Tuesday, April 22, 2008

മീതീന്‍‌കുഞ്ഞിന്റെ വിമാനയാത്ര..!

വിമാനത്തില്‍ എങ്ങനെ കയറണം, എന്തൊക്കെചെയ്യണം എന്ന് മീതീന്‌കുഞ്ഞിന് പറഞ്ഞ് കൊടുത്തത്, മസ്കറ്റില്‍ രണ്ട് കൊല്ലം കൈലുംകുത്തി നടന്ന്, അതേ കൈലും കൊണ്ട് തിരിച്ചുവന്ന് ഇപ്പോള്‍ നാടു നീളെ കുത്തി നടക്കുന്ന മാണിക്യന്‍ കാദര്‍ എന്ന കാദര്‍ക്കയാണ്.

ബീരാന്‍‌ക്കാടെ 'ഒബറോയി' ചായക്കടയുടെ പുറത്തെ ബഞ്ചിരുന്നുള്ള മീതീന്‍‌കുഞ്ഞിന്റെയും കാദര്‍‌ക്കാടേം കുശുകുശുപ്പ് അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ഞങ്ങള്‍ വിവരകുതുകികളായ യുവാകോമളന്‍‌മാര്‍ വിദഗ്ധമായി വേണ്ടാത്തത് പ്ലാന്‍ ചെയ്യുകയും ചാരപ്പണി ചെയ്ത് വിവരം യഥാസമയം ധരിപ്പിക്കാന്‍ രണ്ടു കൂര്‍മ്മ ചെവിയന്മാരെ ഉത്തരവാദിത്തപ്പെടുത്തുകയും ചെയ്തു. പൊടിപ്പിനും തൊങ്ങലിനും പേരുകേട്ടവരായ ചാരസുന്ദരന്‍‌മാര്‍ പിറ്റേദിവസം തന്നെ സബ്മിറ്റ് ചെയ്ത കുശുകുശുപ്പ് റിപ്പോര്‍ട്ടില്‍ നിന്നാണ് അവരുടെ വിഷയം വിമാനയാത്രയിലെ മര്യാദകളൂം, 'ഏര്‍ ഗോസ്റ്റുകളും', 'വിമാനത്താവളത്തിലെ‍ എന്റെ മുഖഭാവം' തുടങ്ങിയവയൊക്കെയാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായത്.

എടത്തല മുഴുവന്‍ മീന്‍ വിറ്റുനടക്കുന്നതിനിടയില്‍ എവിടെയോവ്ച്ച് മിതീന്‍‌കുഞ്ഞിന്റെ 'തീ' നഷ്ടപ്പെടുകയും, 'മീന്‍‌കുഞ്ഞാ'യി മാറുകയും ചെയ്തു എന്നു മാത്രമല്ല ആ ബാക്കിയുള്ള പേരിനോടൊപ്പം കടക്കാര്‍ 'ക' യും 'പു' യും കൂടി ചേര്‍ത്തുവിളിക്കാന്‍ തുടങ്ങിയപ്പോഴാണ് കക്ഷി ഗള്‍ഫ് എന്ന അഭയസ്വര്‍ഗ്ഗത്തില്‍ വിശ്വസിക്കാന്‍ തുടങ്ങിയത്.മരുഭൂമിയില്‍ ഒരു വള്ളിത്തോട് ഒഴുകുന്നതായും, കമ്മ്യൂണിസ്റ്റ് പച്ചയും, ചീരയും ഒക്കെ അവിടെ വളരുന്നതായും അവിടെ ഒരു റോസാപൂവ് വിടരുന്നതുമായ കാഴ്ചകള്‍ മീതീന്‍‌കുഞ്ഞ് സ്വപ്നത്തില്‍ കണ്ടുവത്രെ!

"ആ വിടര്‍ന്ന റോസാപൂവ് ഞാനായിരിക്കും, ഇങ്ങട് നോക്ക്യേ" എന്ന് തന്റെ മുഖം കാണിച്ച് കൊണ്ട് അവന്‍ കാദര്‍‌ക്കായോട് പറഞ്ഞതായും കാദര്‍‌ക്ക ഒന്ന് തിരിഞ്ഞ് ചുറ്റും നോക്കിയതായും കുശുകുശുപ്പു റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്, വിശ്വാസ്യയോഗ്യമായ തെളിവില്ലെങ്കിലും.

