ആലുവയില്‍ നിന്നും തൃപ്പൂണിത്തുറ, അമ്പലമുകള്‍, പുത്തങ്കുരിശ് ഭാഗങ്ങളിലേക്കും പെരുമ്പാവൂര്‍, കോതമംഗലം, അടിമാലി ഭാഗങ്ങളിലേക്കും പോകണമെങ്കില്‍ ചൂണ്ടി വരെ ഏതാണ്ട് നാലു കി.മി ഒരേ റൂട്ടില്‍ സഞ്ചരിക്കണം. ചൂണ്ടീയില് നിന്നും കവണക്കമ്പു പോലെ രണ്ടായി തിരിയുന്ന പാതകളില്‍ ഇടത്തേതിലൂടെ വന്നാല്‍ രണ്ടൂ ക്.മി കഴിഞ്ഞു ചുണങ്ങംവേലിയില്‍ നിന്നു വലത്തോട്ടു തിരിഞ്ഞ് രണ്ടു കി.മിയും വലത്തേതിലൂടെ വന്നാല്‍ പഞ്ചായത്തു കവലയില്‍ നിന്നു ഇടത്തോട്ടു തിരിഞ്ഞ് ഒരു കി.മിയും യാത്ര ചെയ്താല്‍ നിങ്ങള്‍ക്കു എന്റെ ഗ്രാമത്തിലെത്താം. എടത്തല എന്ന വയലും വരമ്പും, കുസൃതിയും കുയില്‍പാട്ടും നിറഞ്ഞ കൊച്ചു ഗ്രാമം.
സൂര്യനേക്കാള്‍ മുന്പുണരുന്നവരാണ് എടത്തലക്കാര്‍. അധികവും എടത്തരക്കാര്. വേനല്‍ക്കാലത്തും പ്രഭാതങ്ങളില്‍ അവിടുത്തെ കവലകള്‍ക്കു കുളിരിന്റെ ഒരു നനഞ്ഞ മുഖമുണ്ട്. ചായക്കടകളില്‍, കൈലിയും തോളില്‍ തോര്‍ത്തും ഒരുകയ്യില്‍ ചെളിവെള്ളത്തിന്റെ നിറമുള്ള ചായയും മറുകയ്യില്‍ എരിബീഡിയും പിടിച്ച മധ്യവയസ്കര്‍ 'അവളുടെ' ഇന്നലെയും മറ്റുള്ളവരുടെ ഇന്നും മുതല്‍ അമേരിക്കയുടെ നാളെയും വിവരിച്ചു കഴിയുമ്പോഴേക്കും ഒറ്റക്കും തെറ്റക്കുമായി കുഞ്ചാട്ടുകര, യ്തീംഖാന സ്കൂളുകളിലേക്കുള്ള കുട്ടികളുടെ നടത്തം തുടങ്ങിയിരിക്കും.
ടീച്ചര്‍സിന്റെ വരവിനു മുന്പായിത്തന്നെ ചില് ചില് ട്വീറ്റര്‍ നാദങ്ങളോടെ വിമാനത്തിന്റെ രൂപമുള്ള "പൂമ്പാറ്റ", നാണിച്ചു നില്ക്കുന്ന പെണ്ണിന്റെ പടം മുന്പില് വരച്ചു വച്ച "പുളകം" തുടങ്ങിയ ഓട്ടോ സുന്ദരികളുടെ വരവായി. കാക്ക തേങ്ങാപ്പൂളു കൊത്തിയപോലെയുള്ള രണ്ടു പല്ലുകള്‍ പ്രശസ്തനാക്കിയ പല്ലന് ഷാജി എന്ന പൂമ്പാറ്റയുടെ സാരഥിയാണ് ഈ കവലയിലെ റേഡിയോ നിലയം.
