Saturday, December 27, 2008

കാര്‍ത്തുവിന്‍റെ 'ദുര്‍നടപ്പ്'

കാര്‍ത്തു! അച്ചുതാനന്ദന്‍ മുടി നീട്ടി, നീളന്‍ നൈറ്റിയണിഞ്ഞാല്‍ ആ രൂപത്തിനു പിന്നെ കാര്‍ത്തു എന്നാണു പേര്. അതെ, ചെത്തുകാരന്‍ തങ്കപ്പന്റെ കെട്ട്യോള്‍ കാര്‍ത്തൂന് തിരുകേരളാ മഹാമുഖ്യന്‍ അച്ചുതാനന്ദനുമായുള്ള രൂപ സാദൃശ്യം കരക്കാരെക്കൊണ്ട് അച്ചുതാനന്ദന്റെ അച്ഛനെ വേണ്ടാതീനം പറയിക്കാന്‍ മാത്രംപോന്നതാണ്. രാവിലെ അരിവാളുമേന്തി പണിക്കുപോകുന്ന കാര്‍ത്തുവിനെക്കണ്ടാല്‍ അച്ചുതാനന്ദന്‍ തന്റെ പ്രിയ ചിഹ്നവുമേന്തി പെണ്‍ വേഷം കെട്ടി പോകുന്നതാണെന്നേ കരുതൂ. ഒരിക്കല്‍ ആരാധന മൂത്ത കമ്മ്യൂണീസ്റ്റ്കാരനായ അയ്യപ്പനാശാരി അരിവാളേന്തിയ കാര്‍ത്തുവിന്റെ കയ്യില്‍ തന്റെ ചുറ്റിക കൂടി വച്ചുകൊടുക്കുകയും അതേ ചുറ്റിക കൊണ്ട് കാര്‍ത്തുവിറ്റ്നെ കയ്യില്‍ നിന്നും തലമണ്ടക്കടിവാങ്ങി നക്ഷത്രമെണ്ണൂകയും ചെയ്ത ഒരു കമ്പ്ലീറ്റ് അരിവാള്‍ ചുറ്റിക നക്ഷത്രക്കഥ എടത്തലയിലെ ഹിറ്റുകളില്‍ ഒന്നാണ്. മലയാള മിമിക്രി രംഗത്തെ ഏറ്റവും വലിയ കോമഡിയായി അച്ചുതാനന്ദന്‍ മാറിയ അദ്ദേഹത്തിന്റെ പ്രതിപക്ഷകാലത്ത് കാര്‍ത്തു കൊച്ചിന്‍ കലാഭവനില്‍ അച്ചുതാനന്ദന്റെ റോള്‍ ചെയ്യാനുള്ള ചാന്‍സ് ചോദിച്ച് ചെന്നെന്നോ അച്ചുതാനന്ദന്റെ നെഞ്ച് ഉള്ളിലേക്കു കുഴിഞ്ഞതാണെന്നുള്ള ഒറ്റക്കാരണം കൊണ്ട് കാര്‍ത്തുവിനെ അവര്‍ തഴഞ്ഞെന്നോ ഒക്കെ കരക്കമ്പിയുണ്ട്.

അച്ചുതാനന്ദനോട് കാര്‍ത്തുവിനുള്ള സാദൃശ്യം രൂപത്തിലാണെങ്കില്‍ ലീഡര്‍ കരുണാകരകരനുമായി ഒരു ദു:ശ്ശീലത്തിലാണു സാദൃശ്യം. അതു തന്നെയാണ് നാട്ടിലെ ബൈക്കോടിക്കാന്‍ തുടങ്ങുന്ന സകല കുമാരസംഭവങ്ങളുടെയും സ്വപ്നത്തിലെ പേടിരൂപമായ് കാര്‍ത്തുവിനെ മാറ്റിയതും. കരുണാകരനെപ്പോലെ തന്നെ കാര്‍ത്തുവിന്റെയും നടപ്പ് ശരിയല്ലായിരുന്നു എന്നതു തന്നെ സംഗതി. തെറ്റിദ്ധരിക്കല്ലേ, ഞാനുദ്ദേശിച്ചത് ദുര്‍നടപ്പൊന്നുമല്ല കെട്ടോ, രണ്ടുകാലും ഉപയോഗിച്ചു റോട്ടിലൂടെയുള്ള നടപ്പ് തന്നെയാണ്. ലീഡറുടെ രാഷ്ടീയനടപ്പ് എത്രത്തോളം ശരിയല്ലായിരുന്നുവോ കാര്‍ത്തുവിന്റെ റോട്ടീലൂടെയുള്ള നടപ്പും അത്രതന്നെ ശരിയല്ലായിരുന്നു।

