, മനസ്സും നിറക്കുന്നു.

ആ കവിത അവസാനിക്കുന്നേടത്ത് നിന്നും ഈ വിഷയം തുടങ്ങുന്നു. പക്ഷെ ആ അവസാനം ആ കവിതയെ മുച്ചൂടും ചൂഴ്ന്ന് പിതൃമാഹാത്മ്യം ആരംഭിക്കുന്നേടത്ത് നിന്നുതന്നെ ആരംഭിക്കുകയും വാപ്പയുടെ സര്‍‌വ മഹത്വത്തിനും കാരണഭൂതമാകുകയും ചെയ്യുന്നു!

പടച്ചവനെ സാക്ഷി നിര്‍ത്തി, നിങ്ങളെയും സാക്ഷി നിര്‍ത്തി ആ വിഷയത്തിനു തുടക്കം കുറിച്ചു‌കൊണ്ട് ആ അവസാനത്തെ വരി ഇവിടെ ഞാന്‍ എഴുതട്ടെ.. എന്റെ ഒരു തൃപ്തിക്കു വേണ്ടി..!
"എന്‍ പ്രിയമാതാവല്ലേ എന്നുമാ വലം കയ്യായ്, സത്യത്തിന്‍ സ്വരൂപമായ് തത്വസംഹിതയായി!."