Wednesday, September 21, 2011

ഒരു വവ്വാല്‍‌ കഥ

വീടിന്റെ വലത്തേമുറ്റത്ത് രണ്ടു പേരമരങ്ങളുണ്ട്. തോട്ടിക്കോല‌ന്മാര്‍! വീട്ടില്‍ വരുന്ന ചിലരൊക്കെ പറയാറുണ്ട് "ഇവിടുത്തെ രണ്ടു മക്കളെപ്പോലെ പേരകളും പൊക്കക്കാലന്‍മാരാണല്ലോ" എന്ന്. വര്‍ഷങ്ങള്‍ക്കു മുന്‍‌പ് ഉമ്മ എവിടെ നിന്നോ ചൂണ്ടിക്കൊണ്ടുവന്നു നട്ടതാണ്. മന്ദമാരുതനില്‍ പരസ്‌പരം കൈകള്‍‍കോര്‍ത്തും കര്‍ക്കിടകത്തില്‍ തമ്മിത്തല്ലിയും കളിച്ചിരുന്ന രണ്ടു പാവം ഇണത്തെങ്ങുകള്‍ക്കിടയില്‍ പാരകളായി ആ പേരകളങ്ങനെ നീണ്ടു വളര്‍ന്നു വന്നു.‍

ഞങ്ങള്‍ രണ്ടുപേരെയുംപോലെതന്നെ പേരകള്‍ രണ്ടും സ്വഭാവത്തില്‍ ഭിന്നരാണ്. ഒന്നില്‍ ഉള്ളുചുവന്ന പേരക്കയും, മറ്റേതില്‍ ഉള്ളുവെളുത്തെ പേരക്കയും.

"ഉള്ളുചുവന്ന പേരക്ക ഞാനാണ്" എന്നു ഞാന്‍ അവകാശപ്പെടുമ്പോള്‍ "അല്ല ഞാനാണ്" എന്ന് അനിയന്‍ വാദിക്കും.

"അയ്യേ..ചുവപ്പ് കമ്മ്യൂണിസ്റ്റാണ്; അവര്‍ക്ക് പടച്ചോനില്ല" എന്നു ഞാന്‍ കാലുമാറുമ്പോള്‍ "എന്നാ ഞാന്‍ വെളുത്ത പേരയാണ്" എന്നവന്‍ കൂറുമാറും.

"അയ്യേ..വെളുപ്പില്‍ പെട്ടെന്ന് അഴുക്കാവും; ഞാന്‍ ചുവന്ന പേരയാ" എന്നു ഞാന്‍ കുരുട്ടുവാദിക്കുമ്പോള്‍ "എന്നാ എനിക്ക് ചുവപ്പുതന്നെ മതി..ഇക്കാക്ക വെളുത്തതെടുത്തോ" എന്നവന്‍ ചുണ്ടുകൂര്‍പ്പിച്ച് മുഖം വീര്‍പ്പിക്കും!.

അങ്ങനെ സ്നേഹവും കളിപ്പാട്ടങ്ങളോടുമൊപ്പം ഞങ്ങള്‍ പേരകളെയും പരസ്പരം കൈമാറി, ഇടക്ക് കാലുംമാറി പൊക്കം വച്ചുകോണ്ടേയിരുന്നു.

ആയിടക്കാണ് ഞങ്ങളുടെ ഇരട്ടപ്പേര‍കള്‍ക്കു നേരെ ഭീകരാക്രമണം നടക്കുന്നത്. പൂവു കായായി മാറിത്തുടങ്ങിയതുമുതല്‍ ഞങ്ങള്‍ വാക്കുപറഞ്ഞു വച്ചിരുന്ന പേരക്കകള്‍ രാത്രിയുടെ മറവില്‍ ഏതോ ഭീകരന്‍‌മാര്‍ ബോംബിട്ടു തകര്‍ത്തിരിക്കുന്നു. മുറ്റത്താകെ പേരക്കകളുടെ തൊലിയും തലയോട്ടിയും. കാപാലികര്‍ കടിച്ചുതുപ്പിയതുപോലുണ്ട്. പിറ്റേന്നും, അതിന്റെ പിറ്റേന്നും..ആക്രമണം അങ്ങനെ തുടര്‍ന്നു.

ഞങ്ങള്‍ അധികൃതര്‍ രണ്ടുപേര്‍ ഉടന്‍ പേരച്ചോട്ടില്‍ അടിയന്തിര യോഗം കൂടി.

"ആക്രമണം ആകാശത്തുകൂടിയാവാനാണു സാധ്യത!" അനിയന്‍ പറഞ്ഞു.

"വിമാനം കൊണ്ടോ?"

"പൊട്ടനിക്കാക്കാ..കാക്കയായിരിക്കും" അവനെന്നോടു പുച്ഛം.

"നീ പോടാ മണ്ടാ..രാത്രി എവിടുന്നാ കാക്ക?"

"പിന്നെ..വേറെ ആര്‍ക്കാ മോളില് കയ്യെത്തണത്?"

"ശരിയാണ്, ഇത്ര പൊക്കമുള്ള പേരകളെ കരയിലൂടെ ആക്രമിക്കാന്‍ സാധിക്കില്ല!" ഞാന്‍ ബുദ്ധി ഭാവിച്ചു.

ചര്‍ച്ചക്കൊടുവില്‍ ഉമ്മയുടെ ഉപദേശം തേടാന്‍ തീരുമാനമായി. യോഗം അടുക്കളയിലേക്കു മാറ്റി.

"വല്ല വവ്വാലുമായിരിക്കൂടാ പിള്ളേരേ, നിങ്ങള് പോയിരുന്ന് പഠിക്കാന്‍ നോക്ക്" ഉമ്മ എന്ന യു.എന്‍ ദു:ഖിതരെ അവഗണിച്ചുകൊണ്ട് മുളകുപുരട്ടിയ ചാളയെടുത്ത് തിളച്ച എണ്ണയിലേക്കിട്ടു.

പക്ഷെ, ഞങ്ങള്‍ക്കത്ര വിശ്വാസം വന്നില്ല. ഇത്ര നാളില്ലാതിരുന്ന വവ്വാലുകള്‍ ഇപ്പോ എവിടുന്നു വന്നു? കണ്ടു പിടിച്ചിട്ടുതന്നെ കാര്യം.

"വവ്വാലിനു കെണി വച്ചാലോ ഇക്കാക്കാ?"

"മോളില് കേറി നിന്റെ വാപ്പ വക്കോ കെണി? ഞാനൊരു ഐഡിയ പറയാം. നമുക്ക് വല്ലിമ്മാടെ ഷുഗറിന്റെ സിറിഞ്ചെടുത്ത് പേരക്കേല് എലിവെഷം കുത്തിവക്കാം, ആര് തിന്നാലും കിര്‍മത്തായിക്കോളും."

"ആ..കലക്കി..നല്ല ഐഡിയ. നമുക്ക് ആലുവേല് പോയി ഹൈദ്രാലി ഡോക്ടറെ കൊണ്ടുവരാം. പുള്ളിയാവുമ്പോ നന്നായിട്ട് കുത്തിവച്ചോളും..ഒന്നു പോ ഇക്കാക്കാ!" അവന്റെ കണ്ട്രോളു വിട്ടു.

"എന്നാ നീ എന്തെങ്കിലും കാണിക്ക്, ഞാന്‍ കുഴിരാശി കളിക്കാന്‍ പോകാ.." ഞാന്‍ പതുക്കെ വലിഞ്ഞു.

കളികഴിഞ്ഞ് തിരിച്ചുവന്ന ഞാന്‍ കണ്ടത് അനിയന്റെ അപാരമായ ബുദ്ധിവൈഭവമാണ്. മുന്നറിയിപ്പു ബോര്‍ഡുകള്‍.

"പേരക്കയില്‍ വിഷം തളിച്ചിട്ടുണ്ട്, സൂക്ഷിക്കുക" എന്ന് വെള്ളപ്പേപ്പറിലെഴുതി തൂക്കിയിരിക്കുനു. ഒരു പേരയിലല്ല; രണ്ടു പേരകളിലും.! വവ്വാലിനുള്ള മുന്നറിയിപ്പാണ്!

ഞാന്‍ ചിരിച്ചു ചിരിച്ചു മണ്ണുകപ്പി. ഉമ്മ ചിരിച്ചു ചിരിച്ച് കൈലുകുത്തി. വാപ്പ കരഞ്ഞു!

അവനു ദേഷ്യം അടക്കാന്‍ കഴിഞ്ഞില്ല. എന്റെ ചെരിപ്പ് റോട്ടിലേക്കും, ഉമ്മാടെ തട്ടന്‍ കോഴിക്കൂട്ടിലേക്കും വാപ്പാടെ സിസര്‍ ഫില്‍റ്റര്‍ തെങ്ങിന്‍ ചോട്ടിലേക്കും വലിച്ചെറിഞ്ഞ് "ബോര്‍ഡില് തൊട്ടാ എല്ലാത്തിനേം ഞാന്‍ തട്ടും" എന്നു ചൂണ്ടുവിരല്‍ നീട്ടി അവന്‍ എന്റെ ബെഡ്ഡില്‍ കേറി കെടന്നു. ഞാന്‍ അവന്റെ ബെഡ്ഡിലും. എന്റെ സ്വപ്‌നത്തില്‍ അവന്‍ വവ്വാലിനെ കുത്തിവച്ചു. അവന്‍ പറഞ്ഞു, അവന്റെ സ്വപ്‌നത്തില്‍ ഞാന്‍ ഡോ.ഹൈദ്രാലിയെ കുത്തിവച്ചത്രെ!

നേരം പുലര്‍ന്നു. പേരച്ചുവട്ടിലെത്തിയ എന്നെ അത്‌ഭുതപ്പെടുത്തിക്കൊണ്ട്  മുറ്റം ക്ലീന്‍ ക്ലീനായിക്കിടക്കുന്നു. ഇന്നലെ ആക്രമണം ഉണ്ടായിട്ടേയില്ല. പക്ഷെ എനിക്ക് സന്തോഷം വന്നില്ല. "പേരക്കയില്‍ വിഷം തളിച്ചിട്ടുണ്ട്, സൂക്ഷിക്കുക" എന്ന ബോര്‍ഡ് എന്നെ നോക്കി പല്ലിളിച്ചു! ഉമ്മ അന്തംവിട്ടു. വാപ്പ പേരയുടെ മുകളിലേക്ക് നോക്കി ഏമ്പക്കം വിട്ടു.

അപ്പോള്‍ അനിയന്‍ അമല്‍ നീരദിന്റെ സിനിമയില്‍ നിന്നിറങ്ങി സ്ലോമോഷനില്‍ എന്റെടുത്തേക്കു വന്നു. "ഇക്കാക്കയൊക്കെ അങ്ങു വീട്ടില്. പേരച്ചോട്ടില്‍ കാള്‍ മീ സര്‍". ഞാന്‍ ഉമ്മയെ നോക്കി, ഉമ്മ ചിരി അടക്കിക്കൊണ്ട് മുഖം തിരിച്ചു. വാപ്പ മേലോട്ടുനോക്കി! അവന്‍ സ്ലോമോഷനില്‍ തന്നെ പുട്ടും പയറും പപ്പടവും കഴിക്കാന്‍ പോയി. ഇനി ദിവസം മുഴുവനും സ്ലോമോഷനായിരിക്കും.

എന്നാലും എന്താണ് സംഭവിച്ചത്? വവ്വാലിനു വായിക്കാനറിയുമോ? ഞാന്‍ അന്തം വിട്ടു നിന്നു.

അനിയന്‍ ഒട്ടും സമയം കളയാതെ അവന്റെ വീരവിജയഗാഥ സലാമിനോടും ബക്കറിനോടും വിളംബരം ചെയ്തു. രണ്ടുപേരും അവനെ അഭിനന്ദിച്ചു. ആ ദിവസം അങ്ങനെ സ്ലോമോഷനില്‍ കഴിഞ്ഞു.

പിറ്റേ ദിവസം രാവിലെ നാടുണര്‍ന്നത് പുതിയ രണ്ടു ബോര്‍ഡുകളുമായാണ്.

സലാമിന്റെ തെങ്ങിന്‍ തോട്ടത്തില്‍‍... "തേങ്ങയില്‍ വിഷം തളിച്ചിട്ടുണ്ട്, സൂക്ഷിക്കുക".

ബക്കറിന്റെ വാപ്പ നടത്തുന്ന കോഴിഫാമിനു മുന്നില്‍... "കോഴിയില്‍‍ വിഷം തളിച്ചിട്ടുണ്ട്, സൂക്ഷിക്കുക".

ശേഷം ചിന്ത്യം.

തേങ്ങയിലെ വിഷം ചിരിയിലും 'തേങ്ങാവെഷം' എന്ന ഒരു കളിപ്പേരിലും ഒതുങ്ങി.

കോഴിയിലെ വിഷം, പേരവടി..ബക്കറിന്റെ ചന്തിയില്‍ വീണിടത്തു നിന്നു തുടങ്ങി 'കോഴിവെഷം' എന്ന കളിപ്പേരില്‍ അവസാനിച്ചത് ഭാഗ്യം.

പിന്നീട് പേരകളിലെ ബോര്‍ഡുകള്‍ താനേ പഴകി വീണുപോയി. പക്ഷെ, ആ മല്ലു വവ്വാല്‍‍ പിന്നീടിതുവരെ ആക്രമണം നടത്തിയിട്ടില്ല. കാരണം, അപ്പോഴേക്കും ചക്യാന്റെ പറമ്പില്‍ വീടുപൊളിക്കാന്‍വന്ന രണ്ട് കാസര്‍കോട്ടുകാര്‍ പൊളികഴിഞ്ഞ് തിരിച്ചുപോയിരുന്നു!


Tuesday, July 5, 2011

ചീരുവമ്മയെ ഞാന്‍ കണ്ടിട്ടേയില്ല..!


കൈവെള്ളയില്‍ ഒരുപേനക്കിരുന്നു ചലിക്കാന്‍ ഒരുപാടു സ്ഥലമൊന്നും വേണ്ട, എങ്കിലും ജീവിതം വാരിപ്പിടിച്ചോടുന്നതിനിടയില്‍ പേനക്ക് പണികൊടുക്കാന്‍ സാധിക്കാത്ത എല്ലാ കയ്യുടമകളോടും ആദ്യം തന്നെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കട്ടെ! ഏതു തിരക്കിനിടയിലും സ്ഥിരമായിട്ടെഴുതാന്‍ കഴിയുന്ന കൈകളേ; നിങ്ങളുടെ പിന്നിലുള്ള മനസ്സുകളെ സമ്മതിക്കണം!

പിന്നില്‍ ഒരു കയ്യില്ലാതെ ഒരു പേനക്കും ഒന്നിനും കഴിയില്ല. തുമ്പില്‍ ഒരു പേനയില്ലാതെ ഒരു കൈക്കും ലോകത്തെ മാറ്റിമറിക്കാനുമാവില്ല. അതുകൊണ്ട്, എന്റെ കയ്യുടെയും മനസ്സിന്റെയും അപേക്ഷ മാനിച്ചുകൊണ്ട് ഞാന്‍ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കട്ടെ. ലോകത്തെ മാറ്റിമറിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒന്നു രണ്ടു പേജൊക്കെ മറിയുന്നതുവരെ എഴുതാന്‍ എനിക്കു കഴിഞ്ഞേക്കും..!

അപ്പോഴൊരു പ്രശ്നം, എന്തെഴുതണം? വലത്തേക്കു നോക്കി; കാലിയായ ഒരു വെള്ളക്കുപ്പി! അതിനെക്കുറിച്ച് എന്തെഴുതാനാണ്? വെള്ളക്കുപ്പിയെ ആരും പീഢിപ്പിച്ചിട്ടില്ല, അത് ആരുടെയും കൂടെ ഒളിച്ചോടിയിട്ടുമില്ല! ഇടത്തേക്കു നോക്കി. അലമാര! ഓ..അലമാര ഒട്ടും സെക്സിയല്ല, ഒരു കലൊടിഞ്ഞെങ്കിലും പാര്‍ട്ടി വിട്ടു പാര്ട്ടി മാറിയിട്ടില്ല! മുകളില്‍ തൂങ്ങുന്ന അലങ്കാരവിളക്കും മുന്നിലെ കമ്പ്യൂട്ടറും, ബോറന്‍‌മാര്‍; പോയി പണി നോക്കാന്‍ പറ!

എങ്കില്‍ പിന്നെ എന്നിലേക്കു തന്നെ നോക്കിക്കളയാം. ഞാന്‍ തന്നെയാണല്ലോ എനിക്കേറ്റവും പ്രിയപ്പെട്ട വിഷയം. പക്ഷെ, എനിക്കെന്നെ കാണണമെങ്കില്‍ കണ്ണുകള്‍ പൂട്ടണം. എന്റെ കണ്ണുകള്‍ എനിക്ക് ലോകത്തെ കാണാനുള്ള ദൈവദാനമാണ്. ആ ദൈവം തന്നെയാണ് കണ്ണില്ലാതെയും ചില കാര്യങ്ങള്‍ കാണണം എന്നു പഠിപ്പിച്ചത്. കണ്ണില്ലാതെ ഒന്നാമതായി കാണേണ്ടത് ദൈവത്തെ തന്നെയാണ്; രണ്ടാമത്തെ കാര്യം ഞാനും! ദൈവത്തെ ഞാന്‍ കാണുന്നില്ലെങ്കിലും ദൈവം എന്നെ എപ്പോഴും കാണുന്നുണ്ട് എന്നു മനസ്സിനെ പറഞ്ഞു ബോധിപ്പിച്ചാല്‍ മനസ്സുപോയി ദൈവത്തെ കണ്ടുകൊള്ളും, കണ്ടിട്ടുണ്ട്!. പക്ഷെ, ഞാന്‍ ഇതുവരെ എന്നെ കണ്ടിട്ടില്ലല്ലോ?

അങ്ങനെ ഞാന്‍ കണ്ണുകള്‍ പൂട്ടി എന്നെ കാണാന്‍ തുടങ്ങി. ഇപ്പോള്‍ എനിക്ക് വസ്ത്രങ്ങളില്ല. അതിനുള്ളില്‍ മാംസരുപമോ, കീഴെ ഒരസ്ഥിപഞ്ചരമോ, ആമാശയം കരള്‍ കിഡ്നി തുടങ്ങിയവയോ ഒന്നും എനിക്കിപ്പോഴില്ല.

പക്ഷെ, എനിക്കിപ്പോള്‍ യഥാര്ത്ഥത്തിലുള്ള എന്നെ വളരെ വ്യക്തമായി കാണാം. എന്റെയുള്ളില്‍, സര്‍‌വ്വ ശക്‌തനായ ദൈവത്തെയും ദൈവദൂതനെയും ദൂതാനുയായികളെയും കാണാം. കൈകാലുകളിട്ടടിച്ചു പൊട്ടിച്ചിരിക്കുന്ന എന്റെ കുഞ്ഞുമകനെയും അവനെ മാറോടു ചേര്‍ത്തു കവിളില്‍ ചും‌ബിക്കുന്ന എന്റെ പ്രിയതമയെയും കാണാം. എന്റെ നെറ്റിയില്‍ ഉണര്‍ത്താതെ ചും‌ബിക്കുന്ന പ്രിയ മാതാവിനെയും, എന്നെ ഖുര്‌ആന്‍ പ്ഠിപ്പിക്കുന്ന വന്ദ്യപിതാവിനെയും, നര്‍‌മ്മകുശലനായ സഹോദരനെയും അവന്റെ പെണ്ണിനെയും കുഞ്ഞുകാന്താരിയെയും കാണാം. സ്വര്‍ഗ്ഗത്തില്‍ സൊറപറഞ്ഞിരിക്കുന്ന വല്ലിമ്മമാരെയും, പരസ്‌പരം ഇശലുകള്‍ മൂളിയിരിക്കുന്ന വല്ലിപ്പമാരെയും, നിരന്നിരിക്കുന്ന ബന്ധുക്കളെയും പരന്നൊഴുകുന്ന സ്നേഹിതന്മാരെയും, പിന്നെ ഒരു സ്വകാര്യ നഷ്ടസ്നേഹത്തെയും കാണാം. കുറച്ചുകൂടി പിന്നിലേക്കു നോക്കിയാല്‍ നാട്ടുപ്രമാണിമാരെയും, മന്ത്രിപുംഗവ ശുംഭ ശ്രേഷ്ഠന്‍‌മാരെയും, നാട്യ നവരസ ഹാസ്യ ഗാന പ്രതിഭകളെയും കാണാം. അല്‍‌പം കൂടി മാറിനോക്കിയാല്‍ ശാന്തഗംഭീരനായ ഗാന്ധിയെയും ക്രൂരനായ ഹിറ്റ്‌ലറെയും നികൃഷ്ടനായ ബുഷിനെയും നിഷ്ടൂരനായ ഈദി അമീനെയും കുതന്ത്രശാലിയായ ഒബാമയെയും ധീരനായ സദ്ദാമിനെയും ബാഗ്ദാദിലെ കുരിശു കുഞ്ഞിനെയും ഗാസയിലെ പിടക്കുന്ന രക്തപിണ്ഠങ്ങളെയും കാണാം.

പക്ഷെ, ഇത്രയൊക്കെ കണ്ടീട്ടും, നിര്‍ബ്ബന്ധമായും ഉണ്ടാകേണ്ടിയിരുന്ന ചില കാഴ്ചകള്‍ എന്നിലില്ലല്ലോ എന്നു ഞാനിപ്പോള്‍ കുണ്ഡ്തിതപ്പെടുന്നു. എന്റെ കണ്‍‌പാത്രങ്ങളിലേക്ക് തെറിച്ചുവീണ് കണ്‍‌കോണുകളില്‍ നിന്നും ചോര ചീറ്റിക്കേണ്ടിയിരുന്ന കാഴ്‌ചകള്‍. എന്നില്‍ ആഴത്തി തറച്ച് ചുവന്ന വടുക്കളുണ്ടാക്കി നൊമ്പരപ്പെടുത്തേണ്ടിയിരുന്ന കാഴ്‌ചകള്‍. എന്റെ കൈകളുടെയും ആത്മാവിന്റെയും ബാദ്ധ്യതാ പട്ടികയില്‍ ഏറെ മുകളില്‍ സ്ഥാനം പിടിക്കേണ്ടിയിരുന്ന കാഴ്‌ചകള്‍. എന്നിട്ടും എന്റെ ശ്രദ്ധയുടെ ഏതെങ്കിലും ഒരു മൂലയിലേക്ക് പോലും അറിഞ്ഞോ അറിയാതെയോ കടന്നുവരാന്‍ മടിച്ച ഏറെ അമ്പരപ്പിക്കുന്ന കാഴ്‌ചകള്‍.

ആ കാഴ്‌ചകള്‍ തുടങ്ങുന്നത്, ആനയും ഹിപ്പപ്പൊട്ടാമസും കടക്കാതെ എന്റെ വീടിനു ചുറ്റും കെട്ടി ഉയര്‍ത്തിയ വമ്പന്‍ മതില്‍കെട്ടിന്റെ മറുഭാഗത്തെ കൊച്ചുകുടിലില്‍ നിന്നാണ്. ആ കുടിലില്‍ ചീരു എന്ന മാതാവിന്റെ വറ്റിയ മുലയില്‍ ദാഹാര്‍ത്തനായി കടിച്ചു വലിച്ച്, മുലയില്‍ പൊടിഞ്ഞ മാതൃരക്തത്തില്‍ നിന്നും മനുഷ്യരക്തത്തിന്റെ ആദ്യരുചിയറിഞ്ഞ, എന്നിട്ടും ദാഹം മാറാതെ തൊണ്ടപൊട്ടിക്കരഞ്ഞ മണികണ്ഠന്‍ എന്ന മൂന്നുമാസക്കാരന്‍ തോല്‍‌മാക്രിയുടെ ഉണങ്ങിയ ചുണ്ടില്‍ നിന്നാണ്. അപ്പോള്‍ ചീരുവമ്മയുടെ ചോരപോടിഞ്ഞ മുലകളിലേക്ക് കാമാര്‍ത്തനായി നോക്കിയ ചോരക്കണ്ണന്‍ വള്ളോനില്‍ നിന്നാണ്. കുഞ്ഞു മണി വളര്‍ന്നപ്പോള്‍‍ കാലം പോയതും, കാലപ്പാച്ചിലില്‍ ആ ദാഹക്കരച്ചില്‍  ക്രൂരമായ അട്ടഹാസങ്ങളായതും, അമ്മച്ചോരക്കടിമയായവന്‍ മനുഷ്യച്ചോരയില്‍ ലഹരികണ്ടതും കണ്ണു ചുവന്നതും കരള്‍ കറുത്തതും 'കണ്ണന്‍മണി' എന്ന രാത്രിസഞ്ചാരിയായ കൊലപാതകി പിറന്നതും ഞാന്‍ കാണ്ടിട്ടും കാണാതിരുന്ന കാഴ്‌ചകളാണ് !

ആ കാഴ്‌ചകള്‍ തുടരുന്നത് പള്ളിക്കരികിലൂടെ പോകുന്ന കല്ലും മുള്ളും നിറഞ്ഞ ഇടവഴിയിലൂടെയാണ്. ആ ഇടവഴിക്കരികിലാണ് ശിവകാമി എന്ന കറുത്ത മധുരപ്പതിനേഴുകാരിയുടെ വീട്. സ്നേഹം ചോദിച്ച് പിറകെ നടന്ന മാന്യന്റെ മകനായ സജീവന് ഹൃദയം കൊടുത്തപ്പോള്‍, ഹൃദയം പൊതിഞ്ഞ ശരീരത്തുണ്ടിലേക്ക് അവന്‍ തെറിപ്പിച്ച ഏതാനും കാമശമനിത്തുള്ളികള്‍ അടിവയറ്റിലേക്ക് അബദ്ധത്തില്‍ ഏറ്റുവാങ്ങിയവള്‍. ഒരിക്കലും നിറഞ്ഞിട്ടില്ലാത്ത ആമാശയത്തിനു കീഴെ ജീവസ്സഞ്ചിയില്‍ ഒരു നിറവു പൊങ്ങി അനക്കം തുടങ്ങിയപ്പോള്‍, നിഷ്‌കരുണം കൂക്കിവിളിച്ച നാടിന്റെ നെഞ്ചത്തു വന്നു നിന്ന് നിറവയറിലേക്ക് ചൂണ്ടി ഹൃദയം കൊടുത്തവനോട് ഒരല്‍‌പം ദയ ചോദിച്ചതിന് പകരം ചവിട്ടേറ്റുവാങ്ങി, കൈകാലുകളുള്ള രക്തപിണ്ഠം വിസര്‍ജ്ജിച്ചവള്‍. ഇന്ന്, പഴയ കാമുകന്റെ മാന്യനായ പിതാവിനോടു പോലും പ്രതികാരമെന്നവണ്ണം ഓരോ രാത്രിക്കും കണക്കു പറഞ്ഞ് കാശുവാങ്ങുന്ന ഇരുപത്തേഴുകാരിയായ, ചുണ്ടില്‍ ചുവന്ന ചായം തേച്ച ശിവകാമി എന്ന വിലകുറഞ്ഞ അഭിസാരികയെയും, ഇനിയൊരു മാതൃത്വത്തിനു ശക്തിയില്ലാത്ത അവളുടെ ഉദരസഞ്ചിയെയും, നടുവൊടിഞ്ഞ അച്ഛനെയും തൂങ്ങിമരിച്ച അമ്മയെയും ഞാന്‍ കണ്ടിട്ടേയില്ല.

