Sunday, February 15, 2009

പൂയ്..പൂ..വാലന്‍ഡൈന്‍...!

വായനോട്ടക്കാരനായ ഫിലിപ്പോസിന് സുന്ദരിയായ മറിയക്കുട്ടിയോടൊരു മോഹം। ഇഷ്ടം പറയാന്‍ ഇടവഴിയില്‍ കാത്തുനിന്നപ്പോള്‍ തലയില്‍ തേങ്ങവീണ് ഫിലിപ്പോസിന്റെ തോളെല്ലുപൊട്ടി പതിനാലുദിവസം ആശുപത്രിയില്‍. അവിടുന്നെറങ്ങിയതിനു ശേഷം മറിയക്കുട്ടി പഠിക്കുന്ന തുന്നല്‍‍ക്ലാസ്സിന്റെ മുന്നില്‍ കാത്തുനില്പുതുടങ്ങി കൃത്യം പതിനാലു ദിവസം തുന്നല്‍മാഷിന്റെ സൂചി ചന്തിയില്‍ എറ്റുവാങ്ങി പ്രഭാതകര്‍മ്മങ്ങള്‍ അവതാളത്തിലായി. ഒരുമാസത്തിനു ശേഷം അവളുടെ വീടിനു മുന്നിലൂടെ കറങ്ങിയ അഞ്ചാമത്തെ കറക്കത്തോടെ ആങ്ങളമാരുടെ മുട്ടുകാലുകളും ഫിലിപ്പോസിന്റെ അടിവയറും തമ്മില്‍ കൂട്ടിയുരസി കണ്ണിലൂടെ തീപ്പൊരിപാറി ഈരേഴു പതിനാലു ലോകവും കണ്ട് ഫിലിപ്പോസ് അതേ ആശുപതിയില്‍ തിരിച്ചെത്തി.

അങ്ങനെ സകല വഴികളും മുട്ടി മറിയക്കുട്ടിയോടുള്ള ഇഷ്ടവും കെട്ടിപ്പുണര്‍ന്ന് ആശുപത്രിയില്‍ കിടക്കുമ്പോള്‍ അന്നാമ്മ സിസ്റ്ററ് പറഞ്ഞാണ് വാലന്‍ഡൈന്‍ എന്ന സ്നേഹസ്വരൂപനെയും അദ്ദേഹത്തിന്റെ വികൃതികളെയും കുറിച്ച് ഫിലിപോസ് കേള്‍ക്കുന്നത്। സ്നേഹം പകര്‍ന്നും നുകര്‍ന്നും അതിനുവേണ്ടി പലതും ത്യജിച്ചും ത്യാഗിച്ചും ജീവിച്ച ആ സ്നേഹിമനുഷ്യന്റെ പേരില്‍ ലോകത്തെങ്ങാണ്ടൊക്കെ ഒരു ദിനം കൊണ്ടാടുന്നുണ്ടെന്നും ആ ദിനത്തില്‍ കമിതാക്കള്‍ പരസ്പരം ചുവന്ന പൂക്കള്‍ കൈമാറാറുണ്ടെന്നും മനസ്സിലാക്കിയ ഫിലിപ്പോസിന് അന്നൊരു പൂതികേറി. എങ്കില്‍ മറിയക്കുട്ടിക്കുള്ള എന്റെ പ്രേമത്തിന്റെ പൂവും ആ ദിവസത്തില്‍ തന്നെ കൈമാറിക്കളയാം! പക്ഷെ, അതേതാ ദിവസം? ആഴത്തിലുള്ള പഠനത്തിന്റെ അവസനം ഒരു ഞെട്ടലോടെയോടെയാണ് ഫിലിപ്പോസ് ഫെബ്രുവരി പതിനാലാണ് ആദിവസം എന്നു തിരിച്ചറിഞ്ഞത്. ഞെട്ടലിന്റെ ഒന്നാം കാരണം അന്ന് വലന്‍‌ഡൈന്‍ എന്ന സ്നേഹപര്‍‌വ്വം മരിച്ച ദിവസമാണത് എന്നതാണത്. രണ്ടാമത്തെ കാരണം മറിയക്കുട്ടിയുടെ പിന്നാലെ നടാക്കാന്‍ തുടങ്ങിയതിനു ശേഷമുണ്ടായ ഓരോ ദുരന്തങ്ങള്‍ക്കും പതിനാലുമായുള്ള ബന്ധമാണ്. തേങ്ങവീണ് പതിനാലു ദിവസം ആശുപത്രിയില്‍ കിടന്നത്; തുന്നല്‍ ക്ലാസിനു മുന്നിലെ പതിനാലാം ദിവസം ചന്തിയില്‍ സൂചി കയറിയത് പിന്നെ മറിയക്കുട്ടിയുടെ ആങ്ങളമാര്‍ ഈരേഴുപതിനാലു ലോകവും കാണിച്ച് ആശുപത്രിയിലാക്കിയത്! എന്തുവന്നാലും വേണ്ടില്ല ഫെബ്രിവരി പതിനാലിനു മറിയക്കുട്ടിക്കു പൂ കൊടുത്തിട്ടുതന്നെ ബാക്കിക്കാര്യം.

