കുഞ്ഞിപ്പരീതിന് പണ്ടേ താല്പര്യം കാളക്കച്ചവടത്തോടാണ്. അവന്റെ ഫാമിലി ബിസിനസ്സാണത് എന്നത്കൊണ്ട് മാത്രമല്ല ആ താല്പര്യം. ഐശ്വര്യ അഭിഷേകിനെ കെട്ടണകണ്ട് ഐശുമ്മ അങ്ങേരെ കെട്ടാന്‍ പോയാല്‍ ഒള്ള കെട്ട്യോനുംകൂടി ഇല്ലാതെപോകും എന്ന സത്യം കുഞ്ഞിപ്പരീതിന് നന്നായിട്ടറിയാമായിരുന്നു. അത്കൊണ്ടാണ് പത്താം ക്ലാസ്സിലെ ബാക്കി കുട്ടികളെപ്പോലെ വലുതാകുമ്പോള്‍ എം.ബി.ബി.എസ് എടുത്ത് വൃക്കക്കച്ചവടം നടത്തണമെന്നും, എഞ്ജിനീറിംഗ് പാസ്സായി കമ്പി സിമന്റ് കച്ചവടം നടത്തണമെന്നുമുള്ള മോഹം മാറ്റിവച്ച് വാപ്പ മൂത്താപ്പമാരെപ്പോലെ കാളക്കച്ചവടം നടത്താന്‍ ആ മിടുക്കന് തീരുമാനിച്ചത്. പിന്നെ കുറച്ച് കാലം കാളക്കച്ചവടം ചെയ്ത് എക്സ്പീരിയന്‍സായിക്കഴിയുമ്പോള്‍ രാഷ്ടീയത്തിലും ഒന്ന് പയറ്റണം എന്ന അവന്റെ പരമമായ ലക്ഷ്യം ഏറ്റവും അടുത്ത കൂട്ടുകാരോട് മാത്രം തുറന്ന് പറഞ്ഞിട്ടുണ്ട്! എത്ര കൃത്യമായ പ്ലാനിംഗ് അല്ലേ?
കുഞ്ഞിപ്പരീത് പത്താം ക്ലാസ്സിലേക്ക് കടന്നപ്പോള്‍തന്നെ അവന്റെ വാപ്പ കുളമ്പ് മീതീന്‍പിള്ളക്ക് സന്തോഷമായിരുന്നു. "മോന് പത്താം ക്ലാസ് കഴിഞ്ഞിട്ട് വേണം കച്ചവടമൊക്കെ അവനെ ഏല്‍പ്പിച്ച് എനിക്കൊന്നു സ്വസ്ഥമാകാന്‍" എന്ന് നിഷ്കളങ്കനായ ആ പിതാവു പറഞ്ഞതായി ആകാശവാണിഷാജി നേരിട്ട് കേട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനെത്തുടര്‍ന്നാണ് പത്താം ക്ലാസ്സ് കഴിഞ്ഞ ഒരു പയ്യനെ കാളക്കച്ചവത്തിനു വിടുന്നതിലെ ദുരൂഹതയെക്കുറിച്ചും അത് ലോകത്തുണ്ടായേക്കാവുന്ന ദുരന്തങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ എടത്തലയില്‍ ചൂട്പിടിച്ചതും, പരിസ്ഥിതി പ്രവര്‍ത്തകരും പൗരാവലിയും അടക്കമുള്ളവര്‍ അതേറ്റെടുത്ത് " സേവ് കുഞ്ഞിപ്പരീത് ആക്ഷന്‍ കൌന്സില്" രൂപീകരിച്ചതും! കൌന്സില് പ്രസിഡന്‍ഡ് കുഞ്ചാട്ടുകര സ്കൂളിലെ ജ്യോഗ്രഫി അദ്ധ്യാപകന് ഹരിഹരന് സാറിന്റെ നേതൃത്വത്തില്‍ സ്കൂളില്‍ വച്ചു കൂടിയ പത്താമത് മീറ്റിംഗില്‍ മീതീന്‍ പിള്ളയുടെ വീട്ടിലേക്ക് ഒരു മൗനജാഥ നടത്താനും മീതീനെ പരസ്യമായി വിചാരണ ചെയ്യാനും തീരുമാനിക്കുകയും അതിനായി "ലോക ആക്ഷ ന്‍കൌന്‍സില്‍ ഡേ" തന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. ആലുവ പാലസില്‍ വച്ചു നടത്തിയ പത്രസമ്മേളനത്തില്‍ ജാഥ ഔദ്യോഗികമായി വിളംബരം ചെയ്തു.
