Thursday, April 10, 2008

അതേ ആശ പറക്കുകയാണ്

'വല്ലായ്മ' വല്ലാത്തൊരു വികാരം തന്നെയാണല്ലേ? അതു ഞാന്‍ തിരിച്ചു തിരിച്ചറിയുകയും മനസാ വാചാ അംഗീകരിക്കുകയും ചെയ്ത ദിവസമാണിന്ന്. "വല്ലാത്തൊരു അവസ്ഥ തന്നെ" എന്ന പൊതു പ്രയോഗത്തിലെ 'അവസ്ഥ' എന്ന സ്ഥിതിവിശേഷം ഒരേ പ്രായമുള്ള രണ്ട് പെണ്ണുങ്ങളെ സ്വാധീനിക്കുകയും, തല്‍ഫലമായി രണ്ടു പേരും ജീവിത വിഷയത്തില്‍ രണ്ട് പ്രപഞ്ചങ്ങളുടെ അകലമുള്ള തീരുമാനങ്ങള്‍ നടപ്പാക്കുകയും ചെയ്തത് ഇന്ന് ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന ഉടനെയാണ്. രണ്ടു സംഗതികളും ഒരേ ദിവസം ഒരേ സമയം സംഭവിച്ചു എന്നത് തന്നെയാണ് എന്നെ ഒരു താരതമ്യചിന്തക്ക് പ്രേരിപ്പിച്ചതും, വശങ്ങള്‍ കൂര്‍ത്ത വലിയ കരിങ്കല്ലുപോലെയുള്ള ഈ വല്ലായ്മയെ ചുമ്മാടില്ലാത്ത എന്റെ മനസ്സിന്റെ മൊട്ടത്തലയിലേക്ക് എടുത്ത് വച്ചതും!.

ഈ രണ്ടു പെണ്ണുങ്ങളില്‍ ഒന്നാമത്തേത് എന്റെ ജീവിത മഹാരാജ്യത്തെ പ്രഥമ വനിതയായ ശ്രീമതി എന്റെ ശ്രീമതിയാണ്. ഞാനെഴുതുന്നതൊന്നും അവള്‍ ഇതുവരെ തിരിഞ്ഞ് പോലും നോക്കിയിട്ടില്ലാത്തത്കൊണ്ടും, ഞാനീ പറയുന്നത് പത്ര പ്രസിദ്ധീകരണങ്ങളിലൊന്നും വരില്ല എന്ന് ഉറപ്പുള്ളത് കൊണ്ടും, അവള്‍ ഇന്റര്‍നെറ്റിലൊന്നും അങ്ങനെ ഗൂഗ്ലി നടക്കാന്‍ സാധ്യത ഇല്ലാത്തത് കൊണ്ടും, ഇനി അല്പമൊക്കെ ഗൂഗ്ലീയാല്‍ തന്നെ 'ആലുവവാല' തൊടില്ല എന്ന് ശപഥം ചെയ്തിട്ടുള്ളതു കൊണ്ടും, മാത്രമാണ് ഇനിയുള്ള കാര്യങ്ങള്‍ ഞാന്‍ പറയുന്നത്!

കുറച്ച് കാലത്തെ ഭര്‍തൃസഹിത സൗദീ ജീവിതത്തിനു ശേഷം ചില സാങ്കേതിക കാരണങ്ങളാല്‍ ഭര്‍തൃരഹിത നാട്ടില്‍ ജീവിതത്തിന്റെ വിരസതയില്‍ എത്തിപ്പെടുകയും അതില്‍ നിന്നും രക്ഷപ്പെടാന്‍ മാര്‍ഗ്ഗം നോക്കി പ്രിയപ്പെട്ടവള്‍ നടക്കുകയും ചെയ്ത ഏതാണ്ട് രണ്ടു മാസം മുന്‍പുള്ള കാലം. വെബ് ഡെവെലപ്മെന്റോ, ഫാഷന്‍ ഡിസൈനിംഗോ പോലെ വെറൈറ്റിയുള്ള ഏതെങ്കിലും ലളിത കലാ കോഴ്സിനു പോകാന്‍ കക്ഷി തന്ത്രപരമായി നീക്കിയ കരുക്കള്‍ കയ്യില്‍ നിന്നു വഴുതി ചെന്നു വീണത് ബി.എഡ്ഡ് കൊടുമുടിയുടെ ചോട്ടില്‍. ഞാനടക്കം, പലരുടെയും താല്പര്യങ്ങള്‍ അവള്‍ അംഗീകരിക്കുകയായിരുന്നു. പഠിപ്പിനേക്കാള്‍ പണിയെടുപ്പിന് പ്രാധാന്യമുള്ള ആ ഭീകര മലമ്പാതയില്‍ അവള്‍ നിന്നു വിയര്‍ത്തു. എഴുതിയെഴുതി എന്റെ പ്രിയപ്പെട്ട വലംകയ്യുടെ വലംകൈ തളര്‍ന്നു. എഴുത്ത് ഭാരം കൂടി നല്ലപാതി മോശംപാതിയായിത്തുടങ്ങിയപ്പോള്‍, കണ്ണിനു കണ്ണ് ചോരക്കു ചോര എന്ന മുദ്രാവാക്യത്തോട് എനിക്കത്ര താല്പര്യം ഇല്ലെങ്കിലും, മോശത്തിനു മോശം എന്ന നിലപാടെടുക്കാന്‍ യാതൊരു മടിയും ഉണ്ടായില്ല.