ചെറുപ്പത്തില്‍ അടുത്തുള്ള യതീംഖാനയില്‍ വന്നു പെട്ടതാണു കക്ഷി. അവിടെ സകല കുരുത്തക്കേടുകളും പഠിച്ചും കാണിച്ചും വളര്‍ന്നു. അടുത്തുള്ള റബ്ബര്‍തോട്ടത്തില്‍ നിന്നു ഒട്ടുപാല് പറിച്ചെടുത്ത് പന്തുണ്ടാക്കി കൂട്ടുകാര്‍ക്കും ലോക്കല്‍ പിള്ളാര്‍ക്കും ഒരു രൂപക്കു വിറ്റ് ബിസിനസ്സിന്റെ ആദ്യ പാഠം. പത്താം ക്ലാസ്സു തോറ്റതോടെ അലിവു തോന്നിയ യതീംഖാന അധികൃതര്‍ അവിടുത്തെ കുശിനിപ്പുരയില്‍ സഹായിയാക്കി. അവിടെ ബാക്കി വരുന്ന ദോശയും ബിരിയാണിയും കവല വാഴുന്ന ലോക്കല്‍സിനു ഫ്രീ ആയിട്ടു കൊണ്ടുകൊടുത്ത് അവന് അവരുടെ കണ്ണിലുണ്ണിയായത് ഒരു പ്ലാന്‍ഡ് നടപടിയായിട്ടാണ് എനിക്കു തോന്നുന്നത്.
ഒരു കൊല്ലം അങ്ങനെ കഴിഞ്ഞു. അവന്റെ കണ്ണിനു താഴെയും, തോളത്തും ഉന്തിനിന്ന എല്ലുകളും ഒറ്റ നോട്ടം കൊണ്ട് കൃത്യമായിട്ടെണ്ണിയെടുക്കാമായിരുന്ന വാരിയെല്ലുകളും ഇറച്ചിയുടെ ഒരു നേരിയ ലെയര്‍ വന്നു മൂടി. അതു എല്ലിന്റെ ഇടയിലേക്കു പയ്യെപ്പയ്യെ കുത്തിക്കയറിയതറിയാതെ ഒരു ദിവസം ഉച്ച ഭക്ഷണനേരം "എന്താ ഷാജ്യേ, ചോറിലാകെ കല്ലാണല്ലോ" എന്നു പറഞ്ഞ യതീംഖാന മാനേജറുടെ അത്താഴത്തില്‍ നെയ്ചോറില്‍ മുന്തിരിയിടുന്നതുപോലെ നല്ല ചരല് വാരിയിട്ടു രാത്രിക്കു രാത്രി അവുടന്നു പുറത്തായി.എങ്ങോട്ടു പോകണം എന്നറിയാതെ പകച്ചുപോയിക്കാണണം വികൃതിയെങ്കിലും അനാഥനായിരുന്ന ആ ബാലകന്. നന്നേ ചെറുപ്പത്തില്‍തന്നെ വന്നു കൂടിയതാണല്ലോ ആ അഭയകേന്ദ്രത്തില്‍.
ഏതായാലും അടുത്ത പ്രഭാതം അവനു ഒരു പുതു പുലരിയായിരുന്നു. ആശ്രയമേതുമില്ലാത്ത നി:സ്സഹായനായ വെറും ഒരു പയ്യന്റെ ഭാവമായിരുന്നില്ല അവന്റെ മുഖത്ത് അന്നു മുതല്‍ ഞങ്ങള്‍ എടത്തലക്കാര്‍ കണ്ടത്. അവനു അന്നു വരെ പരിചയമില്ലാതിരുന്ന താളത്തില്‍ കറങ്ങിക്കൊണ്ടീരിക്കുന്ന ഭൂമിയില്‍ സ്വന്തം കാലുറപ്പിക്കാനുള്ള വെമ്പല്‍ ആ മുഖത്തു പ്രകടമായിരുന്നു. യതീംഖാനയില്‍ ബാക്കി വന്ന ഭക്ഷണം കഴിച്ച് തന്നെ കൂടെക്കൂട്ടിയിരുന്നവര് അതില്ലാതായപ്പോള്‍ കൈവിട്ടേക്കുമോ എന്ന ആശങ്കകൊണ്ടാകണം അവന് പുതിയൊരു വഴി തിരഞ്ഞെടുത്തു. "വളിപ്പടി" എന്നു ഞങ്ങള്‍ നാട്ടുകാര്‍ വിളിക്കുന്ന സരസഭാഷണം.
