Saturday, April 10, 2010

സൂര്യനുദിക്കാത്ത മലയാളം

വിരലിലെണ്ണാവുന്നത്ര സ്വപ്‌നങ്ങളേ എനിക്കുള്ളു. വിരലുകള്‍ കുറഞ്ഞുപോയല്ലോ എന്ന ഒരേയൊരു സങ്കടവും എനിക്കുണ്ട്. ഒരായിരം വിരലുകളുണ്ടായിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നത് സ്വപ്‌നങ്ങളോടുള്ള അത്യാര്‍ത്തി മൂലമാണ്. കാരണം, സ്വപ്‌നം കാണുമ്പോഴുള്ള സുഖമൊന്നും ജീവിതത്തിലെ മറ്റൊരു പ്രതിഭാസവും എനിക്കു സമ്മാനിക്കാറില്ല.

ഉറക്കത്തില്‍ കണ്ണടച്ചു കാണുന്ന സ്വപ്‌നമല്ല യഥാര്‍‌ത്ഥ സ്വപ്നം. കണ്ണു തുറന്നിരിക്കുമ്പോള്‍ സ്വപ്‌നം കാണാന്‍ കഴിയണം. ഇത് ഞാന്‍ എവിടെയോ വായിച്ചതാണ്. ഉറക്കത്തില്‍ ഞാന്‍ കാണുന്ന സ്വപ്‌നങ്ങളധികവും എന്റെ ശത്രുക്കള്‍ സം‌വിധാനം ചെയ്ത ഹൊറര്‍ മൂവികളാണ്. അതിലൊക്കെ ഞാനെപ്പോള്‍ അഭിനയിച്ചു എന്ന് ഞാന്‍ തന്നെ അത്ഭുതപ്പെടാറുണ്ട്. എങ്കിലും കണ്ണു തുറന്നിരിക്കുമ്പോള്‍ കാണുന്ന സ്വപ്നങ്ങളെല്ലാം ഞാന്‍ തന്നെ സംവിധാനം ചെയ്ത ജനപ്രിയ ചിത്രങ്ങളാണ്. ഉറങ്ങാതിരിക്കുമ്പോള്‍ കാണുന്നതെങ്കിലും എന്റെ സ്വപ്‌നങ്ങളിലെ മാസ്റ്റര്‍ പീസുകള്‍ ഉറക്കവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു എന്നതാണ് അതിന്റെ വിരോധാഭാസവും പ്രത്യേകതയും.


ബോര്‌ഡിംഗ് ജീവിത കാലത്ത് അതിരാവിലെ വാതിലില്‍ ചൂരലുകൊണ്ടടിച്ച് വിളിച്ചുണര്‍ത്താന്‍ വാര്‍ഡന്‍‌മാരില്ലാത്ത കാലത്തെ സ്വപ്‌നം കണ്ടിട്ടുണ്ട്. പിന്നീട് മറ്റൊരു ഹോസ്റ്റലിലായപ്പോള്‍, സ്വപ്‌ന മൂര്‍ദ്ധന്യത്തില്‍ കിടക്കപ്പായയാല്‍ സ്വയം ചുരുട്ടി, എഴുന്നേറ്റു പോയ കുട്ടികള്‍ മടക്കി അട്ടിയിട്ടു വച്ച പായകള്‍ക്കിടയില്‍ പോയി കിടന്ന് സ്വപ്ന സാക്ഷാല്‍‌ക്കാരവും പ്രതിഫലമായി ചൂരല്‍ പ്രയോഗവും നേടിയിട്ടുണ്ട്. ഇപ്പോള്‍ ഈ ഗള്‍ഫുകാലത്ത് വാര്ഡ‍ന്റെ സ്ഥാനം അലാറവും അടിയുടെ സ്ഥാനം ബോസിന്റെ തുറിച്ചു നോട്ടവും കയ്യടക്കി എന്നല്ലാതെ വെളുപ്പാന്‍‌കാലമയക്കം സ്വപ്നം തന്നെയായി തുടരുന്നു. പിന്നെ 'അസ്വലാത്തു ഹൈറും മിനന്നൗം' എന്ന ബാങ്കുവിളിയുടെ അര്‍‌ത്ഥം ശരിക്കും മനസ്സിലാകുകയും, പ്രഭാത നമ‌സ്‌കാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തിരിക്കെ ആ സ്വപ്‌നം എന്നെന്നേക്കുമായി ത്യജിക്കാനുള്ള കഠിനപ്രയത്നത്തിലാണു ഞാനിപ്പോള്‍. സ്വര്‍ഗ്ഗം നേടുക എന്നതു മാത്രമല്ല, നരകത്തില്‍ നിന്നു രക്ഷപ്പെടുകകൂടി ചെയ്യണമല്ലോ? അതിനാല്‍ അതാണിപ്പോള്‍ എന്റെ ഏറ്റവും വലിയ സ്വപ്നവും തേട്ടവും.


