"മാവേല്യാ ഏറ്റോം കൂട്തല് ചോറ് തിന്നണത്, എന്ത് വല്ലിക്കാട്ട കൊടവയറാ..!" മുറ്റത്ത് കളിവീടുകെട്ടി കഞ്ഞീംകറീം വച്ചു കളിക്കുന്ന സുമിമോളുടെ കമന്റ്..!
"എടീ പൊട്ടീ..മാവേലി പാദാളത്തിലല്ലേ; അവ്ടെ ചോറൊന്നും കിട്ടൂല്ലാ..! അതേ...ഗ്യാസാ..ഗ്യാസ്..! ചോറ് തിന്നാണ്ടിര്ന്നാലേ വയറ്റില് ഗാസ് നെറഞ്ഞ് വീര്‍ക്കും!" കളിവീട്ടിലെ 'ഭര്‍ത്താവ്' അനിക്കുട്ടന്‍ കൂട്ടുകാരിയുടെ തെറ്റു തിരുത്തി.
"അപ്പോ അനിക്കുട്ടന്റെ ഡാഡി ഫോറിന്‍ന്നു വന്നപ്പഴും വല്യ കൊടവയറ്ണ്ടാര്‍ന്നല്ലോ? അവ്‌ടെ ചോറൊന്നും കിട്ടൂല്ലേ..?" എന്നായി സുമി..!
"ഉം..ഹും..അവ്‌ടേം ചോറൊന്നും കിട്ടൂല്ലാ..! ഈ ഓണത്തിന് ഡാഡി വരുമ്പ അതിനെക്കാട്ടീം വല്യവയറ്ണ്ടാവും..മാവേലീടത്രേം..!" അടുപ്പിന്റെ കല്ലുറപ്പിക്കവേ അനിക്കുട്ടന്‍ ചുണ്ട് കൂര്‍പ്പിച്ചു വിടര്‍ത്തിക്കൊണ്ടു പറഞ്ഞു..!
ഞാന്‍ ചിരിച്ചുപോയെങ്കിലും അന്തംവിടാന്‍ മറന്നില്ല..! കുട്ടികള്‍ സമൂഹത്തില്‍ നിന്നും കാര്യങ്ങള്‍ ഗ്രഹിക്കുന്ന വിധം നോക്കുക! മാവേലി കൊല്ലത്തിലൊരിക്കല്‍ ഓണത്തിനു വരുന്നു എന്നവര്‍ കേട്ടിട്ടുണ്ട്; ഫോറിനില്‍ പോയ അച്ഛനും കൊല്ലത്തിലൊരിക്കല്‍, അധികവും ഓണത്തിന്, വരുന്നു. മാവേലിക്ക് നല്ല കള്ളുംകുടം പോലത്തെ കൊടവയറുണ്ട്, അച്ഛനും കൊല്ലാകൊല്ലം വരുമ്പോള്‍ കൊടവയര്‍ കൂടിക്കൂടി വരുന്നുണ്ട്. ഇപ്പറയുന്ന മാവേലി സ്ഥിരമായി പാതാളത്തിലാണെന്നവര്‍ക്കറിയാം, പാതാളത്തെക്കുറിച്ച് അവരുടെ ഭാവനയില്‍ ഒരു രൂപവുമുണ്ട്! അപ്പോള്‍ പിന്നെ മാവേലിയെപ്പോലെ വല്ലപ്പോഴും വരുന്ന, കൊട്ടപോലെ കൊടവയറുള്ള തന്റെ അച്ഛന്‍ വസിക്കുന്ന 'ഫോറിന്‍' എന്ന സ്ഥലവും പാതാളവും ഏതാണ്ടൊന്നു തന്നെ അല്ലെങ്കില്‍ ഒരുപോലെതന്നെ എന്നൂഹിക്കാന്‍ മാത്രം നിഷ്‌കളങ്കരും, ശുദ്ധരുമാണ് കുട്ടികള്‍!