എങ്കിലും, ഞാനുറങ്ങുമ്പോള്‍ അവള്‍ എഴുതുകയും, ഞാന്‍ കോഴിക്കാല്‍ കടിച്ച് വലിക്കുമ്പോല്‍ അവള്‍ ആധിപിടിച്ച് വലയുകയുമാണല്ലോ എന്ന ചിന്ത നിരന്തരം എന്റെ കൂമ്പിനിട്ടിടിച്ചപ്പോള്‍ ' നിന്റിഷ്ടം പോലെ ചെയ്തോ' എന്ന മൂന്നു വാക്കുകള്‍ കൊണ്ട്, തിരുമാനം എടുക്കുക എന്ന ഭാരം ഞാന്‍ മെല്ലെ ഇറക്കി വച്ചു. എങ്കിലും അങ്ങനെഅങ്ങ് ഇഷ്ടം പോലെ ചെയ്യുമോ? ഇല്ലില്ല. ജീവിതത്തില്‍ ഏതൊരാള്‍ക്കും ബി.എഡ് പഠിക്കാന്‍ ഒരേ ഒരു ചാന്‍സേ കിട്ടൂ. അതവള്‍ മൊതലാക്കുക തന്നെ ചെയ്യും. ജീവിക്കാന്‍ ബി.എഡിന്റെ യാതൊരാവശ്യവും ഇല്ലെങ്കിലും ജീവിതത്തില്‍ ബി.എഡിന്റെ സഹായം എപ്പോഴെങ്കിലും ഒന്ന് കിട്ടാതിരിക്കില്ലല്ലോ?മക്കളെ പഠിപ്പിക്കാനെങ്കിലും! ഇങ്ങനെയൊക്കെയാണെങ്കിലും, അവള്‍ അതു പഠിച്ചില്ല എന്നോര്‍ത്ത് എനിക്ക് യാതൊരു പ്രശ്നവുമില്ല കെട്ടോ. അവള്‍ടെ ഇഷ്ടം പോലെ ചെയ്യട്ടെ, കുറേ എഴുതാനും വരക്കാനും ഒക്കെയുണ്ടാകും. പറ്റില്ലെങ്കില്‍ നിര്‍ത്തിക്കോട്ടെ!

പ്രതീക്ഷിച്ചപോലെ അവള്‍ ഇഷ്ടം പോലെ ചെയ്തു. ഇന്ന് ഞാനുണര്‍ന്ന ഉടന്‍ ഫോണ്‍, "ഇക്കാക്കാ പറ്റൂല്ലാ, എന്തോരാ എഴ്താന്‍, ഇന്നലെ ഒറങ്ങീല്ല" എന്ന് അവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ വിമ്മിഷ്ടനാകുകയും, അതിനു വേണ്ടി ഓടിനടന്ന എന്റെ വാപ്പാടേം സീറ്റൊപ്പിച്ച മാമാടേം അനുവാദത്തോടെ ബി.എഡ് നിര്‍ത്തലാക്കുകയും ചെയ്തു. ഇപ്പോള്‍ എനിക്ക് ദു:ഖമൊന്നുമില്ല. അവള്‍ക്കും സന്തോഷമായി.