പക്ഷെ, ഈയിടെയായി മു‌ന്‍പൊന്നും ഇല്ലാതിരുന്ന ചില സ്വപ്നങ്ങള്‍ കൂടി ഈ പ്രവാസ ജീവിതത്തില്‍ ഞാന്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. മഴനനയാനുള്ള സ്വപ്നം പോലെ ചിലത്. പ്രകൃതിയുമായി ചേരുന്ന ചിലത്.പ്രകൃതിയുടെ ക്ഷോഭവും സൂര്യന്റെ കോപവും കണ്ടിട്ടുണായ പേടിയില്‍ നിന്നുണ്ടായതാണതൊക്കെ. നാട്ടില്‍ പ്രകൃതിയിപ്പോള്‍ കാരുണ്യത്തിന്റെ മഴവര്‍ഷിക്കുന്നില്ലത്രെ! സൂര്യനാണെങ്കില്‍ കലികത്തിച്ച് ആളുകളുടെ പുറം പൊള്ളിക്കുന്നു. ഇവിടെ ഒരു പ്രവാസിയുടെ സ്വപ്നത്തിന് പ്രസക്തിയുണ്ട്. പ്രവാസിയേ ആ സ്വ‌പ്‌നങ്ങള്‍ കാണാവൂ; അവനു മാത്രമേ സാക്ഷാ‌ല്‍ക്കരിക്കപ്പെടേണ്ടാത്ത സ്വപ്നങ്ങള്‍ കാണാന്‍ അവകാശമുള്ളൂ? എങ്കിലുല്‍ം ഇടക്കിടെ ഞാനവയെ വാരിപ്പുണരാറുണ്ട്. കുസൃതിചേര്‍ത്ത് മനസ്സില്‍ പുരട്ടാറുണ്ട്.


എല്ലാം അവസാനിക്കുന്നതിനു മു‌ന്‍പ് ഒരിക്കല്‍ കൂടി കുളിരുള്ള പ്രഭാതത്തില്‍ എടത്തലയിലെ എന്റെ വീട്ടില്‍‍ എനിക്കൊന്നുറക്കമുണരണം. മുറ്റത്ത് ചിക്കിച്ചികയുന്ന കോഴിക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറി അവയെ പേടിപ്പിക്കണം. മാങ്കൊമ്പില്‍ വാപൊളിച്ചിരിക്കുന്ന കാപ്പിരിക്കാക്കയെ കൈകൊട്ടിപ്പറപ്പിക്കണം. എന്നെ കാണുമ്പോള്‍ കോണിപ്പടിക്കടിയില്‍ നിന്നു കുളിരുകുടഞ്ഞ് 'ബെഡ് മില്‍ക്കും, ബ്രേക്ക് മീനും താടാ' എന്നു കോട്ടുവായിടുന്ന അബ്ദുല്ലപ്പൂച്ചയെ മരക്കഷണമെറിഞ്ഞുകൊടുത്ത് പറ്റിക്കണം, അവനെന്നെ കലിപ്പിച്ചു നോക്കുമ്പോള്‍ തലോടിയെടുത്ത് പാലുകൊടുക്കണം. വാഴയിലത്തുമ്പത്തിറ്റുന്ന മഞ്ഞുതുള്ളികള്‍ വിരല്‍തുമ്പിലെടുത്ത് ചുണ്ടില്‍ പുരട്ടണം. ആകാശമുല്ലയിലെ അടക്കാക്കിളിക്കൂട്ടില്‍ തറ പറ വായിച്ചു പഠിക്കുന്ന കിളിക്കുഞ്ഞുങ്ങളെ മിമിക്രി കാണിച്ചു കളിയാക്കണം, നെല്ലൊരുക്കുന്ന തള്ളക്കിളിയെ നോക്കി ചൂളമടിക്കണം.


