Thursday, July 2, 2009

അച്ഛന്‍‌ ‍മരിച്ചാലെന്തുചെയ്യണം..?

കേരളമായ കേരളമാകെ കൂര്‍മ്മബുദ്ധിയില്‍ വിദഗ്ധമായി രസം കലര്‍ത്തിയ തന്ത്രശാലിയുടെമുഖഭാവത്തോടെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്;പറന്നുപോകുന്ന ഒരു കൂട്ടം പക്ഷികളിലൊന്ന് പറക്കവേ മുട്ടയിട്ടു, പക്ഷെ മുട്ട താഴേക്കു വീണില്ല; എന്തുകൊണ്ട്?

ഈ ചോദ്യം കേള്‍ക്കുന്ന ഉത്തരബാധ്യതക്കാരന്‍‍ പുറത്തിരിക്കുന്ന കാക്കയുടെ "ഭാരം കൂടുതലില്ലല്ലോ?" എന്ന ചോദ്യം കേട്ട പോത്തിന്റെ മുഖഭാവത്തില്‍ മറുപടി നല്‍കും.."പക്ഷി അണ്‍‌ടര്‍‌വെയറിട്ടിരുന്നു!"പിന്നെ ഒരു കൂട്ടച്ചിരിയാണ്! അന്തം വിട്ട പൊട്ടിച്ചിരി!

ചിരിച്ചോട്ടെ. ചിരി ആരോഗ്യത്തിന് നല്ലതാണ്. പക്ഷെ ചിരിക്കാന്‍ വേണ്ടി മാത്രം ജീവിക്കുക എന്നു വന്നാല്‍; കരച്ചിലുകള്‍ കേട്ടാല്‍ ബോറടിക്കും എന്നാകുമ്പോള്‍‍?! അണ്ടര്‍‌വെയറിട്ട പക്ഷിയുടെ ചിത്രം മനസ്സില്‍ തെളിയുമ്പോഴുള്ള ചിരിയില്‍ കൂടുതലായി ഈ ചോദ്യത്തിനും ഉത്തരത്തിനും യാതൊരു പ്രത്യേകതകളുമില്ല. അഥവാ യാതൊരടിസ്ഥാനമോ, സാംഗത്യമോ ഇല്ലാത്ത ഒരു ചോദ്യവും ഉത്തരവും! എന്നിട്ടും കേരളക്കരയില്‍ അത് ഹിറ്റാകുകയും ആളുകള്‍ ചിരിച്ചുചിരിച്ച് മണ്ണുകപ്പുകയും ചെയ്യുന്നു!

ഇത്തരത്തില്‍ ലോജിക്കില്ലാതെ ചിരിക്കുന്നവരായി ലോകത്തൊരുപക്ഷേ നമ്മള്‍ മലയാളികള്‍ മാത്രമേയുണ്ടാകൂ. നമുക്കെന്തും ചിരിയാണ്. എന്തും ചിരിക്കുള്ള വകയാണ്. കരള്‍ചീഞ്ഞ കാട്ടാളന്‍‌മാര്‍ കടിച്ചുകീറിയ കുഞ്ഞിന്റെ മൃതദേഹം വാരിപ്പുണര്‍ന്നു പൊട്ടിക്കരയുന്ന മാതാവിന്റെ മുഖഭാവങ്ങള്‍കണ്ടു ചിരിക്കാന്‍; മലയാളീ നീയല്ലാതെ ഈ ലോകവനാന്തരങ്ങളില്‍ പല്ലിളിക്കുന്ന ഏതു ഹിംസ്രജന്തുവാണുള്ളത്?