ഏതായാലും, യാത്രപറച്ചിലിനും കരച്ചിലിനും ശേഷം മീതിന്‍‌കുഞ്ഞിന്റെ വിമാനയാത്രക്കു നേരമായി. കൈലിമുണ്ടും കള്ളിഷര്‍ട്ടും ഇട്ടല്ലാതെ നാട്ടിലെ ഒരു കുഞ്ഞും ഇന്നുവരെ കണ്ടിട്ടില്ലാത്ത മീതീന്‍‌കുഞ്ഞിനെ കറുത്ത പാന്റ്സും വെള്ളയില്‍ നീല വരയുള്ള ഷര്‍ട്ടും ബാറ്റാ ഷൂസും ഇട്ടു കണ്ടപ്പോള്‍ പലര്‍ക്കും ചിരിവന്നെങ്കിലും മോന്റെ വളര്‍ച്ച സ്വപ്നം കാണുന്ന അവന്റെ ഉമ്മ ഉമൈബത്താക്ക് മീതീന്‌കുഞ്ഞിനെ രണ്ടാമത് പ്രസവിക്കുന്നതിന്റെ വേദനയായിരുന്നു. ആദ്യ പ്രസവം ഗര്‍ഭപാത്രത്തില്‍നിന്നും ഈ ലോകത്തേക്കായിരുന്നുവെങ്കില്‍ ഈ പ്രസവം തന്റെ കരവലയത്തില്‍നിന്നും ജീവിതത്തിന്റെ ചുട്ടുപഴുത്ത മറ്റൊരു ലോകത്തേക്കാണ്. ലോകത്തെ ഒരു പ്രവാസിയുടെയും മാതാവ് ഈ രണ്ടാം പ്രസവ വേദന അനുഭവിക്കാതിരുന്നു കാണില്ല. ആദ്യ പ്രസവത്തില്‍ പൊക്കിള്‍ക്കൊടി കത്തികൊണ്ട് അറുത്തുമാറ്റപ്പെടുന്നുവെങ്കില്‍ ഈ പ്രസവത്തില്‍ അതു വല്ലാതെ വലിഞ്ഞുമുറുകി കഠിന വേദനയുടെ കാട്ടുതീ പടര്‍ത്തുമെങ്കിലും മാതാവും മക്കളും പല്ലുകടിച്ചമര്‍ത്തി കാലാകാലം അതങ്ങനെ പൊട്ടാതെ സൂക്ഷിക്കും!.

ഉമൈബത്തയുടെ നൊമ്പരം അവിടെ കൂടിയ ഒരുകുഞ്ഞിന്റെയും കണ്ണ് നിറക്കാതിരുന്നതായി ഞാന്‍ കണ്ടീല്ല. പക്ഷെ, മീതീന്‍‌കുഞ്ഞിന്റെ മുഖത്ത് ഒരു വലിഞ്ഞു മുറുകിയ പുഞ്ചിരിയുണ്ട്. പോയിക്കഴിഞ്ഞ ഇല്ലായ്മയുടെ സുഖത്തിനു നേരെയോ വരാനിരിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് നേരെയോ എന്നറിയില്ല, എങ്കിലും പൊക്കിള്‍ക്കൊടി വലിഞ്ഞു മുറുകുന്നതിന്റെ വേദന ആ പുഞ്ചിരിയില്‍ കിടന്നു പിടക്കുന്നത് ഞാന്‍ കണ്ടു.

വിമാനത്താവളത്തിലേക്ക് വണ്ടി ചെന്നു നിന്നപ്പോള്‍ എന്തു വികാരമാണ് അവനുണ്ടായിരുന്നത്? എനിക്കറിയില്ല! ആ പരന്ന കെട്ടിടത്തിന്റെ കല്ലുകള്‍ക്കും ചില്ലുകള്‍ക്കുമപ്പുറത്ത് പ്രിയപ്പെട്ട പുഴയും, ബഹുമാനപ്പെട്ട ചാളയും, മുല്ലയും, മൊല്ലാക്കയും ഒന്നുമില്ലാത്ത ഒരു ലോകമുണ്ടെന്നും അവിടുത്തെ സൂര്യന്‍ ക്രൂരനാണെന്നും, അതിനു കീഴിലാണ് താന്‍ പണിയെടുത്ത് ജീവിക്കേണ്ടതെന്നുമൊക്കെയുള്ള തിരിച്ചറിവ് അവനില്ലാഞ്ഞിട്ടല്ല. ആരെയും വിഷമിപ്പിക്കാതിരിക്കാന്‍ അവന്‍ അവന്റെ വിഷമത്തിന്റെ കാലില്‍ തോട്ടി വച്ച് അടക്കി നിര്‍ത്തിയതാണ്. തന്നെക്കണ്ട് താനേ പിന്‍‌മാറിയ വിമാനത്താവള വാതിലിനെ നോക്കി പുച്ഛത്തോടെ ചിരിച്ചുകൊണ്ട്, അടുത്ത് വന്ന് നിര്‍ദ്ദേശം കൊടുത്ത തരുണിയെ തെല്ലും വകവക്കാതെ ആ കറുത്ത് കുറുകിയ കുഞ്ഞു മീതീന്‍‌കുഞ്ഞ് അകത്തെക്ക് കയറിപ്പോയി.