ഇതുകൊണ്ടാണ് 'വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ; ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍..!' എന്ന വൈലോപ്പിള്ളീ വരികള്‍ക്ക് ഞാന്‍ 'കിടിലന്‍; വീണ്ടൂം എഴുതുക' എന്നു കമന്റിട്ടത്!
ഗള്‍ഫിനെ പാതളം എന്നുവിളിക്കുന്നതാണോ ശരി അതല്ല പാതാളത്തെ ഗള്‍ഫ് എന്നു വിളിക്കുന്നതാണോ ശരി എന്നൊന്നും ഞാനിപ്പോള്‍ വിവരിക്കുന്നില്ല. ഗള്‍ഫുകാരുടെ തെറിവിളികേള്‍ക്കാനും പാതാളകുത്തകകളുടെ കയ്യടിയോ, തലക്കിട്ടടിയോ മേടിക്കാനും പേടിയുണ്ടായിട്ടൊന്നുമല്ല; ആകെയുള്ള ചെറിയൊരു കൊടവയറുംകൊണ്ട് ഓണാവധിക്കൊന്നു നാട്ടില്‍ പോകണമല്ലോ എന്നു കരുതിയതുകൊണ്ടാണ്, അതുകൊണ്ടു മാത്രം ആ വിഷയം തീര്‍പ്പുകല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് വിട്ടുതരുന്നു. ഇനി ഇതെങ്ങാനും വലിയ ചര്‍ച്ചയായി മാറി പത്രക്കാരും ചാനലുകാരുമൊക്കെ ഇതിനെ വിഴുപ്പുംകൂട്ടത്തിലിട്ടലക്കാന്‍ തുടങ്ങിയാല്‍ ഗള്‍ഫേതാ പാതാളമേതാ, ഗള്‍ഫിലാരാ പാതാളത്തിലാരാ എന്നറിയാതെ ആളുകളാകെ കണ്‍ഫ്യൂഷനിലായിപ്പോകും. മുഖ്യമന്ത്രിയേതാ മുക്കിയമന്ത്രിയേതാ, (പിണ)റായിയേതാ റവറന്റേതാ എന്നറിയാത്ത നാടാണേ നമ്മുടേത്!
പക്ഷെ, സുമിമോള്‍ക്കും അനിക്കുട്ടനും യാതൊരു കണ്‍ഫ്യൂഷനുമില്ല. അവര്‍ തീര്‍പ്പുകല്പ്പിച്ചിരിക്കുന്നു. മാവേലിയുടെ കുടവയറിന്റെ കാരണം അവര്‍ കണ്ടെത്തിയിരിക്കുന്നു. ഗ്യാസിന്റെ കാരണം അവര്‍ മനസ്സിലാക്കിയിരിക്കുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ പാതാളവും ഗള്‍ഫും സെയിം സെയിം എന്നവര്‍ വിലയിരുത്തിക്കഴിഞ്ഞിരിക്കുന്നു. അവര്‍ എല്ലാ കാര്യങ്ങളും വിലയിരുത്തുന്നതിങ്ങനെയാണ്.