ഹരിഹരന് സാറിന്റെ നേതൃത്വത്തില്‍ 'മൗനജാഥ' കുഞ്ചാട്ടുകരയില്‍ നിന്നും ആരംഭിച്ചു. "ഇങ്കിലാബ് സിന്താബാ...മൗനജഥ സിന്താബ..!" എന്ന് ഹരിഹരന് സാറ് വിളിച്ചു കൊടുത്തപ്പോള്‍ വിപ്ലവ കുതുകികളും വിദ്യാ സമ്പന്നരുമായ അനേകം അനുയായികള്‍ ഏറ്റു വിളിച്ചു; "അങ്ങനത്തന്നെ അങ്ങനത്തന്നെ..!" 'മൗനജാഥ' എടത്തലയാകെ കുലുക്കി. പക്ഷെ മീതീന്‍പിള്ളക്കുണ്ടോ വല്ല കുലുക്കവും? അയാള്‍ കൂളായിട്ടിരുന്ന് കാടി കലക്കി, തന്റെ പ്രിയപ്പെട്ട കാളകള്‍ക്കു വേണ്ടീ!
മൗനജാഥ മീതീന്‍പിള്ളയുടെ വീടിനു മുന്നിലെത്തിയതും അണികളുടെ ആവേശം അലതല്ലി; ദിഗന്തങ്ങള്‍ നടുങ്ങുമാറ് അവര്‍ വിളിച്ചു. "മീതീന്‍പിള്ള കാടി കലക്കല്‍ അവസാനിപ്പിക്കുക!", "കുഞ്ഞിപ്പരീതിനെ ഡോക്ടറാക്കുക!"; "കാളക്കച്ചവടം മുതലാളിത്ത അധിനിവേശം!...."
കുറച്ചുനേരം മീതീന്‍ പിള്ള ചിരിച്ചു ക്ഷമിച്ചിരുന്നെങ്കിലും പത്രപ്രവര്‍ത്തകരെക്കൂടിക്കണ്ടപ്പോള്‍ കക്ഷിയുടെ കണ്ട്രോള് പോയി. ജാഥക്കാരില്‍ അധികവും ഇടതുപക്ഷക്കാരാണെന്നു മനസ്സിലാക്കിയ തന്ത്രശാലിയായ അയാള്‍ അടുക്കളയില്‍ നിന്നും അരിവാളും തട്ടിന്‍പുറത്ത് നിന്നും ചുറ്റികയും എടുത്ത് ഇരുകയ്യിലും ഉയര്‍ത്തിപ്പിടിച്ച്കൊണ്ട് അലറി "അറുത്ത്കളയും, അലവലാതികളേ..! എന്റെ മോനെ എന്തു ചെയ്യണം എന്ന് എനിക്കറിയാം; ഒരു കൌന്സിലും ജാതേം എന്നെ ഒരു ചുക്കും ചെയ്യൂല്ല!" അരിവാളും ചുറ്റികയും കണ്ടപ്പോള്‍ കമ്മ്യൂണീസ്റ്റ് അണികള്‍ ബഹുമാനപൂര്‍വ്വം വണങ്ങി അടങ്ങി; പേടിയോ ആദരവോ..?
