Friday, August 14, 2009

ആകാശഗംഗയിലെ വല്ലിമ്മമാര്‍‌-2

പൗര്‍ണ്ണമിയില്‍ പ്രശോഭിതയായ വാനിലേക്കു നിര്‍ന്നിമേഷനായി നോക്കുന്ന പൈതലിന്റെ മനസ്സോടെയാണ് ഇപ്പോഴും പെരുമ്പാവൂരിനെക്കുറിച്ചുള്ള ഓര്‍മ്മകളിലേക്ക് ഞാന്‍ തലപൊക്കി നോക്കുക!‍ അപ്പോഴൊക്കെയും ഓര്‍മ്മയിലെ ആ പ്രകാശിതപ്രദേശത്തിന്റെ ഒത്തനടുക്ക് ഒരു പൂര്‍ണ്ണചന്ദ്രിക അതിരറ്റ വാത്സല്യത്തോടെ, നിര്‍ബ്ബന്ധപുര്‍വ്വം എന്നെ മാടിവിളിക്കും! അപ്പോള്‍ എന്റെ മനസ്സിന്റെ കൊച്ചരിപ്പല്ലുകള്‍ അറിയാതെ പുഞ്ചിരിതൂകും; ആത്മാവിന്റെ കുഞ്ഞിക്കൈകള്‍ രണ്ടും നീട്ടി ഞാനാ മടിത്തട്ടിലേക്ക് ഓടിയടുക്കും! തൊട്ടടുത്ത് കാത്തുവച്ചിരിക്കുന്ന പൊതിയഴിച്ച് പഴവും പപ്പടവടയും ഉണ്ണിയപ്പവും എന്റെ കുഞ്ഞുവായിലേക്കും, ചുബനങ്ങളുടെ അത്തറുമണങ്ങള്‍ എന്റെ ഇരുകവിളിലേക്കും കുത്തിനിറച്ച്..പെരുമ്പാവൂരെ എന്റെ വല്ലിമ്മ നിറഞ്ഞ കണ്ണുകള്‍ തുടക്കും..!

കുഞ്ഞുമക്കളെക്കാണുമ്പോള്‍ വല്ലിമ്മയുടെ കണ്ണുനിറയുന്നതെന്തിനാണ്? സന്തോഷം കൊണ്ടാണെന്ന് വല്ലിമ്മ പറയും. കണ്ണുനീര്‍ ഒരര്‍ത്ഥത്തില്‍ ചതിയനാണ്; സന്തോഷത്തെ സങ്കടമെന്നും സങ്കടത്തെ സന്തോഷമെന്നും അത് തെറ്റിദ്ധരിപ്പിച്ചുകളയും! സന്തോഷത്തിന്റെ കണ്ണുനീരിന് ഉണ്ണിയപ്പത്തിന്റെ നിറവും മാമ്പഴത്തിന്റെ ഗന്ധവും ദൈവം നല്‍‌കണമായിരുന്നു. തിരിച്ചറിവില്ലാത്ത മക്കള്‍ മാതൃത്വത്തിന്റെ വിവിധ വികാരങ്ങളെ തിരിച്ചറിയാതെ പോകരുതല്ലോ? ഇക്കാലത്ത് സങ്കടത്തിന്റെ കണ്ണുനീരിന് കടുംചുവപ്പുനിറമുണ്ട്, റോസാപൂവിന്റെയും ചോരയുടെയും ചുവപ്പ്; പക്ഷെ ഗന്ധം അധികവും ചോരയുടേതാണ്!

സ്കൂളവധിക്കാലങ്ങളില്‍ നാട്ടിന്‍പുറത്തൊക്കെയും മഞ്ഞനിറമുള്ള കമ്മല്‍‌പൂക്കള്‍ വിരിഞ്ഞുനിറയാറുണ്ട്. ഇതുപോലെ‍, അവധിക്കാലത്തുമാത്രം ഭൂമിയില്‍ ഉയര്‍ന്നുവരുന്ന ഒരു വിശുദ്ധഗേഹമാണ് പെരുമ്പാവൂരെ ആ പഴയ തറവാട് എന്നെന്റെ കുഞ്ഞുമനസ്സ് തെറ്റിദ്ധരിച്ചിട്ടുണ്ട്; അപ്പോള്‍ മാത്രമാണല്ലോ അങ്ങോട്ടുപോകാറുള്ളൂ! അവധിയാകുമ്പോള്‍ ചുറ്റും വന്നണയുന്ന മക്കള്‍ക്കും കുഞ്ഞുമക്കള്‍ക്കും വേണ്ടി ബാക്കിയുള്ളകാലങ്ങളത്രയും കാത്തുകാത്തിരുന്നു വിരുന്നൊരുക്കിയ വല്ലിമ്മക്ക് ഞങ്ങളുടെ മനസ്സെന്ന ആകാശഗംഗയില്‍ മറ്റെന്തിനേക്കാളും വിശാലമായൊരു കൊട്ടാരമുയര്‍ന്നതിന്റെ ഒരുപാടുകാരണങ്ങളില്‍‍ വളരെക്കുറച്ചേ വിവരണത്തനു വിധേയമാക്കാന്‍ സാധിക്കുന്നതായുള്ളു.