ഇപ്പോള്‍ അവനു കൂട്ട് കയ്യിലെ ചെറിയ പെട്ടിയും മാണിക്യന്‍ കാദര്‍ക്കായുടെ വലിയ നിര്‍ദ്ദേശങ്ങളും മാത്രമാണ്. ഇനി അവന്‍ തന്നെ പറയട്ടെ, അവന്റെ യാത്രാവിശേഷങ്ങള്‍..!

വല്യ പ്രശ്നോന്നൂല്ലാതെ ബീമാനത്തില് കേറിപ്പറ്റി. പിന്നെ പോക്കറ്റില്ണ്ടാര്‍ന്ന ദിനേശ് ബീഡീം തീപ്പെട്ടീം അവന്മാര്‍ തട്ടിയെടുത്തു. വില്‍സ് മേടിക്കാനുള്ള കാശ് ഞാന്‍ തരാം, എന്റെ ദിനേശിങ്ങട് തരാന്‍ ഞാ പറഞ്ഞപ്പോ, അവന്‍ പറയ്യാ പിടിച്ചകത്തിടൂന്ന്. എന്നാ പിന്നെ ബെറ്തെ വാശി പിടിച്ച് കൊളാക്കണ്ടാന്ന് കരുതി അതങ്ങട് പോട്ടേന്ന് ഞാനും വിചാരിച്ചു.

ബീമാനത്തിലേക്ക് കേറുമ്പത്തന്നെ ഒരു പെണ്ണ് നിന്ന് കയ്യും കാലും കാണിച്ചു. ഞാന്‍ മൈന്റ് ചെയ്തില്ല. തലേലായാലോ?! എന്നെപ്പോലത്തെ ആണ്‍പിള്ളേരെക്കാണുമ്പോ ഇങ്ങനെ ഒരുപാട് നമ്പറ് പലരും കാണിക്കൂന്ന് കാദര്‍ക്ക പറഞ്ഞിട്ടുണ്ടേ! എന്തായാലും മുമ്പില്ത്തന്നെ ജനലിന്റടുത്ത് സീറ്റ് പിടിച്ചു. നാല് മണിക്കൂറ് നില്‍ക്കണ്ടി വന്നാ എറങ്ങിപ്പോകാന്‍ പറ്റൂല്ലാന്നും കാദര്‍ക്ക പറഞ്ഞിട്ടുണ്ട്.

രണ്ടുമ്മൂന്ന് പെശക് പെണ്ണുങ്ങള് മുട്ട് വരെയുള്ള പാവാടേട്ട് ബീമാനത്തില്‍ നിന്ന് പെട്ടിയടുക്കല്, ആളെ ഇരുത്തല്..ഓ എന്താ അവള്മാര് കെടന്ന് കാണിക്കണേ.! അവരുടെ തൊപ്പികണ്ടപ്പോ എനിക്ക് മനസ്സിലായി അവര് ബീമാനത്തിലെ നഴ്സുമ്മാരാ..! ആള്‍ക്കാരൊക്കെ കേറിക്കഴിഞ്ഞു. ഒരു കാര്‍ന്നോര്‍ക്ക് മാത്രം സീറ്റ് കിട്ടീല്ല.

ബേണോങ്കി നേരത്തെ ഓടി വന്ന് കേറണോര്‍ന്ന് കാര്‍ന്നോരേ എന്ന് ഞാന്‍ മനസ്സില് വിചാരിച്ചതും ഒരു നേഴ്സ് വന്ന് ടിക്കറ്റ് വാങ്ങീട്ട് എന്നോട് എണീറ്റ് കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു, ഇത് ആലുവേന്ന് എടത്തലക്ക് പോണതല്ല, സൗദി അറേബ്യേലേക്കാ. നില്‍ക്കാനൊന്നും എന്നെക്കിട്ടൂല്ല. മോള് പോയി വേറെ ആളെ നോക്ക്. അവള് പോയതാന്നാ ഞാന്‍ കരുത്യേ. അപ്പത്തന്നെ ബേറൊരുത്തനേം വിളിച്ച് കൊണ്ട് വന്നു, അവന്‍ നിര്‍ബന്ധിച്ച് എഴുന്നേല്പ്പിച്ച് എന്നെ പൊറകില് കൊണ്ടോയി ഇരുത്തി. ആ കാര്‍ന്നോര് അവള്‍ടെ ആരാണ്ടാന്നാ എനിക്ക് തോന്നണേ..!