 ഇനിയും; കാണാത്ത കാഴ്‌ചകള്‍ തെളിയുന്നു. കവലയില്‍ നിന്ന് തെറിപറയുന്ന അനുസരണയില്ലാത്ത ഭ്രാന്തിയായ ഉമ്മയെ ചിരിച്ചാര്‍ക്കുന്ന ആളുകള്‍ക്കു മുന്നിലൂടെ വീട്ടിലേക്ക് കൊണ്ടുപോകാന്‍  ഊരിവടികൊണ്ടടിച്ച്, സ്വയം പുളയുന്ന, നിവൃത്തികെട്ട, ഏകമകന്‍ പത്താം ക്ലാസുകാരന്‍ മനാഫ് ! രോഗിയും വൃദ്ധയുമായ സ്വന്തം സഹധര്‍മ്മിണിക്ക് കഞ്ഞി കൊടുക്കാന്‍‍ എന്റെ വീടിന്റെ പറമ്പു കിളച്ച് ആരും കാണതെ നിന്നു കിതച്ച, ഉമ്മകൊടുത്ത പുട്ടും കടലയും പാതി പൊതിഞ്ഞെടുത്ത, ജീവിതത്തിലെ ഏറ്റവും വലിയ സുഭിക്ഷതകള്‍ നോമ്പുകാലങ്ങളില്‍ പള്ളികളില്‍ നിന്ന് സ്വീകരിച്ച, സാധുവായ, വന്ദ്യവയോധികനായ, മക്കളില്ലാത്ത മക്കാരുകാക്ക! പിറന്ന മക്കള്‍ ഏഴും പെണ്ണായിപ്പോയപ്പോള്‍ വിശപ്പിന്റെ എരിയടുപ്പിലേക്ക് ഒരു സര്‍ബ്ബത്തും പാളേന്‍‌കോടന്‍ പഴവും ഇട്ടുപോയതിന് കവലനായ്‌ക്കളുടെ പരിഹാസത്തിന്റെ കുരകള്‍ കേള്‍ക്കേണ്ടിവന്ന, കണ്ണുകളില്‍ ചുവന്ന നൂല്‍ ഞരമ്പുകള്‍ പൊങ്ങിയ പേരറിയാത്ത മറ്റൊരു വൃദ്ധജന്‍‌മം!

ഹൊ! എന്തൊരു മൂര്‍‌ച്ചയാണീ കാണാതെപോയ കാഴ്‌ചകള്‍ക്കെല്ലാം! നവയവ്വനത്തിന് ത്രസിപ്പിക്കുന്ന കാഴ്‌ചകള്‍ കാണാനുള്ള കണ്ണേയുള്ളു; രസിപ്പിക്കുന്ന ചിത്രങ്ങള്‍ തൂക്കാനുള്ള മനസ്സേയുള്ളു!

അന്ധനായിരുന്നല്ലോ ഞാന്‍! ചീരുവിനെയും കുഞ്ഞു മണിയെയും, ശിവകാമിയെയും കാണാതെ ഗാന്ധിയെയും ഹിറ്റ്ലറെയും കണ്ട മണ്ടന്‍! ഭ്രാന്തിയുടെ മകനെയും ദുരിതം തിന്ന വയോധികരെയും കുറിച്ച് ചിന്തിക്കാതെ ദൈവദൂതനെയും ദൂതാനുയായികളെയും കുറിച്ചു പാടിയ പമ്പരവിഡ്ഢി. അതിനാല്‍ എന്റെ ഈ അലസ യവ്വനം ഞാനിതാ ലേലത്തിനു വക്കുന്നു. പൊട്ടിയ ഒരോട്ടുപാത്രത്തോളമെങ്കിലും നിങ്ങള്‍ അതിനു വിലയിടുമെങ്കില്‍; ഇതുപോലുള്ള അല്ലെങ്കില്‍ ഇതിനേക്കാള്‍ അര്‍ത്ഥശൂന്യമായ ഒരു യുവസമൂഹത്തെത്തന്നെ ഞാനീ ലേലച്ചന്തയില്‍ വില്പനക്കു കൊണ്ടുവരാം.

പക്ഷെ, അവരെയെല്ലാം ഒന്നടങ്കം വാങ്ങി ശുദ്ധീകരിച്ച് ചീരുവമ്മമാരുടെ വറ്റിയ മുലകളിലേക്ക് അമ്മിഞ്ഞാപ്പാലെത്തിക്കാള്ള സാമൂഹ്യബോധത്തിന്റെ ടാങ്കര്‍ ലോറികളില്‍ ഡ്രൈവര്‍മാരാക്കാന്‍ കെല്‍പ്പുള്ള ‌ഏതെങ്കിലും തത്വശാസ്ത്രം കയ്യിലുള്ളവര്‍ മാത്രം ലേലം വിളിക്കുക. കൊടിയുടെയോ വെടിയുടെയോ മുടിയുടെയോ പേരില്‍ പരസ്‌പരം തമ്മില്‍തല്ലുന്ന ജാതി മത സമുദായങ്ങള്‍ക്ക് ഈ ലേലച്ചന്തയുടെയോ അപ്പുറത്തെ കാളച്ചന്തയുടെയോ അവശിഷ്ടക്കുഴികളിലേക്കു പോലും പ്രവേശനമില്ല. കാരണം; ദൃശ്യമാദ്ധ്യമങ്ങളും വെബും കാണിച്ചുകൊതിപ്പിച്ച പുതുലോകത്തിന്റെ വര്‍ണ്ണച്ചതിയില്‍ നിന്ന്, ഞാനടങ്ങുന്ന യുവതയുടെ കണ്ണുകളെ തിരിച്ചുവിളിച്ച് മനാഫിലേക്കും മക്കാരുകാക്കയുടെ കിതപ്പിലേക്കും ചൂണ്ടിക്കാണിക്കേണ്ടിയിരുന്ന വിരലുകളാണ് നിങ്ങളിപ്പോഴും പരസ്പരം ചൂണ്ടി പോരു വിളിക്കുന്നത്!

ഞാന്‍ ഒരു കോടതിയായിരുന്നെങ്കില്‍ നിങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ഞാന്‍ വിധിക്കുക വ്യഭിചാരക്കുറ്റത്തിനുള്ള ശിക്ഷയായിരിക്കും; ഒരു ജനതയെ പരസ്യമായി വ്യഭിചരിച്ചതിനുള്ള ഏറ്റവും വലിയ ശിക്ഷ! പക്ഷെ ഇപ്പോള്‍ എന്റെ ഭയം നാളെ ദൈവത്തിന്റെ കോടതിയില്‍ ഞാന്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ ദൈവം പറയുമോ..നിന്നെ ഞാന്‍ കണ്ടിട്ടേയില്ല എന്ന്..?

Sunday, May 16, 2010

ക്രിക്കറ്റ് ബോള്‍‌

വേനലവധിയുടെ അവസാന ദിവസത്തെ കളിയും കഴിഞ്ഞു. കുട്ടികളെല്ലാം വാടിയമുഖങ്ങളുമായി വീടുകളിലേക്കു പോയിത്തുടങ്ങി. അവരെ കൈവീശിക്കാണിച്ച് തിരികെ പോകുന്ന സൂര്യന്റെ ചുവന്ന വിഷാദം കൊയ്തുകഴിഞ്ഞ തക്കത്തിന് ആ പാടത്തേക്ക് കുടിയേറിപ്പാര്ത്ത് കറുകക്കൂട്ടത്തിന്റെയും മുഖം ചുവപ്പിച്ചു. കാട്ടുപത്തലുകള്‍ സ്റ്റമ്പുകളാക്കി കുത്തിയ കുഴികള്‍ ഇനി ഈ സ്കൂള്മ്ഴക്കാലത്ത് തവളകള്ക്കുുള്ളതാണ്!

കുട്ടനായിരുന്നു ഏറ്റവും വിഷമം. എല്ലാവരും പോയിക്കഴിഞ്ഞിട്ടും അവന്‍ ആ വരമ്പത്തൂടെ നടന്നു. അടുത്ത അവധിക്കാലത്ത് ഇവിടെ കളിക്കാന്‍ അവനുണ്ടാവില്ല. ഒരുമാസത്തിനകം റിയാദില്‍ അച്ഛന്റെ അടുത്തേക്ക് പോകും. അഞ്ചാം ക്ലാസ്സില്‍ അവിടത്തെ സ്കൂളില്‍ ചേര്ക്കാ നാണ് പരിപാടി. പിന്നെ ഇനി എന്നു വരുമെന്നോ എന്താണെന്നോ ഒന്നും ഒരു പിടുത്തവുമില്ല.

അവന്‍ ഒന്നുകൂടി ക്രീസില്‍ ചെന്നു ബാറ്റില്ലാതെ സിക്സറടിച്ചു; മറുതലക്കല്‍ ചെന്ന് ബോളില്ലാതെ കുറ്റിതെറിപ്പിച്ചു. പിന്നെ സങ്കല്‍‌പത്തിലുയര്ന്നഞ പന്തിനെ ചാടിവീണുപിടിച്ച് "ഹൗസാറ്റ്" വിളിച്ചു, അമ്പയറുടെ സ്ഥാനത്ത് നിന്ന് "ഔട്ട്" വിളിച്ചു..പിന്നെ വരമ്പത്തിരുന്ന് മനസ്സാ ആര്പ്പുൂവിളിച്ചു!
ഇരുട്ടുന്നതുവരെ ആ ഇരിപ്പ് തുടര്ന്നു .

പ്രിയപ്പെട്ട കളിപ്പാടത്തെ ഓരോ കോണുകളോടും മൗനമായി യാത്രപറഞ്ഞു. വഴിയിലേക്ക് കയറി ഒന്നു കൂടി അവന്‍ പിച്ചിലേക്ക് നോക്കി. മുഖം തിരിക്കാന്‍ തുടങ്ങിയതും..ഗ്രൗണ്ടീന്റെ അങ്ങേ മൂലയിലതാ...മൂടിവീഴുന്ന ഇരുട്ടിനെ വകഞ്ഞ് എന്തോ ഒന്ന്.. അത് തന്നെ നോക്കി കരയുന്നതായവനു തോന്നി. കൈവീശി മാടിവിളിക്കുന്നു. എന്നെ വിട്ടിട്ടു പോകല്ലേ എന്നപേക്ഷിക്കുന്നു...! "ഹൊ..എന്റെ പന്ത്...!" കുട്ടന്‍ അങ്ങോട്ടോടി ..അതിവേഗത്തിലോടി..!

അതാ കുട്ടന്റെ പ്രിയപ്പെട്ട പന്ത്! കുട്ടന്റെ കൈകളില്‍ തലകുത്തിമറിഞ്ഞ; അവനെറിയുമ്പോള്‍ എതിരാളിയെ കബളിപ്പിച്ച് സ്റ്റമ്പിലേക്കിരച്ചു കയറിയ, അവനടിക്കുമ്പോള്‍ പിടിക്കാന്‍ വന്ന എതിരാളികളുടെ കയ്യില്‍ കടിച്ച് സിക്‌സറിലേക്ക് എടുത്തുചാടിയ, സര്‍‌വ്വോപരി ഇന്നലെ വരെ അവനോടൊപ്പം അവന്റെ തലയിണക്കരികിലുറങ്ങിയ പന്തിനെ കുട്ടനെന്തേ മറന്നൂ..?

കുട്ടന്റെ കണ്ണു നിറഞ്ഞു..! അവന്‍ അതിനെ വാരിയെടുത്ത് മാറോടു ചേര്ത്തു . "നീ എന്നെ ഇങ്ങനെ വിട്ടിട്ട് പോകും..അല്ലേ കുട്ടാ" എന്ന പന്തിന്റെ ചോദ്യം കേട്ട് അവന്‍ പൊട്ടിക്കരഞ്ഞു; പന്തും..! അനിക്കുട്ടന്‍ അതിനെയും മാറോട് ചേര്ത്ത് പിടിച്ച് വീട്ടിലേക്കു നടന്നു.

അമ്മ കുട്ടനെയും കാത്ത് വഴിയില്തപന്നെ നില്‍‌പ്പുണ്ട്.പിള്ളേരെല്ലാം പോയിട്ടും അവന്‍ വൈകുന്നതിലുള്ള വിമ്മിഷ്ടം മുഖത്ത് കാണാം..!

"എവിടെപ്പോയി കെടക്കായിരുന്നെടാ..ഇതുവരെ...?".
കുട്ടനു മിണ്ടാട്ടമില്ല...

"നീയെന്തിനാ കരഞ്ഞത്..എവിടേങ്കിലും വീണോ?"
മറുപടി കൂര്ത്ത മൗനമായിരുന്നു..

കയ്യില്‍ പന്തുകൂടി കണ്ടപ്പോള്‍ അമ്മക്കു ദേഷ്യം വന്നു..."അവനും അവന്റെയൊരു കളീം..ഇന്നത്തോടെ തീര്ന്നി ല്ലേ എല്ലാം.." അമ്മ പന്തു വാങ്ങി ഒറ്റയേറ്..ആ കുറ്റിക്കാട്ടിലേക്ക് ! പിടിക്കാന്‍ വന്ന അമ്മയില്‍ നിന്നും കുതറി കുട്ടന്‍ കുറ്റിക്കാട്ടില്‍ കയറി പന്തെടുത്ത് വീടിനകത്തേക്കോടി; തലയിണക്കിടയില്‍ പന്തിനെ ഒളിപ്പിച്ചു വച്ചു. അന്നു പക്ഷെ അമ്മേടെ കയ്യീന്ന് കണക്കിനു കിട്ടി.

ദിവസങ്ങള്‍ വണ്‍‌ ഡേ വിക്കറ്റുകള്‍ പോലെ കൊഴിഞ്ഞു വീണു. മഴവെള്ളം തെറിപ്പിച്ച് സ്കൂളീലേക്ക് പോകുന്ന കൂട്ടുകാര്‍ വിളിച്ചു ചോദിച്ചു "കുട്ടാ...എന്നാ പോണത്..?". കുട്ടന്‍ ഒന്നും മിണ്ടാതെ അവര്‍ പോകുന്നതും നോക്കി നിന്നു. വിസ ശരിയായിരിക്കുന്നു.

"കുട്ടാ, കൊണ്ടുപോകനുള്ളതൊന്നും മറക്കല്ലേ..എല്ലാം ഇതിലെടുത്തു വക്ക്.." അമ്മ ഒരു കൊച്ചു സ്യൂട്ട്‌കെയ്സെടുത്ത് കുട്ടനു കൊടുത്തു. ഉടുപ്പുകളും പുസ്തകങ്ങളുമൊക്കെ അവനതിലെടുത്തുവച്ചു. ഉടുപ്പുകള്ക്കിടടയില്‍ അവന്റെ പ്രിയപ്പെട്ട പന്തും.

പക്ഷെ അതുകണ്ടപ്പോള്‍ അമ്മക്ക് കലി കയറി. "കുട്ടന് നല്ല അടികിട്ടും ട്ടോ....പുതിയ ഉടുപ്പിന്റെ കൂടെയാ അവന്റെയൊരു ചളിപിടിച്ച പന്ത്..! നീയവിടെ പഠിക്കാനാ പോണത്..കളിക്കാനല്ല..!"

എത്ര പറഞ്ഞിട്ടും ആ പന്തുകൊണ്ടുപോകാന്‍ അമ്മ സമ്മതിച്ചില്ല. സങ്കടത്തോടെ കുട്ടന്‍ പന്തിനെ മച്ചിന്റെ മുകളിലെ മരപ്പെട്ടിയില്‍ കൊണ്ടുപോയി വക്കാന്‍ തീരുമാനിച്ചു. പിന്നെയോര്ത്തു!, വേണ്ട അതിനെ പൂട്ടിയിടണ്ട!

അങ്ങനെ അന്നു രാത്രി എല്ലാവരുമുറങ്ങിയപ്പോള്‍ പന്തും ഗാഢനിദ്രയിലാണ്ടപ്പോള്‍ കുട്ടന്‍ പന്തുമെടുത്ത് കളിസ്ഥലത്തേക്കോടി. അവിടെ പിച്ചിന്റെ ഒത്തനടുക്ക് പതുപതുത്ത വട്ടയിലയില വിരിച്ച് അതില്‍ കിടത്തി. അവസാനമായി പന്തിന്റെ നെറുകയില്‍ ഉണര്ത്താ തെ ചുമ്പിച്ച് അവന്‍ കരഞ്ഞുകോണ്ട് വീട്ടിലേക്കോടി. പിറ്റേ ദിവസം രാവിലെ കുട്ടന്‍ പറന്നു..പറന്നാലും പറന്നാലും പച്ചപ്പുകാണാത്ത മരുഭൂമിയുള്ള നാട്ടിലേക്ക്..അച്ഛന്റെ അടുത്തേക്ക്..ഗള്ഫി്ലേക്ക്..!

ഏറ്റവും വലിയ ധൂര്ത്തുനാണ് കാലം! യാതൊരു കയ്യും കണക്കുമില്ലാതെ ജീവിതത്തെ അത് ചിലവഴിച്ചു തീര്‍‌ക്കും. നാലു വര്ഷം് കഴിഞ്ഞിരിക്കുന്നു. ഇക്കാലത്തിനിടയില്‍ കുട്ടന്റെ കൈകള്‍ ഒരു പന്തിനേയും സ്പര്‍‌ശിച്ചിട്ടുപോലുമില്ല! പ്രിയകൂട്ടുകാരനായ പന്തിനെ വിട്ടിട്ടു പോന്നതിന്റെ സങ്കടം ഇക്കാലമത്രയും അവന്‍ സഹിച്ചു. ഇപ്പോള്‍ ആദ്യത്തെ അവധിക്കുള്ള ഒരുക്കത്തിലാണവന്‍. നാട്ടില്‍ ചെന്നാല്‍ ആദ്യംതന്നെ എന്തായിരിക്കും അവന്‍ തേടുക? എങ്ങോട്ടായിരിക്കും അവനോടുക?

ഞാന്‍ പറയാം; അപ്പോഴും അവിടെ രാത്രിയായിരിക്കും. ഉടുപ്പും ഷൂസുമൊന്നും മാറ്റാതെ ആവേശത്തോടെ അവനാ കളിസ്ഥലത്തേക്കോടിച്ചെല്ലും..!

അപ്പോള്‍ പക്ഷെ..പരിപൂര്‍‌ണ്ണ ശൂന്യതയും ശ്മശാന മൂകതയും അവനെ വലയം ചെയ്യും. നിരാശയോടെ ഭീതിയോടെ തിരികെ പോകാന്‍ തുടങ്ങുമ്പോള്‍.... ഗ്രൗണ്ടീന്റെ അങ്ങേ മൂലയിലതാ...മൂടിവീഴുന്ന ഇരുട്ടിനെ വകഞ്ഞ്, വീണ്ടൂം കുട്ടനെ നോക്കി കരയുന്നു കൈവീശിക്കാണിക്കുന്നു...അവന്റെ പ്രിയപ്പെട്ട പന്ത്..!

കുട്ടന്‍ അങ്ങോട്ടോടും..അതിവേഗത്തിലോടും..പന്തിനെ വാരിപ്പുണരും..പന്തു ചോദിക്കും.."മറന്നോ കുട്ടാ...?".

പൊട്ടിക്കരഞ്ഞുകൊണ്ട് അവനതിനെ പൊക്കിയെടുക്കും. പിച്ചിലേക്കിരച്ചുകയറി ഇല്ലാത്ത കുറ്റികള്‍ തെറിപ്പിക്കും. പന്ത് ഉയര്ന്നു പൊങ്ങും. കുട്ടനതിനെ ചാടിപ്പിടിച്ച് "ഹൗസാറ്റ്" വിളിക്കും..അമ്പയറുടെ സ്ഥാനത്ത് ചെന്ന് "ഔട്ട്" വിളിക്കും. പിന്നെ..വരമ്പത്ത് കയറിനിന്ന് ആര്പ്പു്വിളിക്കും. അപ്പോള്‍ ആനന്ദത്താല്‍ ചുവന്ന മുഖവുമായി സൂര്യന്‍ അവരോടൊപ്പം കളിക്കാന്‍ വരും; കരിഞ്ഞുണങ്ങിയ കറുകകള്‍ വിരിഞ്ഞു പടര്ന്ന് ആനന്ദ നൃത്തമാടും..!

അന്നേരം പഴയ കളിക്കൂട്ടുകാരെല്ലാം തിരക്കു പിടിച്ച് സ്കൂളുകളിലേക്ക് പോകുന്നുണ്ടാകും. അവരോട് കുട്ടന്‍ വിളിച്ചു ചോദിക്കും "ഞങ്ങളിതാ റെഡി.. വൈകീട്ടെന്താ പരിപാടി..?"

Tuesday, April 20, 2010

ആലുവായില്‍ അമ്പഴങ്ങ..!



ആയിരം പാദസരങ്ങള്‍ കിലുങ്ങി 'ആലുവാപുഴ' പിന്നെയുമൊഴുകി എന്ന പാട്ട് കേള്‍ക്കാന്‍ തുടങ്ങിയതുമുതല്‍ ഞാന്‍ അഭിമാനത്തോടെ വാരിയണിഞ്ഞതാണ് ആലുവക്കാരന്‍ എന്ന ആഭരണം. പിന്നീട് പാദസര്‍ം കിലുക്കി വരുന്ന സുന്ദരിപ്പെണ്‍കിടാങ്ങളെ ആലുവപ്പുഴ എന്നു കളിയാക്കിയത് മുതലല്ലേ എന്നില്‍ ഭാവന മൊട്ടിട്ടത് എന്നു ഞാന്‍ സംശയിക്കുന്നു. ദയവു ചെയ്ത്, 'ഏതു ഫാവന' എന്നൊക്കെ ചോദിച്ച് എന്റെ ഭാവനാ ശുദ്ധിയെ ചോദ്യം ചെയ്യരുത്. പക്ഷെ, ആലുവാപുഴയുടെ തീരത്ത് പലവട്ടം പോയിരുന്നിട്ടും വയലാര് കേട്ട പാദസരത്തിന്റെ കിലുക്കമൊന്നും ഞാന്‍ കേട്ടിട്ടില്ലാത്തതിനാല്‍‍ അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയെ എന്റെ ഈ ശുദ്ധഭാവന ചോദ്യം ചയ്തിട്ടുണ്ട് എന്നത് വേറെകാര്യം!


ആലുവയില്‍ അഭിമാനിക്കാന്‍ മാത്രം ഇത്രവലിയ അമ്പഴങ്ങ എന്തിരിക്കുന്നു എന്നു ചോദിക്കുന്നവര്‍ ആലുവയെക്കുറിച്ചറിയാത്തവരല്ല, മറിച്ച് അഭിമാനത്തെ കുറിച്ചറിയാത്തവരാണെന്ന് ഞാന്‍ പറയും. ലോകത്തെ എല്ലാ പിറപ്പുകളും സ്വന്തം നാടിനെക്കുറിച്ചു പറയുമ്പോളുണ്ടാകുന്ന ഒരു വികാരമുണ്ടല്ലോ; അതിനെ മലയാളത്തില്‍ അഭിമാനം എന്നു വിളിക്കപ്പെടുന്നു എന്ന് അത്തരക്കാര്‍ക്കുവേണ്ടി ഞാന്‍ പറഞ്ഞു വക്കട്ടെ. ആ നാട്ടില്‍ ആലുവാപുഴ പോലൊരു പുഴയുണ്ടാകണമെന്നോ, ആ പുഴയുടെ പാദസരം പാട്ടില്‍ കിലുങ്ങണമെന്നോ യാതൊരു നിബന്ധനയുമില്ല. എന്തുചെയ്യാം, എല്ലാ നാടുകള്‍ക്കും അതിനുള്ള ഭാഗ്യമൊന്നും ഈശ്വരന്‍ കൊടുത്തില്ലല്ലോ. എന്നാല്‍ ആലുവയെപ്പോലെ അതൊക്കെയുള്ള ഒരു നാടിന്റെ സന്തതിക്ക് പലവട്ടം അഭിമാനിക്കാന്‍ മറ്റെന്തുവകയാണു വേണ്ടത്? അതുകൊണ്ടുതന്നെ ആലുവവാല എന്ന പേരിന്റെ സമ്പൂര്‍ണ്ണാര്‍‌ത്ഥം കേവലം ആലുവക്കാരന്‍ എന്നല്ല; അഭിമാനിയായ ആലുവക്കാരന്‍ എന്നാണ്! സാന്ദര്‍ഭികമായിപ്പറയട്ടെ, മറ്റു പല സന്ദര്‍ഭങ്ങളിലും അഭിമാനം എന്ന ഈ വികാരം ഇടിച്ചുകേറി വരാറുണ്ട്, അതൊക്കെ സമയാസമയങ്ങളില്‍ ഓരോരുത്തരും അനുഭവിച്ചുകൊള്ളട്ടെ.!