വിണ്ണോളം വിനയവും മലയോളം മാന്യതയും മാലാഖയോളം വിശുദ്ധിയും, വല്ലിമ്മയുടെ കാതില്‍ വല്ലിപ്പ കെട്ടിക്കൊടുത്ത് വട്ടത്തില്‍ തൂങ്ങിയാടിയ അലിക്കത്തുകളേക്കാള്‍ ആ മുഖം പ്രകാശപൂരിതമാക്കിയിരുന്നു എന്നത് അലങ്കാരത്തിനുവേണ്ടിപ്പറയുന്നതല്ല. പക്ഷെ, ഇതിലുമൊക്കെയേറെ ഞങ്ങളുടെ ഓര്‍മ്മകളുടെ കൊട്ടാരത്തിലെ അമൂല്യമായ നിധികള്‍ ഒരു കുസൃതിക്കുരുന്നോളം കുട്ടിത്തം കിനിഞ്ഞ വല്ലിമ്മയുടെ മായാചിത്രങ്ങളാണ്. അതെ, വല്ലിമ്മയെക്കാള്‍ ഓമനത്തവും കൗതുകവുമുള്ള ഏതു പൈതലാണ് എന്റെ മടിയില്‍ കയറിയിരുന്ന് കവിളില്‍ നുള്ളി കളിപറഞ്ഞിട്ടുള്ളത്?
ഓര്‍മ്മകളുടെ രാജപാതയില്‍, കൈവിട്ടുപോയ ആ പഴയവീട്ടിലെ കൊച്ചുമുറിയില്‍‍ വല്ലിമ്മയെ കെട്ടിപ്പുണര്‍ന്നു കിടക്കുകയാണു ഞാനിപ്പോള്‍. ഈ നിറഞ്ഞൊഴുകുന്ന കണ്ണുനീര്‍തുള്ളികളും ഉതിര്‍ന്നുവീഴുന്ന പുഞ്ചിരികളും മനസ്സുനിറഞ്ഞൊഴുകുന്ന പ്രാര്‍ത്ഥനകളും സ്വര്‍ഗ്ഗപ്പൂങ്കാവനത്തില്‍ വല്ലിമ്മയുടെ തറാവാട്ടുമുറ്റത്തെ പാരിജാതങ്ങളായിമാറട്ടെ..! ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം എന്ന് പാടിയ കവി പ്രഗത്ഭന്‍ തന്നെയാണല്ലേ?

ഗോതമ്പുപൊടിച്ച് പുട്ടുണ്ടാക്കി മക്കളെ ചുറ്റുമിരുത്തി നിര്‍ബ്ബന്ധിച്ച് തീറ്റിക്കുമ്പോഴും, കണ്ണുതെറ്റുന്ന തക്കത്തിന് ഒരു മജീഷ്യന്റെ കരവിരുതോടെ വല്ലിമ്മ തന്റെ പങ്ക് തൊട്ടടുത്തയാളുടെ പാത്രത്തിലേക്ക് മാറ്റിക്കളയും. അയാള്‍ വീണ്ടൂം പാത്രത്തിലേക്കു നോക്കി 'എന്റെ പുട്ട് തീര്‍ന്നില്ലേ..' എന്നന്തം‌വിടുമ്പോള്‍ ചുമ്മാ ഒരേമ്പക്കവും വിട്ട് എഴുന്നേറ്റുപോകുന്നത് മറ്റാരുമല്ല ഞങ്ങളുടെ സ്വന്തം വല്ലിമ്മയാണ്... അതുകൊണ്ടാണ് എന്റെ വില്ലനനിയന്‍ വല്ലിമ്മയെ 'കുഞ്ഞിപ്പെണ്ണേ' എന്നു വിളിച്ചത്!