കൊറച്ച് കഴിഞ്ഞപ്പോ ബേറൊരു നേഴ്സ് ഒരു ഇയര്‍ ഫോണ്‍ കൊണ്ടത്തന്നു. അതിനെപ്പറ്റീം കാദര്‍ക്ക പറഞ്ഞിട്ടുണ്ട്. പഴേ ബീമാനങ്ങളിലാ അതുണ്ടാകുക. ബീമാനം ഓടുമ്പോ അതിന്റെ കുലുക്കോം എളക്കോം ഒക്കെ നമ്മള്‍ കേള്‍ക്കാതിരിക്കാനുള്ള അവരുടെ ഒരു ടെക്നിക്കാ അത്. പാട്ട് ഇപ്പ വരും എന്നോര്‍ത്ത് നമ്മള്‍ അതെട്ത്ത ചെവീലും വച്ചിരിക്കും. അവസാനം വരെ ഒരു വരിപ്പാട്ട് പോലും അതീന്ന് വരൂല്ല. ഞാന്‍ അത് വാങ്ങീല്ല. കളി എന്റടുത്താ..? അടുത്തിരുന്ന മണ്ടന്‍ അത് ചെവീല് വച്ച് പാട്ട് കേള്‍ക്കണ പോലെ ഇരിക്കണ കണ്ടപ്പോ എനിക്ക് ചിരിവന്നിട്ട് ഒരുകണക്കിനാ ഞാന്‍ അടക്കിയേ..!

അതിനിടേല് ബെല്‍ട്ടിടണ കാര്യം മറന്നു. അടുത്തിരുന്നയാള്‍ അതിട്ടത് എങ്ങനെയാന്ന് കണ്ടതൂല്ല. അതിട്ടില്ലങ്കി ഇപ്പോ ആകെ കൊഴപ്പാകൂല്ലോ പടച്ചോനെ. ബെല്‍ട്ടിടാതിരുന്നിട്ട് ബീമാനം പൊങ്ങിയപ്പോ കാദര്‍ക്ക സീറ്റീന്ന് പൊങ്ങിപ്പോയതോര്‍ത്തപ്പോ ചങ്ക് കിടുങ്ങി. പിന്നെ കുറച്ച് കഴിഞ്ഞപ്പോ മുന്‍പലെ ടി.വീല് ബെല്‍ട്ടിടണത് കാണിച്ചു തന്നു. രക്ഷപ്പെട്ടു!

പിന്നെ അവര് തന്ന ശാപ്പാടൊന്നും എനിക്ക് പിടിച്ചില്ല. ചായേലാണെങ്കി പഞ്ചാരേല്ല. പിന്നെ ഒരു ചെറിയ കവറില് നല്ല തക്കാളി അച്ചാറ് കിട്ടി. അത് ഞാന്‍ അങ്ങനെ തന്നെ തിന്നു. നല്ല മധ്‌രോം ചെറിയ പുളീം ഒക്കെയായിട്ട് നല്ല ഒന്നാന്തരം അച്ചാറ്!

പക്ഷെ..! കാദര്‍ക്ക ഒരു കാര്യം കൂടിപ്പറഞ്ഞായിരുന്നു. എല്ലാടത്തും നോക്കീട്ടും കണ്ടില്ല. ബീമാനത്തില് കേറാനുള്ള മെയിന്‍ പൂതി അതായിരുന്നു. അതിപ്പോ നിങ്ങളോട് പറയല് മോശാല്ലേ?

"ഹ! എന്നാലും പറട മീതീന്‍ കുഞ്ഞേ..!"

ഛേയ്..വേണ്ടാ...അത് ഞാന്‍ പറയൂല്ല..!

"ഹ പറയട..പ്ലീസ്..!"

ഹും..പറയാം...! കാദര്‍ക്ക പറഞ്ഞായിരുന്നു...കൊറേ നല്ല കലക്കന്‍ 'ഏര്‍ ഗോസ്റ്റുമാര്' ഇങ്ങനെ നമ്മടടുത്തൊക്കെ വന്ന്, സാറേന്നൊക്കെ വിളിച്ച്, നമ്മളെ മുട്ടിയുരുമ്മി സുഖിപ്പിച്ച്.....!"
പക്ഷെ ഒരൊറ്റ എണ്ണത്തിനെ പോലും ആ ബീമാനത്തില് ഞാന്‍ കണ്ടീല്ല. ബെറ്തെ മന്‍ഷ്യനെപ്പറ്റിക്കാന്‍‍..!

