Wednesday, February 27, 2008

ഒരു പാളേങ്കൊടന്‍ പഴത്തിനെന്താ വെല?..

ഒരു പാളേങ്കൊടന്‍ പഴത്തിനെന്താ വെല? ഒരു രൂപാന്നാരെങ്കിലും പറഞ്ഞാ അവന്റെ വായില്‍ ഏത്തപ്പഴം തിരുകും ഞാന്‍. ചെറുപഴം എന്നും ആള്‍ക്കാരു പറയണ ആ കുഞ്ഞിപ്പഴമില്ലേ? ആ അത് തന്ന്യാ ഈ പാളേങ്കൊടന്‍ അധവാ പാളയങ്കോടന്‍. എന്താ വെല? മൂന്നുകൊല്ലം മുന്‍പു വരെ ഒരു രൂപക്കു മൂന്നെണ്ണം കിട്ടുമായിരുന്നു.ഒരു ബിരിയാണിയൊക്കെ അടിച്ചിട്ട് ഇവനെ ഒന്നു പിന്നാലെ വിട്ടാല്ണ്ടല്ലാ, പിറ്റേന്നു രാവിലെ കെടക്കപ്പായേന്നു വയറ് വിളിച്ചെഴുന്നേല്‍‌പ്പിച്ച് കക്കൂസിലേക്കോടിക്കും.

പക്ഷെ എന്റെ അഭിപ്രായത്തില്‍ ഇവന്‍ ആളൊരു സാധുവാണ്. ഏത്തപ്പഴത്തിന്റെ ആഢ്യത്തമോ, പൂവന്റെ തലയെടുപ്പോ, കദളിയുടെ കുലീനതയോ ഒന്നുമില്ലാത്ത ഒരു സാധു. പാവങ്ങളുടെ കൂട്ടുകാരനായി, അവരുടെ വിരുന്നുകൂടി അങ്ങനെ കഴിയുന്ന ഈ പാളയങ്കോടന്‍ എനിക്കെന്തു പ്രിയപ്പെട്ടവനാണെന്നോ?
ഒരവധി ദിവസം രാവിലെ വീട്ടീന്നൊരു ചായേം കുടിച്ച് ഒരു വില്‍സ് കാച്ചാന്‍ എടത്തലയിലെ എന്റെ സ്ഥിരം കവലയിലേക്കിറങ്ങിയതണ്. അവിടെ എത്തുമ്പോ നാട്ടിലെ സകല കുരീലുകളും ബഷീര്‍ക്കാടെ കടത്തിണ്ണയില്‍ കൂട്ടം കൂടിനിന്ന് പൊട്ടിച്ചിരിക്കുന്നു. ഒരുത്തന്‍ മറ്റവന്റെ തോളത്തും നെഞ്ചത്തും തട്ടി എന്തൊക്കെയോ പറഞ്ഞാര്‍‌ക്കുന്നു.ഈ കാഴ്ച അത്ര അപൂര്‍‌വ്വ മല്ലാത്തതിനാല്‍ ഞാനത്ര ഗൗനിച്ചില്ല. ഇതിനിടയില്‍ സ്ഥലത്തെ ഒരു പ്രധാന മോന്റെ അരോചകമായ ശബ്ദം അതാ ഉയര്‍ന്നു കേള്‍ക്കുന്നു. വാക്കുകള്‍ ശ്രദ്ധിക്കുക!"എടോ കാക്ക!ഇങ്ങനെ പാലും പഴോം ഒറ്റക്കു വിഴുങ്ങാതെ വല്ലതും കൊണ്ടോയി മക്കള്‍ക്കും കൊട്!"