അവധിക്കാലമായിട്ടും മക്കള്‍ക്കുവേണ്ടി കായ്‌ക്കാത്ത മാവിനെ ശാസിക്കുകയും, ശേഷം ആശ്വസിപ്പിക്കുകയും ചെയ്യുന്ന കാഴ്‌ചകളൊക്കെ ഞാന്‍ വയസ്സായി സര്‍‌വ്വതും മറന്നാലും മറക്കാത്തത്ര രസദായകങ്ങളായിരുന്നു!

ഗുളികയും വെള്ളവും കൊണ്ടുക്കൊടുക്കുമ്പോള്‍ ആ സുന്ദരിക്കോതയുടെ മുഖം ചുളുങ്ങും. 'മോനങ്ങു കുടിച്ചോടാ..' എന്നപ്രതികരണത്തിനു ശേഷം വിരിയുന്ന പുഞ്ചിരിക്ക് എന്തൊരു മധുരമാണ്! അവിടെയെങ്ങാനും നമ്മുടെ കണ്ണൊന്നു തെറ്റിയാല്‍ ഗുളിക കട്ടിലിനടിയിലേക്കിട്ട് വെള്ളം മാത്രം കുടിച്ചുകളയും ആ 'കൊച്ചുകുട്ടി'! അടിച്ചുവാരുന്നവരെ ആ കട്ടിലിന്റെ ഏഴയലത്തേക്ക് വല്ലിമ്മ അടുപ്പിക്കാതിരുന്നതിന്റെ ഈ ഗുട്ടന്‍സ് വളരെ വൈകിയാണ് ഞങ്ങള്‍ക്ക് പിടികിട്ടിയത്..!

ഉണക്കാനിട്ട നെല്ല് കൊത്തിയെടുക്കാന്‍ വന്ന ഒരു പാവം കോഴിയുടെ പപ്പുംപൂടയും പറിച്ചുവിട്ട നിറം‌പിടിപ്പിച്ചകഥയും, ഇതുപോലുള്ള മറ്റുപലകഥകളും വല്ലിമ്മയുടെ ഓര്‍മ്മകളില്‍ ചിരിയായി പടരാറുണ്ട്. വല്ലിമ്മയുടെ ചുറ്റുമിരുന്ന് മക്കള്‍ ഈ കഥകളൊക്കെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പറയുമ്പോള്‍ ചെറിയൊരു ചമ്മലോടെ വല്ലിമ്മ അതൊക്കെ ആസ്വദിക്കുമായിരുന്നു..!

പക്ഷെ സ്വന്തം കാര്യത്തിലെ ഈ അലസകുസൃതികളൊക്കെ മക്കളുടെ കാര്യങ്ങളില്‍ അത്ഭുതകരമായ അതിസൂക്ഷ്‌മതക്കു വഴിമാറുന്നത് കാണാം. മക്കളുടെ ചെറിയ ചെറിയ തെറ്റുകള്‍ പോലും വ്യക്തമായ നിര്‍ദ്ദേശങ്ങളിലൂടെയും കൃത്യമായ ശിക്ഷകളിലൂടെയും തുടച്ചുമാറ്റാന്‍ വല്ലിമ്മക്കു കഴിഞ്ഞിരുന്നു. മക്കള്‍ നന്നായി വളരുന്ന കാര്യത്തില്‍, അവരെ ചിട്ടയില്‍ വളര്‍ത്തുന്ന കാര്യത്തില്‍ അതിപ്രഗത്ഭയായ പണ്ഡിതയോ അനുകരണീയയായ അധ്യാപികയോ ഒക്കെയായിരുന്നു വല്ലിമ്മ.