പിന്നെ, എന്താണ് പ്രശ്നം? ആദ്യം പറഞ്ഞ കരിങ്കല്ലു പോലത്തെ വല്ലായ്മക്കു എന്താണ് കാരണം?

അടുത്ത ഫോണ്‍ കോള്‍..! നാട്ടില്‍ നിന്നു തന്നെയാണ്. അങ്ങേ തലക്കല്‍ ഒരു സ്ത്രീ ശബ്ദം! പരിചയം തോന്നുന്നില്ല.

"ആരാ..?"

"ഡാ..നിനക്ക് എന്നെ ഓര്‍മ്മയുണ്ടാവില്ല?"

"ഇല്ലാ. . .!"

"ഞാന്‍...ആശയാ, പി.ആശ, സ്കൂളില്‍.. ഓര്‍ക്കുന്നില്ലേ..?"

"ആശയോ..? പ..ശ..യാണോ?

"ഓഓ..യെസ് യെസ്.. അപ്പോ മറന്നിട്ടില്ല...അല്ലേ..കൊല്ലം പത്ത് പതിനഞ്ജായി?"

"ഇല്ല.. അങ്ങനെ മറക്ക്വോ? എന്റെ നമ്പര്‍ എവിടുന്നു കിട്ടി? എന്തേ വിളിച്ചു?"

"നമ്മട ക്ലാസിലെ തമ്പിയെ കണ്ടീരുന്നു. അവനാ പറഞ്ഞേ നീ സൗദിയില്‍ ആണെന്ന്. നമ്പരും തന്നു. അതേ.. എനിക്ക് സൗദിയില്‍ ജിദ്ദേല് ഒരു ഹോസ്പിറ്റലില് സെലക്ഷനായി? ആ ഹോസ്പിറ്റലിനെപ്പറ്റി ഒന്നന്വോക്ഷിക്ക്വോ? വേറെ ആരും സൗദിയില്‍ എനിക്കില്ല".

"നീ നഴ്സാണോ? കല്യാണം കഴിഞ്ഞത് ഞാന്‍ അറിഞ്ഞിരുന്നു. ഭര്‍ത്താവ് എന്തു ചെയ്യുന്നു?"

"ഇവിടേണ്ട്...!പിന്നെ ആ ഹോസ്പിറ്റലിനെ പറ്റി ഒന്നന്വോഷിക്കണേ? അതേ, ഫോണില് പൈസേല്ല..ഞാന്‍ വക്കട്ടെ, പിന്നെ വിളിക്കാം"

ഇത് രണ്ടാമത്തെ പെണ്ണ്. ഞങ്ങള്‍ പശ എന്ന് വിളിച്ചിരിന്നു പി.ആശ,. എന്തു പറയുമ്പോഴും 'അതേ' എന്നു ചേര്‍ക്കുന്നത് കൊണ്ട് അവള്‍ക്ക് 'അതേ ആശ' എന്നും പേരുണ്ടായിരുന്നു. എന്റെ പഴയ നല്ല കൂട്ടുകാരി. എന്നെ ആത്മാര്‍തമായി എടാ എന്ന് വിളിച്ചിരുന്ന നല്ല കണ്ണുള്ള നനഞ്ഞ മുടിയുള്ള നന്നായി പഠിക്കുന്ന ഒതുക്കമുള്ള പെണ്‍കുട്ടി. അവള്‍ അച്ഛന്റെ കാറിലായിരുന്നു സ്കൂളില്‍ വന്നിരുന്നത്. ട്യൂഷനും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ഏറ്റവും നന്നായി ജീവിക്കുന്നുണ്ടാകും എന്ന് ഞങ്ങളൊക്കെ അവളെക്കുറിച്ചോര്‍ക്കാറുണ്ട്.
മനസ്സില്‍ അവളുടെ പഴയ ചിത്രങ്ങള്‍ അതിവേഗം മിന്നിമറഞ്ഞു.

എന്നെ ഇപ്പോള്‍ വിളിച്ച് ഒരാവശ്യം ഉന്നയിക്കാന്‍ മാത്രമുള്ള ഒരടുപ്പവും പത്തുവര്‍ഷങ്ങളായി ഞങ്ങള്‍ക്കിടയില്ല. എന്നിട്ടും അവള്‍ വിളീച്ചു. അവള്‍ പറഞ്ഞ പോലെ സൗദിയില്‍ വേറെ ആരും ഉണ്ടാകില്ലായിരിക്കും. അങ്ങനെ സൗദിയില്‍ കഷ്ടപ്പെട്ട് പണിയെടുത്ത് ജീവിക്കാന്‍ മാത്രമുള്ള അവസ്ഥ അവളുടെ കുടുംബത്തില്‍ ആര്‍ക്കുമില്ല!. എന്നിട്ടെന്തേ ഇവള്‍?