കവലയിലുള്ള എല്ലാവരുടെയും മുഖത്ത് പുഞ്ചിരി മുതല്‍ പൊട്ടിച്ചിരി വരെയുള്ള വിവിധ ഭാവങ്ങള്‍ വിടര്‍ന്നു. ഏതര്‍ത്ഥത്തിലാണ് ആവിരുതന്‍ അത് പറഞ്ഞതെന്നു മനസ്സിലാകാതെ, ‍തെല്ലമ്പരപ്പോടെ എന്റെ കണ്ണുകള്‍ അവന്‍ എയ്ത വാക്കമ്പിന്റെ ലക്ഷ്‌യസ്ഥാനം തേടി. അവ ചെന്നു നിന്നത് പാതി മുറിഞ്ഞ ഒരു പാളേങ്കൊടന്‍ പഴത്തിന്റെ അറ്റത്ത്.അവിടെ നിന്നും വരണ്ടു കറുത്ത ഒരു ജോഢി വിറക്കുന്ന ചുണ്ടുകളിലൂടെ ചുക്കിച്ചുളിഞ്ഞ ഒരു മുഖത്തേക്കും മെല്ലെ താഴേക്കിറങ്ങി മെലിഞ്ഞുണങ്ങിയ ഒരു പഴയ ശരീരത്തിലേക്കും നീങ്ങി. പിന്നെ ചുരുണ്ടു തൂങ്ങിയ ആ ഇടത്തേ നെഞ്ചു പിളര്‍ന്നു അകത്തേക്കും. അവിടെയതാ ചുവന്ന ഒരു ഹൃദയം കിടന്നു പിടക്കുന്നു. കറുകറുത്ത ചോര അങ്ങോട്ടുമിങ്ങോട്ടും അതിവേഗം ഒഴുകുന്നു. അവക്കിടയില്‍; അപമാനത്തിന്റെയും, അമിത വേദനയുടെയും രോഷം പുരണ്ട ഒരു രക്തപിണ്ഡം!. അത് ക്ഷമയുടെ മറപറ്റി ദൗര്‍ബല്യത്തില്‍ ഒളിക്കുന്നു. അന്നേരമൊക്കെയും അവിടെ ഉയര്‍ന്ന ചിരികള്‍ എടത്തലക്കു മുകളില്‍, ഇരുളു വീഴ്ത്തുന്ന കരിമേഘങ്ങളായി മാറിക്കൊണ്ടീരുന്നു. എന്റെ കണ്ണുകള്‍ മെല്ലെ പിന്‍‌വലിഞ്ഞ്ചുറ്റും പരതിയപ്പോഴേക്കും പാതിയായ പ്ഴം ഒരു ബഞ്ചിന്റെ മൂലയിലുപേക്ഷിച്ച് ആ മനുഷ്യന്‍ കാലി കയ്യുമായി അയാളുടെ വീട്ടിലേക്കുള്ള കയറ്റം കയറുന്നുണ്ടായിരുന്നു.

എടത്തലയുടെ ചുവന്ന മണ്ണുള്ള ഇടവഴികളില്‍ ആ വയോധികനെ എപ്പോഴും കാണാം.അദൃശ്യമായ ഒരു ഭാരം ശിരസ്സില്‍ വഹിക്കുന്ന പോലെ തോളൂമുതല്‍ തലയോളം കുനിച്ച് വേഗത്തിലുള്ള ആ നടത്തം നന്നേ ചെറുപ്പം മുതല്‍ ഞാന്‍ കാണുന്നു.സ്കൂളിലേക്കു പോകാന്‍ വീടിനു മുന്നില്‍ കൂട്ടുകാരിയെ കാത്തു നില്‍ക്കുമ്പോള്‍ ആ വഴിയിലൂടെ, ഉച്ചക്കു സ്കൂള്‍ മുറ്റത്ത് കളിക്കുമ്പോള്‍ അതിനു മുന്നിലൂടെ, വൈകീട്ടു സ്കൂളീന്നു വരുമ്പോള്‍ വീണ്ടും അവിടെ, രണ്ടു തെങ്ങുകള്‍ക്കിടയില്‍ മൂന്നു കുഞ്ഞു കുഴികളെടുത്ത് കുഴിരാശി കളിക്കുമ്പോള്‍ തെങ്ങിന്‍ തോപ്പിലൂടെ ഒക്കെ ആ കുനിഞ്ഞ ശിരസ്സ് ആരും ശ്രദ്ധിക്കാതെ ആരെയും ശ്രദ്ധിക്കാതെ പ്രത്യക്ഷപ്പെട്ട് അപ്രത്യക്ഷമായിക്കൊണ്ടിരുന്നു.എപ്പോഴാണ് ഞാന്‍ അയാളെ ആദ്യമായി ശ്രദ്ധിച്ചത് എന്നോര്‍മയില്ല. ചെറുപ്പത്തിലൊക്കെ കളിത്തിരക്കിനിടയില്‍ കാണാറുണ്ടായിരുന്നെങ്കിലും അയാളൂടെ നേരെ ശ്രദ്ധാപൂര്‍ണ്ണമായ ഒരു നോട്ടം ഞങ്ങള്‍ കുട്ടികള്‍ ആരുടെഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അതെ, ഞാന്‍ അയാളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് മുതിര്‍ന്നതിനു ശേഷമാണ്. കാരണം അയാള്‍ അപ്പോള്‍ എന്നെയും ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു.മുഖത്ത് ദൈന്യതയുണ്ട് എന്നതല്ലാതെ ഇത്തരത്തില്‍ ദാരുണമായി പരിഹസിക്കപ്പെടാന്‍ മാത്രം അയാളില്‍ ഒന്നും ഞാന്‍ കണ്ടിരുന്നില്ല.