നിലനില്പിനു വേണ്ടീ അവന് അങ്ങനെ സ്വയം പരിഹസിച്ചും അതങ്ങനെ തുടര്‍ന്നു. ജീവിതത്തിന്റെ തീഷ്ണതകളില്‍ പൊള്ളിച്ചെടുത്തവയായിരുന്നു അവയില്‍ അധികവും. പദ്ധതി വിജയിച്ചു എന്നു തന്നെ പറയണം. ആ നാട്ടില്‍ അവനില്ലാത്ത ഒരു പരിപാടിയും ഇല്ല എന്ന നിലയായി. എന്തിനേറെ; എടത്തലയുടെ ദേശീയോത്സവമായ വടം വലിക്കുപോലും ആവേശം പകരണമെങ്കില്‍ പല്ലന് ഷാജിയുടെ സാന്നിദ്ധ്യവും കൂക്കുവിളിയും വേണമെന്നായി. അവന്റെ ഈ വളര്‍ച്ചയില്‍, അസൂയക്കാരും ഇല്ലാതില്ല.
ഇതിനിടയില്‍ യതീംഖാനയില്‍ നിന്നും സ്വായത്തമാക്കിയ കുശിനിപ്പണീ അവന് പ്രൊഫഷനായി സ്വീകരിച്ചിരുന്നു കെട്ടോ. പലപ്പോഴായി പലപല ഓട്ടോറിക്ഷള്‍ വാടകക്കെടുത്ത് ഓടിക്കലും ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു രൂപപോലും ലോണില്ലാതെ സ്വന്തമായി ഒരു പുതുപുത്തന്‍ ഓട്ടോറിക്ഷയുമായി കക്ഷി രംഗത്തിറങ്ങിയപ്പോഴാണ് അവന് ജോലിചെയ്തു സമ്പാദിക്കുന്നുണ്ടായിരുന്നു എന്നു എടത്തലക്കാര്‍ മൂക്കത്ത് വിരല്‍ വച്ചത്.
അവന് അതിനു പൂമ്പാറ്റ എന്നു പേരിട്ടു. സുന്ദരിയായ പൂമ്പാറ്റ എടത്തലയുടെ വിരിമാറിലൂടെ താളഗമനം നടത്തി. പെണ്ണുങ്ങള്‍ക്കും കുട്ടികള്‍ക്കും അവള് പ്രിയങ്കരിയായി. ഭര്ത്താക്കന്മാര് ഭാര്യമാരെ ആശുപത്രികളിലേക്കും ബന്ധുവീടുകളിലേക്കും കൊണ്ടൂപോകാന്‍ വിശ്വസ്ഥനായ സാരഥിയെ ഷാജിയില്‍ കണ്ടു. ഓട്ടോ എന്നാല്‍ ഞങ്ങള്‍ക്കു പൂമ്പാറ്റയായിമാറി. പക്ഷെ എടത്തലയിലെ കുടുംബങ്ങള്‍ക്കു ഷാജി വെറും ഒരു ഓട്ടൊക്കാരന് മാത്രമായിരുന്നില്ല. എന്തിനും ഏതിനും അവരെ സഹായിക്കാന്‍ അവന് ഓടിയെത്തി. അവരില്‍ അവന് സ്വന്തക്കാരെ കണ്ടെത്തി. അവന് ഓട്ടോ രണ്ടായി. അവന് പിന്നെയും വളര്‍ന്നു. എല്ലാ അര്‍ത്ഥത്തിലും. ഇപ്പോല്‍ അവന്റെ ഓട്ടോകള്‍ ഓടിക്കുന്നത് അവന്റെ പഴയ മുതലാളിമാരാണ്. അവന് സഞ്ചരിക്കുന്നത് ടാറ്റ ഇന്‍ഡിക്കയിലും.
