ശിവരാത്രിയല്ലേ; ആലുവ പുഴയിലിപ്പോള്‍ വെള്ളവും വള്ളങ്ങളും നിറഞ്ഞൊഴുകുകയാകും. പടിഞ്ഞാട്ടൊഴുകുന്ന വെള്ളത്തിനു കുറകെ ചില വള്ളങ്ങള്‍ മണപ്പുറത്തേക്കും പല വള്ളങ്ങള്‍ ഇപ്പുറത്തേക്കും.
പുഴമാത്രമല്ല, ആലുവയിലെ വഴികളും ഇപ്പോള്‍ നിറഞ്ഞൊഴുകുന്നുണ്ടാകും, വെള്ളമല്ല..ആളുകള്‍. വെള്ളമല്ല എന്നത് പരിപൂര്‍ണ്ണമായിട്ടങ്ങു വിശ്വസിക്കാന്‍ വരട്ടെ..ആളുകളില്‍ അധികം പേരും വെള്ളം തന്നെയാകും. അവര്‍ നിറഞ്ഞ വള്ളങ്ങള്‍ പോലെ 'മറിയാറായേ മാറിക്കോ' വിധത്തില്‍ ആടിയാടി നടക്കുന്നുണ്ടാകും.
ഈ വെള്ളവും വള്ളങ്ങളും വള്ളക്കാരും പിന്നെ 'വെള്ള'ക്കാരും ഒക്കെയാകാം കാരണം, ശിവരാത്രികാലത്ത് മണപ്പുറത്തുപോകാന്‍ ഞങ്ങള്‍ക്കനുവാദമുണ്ടായിരുന്നില്ല. ശിവരാത്രിയുടെ മലരും പൊരിയും ഈത്തപ്പഴവും അലുവയും പട്ടവും പമ്പരവും അക്കാലത്ത് സ്കൂളില്‍ കൂട്ടുകാരുടെ കയ്യിലെ കൊതിയും കൗതുകങ്ങളുമായിരുന്നു, സത്യത്തില്‍ അതിനേക്കാളൊക്കെ വലിയ പൊതികള്‍ എന്റെ കയ്യിലുണ്ടാകുമായിരുന്നെങ്കില്‍ പോലും!
ഇതൊക്കെ പറയുമ്പോള്‍ വര്‍ഗ്ഗീയതക്കും സാമുദായികതക്കുമൊക്കെ അപ്പുറത്ത് നനുത്ത പുഴക്കരയില്‍ ചിരട്ടപ്പുട്ടുചുട്ട ഞാനെന്ന കുട്ടിയെ നിങ്ങള്‍ കാണണം. കറിവക്കാന്‍ അപ്പയില മുറിച്ച പ്രിയകൂട്ടുകാരന് അജിതനെയും വീടുവക്കാന്‍ കോലു കുഴിച്ചിട്ട ജോജിയെയും നിങ്ങള്‍ കാണണം. അല്ലാതെ ശിവരാത്രിക്കു വെള്ളമടിക്കുന്നവരെ തൊട്ടുകളിച്ച ഈ വിരല്‍ ഒരു തീവ്രവാദിയുടേതാണെന്നും അത് ഒരു സമുദായത്തിനു നേരെയാണ് കളിയാക്കിച്ചൂണ്ടിയത് എന്നുമൊക്കെ പറഞ്ഞാല്‍ പെരുന്നാളിനു വെള്ളമടിക്കുന്നവരെക്കൊണ്ട് തല്ലിക്കും ഞാന്‍.
തല്ലുന്ന കാര്യം പറഞ്ഞപ്പോഴാണ് ഒരാളെ ഓര്‍മ്മ വന്നത്. വേറെയാരുമല്ല, വന്ദ്യ വയോധികനായ താക്കറെ തന്നെ. ശിവരാത്രിക്കാലത്ത് ഓര്‍ക്കാന്‍ കാരണം ശിവസേന എന്ന പേരാണ്. ശിവസേന എന്ന പേര് ബഹുമാന്യമാണ്. പക്ഷെ പാല്‍പാത്രത്തിനുമേല്‍ പനാമര്‍ എന്നെഴുതിയതുപോലെയായിപ്പോയി അതിന്റെ ചിഹ്നം. കടുവ! പണ്ടൊക്കെ തക്കറെ എന്നു കേട്ടാല്‍ ആരും വിറക്കുമായിരുന്നു. എന്നാല്‍ ഇന്ന് ആ പേരുകേട്ടാല്‍ ചിരിച്ചു ചിരിച്ചു മണ്ണുകപ്പിപ്പോകും ഭാരതീയ വാര്‍ത്താ തീറ്റക്കാര്!