ഫോര്‍ എക്സാമ്പിള്‍, കരുണാകരനെപ്പോലെ മക്കളെപ്പോറ്റാന്‍ 'പണിയാനുള്ള' ആയുധവുമേന്തി കാര്‍ത്തു വലതുവശത്തൂടെ നടന്നുപോകുകയാണെന്നു കരുതുക। പ്രത്യേകിച്ചൊരു കാരണവും വേണ്ട, പ്രതീക്ഷിച്ചിരിക്കാതെ ഇടതു വശത്തേക്ക് ഒറ്റച്ചാട്ടം ചാടിക്കളയും പഹയത്തി। ഇതു പോലെ, ഇടതുവശത്തൂടെ കുറച്ചു നടന്നു മടുക്കുമ്പോള്‍ വലതുവശത്തേക്കും അവസാനം അവിടെയോ ഇവിടെയോ ഇല്ലാതെ തെരുവില്‍ ഒത്ത നടുക്ക് പെട്ടു പോകുകയും ചെയ്യും। മൂന്നാലു കി।മി. അപ്പുറത്തുള്ള കോളേജിലേക്ക് 'ചരക്കു കേറ്റാന്‍' പോകുന്ന വല്ല പ്രേമക്കച്ചവടക്കാരന്‍ പയ്യന്റെയുംബൈക്കിന്‍ മുന്നില്‍ പെടുകയോ, കേറ്റാവുന്നതിലപ്പുറം ചരക്കുമായി വരുന്ന വല്ല ആനവണ്ടിയുടെ തുരുമ്പു പിടിച്ച ഏതെങ്കിലും ഒരു കമ്പിയില്‍ കോര്‍ക്കുകയോ ചെയ്താല്‍ "കാര്‍ത്തു നിന്റെ തോര്‍ത്തെങ്ങാനും കൂര്‍ത്തമുള്ളില്‍ കോര്‍ത്തോ" എന്ന പാട്ടു മാറ്റി "തോര്‍ത്തെ നിന്റെ കാര്‍ത്ത്വോങ്ങാനും കൂര്‍ത്ത കമ്പീല്‍ കോര്‍ത്തോ" എന്ന് കാര്‍ത്തു ചുമ്മാടുകെട്ടുന്ന തോര്‍ത്തിനോടു ചോദിക്കേണ്ടീ വരും. പക്ഷെ ഇത്തരത്തിലുള്ള അത്യാപത്തൊന്നും ഇന്നേവരെ സംഭവിക്കാത്തത് ആരുടെയൊക്കെയോ മഹാഭാഗ്യം!.