അവള്‍ വിളിച്ച നമ്പറിലേക്ക് ഞാന്‍ തിരിച്ചു വിളിച്ചു. അവള്‍ തന്നെയാണ് ഫോണ്‍ എടുത്തത്.

"ആശ, നീ എന്താ ഇപ്പോള്‍ സൗദിയിലേക്ക്..?"

"ഞാന്‍ എറണാകുളത്ത് ലിസിയിലായിരുന്നു. ഇങ്ങനെ സെലക്ഷന്‍ കിട്ടിയപ്പോ പോകാമെന്നു വച്ചു"

"ഹസ്ബന്റ് എന്തു ചെയ്യുന്നു?"

"ചേട്ടന് സുഖോല്ല, പണിയെടുക്കാന്‍ വയ്യ"

"കുട്ടികള്‍?"

"ഒരു പെണ്‍കുട്ടി, കഴിഞ്ഞ കൊല്ലം നഴ്സറീ ചേര്‍ത്തു".

"ഞാന്‍ ഹോസ്പിറ്റലിനെപ്പറ്റി ഒന്നന്വോഷിക്കട്ടെ. വിളിക്കാം"

എന്റെ ചിന്ത കിടന്നു പിടച്ചു. ആശയുടെ തീരുമാനം എന്നെ വല്ലാതെ ചിന്തിപ്പിക്കുന്നു. എന്റെ പ്രിയതമയുടെ ബി.എഡ് തീരുമാനവുമായി ഞാന്‍ അതിനെ തുലനം ചെയ്തു. രണ്ടു പേരും പെണ്ണുങ്ങള്‍. ഭര്‍തൃമതികള്‍. ഒരാള്‍ ബി.എഡ് എന്ന വളരെ ചെറിയ ഒരു ദൂരം താണ്ടാനാകാതെ തോറ്റു പിന്‍‌മാറുന്നു. ആശ ജീവിതം എന്ന അതിദൂരം നടന്നു തീര്‍ക്കാന്‍ കുടുംബത്തെയും പൊന്നു മോളെയും വിട്ട് വിദൂരത്തിലേക്ക് പറക്കാന്‍ തുടങ്ങുന്നു. ആശയുടെ ഫോണ്‍ വിളിക്കു ശേഷമാണ് എന്റെ ഭാര്യയുടെ ഫോണ്‍ വന്നിരുന്നതെങ്കില്‍ ഒരു പക്ഷെ ബി.എഡ് നിര്‍ത്താന്‍ ഞാന്‍ സമ്മതിക്കില്ലായിരുന്നു. ഇവരുടെ തീരുമാനങ്ങള്‍ക്കിടയില്‍ ഇത്ര വലിയ ഒരന്തരം വരാന്‍ എന്താണ് കാരണം?

നിങ്ങള്‍ക്ക് പല ഉത്തരങ്ങളും കിട്ടുമായിരിക്കും. ഞാന്‍ ആലോചിച്ചിട്ട് എനിക്ക് ഒരുത്തരമേ കിട്ടിയുള്ളൂ. അവസ്ഥ! അത് അത്ര വലിയ ഉത്തരമൊന്നുമല്ലെങ്കിലും ആ ഉത്തരമാണ് എനിക്ക് 'വല്ലായ്മ' സമ്മാനിച്ചത്. എല്ലാരും ഉണ്ട് എന്ന ശക്തിയുടെ അവസ്ഥയാണ് എന്റെ പ്രിയതമയെ കേവലം ഒരു ബി.എഡ് നു മുന്നില്‍ തോല്‍‌പിച്ചത് . ആരും ഇല്ല എന്ന നി:സ്സഹായതയുടെയും, ദൗര്‍ബല്യത്തിന്റെയും അവസ്ഥയാണ് ജീവിതം എത്തിപ്പിടിക്കാനുള്ള ബലം ആശക്ക് നല്‍കിയതും.

