
ആയിരം പാദസരങ്ങള്‍ കിലുങ്ങി 'ആലുവാപുഴ' പിന്നെയുമൊഴുകി എന്ന പാട്ട് കേള്‍ക്കാന്‍ തുടങ്ങിയതുമുതല്‍ ഞാന്‍ അഭിമാനത്തോടെ വാരിയണിഞ്ഞതാണ് ആലുവക്കാരന്‍ എന്ന ആഭരണം. പിന്നീട് പാദസര്‍ം കിലുക്കി വരുന്ന സുന്ദരിപ്പെണ്‍കിടാങ്ങളെ ആലുവപ്പുഴ എന്നു കളിയാക്കിയത് മുതലല്ലേ എന്നില്‍ ഭാവന മൊട്ടിട്ടത് എന്നു ഞാന്‍ സംശയിക്കുന്നു. ദയവു ചെയ്ത്, 'ഏതു ഫാവന' എന്നൊക്കെ ചോദിച്ച് എന്റെ ഭാവനാ ശുദ്ധിയെ ചോദ്യം ചെയ്യരുത്. പക്ഷെ, ആലുവാപുഴയുടെ തീരത്ത് പലവട്ടം പോയിരുന്നിട്ടും വയലാര്‍ കേട്ട പാദസരത്തിന്റെ കിലുക്കമൊന്നും ഞാന്‍ കേട്ടിട്ടില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയെ എന്റെ ഈ ശുദ്ധഭാവന ചോദ്യം ചയ്തിട്ടുണ്ട് എന്നത് വേറെകാര്യം!
ആലുവയില്‍ അഭിമാനിക്കാന്‍ മാത്രം ഇത്രവലിയ അമ്പഴങ്ങ എന്തിരിക്കുന്നു എന്നു ചോദിക്കുന്നവര്‍ ആലുവയെക്കുറിച്ചറിയാത്തവരല്ല, മറിച്ച് അഭിമാനത്തെ കുറിച്ചറിയാത്തവരാണെന്ന് ഞാന്‍ പറയും. ലോകത്തെ എല്ലാ പിറപ്പുകളും സ്വന്തം നാടിനെക്കുറിച്ചു പറയുമ്പോളുണ്ടാകുന്ന ഒരു വികാരമുണ്ടല്ലോ; അതിനെ മലയാളത്തില്‍ അഭിമാനം എന്നു വിളിക്കപ്പെടുന്നു എന്ന് അത്തരക്കാര്‍ക്കുവേണ്ടി ഞാന്‍ പറഞ്ഞു വക്കട്ടെ. ആ നാട്ടില്‍ ആലുവാപുഴ പോലൊരു പുഴയുണ്ടാകണമെന്നോ, ആ പുഴയുടെ പാദസരം പാട്ടില്‍ കിലുങ്ങണമെന്നോ യാതൊരു നിബന്ധനയുമില്ല. എന്തുചെയ്യാം, എല്ലാ നാടുകള്‍ക്കും അതിനുള്ള ഭാഗ്യമൊന്നും ഈശ്വരന് കൊടുത്തില്ലല്ലോ. എന്നാല്‍ ആലുവയെപ്പോലെ അതൊക്കെയുള്ള ഒരു നാടിന്റെ സന്തതിക്ക് പലവട്ടം അഭിമാനിക്കാന്‍ മറ്റെന്തുവകയാണു വേണ്ടത്? അതുകൊണ്ടുതന്നെ ആലുവവാല എന്ന പേരിന്റെ സമ്പൂര്‍ണ്ണാര്‍ത്ഥം കേവലം ആലുവക്കാരന്‍ എന്നല്ല; അഭിമാനിയായ ആലുവക്കാരന്‍ എന്നാണ്! സാന്ദര്‍ഭികമായിപ്പറയട്ടെ, മറ്റു പല സന്ദര്‍ഭങ്ങളിലും അഭിമാനം എന്ന ഈ വികാരം ഇടിച്ചുകേറി വരാറുണ്ട്, അതൊക്കെ സമയാസമയങ്ങളില്‍ ഓരോരുത്തരും അനുഭവിച്ചുകൊള്ളട്ടെ.!
എന്നാല്‍ ഒരുപാടുകാരണങ്ങളാല്‍ ചിലര്‍ക്കൊക്കെ സ്വന്തം നാടിനെക്കുറിച്ചു പറയുമ്പോളുണ്ടാകുന്ന വികാരത്തിന് 'അപമാനം' എന്നാണു പേര്. അതെന്താ അങ്ങനെ എന്നു ചോദിക്കുന്നവര്‍ക്ക് അപമാനത്തെക്കുറിച്ചും ഒരു ചുക്കും അറിയില്ല എന്നേ എനിക്കുത്തരം നല്കാന് കഴിയൂ. പിണരായി, അഴീക്കോട്, മാള തുടങ്ങിയ സ്ഥലങ്ങളില്‍ ജനിച്ചുപോയവരോട് ചോദിച്ച് അപമാനത്തെക്കുറിച്ചു പഠിക്കാന്‍ ഞാന്‍ അവരെ ഉപദേശിക്കുന്നു. തച്ചങ്കരി എന്നത് സ്ഥലപ്പേരാണെങ്കില്‍ അബദ്ധത്തില്‍ പോലും അവരോടൊന്നും അപമാനത്തെക്കുറിച്ച് ചോദിച്ചേക്കല്ലേ, ലോക്കപ്പിലിട്ട് ഉരുട്ടിക്കൊന്നുകളയും. ഉരുണ്ട മയ്യത്തിന് ഭംഗി തീരെ കുറവാണ്!