ഹരിഹരന് സാറ് ചെറിയ വിറയോടെ അരിവാളില്‍ ഒരുകണ്ണുവച്ച് മുന്നോട്ട് വന്നു. "മിസ്റ്റര്‍ മീതീന്‍പിള്ള! ഞങ്ങള്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കണം; നിങ്ങളുടേയും മോന്റ്റെയും നാടിന്റേയും നന്മക്കു വേണ്ടിയാണ്".
"ഒന്നു പോ സാറേ; കാലത്ത് മൊതല് വൈന്നേരം വരെ നിങ്ങള്‍ പറയണ കേള്‍ക്കണ പിള്ളേരല്ലേ ഇവിടെ കഞ്ചാവും കള്ളൂം കുടിച്ച് കുളിസീന്‍ കാണാന്‍ നടക്കണത്? എന്നിട്ടിപ്പോ മീതീന്‍പിള്ളക്ക് നന്മ തരാന്‍ നടക്കണ്! സാറിന് വേണോങ്കി സാറിന്റെ മോനെ ഡോക്ടറാക്ക്; അതിനെന്റെ മോനെക്കിട്ടൂല്ല; വെറുതെ സമരം നടത്തി തല്ലുകൊള്ളാനും പട്ടിണികെടന്നു ജീവിക്കാനൊന്നും എന്റെ മോനെ വിടൂല്ലാന്ന്..മനസ്സിലായോ?
"ഏതായാലും പത്തുജയിച്ച കുട്ടിയെ കാളക്കച്ചവടത്തിനു വിടാന്‍ ഞങ്ങള്‍ സമ്മതിക്കൂല്ല! അവനെ പഠിപ്പിക്കണം; പഠിപ്പിച്ചേ പറ്റൂ..!"
"അതിന് അവന് പത്താം ക്ലാസ്സെങ്ങാനും ജയിച്ചു പോയാലല്ലേ..ഹ ഹ്ഹാ..! ജയിക്കട്ടെ! ജയിച്ചാ അപ്പോനോക്കാം..! സാറേ..അവനേ മീതീന്‍പിള്ളേടെ മോനാ..!"
അങ്ങനെ....; ജയിച്ചാല്‍ അവനെ പഠിപ്പിക്കണം എന്ന ഉപാധിയില്‍ ജാഥക്കാര് പിരിഞ്ഞു പോയി.
അതെ! അത്ര പ്രതീക്ഷയാണ് ആ പിതാവിന് മോനെക്കുറിച്ച്. തന്റെ കച്ചവടം ഗംഭീരമായി നോക്കി നടത്താനുള്ള എല്ലാ യോഗ്യതകളും തികഞ്ഞ ആ മകന് അയാള്‍ക്കഭിമാനമായിരുന്നു. അതിനു വിപരീതമായി അവന് പത്താംക്ലാസ്സെങ്ങാനും പാസ്സായിപ്പോയാല്‍ ആ പിതാവ് ചങ്കുപൊട്ടി മരിക്കും. കുഞ്ഞിപ്പരീതും അതിനു വേണ്ടീയുള്ള എല്ലാ പ്രിപ്പറേഷനും നടത്തിയിരുന്നു. "പത്താം ക്ലാസ്സില്‍ എത്ര പേപ്പറുണ്ടെടാ കുഞ്ഞിപ്പരീ.." എന്ന് ചോദിച്ചാ "പേപ്പറൊന്നൂല്ല..; എന്റെ കയ്യിലൊരു നോട്ട്ബുക്കുണ്ട്" എന്നു മറുപടി പറയാവുന്ന രീതിയില്‍ അവന് ഡെവലപ് ചെയ്തിരുന്നു!
എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞു! ആക്ഷന്‍കമ്മിറ്റിക്കാര്‍ കണ്ണില്‍ പാമോയിലൊഴിച്ച് നോക്കിയിരിക്കുന്നതിനാല്‍ റിസല്‍ട്ട് വന്നിട്ടുമതി മകന്റെ കച്ചവടപ്രവേശം എന്ന് മീതീന്‍പിള്ള തീരുമാനിച്ചിരുന്നു. എങ്കിലും റിസല്‍ട്ട് എന്തായിരിക്കും എന്നുറപ്പുള്ളത് കൊണ്ട് രാവിലെ നാലുമണീക്ക് എല്ലാരും ഉറങ്ങുമ്പോള്‍ ചന്തയിലേക്കുള്ള കാളയടി മുതലുള്ള ചെറിയ ചെറിയ കാര്യങ്ങള്‍ കുഞ്ഞിപ്പരീത് സ്വയം ഏറ്റെടുത്ത് സന്തോഷപൂര്‍വ്വം നടത്തി വന്നു. റിസല്‍ട്ടിന്റെ ദിവസമായതൊന്നും അവന് അറിഞ്ഞില്ല. ആക്ഷന്‍ കമ്മിറ്റിയെ വെല്ലുവിളിച്ചിരുന്നത് കൊണ്ട് മീതീന്‍പിള്ള ആ ദിവസം ഓര്‍ത്തു വച്ചിരുന്നു!
അങ്ങനെ ആ ദിവസം പുലര്‍ന്നു. എടത്തലക്കാര്‍ മുഴുവന്‍ കവലയിലേക്കൊഴികി. സൂര്യന് പതിവു കറക്കത്തിനു പോകാതെ ആ വാകയുടെ പിന്നില്‍ ടെന്‍ഷനടിച്ച് നില്‍പ്പുണ്ട്. പക്ഷെ മീതീന്‍പിള്ളയും കുഞ്ഞിപ്പരീതും ഇപ്പോഴും കൂള്‍ കൂള്‍. ഇന്റര്‍ നെറ്റിലും ടെലഫോണിലും ഒക്കെ റിസല്‍ട്ടറിയാനുള്ള സൗകര്യം ഉണ്ടെങ്കിലും എല്ലാവരുടെയും മുന്പില് വച്ച് അഭിമാനത്തോടെ റിസല്‍ട്ട് പ്രഖ്യാപിച്ച് മകന്റെ കയ്യില്‍ കാളയുടെ കയര്‍ ഏല്‍പ്പിക്കണം എന്നത് മീതീന്‍പിള്ളയുടെ വാശിയായിരുന്നത്കൊണ്ട് പരീക്ഷാനമ്പര്‍ ടിയാന് രഹസ്യമാക്കി വച്ചിരുന്നു.
എല്ലാ കണ്ണുകളും പത്രം വരുന്ന വഴിയിലേക്ക് നട്ടിരിക്കുന്നു. പത്രക്കാരന് സുധി ഹീറോ സൈക്കിളില്‍ വളവു തിരിഞ്ഞതും കവലയിലുള്ള സകല ചന്തികളും ഇരിപ്പിടങ്ങള്‍ വിട്ടുയര്‍ന്നു. തന്നെത്തന്നെ തുറിച്ച് നോക്കുന്ന ആള്‍ക്കൂട്ടം കണ്ടമ്പരന്ന സുധി കവലയുടെ ഏതാണ്ട് അമ്പതുവാര ദൂരെ എത്തിയതും പത്രമെറിഞ്ഞ് പമ്പകടന്നു. 'ആരെടുക്കും പത്രം' എന്ന് എല്ലാവരും അന്തിച്ചു നില്‍ക്കേ മുണ്ടു മടക്കിക്കുത്തി മീതീന്‍പിള്ള തന്നെ മുന്നോട്ടു ചെന്നു; പത്രമെടുത്തുയര്‍ത്തിക്കാണിച്ചു; അക്ഷരമറിയാത്തതിനാല്‍ ഔദ്യോഗിക വായനക്കായി പഴയ പത്താംക്ലാസ്സുകാരന് പത്രാസുമമ്മാലിയെ ക്ഷണീച്ചു. പത്രം കണ്ട് മമ്മാലി കഴുകാത്ത വാപൊളിച്ചു!വായന തുടങ്ങി..