മാറാവ്യാധികളും അപകടങ്ങളും പീഠനങ്ങളും ഒളിച്ചോട്ടങ്ങളും കൊള്ളയും കൊലയും ബലാത്സംഗവും പിഞ്ചുകുഞ്ഞുങ്ങളുടെ രോദനങ്ങളും പ്രകൃതിക്ഷോഭവും തലക്കുമീതേ കരിമേഘങ്ങളായി നില്‍ക്കുമ്പോഴും ആളുകള്‍ക്ക് കാര്യം ബോധ്യപ്പെടാന്‍ നേര്‍ക്കാഴ്ചകളോ സെമിനാറുകളോ പ്രബന്ധങ്ങളോ പോരാ; മിമിക്രിയിലൂടെയും കോമഡി ഷോകളിലൂടെയും വേണം കാര്യം അവരെ ബോധ്യപ്പെടുത്താന്‍; അല്ലാതെ ബോധ്യപ്പെടാന്‍ അവര്‍ തയ്യാറല്ല! ദേഹമാകെ ചൊറിയും ചെരങ്ങും പിടിച്ച് മാന്തിപ്പൊട്ടി പഴുത്തിരുന്നിട്ടും അതിനുള്ള തുള്ളിമരുന്ന് പാലില്‍കലര്‍ത്തി കൊടുത്താലേ ഈ കുരുത്തംകെട്ട കുട്ടികള്‍ കുടിക്കൂ..; ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുന്നതുപോലെ. ഇനി നിന്റെ മകളെത്തിന്ന ഭോഗിയുടെ കഥ നാളെ നിനക്കു ഞാന്‍ നര്‍മ്മം കലര്‍ത്തി പറഞ്ഞു തരാം; മിമിക്രിയിലൂടെ കാട്ടിത്തരാം! അല്ലെങ്കില്‍ ചിലപ്പോള്‍ നിനക്കു മനസ്സിലായില്ല എന്നു വരും..!

ചിരിയുടെയോ നര്‍മ്മബോധത്തിന്റെയോ നന്‍‌മകളെയും, സാധ്യതകളെയും ചോദ്യം ചെയ്യാന്‍മാത്രം മുരടനൊന്നുമല്ല ഞാന്‍. ചിരിക്കാന്‍ ഇഷ്ടമുള്ളവനാണ്. ചിരിയിലൂടെ പറയേണ്ടവയും, ചിര്‍ക്കാന്‍ വേണ്ടി പറയേണ്ടവയും അങ്ങനെ തന്നെ പറയണം എന്ന പക്ഷക്കാരനാണ്. പക്ഷെ ദുരന്തങ്ങളോ, ദുരന്തങ്ങളുടെ നര്‍മ്മം കലര്‍ത്തിയ കഥകളോ എന്നെ ചിരിപ്പിക്കരുത് എന്ന വാശിയുണ്ടെനിക്ക്!

ചിരി ഒരുപ്രസ്‌ഥാനത്തിനും, വ്യവസായത്തിനുമപ്പുറം വളര്‍ന്നു കഴിഞ്ഞ നമ്മുടെ സമൂഹത്തില്‍, അപകടങ്ങളും ദുരന്തങ്ങളും ദുരനുഭങ്ങളും കാണുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകേണ്ട വികാരം ചിരിയല്ല എന്നു സ്വയം ബോധ്യപ്പെടുകയും മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും ചെയ്‌തില്ലെങ്കില്‍ കേരളം ഉടന്‍ കൂപ്പുകുത്തുക ഒരാശയക്കുഴപ്പത്തിന്റെ ഗതികേടിലേക്കായിരിക്കും. ഏതുവികാരം എപ്പോള്‍ പ്രകടിപ്പിക്കണം എന്ന ആശയക്കുഴപ്പമുണ്ടാകുക എന്നാല്‍, ഒരുവേള ഇന്നു ലോകം ഭയക്കുന്ന അണുവി‌സ്ഫോടനത്തേക്കാള്‍ അപകടകരമായിരിക്കും ആ നാശം എന്നോര്‍ക്കുന്നത് നന്ന്. അല്ലെങ്കില്‍ നാളത്തെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ പുതിയൊരു പാഠം കൂടി ചേര്‍ക്കേണ്ടി വരും; ദുരന്തം കണ്ടാല്‍ പ്രകടിപ്പിക്കേണ്ട വികാരം = ദു:ഖം! അച്ഛന്‍ മരിച്ചാല്‍= സങ്കടം+കരച്ചില്‍..!

12 comments:

Aluvavala said...

ഇനി നിന്റെ മകളെത്തിന്ന ഭോഗിയുടെ കഥ നാളെ നിനക്കു ഞാന്‍ നര്‍മ്മം കലര്‍ത്തി പറഞ്ഞു തരാം; മിമിക്രിയിലൂടെ കാട്ടിത്തരാം! അല്ലെങ്കില്‍ ചിലപ്പോള്‍ നിനക്കു മനസ്സിലായില്ല എന്നു വരും..!

ശ്രീ said...

"നാളത്തെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ പുതിയൊരു പാഠം കൂടി ചേര്‍ക്കേണ്ടി വരും; ദുരന്തം കണ്ടാല്‍ പ്രകടിപ്പിക്കേണ്ട വികാരം = ദു:ഖം! അച്ഛന്‍ മരിച്ചാല്‍= സങ്കടം+കരച്ചില്‍..."