ഇവിടെ മാതാപിതാക്കാള്‍ക്കൊരു മുന്നറിയിപ്പുണ്ട്. വിലയിരുത്തലുകള്‍ക്കും തീര്‍പ്പുകല്‍പ്പിക്കലുകള്‍ക്കും ശേഷം അവര്‍ ആക്ഷനിനേക്കു കടക്കുന്ന നിമിഷത്തെ ഭയപ്പെട്ടുകൊള്ളുക. അവര്‍ക്ക് നമ്മില്‍ നിന്നും, ചുറ്റുപാടുകളില്‍ നിന്നും, സമൂഹത്തില്‍ നിന്നും ലഭിക്കുന്ന വിവരം വികലമായാല്‍ വിലയിരുത്തലുകളും വികലമാകും. വികലമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ അവര്‍ പ്രവൃത്തികളിലേക്കു കടക്കാന്‍ തുടങ്ങിയാല്‍പിന്നെ കെടക്കപ്പൊറുതിക്കൊപ്പം നമുക്കും നാടുവിട്ടുപോകാം. തീയെ വിലയിരുത്തുന്നതില്‍ കുട്ടികള്‍ക്ക് പറ്റുന്ന തെറ്റാണ് അവരുടെ കൈ പൊള്ളിക്കുന്നത്. സ്ത്രീയെ വിലയിരുത്തുന്നതില്‍ മുതിര്‍ന്നവര്‍ക്കു പറ്റുന്ന തെറ്റുകള്‍ കുട്ടികള്‍ ശരി എന്നു ധരിച്ച് കാണാതെ പഠിക്കുകയും അത് വിവിധതരം ആക്ഷനുകളായി സഹപാഠികളിലേക്കും കളിക്കൂട്ടുകാരിലേക്കും അവര്‍ പ്രയോഗിക്കുകയും ചെയ്യുന്നു. കുട്ടികളെ വിലയിരുത്തുന്നതില്‍ മാതാപിതാക്കള്‍ക്കു പറ്റുന്ന അബദ്ധങ്ങളാണ് എന്നതാണേറെ പ്രധാനം. 'എന്റെ കുട്ടി തെറ്റുചെയ്യില്ല' എന്ന തീര്‍പ്പാണ് മാതാവേ നിങ്ങളുടെ ഏറ്റവും വലിയ തെറ്റ്!
ഒരു കുട്ടി ഒന്നാന്തരം ഒരു ഫാക്ടറിയാണ്. സമൂഹവും, സാമൂഹ്യ വിവരങ്ങളുമാണ് അവന്റെ റോമെറ്റീരിയല്‍സ്. അതില്‍ നിന്നും അതിവേഗം അവന്‍ നിഗമനങ്ങള്‍ സൃഷ്ടിക്കും. തെറ്റാകട്ടെ ശരിയാകട്ടെ അവന്‍ അതങ്ങനെ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അപ്പോള്‍ അവന് അല്ലെങ്കില്‍ അവള്‍ക്ക് ശരിയായ വിവരങ്ങളും അതിനുള്ള അവസരങ്ങളും ബുദ്ധിപൂര്‍വ്വം നമ്മളൊരുക്കിക്കൊടുക്കണം. ശരികള്‍ മാത്രം പഠിപ്പിക്കുന്നതല്ല, ശരിയെ ശരിയെന്നും തെറ്റിനെ തെറ്റെന്നും പഠിപ്പിക്കുന്നതാണ് ശരിയായ വിജ്ഞാനം. ഇതും മാതാപിതാക്കള്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്..!
അതേ സമയം ഒരു കുട്ടി ഒന്നാന്തരം ഒരു റോമെറ്റീരിയലുമാണ്. അവന്റെ പ്രത്യേകതകളും താല്‍പര്യങ്ങളും പഠിച്ച്, ക്രൃത്യമായ ചൂടില്‍ ശരിയായ മൂശയില്‍ വാര്‍ത്താല്‍ അവന്‍ ഒന്നാന്തരം ഒരു മണിമുത്തായി മാറും. അവന്റെ പ്രത്യേകതകള്‍ക്ക് വിരുദ്ധമായ മൂശയില്‍ അവനെ വാര്‍ക്കാന്‍ ശ്രമിക്കുന്നത് പരമാബദ്ധമാണെന്നോര്‍ക്കുക. അവന്‍ സ്വര്‍ണ്ണമാണെങ്കില്‍ അവനെ സ്വര്‍ണ്ണഗോപുരമാക്കി മാറ്റുക; സ്വര്‍ണ്ണത്തിന് വര്‍ണ്ണപ്പൂവാകാന്‍ കഴിയില്ല! അവന്‍ വര്‍ണ്ണമാണെങ്കില്‍ അവനെ വര്‍ണ്ണജാലമാക്കിമാറ്റുക; വര്‍ണ്ണത്തിന് സ്വര്‍ണ്ണമാല്യമാകാനും കഴിയില്ല. ഇതും മാതാപിതാക്കള്‍ക്കുള്ള മുന്നറിയിപ്പുതന്നെ!