"അറിയിപ്പ്: എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം പ്രമാണിച്ച് ഇന്നത്തെ പത്രം മുപ്പത് പേജാണ്; സ്ഥലപരിമിതി മൂലം പ്രധാന വാര്‍ത്തകള്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു!".
അതിശയോക്തിക്കുവേണ്ടീപ്പറയാം; ആ പത്രത്തില്‍ ആകെയുണ്ടായിരുന്ന മലയാളം വാക്കുകള്‍ ആ അറിയിപ്പും പത്രത്തിന്റെ പേരും മാത്രമായിരുന്നു. കാരണമുണ്ട്! ഇന്ത്യക്കാര്‍ തിന്നുമുടിച്ച് പ്രപഞ്ചം മുഴുവന്‍ പട്ടിണിയാക്കിയ കാര്യം പ്രപഞ്ച നാഥന് ബുഷ് തമ്പുരാന് അന്നൗണ്‍സ് ചെയ്തത് റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലൊന്നും ഒരാളും ചോദിക്കില്ലായീരിക്കാം.! പക്ഷെ എസ്.എസ്.എല്‍.സി ജയിച്ച ആരുടെയെങ്കിലും നമ്പര്‍ ഉള്‍പ്പെടുത്താതെ വിട്ടുപോയാല്‍, വായിക്കാനെടുത്ത പത്രം നിലത്ത് വിരിച്ച് കക്കൂസ്സാക്കി മാറ്റിക്കളയും പ്രബുദ്ധ കേരളം!
ഇത്തവണ എഴുതിയവരെല്ലാം പാസ്സായല്ലോ; മൂന്നാലു പേരൊഴികെ! സത്യത്തില്‍ തോറ്റവരുടെ പേരാണ് കൊടുത്തിരുന്നതെങ്കില്‍ ഒരു കോളത്തില്‍ ഒതുക്കാമായിരുന്നു. പക്ഷെ, ആരൊക്കെ ജയിച്ചാലും ഞാന്‍ പാസ്സാവില്ല എന്ന് കുഞ്ഞിപ്പരീത് ഉറപ്പിച്ചു പറഞ്ഞു.
അങ്ങനെ മലയാളത്തിനു പകരം കണക്കിലുള്ള ആ പത്രത്തില്‍ എല്ലാവരും മീതീന്‍കുഞ്ഞിന്റെ നമ്പര്‍ തിരഞ്ഞു തുടങ്ങി. ക്ഷീണീച്ചവര്‍ ക്ഷീണീക്കാത്തവര്‍ക്ക് പത്രം കൈമാറി. ഇല്ല കാണുന്നില്ല! കുഞ്ഞിപ്പരീത് പ്രതീക്ഷയോടെ കാളയെ നോക്കി. മീതീന്‍പിള്ള അഭിമാനത്തോടെ മകനെ നോക്കി! ഇതിനിടയില്‍ ബോറഡിച്ച സൂര്യന് കോപിച്ച് കുത്തനെ മുകളിലേക്കു കയറി അവിടെ നിന്ന് ചൂടായി. അവസാനത്തെ പേജായി. ആക്ഷന്‍ കൗണ്‍സിലുകാര്‍ നിരാശരായിത്തുടങ്ങി! ഇപ്പോള്‍ പത്രം നോക്കുന്നത് പ്രസിഡന്റ് ശശിധരന് സാറാണ്.
"ജയിച്ചു! കുഞ്ഞിപ്പരീത് ജയിച്ചു! ഇതാ നോക്ക്!" ശശിസാറ് അലറിച്ചാടി!
മീതീന്‍പിള്ള നെഞ്ചിടിപ്പോടെ പത്രം പിടിച്ചുവാങ്ങി; കയ്യിലിരുന്ന നമ്പറും പത്രവും ആകൃതി വച്ച് തട്ടിച്ചു നോക്കി..!