കത്തിക്കാന്‍ നടന്ന കടുവകളെ ഒരു ഹെലിക്കോപ്റ്റര്‍ കാണിച്ച്, "പറ്റിച്ചേ" എന്ന് തീവണ്ടിപിടിച്ച് പോയി രാഹുലാന് എന്ന കിളുന്ത് പൈതലാന്‍. ശിവസേനയെപ്പറ്റിച്ച് ശിവരാത്രിയുടെ ആലുവയിലേക്ക് കക്ഷി വന്നതിലെ ഒളിച്ചുകളിയും ദുരൂഹതയും കൈരളി ചാനല്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്തെങ്കിലും കണ്ടെത്താതിരുന്നത് മോശമായിപ്പോയി; അല്ലേ?
പിന്നെ ഐ.പി.എല്‍, ഷാരൂഖ്, പാക്കിസ്ഥാന്, കളിക്കാര്‍...പോസ്റ്റര്‍ കീറല്‍, കരിയഭിഷേകം, മാപ്പ് പറയിക്കല്..! 'കൊയ്ല'യില്‍ വളര്ന്നവന് കൊലവിളിയില്‍ തളരില്ലല്ലോ? കിംഗ് ഖാന് മാപ്പു പറഞ്ഞില്ല എന്നു മാത്രമല്ല, മാപ്പുപറയാത്തതിന് ജനങ്ങളോട് മാപ്പുപറയുകയും ചെയ്തുകളഞ്ഞു കൊച്ചു കള്ളന്.
അവസാനം 'എന്റെ പേര് ഖാന്' റിലീസ്ഡ്. മഹാരാഷ്ട്രാ മഹാ മുഖ്യന് അശോക് ചവാന് ആദ്യകാണി! കടുവയെക്കാള്‍ വലിയ വാശിക്കിടുവ. ചവാനു ചാവാന്‍ പേടിയില്ലാഞ്ഞിട്ടൊന്നുമല്ല, കൊല്ലാനുള്ള കോപ്പൊന്നും കടുവയുടെ കയ്യില്‍ ഇപ്പോഴില്ല എന്നുറപ്പുള്ളതുകൊണ്ട്. ഇതൊക്കെ കണ്ടാല്‍ പിന്നെ ചിരിക്കാതിരിക്കുന്നതെങ്ങനെ? പുലി എലിയായ കഥ എക്കാലത്തും തമാശതന്നെയല്ലേ? അല്ലെങ്കി വേണ്ട..പോയി പണിനോക്ക്..!
ഒരു കാര്യം കൂടി പറഞ്ഞോട്ടെ..ഇനി ഒറിജിനല്‍ കടുവയെ കാണുമ്പോളും ചിരിച്ചുപോകുമോ എന്നാണ് എന്റെ പേടി. അങ്ങനെയെങ്ങാനും സംഭവിച്ചാലത്തെ കഥ പിന്നെ പറയണോ? കടുവ ഒറ്റക്കപ്പിന് ഒരു കപ്പ് ചോരക്കാപ്പിയുണ്ടാക്കി ബീഫ്കൂട്ടിയടിച്ചുകളയും. എന്നിട്ട് സ്വയം പറയും "ഹും...ഈ താക്കറേടെ മിമിക്രി കാരണം കടുവക്കൊന്നും ഒരു വെലേം ഇല്ലാണ്ടായിരിക്ക്ണൂ...ശിവ ശിവ..!".
Sunday, February 14, 2010
Monday, February 1, 2010
സൗഹാര്‍ദ്ദമോഹി !

എനിക്കൊരു കുപ്പായം വാങ്ങണം
അതിനെതു നിറമായിരിക്കണം?
പച്ചയോ വെള്ളയോ മഞ്ഞയോ കാവിയോ
കൂട്ടുകാരോടു തിരക്കി നോക്കാം.
പച്ചയെന്നത്രേ പറഞ്ഞൊരുത്തന്‍
അവനാവര്‍ണ്ണ മേറെ വിശിഷ്ടമത്രേ!
അപരന്നു വെള്ളക്കു ഗബ്രിയേല്‍
മാലാഖയോളം മഹോന്നത സ്ഥാനമത്രേ!
മൂന്നാം ശുപാര്ശകന് കാവിതന്‍ വൈശിഷ്ട്യ
വൈവിധ്യമോതവേ വേറൊരിഷ്ടന്‍-
ഭൂലോക കണ്ണുകള്‍ മഞ്ഞളിച്ചീടുന്ന
മഞ്ഞവര്‍ണ്ണത്തിന്‍ മഹത്വമോതി.
മണ്ടനല്ലല്ലോ ഞാന്‍, മഠയനല്ലല്ലോ ഞാന്‍
സാധുവാം സൗഹാര്‍ദ്ദ മോഹിയല്ലേ?
നൂറു മതം നൂറുവര്‍ണ്ണമാര്‍ന്നെന്‍ നാട്ടില്‍
ഒരുവര്‍ണ്ണ നിണധാര വെട്ടിയൊഴുക്കവേ
വര്‍ണ്ണങ്ങളത്രയും വര്‍ഗ്ഗപ്രതീകമാല്‍
കുപ്പായമില്ലാതെ ഞാന്‍ നടക്കും
വിപ്ലവ ഗാന്ധി നടന്ന പോലെ !
Subscribe to:
Posts (Atom)