ഇപ്പോഴും മിക്കദിവസങ്ങളിലും കിടക്കുന്നതിനു മുന്‍പ് അടുക്കളവൃത്തിയാക്കി അടിച്ചുവാരുമ്പോള്‍ എന്റെ ഉമ്മ കൗതുകത്തോടെ വല്ലിമ്മയെക്കുറിച്ചു പറയും. ഒരിക്കല്‍, ചെറുപ്പത്തില്‍ വല്ലിമ്മ ചുമതലപ്പെടുത്തിയതനുസരിച്ച് രാത്രി കിടക്കുന്നതിനു മുന്‍പ് വീടും അടുക്കളയുമൊക്കെ ഉമ്മ അടിച്ചുവാരി. രാവിലെ കളയാം എന്നു കരുതി അതെല്ലാം കൂടി വീടിന്റെ ഒരു മൂലയിലേക്ക് ഉമ്മ തടുത്തുകൂട്ടി. ഇതു കണ്ടുകൊണ്ടു വന്ന വല്ലിമ്മ ചെയ്‌തതെന്താണെന്നോ..? അടുക്കളമൂലയിലേക്കടിച്ചു കൂട്ടിയ സകലവേസ്റ്റുകളും വാരിയെടുത്ത് ഉമ്മയുടെ ചുരുണ്ടുസമൃദ്ധമായ കാര്‍ക്കൂന്തല്‍ തിങ്ങിയ തലയിലേക്കിട്ടുകളഞ്ഞു..! മുറിയുടെ മൂലയിലേക്ക് ചവറും പൊടിയും അടിച്ചുകൂട്ടിയതിന്റെ ശിക്ഷ..! തലയില്‍ നിന്നും ആ പൊടിമുഴുവന്‍ പോയിത്തീരാന്‍ ഒന്നുരണ്ടു ദിവസങ്ങളെടുത്തുവത്രെ. അതില്‍‌പിന്നെ ഇന്നേവരെ ഉമ്മ വീടുവൃത്തിയാക്കി പൊടിയും മറ്റും പുറത്തുകൊണ്ടുപോയിക്കളഞ്ഞിട്ടല്ലാതെ ഉറങ്ങിയിട്ടില്ല..!

പലര്‍ക്കും ഇതു വലിയൊരു സംഭവമായി തോന്നില്ലായിരിക്കാം! പക്ഷെ തലമുറകള്‍ കൈമാറേണ്ടുന്ന ഒരു നല്ലശീലമാണ് ആ സംഭവത്തിലൂടെ വല്ലിമ തന്റെ മകളെ പഠിപ്പിച്ചത് എന്നുതിരിച്ചറിയുമ്പോള്‍ അതെങ്ങനെ വലുതല്ലാതാകും? തലയിലിടുന്ന തട്ടത്തിന്റെ കാര്യത്തിലും, കണ്ണെഴുതുന്ന രീതിയിലും വരെ വല്ലിമ്മയുടെ നിര്‍ദ്ദേശങ്ങളല്ലാതെ മക്കള്‍ നടപ്പാക്കിയിരുന്നില്ല. മക്കളെ ഇത്തരത്തില്‍ പാഠങ്ങള്‍ പഠിപ്പിക്കുന്ന ഉമ്മമാരാണ് സമൂഹത്തിന്റെ നട്ടെല്ലുകള്‍; ഇന്നു നമുക്ക് കൈമോശം വന്നതും അതാണ്.ന‌ന്‍‌മയുടെയും നേരിന്റെയും ചട്ടക്കൂടിലും ചിട്ടവട്ടത്തിലുമല്ലാതെ മക്കള്‍ ഒരിഞ്ചു പോലും വളരരുത് എന്ന നിര്‍‌ബ്ബന്ധബുദ്ധിയാണ് വല്ലിമ്മയുടെ ഒന്‍‌പതില്‍ ഒന്‍‌പതു മക്കള്‍ക്കും സത്യസന്ധതയുടെയും, ജീവിതവിശുദ്ധിയുടെയും വിജയവഴികളില്‍ അന്‍‌പതില്‍ അന്‍‌പതു മാര്‍ക്കും നേടിക്കൊടുത്തത്.