"എന്റെ കാളേ.....!" മീതീന്‍പിള്ള പൊത്തോം എന്ന് പിന്നിലേക്ക് മറിഞ്ഞു വീണു. കുഞ്ഞിപ്പരീത് തലക്ക് കൈയ്യും കൊടുത്ത് കുത്തിയിരുന്നു. ആക്ഷന്‍ കൗണ്‍സിലുകാര്‍ ആനന്ദ നൃത്തമാടി!
ചായക്കട ബീരാനാണ് ഒരു സോഡപൊട്ടിച്ച് മീതീന്‍പിള്ളയുടെ മുഖത്തൊഴിച്ചത്! ബോധം തിരിച്ചു കിട്ടിയ ആ ഹതഭാഗ്യനായ പിതാവ് ചാടിയെഴുന്നേറ്റ് കാറി..
"അറാമ്പറന്നോനേ.....!"
വാപ്പ വേലിപ്പത്തല് ഊരണകണ്ട കുഞ്ഞിപ്പരീത് വിളിച്ചു പറഞ്ഞു " വാപ്പോ; ഞാനറിഞ്ഞുകൊണ്ടല്ലേ..; ഇതു ചതിയാ.. ...; എന്നെക്കൊല്ലല്ലേ...!" വാപ്പ അടങ്ങുന്നില്ല എന്നു കണ്ടതും കുഞ്ഞിപ്പരീത് പിടിവിട്ടു പാഞ്ഞു; പിറകെ പത്തലുപിടിച്ച മീതീന്‍പിള്ളയും! അവര്‍ കുടിയന്‍ജോസിന്റെ വിതച്ചിട്ട പാടത്തേക്കിറങ്ങണതുവരെ പാവം കാളയും നാട്ടുകാരും അത് നോക്കി നിന്നു! ശേഷം..അചിന്ത്യം..!
പത്തുകൊല്ലങ്ങള്‍ക്കു ശേഷം രണ്ടായിരത്തിപ്പതിനെട്ടിലാണ് ഞാന്‍ വീണ്ടും കുഞ്ഞിപ്പരീതിനെ കാണുന്നത്. സൗദിയില്‍ നിന്നും ചെന്നപ്പോള്‍ ആ പഴയ സ്നേഹിതനെ സന്ദര്‍ശിക്കാന്‍ പോയതാണ്. തേക്കാത്ത പഴയവീട്ടില്‍ എല്ലും തോലുമായ ഒരു രൂപം! ഒരേ ഒരു മോളുടെ ഊര്‍ന്നുപോകുന്ന പാവാട പറഞ്ഞു; പട്ടിണിയാണ്!
"മീതീന്‍പിള്ളക്ക..?"
"വാപ്പ മരിച്ചു; രണ്ടു കൊല്ലമായി!"
"കുഞ്ഞിപ്പരീത് എന്തു ചെയ്യുന്നു?"
"ഡോക്ടറാണ്, എം.ബി.ബി.എസ്, എം.ഡി!"
എനിക്കു സഹതാപം തോന്നി!
"ജോലിയൊന്നും കിട്ടിയില്ലേ?"
"കയ്യിലുള്ള ഈ എം.ബി.ബി.എസ്, എം.ഡി കൊണ്ട് എന്തു ജോലി കിട്ടാനാ? കിട്ടിയാ തന്നെ ഒരു ഡോക്ടര്‍കെന്താ കിട്ടുക? ദിവസക്കൂലി നൂറ്റമ്പത് രൂപ കിട്ടും. അതിനു തന്നെ എന്താ തെരക്ക്? നാടു നിറച്ചും ഡോക്ടര്‍മാരല്ലേ?"
എന്റെ സഹതാപം ഇരട്ടിച്ചു. അവന് തുടര്‍ന്നു..