എന്നാല്‍ ഒരുപാടുകാരണങ്ങളാല്‍ ചിലര്‍ക്കൊക്കെ സ്വന്തം നാടിനെക്കുറിച്ചു പറയുമ്പോളുണ്ടാകുന്ന വികാരത്തിന് 'അപമാനം' എന്നാണു പേര്. അതെന്താ അങ്ങനെ എന്നു ചോദിക്കുന്നവര്‍ക്ക് അപമാനത്തെക്കുറിച്ചും ഒരു ചുക്കും അറിയില്ല എന്നേ എനിക്കുത്തരം നല്‍കാന്‍ കഴിയൂ. പിണരായി, അഴീക്കോട്, മാള തുടങ്ങിയ സ്ഥലങ്ങളില്‍ ജനിച്ചുപോയവരോട് ചോദിച്ച് അപമാനത്തെക്കുറിച്ചു പഠിക്കാന്‍ ഞാന്‍ അവരെ ഉപദേശിക്കുന്നു. തച്ചങ്കരി എന്നത് സ്ഥലപ്പേരാണെങ്കില്‍ അബദ്ധത്തില്‍ പോലും അവരോടൊന്നും അപമാനത്തെക്കുറിച്ച് ചോദിച്ചേക്കല്ലേ, ലോക്കപ്പിലിട്ട് ഉരുട്ടിക്കൊന്നുകളയും. ഉരുണ്ട മയ്യത്തിന് ഭംഗി തീരെ കുറവാണ്!


ഗള്‍ഫില്‍ അറബികള്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. "നീ ഇന്ത്യക്കാരനാണോ അതോ കേരളയോ?". നല്ല ചോദ്യം. കേരളം മറ്റൊരു രാഷ്ടമാണെന്ന് അവര്‍ തെറ്റിദ്ധരിച്ചതിന്റെ കാരണം എണ്ണാനറിയുന്ന നിങ്ങളോട് ഞാന്‍ പറയണ്ടല്ലോ? ഭാഷയിലും, രൂപത്തിലുമൊക്കെയുള്ള വ്യതാസങ്ങളും അതിനു കാരണമായിട്ടുണ്ടാകാം! 'ഇന്ത്യ' എന്നുത്തരം കൊടുത്താല്‍ അവര്‍ പറയും "ഹിന്ദി..കുല്ലു കൊയ്സ്, കേരള..മുശ്കില (ഇന്ത്യക്കാരൊക്കെ നല്ലവരാ..പക്ഷെ..കേരളക്കാര് പ്രശ്‌നമാ). ഇനി 'കേരള' എന്നുത്തരം കൊടുത്താല്‍ തിരിച്ചായിരിക്കും അവരുടെ പ്രതികരണം. ഇതുരണ്ടും കേള്‍ക്കാന്‍ എനിക്കിഷ്ടമല്ല. കാരണം ആ പേരുകള്‍ ഞരമ്പുകളില്‍ ചോരതിളപ്പിക്കുകയും അന്തരംഗം അഭിമാന‌പൂരിതമാക്കുകയും ചയ്യുന്നവനാണ് ഞാന്‍ എന്നതുതന്നെ.


ഒരിക്കല്‍ ഞാനും നേരിട്ടു ആ ചോദ്യം. "നീ ഇന്ത്യക്കാരനോ അതോ കേരളയോ?" കണ്‍ഫ്യൂഷന്റെ മൂര്ദ്ധന്യത്തില്‍ ഞാന്‍ പറഞ്ഞുപോയി "ആലുവ"! ഒരു നിമിഷം, രണ്ടൂ നിമിഷം..ആലോചിച്ച് ആ മഹാന്‍ മറുപടി അരുളിച്ചെയ്തു.."ആള്‍വ കൊയ്സ്..ലാകിന്‍ ഹിന്ദി വ കേരള കുല്ലു ഹറാമി..!!(ആള്‍വ കൊള്ളാം പക്ഷെ ഇന്ത്യയും കേരളയും മുഴുവന്‍ കള്ളന്‍‌മാരാണ്)". ആദരണീയ തച്ചങ്കരി സാറേ.. ഇനി ബന്ധുവീട്ടീപോണെന്നു കള്ളം പറഞ്ഞ്..ജോലിയില്‍ നിന്നു മുങ്ങി ഗള്‍ഫില്‍ വരുമ്പോള്‍ ടിയാന്റെ കാര്യം അങ്ങ് ഏറ്റോളേണമേ..!


ഇന്ത്യക്കാരേ..കേരളീയരേ.. ഇനിപ്പറ..! ഞാന്‍ ആലുവാക്കാരന്‍ എന്നഭിമാനിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ? പക്ഷെ..ആ അറബിയെപ്പോലെ എനിക്കും ഇപ്പോള്‍ ഒരേയൊരു സംശയമേയുള്ളു, ആരാ ആലുവയിലെ പ്രധാനമന്ത്രി?

Saturday, April 10, 2010

സൂര്യനുദിക്കാത്ത മലയാളം

വിരലിലെണ്ണാവുന്നത്ര സ്വപ്‌നങ്ങളേ എനിക്കുള്ളു. വിരലുകള്‍ കുറഞ്ഞുപോയല്ലോ എന്ന ഒരേയൊരു സങ്കടവും എനിക്കുണ്ട്. ഒരായിരം വിരലുകളുണ്ടായിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നത് സ്വപ്‌നങ്ങളോടുള്ള അത്യാര്‍ത്തി മൂലമാണ്. കാരണം, സ്വപ്‌നം കാണുമ്പോഴുള്ള സുഖമൊന്നും ജീവിതത്തിലെ മറ്റൊരു പ്രതിഭാസവും എനിക്കു സമ്മാനിക്കാറില്ല.

ഉറക്കത്തില്‍ കണ്ണടച്ചു കാണുന്ന സ്വപ്‌നമല്ല യഥാര്‍‌ത്ഥ സ്വപ്നം. കണ്ണു തുറന്നിരിക്കുമ്പോള്‍ സ്വപ്‌നം കാണാന്‍ കഴിയണം. ഇത് ഞാന്‍ എവിടെയോ വായിച്ചതാണ്. ഉറക്കത്തില്‍ ഞാന്‍ കാണുന്ന സ്വപ്‌നങ്ങളധികവും എന്റെ ശത്രുക്കള്‍ സം‌വിധാനം ചെയ്ത ഹൊറര്‍ മൂവികളാണ്. അതിലൊക്കെ ഞാനെപ്പോള്‍ അഭിനയിച്ചു എന്ന് ഞാന്‍ തന്നെ അത്ഭുതപ്പെടാറുണ്ട്. എങ്കിലും കണ്ണു തുറന്നിരിക്കുമ്പോള്‍ കാണുന്ന സ്വപ്നങ്ങളെല്ലാം ഞാന്‍ തന്നെ സംവിധാനം ചെയ്ത ജനപ്രിയ ചിത്രങ്ങളാണ്. ഉറങ്ങാതിരിക്കുമ്പോള്‍ കാണുന്നതെങ്കിലും എന്റെ സ്വപ്‌നങ്ങളിലെ മാസ്റ്റര്‍ പീസുകള്‍ ഉറക്കവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു എന്നതാണ് അതിന്റെ വിരോധാഭാസവും പ്രത്യേകതയും.


ബോര്‌ഡിംഗ് ജീവിത കാലത്ത് അതിരാവിലെ വാതിലില്‍ ചൂരലുകൊണ്ടടിച്ച് വിളിച്ചുണര്‍ത്താന്‍ വാര്‍ഡന്‍‌മാരില്ലാത്ത കാലത്തെ സ്വപ്‌നം കണ്ടിട്ടുണ്ട്. പിന്നീട് മറ്റൊരു ഹോസ്റ്റലിലായപ്പോള്‍, സ്വപ്‌ന മൂര്‍ദ്ധന്യത്തില്‍ കിടക്കപ്പായയാല്‍ സ്വയം ചുരുട്ടി, എഴുന്നേറ്റു പോയ കുട്ടികള്‍ മടക്കി അട്ടിയിട്ടു വച്ച പായകള്‍ക്കിടയില്‍ പോയി കിടന്ന് സ്വപ്ന സാക്ഷാല്‍‌ക്കാരവും പ്രതിഫലമായി ചൂരല്‍ പ്രയോഗവും നേടിയിട്ടുണ്ട്. ഇപ്പോള്‍ ഈ ഗള്‍ഫുകാലത്ത് വാര്ഡ‍ന്റെ സ്ഥാനം അലാറവും അടിയുടെ സ്ഥാനം ബോസിന്റെ തുറിച്ചു നോട്ടവും കയ്യടക്കി എന്നല്ലാതെ വെളുപ്പാന്‍‌കാലമയക്കം സ്വപ്നം തന്നെയായി തുടരുന്നു. പിന്നെ 'അസ്വലാത്തു ഹൈറും മിനന്നൗം' എന്ന ബാങ്കുവിളിയുടെ അര്‍‌ത്ഥം ശരിക്കും മനസ്സിലാകുകയും, പ്രഭാത നമ‌സ്‌കാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തിരിക്കെ ആ സ്വപ്‌നം എന്നെന്നേക്കുമായി ത്യജിക്കാനുള്ള കഠിനപ്രയത്നത്തിലാണു ഞാനിപ്പോള്‍. സ്വര്‍ഗ്ഗം നേടുക എന്നതു മാത്രമല്ല, നരകത്തില്‍ നിന്നു രക്ഷപ്പെടുകകൂടി ചെയ്യണമല്ലോ? അതിനാല്‍ അതാണിപ്പോള്‍ എന്റെ ഏറ്റവും വലിയ സ്വപ്നവും തേട്ടവും.


പക്ഷെ, ഈയിടെയായി മു‌ന്‍പൊന്നും ഇല്ലാതിരുന്ന ചില സ്വപ്നങ്ങള്‍ കൂടി ഈ പ്രവാസ ജീവിതത്തില്‍ ഞാന്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. മഴനനയാനുള്ള സ്വപ്നം പോലെ ചിലത്. പ്രകൃതിയുമായി ചേരുന്ന ചിലത്.പ്രകൃതിയുടെ ക്ഷോഭവും സൂര്യന്റെ കോപവും കണ്ടിട്ടുണായ പേടിയില്‍ നിന്നുണ്ടായതാണതൊക്കെ. നാട്ടില്‍ പ്രകൃതിയിപ്പോള്‍ കാരുണ്യത്തിന്റെ മഴവര്‍ഷിക്കുന്നില്ലത്രെ! സൂര്യനാണെങ്കില്‍ കലികത്തിച്ച് ആളുകളുടെ പുറം പൊള്ളിക്കുന്നു. ഇവിടെ ഒരു പ്രവാസിയുടെ സ്വപ്നത്തിന് പ്രസക്തിയുണ്ട്. പ്രവാസിയേ ആ സ്വ‌പ്‌നങ്ങള്‍ കാണാവൂ; അവനു മാത്രമേ സാക്ഷാ‌ല്‍ക്കരിക്കപ്പെടേണ്ടാത്ത സ്വപ്നങ്ങള്‍ കാണാന്‍ അവകാശമുള്ളൂ? എങ്കിലുല്‍ം ഇടക്കിടെ ഞാനവയെ വാരിപ്പുണരാറുണ്ട്. കുസൃതിചേര്‍ത്ത് മനസ്സില്‍ പുരട്ടാറുണ്ട്.


എല്ലാം അവസാനിക്കുന്നതിനു മു‌ന്‍പ് ഒരിക്കല്‍ കൂടി കുളിരുള്ള പ്രഭാതത്തില്‍ എടത്തലയിലെ എന്റെ വീട്ടില്‍‍ എനിക്കൊന്നുറക്കമുണരണം. മുറ്റത്ത് ചിക്കിച്ചികയുന്ന കോഴിക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറി അവയെ പേടിപ്പിക്കണം. മാങ്കൊമ്പില്‍ വാപൊളിച്ചിരിക്കുന്ന കാപ്പിരിക്കാക്കയെ കൈകൊട്ടിപ്പറപ്പിക്കണം. എന്നെ കാണുമ്പോള്‍ കോണിപ്പടിക്കടിയില്‍ നിന്നു കുളിരുകുടഞ്ഞ് 'ബെഡ് മില്‍ക്കും, ബ്രേക്ക് മീനും താടാ' എന്നു കോട്ടുവായിടുന്ന അബ്ദുല്ലപ്പൂച്ചയെ മരക്കഷണമെറിഞ്ഞുകൊടുത്ത് പറ്റിക്കണം, അവനെന്നെ കലിപ്പിച്ചു നോക്കുമ്പോള്‍ തലോടിയെടുത്ത് പാലുകൊടുക്കണം. വാഴയിലത്തുമ്പത്തിറ്റുന്ന മഞ്ഞുതുള്ളികള്‍ വിരല്‍തുമ്പിലെടുത്ത് ചുണ്ടില്‍ പുരട്ടണം. ആകാശമുല്ലയിലെ അടക്കാക്കിളിക്കൂട്ടില്‍ തറ പറ വായിച്ചു പഠിക്കുന്ന കിളിക്കുഞ്ഞുങ്ങളെ മിമിക്രി കാണിച്ചു കളിയാക്കണം, നെല്ലൊരുക്കുന്ന തള്ളക്കിളിയെ നോക്കി ചൂളമടിക്കണം.


ഇനിയുമുണ്ട് ഒട്ടേറെ, പക്ഷെ മലയാളത്തിന്റെ ഇന്നത്തെ പ്രകൃതിയിലേക്കു നോക്കുമ്പോള്‍ എല്ലാം കെട്ടണഞ്ഞു പോകുന്നു. മലയാളിയുടെ പ്രകൃതത്തിലേക്കു നോക്കുമ്പോള്‍ മെല്ലെ കണ്ണടഞ്ഞുപോകുന്നു. അപ്പോള്‍ ഞാനൊരു ഭീകര സ്വപ്‌നം കാണും. ആ സ്വപ്‌നത്തില്‍ ഞാന്‍ കാണുന്നത് എന്റെ നാടിന്റെ നെറുകയില്‍ സൂര്യന്‍ കത്തിയാളുന്ന കാലത്തെയല്ല, സൂര്യന്‍ ഉദിക്കാതെ പോയേക്കാവുന്ന സമീപ കാലത്തെയാണ്. മഴത്തുള്ളി‍ക്ക് പെയ്യാതെയും, മാരിവില്ലിന് വിരിയാതെയും പോകാമെങ്കില്‍ സൂര്യനു മാത്രമെന്തേ ഉദിക്കാതിരുന്നു കൂടാ..?

Tuesday, March 16, 2010

'നന്ദികെട്ടവനെ'തിരെ മൂടുതാങ്ങികള്‍

ഹൊ..! വന്നു വന്ന് എഴുതാന്‍ അറിയാത്തവര്‍ക്കൊക്കെ ഒന്നും എഴുതാന്‍ പറ്റാത്ത അവസ്ഥയായി ഇപ്പോള്‍. ഒരു ലേഖനമെഴുതിയതിന്റെ പേരില്‍ എന്തൊക്കെ കേള്‍ക്കേണ്ടി വന്നു. എല്ലാവരും കൂടി ഇമെയിലുവഴി കല്ലെറിഞ്ഞു കൊന്നു. ഒരാള്‍‍ ബോറന്‍ എന്നു വിളിച്ചു. വേറൊരുത്തന്‍ അതു ശരിവച്ചു. പിന്നൊരാള്‍ ഞാന്‍ ഇടത്തേക്കു ചെരിഞ്ഞവനാണെന്നു കണ്ടുപിടിച്ചു. നെഗറ്റീവ് തിങ്കിംങ്ങിന്റെ ആശാന്‍ എന്ന് എന്നെ വിളിച്ചയാള്‍ക്കായിരുന്നു ഏറ്റവും രോഷം. എല്ലാം പോസിറ്റീവായിട്ടു കാണണമത്രെ..!



അല്ല..ഒന്നു ചോദിച്ചോട്ടെ! എന്താണ് ഹേ ഈ പോസിറ്റീവ് തിങ്കിംഗ്? എന്തിലും ഏതിലും നല്ലവശങ്ങള്‍ കണ്ടെത്തുകയും ജീവിതത്തെ ആശയോടെ പ്രതീക്ഷയോടെ സമീപിക്കുകയും, പ്രതിസന്ധികളില്‍ തകരാതെ തളരാതെ അതിനെ നേരിടാന്‍ സജ്ജമായ മനസ്സാര്‍ജ്ജിക്കുകയും ചെയ്യുക എന്നതാണ് പോസിറ്റീവ് തിങ്കിംഗ് എങ്കില്‍ അതൊന്നും എന്നെ ആരും പഠിപ്പിക്കണ്ട. നിങ്ങള്‍ പോസിറ്റീവാണെങ്കില്‍ പോസിറ്റീവിനു പോസ്റ്റിട്ടവനാണു ഞാന്‍. അഹങ്കാരമാണിപ്പറഞ്ഞത് എന്നാര്‍ക്കെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ അത് അവരുടെ കുഴപ്പം, എന്റെയല്ല!



അതല്ല ഗള്‍ഫ് ജീവിതം മടുത്തു എന്നു പറഞ്ഞതാണോ എന്റെ നെഗറ്റീവ് തിങ്കിംഗ്? വല്ലവനും ആധിപത്യമുള്ള നാട്ടില്‍ വല്ലവന്റെയും കീഴില്‍ അവന്‍ പറയുന്ന പണി ചെയ്ത് അവന്‍ തരുന്നതും വാങ്ങിയുള്ള ഈ ജീവിതം എനിക്കും ബോറഡിച്ചു എന്നു ഞാന്‍ പറഞ്ഞതാണോ നെഗറ്റീവ് തിങ്കിംഗ്? എങ്കില്‍ ലോകത്ത് ഏറ്റവും വലിയ നെഗറ്റീവ് തിങ്കിക്കുന്നവന്‍ നിങ്ങളാണെന്നു ഞാന്‍ പറയും. എനിക്കിത് ബോറഡിച്ചു എന്നു പറഞ്ഞാല്‍ എനിക്കു താല്‍‌പര്യമുള്ള മറ്റെന്തോ ഉണ്ട് എന്നാണതിനര്‍‌ത്ഥം. എനിക്കൊരു വിശാലമായ ഭാവിയുണ്ടെന്നും, അത് എനിക്ക് ആധിപത്യമുള്ള നാട്ടിലാണെന്നും, അവിടെ ഞാനാണ് എന്റെ അധികാരിയെന്നും, ആ ജീവിതമാണ് എനിക്ക് വേണ്ടത് എന്നുമൊക്കെ ആശിക്കുന്നതും അതിനുവേണ്ടി സംസാരിക്കുകയും ചരിക്കുകയും ചെയ്യുന്നു എന്നത് എന്റെ പോസിറ്റീവ് തിങ്കിംഗും പോസിറ്റീവ് ആറ്റിറ്റ്യൂടും അല്ലാതെ മറ്റെന്താണ്? അടിമത്തം എനിക്കു മടുത്തു എന്നു പറയുമ്പോള്‍ ഉടമത്തം ഞാന്‍ കൊതിക്കുന്നു എന്ന പോസിറ്റീവ് കൊതി എന്തേ കൂട്ടുകാരാ നിനക്കു കാണാന്‍ കഴിഞ്ഞില്ല?



ഇനി; പ്രവാസികളെ ഇന്ത്യാഗവണ്മെന്റ് അവഗണിക്കുന്നു എന്നു പറഞ്ഞതാണ് ഞാന്‍ തുപ്പിയ മറ്റൊരു നെഗറ്റീവ് എങ്കില്‍ ആ നെഗറ്റീവ് ഛര്‍ദ്ദിക്കാനാണ് ഇനി എന്റെ തീരുമാനം. ബുദ്ധിമുട്ടുന്നവര്‍ക്കു വേണ്ടി ശബ്ദിക്കാനും അവര്‍ക്കു വേണ്ടി നിലകൊള്ളാനുമാണ് എന്നെ വാപ്പ പഠിപ്പിച്ചിട്ടുള്ളത്. ഇത് നെഗറ്റീവാണ് എന്നു പറഞ്ഞയാളുടെ പിതാവും അതുതന്നെയാകും പഠിപ്പിച്ചിട്ടുണ്ടാകുക. അതാണ് ശരിയും പോസിറ്റീവ് നിലപാടും. പിന്നെ അവഗണന വലിയ നേതാക്കളുടെ ഭാഗത്ത് നിന്നാകുമ്പോള്‍, ആരോപണം നേതാക്കള്‍ക്കും കൊലകൊമ്പന്‍ മാര്‍ക്കുമെതിരാകുമ്പോള്‍ അത് നെഗറ്റീവാകുന്ന സമ്പ്രദായം 'അപ്പപ്പോള്‍ കണ്ടവനെ' വിളിക്കുന്ന ശൈലിയാണ്. അപ്പണിക്ക് എന്നെ കിട്ടില്ല.



നമ്മുടെ നേതാക്കളെ അവര്‍ ശരിയാണെങ്കിലും തെറ്റാണെങ്കിലും കുറ്റപ്പെടുത്തരുത് പോലും! അവര്‍ രാജ്യത്തിനു വേണ്ടി എന്തു ചെയ്തു എന്നതാണ് വലിയ കാര്യമത്രേ! അവര്‍ രാജ്യത്തിനു വേണ്ടി ഒന്നും ചെയ്തില്ല എന്നു ഞാന്‍ പറയില്ല. പക്ഷെ, ആയിരം കാര്യങ്ങള്‍ ചെയ്താലും അവശ്യം ചെയ്യേണ്ട് ഒരുകാര്യം ചെയ്യാതെ ബാക്കിയുണ്ടെന്ങ്കില്‍ അത് നേതൃത്വത്തിന്റെ കഴിവുകേടോ, അവഗണനയോ ആണ്. അത് നേതൃ നീതിക്ക് വിരുദ്ധമാണ്. എന്നിരിക്കെ, സൗദി സന്ദര്‍ശന വേളയില്‍ സാദാ കഷ്ടപ്രവാസികളെ കണ്ടില്ലെന്നു നടിച്ചതടക്കം ഒരുപാടുകാര്യങ്ങള്‍ ചെയ്യാതിരുന്നു, ചെയ്യാതിരിക്കുന്ന പ്രധാനമന്ത്രിയും ഗവണ്മെറ്റ്നും അനീതി കാണിച്ചു എന്നു പറഞ്ഞതാണോ നെഗറ്റീവ് അപ്രോച്ച്. കുളത്തില്‍ വീണ് മുങ്ങിത്താഴുന്ന പെണ്‍കുട്ടിയെ എടുത്തു ചാടി രക്ഷിക്കുന്നത് ഒരു നല്ല പ്രവൃത്തിയാണ്. പക്ഷെ അവളെ കരയിലുപേക്ഷിച്ച് കരക്കാര്‍ക്ക് മാനഭംഗപ്പെടുത്താന്‍ ഇടകൊടുക്കുകയും, അത് കണ്ടില്ലെന്നു നടിക്കുകയും ചെയ്താലോ? ആദ്യത്തെ രക്ഷാപ്രവര്‍ത്തനം പോലും അപ്പോള്‍ കുറ്റകരമായി മാറും! അതു കുറ്റമാണെന്നു വിളിച്ചു പറയുന്നത് നെഗറ്റീവ് തിങ്കിംഗ് ആണെന്നു പറയാന്‍ ആണായിപ്പിറന്ന ആണിനോ പെണ്ണായിപ്പിറന്ന പെണ്ണിനോ കഴിയില്ല!



പോസിറ്റീവ് തിങ്കിംഗ് എന്നത് ഫലപ്രദമായ ഒരു മനോശൈലിയാണ്. യഥാസമയ പ്രതികരണശേഷിയും, ശക്തമായ നീതിബോധവുമാണതിന്റെ ആണിക്കല്ല്. കോണ്‍ഗ്രസ്സുകാരനായിപ്പോയി എന്നത് 'ഇംപൊട്ടന്റ്' ആകുന്നതിനുള്ള ന്യായീകരണമല്ല. കോണ്‍ഗ്രസ്സുകാരനല്ലെങ്കിലും ശേഷിക്കുറവും ഷണ്ഠത്വവും അലങ്കാരമായിട്ടെടുത്തു ചാര്‍ത്തരുത്; പറഞ്ഞേക്കാം!

Sunday, March 14, 2010

ഞാന്‍..നന്ദികെട്ട പ്രവാസി

ടുത്തു തുടങ്ങി, ഈ ഗള്‍ഫ് ജീവിതം. ഒരു താല്പര്യവുമില്ലാതെ എത്രകാലം ഇങ്ങനെ ഉറക്കമുണരും? ഓഫീസില്‍ ഒരേ കാര്യങ്ങള്‍ തന്നെ ചെയ്ത് ചെയ്തുള്ള ഈ ഇരിപ്പ് കുടവയറിനു പോലും ബോറഡിച്ചു തുടങ്ങി. ചെയ്യാന്‍ കഴിയുന്നതിന്റെ ഒരംശം മാത്രം ചെയ്യുന്ന ജീവിതം. സ്നേഹിക്കുന്നവരെല്ലാം ചാരെയില്ലാത്തതിനാല്‍ ഉപയോഗിക്കാതെ തുരുമ്പെടുത്തിരിക്കുന്നു മനസ്സിലെ സ്നേഹക്കുടം. ഉപയോഗിക്കാതെ നശിക്കുന്ന തലച്ചോറിന്റെ കോശങ്ങളെയാണോ നാം താരന്‍ എന്നു വിളിക്കുന്നത്?

അന്നം നല്‍കുന്ന ഗള്‍ഫിനോടുള്ള നന്ദികേടല്ലേ ഇപ്പറഞ്ഞത് എന്നു ചോദിച്ചാല്‍ ചിലപ്പോള്‍ എനിക്ക് ‍ ഉത്തരം മുട്ടും. അല്ലെങ്കില്‍ ഗള്‍ഫിനു വേണ്ടി പണിയെടുക്കുന്ന എന്നോട് ഗള്‍ഫ് നന്ദി കാണിക്കുന്നുണ്ടോ എന്നു തിരിച്ചു ചോദിക്കും. പണിയെടുത്തതിനു കൂലി തരുന്നത് നന്ദിയുടെ പരിധിയില്‍ പെടുന്നില്ല എന്നാണെന്റെ പക്ഷം. പക്ഷെ, ബോറഡിക്കുന്നു എന്നു പറയാനുള്ള സ്വാതന്ത്ര്യം കൂടി നിങ്ങള്‍ എനിക്ക് നിഷേധിക്കരുത്. സ്വതന്ത്ര ഇന്ത്യയുടെ കാക്കത്തൊള്ളായിരാമത്തെ ഈ സന്തതിക്ക് നന്ദിയേക്കാള്‍ കൂടുതല്‍ പ്രശ്‌നം സ്വാതന്ത്ര്യം തന്നെയാണ്. ഇന്ത്യയുടെ ഒന്നാമത്തെയോ രണ്ടാമത്തെയോ പുത്രന്‍ കീ കോടുത്ത പാവയെപ്പോലെ സൗദിയില്‍ വന്നപ്പോള്‍ ‘ സുഖമാണോ ‘ എന്നൊരു വാക്ക് ചോദിച്ചില്ല. അത് നമ്മുടെ പാരമ്പര്യമാണ്. കട്ടിപ്പണിയെടുത്ത് കുടുമ്പം പോറ്റുന്ന മക്കള്‍ക്ക് നന്ദികേടേ തിരിച്ചു കിട്ടിയിട്ടുള്ളൂ. തിരിഞ്ഞു നോക്കാറില്ലെങ്കിലും തിരിച്ചുകുത്തിയാലും പണമുള്ള മക്കള്‍ മഹാന്‍‌മാര്‍, പത്‌മശ്രീമാന്‍മാര്‍.