ഞാന്‍ ഇതെഴുതുന്ന നിമിഷം എനിക്കും നിങ്ങള്‍ക്കും ഒക്കെ മുകളിലൂടെ അതേ ആശ പറക്കുകയാണ്, രോഗിയായ ഭര്‍ത്താവിനെ വിട്ട്, പൊന്നുമോളെയും വിട്ട്; ഈ ലോകത്തെ മുഴുവന്‍ ശുശ്രൂഷിക്കാന്‍!

13 comments:

ആലുവവാല said...

ഞാന്‍ ഇതെഴുതുന്ന നിമിഷം എനിക്കും നിങ്ങള്‍ക്കും ഒക്കെ മുകളിലൂടെ അതേ ആശ പറക്കുകയാണ്, രോഗിയായ ഭര്‍ത്താവിനെ വിട്ട്, പൊന്നുമോളെയും വിട്ട്; ഈ ലോകത്തെ മുഴുവന്‍ ശുശ്രൂഷിക്കാന്‍!

ശ്രീവല്ലഭന്‍ said...

ആലുവ വാല,
താങ്കളുടെ എഴുത്ത് ഇഷ്ടപ്പെട്ടു. അതെ. വേണമെന്നു വിചാരിച്ചാല്‍ എന്തും നടക്കും. ഒഴിവാക്കാനായ് നമ്മള്‍ തന്നെ കാരണങ്ങള്‍ ഉണ്ടാക്കുകയാണ്.
ഇനി അതും പറഞ്ഞു വഴക്കൊന്നും ഉണ്ടാക്കണ്ട :-)

ശ്രീ said...

വളരെ ലളിതമായി ഒരു വലിയ സത്യം തന്നെ പറഞ്ഞിരിയ്ക്കുന്നു മാഷേ...
മാഷിന്റെ സുഹൃത്ത് ആശയ്ക്കും അവരുടെ കുടുംബത്തിനും നല്ലതു വരട്ടെ എന്ന് ആശംസിയ്ക്കുന്നു.

ശ്രീലാല്‍ said...

ജീവിതം.

ആഷ | Asha said...

വളരെ സത്യം.

ജിഹേഷ് said...

മാഷേ, ഹൃദ്യ്മായ എഴുത്ത്... ..പലപ്പോഴും ഓര്ക്കാറുണ്ട് എനിക്കു ലഭിച്ച സാഹചര്യങ്ങള് അച്ഛനു ലഭിച്ചിരുന്നെങ്കില് എവിടെ എത്തേണ്ട ആളായിരുന്നു എന്നു.. എല്ലാം "അവസ്ഥ" തന്നെ...

qw_er_ty

മയൂര said...

പച്ചയായ ജീവിതാവസ്ഥകള്‍...

അലമ്പന്‍ said...

"താങ്ങാനാളുണ്ടെങ്കില്‍ തളര്‍ച്ചയും കൂടും" എന്നൊരു ചൊല്ലുണ്ട്‌ ആലുവക്കരാ. ഇതുതന്നെയാണ്‌ 'അവസ്ഥ'യുടെ അടിസ്ഥാനവും.

ആ(പ)ശയ്ക്ക്‌ നല്ലത്‌ വരട്ടെ... നല്ലതിനുവേണ്ടി ഇത്തിരി സമയം മാറ്റി വയ്ക്കുന്ന ആലുവക്കാരനും...

പിന്നെ ജിദ്ദയിലാണെങ്കില്‍ സഹായത്തിന്‌ അലമ്പനേയും കൂട്ടാം.

ആലുവവാല said...

അലമ്പനളിയോ..

ജിദ്ദയിലാണോ? എങ്കില്‍ ഞാന്‍ ദമ്മാമിലാണ്.

എല്ലാ അലമ്പന്‍‌മാര്‍ക്കും ഒരു നല്ല മനസ്സുണ്ടാകും. ആ മനസ്സാണ് വലുത്. അലമ്പനായിപ്പോയി എന്നോര്‍ത്ത് കുഴപ്പമൊന്നുമില്ല, നാട്ടുകാരും വീട്ടുകാരും സഹിച്ചാല്‍ മതിയല്ലോ? അവരുടെ വിധി.

നല്ല വാക്കുകള്‍ക്ക് നന്ദി. നല്ല മനസ്സിന് നന്‍‌മകള്‍...

അലമ്പന്‍ said...

മച്ചൂ ...കൊട്‌ കൈ...