ഇനിയുമുണ്ട് ഒട്ടേറെ, പക്ഷെ മലയാളത്തിന്റെ ഇന്നത്തെ പ്രകൃതിയിലേക്കു നോക്കുമ്പോള്‍ എല്ലാം കെട്ടണഞ്ഞു പോകുന്നു. മലയാളിയുടെ പ്രകൃതത്തിലേക്കു നോക്കുമ്പോള്‍ മെല്ലെ കണ്ണടഞ്ഞുപോകുന്നു. അപ്പോള്‍ ഞാനൊരു ഭീകര സ്വപ്‌നം കാണും. ആ സ്വപ്‌നത്തില്‍ ഞാന്‍ കാണുന്നത് എന്റെ നാടിന്റെ നെറുകയില്‍ സൂര്യന്‍ കത്തിയാളുന്ന കാലത്തെയല്ല, സൂര്യന്‍ ഉദിക്കാതെ പോയേക്കാവുന്ന സമീപ കാലത്തെയാണ്. മഴത്തുള്ളി‍ക്ക് പെയ്യാതെയും, മാരിവില്ലിന് വിരിയാതെയും പോകാമെങ്കില്‍ സൂര്യനു മാത്രമെന്തേ ഉദിക്കാതിരുന്നു കൂടാ..?

4 comments:

ആലുവവാല said...

പക്ഷെ മലയാളത്തിന്റെ ഇന്നത്തെ പ്രകൃതിയിലേക്കു നോക്കുമ്പോള്‍ എല്ലാം കെട്ടണഞ്ഞു പോകുന്നു. മലയാളിയുടെ പ്രകൃതത്തിലേക്കു നോക്കുമ്പോള്‍ മെല്ലെ കണ്ണടഞ്ഞുപോകുന്നു. അപ്പോള്‍ ഞാനൊരു ഭീകര സ്വപ്‌നം കാണും. ആ സ്വപ്‌നത്തില്‍ ഞാന്‍ കാണുന്നത് എന്റെ നാടിന്റെ നെറുകയില്‍ സൂര്യന്‍ കത്തിയാളുന്ന കാലത്തെയല്ല, സൂര്യന്‍ ഉദിക്കാതെ പോയേക്കാവുന്ന സമീപ കാലത്തെയാണ്. മഴത്തുള്ളി‍ക്ക് പെയ്യാതെയും, മാരിവില്ലിന് വിരിയാതെയും പോകാമെങ്കില്‍ സൂര്യനു മാത്രമെന്തേ ഉദിക്കാതിരുന്നു കൂടാ..?

ശ്രീ said...

ഞാനും ഇങ്ങനെയൊക്കെ കൊതിയ്ക്കാറുണ്ടല്ലോ എന്നോര്‍ത്തു...

കൂതറHashimܓ said...

:)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

സ്വപനങ്ങളൊക്കെ കൊള്ളാ‍ാം .. എന്നാലും ആ കോഴികളെ പേടിപ്പിക്കാതെ പൂച്ചകളെ പറ്റിക്കാതെ ജീവിച്ച് കൂടെ ആലുവാ വാലാ :)