എന്നു കരുതി ഞാന്‍ കാശുകൊടുക്കുന്നവരും എന്റെ കാശുകൊണ്ടു ജീവിക്കുന്നവരുമെല്ലാം എന്നെ സ്നേഹിക്കമെന്നോ ബഹുമാനിക്കണമെന്നോ ഇതിനര്‍ത്ഥമില്ല. അങ്ങനെയാണെങ്കില്‍ എന്നെയും എന്നെപ്പോലുള്ളവരെയും കാണുമ്പോള്‍ ആദ്യം ഭൂമിയിലിറങ്ങിവന്ന് കുമ്പിട്ടു വണങ്ങേണ്ടത് എയറ് ഇന്ത്യയാണ്. അവരാണെങ്കില്‍ യാതൊരു ലിവര്‌ ഇന്ത്യയുമില്ലാത്തപോലെയാണ് ഗള്‍ഫുകാരോടു പെരുമാറുന്നത്. എയര്‍‌ ഇന്ത്യയുടെ നന്ദികേടും കുരുത്തക്കേടും കാരണം പലരും ഒരു മുഴം കയര്‍‌ ഇന്ത്യയില്‍ ജീവനൊടുക്കേണ്ട ഗതികേടിലുമാണ്. ഈയിടെ വിമാനം ക്യാന്‍സല്‍ ചെയ്തതിനാല്‍ ഒരു ദിവസം മുഴുവന്‍ ദമ്മാം വിമാനസ്റ്റാന്റില്‍ കാത്തുനിന്ന ഒരു കൂട്ടം മക്കള്‍ഇന്ത്യയെ അറിയിക്കാതെ കാലിയായ സീറ്റുകളുമായി എയര്‍‌ ഇന്ത്യ ആകാശത്തേക്ക് പറന്നു പൊങ്ങിക്കളഞ്ഞു, ശ്ശെ..മുങ്ങിക്കളഞ്ഞു. ആകാശത്ത് പെറ്റുകിടക്കുന്ന അമ്മായിയമ്മക്കു വേണ്ടിയാണോ ആവോ കാത്തുനിന്നവരെ കയറ്റാതെ സീറ്റു കാലിയാക്കിയിട്ടത്. അതോ ഇനി ആകാശത്തു വച്ച് സില്‍‌ക്ക് സ്മിതയെങ്ങാനും കൈ കാണിച്ചാലോ എന്നു കരുതിയിട്ടോ?

പറഞ്ഞുവന്നത്, ഗള്‍ഫുകാരുടെ കാര്യത്തില്‍ വിമാനക്കമ്പനി മുതല്‍ ഭരണക്കമ്പനി വരെ കണക്കാണ് എന്നാണ്. പ്രധാനമന്ത്രി സൗദിയില്‍ വന്ന് ആകെ ഒപ്പിട്ടത് കുറ്റവാളികളെ കൈമാറുന്ന കരാറാണ്. അല്ല ഇവര്‍ക്കൊക്കെ കുറ്റവാളികളെ നാട്ടിലേക്കു കൊണ്ടുപോകാനെന്താ ഇത്ര തിടുക്കം. ഭരിക്കാന്‍ ആളു തെകയുന്നില്ല എന്നുണ്ടോ? ഇന്ത്യക്കാരായ കുറ്റവാളികളെ കബ്സ വാങ്ങിക്കൊടുത്തും മരിച്ചാല്‍ പിന്നെ അതിന്റെ പിറകെ നടന്നും കളയാനുള്ള സമയം ഞങ്ങള്‍ക്കില്ല എന്നു സൗദി പറഞ്ഞ ഉടനെ "ഉത്തരവ്" എന്നു പറഞ്ഞ് വിനീത വിധേയനായി തലേക്കെട്ടും കെട്ടി ഒപ്പിടാന്‍ വന്നതാണെന്നൊക്കെ നമുക്ക് മനസ്സിലായില്ല എന്നൊന്നും ആരും കരുതണ്ട.

ഹലോ മിസ്‌റ്റര്‍ പ്രധാന മന്ത്രീ..തങ്കക്കുടമേ; കുറ്റവാളികളല്ലാത്ത ഒരുപാടു മേരാ ഭാരത് മഹാന്റെ മക്കള്‍ നാട്ടില്‍ പോകാന്‍ കഴിയാതെ പട്ടിണി കിടക്കുന്നു നരകിക്കുന്ന കാര്യം അങ്ങേക്കറിയില്ലയോ ആവോ? അവര്‍ക്കു വേണ്ടി ഒപ്പും കോപ്പും ഒന്നും ഇട്ടില്ലെങ്കിലും, അവരെ ഇങ്ങനെ അവഗണനയോടെ കാര്‍ക്കിച്ചു തുപ്പരുതായിരുന്നു. എയര്‍‌ ഇന്ത്യയേക്കാള്‍ വേഗത്തില്‍ യാതൊരു ഗുണവും ചെയ്യാതെ പ്രധാനമന്ത്രിയും ആകാശത്തേക്ക് പറന്നു പോയി. ആകാശത്ത് പെറ്റുകിടക്കുന്ന...അല്ലെങ്കി വേണ്ട, എന്തൊക്കെ പറഞ്ഞാലും ഫാരതത്തിന്റെ പരമപ്രധാന മോനല്ലേ..!

പ്രവാസികള്‍ക്ക് വേണ്ടി ഗവണ്മെന്റ് ഒന്നും ചെയ്യുന്നില്ല എന്നു പറഞ്ഞാല്‍ അതും ഒരു നന്ദികേടാകും. പ്രവാസി വെല്‍ഫെയര്‍ ഫണ്ട് ലോകത്താദ്യമായി നടപ്പാക്കിയ ഗവണ്‍‌മെന്റെ എന്ന ഇനം ഗിന്നസ് ലിസ്റ്റില്‍ ഇല്ല എന്നു കരുതി റെക്കോര്‍ഡ് റെക്കോറ്ഡല്ലാതാകുമോ? പത്തും ഇരുപതും കൊല്ലം അഞ്ഞൂറും ആയിരവും വച്ച് അടക്കുന്ന പ്രവാസിക്ക് മടങ്ങിച്ചെല്ലുമ്പോള്‍ മുന്നൂറും അഞ്ഞൂറുമൊക്കെ പെന്‍‌ഷന്‍ ലഭിക്കുന്ന ഈ പദ്ധതി ഗംഭീരം തന്നെയല്ലേ? ജീവിച്ചിരിക്കുന്ന രണ്ടോ മൂന്നോ കൊല്ലം പിന്നെ വേറെ വരുമാനം തേടി പോകണ്ടല്ലോ?

നൂറ്റിക്ക് പത്തിന്റെ പലിശക്കെണിയില്‍ കുടുങ്ങി നാടുവിട്ടതാണെങ്കിലും ഒന്നിന് പന്ത്രണ്ടിന്റെ വരുമാനക്കണക്കിലും അസംതൃത്പനും പ്രാരാബ്‌ധക്കാരനുമായ പ്രവാസികളെയാണോ മുന്നൂറു കൂവപ്പൊടിയുടെ പെന്‍‌ഷന്‍ കാണിച്ച് പ്രലോഭിപ്പിക്കുന്നത് എന്നു ചോദിക്കരുത്. ഗവണ്മെന്റിന്റെ സുഖജോലിക്കാര്‍, എം.എല്‍.എ, എം.പി, മന്ത്രി തുടങ്ങിയ പാവങ്ങള്‍ക്ക് കൊടുക്കും പോലെ പ്രവാസികള്‍ക്ക് വാരിക്കോരി പെന്‍ഷന്‍ കൊടുക്കാന്‍ മാത്രം മണ്ടന്‍മാരൊന്നും ഇതേവരെ നമ്മുടെ നാടു ഭരിച്ചിട്ടില്ല. ഇനി ഭരിക്കുകയുമില്ല. ഇതേ..ഉഗാണ്ടയല്ല..ഉണ്ടയാണ്; ഛെ..ഇന്ത്യയാണ്!

എന്തേ സുഖിച്ചില്ലേ..? ഇന്ത്യയെ പറഞ്ഞപ്പോ നൊന്തോ? നൊന്തെങ്കി നല്ല ടൈഗര്‍ ബാം എടുത്തുപുരട്ടി ജോലിക്ക് പോകാന്‍ നോക്ക്. അല്ലെങ്കി സ്പോണ്‍സര്‍ തലക്കിട്ടടിക്കും..ചെല്ല്..! എനിക്ക് മണിക്കൂറിനാ ശമ്പളം. കഥ പറഞ്ഞിരുന്ന് ഓഫീസിലെത്താന്‍ വൈകിയാലേ..റിയാലങ്ങടു പോകും; ഒന്നിന് പന്ത്രണ്ടാ ഇപ്പോഴത്തെ ബാങ്ക് റേറ്റ്..! സഹിച്ചതിന് നന്ദി..!

Sunday, February 14, 2010

ശിവരാത്രിയും ശിവസേനയും

ശിവരാത്രിയല്ലേ; ആലുവ പുഴയിലിപ്പോള്‍ വെള്ളവും വള്ളങ്ങളും നിറഞ്ഞൊഴുകുകയാകും. പടിഞ്ഞാട്ടൊഴുകുന്ന വെള്ളത്തിനു കുറകെ ചില വള്ളങ്ങള്‍ മണപ്പുറത്തേക്കും പല വള്ളങ്ങള്‍ ഇപ്പുറത്തേക്കും.

പുഴമാത്രമല്ല, ആലുവയിലെ വഴികളും ഇപ്പോള്‍ നിറഞ്ഞൊഴുകുന്നുണ്ടാകും, വെള്ളമല്ല..ആളുകള്‍. വെള്ളമല്ല എന്നത് പരിപൂര്‍ണ്ണമായിട്ടങ്ങു വിശ്വസിക്കാന്‍ വരട്ടെ..ആളുകളില്‍ അധികം പേരും വെള്ളം തന്നെയാകും. അവര്‍ നിറഞ്ഞ വള്ളങ്ങള്‍ പോലെ 'മറിയാറായേ മാറിക്കോ' വിധത്തില്‍ ആടിയാടി നടക്കുന്നുണ്ടാകും.

ഈ വെള്ളവും വള്ളങ്ങളും വള്ളക്കാരും പിന്നെ 'വെള്ള'ക്കാരും ഒക്കെയാകാം കാരണം, ശിവരാത്രികാലത്ത് മണപ്പുറത്തുപോകാന്‍ ഞങ്ങള്‍ക്കനുവാദമുണ്ടായിരുന്നില്ല. ശിവരാത്രിയുടെ മലരും പൊരിയും ഈത്തപ്പഴവും അലുവയും പട്ടവും പമ്പരവും അക്കാലത്ത് സ്കൂളില്‍ കൂട്ടുകാരുടെ കയ്യിലെ കൊതിയും കൗതുകങ്ങളുമായിരുന്നു, സത്യത്തില്‍ അതിനേക്കാളൊക്കെ വലിയ പൊതികള്‍ എന്റെ കയ്യിലുണ്ടാകുമായിരുന്നെങ്കില്‍ പോലും!

ഇതൊക്കെ പറയുമ്പോള്‍ വര്‍ഗ്ഗീയതക്കും സാമുദായികതക്കുമൊക്കെ അപ്പുറത്ത് നനുത്ത പുഴക്കരയില്‍ ചിരട്ടപ്പുട്ടുചുട്ട ഞാനെന്ന കുട്ടിയെ നിങ്ങള്‍ കാണണം. കറിവക്കാന്‍ അപ്പയില മുറിച്ച പ്രിയകൂട്ടുകാരന്‍ അജിതനെയും വീടുവക്കാന്‍ കോലു കുഴിച്ചിട്ട ജോജിയെയും നിങ്ങള്‍ കാണണം. അല്ലാതെ ശിവരാത്രിക്കു വെള്ളമടിക്കുന്നവരെ തൊട്ടുകളിച്ച ഈ വിരല്‍ ഒരു തീവ്രവാദിയുടേതാണെന്നും അത് ഒരു സമുദായത്തിനു നേരെയാണ് കളിയാക്കിച്ചൂണ്ടിയത് എന്നുമൊക്കെ പറഞ്ഞാല്‍ പെരുന്നാളിനു വെള്ളമടിക്കുന്നവരെക്കൊണ്ട് തല്ലിക്കും ഞാന്‍.

തല്ലുന്ന കാര്യം പറഞ്ഞപ്പോഴാണ് ഒരാളെ ഓര്‍മ്മ വന്നത്. വേറെയാരുമല്ല, വന്ദ്യ വയോധികനായ താക്കറെ തന്നെ. ശിവരാത്രിക്കാലത്ത് ഓര്‍ക്കാന്‍ കാരണം ശിവസേന എന്ന പേരാണ്. ശിവസേന എന്ന പേര് ബഹുമാന്യമാണ്. പക്ഷെ പാല്‍‌പാത്രത്തിനുമേല്‍ പനാമര്‍ എന്നെഴുതിയതുപോലെയായിപ്പോയി അതിന്റെ ചിഹ്നം. കടുവ! പണ്ടൊക്കെ തക്കറെ എന്നു കേട്ടാല്‍ ആരും വിറക്കുമായിരുന്നു. എന്നാല്‍ ഇന്ന് ആ പേരുകേട്ടാല്‍ ചിരിച്ചു ചിരിച്ചു മണ്ണുകപ്പിപ്പോകും ഭാരതീയ വാര്‍ത്താ തീറ്റക്കാര്‍!

കത്തിക്കാന്‍ നടന്ന കടുവകളെ ഒരു ഹെലിക്കോപ്റ്റര്‍ കാണിച്ച്, "പറ്റിച്ചേ" എന്ന് തീവണ്ടിപിടിച്ച് പോയി രാഹുലാന്‍ എന്ന കിളുന്ത് പൈതലാന്‍. ശിവസേനയെപ്പറ്റിച്ച് ശിവരാത്രിയുടെ ആലുവയിലേക്ക് കക്ഷി വന്നതിലെ ഒളിച്ചുകളിയും ദുരൂഹതയും കൈരളി ചാനല്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്തെങ്കിലും കണ്ടെത്താതിരുന്നത് മോശമായിപ്പോയി; അല്ലേ?

പിന്നെ ഐ.പി.എല്‍, ഷാരൂഖ്, പാക്കിസ്ഥാന്‍, കളിക്കാര്‍...പോസ്റ്റര്‍ കീറല്‍, കരിയഭിഷേകം, മാപ്പ് പറയിക്കല്‍..! 'കൊയ്‌ല'യില്‍ വളര്‍ന്നവന്‍ കൊലവിളിയില്‍ തളരില്ലല്ലോ? കിംഗ് ഖാന്‍ മാപ്പു പറഞ്ഞില്ല എന്നു മാത്രമല്ല, മാപ്പുപറയാത്തതിന് ജനങ്ങളോട് മാപ്പുപറയുകയും ചെയ്തുകളഞ്ഞു കൊച്ചു കള്ളന്‍.

അവസാനം 'എന്റെ പേര്‍ ഖാന്‍' റിലീസ്ഡ്. മഹാരാഷ്ട്രാ മഹാ മുഖ്യന്‍ അശോക് ചവാന്‍ ആദ്യകാണി! കടുവയെക്കാള്‍ വലിയ വാശിക്കിടുവ. ചവാനു ചാവാന്‍ പേടിയില്ലാഞ്ഞിട്ടൊന്നുമല്ല, കൊല്ലാനുള്ള കോപ്പൊന്നും കടുവയുടെ കയ്യില്‍ ഇപ്പോഴില്ല എന്നുറപ്പുള്ളതുകൊണ്ട്. ഇതൊക്കെ കണ്ടാല്‍ പിന്നെ ചിരിക്കാതിരിക്കുന്നതെങ്ങനെ? പുലി എലിയായ കഥ എക്കാലത്തും തമാശതന്നെയല്ലേ? അല്ലെങ്കി വേണ്ട..പോയി പണിനോക്ക്..!

ഒരു കാര്യം കൂടി പറഞ്ഞോട്ടെ..ഇനി ഒറിജിനല്‍ കടുവയെ കാണുമ്പോളും ചിരിച്ചുപോകുമോ എന്നാണ് എന്റെ പേടി. അങ്ങനെയെങ്ങാനും സംഭവിച്ചാലത്തെ കഥ പിന്നെ പറയണോ? കടുവ ഒറ്റക്കപ്പിന് ഒരു കപ്പ് ചോരക്കാപ്പിയുണ്ടാക്കി ‍ബീഫ്കൂട്ടിയടിച്ചുകളയും. എന്നിട്ട് സ്വയം പറയും "ഹും...ഈ താക്കറേടെ മിമിക്രി കാരണം കടുവക്കൊന്നും ഒരു വെലേം ഇല്ലാണ്ടായിരിക്ക്‌ണൂ...ശിവ ശിവ..!".

Monday, February 1, 2010

സൗഹാര്‍ദ്ദമോഹി !








എനിക്കൊരു കുപ്പായം വാങ്ങണം
അതിനെതു നിറമായിരിക്കണം?
പച്ചയോ വെള്ളയോ മഞ്ഞയോ കാവിയോ
കൂട്ടുകാരോടു തിരക്കി നോക്കാം.

പച്ചയെന്നത്രേ പറഞ്ഞൊരുത്തന്‍
അവനാവര്‍ണ്ണ മേറെ വിശിഷ്ടമത്രേ!
അപരന്നു വെള്ളക്കു ഗബ്രിയേല്‍
മാലാഖയോളം മഹോന്നത സ്ഥാനമത്രേ!

മൂന്നാം ശുപാര്‍ശകന്‍ കാവിതന്‍ വൈശിഷ്ട്യ
വൈവിധ്യമോതവേ വേറൊരിഷ്ടന്‍-
ഭൂലോക കണ്ണുകള്‍ മഞ്ഞളിച്ചീടുന്ന
മഞ്ഞവര്‍ണ്ണത്തിന്‍ മഹത്വമോതി.

മണ്ടനല്ലല്ലോ ഞാന്‍, മഠയനല്ലല്ലോ ഞാന്‍
സാധുവാം സൗഹാര്‍ദ്ദ മോഹിയല്ലേ?
നൂറു മതം നൂറുവ‌ര്‍‌ണ്ണമാര്‍ന്നെന്‍ നാട്ടില്‍
ഒരുവര്‍ണ്ണ നിണധാര വെട്ടിയൊഴുക്കവേ
വര്‍ണ്ണങ്ങളത്രയും വര്‍ഗ്ഗപ്രതീകമാല്‍
കുപ്പായമില്ലാതെ ഞാന്‍ നടക്കും
വിപ്ലവ ഗാന്ധി നടന്ന പോലെ !

Thursday, December 31, 2009

അയാളിപ്പോഴും ചാളവില്‍‌ക്കുന്നു.

മൂന്നാം ക്ലാസ്സിലെ എന്റെ സഹപാഠിയാണ് മുസ്തഫ. മൊട്ടത്തലയന്‍. സ്വതവേ അലസന്‍ അശ്രദ്ധാലു അമിണ്ടി..അഥവാ മിണ്ടാത്തവന്‍. നിവൃത്തിയില്ലാതെ എന്തെങ്കിലും പറയേണ്ടിവന്നാല്‍ നേര്‍ത്ത വിക്കിനെ ചാടിക്കടക്കാനെന്നവണ്ണം അതിവേഗത്തിലാകും പറയുക, ആര്‍ക്കു തിരിയാന്‍! വെറുമൊരു സാധു.

അവന്റെ വാപ്പ മീന്‍‌കച്ചവടക്കാരന്‍. സൈക്കിളില്‍ കുട്ടയും 'ബലൂണ്‍ പീപ്പി' യും പിടിപ്പിച്ചൊന്നുമല്ല കച്ചവടം; തോര്‍ത്ത് കെട്ടിയ തലയില്‍ കുട്ട ചുമന്ന് നഗ്നപാദനായി നടന്ന് നടന്ന്...! നടപ്പിനും കിതപ്പിനുമിടക്ക് തൊണ്ടക്കുഴി ഞെരക്കി ചാളഹ്..ഐലഹ്..തിലോപ്പിഹ്...വിളിക്കുന്നതിനിടയില്‍ ശ്വാസം പോലും കഴിക്കുന്നതപൂര്‍‌വ്വം. ഇടക്കിടെ മീന്‍കുട്ട സ്കൂളിന്റെ മതിലില്‍ വച്ച് മുസ്തഫയുടെ വിവരമറിയാന്‍ ക്ലാസ്സിന്റെ മുന്നില്‍ വരും. മകനെപ്പറ്റിയുള്ള കുല്‍‌സു ടീച്ചറുടെ പരാതികള്‍ കേട്ട് മീന്‍‌കുട്ടയിലേക്ക് കുറേ നിരാശകളും വാരിയിട്ട് തിരിച്ചുപോകും. വെറുമൊരു സാധു.

എനിക്കേതാണ്ടെട്ടുവയസ്സുള്ളപ്പോഴുള്ള ചിത്രമാണിത്. പിന്നീട് ലോകം ഒരുപാടു മുന്നോട്ടു പാഞ്ഞു. ഞങ്ങളുടെ മൂന്നാം ക്ലാസ് മുറിയും സ്കൂളും പൊളിച്ചുമാറ്റപ്പെട്ടു. അവിടം ഭൂമാഫിയ കയ്യടക്കി. ചെമ്മണ്ണു ചുവപ്പിച്ചിരുന്ന റോഡുകളെല്ലാം ടാറിട്ടു കറുത്തു. നാടും നാട്ടാരും വളര്‍ന്നു. ചാളയും ഐലയും വരെ പുരോഗമിച്ചു. ഒപ്പം ഞാനും വലുതായി. ഇപ്പോള്‍ ഗള്‍ഫുകാരനുമായി.

മൂന്നാം ക്ലാസ്സിനു ശേഷം മുസ്തഫയെ മൂന്നോ നാലോ പ്രാവശ്യമേ കണ്ടിട്ടുള്ളു. ഞാന്‍ തരക്കേടില്ലാത്ത ഒരു സ്കൂളിലേക്കും പിന്നീടു കോളേജിലേക്കും രംഗം മാറ്റിയിരുന്നല്ലോ? കണ്ടപ്പോഴൊക്കെ ഞാന്‍ എന്തെങ്കിലും വിശേഷം ചോദിച്ചു കാണണം. അവന്‍ അതിനുത്തരവും പറഞ്ഞുകാണും. അതില്‍ കൂടുതല്‍ മുസ്തഫ എന്ന കുട്ടി എന്റെ ജീവിതത്തിലോ മനസ്സിലോ ഇല്ല. അവന്‍ ഒരു സാധുവല്ലേ; ആര്‍ക്കുവേണം ഒരു സാധുവിനെ..!

പക്ഷെ അവന്റെ വാപ്പ! സാധുവെങ്കിലും എന്റെ ഓര്‍മ്മകളില്‍ പിടക്കുന്നൊരു ചിത്രമാണാ മീന്‍‌ കച്ചവടക്കാരന്‍. എനിക്ക് വലിയ സഹതാപമാണയാളെ. എന്തുകൊണ്ടോ ഇഷ്ടമാണ്. അതുകൊണ്ടാണോ എന്നറിയില്ല ചാളപൊള്ളിച്ചതും, ഐല പൊരിച്ചതും എനിക്ക് വലിയ കമ്പമാണ്. എന്നുകരുതി അതൊക്കെ വെട്ടി വിഴുങ്ങുമ്പോഴൊക്കെ ഞാന്‍ അയാളെ ഓര്‍ക്കാറൊന്നുമില്ല. അയാള്‍ എവിടെയാണെന്നോ എന്താണെന്നോ എനിക്കിപ്പോളറിയില്ല.

ഞാന്‍ ഉത്തരവാദിയായ ഒരു പ്രസവകര്‍മ്മം രണ്ടു മാസം മുന്‍‌പു നടന്നു. നടത്തിയത് വേറാരുമല്ല, എന്റെ സ്വന്തം സഹധര്‍മ്മിണിതന്നെ. ആണ്‍ കുട്ടി. ഞാന്‍ അവനെ അമന്‍ എന്നു വിളിച്ചു. അമന്‍ എന്നെ അവന്‍ എന്നൊന്നും വിളിക്കില്ലായിരിക്കും; പേടി ഇല്ലാതില്ല! ഇതുവായിക്കുന്നവരുടെയൊക്കെ കുട്ടികളുടെ കൂടെയാണല്ലോ അവന്‍ വളരേണ്ടത്! ഇതുമായി ബന്ധപ്പെട്ട് രണ്ടുമാസത്തോളം നാട്ടിലുണ്ടായിരുന്നു എന്നു പറയാനാണ് ഈ പാരഗ്രാഫ് കത്തിവച്ചത്.