ആള്‍ക്കൂട്ടത്തില്‍ ആളാകാന്‍ വേണ്ടീയാണെങ്കിലും ആ ചെറുക്കന്റെ വാക്കുകള്‍ ഈ സാധുമനുഷ്യന്റെ ഏറ്റവും ചെറിയ കൊതിയെയാണ് ജപ്തിചെയ്ത് സീല്‍ വച്ചത്. ഏതു കാരണമാണ് വിശപ്പോ കൊതിയോ മാറ്റാന്‍, ഒരുരൂപക്കു മൂന്നെണ്ണം കിട്ടുന്ന ഒരുപഴം കഴിക്കാനുള്ള അവകാശം അയാള്‍ക്ക് നിഷേധിച്ചത്? ഉത്തരം എനിക്കു കിട്ടിയേ തീരൂ.

ചെറുപ്പം മുതല്‍ അയാള്‍ നടന്ന ഇടവഴികളിലൂടെ ഞാന്‍ എന്റെ മനസ്സിനെ പറഞ്ഞുവിട്ടു. അതൊരു ഭ്രാന്തന്‍ നായയെപ്പോലെ ആ വഴികളിലെല്ലാം മണത്തു നടന്നു. അതെ, ഇപ്പോള്‍ വീണ്ടും ഓര്‍ക്കുന്നു; ഞാന്‍ അയാളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് മുതിര്‍ന്നതിനു ശേഷമാണ്. കാരണം അപ്പോള്‍ അയാള്‍ എന്നെയും ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു.എന്റെ ചെറുപ്പം മുതല്‍ അയാള്‍ എന്നെ ശ്രദ്ധിക്കുന്നതു വരെയുള്ള ഈ കാലയളവില്‍ നടന്ന ഒരേ ഒരു മാറ്റം ഞാന്‍ മുതിര്‍ന്നു എന്നതു മാത്രമാണ്. ഓഹ്! ശരിയാണ്, മുതിര്‍ന്നതിനു ശേഷം എന്നെ നോക്കുമ്പോളൊക്കെ ചുവന്ന നൂല്‍ഞരമ്പുകള്‍ തെളിഞ്ഞ അയാളുടെ കണ്ണുകള്‍ തുറിച്ചു തുറിച്ചു വന്നിരുന്നു. ഒരിക്കല്‍ സഫ്‌വാനും പറഞ്ഞു, മീശവക്കാന്‍ തുടങ്ങിയതിനു ശേഷം ഈ മനുഷ്യന്‍ വല്ലാതെ കനപ്പിച്ച് നോക്കുന്നു എന്ന്. ഇവിടെ ഞാന്‍ ആ കവലച്ചെറുക്കന്റെ വാക്കുകള്‍ കൂട്ടിവായിക്കട്ടെ!"എടോ കാക്ക! ഇങ്ങനെ പാലും പഴോം ഒറ്റക്കു വിഴുങ്ങാതെ വല്ലതും കൊണ്ടോയി മക്കള്‍ക്കും കൊട്!"

ഒരാണ്‍കുട്ടിയുടെ വളര്‍ച്ചയും ഈ ഡയലോഗും തമ്മില്‍ എങ്ങിനെ കൂട്ടി വായിക്കും എന്നല്ലേ?പറയാം. അതിനു മുന്‍പ് എനിക്കയാളുടെ മക്കളെക്കുറിച്ചറിയണം. ഒന്നും കഴിക്കാതെ ക്ഷീണിച്ച് കോലം കെട്ടവരാകും ആ കുട്ടികള്‍! സഫ്‌വാന്‍ ഒരിക്കല്‍ ഇയാളുടെ കനപ്പിച്ച നോട്ടത്തെ കുറിച്ചു പറഞ്ഞിരുന്നല്ലോ? അവനോടു തന്നെ ചോദിക്കാം.അവന്‍ പറന്‍‌ഞ്ഞത് ഇങ്ങനെയാണ്, "അഞ്ച് പെണ്‍കുട്ടികള്‍ ഉണ്ടെന്നതില്‍ കവിഞ്ഞൊന്നും എനിക്കറിയില്ല, ഒന്നിനെ കെട്ടിച്ചെന്നു തോന്നുന്നു". ഞാന്‍ ഇതൊന്നും അറിഞ്ഞില്ല, എന്നു പറഞ്ഞപ്പോ നിങ്ങളെപ്പോലെ സഫ്‌വാനും തെറ്റിദ്ധരിച്ചു, അവന്‍ ഒന്നു മൂളിച്ചിരിച്ചു.ഞാന്‍ എങ്ങിനെ അറിയും. വിദ്യാഭ്യാസം എന്നെ ഏറെ നാളേക്ക് നാട്ടില്‍ നിന്നും അകറ്റയിരുന്നു.