പതിനാലാം തീയതി രാവിലെ അയലത്തെ മുറ്റത്തു നിന്നും പറിച്ച ചുവന്ന റോസാപൂവും പിടിച്ച് വഴിയേ നടന്നു വന്ന മറിയക്കുട്ടിയുടെ മുന്നിലേക്കെടുത്തു ചാടി।

"എന്റെ മറിയേ, ഇതാ ഒരു പുസ്പം"।

"എന്തൂട്ടാത്" എന്നായി മറിയ।

"ഇത് ഒരു പൂ..എന്റെ വാലിന്റെ സമ്മാനമാണ്..!"

ഫെബ്രുവരി പതിനാല് എന്ന ആ ദിവസത്തിന്റെ പ്രത്യേകതയും മറിയക്കുട്ടിയുടെ സവിശേഷതകളും അറയാമായിരുന്നതിനാല്‍ അന്ന് ലീവെടുത്ത് അവള്‍ക്ക് അകമ്പടി സേവിച്ചിരുന്ന ആങ്ങളമാര്‍ ഫിലിപ്പോസിനെ തൊട്ടടുത്ത പുഞ്ചപ്പാടത്തേക്ക് കോരിയിടുകയും ചേറിലിട്ടുരുട്ടി, ഉടുവകകള്‍ വലിച്ചുകീറി, കൂമ്പിനിട്ടിടിച്ച്, തലമുടി പിടിച്ചുവലിച്ച് ചെളി പുരട്ടി കാലിപ്പാടത്തെ നെല്‍ക്കുറ്റികള്‍ പോലെയാക്കി, മോന്തപിടിച്ച് നെലത്തൊരച്ച താടിമീശകള്‍ അവിടവിടെ മാത്രം അവശേഷിപ്പിച്ച്, പൂവെടുത്ത് പിന്നില്‍ തിരുകി 'പോയിച്ചാവടാ പോര്‍ക്കേ' എന്ന കമന്‍‌ഡോടെ റോട്ടിലേക്കു കയറ്റി വിട്ടു।

പൂ കൈമാറ്റവും, ഫിലിപ്പോസിന്റെ രൂപമാറ്റങ്ങളും കണ്ടൂ നിന്നവര്‍ ആര്‍ത്തു ചിരിച്ച് ഫിലിപ്പോസിനെ നീട്ടിവിളിച്ചു; പൂയ്..പൂ..വാലന്‍ഡൈന്‍...! അങ്ങനെ വാലന്‍‌ഡൈന്‍ ദിനത്തില്‍ പൂകൊടുക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ ആ വിളി തുടരുകയും പിന്നീടത് ലോപിച്ച് പൂവാലന്‍ എന്നാകുകയും ചെയ്തു എന്ന് ചരിത്രം!