(അടുത്ത്‌ തന്നെ ഒരാളെ കിട്ടിയല്ലോ ... അതിന്റെ സന്തോഷത്തിന്‌.)

എന്റെ മനസ്സ്‌ നല്ലതാണെന്ന്‌ എങ്ങനെ കണ്ടുപിടിച്ചു... കൊച്ചു ഗള്ളന്‍.

'ഇവിടെയാരും അലമ്പന്മാരായി ജനിക്കുന്നില്ല. അങ്ങനെ ആയിത്തീരുന്നതല്ലേ.

(വെറുതേയെന്തിനാ സമൂഹത്തിനെ ഇതിനിടയിലേക്ക്‌ വലിച്ചിഴക്കുന്നത്‌ അല്ലേ. ഇല്ലെങ്കില്‍ പറയാമായിരുന്നു..'സമൂഹമാണവരെ അലമ്പന്മാരാക്കുന്നത്‌ എന്ന്‌.)

ശരിയാ.. അലമ്പനായതുകൊണ്ട്‌ കുഴപ്പമൊന്നുമില്ല...

...വിധിയല്ലോ ചെയ്തൂ ക്ര്യഷ്ണന്‍ പരലോകം പൂകീ പണ്ട്‌....

എന്ന്‌ കേട്ടിട്ടില്ലേ (ഇല്ലെങ്കില്‍ ഇപ്പോള്‍ കേട്ടോ). ഭഗവാന്‍ ക്ര്യഷ്ണനെപ്പോലും വിധി വെറുതേ വിട്ടില്ലെന്നാണ്‌ ഐതീഹ്യം. പിന്നെ പാവം നാട്ടുകാരുടേയും വീട്ടുകാരുടേയും കാര്യം പറയാനുണ്ടോ.

ബൈ ദ ബൈ, ഹോസ്പിറ്റലിനെക്കുറിച്ച്‌ അന്വേഷിച്ചോ ?

വീണ്ടും കാണാം...കാാണണം...

ആലുവവാല said...

അലമ്പൂ..
ശരിക്കും ഒരു ബിജുമേനോന്റെ കട്ടുണ്ട് കെട്ടോ..!

താങ്കളെ താങ്കള്‍ വിളിക്കുന്നു, അലമ്പന്‍..!
എന്നെ നാട്ടുകാര്‍ വിളിക്കുന്നു, അലവലാതി..!

ആരാ മിടുക്കന്‍ ഞാനോ താങ്കളോ...?

കണ്ടീരിക്കും....!

അലമ്പന്‍ said...

മച്ചൂ... ഇവിടെ നീ എന്റെ പ്രതീക്ഷകളെ ആകെ തകിടം മറിച്ചു. ഞാന്‍ നേരത്തേ പറഞ്ഞതെല്ലാം തിരിച്ചെടുക്കുമേ..പറഞ്ഞേക്കാം.

(ആത്മഗതം...ഞാനിവിടെ 'മാറ്റ്‌ ഡമോണ്‍'-ന്റെ കട്ട്‌ എന്ന്‌ ഹോളിവുഡ്‌ റേഞ്ചില്‍ ആലോചിച്ച്‌ സമാധാനിച്ചിരിക്കുമ്പഴാ.. അവന്റെയൊരു ബിജുമേനോന്റെ കുട്ട്‌. അല്ലെങ്കിലും ഈ ആലുവക്കാരന്മാരിങ്ങനെയാ. പോ ഞാന്‍ പിണങ്ങി.)

നാട്ടുകാര്‌ വിളിച്ചോട്ടെന്നേയ്‌... അല്ലേലും എത്രയെന്ന്‌ വച്ചാ അവരും എല്ലാം മനസ്സില്‍ കൊണ്ട്‌ നടക്കുന്നത്‌.

പിന്നെ ആരാ മിടുക്കന്‍... എനിക്ക്‌ ആത്മപ്രശംസ പണ്ടേ ഇഷ്ടമല്ല. എന്നാലും ചോദിച്ച നിലയ്ക്ക്‌ പറയാം.

അല്‍മ്പനേക്കാള്‍ നല്ലതാണല്ലോ അലവലാതിയെക്കാള്‍ നല്ലതാണല്ലോ... ഇനിയിപ്പോ മറിച്ചായാലും നല്ലതാണല്ലോ.

സംശയം ക്ലിയര്‍.

Anonymous said...

What a beauty....