എന്താടോ ഇത്ര ഗൗരവം എന്നല്ലേ? ലോകത്ത് ഏറ്റവും ഗൗരവമുള്ള വിഷയം ഫലിതബിന്ദുക്കളാകുന്നതെങ്ങിനെ? ആത്മാര്‍ത്ഥമായി പറഞ്ഞതാണ്. അല്‍പം വേദനയോടെ എഴുതിയതാണ്. എന്തുവേദന എന്നാണോ? തെറ്റായി വളര്‍ത്തപ്പെടുത്തകുട്ടികളെ കണ്‍കള്‍ക്കു മുന്നില്‍ കാണുമ്പോഴുള്ളവേദന. തെറ്റായി വളര്‍ത്തപ്പെട്ട കുട്ടികളെ തിന്‍മകള്‍ക്കു പിന്നില്‍ കാണുമ്പോഴുള്ള വേദന!
ഇനിയുമുണ്ട് വേദനിപ്പിക്കുന്ന കാര്യങ്ങള്‍. നോക്കൂ..കുറ്റവാളികള്‍ ആരുമാകട്ടെ, അവരുടെ ഇന്നത്തെ ടാര്‍ഗറ്റ് കുട്ടികളാണ്. പണ്ട്പണ്ടല്ല, ഈയടുത്ത്; കോട്ടയത്തൊരിടത്ത്, പത്താം ക്ലാസ്സുകാരിയായ മകളെ പഠിപ്പിക്കാന്‍ അച്ഛന് വലിയ ഉത്സാഹം! വൈകുന്നേരമായാല്‍ മകളുടെ പഠനമുറിയില്‍ അച്ഛന്‍ പഠിപ്പിക്കലോടു പഠിപ്പിക്കല്‍! അമ്മക്ക് സന്തോഷം.! പഠിപ്പിച്ച് പഠിപ്പിച്ച് അവസാനം കുട്ടിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ലത്രെ! കാര്യം എന്താണെന്നു ഞാന്‍ പറയില്ല; കാരണം അവള്‍ ഒരു കുട്ടിയാണ്, ഒരു കൊച്ചു പെണ്‍കുട്ടി. ഒന്നു മാത്രം സൂചിപ്പിക്കാം; ആ മകള്‍ക്ക് സ്വന്തം അച്ഛന്‍ ബയോളജിക്കു കൊടുത്ത പ്രാക്ടിക്കല്‍ ക്ലാസിന്റെ +ve റിസല്‍ട്ട് പരീക്ഷക്കു മുന്‍പേ വന്നുവത്രെ..!