എന്നാലും ഏതാണ്ട് ഒരു ഡസനിലേറെ പെറ്റി ആക്സിഡന്റുകള്‍ ഈ മഹതി പലപ്പോഴായി വരുത്തിവച്ചിട്ടുണ്ട്। ആശിച്ചുമോഹിച്ച് ചിട്ടിപിടിച്ച കാശുകൊണ്ട് മണികണ്‍‌ഠന്റെ അഛന്‍ വാങ്ങിയ വിജയ് സൂപ്പര്‍ ആദ്യ യാത്രയില്‍ തന്നെ വലത്തുനിന്നും ഇടത്തേക്ക് പാളിവന്ന കാര്‍ത്തുവിറ്റ്നെ ചന്തിയിലിടിച്ചു നിന്നു। മീന്‍‌കാരന്‍ മമ്മദിന്റെ ഹീറോ സൈക്കിളിന്റെ സ്റ്റമ്പും, അവന്റെ ഇടത്തേ കയ്യുടെ സ്റ്റമ്പും വളഞ്ഞതിന്റെ മെയിന്‍ കാരണവും ഇതേ ചന്തിയുടെ വലത്തു നിന്നും ഇടത്തേക്കുള്ള ഈ തെന്നിമാറല്‍ തന്നെയായിരുന്നു। ജോണപ്പന്റെ 'ടൈഗര്‍' എന്ന പെട്ടിഓട്ടോറിക്ഷ ഇന്നും പുളകത്തോടെ മാത്രം ഓര്‍ക്കുന്ന ഒന്നായിരിക്കും ബ്രേക്ക് കിട്ടാതെ കാര്‍ത്തൂന്റെ മേലേക്ക് മറിഞ്ഞു വീണ സംഭവം. 'ടൈഗറി'ന്റെ നഖക്ഷതങ്ങള്‍ കാര്‍ത്തുവിന്റെ വെളിവായ ശരീരഭാഗങ്ങളില്‍ ഇന്നും തെളിഞ്ഞുകാണാമത്രേ! ഇപ്പറഞ്ഞതൊക്കെ ഞാന്‍ നേരിട്ടു കണ്ടതൊന്നുമല്ല. സ്ഥലത്തെ പ്രധാന റിപ്പോര്‍ട്ടര്‍മാരായ ആകാശവാണി ഷാജിയുടെയും ലോലന്‍ ലത്തീഫിന്റെയുമൊക്കെ ബ്രേക്കിംഗ് ന്യൂസുകളിലൂടെ കേട്ടറിഞ്ഞ പാതിമാത്രം വിശ്വസിക്കാവുന്ന റിപ്പോര്‍ട്ടുകളാണ്.

ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ സൃഷ്ടിച്ച് കാര്‍ത്തു 'ദുര്‍നടപ്പ്' തുടരുന്നതിനിടയില്‍ ലീഡര്‍ കരുണാകരന്‍ അട്ടത്തുകേറി. പുത്രന്‍ സത്രം തേടിയലയുന്നു. അച്ചുതാനന്ദനാണെങ്കില്‍ മുഖ്യമന്ത്രി സീറ്റ് ഒരുവിധത്തിലൊപ്പിച്ച് കേരളത്തിലെ ബെസ്റ്റ് കൊമേഡിയനായി. ഞാനാണെങ്കില്‍ മൂത്താപ്പാടെ യൗവനത്തോളം പ്രായമുള്ള എന്റെ പഴയ രാജ്ദൂത് മോട്ടോര്‍ സൈക്കളിനു പകരമായി ഒരു യമഹ ഒപ്പിച്ചെടുത്തു. പച്ചനിറമടിച്ച്, മുന്‍ഭാഗം പൊക്കി, സൈലന്‍സറിന്റെ ഫ്ലൂട്ട് കട്ട് ചെയ്ത് ചെത്താന്‍ തയ്യാറാക്കി. രാത്രി വീട്ടിലെ പോര്‍ച്ചില്‍ സേഫായി മൂടിയിട്ടിട്ടും ഇടക്ക് രണ്ടു പ്രാവശ്യം വന്നു നോക്കി ഭംഗി ഉറപ്പുവരുത്തി.
പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റു। കുളിച്ച് പൗഡറിട്ട് കുട്ടപ്പനായി. യമഹ സ്ടാര്‍ട്ട് ചെയ്ത് അയല്‍ക്കാര്‍ കേള്‍ക്കാന്‍ പാകത്തിനിരപ്പിച്ചു॥ങാഗ്..ങാഗ്..ട..ട..ട..ട..!

