മനസ്സിന്‍റെ ഉള്‍നാട്ടില്‍ ഒരു മഴക്കാലം,
തോരാതെ പെയ്തു നില്‍ക്കുന്നു,
തുള്ളികള്‍ താഴാതെ തങ്ങി നില്‍ക്കുന്നു,
മഴവില്ലു മായാതെ മങ്ങി നില്‍ക്കുന്നു!
പതിനഞ്ചു സംവല്സരങ്ങള്‍ക്ക് മുന്‍പു ഞാന്‍ ഓടിക്കളിച്ചു വളര്‍ന്ന മുറ്റങ്ങളും,
ഇന്നെന്‍റെ കയ്കള്‍ക്കലങ്കാരം അക്ഷരം കുത്തിക്കുറിച്ചു പഠിച്ച മുറികളും,
നല്ലതും നല്ലതിന്നുള്ളതും നന്‍മയും കയ്പിടിച്ചെഴുതിച്ച വന്ദ്യഗുരുനാഥരും,
ഇന്നെന്‍റെ കണ്മുന്നില്‍ ഉണ്ടെങ്കിലെന്നു ഞാന്‍ ഏറെക്കൊതിക്കുന്ന കൂട്ടുകാരും,
ഒട്ടേറെ ഓര്‍മ്മകള്‍ ഓടിക്കളിക്കുന്ന കളിമുറ്റമാണാ കൊച്ചു കലാലയം!
ഇപ്രഭാതങ്ങളില്‍ നഷ്ടസ്വപ്നങ്ങളാം അപ്രഭാതങ്ങളേ സുപ്രഭാതങ്ങളേ..!
ഒരുകുടം മെത്തുന്ന മാരിക്കണങ്ങളെ തെല്ലും വകക്കാതെ പോന്നകാലങ്ങളേ!
പച്ചക്കു കത്തുന്ന നട്ടുച്ച സൂര്യനെ വെല്ലുവിളിച്ചു നടന്ന ദിനങ്ങളേ!
കുകിയും കൂടുകരോത്ത് കൂത്താടിക്കളിച്ചു നടന്ന കഴിഞ്ഞ കാലങ്ങളേ!
എന്നുമെന്‍ ഓര്‍മ്മയില്‍ തോരാതെ പെയ്യുന്ന മഞ്ഞു കണങ്ങളേ ബാല്യകാലങ്ങളേ!
ഇപ്രഭാതങ്ങളില്‍ നഷ്ടസ്വപ്നങ്ങളാം അപ്രഭാതങ്ങളേ സുപ്രഭാതങ്ങളേ..!
അന്നാ വരാന്തയില്‍ ആമണ്‍പരപ്പില്‍, അങ്ങേ തലക്കലുള്ളാ മുളംകൂട്ടില്‍,
ഇങ്ങേ തലക്കലെ കാണാതെ പോയൊരാ രാക്ഷസപ്പാലതന്‍ ശീതലചായയില്‍
കുട്ടിയും കോലും ഗുസ്തിയും തല്ലും കിളിമാസും അരിയാസും ഏറുപന്തും,
കൂടെക്കളിച്ചവര്‍ കൂടെച്ചിരിച്ചവര്‍ തോറ്റുപിണങ്ങിപ്പിരിഞ്ഞു പോയോര്‍,
കള്ളം കളിച്ചിട്ടു തര്‍ക്കം പറഞ്ഞിട്ടു തല്ല് പിടിച്ചിട്ടു തല്ലുകൊണ്ടോര്‍.
എല്ലാരും ഓര്‍മ്മയില്‍ ഓടിവന്നെത്തുമ്പോള്‍,
ഏകനായ് നിങ്ങള്‍ക്കു മുന്നിലീ ഞാന്‍!ഏകനായ് ഈ മരുക്കാട്ടിലീ ഞാന്‍!
ഈ മരുക്കാട്ടിലെ കാറ്റിന്‍റെ കയ്കളില്‍ മാമല നാടിന്‍ സുഗന്ധമില്ല,
ഈ മണല്‍ക്കാട്ടിലെ മണ്ണിന്നു പൂക്കളെ പെറ്റുവളര്‍ത്താന്‍ മനസ്സുമില്ല!
ക്രൂരനാണിവിടുത്തെ സുര്യനല്ലേ?
ക്രൂരനാം സുര്യനെ വെല്ലുവാന്‍ ഇന്നെനിക്കാവതില്ലതിനുള്ള ബാല്യമില്ല!
ബാലികാ ബാലകന്‍മാരേ; ബാല്യമുണ്ടെങ്കില്‍;
നിങ്ങളാനേറ്റവും ശക്തര്‍! നിങ്ങളാനേറെ സമ്പന്നര്‍!
No comments:
Post a Comment