"നല്ല ശമ്പളം കിട്ടണ കൂലിപ്പണീം പാടത്തും പറമ്പിലും ജോലിയൊക്കെ ഇനി സ്വപ്നം കാണാന്‍ പോലും നമുക്കൊന്നും പറ്റില്ല! എസ്.എസ്.എല്‍.സി തോറ്റോരെ മതി അവര്‍ക്ക്. മക്കളെങ്കിലും നന്നായാ മതിയായിരുന്നു. എസ്.എസ്.എല്‍.സി തോല്‍ക്കാനൊക്കെ എന്താ ഒരു പാട്!"
അപ്പോഴേക്കും കുറേ ചുവപ്പു വസ്ത്രധാരികള്‍ അങ്ങോട്ടു വന്നു. യൂണിയന് കാരാണ്; ഡോക്ടേഴ്സ്! അവകാശങ്ങള്‍ക്കു വേണ്ടിപ്പൊരുതുന്ന തൊഴിലാളീ സംഘടനയുടെ കരുത്തുറ്റ പ്രവര്‍ത്തകരാണവര്‍.
"വാ കുഞ്ഞിപ്പരീതേ..ഒരു ഹൃദയം മാറ്റിവക്കല്‍ ശസ്ത്രക്രിയയുണ്ട്! പൊയി നോക്കി നിന്നാല്‍ 'നോക്കുകൂലി' വാങ്ങാം..!"
"മോളേ; ആ തോര്‍ത്തിങ്ങെടുത്തേ, സ്റ്റെതസ്ക്കോപ്പും!" കുഞ്ഞിപ്പരീത് അകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു.
"എന്നാ വൈകീട്ട് കവലയില്‍ പന്നിമലത്തുന്നേടത്ത് കാണാം..!" കുഞ്ഞിപ്പരീത് എന്നെ യാത്രയാക്കി.
അവര്‍ കൂട്ടമായി നീങ്ങുമ്പോള്‍ നാളത്തെ ധര്‍ണ്ണക്കുള്ള മുദ്രാവാക്യം ഒരാള്‍ വായിക്കുന്നത് കേട്ടു; "ഞങ്ങള്‍ കീറും വയറെല്ലാം ഞങ്ങടതാകും പൈങ്കിളിയേ..!"
അപ്പോള്‍ ആവഴിയിലൂടെ ഒരു നാടകത്തിന്റെ അനൗണ്‍സ്മെന്റ വാഹനം കടന്നുപോയി; "ആലുവ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍......നൂറാമത് നാടകം..."എസ്.എസ്.എല്‍.സി എന്നെ കമ്മ്യൂണിസ്റ്റാക്കി!"..!"
15 comments:
"നല്ല ശമ്പളം കിട്ടണ കൂലിപ്പണീം പാടത്തും പറമ്പിലും ജോലിയൊക്കെ ഇനി സ്വപ്നം കാണാന്‍ പോലും നമുക്കൊന്നും പറ്റില്ല! എസ്.എസ്.എല്‍.സി തോറ്റോരെ മതി അവര്‍ക്ക്. മക്കളെങ്കിലും നന്നായാ മതിയായിരുന്നു. എസ്.എസ്.എല്‍.സി തോല്‍ക്കാനൊക്കെ എന്താ ഒരു പാട്!"
ഹഹ..
ആലുവവാല..ഒരു ഒന്നൊന്നര ആക്ഷേപ ഹാസ്യം..!
കൂലിപ്പണിക്ക് വേറേം ഗുണങ്ങളുണ്ട് എപ്പോള്‍ വേണമെങ്കിലും ലോസ് ഓഫ് പേ എടുക്കാം. ജോലി സമയത്ത് മൊബൈല്‍ ഫോണില്‍ സംസാരിക്കാം,കാജാ ബീഡി വലിക്കാം എന്തിന് കരിക്കിട്ട് കുടിക്കാം. തോന്നുമ്പോള്‍ വരാം പോകാം...
കൂരമ്പുകള്‍ എങ്ങോട്ട്..?