മുറ്റത്ത് നിന്നുന്‍ റോട്ടിലേക്കിറങ്ങാനാഞ്ഞതും ഒരാശയക്കുഴപ്പം॥വലത്തേക്കു പോണോ, ഇടത്തേക്കു പോണോ? ആദ്യത്തെ പോക്കല്ലേ വലത്തേക്കു തന്നെ പോയേക്കാം। എന്റെ യമഹ ചീറ്റപ്പുലിയെപ്പോയെ പായാന്‍ തുടങ്ങി. ആളുകള്‍ നോക്കുന്നുണ്ടെന്നു എന്റെ ഇടംകണ്ണ് ഉറപ്പുവരുത്തിക്കൊണ്ടിരുന്നു. കയറ്റം കയറിയപ്പോഴുള്ള മൂളല്‍ എന്നെ ആവേശഭരിതനാക്കി. കയറ്റത്തിനു ശേഷം ഇറക്കം ഇറങ്ങുമ്പോളുള്ള സുന്ദരമായ റ്റ റ്റ റ്റ ശബ്ദം കേള്‍ക്കാന്‍ ആര്‍ത്തിയായി. എന്റെ യമഹപ്പുലി ഇറക്കം ഇറങ്ങുകയാണ്...സ്മൂത്തായി..സ്മാര്‍ട്ടായി...!

പെട്ടെന്നതാ ആഗോള എടത്തല ബൈക്കേര്‍സിന്റെ പേടിസ്വപ്നമായ ആ ചന്തി റോട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു।അത് റോഡിന്റെ വലതു വശത്ത് നിന്നും ഇടത്തേക്ക് അതിവേഗം നീങ്ങാന്‍ തുടങ്ങുന്നു. എന്റെ കാലുകള്‍ ബ്റേക്കിന്റെ മുകളിലിരുന്നു വിറക്കാന്‍ തുടങ്ങുന്നു. ഇറക്കമാണ്, അതിവേഗമാണ്....ഡുംബഡക്കഡഡാ.....#$%%^।

ടാറിട്ട റോഡാണ്; റോഡിന്‍ നടുക്കാണ്, സ്വിമ്മിംഗ് പൂളിലേക്ക് ഡോള്‍ഫിന്‍ എന്ന പോലെ മോന്തകുത്തി ഞാന്‍ റോട്ടിലേക്കു വീണു। ബോധം ഇല്ലാഞ്ഞിട്ടാവാം, അതു പോയിട്ടില്ല। എന്റെ യമഹാബായ് തൊട്ടപ്പുറത്ത് കെടന്ന് അറുത്തിട്ട കാളയെപ്പോലെ ഊര്‍ദ്ധ്വം വലിക്കുന്നു। കാര്‍ത്തു എവിടെ? എഴുന്നേറ്റു നോക്കുമ്പോല്‍ തൊട്ടടുത്ത് കുറ്റിക്കാട്ടില്‍ ഒളിച്ചുകിടക്കുന്ന മുതലയെപ്പോലെ കിടന്നു ഞെരങ്ങുന്നു. ദേഷ്യം അണപ്പല്ലുകൊണ്ട് ചവച്ചരച്ച് ഞാനവരെ പിടിച്ചെഴുന്നേല്പിച്ചു. "കാര്‍ത്ത്വേച്ചി, വല്ലതും പറ്റിയോ?" അനക്കമില്ല. പടച്ചോനേ, പണി പാളിയല്ലോ॥! വീണ്ടൂം വീണ്ടും ഞാന്‍ വിളിച്ചു.."കാര്‍ത്ത്വേച്ചീ..കാര്‍ത്ത്വേച്ചീ.."അച്ചുതാനന്ദന്റെ പ്രസംഗത്തില്‍ നിന്നും ശബ്ദം ഒഴിവാക്കിയാല്‍ കിട്ടുന്ന മുഖഭാവം എന്താണോ അതാണിപ്പോള്‍ കാര്‍ത്തുവിനുള്ളത്. മുഖഭാവം കണ്ടാല്‍ അറിയാം കാര്യമായിട്ടെന്തോ പറയാന്‍ ഭാവിക്കുകയാണ്, നല്ല പുളിച്ച തെറിയാകും, പക്ഷെ ശ്വാസം കിട്ടുന്നില്ലല്ലോ....ആളുകള്‍ കൂടിത്തുടങ്ങി. ഞാന്‍ നെഞ്ചിടിപ്പോടെ, ആളുകള്‍ ആകാംക്ഷയോടെ നോക്കി നില്‍ക്കുമ്പോള്‍ കാര്‍ത്തു ശ്വാസം ആഞ്ഞുവലിച്ച്, സര്‍‌വ്വ ശക്തിയുമെടുത്ത് അലറിവിളിച്ചു..."അയ്യോ...എനിക്കിപ്പ കക്കൂസേപ്പോണേ.....!" പറഞ്ഞത് മാറിപ്പോയതാണോ?"കാര്‍ത്ത്യേച്ചീ..ആശുപത്രീപ്പോണോ..?" ആശോത്രീലാണോടാ നീയൊക്കെ തൂ.....ന്‍ ‍ പോണത്? എനിക്കിപ്പം പോണേ....!" അടുത്ത വീട്ടിലെ ഓല മറച്ച വെളിപ്പുരയിലേക്ക് കാര്‍ത്തുവിനെ എത്തിക്കുന്ന ഭാരിച്ചഉത്തരവാദിത്തം ഞാന്‍ തന്നെ ഏറ്റെടുക്കേണ്ടി വന്നു....!