ഗള്‍ഫില്‍ അറബികള്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. "നീ ഇന്ത്യക്കാരനാണോ അതോ കേരളയോ?". നല്ല ചോദ്യം. കേരളം മറ്റൊരു രാഷ്ടമാണെന്ന് അവര്‍ തെറ്റിദ്ധരിച്ചതിന്റെ കാരണം എണ്ണാനറിയുന്ന നിങ്ങളോട് ഞാന്‍ പറയണ്ടല്ലോ? ഭാഷയിലും, രൂപത്തിലുമൊക്കെയുള്ള വ്യതാസങ്ങളും അതിനു കാരണമായിട്ടുണ്ടാകാം! 'ഇന്ത്യ' എന്നുത്തരം കൊടുത്താല്‍ അവര്‍ പറയും "ഹിന്ദി..കുല്ലു കൊയ്സ്, കേരള..മുശ്കില (ഇന്ത്യക്കാരൊക്കെ നല്ലവരാ..പക്ഷെ..കേരളക്കാര് പ്രശ്നമാ). ഇനി 'കേരള' എന്നുത്തരം കൊടുത്താല്‍ തിരിച്ചായിരിക്കും അവരുടെ പ്രതികരണം. ഇതുരണ്ടും കേള്‍ക്കാന്‍ എനിക്കിഷ്ടമല്ല. കാരണം ആ പേരുകള്‍ ഞരമ്പുകളില്‍ ചോരതിളപ്പിക്കുകയും അന്തരംഗം അഭിമാനപൂരിതമാക്കുകയും ചയ്യുന്നവനാണ് ഞാന്‍ എന്നതുതന്നെ.
ഒരിക്കല്‍ ഞാനും നേരിട്ടു ആ ചോദ്യം. "നീ ഇന്ത്യക്കാരനോ അതോ കേരളയോ?" കണ്‍ഫ്യൂഷന്റെ മൂര്‍ദ്ധന്യത്തില്‍ ഞാന്‍ പറഞ്ഞുപോയി "ആലുവ"! ഒരു നിമിഷം, രണ്ടൂ നിമിഷം..ആലോചിച്ച് ആ മഹാന് മറുപടി അരുളിച്ചെയ്തു.."ആള്‍വ കൊയ്സ്..ലാകിന് ഹിന്ദി വ കേരള കുല്ലു ഹറാമി..!!(ആള്‍വ കൊള്ളാം പക്ഷെ ഇന്ത്യയും കേരളയും മുഴുവന്‍ കള്ളന്മാരാണ്)". ആദരണീയ തച്ചങ്കരി സാറേ.. ഇനി ബന്ധുവീട്ടീപോണെന്നു കള്ളം പറഞ്ഞ്..ജോലിയില്‍ നിന്നു മുങ്ങി ഗള്‍ഫില്‍ വരുമ്പോള്‍ ടിയാന്റെ കാര്യം അങ്ങ് ഏറ്റോളേണമേ..!
ഇന്ത്യക്കാരേ..കേരളീയരേ.. ഇനിപ്പറ..! ഞാന്‍ ആലുവാക്കാരന് എന്നഭിമാനിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ? പക്ഷെ..ആ അറബിയെപ്പോലെ എനിക്കും ഇപ്പോള്‍ ഒരേയൊരു സംശയമേയുള്ളു, ആരാ ആലുവയിലെ പ്രധാനമന്ത്രി?
7 comments:
ഇന്ത്യക്കാരേ..കേരളീയരേ.. ഇനിപ്പറ..! ഞാന്‍ ആലുവാക്കാരന് എന്നഭിമാനിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ? പക്ഷെ..ആ അറബിയെപ്പോലെ എനിക്കും ഇപ്പോള്‍ ഒരേയൊരു സംശയമേയുള്ളു, ആരാ ആലുവയിലെ പ്രധാനമന്ത്രി?
ഏതായാലും ആലുവയിലെ പ്രധാനമന്ത്രി ഞാനല്ലാട്ടാ .....
alivaayile prime ministeraavaan mOhanDo?
നമ്മുടെ നാട്ടുകാരു തന്നെ അല്ലേ ഈ ചീത്തപ്പേര് ഉണ്ടാക്കി വയ്ക്കുന്നത്.
അല്ല, പ്രധാനമന്ത്രി അങ്കമാലിയിലായിരുന്നില്ലേ? പുള്ളി ഇപ്പോ ആലുവായ്ക്ക് പോയോ? ;)
വായിച്ചില്ലാ.. ഫോണ്ട് കാണാന്‍ കൊള്ളില്ലാ,
അതോണ്ട് വായിക്കാന്‍ തോനീലാ.. സോറി
ഹലോ.. ആലുവാക്കാരാ...
പ്രധാനമന്ത്രി സ്ഥലത്തുണ്ടൊ...?
ഇത് ആരെങ്കിലും വായിക്കുമ്പോള്‍ എനിക്കെന്തെങ്കിലും ലാഭമുണ്ടെങ്കിലല്ലേ വായിക്കാതിരിക്കുന്നവര്ക്ക് നഷ്ടമുണ്ടാകൂ..!!!! ഫോണ്ടിനെ കുറച്ച് ഫെയര്‍ & ലൗലി തേച്ച് ഉടന്‍ കാണാന്‍ കൊള്ളാവുന്നതാക്കുന്നുണ്ട്..അപ്പോള്‍ വായിക്കാം..!
വി.കെ - പ്രധാനമന്ത്രിയാരാ എന്നറിയാത്ത എന്നോടുതന്നെ ചോദിക്കണം പ്രധാനമന്ത്രി സ്ഥലത്തുണ്ടോ എന്ന്... :)
എല്ലാവര്ക്കും നന്ദി..
Post a Comment