ഏഷ്യന്‍ വന്‍‌കരയില്‍ കേരളം എന്ന പ്രദേശത്ത് ഇപ്പോഴും ഫിലിപ്പോസു പൂവാലന്റെ പിന്‍‌ഗാമികള്‍ വിലസുന്നുണ്ടത്രേ; പിന്നിക്കീറിയ ഉടുപ്പുകളിട്ട്, കുളിയും നനയുമില്ലാതെ ചേറിലുരുണ്ടവനെപ്പോലെ, നെല്‍ക്കുറ്റികള്‍ പോലെ മുടിവച്ച്, മുഖത്ത് അവിടവിടെ മാത്രം രോമങ്ങള്‍ വച്ചുമൊക്കെ കോലമല്ലാത്ത കോലത്തിലാണ് അവരില്‍ ഭൂരിഭാഗം പേരും കാണപ്പെടുന്നതെങ്കിലും ഈയിനത്തില്‍ ചോക്ലേറ്റ് കുട്ടപ്പന്‍‌മാരും കുറവല്ല എന്ന് ഡിസ്‌കവറി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു..!

10 comments:

ആലുവവാല said...

ഏഷ്യന്‍ വന്‍‌കരയില്‍ കേരളം എന്ന പ്രദേശത്ത് ഇപ്പോഴും ഫിലിപ്പോസു പൂവാലന്റെ പിന്‍‌ഗാമികള്‍ വിലസുന്നുണ്ടത്രേ; പിന്നിക്കീറിയ ഉടുപ്പുകളിട്ട്, കുളിയും നനയുമില്ലാതെ ചേറിലുരുണ്ടവനെപ്പോലെ, നെല്‍ക്കുറ്റികള്‍ പോലെ മുടിവച്ച്, മുഖത്ത് അവിടവിടെ മാത്രം രോമങ്ങള്‍ വച്ചുമൊക്കെ കോലമല്ലാത്ത കോലത്തിലാണ് അവരില്‍ ഭൂരിഭാഗം പേരും കാണപ്പെടുന്നതെങ്കിലും ഈയിനത്തില്‍ ചോക്ലേറ്റ് കുട്ടപ്പന്‍‌മാരും കുറവല്ല എന്ന് ഡിസ്‌കവറി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു..!

Anonymous said...

Aluvavala,
You killed us in previous blog. Now you opened it...!

Wonderful writing...carry on..!
Brave...!

ആലുവ കൂട്ടക്കൊല said...

അനോണികളെ കൂട്ടക്കോല ചെയ്ത ഇയാളെ തൂക്കിക്കൊല്ലണം.

കാന്താരിക്കുട്ടി said...

അപ്പോൾ അങ്ങനെയാണു പൂവാലൻ ഡേ ഉണ്ടായത് ല്ലേ ! കൊള്ളാട്ടോ ! നല്ല എഴുത്ത്

Bindhu Unny said...

പൂ വാലന്‍ഡൈന്‍ കലക്കി. :-)

ബിനോയ് said...

ഹൊ! ഈ പീഡനം മുഴുവന്‍ സഹിച്ചിട്ടും ബ്ലോഗെഴുതാനുള്ള ആരോഗ്യം ബാക്കിയുണ്ടല്ലോ. അതാണ്.. അതാണ് സ്പിരിറ്റ്. :)

പറയാന്‍ മറന്നു.. എഴുത്ത് രസമായിട്ടുണ്ട് കേട്ടോ.

SreeDeviNair.ശ്രീരാഗം said...

നല്ല ശൈലി,
നല്ല ഒഴുക്കുള്ള ഭാഷ,
നല്ലപോലെ ഇഷ്ടപ്പെട്ടു,
കേട്ടോ?