അമനെക്കാണാന്‍ കുറച്ചതിഥികള്‍ വരുന്നതു പ്രമാണിച്ച് ഉമ്മ പറഞ്ഞു.."ഡാ ഒരു കോഴിവാങ്ങടഡാ...പൊരിക്കാം". പറഞ്ഞയുടന്‍ അതു ചെയ്തില്ലെങ്കില്‍ ഉമ്മ എന്നെ പൊരിക്കും. അല്പം ദൂരെ മലേപ്പള്ളിയില്‍ പുതിയൊരു കോഴിക്കടയുണ്ട്. അനിയന്റെ പള്‍സറില്‍ ഞാനങ്ങോട്ടു പറന്നു.
"കോഴിയെ ഞാനറുക്കാം" ഞാന്‍ പറഞ്ഞു. അല്ലാഹുവിന്റെ നാമത്തില്‍ അറുക്കപ്പെട്ടതേ മുസ്‌ലിമിനു കഴിക്കാവു. അതെന്താ, അല്ലാഹുവിന്റെ പേരില്‍ അറുക്കപ്പെടുമ്പോഴെന്താ കോഴിപ്പനീടെ അണുക്കള്‍ ചത്തുപോകുവോ? അതോ അതില്‍ പ്രോട്ടീന്‍‌സും മിനറല്‍സും കൂടുവോ? അറിയില്ല, പക്ഷെ അങ്ങനെയേ ചെയ്യാറുള്ളൂ. അതേ പാടുള്ളു എന്നത് പ്രവാചന്റെ നിര്‍ദ്ദേശമാണ്. ഇതു പറഞ്ഞപ്പോള്‍‍ പലരും വായന മതിയാക്കിയിട്ടുണ്ടാകും അല്ലേ? തീവ്രവാദമല്ലേ പറഞ്ഞത്. ഇതിലും ഭേദം നെറ്റിയില്‍ തീവ്രവാദി എന്നെഴുതി ഒട്ടിക്കലായിരുന്നു. അപ്പോള്‍ തിവ്രവാദിയാണോ ഭ്രാന്തനാണോ എന്ന സംശയമെങ്കിലും ആളുകള്‍ക്കുണ്ടാകും. ഇതിപ്പോ ഒറപ്പായില്ലേ; തീവ്രവാദി തന്നെ.

ഏതായാലും ഞാന്‍ തന്നെ അറുത്തു. കോഴിക്കു വേറെ കുഴപ്പമൊന്നും സംഭവിച്ചില്ല, സാമാന്യം തരക്കേടില്ലാതെ തന്നെ മരിച്ചു! പപ്പും പൂടയും പറിക്കുന്നതിനിടയില്‍ കോഴിക്കാരന്‍ ചോദിച്ചു, "നിനക്കെന്നെ മനസ്സിലായില്ലേ? അല്ല നീ അറുക്കാമെന്നു പറഞ്ഞതുകൊണ്ടു ചോദിച്ചതാ.

"ശ്രദ്ധിച്ചു നോക്കി. മുസ്തഫ! മൂന്നാം‌ക്ലാസിലെ മുസ്തഫ! ആകെ മാറി. ഇപ്പോള്‍ മൊട്ടത്തലയല്ല. വിക്കും മാറി. പക്ഷെ, സംസാരം ഇപ്പോഴും സ്പീഡില്‍ തന്നെ. കോഴി കവറില്‍ കേറിയിട്ടും കുശലം തുടര്‍ന്നു. ഇതിനിടയില്‍ അവന്‍ പിന്നിലെ വീട്ടിലേക്കുപോയി ഒരു തക്കിടിമുണ്ടിക്കുട്ടിയെ എടുത്തുകൊണ്ടു വന്നു.

"എന്റെ മോളാ, ആമിന. ഒരു വയസു കഴിഞ്ഞു". അവന്‍ പറഞ്ഞു. മിടുക്കിയാണ്. ഞാന്‍ കവിളില്‍ തലോടി.
"എനിക്കും ഒരു മോനായി, അമന്‍". അവന്‍ പുഞ്ചിരിച്ചേയുള്ളു.

പക്ഷെ എന്റെ മനസ്സിലെ ആ പഴയ പിടക്കുന്ന ചിത്രം ഇളകിയാടാന്‍ തുടങ്ങി. മുസ്തഫക്കറിയില്ല, അവന്റെ വാപ്പയെ എനിക്കിഷ്ടമാണെന്ന്. അവന്റെ വാപ്പക്കാണെങ്കില്‍ എന്നെപ്പോലും അറിയില്ല, പിന്നെയല്ലേ എനിക്കദ്ദേഹത്തോടുള്ള താല്‍‌പര്യം!

"വാപ്പയെവിടെ?"
"കച്ചോടോണ്ട്"
"മീന്‍ കച്ചോടോ?"
"ആ അദ്ദന്നെ"
"ഇപ്പഴും നടന്നാണോ?"
"ഹേയ്....., ദേ...അവ്ടെ....." ആ പറമ്പിന്റെ മൂലയിലെ ചെറിയൊരു നീല ടര്‍പോളിന്‍ ഷെഡിലേക്ക് അവന്‍ വിരല്‍ചൂണ്ടി.

ഞാന്‍ അങ്ങോട്ടു നീങ്ങി. ഷെഡില്‍ ഒരു കുട്ടയുണ്ട്, അതില്‍ കുറച്ചു ചാളയും. ചട്ടിയുടെ പിറകിലിരിക്കുന്ന ആ മനുഷ്യശരീരത്തില്‍ കാലം തമാശ കാണിച്ചിരിക്കുന്നു. കറുപ്പിച്ചുകളഞ്ഞു, കവിളൊട്ടിച്ചു. ഈ ജന്‍‌മത്തേക്ക് വകവച്ചിരുന്ന നടപ്പെല്ലാം നേരത്തേ നടന്നു തീര്‍ത്തതിനാലാകണം മുതുകുവളച്ചു, ഭാരങ്ങളെല്ലാം ചുമന്നുകഴിഞ്ഞതിനാല്‍ കഴുത്തുംകുനിച്ചു. എല്ലാം അപ്‌ഡേറ്റഡായ യുഗത്തില്‍ കാലം അയാളെ ഇങ്ങനെ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നു! ചാളഹ്..ഐലഹ്..തിലോപ്പിഹ്...മനസ്സില്‍ മുഴങ്ങി.

കണ്ടാലറിയാം; കച്ചവടമൊന്നും കാര്യമായില്ല. ഫോറിന്‍ മീനുകളും ഫോര്‍സ്ട്രോക്ക് മീന്‍‌ വണ്ടികളും രംഗം കയ്യടക്കിയ ഇക്കാലത്ത് ഈ പഴയ മീന്‍‌കാരനെയും അയാളുടെ പഴയ ചാളയും ആര്‍ക്കുവേണം? എനിക്കും വേണ്ട; കോഴി കയ്യിലുള്ളപ്പോള്‍ മീനെന്തിന്?

തിരിച്ചു പോകാന്‍ തുനിഞ്ഞപ്പോള്‍ പതറിയ പഴയ സ്വരത്തില്‍ അദ്ദേഹം ചോദിച്ചു "ഒന്നും വേണ്ടേ?"
"ഹും...വേണം...ഒരു മൂന്നു കിലോ?"
അപ്പോള്‍ കൗതുകത്തോടെ എന്നെ നോക്കി..ആ നാട്ടില്‍ ഒരുപക്ഷെ ആദ്യമായിട്ടാകും മൂന്നുകിലോ ചാളയുടെ കച്ചവടം!. സന്തോഷത്തോടെയാണ് മീന്‍ തൂക്കി എനിക്കു തന്നതും കാശുവാങ്ങിയതും. മൂന്നാലെണ്ണം കൂടുതലുമിട്ടു. എത്ര ഭംഗിയായിട്ടു പൊതിഞ്ഞിരിക്കുന്നു..! എക്സ്പീരിയന്‍സ് ഈസ് ദ....അല്ലേ? പ്ലാസ്റ്റിക് കവറുകളെ നോക്കി കൊഞ്ഞനം കുത്താന്‍ തോന്നി.

അമ്പരപ്പോടെ, സഹതാപത്തോടെ ഞാന്‍ വണ്ടി സ്റ്റാര്‍‌ട്ട് ചെയ്തു. എത്രകാലമായിട്ടയാള്‍ ഇപ്പണി ചെയ്യുന്നു! ഇപ്പഴും..? ഇനി സ്വര്‍ഗ്ഗത്തില്‍ സ്വയം കരിയര്‍ തിരഞ്ഞെടുക്കാന്‍ അധികാരം കിട്ടിയാലും, വെറുതെയിരുന്നു തിന്നാന്‍ അവസരം ലഭിച്ചാലും ഇദ്ദേഹം മീന്‍ വിറ്റുതന്നെയാകും ജീവിക്കുക!

സമയം ഒരുപാടു വൈകി. കോഴി പൊരിക്കാനുള്ളതാണ്. ആട് കറിവച്ചിട്ടുണ്ട്. പോത്ത് ഒലത്തിയിട്ടുണ്ട്. അപ്പോ കയ്യിലുള്ള ഈ മീനോ? ഇനി ഇതും കൂടി വീട്ടിലേക്ക് കൊണ്ടു ചെന്നാ ഉമ്മ പല്ലിറുമ്മി എന്നെ മൂന്നാക്കിമുറിച്ച് പൊരിച്ചൊലത്തി കറിവക്കും! ഇതിപ്പൊ എന്തു ചെയ്യും?

വീട്ടിലേക്കുള്ള വഴിയില്‍ വളവുതിരിഞ്ഞതും ദാ നില്‍ക്കണ് പാത്തുക്കുട്ടിത്താത്ത. അയല്‍‌ക്കാരിയാണ്. മീന്‍ കൊതിച്ചിയാണ്. ഒണക്കമീനെങ്കിലുമില്ലാതെ ചക്കപ്പഴം പോലും കഴിക്കാത്ത ടൈപ്പ്. വണ്ടി ചവിട്ടി നിര്‍ത്തി.
"ഇത്തോ..ഇദ് പിടിച്ചേ..!"
"ദ്ദെന്തൂട്ടാദ്ദ്.."
"ച്ചിര്..ചാളയാ..കൊണ്ടോയി വര്‍ത്ത് കടിച്ച് പറിക്ക്.." സാധനം പതുക്കെ ആ മഹത്തായ കൈകളിലേക്ക് വച്ചു കൊടുത്തു...!
താത്ത താടിക്ക് കൈകൊടുത്ത് അന്തം വിട്ടു..കാക്ക വണ്ടിക്ക് കൈകൊടുത്ത് സ്ഥലം വിട്ടു..!

നമ്മുടെ നാട്ടില്‍ നിങ്ങള്‍ക്ക് എന്തു ചീത്തപ്പേരും കേള്‍പ്പിക്കാം തരികിട, ചതിയന്‍, വഞ്ചകന്‍, രാഷ്ട്രീയക്കാരന്‍! വേണമെങ്കില്‍ നല്ലവനുമയിക്കോളൂ..പക്ഷെ ഒരിക്കലും വെറുമൊരു സാധുവാകരുത്; ജീവിക്കാന്‍ കഴിയില്ല. സാധുക്കളെ ആര്‍ക്കും വേണ്ടടോ വായനക്കാരാ...!

Sunday, December 27, 2009

2010 സ്ഥാനമേല്‍ക്കാന്‍ വിസമ്മതിച്ചു - വാര്‍ത്ത

കുന്തം ലേഖകന്‍

ലോകത്തിന്റെ നിയുക്ത പുതുവര്‍ഷം 2010 സ്ഥാനമേല്‍ക്കാന്‍ വിസമ്മതമറിയിച്ചായി റിപ്പോര്‍ട്ട്. ആഗോള കലണ്ടര്‍ കമ്മീഷണറുടെ ഓഫീസില്‍‍‍ ഭാര്യയോടും അഭിഭാഷകനോടുമൊപ്പം നേരിട്ട് ഹാജരായി 2010 വിസമ്മതപത്രം സമര്‍പ്പിച്ചു എന്നറിയുന്നു. ഉഗാണ്ട ആസ്ഥാനമായുള്ള ഒരു സ്വകാര്യവാര്‍ത്താ ഏജന്‍സിയാണ് ഞെട്ടിച്ചിരിപ്പിക്കുന്ന ഈ വാര്‍ത്ത പുറത്തുവിട്ടത്.

ലോകം മുഴുവന്‍ രണ്ടായിരത്തിപ്പത്തിനെ വരവേല്‍ക്കാന്‍ കള്ളും കദിനയും കലണ്ടറുമൊരുക്കി മൂത്തുനില്‍ക്കുന്ന ഈ അവസാനനിമിഷത്തില്‍ പുറത്തുവന്നിരിക്കുന്ന ഈ വാര്‍ത്ത ഭൂലോക കള്ളുകുടിയന്മാരെയും ആഗോള കലണ്ടര്‍ പ്രേമികളെയും പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തിന്റെ നിജസ്ഥിതിയറിയാന്‍ യുണൈറ്റഡ് ന്യൂയിയേര്‍സ് അസോസിയേഷന്‍ (യൂനുസ്) ഏകാംഗ കമ്മീഷനെ നിയമിച്ചു.തലയില്‍ മുണ്ടിട്ട് പടിയിറങ്ങുന്ന രണ്ടായിരത്തി ഒന്‍പതിനുണ്ടായ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് 2010 ഈ കടുത്ത തീരുമാനം കൈക്കൊണ്ടതെന്നു കരുതുന്നു.

കഴിഞ്ഞദിവസം ഉഗാണ്ടയിലെ ഹോട്ടല്‍ ഡീപ് ഫോറസ്റ്റില്‍ 2009 ന്റെ അഭ്യര്‍ത്ഥനപ്രകാരം മുതിര്‍ന്ന വര്‍ഷനേതാക്കളുടെ അടിയന്തിര യോഗം വിളിച്ചുചേര്‍ക്കുകയുണ്ടായി. ഇതില്‍ ബാബരിഫെയിം 1992 അടക്കം അടക്കമുള്ള ഏതാണ്ട് പത്തോളം മുന്‍‌വര്‍ഷങ്ങള്‍ സംബന്ധിച്ചിരുന്നു. യോഗത്തില്‍ ഏറെ ദുഖിതനും രോഷാകുലനുമായി കാണപ്പെട്ട 2009 തനിക്കുണ്ടായ അപമാനങ്ങളെയും നാണക്കേടുകളെയും കുറിച്ച് രോഷാകുലനായി സംസാരിക്കുകയും ഭൂമിയില്‍ മനുഷ്യന്‍ എന്ന ഭീകരജീവി ഉള്ളിടത്തോളം കാലം തന്റെ കുടുംബത്തില്‍ നിന്നും ആരെയും അവരുടെ ക്രൂരതകള്‍ക്കും കാമകേളികള്‍ക്കും ഇടയിലേക്ക് താന്‍ വിട്ടുകൊടുക്കില്ല എന്നു തറപ്പിച്ചു പറയുകയും ചെയ്തുവത്രെ. ഇന്ന് ലോകത്തെ ജനങ്ങള്‍ തങ്ങളുടെ മുതുമുത്തച്ഛനായ ഹിരോഷിമക്കാരന്‍ 1945 ന്റെ കാലത്തേക്കാള്‍ അധപതിച്ചിരിക്കുകയാണെന്നും ആയിരം ഹിരോഷിമകളുണ്ടാക്കാന്‍ പോന്ന നാശവിത്തുകള്‍ ഒരു മനുഷ്യന്റെ മനസ്സില്‍തന്നെയുണ്ടെന്നും 2009 പറഞ്ഞു. മനുഷ്യന്റെ സദാചാരത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ "എര്‍ത്ത് ഈസ് മോര്‍ ഹോട്ട് ദാന്‍ സണ്‍" (ഭൂമി സൂര്യനേക്കാള്‍ ഹോട്ടാണ്) എന്നു പ്രയോഗിച്ചത് സദസ്സില്‍ ചിരിയുണര്‍ത്തി.

യോഗത്തില്‍ സംബന്ധിച്ച മുതിര്‍ന്ന വര്‍ഷങ്ങളെല്ലാം തന്നെ 2009നെ പിന്തുണക്കുകയും മനുഷ്യന്‍ നന്നാവുന്നതുവരെ കലണ്ടര്‍ കവലയില്‍ അനിശ്ചിത കാല റിലേ നിരാഹാരം തുടങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. തീരുമാനം ആത്മഹത്യാപരമാണെന്നും അതില്‍നിന്ന് പിന്‍‌മാറണമെന്നും മനുഷ്യത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള ഒരു മുന്‍ വര്‍ഷം അഭിപ്രായപ്പെട്ടെങ്കിലും 2009ന്റെ കടും പിടുത്തത്തിനു മുന്നില്‍ അദ്ദേഹവും വഴങ്ങുകയായിരുന്നു. ജോര്‍ജ് ബുഷിനു ജന്മം നല്‍കിയ കേസില്‍‍ ആജീവനാന്ത കഠിനതടവനുഭവിക്കുന്ന കൊടും ഭീകരന്‍ 1946നെ ഇരട്ടിശിക്ഷയ്‌ക്കായി 2010നു പകരക്കാരനായി ലോകത്തേക്കയക്കാനുള്ള നിര്‍ദ്ദേശവും യോഗാംഗങ്ങള്‍ കലണ്ടര്‍ കമ്മീഷണര്‍ക്കു സമര്‍പ്പിച്ചേക്കും.

ഇതിനിടയില്‍, യോഗത്തിനിടെ 2009 പിന്‍‌ഗാമിയായ 2010നെ ഒരു മൂലയിലേക്ക് വിളിച്ച് എന്തോക്കെയോ വികൃതമായ ഭാഷയില്‍ കുശുകുശുക്കുന്നതിന്റെ അവ്യക്തമായ വീഡിയോ പകര്‍പ്പ് കേരളത്തിലെ ഒരു ചാനല്‍ സം‌പ്രേക്ഷണം ചെയ്തിരുന്നു. "എന്റെ പൊന്നനിയാ..ചേട്ടനു പറ്റിയതു പറ്റി. പ്രപഞ്ചത്തില് ഭൂമീം അതിലെ അലവലാതികളും ഒള്ള കാലത്തോളം നിനക്ക് സ്വസ്ഥതേണ്ടാവൂല്ലാട്ടാ....വേറെവ്‌ടേങ്കിലും പോയി തടിതപ്പാന്‍ നോക്ക്" എന്ന് പലപ്രാവശ്യം 2009 പറഞ്ഞതായി ചാനലിന്റെ കുശുകുശുപ്പ് വിവര്‍ത്തന വിഭാഗം (കശാപ്പ്) വ്യക്തമാക്കി. ചാനലിന്റെ ഊഹം പടക്കല്‍ (ഊപ) വിഭാഗത്തിന്റെ പക്കല്‍ ഇനിയും കൂടുതല്‍ വിവരങ്ങളുണ്ടെന്നും ആവശ്യാനുസരണം അവ വേവിച്ച് ബ്രേക്കിംഗ് സൂപ്പുകളായി ടി.വിക്കടിയിലൂടെ ഒഴുക്കിവിടുമെന്നും ചാനല്‍ വിളിച്ചുപറഞ്ഞു.

ഇതിനെത്തുടര്‍ന്ന് കേരളത്തിലെ വിവിധ രാഷ്ടീയ കക്ഷികള്‍ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. 2010വന്ന് പടക്കം പൊട്ടിക്കുന്നതുവരെ 2009നെ പോകാന്‍ അനുവദിക്കില്ലെന്നും വേണ്ടിവന്നാല്‍ ഡിസംബര്‍ 31ന്, 12 മണിക്ക് എല്ലാ ക്ലോക്കുകളും സ്തംഭിപ്പിക്കുമെന്നും എതിര്‍ക്കാന്‍ നോക്കുന്ന ക്ലോക്കുകളുടെ സെക്കന്റ് സൂചി വളച്ചുകളയുമെന്നും പ്രതിഷേധക്കമ്മിറ്റി ചെയര്‍മാന്‍ തല്ലിപ്പൊളി ജബ്ബാര്‍ അറിയിച്ചു.

Thursday, September 17, 2009

പെരുന്നാളിനോട് പറയാനുള്ളത്..

പെരുന്നാളിനെ എനിക്കു പേടിയാണ്! നിലാവ് പിറന്നതായി സൗദിടെലിവിഷനില്‍ അറിയിപ്പ് വരുന്നതു മുതല്‍ തുടങ്ങും മനസ്സിന്റെ കണ്ണു നിറയാന്‍! പെരുന്നാള്‍ രാവുമുഴുവന്‍ ഒരു പോളക്കണ്ണടക്കാതിരുന്നു പൊട്ടിപ്പൊട്ടിക്കരയുന്ന എന്റെ മനസ്സിനെ എന്തുപറഞ്ഞാണു ഞാന്‍ ആശ്വസിപ്പിക്കുക?

"നാളെ റസാക്കിന്റെ വീട്ടിലും, ജലീലി‍ക്കാടെ വീട്ടിലും കോഴി ബിരിയാണിയാ.., അബുക്കാടവ്‌ടെ ആട്.. ഹൊ! എല്ലാട്ത്തും പായസോണ്ടാകും ഹാവൂ !" ഇങ്ങനെ യൊക്കെ പലപല ആത്മകൊതിപ്പിക്കലുകളും കരച്ചില്‍ മാറ്റല്‍ ശ്രമങ്ങളും നടത്തിനോക്കാമെന്നല്ലാതെ, ഉം ഹും..ലവലേശം ഒന്നാശ്വസിക്കില്ല എന്റെ അസത്ത് മനസ്സ്..!

വളര്‍ത്തുദോഷമാണേ; വളര്‍ത്തു ദോഷം! മനസ്സുകളെ വളര്‍ത്തണ്ടതുപോലെ വളര്‍ത്തണം. ജനിച്ചതു മുതല്‍, മുതിര്‍ന്നിട്ടും, ഗള്‍ഫിലേക്കു പോരുന്നതുവരെ... പെരുന്നാളിന്റെ തലേദിവസം മക്കളെയും വണ്ടീയില്‍ കയറ്റിയിരുത്തി ആലുവയിലോ പെരുമ്പാവൂരോ പോയി പെരുന്നാകോടിയും, ചെരിപ്പും, ബെല്‍ട്ടും, അത്തറും എല്ലാം വാങ്ങിക്കൊടുത്ത്, വീട്ടില്‍ വന്ന് അണിയിച്ചു നോക്കി, ചേര്‍ച്ച ഉറപ്പുവരുത്തി, സന്തോഷത്തോടെ കിടത്തിയുറക്കുന്ന വാപ്പമാരുണ്ടെങ്കില്‍ മനസ്സുകള്‍ ഇങ്ങനെ അസത്തുക്കളായില്ലെങ്കിലേ അത്ഭുതമുള്ളൂ! രാത്രി ഉറങ്ങാതെ പിറ്റേദിവസം രാവിലത്തേക്കുള്ള പലഹാരമുണ്ടാക്കലും, ഉച്ചക്കലേക്കുള്ള തേങ്ങാചോറിനുള്ള തേങ്ങാചെരകലും ഒക്കെ നടത്തുന്നതിനിടയില്‍ മക്കള്‍ ഉറങ്ങുന്നില്ലേ എന്നുറപ്പുവര്‍ത്താന്‍ ഇടക്കിടെ വന്നു നോക്കുകയും, ഉണര്‍ത്താതെ ഉമ്മ വക്കുകയും, ചെയ്യുന്ന ഉമ്മമാരുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട!

ഉമ്മ വച്ച തേങ്ങാചോറുതിന്ന് വയറുനിറഞ്ഞ മനസ്സിന്റെ ഓര്‍മ്മകളില്‍ ബ്റോയിലര്‍ കോഴിബിരിയാണി ഒരു കുട്ടളം നിറച്ചു തിന്നാലും ഒരു തുള്ളിയെങ്കിലും തൃപ്തിനിറയുമോ?

വാപ്പസമ്മാനിച്ച കോടിയണിഞ്ഞ് പെരുന്നാളുകൂടുന്ന മനസ്സുകളെ റിയാലുകള്‍ വലിച്ചെറിഞ്ഞ് വാങ്ങിയ ജ്യോര്‍ദ്ദാനോയുടെയോ, ബോസ്സിനിയുടെയോ കളര്‍ഫുള്‍ ഉടുപ്പുകളുണ്ടോ ഒരു നുള്ളെങ്കിലും സന്തോഷിപ്പിക്കുന്നു?

അനിയന്‍ തലയില്‍ കെട്ടിത്തന്ന തൂവാല ഇളംകാറ്റില്‍ പാറിയപ്പോള്‍ ഉയര്‍ന്ന് നിന്നിരുന്നതാണല്ലോ എന്റെ ഈ ശിരസ്സ്; ഇപ്പോള്‍ വെല്ലാസ്റ്റ്റെയിറ്റിട്ട് മുടിനിവര്‍ത്തിയിട്ടും,‍ ഹെഡ് & ഷോള്‍‍ഡര്‍ പതപ്പിച്ച് മിനുപ്പിച്ചിട്ടും, ഉംറക്കുപോയപ്പോള്‍ വാങ്ങിയ തിളക്കത്തൊപ്പിയണിഞ്ഞിട്ടും താങ്ങാനാകുന്നില്ലല്ലോ ഈ തലയുടെയൊരു കനം!

ഈദ്ഗാഹിലേക്കു പോകവേ കുഞ്ഞുമൂത്താപ്പ പഞ്ഞിയില്‍ മുക്കി ചെവിയില്‍ തിരുകിത്തന്ന അത്തറിന്റെ സുഗന്ധത്തില്‍ പൂമ്പാറ്റകളായി പാറിയവര്‍ക്കു മുന്നില്‍ ഹ്യൂഗോ ബോസ്സിനോ അതിന്റെ മൂത്താപ്പ പോലീസിനോ പുല്ലോളം വിലയുണ്ടോ?

തിരുദൂതര്‍ ചെയ്യാത്തതെങ്കിലും പടക്കം ഹറാമല്ല എന്ന ഉറച്ചവിശ്വാസത്തില്‍ പൊട്ടിച്ച പടക്കങ്ങളുടെ ശബ്ദം കാതില്‍ മുഴങ്ങുന്നതിനിടയില്‍ ഞാനിപ്പോള്‍ ഏതു ഖവ്വാലീ സംഗീതത്തിന്റെ താളഗതിയില്‍ മതിമറക്കാനാണ്?

അതിരാവിലെ ആദ്യത്തെ പെരുന്നാള്‍ മുത്തം തന്നിരുന്ന വല്ലിമ്മമാരില്‍ ഒരാളുടെ കൃത്യം മൂന്നു വര്‍ഷം പഴക്കമുള്ള ഖബറിങ്കലും മറ്റേയാളുടെ അഞ്ചു വര്‍ഷം പഴക്കമുള്ള രോഗശയ്യയിലുമെത്തി സലാം പറഞ്ഞു കടന്നുപോകാനുള്ള ഈ പെരുന്നാളിനെ ആഹ്ലാദാമോദങ്ങളോടെ ഞാന്‍ എങ്ങനെ സ്വീകരിക്കാനാണ്?