പക്ഷെ എനിക്കപ്പോള്‍ ഒരു ചോദ്യത്തിനുത്തരം കിട്ടുകയായിരുന്നു; മുതിര്‍ന്ന ശേഷം എന്റെ നേരെയും, മീശ വച്ചശേഷം സഫ്‌വാനു നേരെയും തുറിച്ചു വന്ന ആ നോട്ടത്തിനുത്തരം. ഞാനൂഹിക്കുന്നു, മുന്നിലൂടെ കടന്നു പോയ എല്ലാ ചെറുപ്പക്കാര്‍ക്കു നേരെയും ആ നോട്ടം അയാള്‍ തൊടുത്തിരിക്കണം; ഒരു ചോദ്യമായോ, അപേക്ഷയോ ഭിക്ഷയോ ആയോ, പിന്നെ പൊള്ളുന്ന ഒരു ശാപമായിട്ടോ! ഒരാള്‍ക്കും അയാളുടെ നോട്ടം മനസ്സിലാക്കാനുള്ള കണ്ണില്ലാതെ പോയി. അല്ല, മനസ്സിലാകാതിരുന്നത് നന്നായി. മുതലില്ലാത്ത പിതാവിന്റെ മക്കളായതുകൊണ്ട് മൊതലെടുപ്പില്‍ കൂടുതലായി ഞാനടക്കം ഒരു ചെറുപ്പക്കാരനും ആ പെണ്‍കുട്ടികള്‍ക്കു വേണ്ടി ഒന്നും ചെയ്യില്ല. പിന്നെ അല്‍‌പം കുടി മിടുക്കുള്ള യുവാക്കള്‍ ആ കുട്ടികളുടെ പഴത്തിനു വേണ്ടി ശുപാര്‍ശ ചെയ്യുന്നത് നമ്മള്‍ നേരിട്ടു കേട്ടതുമാണ്.

സത്യത്തില്‍ അയാള്‍ മക്കള്‍ക്കു ഒന്നും കൊടുക്കാറില്ലേ? പെണ്‍കുട്ടികള്‍ മാത്രമുള്ള ആ വീട്ടിലേക്കു കയറിച്ചെന്നു ചോദിക്കാമെന്നു വച്ചാല്‍ പിന്നെ അയാളെ കാണുമ്പോ ആളുകള്‍ പറയും, "എടോ കാക്ക! ഇനി ഇഷ്ടം പോലെ പാലും പഴോം കഴിച്ചോ, ഇപ്പോ മക്കള്‍ക്ക് കൊടുക്കാന്‍ ആളുണ്ടല്ലൊ?" എന്ന്. എന്നാപിന്നെ ആ മക്കളുടെ കാര്യത്തില്‍ വല്യ താല്പര്യം കാണിക്കുന്ന കുരീലുകളോടു ചോദിച്ചാലോ? സഫ്‌വാനാണു പറഞ്ഞത് വേണ്ടാന്ന്. അവനാണ് അവരുടെ സ്വഭാവം എന്നേക്കാള്‍ നന്നായിട്ടറിയുന്നത്.