ആശംസകള്‍..

സ്വന്തം,
ദേവിയേച്ചി

അഗ്നി said...

കൊള്ളാം.നന്നായിട്ടുണ്ട്.ഭാവുകങ്ങകൾ.ഫിലിപ്പോസിണ്ന്റെ കോലത്തിലാണേലും തെല്ല് അഹങ്കാരം ഇല്ലാ‍തെയാ അവന്മാരുടെ നടപ്പ് കാമദേവൻ രൂപം മാറി വന്നതാന്നാ അവന്മാരുടെ ബിശാരം.!!!!!!!!!!!
എന്താ ചെയ്യാ മുത്തലികിന്റെ ഉദ്ധേശം ശരിയല്ലെങ്കിലും ആരും അറിയാതെ ഒരു കൈ കൊടുക്കണം,പിന്നെ എല്ലാരും കാൺകെ ഒരടിയും!!!!!!!!!!!!!!!!!

faayasam|ഫായസം said...

അവള്‍ക്ക് അകമ്പടി സേവിച്ചിരുന്ന ആങ്ങളമാര്‍ നിന്നെ തൊട്ടടുത്ത പുഞ്ചപ്പാടത്തേക്ക് കോരിയിടുകയും ചേറിലിട്ടുരുട്ടി, ഉടുവകകള്‍ വലിച്ചുകീറി, കൂമ്പിനിട്ടിടിച്ച്, തലമുടി പിടിച്ചുവലിച്ച് ചെളി പുരട്ടി കാലിപ്പാടത്തെ നെല്‍ക്കുറ്റികള്‍ പോലെയാക്കി, മോന്തപിടിച്ച് നെലത്തൊരച്ച താടിമീശകള്‍ അവിടവിടെ മാത്രം അവശേഷിപ്പിച്ച്, പൂവെടുത്ത് പിന്നില്‍ തിരുകി 'പോയിച്ചാവടാ പോര്‍ക്കേ' എന്ന കമന്‍‌ഡോടെ റോട്ടിലേക്കു കയറ്റി വിട്ടപ്പോള്‍ അസ്സൈനാരിക്കാന്റെ കടേന്നു നാരങ്ങാ വെള്ളം മേടിച്ചു തരാന്‍ ഞാന്‍ മാത്രമല്ലേ ഒണ്ടായിരുന്നോള്ളൂ....??

Luttappi said...

ഏഷ്യന്‍ വന്‍‌കരയില്‍ കേരളം എന്ന പ്രദേശത്ത് ഇപ്പോഴും ഫിലിപ്പോസു പൂവാലന്റെ പിന്‍‌ഗാമികള്‍ വിലസുന്നുണ്ടത്രേ; പിന്നിക്കീറിയ ഉടുപ്പുകളിട്ട്, കുളിയും നനയുമില്ലാതെ ചേറിലുരുണ്ടവനെപ്പോലെ, നെല്‍ക്കുറ്റികള്‍ പോലെ മുടിവച്ച്, മുഖത്ത് അവിടവിടെ മാത്രം രോമങ്ങള്‍ വച്ചുമൊക്കെ കോലമല്ലാത്ത കോലത്തിലാണ് അവരില്‍ ഭൂരിഭാഗം പേരും കാണപ്പെടുന്നതെങ്കിലും ഈയിനത്തില്‍ ചോക്ലേറ്റ് കുട്ടപ്പന്‍‌മാരും കുറവല്ല എന്ന് ഡിസ്‌കവറി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു..!

ഇത് എന്നെ പോലുള്ള പാവങ്ങളെ ഉദ്ദേശിച്ചാണ് എന്ന് ഞാന്‍ ഉറക്കെ ഉറക്കെ പറയുകയാണ്‌ .... എന്തായാലും കൊള്ളാം അടിപൊളി... =D