അതുകൊണ്ടാണ് ഈ വരുന്ന പെരുന്നാളിനോടു പറയാന്‍ എന്റെ മനസ്സ് എന്നോട് ഇങ്ങനെ പറഞ്ഞേല്പ്പിച്ചത്.."അല്ലയോ പ്രിയപ്പെട്ട പെരുന്നാളേ..! ദുര്‍ബ്ബലനായ ഈ പ്രവാസിക്ക് നിന്നെ വേണ്ടവണ്ണം സ്വീകരിക്കാനോ‍, വേണ്ടുവോളം ആഘോഷിക്കാനോ‍ കഴിഞ്ഞുകൊള്ളണ‌മെന്നില്ല..! ഇഷ്ടമില്ലാഞ്ഞിട്ടല്ല; നിന്നേക്കാള്‍ വലുതായി മറ്റൊരാഘോഷത്തെയും കണ്ടിട്ടുമല്ല; പക്ഷ..എനിക്കു പേടിയാണ്; നിന്നോടൊപ്പം കുത്തിയൊലിച്ചെത്തുന്ന, കരളുതകര്‍ത്ത്, മനസ്സിന്റെ തട്ടിന്‍പുറങ്ങള്‍ കലക്കിമറിച്ച്, ആത്മാവിന്റെ നാട്ടിന്‍പുറങ്ങളില്‍‌ സര്‍‌വ്വനാശം വിതച്ചേക്കാവുന്ന മധുരസ്മരണകളെ..,എന്റെ സ്വന്തം മധുരസ്മരണകളെ!"

എങ്കിലും എന്റെ പ്രിയപ്പെട്ടവരോട് എനിക്കു പറയാതിരിക്കാന്‍ പറ്റില്ലല്ലോ "ഈദ് മുബാറക്!"
------------------------------------------------------------
കഴിഞ്ഞ പെരുന്നാളിന് ഇതു വായിച്ചവര്‍...അടുത്ത പെരുന്നാളിനും പ്രതീക്ഷിച്ചുകൊള്ളുക.. :)

Friday, August 14, 2009

ആകാശഗംഗയിലെ വല്ലിമ്മമാര്‍‌-2

പൗര്‍ണ്ണമിയില്‍ പ്രശോഭിതയായ വാനിലേക്കു നിര്‍ന്നിമേഷനായി നോക്കുന്ന പൈതലിന്റെ മനസ്സോടെയാണ് ഇപ്പോഴും പെരുമ്പാവൂരിനെക്കുറിച്ചുള്ള ഓര്‍മ്മകളിലേക്ക് ഞാന്‍ തലപൊക്കി നോക്കുക!‍ അപ്പോഴൊക്കെയും ഓര്‍മ്മയിലെ ആ പ്രകാശിതപ്രദേശത്തിന്റെ ഒത്തനടുക്ക് ഒരു പൂര്‍ണ്ണചന്ദ്രിക അതിരറ്റ വാത്സല്യത്തോടെ, നിര്‍ബ്ബന്ധപുര്‍വ്വം എന്നെ മാടിവിളിക്കും! അപ്പോള്‍ എന്റെ മനസ്സിന്റെ കൊച്ചരിപ്പല്ലുകള്‍ അറിയാതെ പുഞ്ചിരിതൂകും; ആത്മാവിന്റെ കുഞ്ഞിക്കൈകള്‍ രണ്ടും നീട്ടി ഞാനാ മടിത്തട്ടിലേക്ക് ഓടിയടുക്കും! തൊട്ടടുത്ത് കാത്തുവച്ചിരിക്കുന്ന പൊതിയഴിച്ച് പഴവും പപ്പടവടയും ഉണ്ണിയപ്പവും എന്റെ കുഞ്ഞുവായിലേക്കും, ചുബനങ്ങളുടെ അത്തറുമണങ്ങള്‍ എന്റെ ഇരുകവിളിലേക്കും കുത്തിനിറച്ച്..പെരുമ്പാവൂരെ എന്റെ വല്ലിമ്മ നിറഞ്ഞ കണ്ണുകള്‍ തുടക്കും..!

കുഞ്ഞുമക്കളെക്കാണുമ്പോള്‍ വല്ലിമ്മയുടെ കണ്ണുനിറയുന്നതെന്തിനാണ്? സന്തോഷം കൊണ്ടാണെന്ന് വല്ലിമ്മ പറയും. കണ്ണുനീര്‍ ഒരര്‍ത്ഥത്തില്‍ ചതിയനാണ്; സന്തോഷത്തെ സങ്കടമെന്നും സങ്കടത്തെ സന്തോഷമെന്നും അത് തെറ്റിദ്ധരിപ്പിച്ചുകളയും! സന്തോഷത്തിന്റെ കണ്ണുനീരിന് ഉണ്ണിയപ്പത്തിന്റെ നിറവും മാമ്പഴത്തിന്റെ ഗന്ധവും ദൈവം നല്‍‌കണമായിരുന്നു. തിരിച്ചറിവില്ലാത്ത മക്കള്‍ മാതൃത്വത്തിന്റെ വിവിധ വികാരങ്ങളെ തിരിച്ചറിയാതെ പോകരുതല്ലോ? ഇക്കാലത്ത് സങ്കടത്തിന്റെ കണ്ണുനീരിന് കടുംചുവപ്പുനിറമുണ്ട്, റോസാപൂവിന്റെയും ചോരയുടെയും ചുവപ്പ്; പക്ഷെ ഗന്ധം അധികവും ചോരയുടേതാണ്!

സ്കൂളവധിക്കാലങ്ങളില്‍ നാട്ടിന്‍പുറത്തൊക്കെയും മഞ്ഞനിറമുള്ള കമ്മല്‍‌പൂക്കള്‍ വിരിഞ്ഞുനിറയാറുണ്ട്. ഇതുപോലെ‍, അവധിക്കാലത്തുമാത്രം ഭൂമിയില്‍ ഉയര്‍ന്നുവരുന്ന ഒരു വിശുദ്ധഗേഹമാണ് പെരുമ്പാവൂരെ ആ പഴയ തറവാട് എന്നെന്റെ കുഞ്ഞുമനസ്സ് തെറ്റിദ്ധരിച്ചിട്ടുണ്ട്; അപ്പോള്‍ മാത്രമാണല്ലോ അങ്ങോട്ടുപോകാറുള്ളൂ! അവധിയാകുമ്പോള്‍ ചുറ്റും വന്നണയുന്ന മക്കള്‍ക്കും കുഞ്ഞുമക്കള്‍ക്കും വേണ്ടി ബാക്കിയുള്ളകാലങ്ങളത്രയും കാത്തുകാത്തിരുന്നു വിരുന്നൊരുക്കിയ വല്ലിമ്മക്ക് ഞങ്ങളുടെ മനസ്സെന്ന ആകാശഗംഗയില്‍ മറ്റെന്തിനേക്കാളും വിശാലമായൊരു കൊട്ടാരമുയര്‍ന്നതിന്റെ ഒരുപാടുകാരണങ്ങളില്‍‍ വളരെക്കുറച്ചേ വിവരണത്തനു വിധേയമാക്കാന്‍ സാധിക്കുന്നതായുള്ളു.

വിണ്ണോളം വിനയവും മലയോളം മാന്യതയും മാലാഖയോളം വിശുദ്ധിയും, വല്ലിമ്മയുടെ കാതില്‍ വല്ലിപ്പ കെട്ടിക്കൊടുത്ത് വട്ടത്തില്‍ തൂങ്ങിയാടിയ അലിക്കത്തുകളേക്കാള്‍ ആ മുഖം പ്രകാശപൂരിതമാക്കിയിരുന്നു എന്നത് അലങ്കാരത്തിനുവേണ്ടിപ്പറയുന്നതല്ല. പക്ഷെ, ഇതിലുമൊക്കെയേറെ ഞങ്ങളുടെ ഓര്‍മ്മകളുടെ കൊട്ടാരത്തിലെ അമൂല്യമായ നിധികള്‍ ഒരു കുസൃതിക്കുരുന്നോളം കുട്ടിത്തം കിനിഞ്ഞ വല്ലിമ്മയുടെ മായാചിത്രങ്ങളാണ്. അതെ, വല്ലിമ്മയെക്കാള്‍ ഓമനത്തവും കൗതുകവുമുള്ള ഏതു പൈതലാണ് എന്റെ മടിയില്‍ കയറിയിരുന്ന് കവിളില്‍ നുള്ളി കളിപറഞ്ഞിട്ടുള്ളത്?
ഓര്‍മ്മകളുടെ രാജപാതയില്‍, കൈവിട്ടുപോയ ആ പഴയവീട്ടിലെ കൊച്ചുമുറിയില്‍‍ വല്ലിമ്മയെ കെട്ടിപ്പുണര്‍ന്നു കിടക്കുകയാണു ഞാനിപ്പോള്‍. ഈ നിറഞ്ഞൊഴുകുന്ന കണ്ണുനീര്‍തുള്ളികളും ഉതിര്‍ന്നുവീഴുന്ന പുഞ്ചിരികളും മനസ്സുനിറഞ്ഞൊഴുകുന്ന പ്രാര്‍ത്ഥനകളും സ്വര്‍ഗ്ഗപ്പൂങ്കാവനത്തില്‍ വല്ലിമ്മയുടെ തറാവാട്ടുമുറ്റത്തെ പാരിജാതങ്ങളായിമാറട്ടെ..! ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം എന്ന് പാടിയ കവി പ്രഗത്ഭന്‍ തന്നെയാണല്ലേ?

ഗോതമ്പുപൊടിച്ച് പുട്ടുണ്ടാക്കി മക്കളെ ചുറ്റുമിരുത്തി നിര്‍ബ്ബന്ധിച്ച് തീറ്റിക്കുമ്പോഴും, കണ്ണുതെറ്റുന്ന തക്കത്തിന് ഒരു മജീഷ്യന്റെ കരവിരുതോടെ വല്ലിമ്മ തന്റെ പങ്ക് തൊട്ടടുത്തയാളുടെ പാത്രത്തിലേക്ക് മാറ്റിക്കളയും. അയാള്‍ വീണ്ടൂം പാത്രത്തിലേക്കു നോക്കി 'എന്റെ പുട്ട് തീര്‍ന്നില്ലേ..' എന്നന്തം‌വിടുമ്പോള്‍ ചുമ്മാ ഒരേമ്പക്കവും വിട്ട് എഴുന്നേറ്റുപോകുന്നത് മറ്റാരുമല്ല ഞങ്ങളുടെ സ്വന്തം വല്ലിമ്മയാണ്... അതുകൊണ്ടാണ് എന്റെ വില്ലനനിയന്‍ വല്ലിമ്മയെ 'കുഞ്ഞിപ്പെണ്ണേ' എന്നു വിളിച്ചത്!

അവധിക്കാലമായിട്ടും മക്കള്‍ക്കുവേണ്ടി കായ്‌ക്കാത്ത മാവിനെ ശാസിക്കുകയും, ശേഷം ആശ്വസിപ്പിക്കുകയും ചെയ്യുന്ന കാഴ്‌ചകളൊക്കെ ഞാന്‍ വയസ്സായി സര്‍‌വ്വതും മറന്നാലും മറക്കാത്തത്ര രസദായകങ്ങളായിരുന്നു!

ഗുളികയും വെള്ളവും കൊണ്ടുക്കൊടുക്കുമ്പോള്‍ ആ സുന്ദരിക്കോതയുടെ മുഖം ചുളുങ്ങും. 'മോനങ്ങു കുടിച്ചോടാ..' എന്നപ്രതികരണത്തിനു ശേഷം വിരിയുന്ന പുഞ്ചിരിക്ക് എന്തൊരു മധുരമാണ്! അവിടെയെങ്ങാനും നമ്മുടെ കണ്ണൊന്നു തെറ്റിയാല്‍ ഗുളിക കട്ടിലിനടിയിലേക്കിട്ട് വെള്ളം മാത്രം കുടിച്ചുകളയും ആ 'കൊച്ചുകുട്ടി'! അടിച്ചുവാരുന്നവരെ ആ കട്ടിലിന്റെ ഏഴയലത്തേക്ക് വല്ലിമ്മ അടുപ്പിക്കാതിരുന്നതിന്റെ ഈ ഗുട്ടന്‍സ് വളരെ വൈകിയാണ് ഞങ്ങള്‍ക്ക് പിടികിട്ടിയത്..!

ഉണക്കാനിട്ട നെല്ല് കൊത്തിയെടുക്കാന്‍ വന്ന ഒരു പാവം കോഴിയുടെ പപ്പുംപൂടയും പറിച്ചുവിട്ട നിറം‌പിടിപ്പിച്ചകഥയും, ഇതുപോലുള്ള മറ്റുപലകഥകളും വല്ലിമ്മയുടെ ഓര്‍മ്മകളില്‍ ചിരിയായി പടരാറുണ്ട്. വല്ലിമ്മയുടെ ചുറ്റുമിരുന്ന് മക്കള്‍ ഈ കഥകളൊക്കെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പറയുമ്പോള്‍ ചെറിയൊരു ചമ്മലോടെ വല്ലിമ്മ അതൊക്കെ ആസ്വദിക്കുമായിരുന്നു..!

പക്ഷെ സ്വന്തം കാര്യത്തിലെ ഈ അലസകുസൃതികളൊക്കെ മക്കളുടെ കാര്യങ്ങളില്‍ അത്ഭുതകരമായ അതിസൂക്ഷ്‌മതക്കു വഴിമാറുന്നത് കാണാം. മക്കളുടെ ചെറിയ ചെറിയ തെറ്റുകള്‍ പോലും വ്യക്തമായ നിര്‍ദ്ദേശങ്ങളിലൂടെയും കൃത്യമായ ശിക്ഷകളിലൂടെയും തുടച്ചുമാറ്റാന്‍ വല്ലിമ്മക്കു കഴിഞ്ഞിരുന്നു. മക്കള്‍ നന്നായി വളരുന്ന കാര്യത്തില്‍, അവരെ ചിട്ടയില്‍ വളര്‍ത്തുന്ന കാര്യത്തില്‍ അതിപ്രഗത്ഭയായ പണ്ഡിതയോ അനുകരണീയയായ അധ്യാപികയോ ഒക്കെയായിരുന്നു വല്ലിമ്മ.

ഇപ്പോഴും മിക്കദിവസങ്ങളിലും കിടക്കുന്നതിനു മുന്‍പ് അടുക്കളവൃത്തിയാക്കി അടിച്ചുവാരുമ്പോള്‍ എന്റെ ഉമ്മ കൗതുകത്തോടെ വല്ലിമ്മയെക്കുറിച്ചു പറയും. ഒരിക്കല്‍, ചെറുപ്പത്തില്‍ വല്ലിമ്മ ചുമതലപ്പെടുത്തിയതനുസരിച്ച് രാത്രി കിടക്കുന്നതിനു മുന്‍പ് വീടും അടുക്കളയുമൊക്കെ ഉമ്മ അടിച്ചുവാരി. രാവിലെ കളയാം എന്നു കരുതി അതെല്ലാം കൂടി വീടിന്റെ ഒരു മൂലയിലേക്ക് ഉമ്മ തടുത്തുകൂട്ടി. ഇതു കണ്ടുകൊണ്ടു വന്ന വല്ലിമ്മ ചെയ്‌തതെന്താണെന്നോ..? അടുക്കളമൂലയിലേക്കടിച്ചു കൂട്ടിയ സകലവേസ്റ്റുകളും വാരിയെടുത്ത് ഉമ്മയുടെ ചുരുണ്ടുസമൃദ്ധമായ കാര്‍ക്കൂന്തല്‍ തിങ്ങിയ തലയിലേക്കിട്ടുകളഞ്ഞു..! മുറിയുടെ മൂലയിലേക്ക് ചവറും പൊടിയും അടിച്ചുകൂട്ടിയതിന്റെ ശിക്ഷ..! തലയില്‍ നിന്നും ആ പൊടിമുഴുവന്‍ പോയിത്തീരാന്‍ ഒന്നുരണ്ടു ദിവസങ്ങളെടുത്തുവത്രെ. അതില്‍‌പിന്നെ ഇന്നേവരെ ഉമ്മ വീടുവൃത്തിയാക്കി പൊടിയും മറ്റും പുറത്തുകൊണ്ടുപോയിക്കളഞ്ഞിട്ടല്ലാതെ ഉറങ്ങിയിട്ടില്ല..!

പലര്‍ക്കും ഇതു വലിയൊരു സംഭവമായി തോന്നില്ലായിരിക്കാം! പക്ഷെ തലമുറകള്‍ കൈമാറേണ്ടുന്ന ഒരു നല്ലശീലമാണ് ആ സംഭവത്തിലൂടെ വല്ലിമ തന്റെ മകളെ പഠിപ്പിച്ചത് എന്നുതിരിച്ചറിയുമ്പോള്‍ അതെങ്ങനെ വലുതല്ലാതാകും? തലയിലിടുന്ന തട്ടത്തിന്റെ കാര്യത്തിലും, കണ്ണെഴുതുന്ന രീതിയിലും വരെ വല്ലിമ്മയുടെ നിര്‍ദ്ദേശങ്ങളല്ലാതെ മക്കള്‍ നടപ്പാക്കിയിരുന്നില്ല. മക്കളെ ഇത്തരത്തില്‍ പാഠങ്ങള്‍ പഠിപ്പിക്കുന്ന ഉമ്മമാരാണ് സമൂഹത്തിന്റെ നട്ടെല്ലുകള്‍; ഇന്നു നമുക്ക് കൈമോശം വന്നതും അതാണ്.ന‌ന്‍‌മയുടെയും നേരിന്റെയും ചട്ടക്കൂടിലും ചിട്ടവട്ടത്തിലുമല്ലാതെ മക്കള്‍ ഒരിഞ്ചു പോലും വളരരുത് എന്ന നിര്‍‌ബ്ബന്ധബുദ്ധിയാണ് വല്ലിമ്മയുടെ ഒന്‍‌പതില്‍ ഒന്‍‌പതു മക്കള്‍ക്കും സത്യസന്ധതയുടെയും, ജീവിതവിശുദ്ധിയുടെയും വിജയവഴികളില്‍ അന്‍‌പതില്‍ അന്‍‌പതു മാര്‍ക്കും നേടിക്കൊടുത്തത്.

പതിനൊന്നുകൊല്ലം മുന്‍പത്തെ റമദാനില്‍ തന്റെ പ്രിയപ്പെട്ട രണ്ടാമത്തെ മകന്റെ വിയോഗവേളയില്‍ പടച്ചവന്റെ ആ തീരുമാനത്തെ സുമനസ്സാലെ അംഗീകരിച്ച് സ്വയം തളരാതെ പ്രാര്‍ത്ഥനാനിരതയായിരുന്ന സാധുവായ ആ ഉമ്മയെയല്ലാതെ മറ്റാരെയാണു മാതൃത്വം മാതൃകയാക്കേണ്ടത്? തന്റെ എല്ലാമെല്ലാമായിരുന്ന സഹോദരന്റെ മയ്യിത്ത് നമസ്‌കാരത്തിന് ധീരമായിട്ടെഴുന്നേറ്റു നിന്ന് നേതൃത്വം നല്‍‌കാന്‍ ആ വല്ലിമ്മയുടെ മകള്‍ക്ക് കഴിഞ്ഞതില്‍ പിന്നെയെന്തിനത്ഭുതപ്പെടണം! മാതൃത്വം എന്നവാക്കുപോലും സ്വയമേ വന്‍‌മഹത്വമായിരിക്കെ മാതൃത്വത്തിന്റെ ഈ മഹാമാതൃകയെ ആദരിച്ചഭിസംബോധന ചെയ്യാന്‍ സ്വര്‍ണ്ണംകെട്ടിയ വാക്കുകള്‍ ലോകത്ത് ഇനിയും പിറവിയെടുക്കേണ്ടിയിരിക്കുന്നു!

വലിമ്മയില്ലാത്ത ഈ ലോകത്തേക്ക് മൂന്നാമത്തെ റമദാനും കടന്നു വരുന്നു. മൂന്നുകൊല്ലം മുന്‍‌പ് സ്വര്‍ഗ്ഗവാതിലുകളെല്ലാം തുറന്നു കിടന്ന റമദാനിലെ ഒരു വെള്ളിയാഴ്‌ച, പടച്ചവന്റെ പ്രിയ ദാസരും മാലാഖമാരും ജുമുഅ*യില്‍ സുജൂദില്‍ കിടക്കവേ, വല്ലിമ്മ പടച്ചവന്റെ വിളിക്കുത്തരം നല്‍കി ചിരിച്ചുകൊണ്ടു സ്വര്‍ഗ്ഗത്തിലേക്കു യാത്രയായി. പെരുമ്പാവൂര്‍ കണ്ണന്തറപ്പള്ളിയില്‍ ആ ദിവസം തന്നെ ആ പുതിയ മയ്യത്തുകട്ടില്‍ പണിതീര്‍ന്നുവന്നതില്‍ പടച്ചവന്റെ കളിയുണ്ടാകുമോ? ഉണ്ടാകും..!

എങ്ങിനെയായിരിക്കും എന്റെ വല്ലിമ്മപ്പെണ്ണിന്റെ ജീവന്‍ പോയിട്ടുണ്ടാകുക..? അസ്‌റായീല്‍(അ)* എന്തു സ്വകാര്യമായിരിക്കും വല്ലിമ്മയുടെ കാതില്‍ പറഞ്ഞിട്ടുണ്ടാകുക..? സ്വര്‍ഗ്ഗത്തില്‍ വച്ച് എന്നെ വീണ്ടും മാടിവിളിക്കുമ്പോള്‍ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് കവിള്‍നിറച്ച് മുത്തംകൊടുത്തിട്ട് ചോദിച്ചുനോക്കണം..!

പരമകാരുണികനായ തമ്പുരാനേ.. അവര്‍ ഞങ്ങളെ ചെറുപ്പത്തില്‍ ഓമനിച്ചു വളര്‍ത്തിയതുപോലെ നീ അവരെയും ഓമനിക്കേണമേ..!
-------------------------------------------------------------------
ജുമുഅ-വെള്ളിയാഴ്‌ച ഉച്ചനേരത്തെ നമസ്‌കാരം.
അസ്‌റായീല്‍-മരണത്തിന്റെ മലക്ക്.

Sunday, July 26, 2009

കുട്ടികള്‍ കുടവയറു കാണുമ്പോള്‍‍!

"മാവേല്യാ ഏറ്റോം കൂട്തല് ചോറ് തിന്നണത്, എന്ത് വല്ലിക്കാട്ട കൊടവയറാ..!" മുറ്റത്ത് കളിവീടുകെട്ടി കഞ്ഞീംകറീം വച്ചു കളിക്കുന്ന സുമിമോളുടെ കമന്റ്..!

"എടീ പൊട്ടീ..മാവേലി പാദാളത്തിലല്ലേ; അവ്ടെ ചോറൊന്നും കിട്ടൂല്ലാ..! അതേ...ഗ്യാസാ..ഗ്യാസ്..! ചോറ് തിന്നാണ്ടിര്ന്നാലേ വയറ്റില് ഗാസ് നെറഞ്ഞ് വീര്‍ക്കും!" കളിവീട്ടിലെ 'ഭര്‍ത്താവ്' അനിക്കുട്ടന്‍ കൂട്ടുകാരിയുടെ തെറ്റു തിരുത്തി.

"അപ്പോ അനിക്കുട്ടന്റെ ഡാഡി ഫോറിന്‍‌ന്നു വന്നപ്പഴും വല്യ കൊടവയറ്ണ്ടാര്‍ന്നല്ലോ? അവ്‌ടെ ചോറൊന്നും കിട്ടൂല്ലേ..?" എന്നായി സുമി..!

"ഉം..ഹും..അവ്‌ടേം ചോറൊന്നും കിട്ടൂല്ലാ..! ഈ ഓണത്തിന് ഡാഡി വരുമ്പ അതിനെക്കാട്ടീം വല്യവയറ്ണ്ടാവും..മാവേലീടത്രേം..!" അടുപ്പിന്റെ കല്ലുറപ്പിക്കവേ അനിക്കുട്ടന്‍ ചുണ്ട് കൂര്‍പ്പിച്ചു വിടര്‍ത്തിക്കൊണ്ടു പറഞ്ഞു..!

ഞാന്‍ ചിരിച്ചുപോയെങ്കിലും അന്തം‌വിടാന്‍ മറന്നില്ല..! കുട്ടികള്‍ സമൂഹത്തില്‍ നിന്നും കാര്യങ്ങള്‍ ഗ്രഹിക്കുന്ന വിധം നോക്കുക! മാവേലി കൊല്ലത്തിലൊരിക്കല്‍ ഓണത്തിനു വരുന്നു എന്നവര്‍ കേട്ടിട്ടുണ്ട്; ഫോറിനില്‍ പോയ അച്ഛനും കൊല്ലത്തിലൊരിക്കല്‍, അധികവും ഓണത്തിന്, വരുന്നു. മാവേലിക്ക് നല്ല കള്ളുംകുടം പോലത്തെ കൊടവയറുണ്ട്, അച്ഛനും കൊല്ലാകൊല്ലം വരുമ്പോള്‍ കൊടവയര്‍ കൂടിക്കൂടി വരുന്നുണ്ട്. ഇപ്പറയുന്ന മാവേലി സ്ഥിരമായി പാതാളത്തിലാണെന്നവര്‍ക്കറിയാം, പാതാളത്തെക്കുറിച്ച് അവരുടെ ഭാവനയില്‍ ഒരു രൂപവുമുണ്ട്! അപ്പോള്‍ പിന്നെ മാവേലിയെപ്പോലെ വല്ലപ്പോഴും വരുന്ന, കൊട്ടപോലെ കൊടവയറുള്ള തന്റെ അച്ഛന്‍ വസിക്കുന്ന 'ഫോറിന്‍' എന്ന സ്ഥലവും പാതാളവും ഏതാണ്ടൊന്നു തന്നെ അല്ലെങ്കില്‍ ഒരുപോലെതന്നെ എന്നൂഹിക്കാന്‍ മാത്രം നിഷ്‌കളങ്കരും, ശുദ്ധരുമാണ് കുട്ടികള്‍!

ഇതുകൊണ്ടാണ് 'വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ; ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍..!' എന്ന വൈലോപ്പിള്ളീ വരികള്‍ക്ക് ഞാന്‍ 'കിടിലന്‍; വീണ്ടൂം എഴുതുക' എന്നു കമന്റിട്ടത്!