ഇങ്ങനെ ഒരവസ്ഥയിലേയ്ക്കാണ് നാട് നീങ്ങുന്നത്

Typist | എഴുത്തുകാരി said...

enthaappo inganeyokke parayaan?

വാഴക്കോടന്‍ ‍// vazhakodan said...

നീയാകെ ഫികാരഫരിതനായല്ലോ, സഹിക്യാ എല്ലാം ശരിയാകും :)

Aluvavala said...

ഹി ഹി...!
ആ പാഠം വാഴക്കോടനും പഠിക്കുന്നതു നല്ലതാണ്..!

ശരിയാകൂടോ..വാഴക്കോടാ...!

Bindhu Unny said...

ഇങ്ങനെ എഴുതാനുണ്ടായ കാരണം മനസ്സിലായില്ല. എങ്കിലും വികാരങ്ങള്‍ പഠിപ്പിക്കേണ്ട അവസ്ഥ വരാതിരിക്കട്ടെ.

Aluvavala said...

നമ്മുടെ നാട്ടില്‍ നടക്കുന്ന സംഭവങ്ങളെല്ലാം എല്ലാവരും അറിയുന്നുണ്ടല്ലോ അല്ലേ? അതില്‍ കൂടുതലായി ഇനിയെന്താണുണ്ടാകേണ്ടത്?

നാം ഇതൊക്കെയും എങ്ങനെനോക്കിക്കാണുന്നു എന്നതാണെന്റെ വിഷയം. കോമഡിഷോകളിലൂടെ പറഞ്ഞാലേ ജനം കേള്‍ക്കാന്‍ തയ്യാറുള്ളു എന്ന ദുരന്തത്തിലേക്ക് കേരളം പോകുന്നു എന്നു സൂചിപ്പിച്ചു എന്നേയുള്ളു.

തമാശയിലൂടെ ബ്ലോഗെഴുതിയാലേ എല്ലാവരും വായിക്കൂ എന്നെനിക്കറിയാം..! ആരും വായിച്ചില്ലെങ്കിലും..എനിക്ക് പറയാനുള്ളത് പറഞ്ഞല്ലേ പറ്റൂ..! തമാശപറയുന്നതിനേക്കാള്‍ കാര്യം പറയലാണ് പേന കയ്യിലുള്ള ഒരാള്‍ എന്ന നിലയില്‍ എന്നെ തൃപ്തിപ്പെടുത്തുന്ന എന്റെ ദൗത്യം..!

എം പി.ഹാഷിം said...

ഇനി നിന്റെ മകളെത്തിന്ന ഭോഗിയുടെ കഥ നാളെ നിനക്കു ഞാന്‍ നര്‍മ്മം കലര്‍ത്തി പറഞ്ഞു തരാം; മിമിക്രിയിലൂടെ കാട്ടിത്തരാം! അല്ലെങ്കില്‍ ചിലപ്പോള്‍ നിനക്കു മനസ്സിലായില്ല എന്നു വരും..!

Anonymous said...

ഹാഹാ സത്യം. ആ പാഠപുസ്തകത്തിന്റെ ഒരു കോപി എനിക്കും വേണം! ഗിഫ്റ്റ് കൊടുക്കാനാ..

Unknown said...

aparam thana katto

പ്രേമന്‍ മാഷ്‌ said...

മുന്‍പ് കേസരി ബാലകൃഷ്ണ പിള്ള പറഞ്ഞിട്ടുണ്ട്, ചിരിക്കാനും കരയാനുമുള്ള മനോഘടന കേരളീയന് ജന്മസിദ്ധമാണെന്ന് . നമ്പൂതിരി ഫലിതങ്ങളും കുഞ്ഞന്‍ നമ്പ്യാര്‍ കവിതകളും ചങ്ങമ്പുഴ കവിതകളും ഉദാഹരിച്ചാണ് കേസരി ഇത് വിശദീകരിക്കുന്നത്. ഇപ്പോള്‍ കരയേന്ടവ നമ്മെ ചിരിപ്പിക്കുന്നു എന്ന ദുരന്തമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത് . അതൊരു വികാരമായി മാറിയിട്ടുണ്ട്‌ എഴുത്തില്‍. നന്നായിട്ടുണ്ട്.

വീകെ said...

നാട്ടിൽ നിന്നും ഈയിടെ വരുന്ന പത്രവാർത്തകൾ കാണുമ്പോൾ കരയണൊ ചിരിക്കണൊ എന്നറിയാത്ത അവസ്ഥയല്ലെ മലയാളികൾക്ക്..

കലികാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് എവിടെയൊ വായിച്ചതോർക്കുന്നു..