അതില്‍ പിന്നെ ഞാന്‍ ബൈക്കില്‍ വരുന്നതുകണ്ടാല്‍ മതിയത്രേ കാര്‍ത്തു കക്കൂസിലേക്കോടാന്‍. പക്ഷെ അതോടെ വലത്തേക്കും ഇടത്തേക്കുമുള്ള ചാട്ടം അവസാനിപ്പിച്ച് കാര്‍ത്തു റോഡിന്റെ വലതു വശത്തുകൂടെ അനുസരണയുള്ള കുട്ടിയെപ്പോലെ നടക്കാന്‍ തുടങ്ങി എന്നത് പരസ്യമായ രഹസ്യം. പക്ഷെ ഇപ്പോള്‍ സ്വപുത്രന്‍ ആ ചാട്ടം തുടങ്ങിയിട്ടുണ്ടത്രേ, പറഞ്ഞത് ആകാശവാണി ഷാജിയാണ്, വിശ്വസിക്കാമോ ആവോ!

7 comments:

Aluvavala said...

പക്ഷെ അതോടെ വലത്തേക്കും ഇടത്തേക്കുമുള്ള ചാട്ടം അവസാനിപ്പിച്ച് കാര്‍ത്തു റോഡിന്റെ വലതു വശത്തുകൂടെ അനുസരണയുള്ള കുട്ടിയെപ്പോലെ നടക്കാന്‍ തുടങ്ങി എന്നത് പരസ്യമായ രഹസ്യം. പക്ഷെ ഇപ്പോള്‍ സ്വപുത്രന്‍ ആ ചാട്ടം തുടങ്ങിയിട്ടുണ്ടത്രേ, പറഞ്ഞത് ആകാശവാണി ഷാജിയാണ്, വിശ്വസിക്കാമോ ആവോ..?

smitha adharsh said...

കാര്‍ത്തു പുരാണം...ചിരിപ്പിച്ചു കേട്ടോ..

മുക്കുവന്‍ said...

കാര്‍ത്തൂ പൂരാണം കലക്കി മാഷെ... രണ്ടു ചക്രവാഹനം സൂക്ഷിക്കണേ!

രസികന്‍ said...

ഹഹ ..... ഏതായലും കാര്‍ത്തുവിന്റെ ഇളക്കം നിന്നല്ലോ..... പുത്രന്റേത് നാട്ടിലെ മറ്റുപുത്രന്മാര്‍ തീര്‍ത്തുകൊള്ളും

ആശംസകള്‍

islamikam said...

"അവര്‍ പലസ്തീനികളുടെ ജന്മഭൂമി തേടി

Anonymous said...

ugran nannayittund oru samsayam mashe inganey opru karthoonay idathalayil kandittillallo oru pakshe orupad numpayathu kondum njan aviduthay varuthan ayathu kondu makam ariyathay poyathu.

hi said...

hihi sambhavam kollam ketto :D