"ഡാ...ഡാ...മീതീന്‍‌കുഞ്ഞേ..! ഇരുന്ന് വെറുതെ വെടിപറയാതെ വന്ന് ഈ മീന്‍ നന്നാക്ക്യേ...!"റൂമിലെ ചീഫ് കുക്ക് കല്ലായിക്കാരന്‍ മക്കാര് വിളിച്ച് പറഞ്ഞു..!

"മക്കാരേ..മോനേ..ആളെ നോക്കി ബര്‍ത്താനം പറഞ്ഞില്ലെങ്കി മോന്തപിടിച്ച് ഞാന്‍ ഒരയ്ക്കും...ഞാനേ ബീമാനത്തില് വന്നതാ..!", മീതീന്‍‌കുഞ്ഞ് എന്ന 'മീന്‍‌കുഞ്ഞ്' മീന്‍‌ നന്നാക്കാനുള്ള കത്തിയെടുത്തു.

Thursday, April 10, 2008

അതേ ആശ പറക്കുകയാണ്

'വല്ലായ്മ' വല്ലാത്തൊരു വികാരം തന്നെയാണല്ലേ? അതു ഞാന്‍ തിരിച്ചു തിരിച്ചറിയുകയും മനസാ വാചാ അംഗീകരിക്കുകയും ചെയ്ത ദിവസമാണിന്ന്. "വല്ലാത്തൊരു അവസ്ഥ തന്നെ" എന്ന പൊതു പ്രയോഗത്തിലെ 'അവസ്ഥ' എന്ന സ്ഥിതിവിശേഷം ഒരേ പ്രായമുള്ള രണ്ട് പെണ്ണുങ്ങളെ സ്വാധീനിക്കുകയും, തല്‍ഫലമായി രണ്ടു പേരും ജീവിത വിഷയത്തില്‍ രണ്ട് പ്രപഞ്ചങ്ങളുടെ അകലമുള്ള തീരുമാനങ്ങള്‍ നടപ്പാക്കുകയും ചെയ്തത് ഇന്ന് ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന ഉടനെയാണ്. രണ്ടു സംഗതികളും ഒരേ ദിവസം ഒരേ സമയം സംഭവിച്ചു എന്നത് തന്നെയാണ് എന്നെ ഒരു താരതമ്യചിന്തക്ക് പ്രേരിപ്പിച്ചതും, വശങ്ങള്‍ കൂര്‍ത്ത വലിയ കരിങ്കല്ലുപോലെയുള്ള ഈ വല്ലായ്മയെ ചുമ്മാടില്ലാത്ത എന്റെ മനസ്സിന്റെ മൊട്ടത്തലയിലേക്ക് എടുത്ത് വച്ചതും!.

ഈ രണ്ടു പെണ്ണുങ്ങളില്‍ ഒന്നാമത്തേത് എന്റെ ജീവിത മഹാരാജ്യത്തെ പ്രഥമ വനിതയായ ശ്രീമതി എന്റെ ശ്രീമതിയാണ്. ഞാനെഴുതുന്നതൊന്നും അവള്‍ ഇതുവരെ തിരിഞ്ഞ് പോലും നോക്കിയിട്ടില്ലാത്തത്കൊണ്ടും, ഞാനീ പറയുന്നത് പത്ര പ്രസിദ്ധീകരണങ്ങളിലൊന്നും വരില്ല എന്ന് ഉറപ്പുള്ളത് കൊണ്ടും, അവള്‍ ഇന്റര്‍നെറ്റിലൊന്നും അങ്ങനെ ഗൂഗ്ലി നടക്കാന്‍ സാധ്യത ഇല്ലാത്തത് കൊണ്ടും, ഇനി അല്പമൊക്കെ ഗൂഗ്ലീയാല്‍ തന്നെ 'ആലുവവാല' തൊടില്ല എന്ന് ശപഥം ചെയ്തിട്ടുള്ളതു കൊണ്ടും, മാത്രമാണ് ഇനിയുള്ള കാര്യങ്ങള്‍ ഞാന്‍ പറയുന്നത്!