പീഢനങ്ങളും കൊടും ചതികളും കേരളക്കരയാകെ മുളച്ചുപോങ്ങാന്‍പാകത്തിന് വിത്തുപാകിയതാരാണ്? അതിനു വളമാകാന്‍ പാകത്തിന് അച്ഛന്‍ ആദരണിയനും, അമ്മ മഹാമഹത്വവും, സഹോദര്യം സുസമ്പത്തുമായിരുന്ന നമ്മുറെ പാരമ്പര്യ സംസ്കാരം വേരറുത്ത് ചീയിച്ചു കളഞ്ഞതാരാണ്? പാശ്ചാത്യനും അവന്റെ സംസ്‌കാരവും എന്നൊറ്റവാക്കില്‍ പറഞ്ഞാല്‍ ഉത്തരം പൂര്‍ണ്ണമായില്ല. ടെലിവിഷനും, ഇന്‍റ്റര്‍നെറ്റും, മൊബൈല്‍ഫോണും തുടങ്ങിയ ശാസ്ത്ര സാങ്കേതിക വിദ്യകളാണിതിനൊക്കെ ഉത്തരവാദി എന്നു പറയുന്നവര്‍ പണ്ടാരമടങ്ങട്ടെ! സിനിമയെയും സീരിയലുകളെയുമൊക്കെ ഒറ്റക്കണ്ണനായ പിള്ളേരെപ്പിടുത്തക്കാരനോളം ഭയക്കണം. ഒരു കാര്യം സമ്മതിക്കാം, ഇതിലെല്ലാം നന്‍മയോളമോ, അതില്‍കൂടുതലോ തിന്‍മയുണ്ട്! പക്ഷെ ഒതളങ്ങ കഴിച്ച് ഒരു കുട്ടി മരിച്ചാല്‍ ഒതളങ്ങയെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നവന്‍ പമ്പര വിഡ്ഢിതന്നെ! അതുകഴിച്ച കുട്ടിക്ക് ഒതളങ്ങ വെഷമാണെന്നറിയുകയോ അറിയാതിരിക്കുകയോ ചെയ്യട്ടെ! അവന്റെ പരിസരങ്ങളില്‍ ആ ഒതളങ്ങ നട്ടുപിടിപ്പിച്ചവരും, ഒതളങ്ങയുടെ പരിസരങ്ങളില്‍ അവനെ വിലക്കാതിരുന്നവരുമാണ് കുറ്റക്കാര്‍!
അതെ; എന്റെ കുട്ടി ഏതു സംസ്‌കാരം സ്വീകരിക്കണം എന്നു തീരുമാനിക്കുന്നവര്‍! അവര്‍ ടെലിവിഷനും, ഇന്റര്‍നെറ്റും എങ്ങനെവേണം ഉപയോഗിക്കാന്‍ എന്നു പഠിപ്പിക്കേണ്ടവര്‍; അതില്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യതയും ബാധ്യതയുമുള്ളവര്‍! അവര്‍ക്ക് കൈവിരലുകളും കാതുമുറക്കുന്നതിനു മുന്‍പ് വഴുക്കലും പടുകുഴികളുമുള്ള അനിയന്ത്രിത ബന്ധങ്ങളുടെ ലോകത്തേക്കുള്ള മൊബൈല്‍ഫോണ്‍ എന്ന താക്കോല്‍ നല്‍കണോ ചിന്തിക്കേണ്ടവര്‍! ഒതളങ്ങ വിഷമാണു മക്കളേ എന്നു പറഞ്ഞു പറഞ്ഞ്, വിലക്കി നിര്‍ത്തേണ്ടവര്‍! അനുസരിച്ചില്ലെങ്കില്‍ ശിക്ഷിക്കേണ്ടവര്‍. പാശ്ചാത്യന്റെ പെണ്‍കുട്ടി, കാമുകന്റെ കാറില്‍ വന്നിറങ്ങുമ്പോള്‍ എനിക്കും വേണം കാറുള്ള കാമുകന്‍ എന്നു പറയാതിരിക്കാന്‍ പാകത്തിന് ആ സംസ്‌കാരത്തോട് അറപ്പും നമ്മുടെ സംസ്‌കാരത്തോട് അടുപ്പവും അവരുടെ മനസ്സില്‍ കുഞ്ഞുപ്രായത്തിലേ വളര്‍ത്തിയെടുക്കേണ്ടവര്‍! അവരാണു കുറ്റക്കാര്‍; കുട്ടികള്‍ വഴിതെറ്റുന്നതിനും വഴിതെറ്റി വളരുന്നതിനും..!ഒരുകണക്കിനും പിടിച്ചാല്‍ കിട്ടാത്ത കാളക്കൂറ്റന്റെ ജീനുള്ള കുട്ടികളുടെ നി:സ്സഹായരായ മാതാപിതാക്കളെ മാത്രം ഇവിടെ കുറ്റവിമുക്തരാക്കാം..!