ഗള്‍ഫിനെ പാതളം എന്നുവിളിക്കുന്നതാണോ ശരി അതല്ല പാതാളത്തെ ഗള്‍ഫ് എന്നു വിളിക്കുന്നതാണോ ശരി എന്നൊന്നും ഞാനിപ്പോള്‍ വിവരിക്കുന്നില്ല. ഗള്‍‌ഫുകാരുടെ തെറിവിളികേള്‍ക്കാനും പാതാളകുത്തകകളുടെ കയ്യടിയോ, തലക്കിട്ടടിയോ മേടിക്കാനും പേടിയുണ്ടായിട്ടൊന്നുമല്ല; ആകെയുള്ള ചെറിയൊരു കൊടവയറുംകൊണ്ട് ഓണാവധിക്കൊന്നു നാട്ടില്‍ പോകണമല്ലോ എന്നു കരുതിയതുകൊണ്ടാണ്, അതുകൊണ്ടു മാത്രം ആ വിഷയം തീര്‍പ്പുകല്‍‌പ്പിക്കാന്‍ നിങ്ങള്‍ക്ക് വിട്ടുതരുന്നു. ഇനി ഇതെങ്ങാനും വലിയ ചര്‍‌ച്ചയായി മാറി പത്രക്കാരും ചാനലുകാരുമൊക്കെ ഇതിനെ വിഴുപ്പുംകൂട്ടത്തിലിട്ടലക്കാന്‍ തുടങ്ങിയാല്‍ ഗള്‍ഫേതാ പാതാളമേതാ, ഗള്‍ഫിലാരാ പാതാളത്തിലാരാ എന്നറിയാതെ ആളുകളാകെ കണ്‍ഫ്യൂഷനിലായിപ്പോകും. മുഖ്യമന്ത്രിയേതാ മുക്കിയമന്ത്രിയേതാ, (പിണ)റായിയേതാ റവറന്റേതാ എന്നറിയാത്ത നാടാണേ നമ്മുടേത്!

പക്ഷെ, സുമിമോള്‍ക്കും അനിക്കുട്ടനും യാതൊരു കണ്‍ഫ്യൂഷനുമില്ല. അവര്‍ തീര്‍‍പ്പുകല്പ്പിച്ചിരിക്കുന്നു. മാവേലിയുടെ കുടവയറിന്റെ കാരണം അവര്‍ കണ്ടെത്തിയിരിക്കുന്നു. ഗ്യാസിന്റെ കാരണം അവര്‍ മനസ്സിലാക്കിയിരിക്കുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ പാതാളവും ഗള്‍ഫും സെയിം സെയിം എന്നവര്‍ വിലയിരുത്തിക്കഴിഞ്ഞിരിക്കുന്നു. അവര്‍ എല്ലാ കാര്യങ്ങളും വിലയിരുത്തുന്നതിങ്ങനെയാണ്.

ഇവിടെ മാതാപിതാക്കാള്‍ക്കൊരു മുന്നറിയിപ്പുണ്ട്. വിലയിരുത്തലുകള്‍ക്കും തീര്‍പ്പുകല്‍‌പ്പിക്കലുകള്‍ക്കും ശേഷം അവര്‍ ആക്ഷനിനേക്കു കടക്കുന്ന നിമിഷത്തെ ഭയപ്പെട്ടുകൊള്ളുക. അവര്‍ക്ക് നമ്മില്‍ നിന്നും, ചുറ്റുപാടുകളില്‍ നിന്നും, സമൂഹത്തില്‍ നിന്നും ലഭിക്കുന്ന വിവരം വികലമായാല്‍ വിലയിരുത്തലുകളും വികലമാകും. വികലമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ അവര്‍ പ്രവൃത്തികളിലേക്കു കടക്കാന്‍ തുടങ്ങിയാല്‍പിന്നെ കെടക്കപ്പൊറുതിക്കൊപ്പം നമുക്കും നാടുവിട്ടുപോകാം. തീയെ വിലയിരുത്തുന്നതില്‍ കുട്ടികള്‍ക്ക് പറ്റുന്ന തെറ്റാണ് അവരുടെ കൈ പൊള്ളിക്കുന്നത്. സ്ത്രീയെ വിലയിരുത്തുന്നതില്‍ മുതിര്‍ന്നവര്‍ക്കു പറ്റുന്ന തെറ്റുകള്‍ കുട്ടികള്‍ ശരി എന്നു ധരിച്ച് കാണാതെ പഠിക്കുകയും അത് വിവിധതരം ആക്ഷനുകളായി സഹപാഠികളിലേക്കും കളിക്കൂട്ടുകാരിലേക്കും അവര്‍ പ്രയോഗിക്കുകയും ചെയ്യുന്നു. കുട്ടികളെ വിലയിരുത്തുന്നതില്‍ മാതാപിതാക്കള്‍ക്കു പറ്റുന്ന അബദ്ധങ്ങളാണ് എന്നതാണേറെ പ്രധാനം. 'എന്റെ കുട്ടി തെറ്റുചെയ്യില്ല' എന്ന തീര്‍പ്പാണ് മാതാവേ നിങ്ങളുടെ ഏറ്റവും വലിയ തെറ്റ്!

ഒരു കുട്ടി ഒന്നാന്തരം ഒരു ഫാക്ടറിയാണ്. സമൂഹവും, സാമൂഹ്യ വിവരങ്ങളുമാണ് അവന്റെ റോമെറ്റീരിയല്‍സ്. അതില്‍ നിന്നും അതിവേഗം അവന്‍ നിഗമനങ്ങള്‍ സൃഷ്ടിക്കും. തെറ്റാകട്ടെ ശരിയാകട്ടെ അവന്‍ അതങ്ങനെ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അപ്പോള്‍ അവന് അല്ലെങ്കില്‍ അവള്‍ക്ക് ശരിയായ വിവരങ്ങളും അതിനുള്ള അവസരങ്ങളും ബുദ്ധിപൂര്‍‌വ്വം നമ്മളൊരുക്കിക്കൊടുക്കണം. ശരികള്‍ മാത്രം പഠിപ്പിക്കുന്നതല്ല, ശരിയെ ശരിയെന്നും തെറ്റിനെ തെറ്റെന്നും പഠിപ്പിക്കുന്നതാണ് ശരിയായ വിജ്ഞാനം. ഇതും മാതാപിതാക്കള്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്..!

അതേ സമയം ഒരു കുട്ടി ഒന്നാന്തരം ഒരു റോമെറ്റീരിയലുമാണ്. അവന്റെ പ്രത്യേകതകളും താല്‍‌പര്യങ്ങളും പഠിച്ച്, ക്രൃത്യമായ ചൂടില്‍ ശരിയായ മൂശയില്‍ വാര്‍ത്താല്‍ അവന്‍ ഒന്നാന്തരം ഒരു മണിമുത്തായി മാറും. അവന്റെ പ്രത്യേകതകള്‍ക്ക് വിരുദ്ധമായ മൂശയില്‍ അവനെ വാര്‍ക്കാന്‍ ശ്രമിക്കുന്നത് പരമാബദ്ധമാണെന്നോര്‍ക്കുക. അവന്‍ സ്വര്‍ണ്ണമാണെങ്കില്‍ അവനെ സ്വര്‍ണ്ണഗോപുരമാക്കി മാറ്റുക; സ്വര്‍ണ്ണത്തിന് വര്‍ണ്ണപ്പൂവാകാന്‍ കഴിയില്ല! അവന്‍ വര്‍ണ്ണമാണെങ്കില്‍ അവനെ വര്‍ണ്ണജാലമാക്കിമാറ്റുക; വര്‍ണ്ണത്തിന് സ്വര്‍ണ്ണമാല്യമാകാനും കഴിയില്ല. ഇതും മാതാപിതാക്കള്‍ക്കുള്ള മുന്നറിയിപ്പുതന്നെ!

എന്താടോ ഇത്ര ഗൗരവം എന്നല്ലേ? ലോകത്ത് ഏറ്റവും ഗൗരവമുള്ള വിഷയം ഫലിതബിന്ദുക്കളാകുന്നതെങ്ങിനെ? ആത്മാര്‍‌ത്ഥമായി പറഞ്ഞതാണ്. അല്‍‌പം വേദനയോടെ എഴുതിയതാണ്. എന്തുവേദന എന്നാണോ? തെറ്റായി വളര്‍ത്തപ്പെടുത്തകുട്ടികളെ കണ്‍കള്‍ക്കു മുന്നില്‍ കാണുമ്പോഴുള്ളവേദന. തെറ്റായി വളര്‍ത്തപ്പെട്ട കുട്ടികളെ തിന്‍‌മകള്‍ക്കു പിന്നില്‍ കാണുമ്പോഴുള്ള വേദന!

ഇനിയുമുണ്ട് വേദനിപ്പിക്കുന്ന കാര്യങ്ങള്‍. നോക്കൂ..കുറ്റവാളികള്‍ ആരുമാകട്ടെ, അവരുടെ ഇന്നത്തെ ടാര്‍ഗറ്റ് കുട്ടികളാണ്. പണ്ട്പണ്ടല്ല, ഈയടുത്ത്; കോട്ടയത്തൊരിടത്ത്, പത്താം ക്ലാസ്സുകാരിയായ മകളെ പഠിപ്പിക്കാന്‍ അച്ഛന് വലിയ ഉത്സാഹം! വൈകുന്നേരമായാല്‍ മകളുടെ പഠനമുറിയില്‍ അച്ഛന്‍ പഠിപ്പിക്കലോടു പഠിപ്പിക്കല്‍! അമ്മക്ക് സന്തോഷം.! പഠിപ്പിച്ച് പഠിപ്പിച്ച് അവസാനം കുട്ടിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ലത്രെ! കാര്യം എന്താണെന്നു ഞാന്‍ പറയില്ല; കാരണം അവള്‍ ഒരു കുട്ടിയാണ്, ഒരു കൊച്ചു പെണ്‍‌കുട്ടി. ഒന്നു മാത്രം സൂചിപ്പിക്കാം; ആ മകള്‍ക്ക് സ്വന്തം അച്ഛന്‍ ബയോളജിക്കു കൊടുത്ത പ്രാക്ടിക്കല്‍ ക്ലാസിന്റെ +ve റിസല്‍ട്ട് പരീക്ഷക്കു മുന്‍പേ വന്നുവത്രെ..!

പീഢനങ്ങളും കൊടും ചതികളും കേരളക്കരയാകെ മുളച്ചുപോങ്ങാന്‍പാകത്തിന് വിത്തുപാകിയതാരാണ്? അതിനു വളമാകാന്‍ പാകത്തിന് അച്ഛന്‍ ആദരണിയനും, അമ്മ മഹാമഹത്വവും, സഹോദര്യം സുസമ്പത്തുമായിരുന്ന നമ്മുറെ പാരമ്പര്യ സംസ്കാരം വേരറുത്ത് ചീയിച്ചു കളഞ്ഞതാരാണ്? പാശ്ചാത്യനും അവന്റെ സം‌സ്‌കാരവും എന്നൊറ്റവാക്കില്‍ പറഞ്ഞാല്‍ ഉത്തരം പൂര്‍ണ്ണമായില്ല. ടെലിവിഷനും, ഇന്‍‌റ്റര്‍നെറ്റും, മൊബൈല്‍ഫോണും തുടങ്ങിയ ശാസ്ത്ര സാങ്കേതിക വിദ്യകളാണിതിനൊക്കെ ഉത്തരവാദി എന്നു പറയുന്നവര്‍ പണ്ടാരമടങ്ങട്ടെ! സിനിമയെയും സീരിയലുകളെയുമൊക്കെ ഒറ്റക്കണ്ണനായ പിള്ളേരെപ്പിടുത്തക്കാരനോളം ഭയക്കണം. ഒരു കാര്യം സമ്മതിക്കാം, ഇതിലെല്ലാം നന്‍‌മയോളമോ, അതില്‍കൂടുതലോ തിന്‍‌മയുണ്ട്! പക്ഷെ ഒതളങ്ങ കഴിച്ച് ഒരു ‍കുട്ടി മരിച്ചാല്‍ ഒതളങ്ങയെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നവന്‍ പമ്പര വിഡ്ഢിതന്നെ! അതുകഴിച്ച കുട്ടിക്ക് ഒതളങ്ങ വെഷമാണെന്നറിയുകയോ അറിയാതിരിക്കുകയോ ചെയ്യട്ടെ! അവന്റെ പരിസരങ്ങളില്‍ ആ ഒതളങ്ങ നട്ടുപിടിപ്പിച്ചവരും, ഒതളങ്ങയുടെ പരിസരങ്ങളില്‍ അവനെ വിലക്കാതിരുന്നവരുമാണ് കുറ്റക്കാര്‍!

അതെ; എന്റെ കുട്ടി ഏതു സംസ്‌കാരം സ്വീകരിക്കണം എന്നു തീരുമാനിക്കുന്നവര്‍! അവര്‍ ടെലിവിഷനും, ഇന്റര്‍നെറ്റും എങ്ങനെവേണം ഉപയോഗിക്കാന്‍ എന്നു പഠിപ്പിക്കേണ്ടവര്‍; അതില്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യതയും ബാധ്യതയുമുള്ളവര്‍! അവര്‍‌ക്ക് കൈവിരലുകളും കാതുമുറക്കുന്നതിനു മുന്‍‌പ് വഴുക്കലും പടുകുഴികളുമുള്ള അനിയന്ത്രിത ബന്ധങ്ങളുടെ ലോകത്തേക്കുള്ള മൊബൈല്‍ഫോണ്‍ എന്ന താക്കോല്‍ നല്‍കണോ ചിന്തിക്കേണ്ടവര്‍! ഒതളങ്ങ വിഷമാണു മക്കളേ എന്നു പറഞ്ഞു പറഞ്ഞ്, വിലക്കി നിര്‍ത്തേണ്ടവര്‍! അനുസരിച്ചില്ലെങ്കില്‍ ശിക്ഷിക്കേണ്ടവര്‍. പാശ്ചാത്യന്റെ പെണ്‍കുട്ടി, കാമുകന്റെ കാറില്‍ വന്നിറങ്ങുമ്പോള്‍ എനിക്കും വേണം കാറുള്ള കാമുകന്‍ എന്നു പറയാതിരിക്കാന്‍ പാകത്തിന് ആ സംസ്‌കാരത്തോട് അറപ്പും നമ്മുടെ സംസ്‌കാരത്തോട് അടുപ്പവും അവരുടെ മനസ്സില്‍ കുഞ്ഞുപ്രായത്തിലേ വളര്‍ത്തിയെടുക്കേണ്ടവര്‍! അവരാണു കുറ്റക്കാര്‍; കുട്ടികള്‍ വഴിതെറ്റുന്നതിനും വഴിതെറ്റി വളരുന്നതിനും..!ഒരുകണക്കിനും പിടിച്ചാല്‍ കിട്ടാത്ത കാളക്കൂറ്റന്റെ ജീനുള്ള കുട്ടികളുടെ നി:സ്സഹായരായ മാതാപിതാക്കളെ മാത്രം ഇവിടെ കുറ്റവിമുക്തരാക്കാം..!

ഇനിയും ഇതുള്‍‌ക്കൊള്ളാനും പ്രാവര്‍‌ത്തികമാക്കാനും തയ്യാറല്ലാത്ത മാതാവിനും പിതാവിനും ഞാനിതാ ഒരു സന്തോഷവാര്‍ത്തയറിയിക്കുന്നു.. നിങ്ങള്‍ക്കുവേണ്ടി നിങ്ങളുടെ മക്കള്‍തന്നെ തയ്യാറാക്കുന്നുണ്ട് വൃദ്ധസദനങ്ങളും, വീടിന്റെ പിന്നാമ്പുറത്തെങ്ങോ ഇരുണ്ട ഒരു കുഞ്ഞ് ഒറ്റമുറിയും!

Sunday, July 12, 2009

ആകാശഗംഗയിലെ വല്ലിമ്മമാര്‍..!

മനസ്സ് ഒരാകാശഗംഗയാണെങ്കില്‍ ഏറെ പ്രഭാമയരായ സൂര്യചന്ദ്രാദികളായി ഉമ്മയും വാപ്പയും നിലകൊള്ളുന്നു. താരാഗണങ്ങളില്‍ ഏറ്റവും പ്രശോഭിത ഇപ്പോള്‍ മാതൃത്വം പ്രതീക്ഷിക്കുന്ന എന്റെ പ്രിയപ്പെട്ടവള്‍ തന്നെ! ഏറ്റവും ഓമനത്തമുള്ള കൂതൂഹല‍നക്ഷത്രങ്ങളായ് കുഞ്ഞനിയനും അവന്റെ പുതുമണവാട്ടിയും!

എന്റെ മനസ്സെന്ന ഈ ആകാശഗംഗക്ക് ഒരുമ്മറമുണ്ട്. ലോകത്തേക്കേറ്റവും വിലപിടിച്ച കളിമണ്ണുമെഴുകിയ ഒരുമ്മറം! അതിന്റെ രണ്ടു വശങ്ങളില്‍ അപൂര്‍‌വ്വമായ ചെങ്കല്ലില്‍ തീര്‍ത്ത് പരിശുദ്ധമായ കരിമെഴുകിയ രണ്ടു തിണ്ണകള്‍! തിണ്ണളുടെ ചുവരറ്റങ്ങളില്‍ വിശിഷ്ടമായ വെള്ളത്തുണികള്‍ക്കുമീതെ വിശുദ്ധഖുര്‍‌ആന്‍! അരികില്‍.. വിളക്കണക്കുമ്പോള്‍ തെളിഞ്ഞുകത്തുന്ന പട്ടുപച്ച മുത്തുകോര്‍ത്ത തസ്‌ബീഹുമാലകള്‍. ഇവിടെയാണ് വാത്സല്യത്തിന്റെ, കുട്ടിത്തങ്ങളുടെ, കടംകഥകളുടെ, ശൊളകങ്ങളുടെ*, തീഷ്‌ണാനുഭവങ്ങളുടെ, ത്യാഗങ്ങളുടെ, നേരുകളുടെ നേര്‍‌വഴികളുടെയൊക്കെ സ‌ര്‍‌വ്വഗംഗകളും ഉറവപൊട്ടുന്നത്. ആ തിണ്ണകളിള്‍ കാലുകള്‍ നീട്ടി പിറുപിറുത്തുകൊണ്ടിരിക്കുന്നതാണ് ആകാശഗംഗയിലെ ഏറ്റവും മഹത്വമുള്ള നക്ഷത്രങ്ങള്‍‍! എന്റെ വല്ലിമ്മമാര്‍!

ലോകത്തുള്ള സകല വല്ലിമ്മമാരെക്കുറിച്ചും സര്‍‌വ്വരും പഠിക്കണം. അനുഭവങ്ങളുടെയും, തരണംചെയ്യലുകളുടെയും അദൃശ്യമായ കൂമ്പാരങ്ങള്‍ ആത്മാവില്‍ ചുമക്കുന്നവരാകാം അവരിലോരോരുത്തരും. ഭൂമിയില്‍ പതിഞ്ഞ അവരുടെ ഓരോ കാല്‍‌പാടുകളിലും കാലത്തെ ശക്തമായി ചവിട്ടിക്കറക്കി മുന്നേറിയതിന്റെ പ്രഭാവങ്ങള്‍‍ കാണാം. ഒരുപക്ഷെ ഒരുപാടു തത്വസംഹിതകളേക്കാള്‍ മാറ്റേറിയതും മാര്‍ഗ്ഗദര്‍ശകവുമാകും അവരെക്കുറിച്ചുള്ള രചനകള്‍! ആരുമല്ലാത്ത ഐശ്വര്യ റായിയുടെ വിവാദവിഷയങ്ങളും വിവാഹവിശേഷങ്ങളും വിശദീകരിക്കുന്നവര്‍, ഒരു പുതുപുത്തന്‍ തൂവെള്ളക്കടലാസില്‍ ആത്മാവില്‍ മുക്കിയ തൂലികയാല്‍ സ്വന്തം മുത്തശ്ശിയെക്കുറിച്ചെഴുതുക. ഒരുപക്ഷെ നിങ്ങളുടെ ഏറ്റവും നല്ല രചനയാകാമത്, ഏറ്റവും നല്ല ചെയ്തികളിലൊന്നും!

വല്ലിമ്മ‌മാരെക്കുറിച്ചു പറയുന്നവരെല്ലാം അതിവേഗംകുട്ടിക്കാലത്തേക്ക് സഞ്ചരിച്ചുപോകും. കുട്ടിക്കാലവും വാര്‍ദ്ധക്യവും പണ്ടുമുതലേ ഏറ്റവും നല്ല ചങ്ങാതിമാരാണ്! രണ്ടിനും ഒരേമനസ്സ്, ഒരേ രീതി. സ്നേഹവും പരിചരണവും കിട്ടിയില്ലെങ്കില്‍ ഏറ്റവും സങ്കടപ്പെടുന്നവര്‍! ഭക്ഷണവും മരുന്നും കഴിക്കാന്‍ ഇവര്‍ക്കെന്തൊരു മടിയാണ്! കുട്ടിക്കാലം ഉമ്മക്കുചുറ്റും കറങ്ങാന്‍ കൊതിക്കുന്നുവെങ്കില്‍ വാര്‍ദ്ധക്യം മക്കള്‍ ചുറ്റുംകൂടുന്ന ഉമ്മയാകാന്‍ മോഹിക്കുന്നു! കുട്ടിക്കാലം എന്തിനും ഏതിനും ഉമ്മവേണം എന്നു ശഠിക്കുമ്പോള്‍ വാര്‍ദ്ധക്യം എന്തും ഏതും മക്കള്‍‌ക്കും കൊച്ചുമക്കള്‍ക്കും വേണ്ടി കരുതിവക്കുന്നു; ഉണ്ണിയപ്പവും, ഉപ്പുമാങ്ങയും, ആരെങ്കിലും സമ്മാനിച്ച കപ്പലണ്ടിമിഠായി പോലും.

ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ പട്ടിണിയുടെ പാരമ്യത്തില്‍ കിണറ്റില്‍ നിന്നും കോരിക്കുടിച്ച പച്ചവെള്ളത്തിന്റെ ശക്തിയില്‍ കല്ലുമലക്കും പെരുമലക്കുമിടയില്‍ കല്ലുചുമന്നും മുതലാളിയുടെ പാടം കൊയ്തും മെതിച്ചും ഏഴു മക്കളെപോറ്റിയ തിക്താനുഭവങ്ങള്‍ എടത്തയില്‍ എന്റെ വീട്ടിലെ‍ തണുത്ത മാര്‍ബിള്‍ തറയിലിരുന്ന് വല്ലിമ്മ വിവരിക്കുമ്പോള്‍‍ ആ പാതി മങ്ങിയ കണ്ണുകള്‍ ചുട്ടുപൊള്ളുന്ന നട്ടുച്ച വെയിലേല്‍ക്കുന്നതുപോലെ ചുരുങ്ങി വിറയ്ക്കുന്നതുകാണാം; തലയില്‍ കനമുള്ള കരിങ്കല്ല് ചുമക്കുന്നതുപോലെ തൊണ്ടഞരമ്പുകള്‍ തടിച്ചു തെളിയുന്നത്‌ കാണാം, അരിവാളു പിടിച്ചപോലെ വലംകൈ ചുരുണ്ടു മുറുകുന്നതുകാണാം! പിന്നെയാ കൈകള്‍ ആകാശത്തേക്കുയരുമ്പോള്‍ കണ്ണുകള്‍ വിപ്ലവകാരിയുടേതുപോലെ ആളിക്കത്തും. ശേഷം കഞ്ഞിവെള്ളത്തിന്നു മോഹിച്ച മക്കള്‍ക്ക്, കുഞ്ഞിക്കയില്‍ കോരിലഞ്ചാറുവറ്റിട്ട്, കാന്താരിപൊട്ടിച്ച് കണ്ണീരുചാലിച്ച്, വാത്സല്യവും കോരി വാരിക്കൊടുത്ത ചരിത്ര വിസ്മയ കഥകള്‍ വീരസാകസികയുടെ മുഖഭാവത്തോടെ പറയും എടത്തലയിലെ എന്റെ വല്ലിമ്മ! അതെ, ആരും തുണയില്ലാതെ രാപകലദ്ധ്വാനിച്ച് മക്കളെ പോറ്റിയ മാതാവിന്റെ നേര്‍ കഥനത്തേക്കാള്‍വലിയ വിപ്ലവ വിജയഗാഥകള്‍ ഏതു ചരിത്രേതിഹാസമാണ് നമുക്ക്‌ പറഞ്ഞു തരിക?

അത്ഭുതപ്പെട്ടുപോകും മധുരത്തില്‍ മുങ്ങിക്കുളിക്കുന്ന നമ്മള്‍. ഒരു നുള്ളു മധുരം നുണയാന്‍ കൊതിച്ചിരുന്ന കാലമുണ്ടയിരുന്നുവത്രെ അവര്‍ക്കൊക്കെ! ലോകത്തെങ്ങും മധുരം ഇല്ലാതിരുന്നിട്ടല്ല; കാലണക്ക് അഞ്ചെണ്ണം കിട്ടുന്ന ചന്ദ്രക്കലയൊത്ത നാരങ്ങാമിഠായികള്‍ പോലും വല്ലിമ്മ സ്വയം അപ്ര്യാപ്യമാക്കിയത് മക്കളുടെ ഒരുകയില്‍‌ ‍കഞ്ഞിയും ഒരു ജോഡി വസ്ത്രവും അവരുടെ വിദ്യാഭ്യാസവും ജീവിതത്തിലെ ഏറ്റവും വലിയ കൊതിയും ലക്ഷ്‌യവുമായി മാറിയതുകൊണ്ടാണ്; എത്താത്ത കൊമ്പിലെ മാമ്പഴം കയ്യെത്തിപ്പിടിക്കുമ്പോള്‍ ആത്മാവില്‍ നിറയുന്ന മധുരം നുകരാന്‍‌വേണ്ടിയാണ്! ബഹിരാകാശയാത്രയും വമ്പന്‍ പരീക്ഷാവിജയങ്ങളും മുഖ്യ ലക്ഷ്‌യമായിക്കാണുന്ന പെണ്ണുങ്ങള്‍ മിടുമിടുക്കികള്‍ തന്നെ, പക്ഷെ മഹത്വത്തില്‍ ആരാണു മുന്നില്‍ എന്ന ചോദ്യത്തിന് ഞാന്‍ ചൂണ്ടിക്കാണിക്കുക ഓരോ വീടിന്റെയും പിന്നാമ്പുറങ്ങളിലേക്കാണ്. അവിടെ മക്കളുടെയും കൊച്ചുമക്കളുടെയും ഓര്‍മ്മയില്‍ പ്രാര്‍‌ത്ഥനാ നിര്‍‌ഭരം നിശ്ശബ്ദമായിരിക്കുന്ന വല്ലിമ്മമാരിലേക്കാണ്. ഒരാളും ആ മഹത്വത്തിനു തെളിവു ചോദിക്കരുത്; തേഞ്ഞുതീര്‍ന്ന കൈകളും, പാടേ കുഴിഞ്ഞ കണ്ണുകളും, കൊഴിഞ്ഞുതീര്‍ന്ന കൂന്തലും തന്നെയാണ് തെളിവുകള്‍! ഞാനും നിങ്ങളും നമ്മുടെ മാതാപിതാക്കളും ഇങ്ങനെ ജീവിക്കുന്നു എന്നതും അവരുടെ മഹത്വമല്ലാതെ പിന്നെന്താണ്?