ഷാജി വിവാഹിതനാകുന്നു.വധു അടുത്ത സകൂളില്‍ പുതിയതായി വന്ന ടീച്ചര്‍.പേരു ഷര്‍മിന. എടത്തലയില്‍ ഒരു ഉത്സവ പ്രതീതി. വിവാഹം ക്ഷണിക്കാന്‍ വീട്ടില്‍ വന്നപ്പോള്‍ ടീച്ചറായ എന്റെ ഉമ്മയെ നോക്കി അവന് പറഞ്ഞു. "ടീച്ചറേ! എന്റെ കെട്ട്യോളും ടീച്ചറാ." അവള്ടെ പേരെന്താടാ ഷാജി? 'അതു ഞാന്‍ പറയില്ല. വേണോങ്കി എഴുതിക്കാണിക്കാം. പേരിന്റെ ആദ്യത്തെ അക്ഷരം എനിക്കു വഴങ്ങില്ല ടീച്ചറേ" അവന്റെ സ്വതസിദ്ധമായ സ്വയം പരിഹാസം.
മൂന്നു ദിവസം മുന്‍പു ഞാന്‍ വീട്ടില്‍ വിളിച്ചപ്പോ, അവിടെ ഷാജിയുണ്ട്. ഓടിവന്നു ഫോണ്‍ എടുത്ത അവന് പറഞ്ഞു. "ടാ, ഷാജി വാപ്പയായിട്ടാ, പിന്നെ പടച്ചോന് കാത്ത്, പ്രസവിക്കുമ്പള് പുള്ളങ്ങള്ക്കു പല്ലില്ലാത്തത്, എന്റെയല്ലേ മോന്!".
ഫോണ്‍ ഉമ്മാക്കു കൈമാറിക്കൊണ്ട് അവന് അപ്പോഴും പറഞ്ഞു "ടീച്ചറേ! എന്റെ കെട്ട്യോളും ടീച്ചറാ."
12 comments:
ജീവിതം എറിഞ്ഞുടക്കുന്ന യുവത്വത്തിനു ഒരു ചെറു വെട്ടമാകട്ടെ ഷാജി എന്ന ഈ അനാഥ ബാലന്.
:-)nannay ezhuthiyirikkunnu.
;-)
കൊള്ളാം മാഷേ.
നല്ല പോസ്റ്റ്. ഷാജിയ്ക്ക് ആശംസകള്‍!
:)
തുടകം അത്ര നന്നായില്ല എന്ന് തോനുന്നു പക്ഷെ അവസാന ഭാഗം നന്നായി ..അവിടെ വന്നപോ അടുത്ത് നിന്നു കണ്ട പോലെ ഒരു ഫീല്‍ ...ഇനിയും എഴുതുക
മുമ്പെഴുതിയ ബ്ലോഗര്‍ പറഞ്ഞ പോലെ തുടക്കം ഒന്നു കൂടീ എഡിറ്റ് ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നേനേ എന്നു തോന്നി.എതായാലും ഇഷ്ടപ്പെട്ടു.
ഷാജിയെ മനസ്സിന് വല്ലാതെ പിടിച്ചു. ഇങ്ങനെ തന്നെയായിരുന്നു എന്റെയും ചെറുപ്പം. പക്ഷെ ഇപ്പോള്‍ ഷാജിയുടെ വലിപ്പം എനിക്കില്ല; ഞാനിപ്പോഴും തിരിച്ചുപോക്കിന്റെ തുഴയറ്റ തോണിയും സമയവും കത്തിരിക്കുന്ന അനേകരില്‍ ഒരുവന്; ഒരു പ്രവാസി....
ആലുവവാലക്കു അഭിനന്ദനങ്ങള്‍..
വളരെ inspiring ആയ കഥ.
എഴുത്തിന്റെ ശൈലിയും കൊള്ളാം.
ഇതും കൊള്ളാം..
എന്നാലും അവസാന രചനകള്‍ തൊട്ടു ആദ്യം വായിക്കുന്നതിനാല്‍, ഓരൊ പോസ്റ്റ് കഴിയുമ്പോഴും കൂടുതല്‍ മികവാര്‍ന്ന അസൂര്ഹമായ രീതിയില്‍ എഴുതുന്നത് കാണാന്‍ പറ്റുന്നു. അഭിനനദനങ്ങള്‍..!
കുറിപ്പ്: ആ വേഡ് വെരിഫിക്കേഷന് എടുത്തു കളഞ്ഞൂടെ മാഷെ..?
Post a Comment