ഇനിയും ഇതുള്‍ക്കൊള്ളാനും പ്രാവര്‍ത്തികമാക്കാനും തയ്യാറല്ലാത്ത മാതാവിനും പിതാവിനും ഞാനിതാ ഒരു സന്തോഷവാര്‍ത്തയറിയിക്കുന്നു.. നിങ്ങള്‍ക്കുവേണ്ടി നിങ്ങളുടെ മക്കള്‍തന്നെ തയ്യാറാക്കുന്നുണ്ട് വൃദ്ധസദനങ്ങളും, വീടിന്റെ പിന്നാമ്പുറത്തെങ്ങോ ഇരുണ്ട ഒരു കുഞ്ഞ് ഒറ്റമുറിയും!
10 comments:
അവന്‍ സ്വര്‍ണ്ണമാണെങ്കില്‍ അവനെ സ്വര്‍ണ്ണഗോപുരമാക്കി മാറ്റുക; സ്വര്‍ണ്ണത്തിന് വര്‍ണ്ണപ്പൂവാകാന്‍ കഴിയില്ല! അവന്‍ വര്‍ണ്ണമാണെങ്കില്‍ അവനെ വര്‍ണ്ണജാലമാക്കിമാറ്റുക; വര്‍ണ്ണത്തിന് സ്വര്‍ണ്ണമാല്യമാകാനും കഴിയില്ല. ഇതും മാതാപിതാക്കള്‍ക്കുള്ള മുന്നറിയിപ്പുതന്നെ!
നല്ല വരികൾ , ആശംസകൾ
സൂപ്പർ..... ആശംസകൾ
strong subject and a strong way of writing! best wishes.
അവസാന പാരഗ്രാഫില്‍ പറഞ്ഞത് കാര്യം തന്നെ
കുട്ടി നന്നാവുന്നതും ചീത്തയാവുന്നതും അവനെ വളര്‍ത്തുന്ന വിധത്തില്‍ നിന്ന് !
പോസ്റ്റ് നന്നായി
ആത്മരോഷം മുഴുവന്‍ വാക്കുകളില്‍ക്കൂടി പുറത്തുവന്നിട്ടുണ്ട്. കുട്ടികളെ വളര്‍ത്തുന്നതില്‍ വളരെ പാസ്സീവായി നില്‍ക്കുന്ന, വേണ്ടതെല്ലാം ഒരുക്കിക്കൊടുക്കുന്നതില്‍ മാത്രം ശ്രദ്ധിക്കുന്ന മാതാപിതാക്കളാണ് സമൂഹത്തിന്റെ ശാപം.
മാഷേ ഭയങ്കര ധാര്‍മ്മിക രോഷത്തിലാണല്ലോ.ഓണത്തിനു നാട്ടിലേക്കു വരുന്നുണ്ടല്ലേ?
പ്രസക്തമായ ചിന്തകൾ..
ആദ്യ വിദ്യാലയം അമ്മയുടെ മടിത്തട്ടാണ്. അതിനിപ്പോൾ കുട്ടികൾക്ക് മടിത്തട്ടും ചുമലും ഇല്ലല്ലോ. ഉന്തു വണ്ടികളല്ലേ വാങ്ങുന്നത്. ഇന്ന് തങ്ങളുടെ സുഖ സൌകര്യങ്ങൾക്ക് വേണ്ടി മക്കളെ മാറ്റിപ്പാർപ്പിക്കുന്ന മാതാപിതാക്കളെ ആ മക്കൾ നാളെ വൃദ്ധസദനങ്ങളിൽ അടച്ചിട്ടില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ..
Daaa ninte web site : www.aluvavala.tk check that link :)
Post a Comment