അങ്ങനെയിരിക്കെ, ഒരു നട്ടുച്ച. നട്ടപ്രാന്തിനു വീടിനു മുന്നിലേക്കിറങ്ങിയതാണ്. അതാ വരുന്നു അയാള്‍. എന്റെ മനസ്സില്‍ അയാളുമായി ബന്ധപ്പെട്ടു നടക്കുന്ന യുദ്ധം അയാള്‍ക്കറിയില്ല. എങ്കിലും, അടുത്തെത്തുന്തോറും അയാളുടെ നോട്ടം എന്നിലേക്കു തറച്ചു കയറിക്കൊണ്ടിരുന്നു. ഞാന്‍ മനസ്സിനെ ബലപ്പെടുത്തിക്കൊണ്ടിരുന്നു. തുറിച്ച് തുറിച്ച് നോക്കിക്കൊണ്ട് അയാള്‍ എന്നെ കടന്ന് പോയി. ആശ്വാസമായി! "മോനേ!" അയാളുടെ ശബ്ദം. ആദ്യമായിട്ടാണ് അത് ഞാന്‍ കേള്‍ക്കുന്നത്. അന്തിച്ചു നിന്ന എന്റെ നേര്ക്കു ആ കണ്ണുകള്‍ നീങ്ങി വന്നു. "ആ മോട്ടര്‍ സൈക്കിളില്‍ ഇക്കാനെ ഒന്നു വീടുവരെ കൊണ്ടു വിട്വോ? നടക്കാന്‍ വയ്യ!" ചെറുപ്പം മുതല്‍ ഞാന്‍ കാണുന്ന ആ നടത്തം...! ബൈക്കില്‍ ഞാന്‍ അയാളെ വീട്ടിലെത്തിച്ചു. "കയറിയിട്ടു പോകാം". കാത്തിരുന്ന അവസരം. "മോളേ! കുറച്ച് നാരങ്ങാവെള്ളം ഇങ്ങെടുത്തോ?"."ഇക്കാക്കെന്താ പണീ"? ഞാന്‍ ചോദിച്ചു തുടങ്ങി. "പണിയൊന്നൂല്ല മോനേ. പിന്നെ അയലോക്കക്കാരുടെ കരണ്ടു ബില്ലും, ഫോണ്‍ ബില്ലുമൊക്കെ ഞാനടക്കും. റേഷനും സാധനങ്ങളുമൊക്കെ വാങ്ങിക്കൊടുക്കും, മക്കള്‍ക്ക് അരിവാങ്ങാനും, ഉടുപ്പിനും അവരുടെ ഉമ്മാക്ക് മരുന്നിനുമൊക്കെയുള്ളത് കിട്ടും!"
ഓഹോ! പിന്നെ അന്നു കവലയില്‍ വച്ച് അവന്‍ "മക്കള്‍ക്കും കൊണ്ടോയി കൊട്" എന്നു വിളിച്ച് പറഞ്ഞത് എന്തറിഞ്ഞിട്ടാണ്?

"വാപ്പാ വെള്ളം"! മകള്‍ വെള്ളം കൊണ്ടു വന്നു. ഇത് എന്റെ കൂടേ ഏഴാം ക്ലാസ്സില്‍ പഠിച്ച ഷംനയല്ലേ? അപ്പൊ ഷംനാടെ വാപ്പയാണോ ഇദ്ദേഹം! അവള്‍ കാഴ്ചയില്‍ പഴയതിനേക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ട്. ആ പെണ്‍കുട്ടി എന്നെ നോക്കി ചിരിച്ചു? ഞാനും. അവള്‍ തോളില്‍ കിടന്ന തോ‍‍ര്‍ത്തെടുത്ത് വപ്പാടെ വിയര്‍പ്പു മുറ്റിയ മുഖം തുടച്ചുകൊടുത്തു, എന്നെ നോക്കി ഭക്ഷണം കഴിച്ചിട്ടു പോയാ മതി എന്ന ക്ഷണത്തോടെ അകത്തേക്കു പോയി. അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി നല്ല മീന്‍ പൊരിച്ചതും പപ്പടവും ഇലക്കറിയുമൊക്കെയുള്ള ഊണു കഴിച്ച് തീര്‍ന്നപ്പോഴേക്കും ഷംനയുടെ അനിയത്തിക്കുട്ടി ഞങ്ങള്‍ക്കുമുന്നില്‍ ഒരു പാത്രം കൊണ്ടുവന്നു വച്ചു. അതെ! പാളേങ്കൊടന്‍ പഴം! മക്കള്‍ക്ക് പഴം പോലും കൊടുക്കുന്നില്ല എന്ന് പ്റഞ്ഞാണല്ലൊ ആളുകള്‍ ഈ പിതാവിനെ അപമാനിച്ചത്. എന്നാല്‍ നോക്കൂ. പഴവും, മീനും, ചോറും എല്ലാം ഈ വീട്ടില്‍ സ്നേഹ സന്തോഷങ്ങളോടൊപ്പം നിരന്നിരിക്കുന്നു. ഈ ലോകത്തിന്റെ നീണ്ടുകിടന്നടിക്കുന്ന പട്ടിനാക്കുകള്‍ക്ക് ആണിയടിക്കുക.