കുറച്ച് കാലത്തെ ഭര്‍തൃസഹിത സൗദീ ജീവിതത്തിനു ശേഷം ചില സാങ്കേതിക കാരണങ്ങളാല്‍ ഭര്‍തൃരഹിത നാട്ടില്‍ ജീവിതത്തിന്റെ വിരസതയില്‍ എത്തിപ്പെടുകയും അതില്‍ നിന്നും രക്ഷപ്പെടാന്‍ മാര്‍ഗ്ഗം നോക്കി പ്രിയപ്പെട്ടവള്‍ നടക്കുകയും ചെയ്ത ഏതാണ്ട് രണ്ടു മാസം മുന്‍പുള്ള കാലം. വെബ് ഡെവെലപ്മെന്റോ, ഫാഷന്‍ ഡിസൈനിംഗോ പോലെ വെറൈറ്റിയുള്ള ഏതെങ്കിലും ലളിത കലാ കോഴ്സിനു പോകാന്‍ കക്ഷി തന്ത്രപരമായി നീക്കിയ കരുക്കള്‍ കയ്യില്‍ നിന്നു വഴുതി ചെന്നു വീണത് ബി.എഡ്ഡ് കൊടുമുടിയുടെ ചോട്ടില്‍. ഞാനടക്കം, പലരുടെയും താല്പര്യങ്ങള്‍ അവള്‍ അംഗീകരിക്കുകയായിരുന്നു. പഠിപ്പിനേക്കാള്‍ പണിയെടുപ്പിന് പ്രാധാന്യമുള്ള ആ ഭീകര മലമ്പാതയില്‍ അവള്‍ നിന്നു വിയര്‍ത്തു. എഴുതിയെഴുതി എന്റെ പ്രിയപ്പെട്ട വലംകയ്യുടെ വലംകൈ തളര്‍ന്നു. എഴുത്ത് ഭാരം കൂടി നല്ലപാതി മോശംപാതിയായിത്തുടങ്ങിയപ്പോള്‍, കണ്ണിനു കണ്ണ് ചോരക്കു ചോര എന്ന മുദ്രാവാക്യത്തോട് എനിക്കത്ര താല്പര്യം ഇല്ലെങ്കിലും, മോശത്തിനു മോശം എന്ന നിലപാടെടുക്കാന്‍ യാതൊരു മടിയും ഉണ്ടായില്ല.

എങ്കിലും, ഞാനുറങ്ങുമ്പോള്‍ അവള്‍ എഴുതുകയും, ഞാന്‍ കോഴിക്കാല്‍ കടിച്ച് വലിക്കുമ്പോല്‍ അവള്‍ ആധിപിടിച്ച് വലയുകയുമാണല്ലോ എന്ന ചിന്ത നിരന്തരം എന്റെ കൂമ്പിനിട്ടിടിച്ചപ്പോള്‍ ' നിന്റിഷ്ടം പോലെ ചെയ്തോ' എന്ന മൂന്നു വാക്കുകള്‍ കൊണ്ട്, തിരുമാനം എടുക്കുക എന്ന ഭാരം ഞാന്‍ മെല്ലെ ഇറക്കി വച്ചു. എങ്കിലും അങ്ങനെഅങ്ങ് ഇഷ്ടം പോലെ ചെയ്യുമോ? ഇല്ലില്ല. ജീവിതത്തില്‍ ഏതൊരാള്‍ക്കും ബി.എഡ് പഠിക്കാന്‍ ഒരേ ഒരു ചാന്‍സേ കിട്ടൂ. അതവള്‍ മൊതലാക്കുക തന്നെ ചെയ്യും. ജീവിക്കാന്‍ ബി.എഡിന്റെ യാതൊരാവശ്യവും ഇല്ലെങ്കിലും ജീവിതത്തില്‍ ബി.എഡിന്റെ സഹായം എപ്പോഴെങ്കിലും ഒന്ന് കിട്ടാതിരിക്കില്ലല്ലോ?മക്കളെ പഠിപ്പിക്കാനെങ്കിലും! ഇങ്ങനെയൊക്കെയാണെങ്കിലും, അവള്‍ അതു പഠിച്ചില്ല എന്നോര്‍ത്ത് എനിക്ക് യാതൊരു പ്രശ്നവുമില്ല കെട്ടോ. അവള്‍ടെ ഇഷ്ടം പോലെ ചെയ്യട്ടെ, കുറേ എഴുതാനും വരക്കാനും ഒക്കെയുണ്ടാകും. പറ്റില്ലെങ്കില്‍ നിര്‍ത്തിക്കോട്ടെ!

പ്രതീക്ഷിച്ചപോലെ അവള്‍ ഇഷ്ടം പോലെ ചെയ്തു. ഇന്ന് ഞാനുണര്‍ന്ന ഉടന്‍ ഫോണ്‍, "ഇക്കാക്കാ പറ്റൂല്ലാ, എന്തോരാ എഴ്താന്‍, ഇന്നലെ ഒറങ്ങീല്ല" എന്ന് അവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ വിമ്മിഷ്ടനാകുകയും, അതിനു വേണ്ടി ഓടിനടന്ന എന്റെ വാപ്പാടേം സീറ്റൊപ്പിച്ച മാമാടേം അനുവാദത്തോടെ ബി.എഡ് നിര്‍ത്തലാക്കുകയും ചെയ്തു. ഇപ്പോള്‍ എനിക്ക് ദു:ഖമൊന്നുമില്ല. അവള്‍ക്കും സന്തോഷമായി.