പതിനൊന്നുകൊല്ലം മുന്‍പത്തെ റമദാനില്‍ തന്റെ പ്രിയപ്പെട്ട രണ്ടാമത്തെ മകന്റെ വിയോഗവേളയില്‍ പടച്ചവന്റെ ആ തീരുമാനത്തെ സുമനസ്സാലെ അംഗീകരിച്ച് സ്വയം തളരാതെ പ്രാര്‍ത്ഥനാനിരതയായിരുന്ന സാധുവായ ആ ഉമ്മയെയല്ലാതെ മറ്റാരെയാണു മാതൃത്വം മാതൃകയാക്കേണ്ടത്? തന്റെ എല്ലാമെല്ലാമായിരുന്ന സഹോദരന്റെ മയ്യിത്ത് നമസ്‌കാരത്തിന് ധീരമായിട്ടെഴുന്നേറ്റു നിന്ന് നേതൃത്വം നല്‍‌കാന്‍ ആ വല്ലിമ്മയുടെ മകള്‍ക്ക് കഴിഞ്ഞതില്‍ പിന്നെയെന്തിനത്ഭുതപ്പെടണം! മാതൃത്വം എന്നവാക്കുപോലും സ്വയമേ വന്‍‌മഹത്വമായിരിക്കെ മാതൃത്വത്തിന്റെ ഈ മഹാമാതൃകയെ ആദരിച്ചഭിസംബോധന ചെയ്യാന്‍ സ്വര്‍ണ്ണംകെട്ടിയ വാക്കുകള്‍ ലോകത്ത് ഇനിയും പിറവിയെടുക്കേണ്ടിയിരിക്കുന്നു!

വലിമ്മയില്ലാത്ത ഈ ലോകത്തേക്ക് മൂന്നാമത്തെ റമദാനും കടന്നു വരുന്നു. മൂന്നുകൊല്ലം മുന്‍‌പ് സ്വര്‍ഗ്ഗവാതിലുകളെല്ലാം തുറന്നു കിടന്ന റമദാനിലെ ഒരു വെള്ളിയാഴ്‌ച, പടച്ചവന്റെ പ്രിയ ദാസരും മാലാഖമാരും ജുമുഅ*യില്‍ സുജൂദില്‍ കിടക്കവേ, വല്ലിമ്മ പടച്ചവന്റെ വിളിക്കുത്തരം നല്‍കി ചിരിച്ചുകൊണ്ടു സ്വര്‍ഗ്ഗത്തിലേക്കു യാത്രയായി. പെരുമ്പാവൂര്‍ കണ്ണന്തറപ്പള്ളിയില്‍ ആ ദിവസം തന്നെ ആ പുതിയ മയ്യത്തുകട്ടില്‍ പണിതീര്‍ന്നുവന്നതില്‍ പടച്ചവന്റെ കളിയുണ്ടാകുമോ? ഉണ്ടാകും..!

എങ്ങിനെയായിരിക്കും എന്റെ വല്ലിമ്മപ്പെണ്ണിന്റെ ജീവന്‍ പോയിട്ടുണ്ടാകുക..? അസ്‌റായീല്‍(അ)* എന്തു സ്വകാര്യമായിരിക്കും വല്ലിമ്മയുടെ കാതില്‍ പറഞ്ഞിട്ടുണ്ടാകുക..? സ്വര്‍ഗ്ഗത്തില്‍ വച്ച് എന്നെ വീണ്ടും മാടിവിളിക്കുമ്പോള്‍ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് കവിള്‍നിറച്ച് മുത്തംകൊടുത്തിട്ട് ചോദിച്ചുനോക്കണം..!

പരമകാരുണികനായ തമ്പുരാനേ.. അവര്‍ ഞങ്ങളെ ചെറുപ്പത്തില്‍ ഓമനിച്ചു വളര്‍ത്തിയതുപോലെ നീ അവരെയും ഓമനിക്കേണമേ..!
-------------------------------------------------------------------
ജുമുഅ-വെള്ളിയാഴ്‌ച ഉച്ചനേരത്തെ നമസ്‌കാരം.
അസ്‌റായീല്‍-മരണത്തിന്റെ മലക്ക്.

6 comments:

Aluvavala said...

പരമകാരുണികനായ തമ്പുരാനേ.. അവര്‍ ഞങ്ങളെ ചെറുപ്പത്തില്‍ ഓമനിച്ചു വളര്‍ത്തിയതുപോലെ നീ അവരെയും ഓമനിക്കേണമേ..!

ശ്രീ said...

ആദ്യ കമന്റില്‍ നിന്നു തന്നെ ആ മനസ്സ് വായിയ്ക്കാം.

നല്ല ഓര്‍മ്മകള്‍...

അരുണ്‍ കരിമുട്ടം said...

നന്നായിരിക്കുന്നു

appsglobe said...

Kollam..

ramanika said...

വല്ലിമ്മ - ഓര്‍മ്മകളുടെ കൊട്ടാരത്തിലെ അമൂല്യമായ നിധി!

Anonymous said...

Let valimmas soul rest in peace ...Really touching