"മക്കളൊക്കെ എന്തു ചെയ്യുന്നു ഇക്കാ"? "മൂത്തവളെ എട്ടേക്കറില്‍ കെട്ടിച്ചു. അവന്‍ ലോറീപ്പോണ്. ഇനി നാലെണ്ണത്തിനെ കെട്ടിക്കണം. എല്ലാര്‍ക്കും മൊതലുവേണം മോനേ! പിന്നെ എന്റെ പുള്ളേരൊക്കെ കാണാനും അത്ര പോര! ദജ്ജാലിനെ പോലെ ഇരിക്കണോനും പെണ്ണിന്റെ ചന്തം പോരാ! എന്നാ പെണ്ണു കാണാന്‍ വരണ ഹലാക്ക്‌കള്‍‍ക്ക് ചിന്തിക്കാന്‍ പാടില്ലെ; സന്തോഷം ഉണ്ടാകുമ്പോ ചന്തം ഉണ്ടാകൂന്ന്. സ്വഭാവത്തിന്റെ കാര്യത്തില്‍ ഒരാളും മോശമല്ല". ആ മനുഷ്യന്റെ നിഷ്കളങ്കമായ രോഷം അണപൊട്ടിത്തുടങ്ങി. ആളിക്കത്തി മാത്രം ഞാന്‍ കണ്ടിട്ടുള്ള കണ്ണുകളില്‍ ജീവിച്ചിരിക്കുന്ന സകല യുവാക്കളും മുങ്ങിച്ചാകാന്‍ മാത്രം പോന്ന ഒരു തുള്ളിക്കണ്ണുനീര്‍!

ഞാനിതാ ആ കവലയിലല്‍ ചെന്നു നിന്നു ഉറക്കെ ചോദിക്കുന്നു. നിസ്സഹായനായ ഒരു മനുഷ്യന്റെ അഭിമാനത്തിനെന്താ വെല? ജീവിതത്തിനു നേര്ക്ക് നിരാശയോടെ നോക്കുന്ന പെണ്‍കുട്ടികളുടെ കണ്ണീരിനെന്താ വെല? കവലയില്‍ നിന്നു വേണ്ടാത്തതു വിളിച്ചു പറയുന്ന നിങ്ങള്‍ക്കെന്താ വെല? ഒരു പാളേങ്കൊടന്‍ പഴത്തിനെന്താ വെല?..

5 comments:

ആലുവവാല said...

ഞാനിതാ ആ കവലയിലല്‍ ചെന്നു നിന്നു ഉറക്കെ ചോദിക്കുന്നു. നിസ്സഹായനായ ഒരു മനുഷ്യന്റെ അഭിമാനത്തിനെന്താ വെല? ജീവിതത്തിനു നേര്ക്ക് നിരാശയോടെ നോക്കുന്ന പെണ്‍കുട്ടികളുടെ കണ്ണീരിനെന്താ വെല? കവലയില്‍ നിന്നു വേണ്ടാത്തതു വിളിച്ചു പറയുന്ന നിങ്ങള്‍ക്കെന്താ വെല? ഒരു പാളേങ്കൊടന്‍ പഴത്തിനെന്താ വെല?..

രജീഷ് || നമ്പ്യാര്‍ said...

ഉഗ്രന്‍ പോസ്റ്റ്.

ഇതു കാണാന്‍ വൈകിപ്പോയി. ടൈറ്റില്‍ പടിച്ച പണിയാണ്.

രജീഷ് || നമ്പ്യാര്‍ said...

*പറ്റിച്ച*

ആലുവവാല said...

രജീഷേ...
ടൈറ്റില്‍ മോശമാണ് എന്നാണൊ? ശ്രദ്ധിക്കും എന്നു കരുതിയാണ് ആ ടൈറ്റില്‍ കൊടുത്തത്. നിര്‍ദ്ദേശം?

കുഞ്ഞന്‍ said...

ശരിക്കും.. ബഷീറീന്റെയൊ മാത്യുമറ്റത്തിന്റെയൊ മറ്റൊ ഒരു ടച്ച്..

എത്ര രസത്തോടെയാണു എഴുത്ത്. ദൈവം കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു...ബൂലോകത്തിനൊരു മുതല്‍ക്കൂട്ട്..!