പിന്നെ, എന്താണ് പ്രശ്നം? ആദ്യം പറഞ്ഞ കരിങ്കല്ലു പോലത്തെ വല്ലായ്മക്കു എന്താണ് കാരണം?

അടുത്ത ഫോണ്‍ കോള്‍..! നാട്ടില്‍ നിന്നു തന്നെയാണ്. അങ്ങേ തലക്കല്‍ ഒരു സ്ത്രീ ശബ്ദം! പരിചയം തോന്നുന്നില്ല.

"ആരാ..?"

"ഡാ..നിനക്ക് എന്നെ ഓര്‍മ്മയുണ്ടാവില്ല?"

"ഇല്ലാ. . .!"

"ഞാന്‍...ആശയാ, പി.ആശ, സ്കൂളില്‍.. ഓര്‍ക്കുന്നില്ലേ..?"

"ആശയോ..? പ..ശ..യാണോ?

"ഓഓ..യെസ് യെസ്.. അപ്പോ മറന്നിട്ടില്ല...അല്ലേ..കൊല്ലം പത്ത് പതിനഞ്ജായി?"

"ഇല്ല.. അങ്ങനെ മറക്ക്വോ? എന്റെ നമ്പര്‍ എവിടുന്നു കിട്ടി? എന്തേ വിളിച്ചു?"

"നമ്മട ക്ലാസിലെ തമ്പിയെ കണ്ടീരുന്നു. അവനാ പറഞ്ഞേ നീ സൗദിയില്‍ ആണെന്ന്. നമ്പരും തന്നു. അതേ.. എനിക്ക് സൗദിയില്‍ ജിദ്ദേല് ഒരു ഹോസ്പിറ്റലില് സെലക്ഷനായി? ആ ഹോസ്പിറ്റലിനെപ്പറ്റി ഒന്നന്വോക്ഷിക്ക്വോ? വേറെ ആരും സൗദിയില്‍ എനിക്കില്ല".

"നീ നഴ്സാണോ? കല്യാണം കഴിഞ്ഞത് ഞാന്‍ അറിഞ്ഞിരുന്നു. ഭര്‍ത്താവ് എന്തു ചെയ്യുന്നു?"

"ഇവിടേണ്ട്...!പിന്നെ ആ ഹോസ്പിറ്റലിനെ പറ്റി ഒന്നന്വോഷിക്കണേ? അതേ, ഫോണില് പൈസേല്ല..ഞാന്‍ വക്കട്ടെ, പിന്നെ വിളിക്കാം"

ഇത് രണ്ടാമത്തെ പെണ്ണ്. ഞങ്ങള്‍ പശ എന്ന് വിളിച്ചിരിന്നു പി.ആശ,. എന്തു പറയുമ്പോഴും 'അതേ' എന്നു ചേര്‍ക്കുന്നത് കൊണ്ട് അവള്‍ക്ക് 'അതേ ആശ' എന്നും പേരുണ്ടായിരുന്നു. എന്റെ പഴയ നല്ല കൂട്ടുകാരി. എന്നെ ആത്മാര്‍തമായി എടാ എന്ന് വിളിച്ചിരുന്ന നല്ല കണ്ണുള്ള നനഞ്ഞ മുടിയുള്ള നന്നായി പഠിക്കുന്ന ഒതുക്കമുള്ള പെണ്‍കുട്ടി. അവള്‍ അച്ഛന്റെ കാറിലായിരുന്നു സ്കൂളില്‍ വന്നിരുന്നത്. ട്യൂഷനും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ഏറ്റവും നന്നായി ജീവിക്കുന്നുണ്ടാകും എന്ന് ഞങ്ങളൊക്കെ അവളെക്കുറിച്ചോര്‍ക്കാറുണ്ട്.
മനസ്സില്‍ അവളുടെ പഴയ ചിത്രങ്ങള്‍ അതിവേഗം മിന്നിമറഞ്ഞു.

എന്നെ ഇപ്പോള്‍ വിളിച്ച് ഒരാവശ്യം ഉന്നയിക്കാന്‍ മാത്രമുള്ള ഒരടുപ്പവും പത്തുവര്‍ഷങ്ങളായി ഞങ്ങള്‍ക്കിടയില്ല. എന്നിട്ടും അവള്‍ വിളീച്ചു. അവള്‍ പറഞ്ഞ പോലെ സൗദിയില്‍ വേറെ ആരും ഉണ്ടാകില്ലായിരിക്കും. അങ്ങനെ സൗദിയില്‍ കഷ്ടപ്പെട്ട് പണിയെടുത്ത് ജീവിക്കാന്‍ മാത്രമുള്ള അവസ്ഥ അവളുടെ കുടുംബത്തില്‍ ആര്‍ക്കുമില്ല!. എന്നിട്ടെന്തേ ഇവള്‍?