അന്ന് ഒരു തുണ്ടു മധുരം കൊതിച്ച നാളുകളെ വന്‍നിധിപോലെ മനസ്സില്‍ സൂക്ഷിക്കുന്നുണ്ട് വല്ലിമ്മ! പക്ഷെ, ഇന്ന്, ഈ മധുരം കുമിഞ്ഞ നാളില്‍ പഞ്ചാരരോഗത്തിന്റെ രൂപത്തില്‍ വന്ന പടച്ചവന്റെ വിധി മധുരം കഴിക്കരുത് എന്നായിരുന്നു. പറമ്പിലെ തേന്‍‌വരിക്ക പ്ലാവ് കായ്‌ച്ചകാലങ്ങളില്‍ ഞങ്ങളെയെല്ലാം ചുറ്റും വിളിച്ചിരുത്തി വെട്ടിയുരിഞ്ഞു തീറ്റിക്കുമ്പോള്‍ ഒരൊറ്റ ചുളപോലും രുചിച്ചുനോക്കാറില്ല പാവംവല്ലിമ്മ. അന്നു മക്കള്‍ക്കു വേണ്ടി സന്തോഷത്തോടെ മാറ്റിവച്ച കൊതി ഇതാ പടച്ചവനു വേണ്ടി അനുസരണത്തോടെ മാറ്റിവച്ചിരിക്കുന്നു! പക്ഷെ, അതോടെ പല്ലുകള്‍ പിണങ്ങി പിരിഞ്ഞുപോയി. കുറേ കഴിഞ്ഞപ്പോള്‍ രോഗം മൂര്‍ച്ഛിച്ച് ഇടത്തേ കാലും മുറിച്ചു മാറ്റപ്പെട്ടു. ചക്കക്കൊതിയരായ മക്കളെ സ്വര്‍ഗ്ഗത്തില്‍ ചുറ്റും ലഭിക്കാന്‍ നേരത്തേതന്നെ അവര്‍ക്കുള്ള പാസ്സുവാങ്ങാനയച്ചതാകാം മക്കളുടെ സ്വര്‍ഗ്ഗം വിരാജിക്കുന്ന ആ മാതൃപാദം!

"ഞാനെന്തു കഴിച്ചിട്ടാണാവോ എനിക്കീ രോഗം വന്നത്?" എന്ന ചോദ്യം വ്യത്യസ്ത്ഥമായ ഒരു ചിരിയോടെ വലിമ്മ ഇടക്കിടെ ചോദിക്കാറുണ്ട്. ചോദിക്കുന്നത് വല്ലിമ്മയാണ്, ഉത്തരങ്ങള്‍ എന്റെ പ്രാര്‍‌ത്ഥനകളാകുന്നു!
രോഗത്തിന്റെ രൂപത്തില്‍ വന്ന ആ വിലക്ക് ത്യാഗങ്ങളുടെ സ്മരണകള്‍‍ നല്‍കുന്ന മധുരത്തില്‍ തെല്ലുപോലും മായം കലര്‍‌ത്തേണ്ട എന്ന പടച്ചവന്റെ തീരുമാനമാകാം! കാപട്യം നിറഞ്ഞ ഈ ലോകത്തെ മധുരങ്ങളൊക്കെയും തന്റെ ഈ വിശുദ്ധദാസിക്ക് കഴിക്കാന്‍മാത്രം പരിശുദ്ധമല്ല എന്നവന്‍ കണ്ടതുകൊണ്ടാകാം!

പകരമായി, സ്വര്‍ഗ്ഗത്തിന്റെ ഉച്ഛിയില്‍ മധുരത്തിന്റെ പെരുമലകള്‍ സ്വര്‍ഗ്ഗരാജന്‍ കരുതിവച്ചിട്ടുണ്ടാകും! സ്വര്‍ഗ്ഗഗേഹത്തിന്റെ മുറ്റത്ത് അനര്‍ഘമായ ഒരു തേന്‍‌വരിക്കപ്ലാവ് വല്ലിമ്മാക്കുവേണ്ടി മാത്രം കായ്‌ച്ചുനില്‍‌പ്പുണ്ടാകും! നേരത്തേ മുറിക്കപ്പെട്ട ഇടംകാലിനു പകരം സ്വര്‍ഗ്ഗത്തിലെ തെങ്ങിന്‍ തോട്ടം ഭരിക്കാന്‍ തമ്പുരാന്‍ സ്വര്‍ണ്ണപാദം തന്നെയാകും നല്‍കുക! വീടിന്റെ പിറകിലെ കുഞ്ഞുതോട്ടത്തിലെപ്പോലെ സര്‍‌വതിനും സഹായിയായി സാധുവായ മക്കാര്കാക്കയെയും കൂട്ടിനു നല്‍കിയേക്കാം. സ്വര്‍ഗ്ഗീയശയ്യയില്‍ തന്റെ വലംകയ്യായ ശുശ്രൂഷകക്കുള്ള തോട്ടത്തിന്റെ കവാടത്തില്‍ അവകാശിയുടെ നാമം 'ഹാജറാബീവി' എന്നുല്ലേഖനം ചെയ്യപ്പെട്ടിരിക്കാം!!!

വല്ലിമ്മ തീരെ ക്ഷീണിതയാണ്! ഒന്നും കഴിക്കുന്നില്ല! ഇതെഴുതിത്തീര്‍ത്തിട്ടുവേണം വീട്ടിലേക്കൊന്നു വിളിക്കാന്‍. ആരെങ്കിലും ഫോണെറ്റുക്കുമ്പോള്‍ വല്ലിമ്മ തലപൊക്കി നോക്കും. അപ്പോള്‍ ശുശ്രൂഷിച്ചുകൊണ്ട് അടുത്തിരിക്കുന്ന ഹാജുഎളീമ പറയും "ഉമ്മാ..നിഷാദാണ്..!" ആവേശത്തോടെ ഉണങ്ങിയ ചുണ്ട്നനക്കാന്‍ ശ്രമിച്ചുകൊണ്ട് വല്ലിമ്മ ഫോണ്‍ ചെവിയോട് ചേര്‍‌ക്കും! ഞാന്‍ വിളിക്കും.."വല്ലിമ്മാ...". കേള്‍ക്കില്ലെങ്കിലും നേര്‍ത്ത സ്വരത്തില്‍ നിരതെറ്റിയ വാക്കുകളീല്‍ വല്ലിമ്മ ചോദിക്കും "മോനു സുഖാണോ..?"

അതെ എനിക്കു സുഖമാണ്. അതിനുവേണ്ടി മാത്രമാണല്ലോ വല്ലിമ്മ ജീവിച്ചതും; ഇപ്പോഴും പ്രാര്‍‌ത്ഥിക്കുന്നതും.....!


തുടരും..!

(ഇനി എനിക്ക് പെരുമ്പാവൂരുപോകാനുണ്ട്..അവിടെ എനിക്കൊരു വല്ലിമ്മയുണ്ടായിരുന്നു.....അല്ല വല്ലിമ്മയുണ്ട്...!)

-----------------------------------------------------------------
ശ്ലോകം: ശൊളകം എന്നാണ് പെരുമ്പാവൂരെ എന്റെ വല്ലിമ്മ പറഞ്ഞിരുന്നത്.

Thursday, July 2, 2009

അച്ഛന്‍‌ ‍മരിച്ചാലെന്തുചെയ്യണം..?

കേരളമായ കേരളമാകെ കൂര്‍മ്മബുദ്ധിയില്‍ വിദഗ്ധമായി രസം കലര്‍ത്തിയ തന്ത്രശാലിയുടെമുഖഭാവത്തോടെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്;പറന്നുപോകുന്ന ഒരു കൂട്ടം പക്ഷികളിലൊന്ന് പറക്കവേ മുട്ടയിട്ടു, പക്ഷെ മുട്ട താഴേക്കു വീണില്ല; എന്തുകൊണ്ട്?

ഈ ചോദ്യം കേള്‍ക്കുന്ന ഉത്തരബാധ്യതക്കാരന്‍‍ പുറത്തിരിക്കുന്ന കാക്കയുടെ "ഭാരം കൂടുതലില്ലല്ലോ?" എന്ന ചോദ്യം കേട്ട പോത്തിന്റെ മുഖഭാവത്തില്‍ മറുപടി നല്‍കും.."പക്ഷി അണ്‍‌ടര്‍‌വെയറിട്ടിരുന്നു!"പിന്നെ ഒരു കൂട്ടച്ചിരിയാണ്! അന്തം വിട്ട പൊട്ടിച്ചിരി!

ചിരിച്ചോട്ടെ. ചിരി ആരോഗ്യത്തിന് നല്ലതാണ്. പക്ഷെ ചിരിക്കാന്‍ വേണ്ടി മാത്രം ജീവിക്കുക എന്നു വന്നാല്‍; കരച്ചിലുകള്‍ കേട്ടാല്‍ ബോറടിക്കും എന്നാകുമ്പോള്‍‍?! അണ്ടര്‍‌വെയറിട്ട പക്ഷിയുടെ ചിത്രം മനസ്സില്‍ തെളിയുമ്പോഴുള്ള ചിരിയില്‍ കൂടുതലായി ഈ ചോദ്യത്തിനും ഉത്തരത്തിനും യാതൊരു പ്രത്യേകതകളുമില്ല. അഥവാ യാതൊരടിസ്ഥാനമോ, സാംഗത്യമോ ഇല്ലാത്ത ഒരു ചോദ്യവും ഉത്തരവും! എന്നിട്ടും കേരളക്കരയില്‍ അത് ഹിറ്റാകുകയും ആളുകള്‍ ചിരിച്ചുചിരിച്ച് മണ്ണുകപ്പുകയും ചെയ്യുന്നു!

ഇത്തരത്തില്‍ ലോജിക്കില്ലാതെ ചിരിക്കുന്നവരായി ലോകത്തൊരുപക്ഷേ നമ്മള്‍ മലയാളികള്‍ മാത്രമേയുണ്ടാകൂ. നമുക്കെന്തും ചിരിയാണ്. എന്തും ചിരിക്കുള്ള വകയാണ്. കരള്‍ചീഞ്ഞ കാട്ടാളന്‍‌മാര്‍ കടിച്ചുകീറിയ കുഞ്ഞിന്റെ മൃതദേഹം വാരിപ്പുണര്‍ന്നു പൊട്ടിക്കരയുന്ന മാതാവിന്റെ മുഖഭാവങ്ങള്‍കണ്ടു ചിരിക്കാന്‍; മലയാളീ നീയല്ലാതെ ഈ ലോകവനാന്തരങ്ങളില്‍ പല്ലിളിക്കുന്ന ഏതു ഹിംസ്രജന്തുവാണുള്ളത്?

മാറാവ്യാധികളും അപകടങ്ങളും പീഠനങ്ങളും ഒളിച്ചോട്ടങ്ങളും കൊള്ളയും കൊലയും ബലാത്സംഗവും പിഞ്ചുകുഞ്ഞുങ്ങളുടെ രോദനങ്ങളും പ്രകൃതിക്ഷോഭവും തലക്കുമീതേ കരിമേഘങ്ങളായി നില്‍ക്കുമ്പോഴും ആളുകള്‍ക്ക് കാര്യം ബോധ്യപ്പെടാന്‍ നേര്‍ക്കാഴ്ചകളോ സെമിനാറുകളോ പ്രബന്ധങ്ങളോ പോരാ; മിമിക്രിയിലൂടെയും കോമഡി ഷോകളിലൂടെയും വേണം കാര്യം അവരെ ബോധ്യപ്പെടുത്താന്‍; അല്ലാതെ ബോധ്യപ്പെടാന്‍ അവര്‍ തയ്യാറല്ല! ദേഹമാകെ ചൊറിയും ചെരങ്ങും പിടിച്ച് മാന്തിപ്പൊട്ടി പഴുത്തിരുന്നിട്ടും അതിനുള്ള തുള്ളിമരുന്ന് പാലില്‍കലര്‍ത്തി കൊടുത്താലേ ഈ കുരുത്തംകെട്ട കുട്ടികള്‍ കുടിക്കൂ..; ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുന്നതുപോലെ. ഇനി നിന്റെ മകളെത്തിന്ന ഭോഗിയുടെ കഥ നാളെ നിനക്കു ഞാന്‍ നര്‍മ്മം കലര്‍ത്തി പറഞ്ഞു തരാം; മിമിക്രിയിലൂടെ കാട്ടിത്തരാം! അല്ലെങ്കില്‍ ചിലപ്പോള്‍ നിനക്കു മനസ്സിലായില്ല എന്നു വരും..!

ചിരിയുടെയോ നര്‍മ്മബോധത്തിന്റെയോ നന്‍‌മകളെയും, സാധ്യതകളെയും ചോദ്യം ചെയ്യാന്‍മാത്രം മുരടനൊന്നുമല്ല ഞാന്‍. ചിരിക്കാന്‍ ഇഷ്ടമുള്ളവനാണ്. ചിരിയിലൂടെ പറയേണ്ടവയും, ചിര്‍ക്കാന്‍ വേണ്ടി പറയേണ്ടവയും അങ്ങനെ തന്നെ പറയണം എന്ന പക്ഷക്കാരനാണ്. പക്ഷെ ദുരന്തങ്ങളോ, ദുരന്തങ്ങളുടെ നര്‍മ്മം കലര്‍ത്തിയ കഥകളോ എന്നെ ചിരിപ്പിക്കരുത് എന്ന വാശിയുണ്ടെനിക്ക്!

ചിരി ഒരുപ്രസ്‌ഥാനത്തിനും, വ്യവസായത്തിനുമപ്പുറം വളര്‍ന്നു കഴിഞ്ഞ നമ്മുടെ സമൂഹത്തില്‍, അപകടങ്ങളും ദുരന്തങ്ങളും ദുരനുഭങ്ങളും കാണുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകേണ്ട വികാരം ചിരിയല്ല എന്നു സ്വയം ബോധ്യപ്പെടുകയും മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും ചെയ്‌തില്ലെങ്കില്‍ കേരളം ഉടന്‍ കൂപ്പുകുത്തുക ഒരാശയക്കുഴപ്പത്തിന്റെ ഗതികേടിലേക്കായിരിക്കും. ഏതുവികാരം എപ്പോള്‍ പ്രകടിപ്പിക്കണം എന്ന ആശയക്കുഴപ്പമുണ്ടാകുക എന്നാല്‍, ഒരുവേള ഇന്നു ലോകം ഭയക്കുന്ന അണുവി‌സ്ഫോടനത്തേക്കാള്‍ അപകടകരമായിരിക്കും ആ നാശം എന്നോര്‍ക്കുന്നത് നന്ന്. അല്ലെങ്കില്‍ നാളത്തെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ പുതിയൊരു പാഠം കൂടി ചേര്‍ക്കേണ്ടി വരും; ദുരന്തം കണ്ടാല്‍ പ്രകടിപ്പിക്കേണ്ട വികാരം = ദു:ഖം! അച്ഛന്‍ മരിച്ചാല്‍= സങ്കടം+കരച്ചില്‍..!

Tuesday, June 2, 2009

മാപ്പിളപ്പാട്ടില്‍ കാജാബീഢി

മാപ്പിളപ്പാട്ടിനെ പുതിയ പാട്ടുകാരും എഴുത്തുകാരും നശിപ്പിച്ചു എന്നു പറയുന്നവര്‍ പാവങ്ങളാണ്? വിവരം കുറഞ്ഞവര്‍! വെളിവില്ലാത്തവര്‍. മാപ്പിളപ്പാട്ടിനെയും അതിന്റെ ചരിത്രശോഭകളെയും കുറിച്ചവര്‍ക്കെന്തറിയാം? ഒരു കൂട്ടം കുഞ്ഞുകുഞ്ഞു പാട്ടുകാര്‍, ഒരുപറ്റം ചെറിയേചെറിയ എഴുത്തുകാര്‍, തബലക്കാര്‍; ഇവരൊക്കെ കൂട്ടമായ്‌നിന്ന് ഏലാമ്പ്യേ വിളിച്ചു മുക്കി വലിച്ചാലും അനക്കാന്‍പോലും പറ്റില്ല വൈദ്യരുമാപ്ല മുതല്‍ എരഞ്ഞോളിക്കാക്ക വരെയുള്ളവര്‍ പാലും പഴവും കൊടുത്തുവളര്‍ത്തിയ മാപ്പിളപ്പാട്ടിന്റെ മൂക്കിലെ ഒരു രോമം! ഹിമാലയത്തിനെന്തു തൊരപ്പനെലി!?

ഈ പുതു ചേമ്പുതൈകളെല്ലാവരും അവരുടെ വരാനിരിക്കുന്ന മൂന്നു തലമുറകളുമൊക്കെക്കൂടി മാപ്പിളപ്പാട്ടുനശീകരണം ജീവിതയജ്ഞമായിക്കണ്ട് പണിയെടുത്താല്‍ പോലും മാപ്പിളപ്പാട്ടിന്റെ തങ്കപ്പതക്കങ്ങള്‍ തരിമ്പുപോലു ഒളുമങ്ങുമെന്നു കരുതണ്ട! പിന്നെയാണോ ജീവിക്കാന്‍ മറ്റൊരു ഗതിയും കാണാതിരുന്നപ്പോള്‍ കുറച്ചു പാട്ടുകാസറ്റുകളിറക്കിക്കളയാം എന്നുകരുതിയ കൊല്ലത്തെയോ കോഴിക്കോട്ടെയോ ഏതെങ്കിലും പാവപ്പെട്ട പയ്യന്‍‌മാര്‍!

പാട്ടിറക്കണം എന്ന മോഹം കലശലായപ്പോള്‍, പക്ഷെ ഏതുതരം പാട്ടിറക്കണം എന്നതായിരുന്നു അവരുടെ ആദ്യത്തെ പ്രശ്നം! "സംഗീതമേ അമര സല്ലാപമേ" പോലുള്ള കിടിലന്‍ വിസ്‌മയങ്ങളുണ്ടാക്കാനൊന്നും അവര്‍ക്കറിയില്ല. "തൂശിമ്മ കൂന്താരോ" പോലെ നാടന്‍പാട്ടുകളില്‍ സ്പെഷ്യലൈസ്‌ ചെയ്യാനുള്ള പ്രതിഭയില്ലെന്നുമാത്രമല്ല നാട്ടനുഭവങ്ങളോ ‍പാട്ടനുഭവങ്ങളോ അച്ഛന്‍‌മാരില്‍ നിന്നു ലഭിച്ചിട്ടുമില്ല! ആകെ കണ്ടിട്ടുള്ളത് പണ്ടത്തെ കല്യാണവീടുകളിലെ ഒപ്പനയും കൈമുട്ടും കോല്‍‌ക്കളിയും മാത്രം. പഠിച്ചിട്ടുള്ളത് പണ്ട് മദ്രസയില്‍ ഉസ്‌താദ് തല്ലിത്തല്ലി പഠിപ്പിച്ച കുറച്ച് അറബി വാക്കുകളും അയല്‍‌പക്കത്തെ പെണ്ണുങ്ങളുടെ പേരുകളും!

മാപ്പിളപ്പാട്ടിലെ വെള്ളിനക്ഷത്രങ്ങളായ സംകൃതപമഗരിക്കും, വമ്പുറ്റ ഹംസക്കുമൊക്കെ അവരുടെ നാട്ടിന്‍‌പുറങ്ങളില്‍ കിട്ടുന്ന സ്വീകാര്യത കൂടി കണ്ടപ്പോള്‍ അവര്‍ ഉണ്ടാക്കാന്‍ പോകുന്ന പാട്ടിന് "മാപ്പിളപ്പാട്ട്" എന്നു ലേബല്‍ കൊടുക്കാന്‍ അവര്‍ തീരുമാനിച്ചതു തെറ്റാണെന്നു ഞാന്‍ പറയില്ല. പക്ഷെ; വേണ്ടത്ര ഇശല്‍ ബോധമോ, ചരിത്രബോധ്യമോ, ഇല്ലാത്തവര്‍ യാതൊരു കാവ്യഗുണവുമില്ലാതെ, കോളേജ് കുട്ടികളുടെ സംസാരങ്ങള്‍ അപ്പാടെ വരികളായി പകര്‍ത്തി കിട്ടിയ രീതിയിട്ടു പാടി അതിനു "മാപ്പിളപ്പാട്ട്" എന്നു പേരിട്ട ആ ഇടലുണ്ടല്ലോ? അതു ശരിയായില്ല്!. സംസാരപ്പാട്ടെന്നോ, പേരുപാട്ടെന്നോ തുടങ്ങി ചേരുന്ന എന്തുപേരും അവര്‍ക്കു കൊടുക്കാമായിരുന്നല്ലോ? മാപ്പിള കലാശാഖയിലെ മണവാട്ടിയായ മാപ്പിളപ്പാട്ടിനെ തന്നെ വേണമായിരുന്നോ അവര്‍ക്ക് മാനഭംഗപ്പെടുത്താന്‍!

എന്നിട്ടിപ്പോള്‍ അവരൊക്കെ വലിയ പാട്ടുകാരായി ഞെളിഞ്ഞുനടക്കുന്നതു കാണുമ്പോള്‍ പണ്ട് കുമ്പാട്ടെ കോഴിക്കാരന്‍ കമ്മുക്കാക്ക കാജാബീഢി വില്‍സിന്റെ പാക്കറ്റിലിട്ട് അത് ഷര്‍ട്ടിന്റെ പോക്കറ്റിലിട്ട് ഞെളീഞ്ഞു നടന്നിരുന്ന ആ നടപ്പാണ് ഓര്‍മ്മ വരുന്നത്. ഒരിക്കല്‍ തൃശൂര്‍പൂരം കാണാന്‍ പോയ കമ്മുക്കാക്കാടെ പോക്കറ്റിലെ വില്‍‌സ് പാക്കറ്റ് കണ്ട ഒരു സായിപ്പ് കക്ഷിയോടൊരു സിഗരറ്റ് ചോദിച്ചു. കൊടുക്കുന്നതെങ്ങനെ; കൊടുക്കാതിരിക്കുന്നതെങ്ങനെ? നിവൃത്തിയില്ലാതെ മാന്യദേഹം പാക്കറ്റില്‍ നിന്നും ഒരു കാജാബീഢിയെടുത്തു കത്തിച്ചു കൊടുത്തു. സായിപ്പ് ഒന്നേ വലിച്ചുള്ളൂ; ചുമനിര്‍ത്താന്‍ പാടുപെടുന്നതിനിടയില്‍‌ സായിപ്പ് വിളീച്ചു പറഞ്ഞത്രേ.." ബുള്‍ഷിറ്റ് വില്‍സ്!".

സായിപ്പെന്തിനു വില്‍സിനെ തെറിപറഞ്ഞു? വില്‍സെന്തു പഴിച്ചു? കാജാബീഢി ചെയ്തോ വല്ല തെറ്റും?കാജാബീഢിക്ക് ദുര്‍ഗന്ധവും, കുത്തലും ഉണ്ടെന്നുകരുതി അതിഷ്ടപ്പെടുന്നവര്‍ വലിക്കട്ടെ? കമ്മുക്കാക്ക അതു വലിക്കുന്നതില്‍ ആര്‍ക്കാണെതിര്‍പ്പ്! വലിച്ചോട്ടെ..മരിക്കണവരെ വലിച്ചോട്ടെ..!

പിന്നെ തെറ്റെവിടെയാണ്? അത് വില്‍സിന്റെ പാക്കറ്റിലിട്ടില്ലേ, അതാണ് തെറ്റ്! മാപ്പിളപ്പാട്ടിന്റെ സുന്ദരന്‍ കവചത്തില്‍ ദു:ര്‍ഗ്ഗന്ധവും, കുത്തലുമുള്ള വിലകുറഞ്ഞ കാജാബീഢി പൊതിഞ്ഞ് കൊടുത്ത് മാപ്പിളപ്പാട്ടിനെ തെറികേള്‍പ്പിക്കുന്ന കമ്മുക്കാക്കമാരാണു തെറ്റുകാര്‍!

സായിപ്പന്‍‌മാരോടൊരു കാര്യം; നിങ്ങള്‍ തെറിവിളിക്കേണ്ടത് മാപ്പിളപ്പാട്ടിനെയല്ല, കൊല്ലത്തും കോഴിക്കോട്ടുമുള്ള ഈ കമ്മുക്കാക്കമാരെയാണ്! കാജാബീഢി പോലെ നാറുന്ന പാട്ടുകള്‍ കൊണ്ടു നടക്കുന്നതിനല്ല; അത് മാപ്പിളപ്പാട്ടിന്റെ പാക്കറ്റലിട്ട് ആളെപ്പറ്റിക്കുന്നതിന്!
--------------------------------------------------------------------------------
അടിവര:വില്‍‌സും കാജാബീഢിയും കേവലം സംഭവവിവരണത്തിന്റെ ഉപാധികള്‍ മാത്രമാണ്. നാറ്റത്തില്‍ മാത്രമേ കാജാബീഢിയും പുതിയ പാട്ടുകളുമായി സാമ്യമുള്ളു.വില്‍സുമായി മാപ്പിളപ്പാട്ടിന് യാതൊരു ബന്ധവുമില്ല ഇനി ഉണ്ടാവുകയുമില്ല!