അവര്‍ കൂട്ടമായി നീങ്ങുമ്പോള്‍ നാളത്തെ ധര്‍ണ്ണക്കുള്ള മുദ്രാവാക്യം ഒരാള്‍ വായിക്കുന്നത് കേട്ടു; "ഞങ്ങള്‍ കീറും വയറെല്ലാം ഞങ്ങടതാകും പൈങ്കിളിയേ..!"
ഹ ഹ ഹ ചീീപ്പിച്ചു കളഞ്ഞല്ലോ പഹയാ...
nice one :)
ഹ ഹ ഹ.. കലക്കി കടുകു വറുത്തു..!
ഹാ ഹാ .....വളരെ രസകരമായ്. മൌനജാഥ സിന്ദാബാദ് :-)
ഭാവിയിലേക്കൊന്ന് എത്തി നോക്കി അല്ലേ.. അത്യുഗ്രന്‍ ആക്ഷേപഹാസ്യം
അടിപൊളിയായിട്ടുണ്ട് മാഷേ !!!
ആക്ഷേപ ഹാസ്യം കലക്കീട്ടുണ്ട് മാഷേ...
രസകരമായ ശൈലിയും.
:)
എന്ടെ പൊന്നു മോനേ ഇനി എസ് .എസ് .എല്‍ . സി ജയിക്കതവര്ക്കും ,
ഇലക്ഷന് സമയത്ത് സ്കൂളിലാണ് വോട്ടു ചെയ്യേണ്ടത് എന്ന് അറിഞ്ഞാല്‍ " നമ്മള് അത്തരക്കാരല്ലേ " എന്ന് പറഞ്ഞു
പ്രാദേശിക നേതാക്കന്മാര്ക്ക് വോടിന്റെ പേരില്‍ ഒന്നു കുശാലായി അടികൂടാന് പോലും അവസരമുണ്ടാക്കാതെ ഒഴിഞ്ഞു മാറി നടക്കുനനവരും ഇവിടെ കുന്നു കൂടും ,
എന്ത് തൊഴിലും ചെയ്യാന്‍ മടിയില്ലത്തവര്‍ പെരുകിയാല്‍ ഇവിടെ എന്തായിരിക്കും അവസ്ഥ ?
പഠിച്ചവാന് ആണെങ്കില്‍
" തോഴിലോന്നും നമ്മള്‍ക്ക് പറഞ്ഞതല്ല " എന്നമട്ടില്‍
ഇല്ലാത്ത മസിലും പെരുപ്പിച്ച് ചുമ്മാ തെണ്ടി നടന്നു കൊള്ളും
അപ്പോള്‍ ഈ രഹസ്യം നമ്മള് രണ്ടു പേരും മാത്രം അറിഞ്ഞാല്‍ മതി
എല്ലാവരും എസ് .എസ് .എല്‍ . സി ജയിക്കട്ടെ !!!!!!!!!!!!!!!!!
തെണ്ടി തിരിയട്ടെ .................
ആലുവക്കാരാ...
അടിപൊളീന്നു മാത്രം പറഞ്ഞാല്‍പ്പോരാ.... ന്നാലും അടിപൊളി.
"എന്നാ വൈകീട്ട് കവലയില്‍ പന്നിമലത്തുന്നേടത്ത് കാണാം..!"
wonder full...
elimination round , thousand kisses on your head.
but i cannot read the rest.
would you please share the fond..
eksaleem..
ഹെന്റെ അമ്മച്ചി ചിരിച്ചു ചിരിച്ചു ചോറ് മണ്ടേല് കയറി ഇനി കഴിക്കുന്ന നേരത്ത് നിങ്ങള ബ്ലോഗ് വായ്ക്കൂല്ല
ഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹ
മാഷിതെവിടെയായിരുന്നു? ആദ്യമായി വരികയാ.. ഇമ്മാതിരി ചിരിപ്പിച്ചാൽ ഹന്റെ റബ്ബേ...
ആക്ഷേപ ഹാസ്യം സൂപ്പറായി കെട്ടോ..
nalla vivaranam adipoli
Post a Comment