അവള്‍ വിളിച്ച നമ്പറിലേക്ക് ഞാന്‍ തിരിച്ചു വിളിച്ചു. അവള്‍ തന്നെയാണ് ഫോണ്‍ എടുത്തത്.

"ആശ, നീ എന്താ ഇപ്പോള്‍ സൗദിയിലേക്ക്..?"

"ഞാന്‍ എറണാകുളത്ത് ലിസിയിലായിരുന്നു. ഇങ്ങനെ സെലക്ഷന്‍ കിട്ടിയപ്പോ പോകാമെന്നു വച്ചു"

"ഹസ്ബന്റ് എന്തു ചെയ്യുന്നു?"

"ചേട്ടന് സുഖോല്ല, പണിയെടുക്കാന്‍ വയ്യ"

"കുട്ടികള്‍?"

"ഒരു പെണ്‍കുട്ടി, കഴിഞ്ഞ കൊല്ലം നഴ്സറീ ചേര്‍ത്തു".

"ഞാന്‍ ഹോസ്പിറ്റലിനെപ്പറ്റി ഒന്നന്വോഷിക്കട്ടെ. വിളിക്കാം"

എന്റെ ചിന്ത കിടന്നു പിടച്ചു. ആശയുടെ തീരുമാനം എന്നെ വല്ലാതെ ചിന്തിപ്പിക്കുന്നു. എന്റെ പ്രിയതമയുടെ ബി.എഡ് തീരുമാനവുമായി ഞാന്‍ അതിനെ തുലനം ചെയ്തു. രണ്ടു പേരും പെണ്ണുങ്ങള്‍. ഭര്‍തൃമതികള്‍. ഒരാള്‍ ബി.എഡ് എന്ന വളരെ ചെറിയ ഒരു ദൂരം താണ്ടാനാകാതെ തോറ്റു പിന്‍‌മാറുന്നു. ആശ ജീവിതം എന്ന അതിദൂരം നടന്നു തീര്‍ക്കാന്‍ കുടുംബത്തെയും പൊന്നു മോളെയും വിട്ട് വിദൂരത്തിലേക്ക് പറക്കാന്‍ തുടങ്ങുന്നു. ആശയുടെ ഫോണ്‍ വിളിക്കു ശേഷമാണ് എന്റെ ഭാര്യയുടെ ഫോണ്‍ വന്നിരുന്നതെങ്കില്‍ ഒരു പക്ഷെ ബി.എഡ് നിര്‍ത്താന്‍ ഞാന്‍ സമ്മതിക്കില്ലായിരുന്നു. ഇവരുടെ തീരുമാനങ്ങള്‍ക്കിടയില്‍ ഇത്ര വലിയ ഒരന്തരം വരാന്‍ എന്താണ് കാരണം?

നിങ്ങള്‍ക്ക് പല ഉത്തരങ്ങളും കിട്ടുമായിരിക്കും. ഞാന്‍ ആലോചിച്ചിട്ട് എനിക്ക് ഒരുത്തരമേ കിട്ടിയുള്ളൂ. അവസ്ഥ! അത് അത്ര വലിയ ഉത്തരമൊന്നുമല്ലെങ്കിലും ആ ഉത്തരമാണ് എനിക്ക് 'വല്ലായ്മ' സമ്മാനിച്ചത്. എല്ലാരും ഉണ്ട് എന്ന ശക്തിയുടെ അവസ്ഥയാണ് എന്റെ പ്രിയതമയെ കേവലം ഒരു ബി.എഡ് നു മുന്നില്‍ തോല്‍‌പിച്ചത് . ആരും ഇല്ല എന്ന നി:സ്സഹായതയുടെയും, ദൗര്‍ബല്യത്തിന്റെയും അവസ്ഥയാണ് ജീവിതം എത്തിപ്പിടിക്കാനുള്ള ബലം ആശക്ക് നല്‍കിയതും.

ഞാന്‍ ഇതെഴുതുന്ന നിമിഷം എനിക്കും നിങ്ങള്‍ക്കും ഒക്കെ മുകളിലൂടെ അതേ ആശ പറക്കുകയാണ്, രോഗിയായ ഭര്‍ത്താവിനെ വിട്ട്, പൊന്നുമോളെയും വിട്ട്; ഈ ലോകത്തെ മുഴുവന്‍ ശുശ്രൂഷിക്കാന്‍!