Sunday, July 12, 2009

ആകാശഗംഗയിലെ വല്ലിമ്മമാര്‍..!

മനസ്സ് ഒരാകാശഗംഗയാണെങ്കില്‍ ഏറെ പ്രഭാമയരായ സൂര്യചന്ദ്രാദികളായി ഉമ്മയും വാപ്പയും നിലകൊള്ളുന്നു. താരാഗണങ്ങളില്‍ ഏറ്റവും പ്രശോഭിത ഇപ്പോള്‍ മാതൃത്വം പ്രതീക്ഷിക്കുന്ന എന്റെ പ്രിയപ്പെട്ടവള്‍ തന്നെ! ഏറ്റവും ഓമനത്തമുള്ള കൂതൂഹല‍നക്ഷത്രങ്ങളായ് കുഞ്ഞനിയനും അവന്റെ പുതുമണവാട്ടിയും!

എന്റെ മനസ്സെന്ന ഈ ആകാശഗംഗക്ക് ഒരുമ്മറമുണ്ട്. ലോകത്തേക്കേറ്റവും വിലപിടിച്ച കളിമണ്ണുമെഴുകിയ ഒരുമ്മറം! അതിന്റെ രണ്ടു വശങ്ങളില്‍ അപൂര്‍‌വ്വമായ ചെങ്കല്ലില്‍ തീര്‍ത്ത് പരിശുദ്ധമായ കരിമെഴുകിയ രണ്ടു തിണ്ണകള്‍! തിണ്ണളുടെ ചുവരറ്റങ്ങളില്‍ വിശിഷ്ടമായ വെള്ളത്തുണികള്‍ക്കുമീതെ വിശുദ്ധഖുര്‍‌ആന്‍! അരികില്‍.. വിളക്കണക്കുമ്പോള്‍ തെളിഞ്ഞുകത്തുന്ന പട്ടുപച്ച മുത്തുകോര്‍ത്ത തസ്‌ബീഹുമാലകള്‍. ഇവിടെയാണ് വാത്സല്യത്തിന്റെ, കുട്ടിത്തങ്ങളുടെ, കടംകഥകളുടെ, ശൊളകങ്ങളുടെ*, തീഷ്‌ണാനുഭവങ്ങളുടെ, ത്യാഗങ്ങളുടെ, നേരുകളുടെ നേര്‍‌വഴികളുടെയൊക്കെ സ‌ര്‍‌വ്വഗംഗകളും ഉറവപൊട്ടുന്നത്. ആ തിണ്ണകളിള്‍ കാലുകള്‍ നീട്ടി പിറുപിറുത്തുകൊണ്ടിരിക്കുന്നതാണ് ആകാശഗംഗയിലെ ഏറ്റവും മഹത്വമുള്ള നക്ഷത്രങ്ങള്‍‍! എന്റെ വല്ലിമ്മമാര്‍!

ലോകത്തുള്ള സകല വല്ലിമ്മമാരെക്കുറിച്ചും സര്‍‌വ്വരും പഠിക്കണം. അനുഭവങ്ങളുടെയും, തരണംചെയ്യലുകളുടെയും അദൃശ്യമായ കൂമ്പാരങ്ങള്‍ ആത്മാവില്‍ ചുമക്കുന്നവരാകാം അവരിലോരോരുത്തരും. ഭൂമിയില്‍ പതിഞ്ഞ അവരുടെ ഓരോ കാല്‍‌പാടുകളിലും കാലത്തെ ശക്തമായി ചവിട്ടിക്കറക്കി മുന്നേറിയതിന്റെ പ്രഭാവങ്ങള്‍‍ കാണാം. ഒരുപക്ഷെ ഒരുപാടു തത്വസംഹിതകളേക്കാള്‍ മാറ്റേറിയതും മാര്‍ഗ്ഗദര്‍ശകവുമാകും അവരെക്കുറിച്ചുള്ള രചനകള്‍! ആരുമല്ലാത്ത ഐശ്വര്യ റായിയുടെ വിവാദവിഷയങ്ങളും വിവാഹവിശേഷങ്ങളും വിശദീകരിക്കുന്നവര്‍, ഒരു പുതുപുത്തന്‍ തൂവെള്ളക്കടലാസില്‍ ആത്മാവില്‍ മുക്കിയ തൂലികയാല്‍ സ്വന്തം മുത്തശ്ശിയെക്കുറിച്ചെഴുതുക. ഒരുപക്ഷെ നിങ്ങളുടെ ഏറ്റവും നല്ല രചനയാകാമത്, ഏറ്റവും നല്ല ചെയ്തികളിലൊന്നും!

വല്ലിമ്മ‌മാരെക്കുറിച്ചു പറയുന്നവരെല്ലാം അതിവേഗംകുട്ടിക്കാലത്തേക്ക് സഞ്ചരിച്ചുപോകും. കുട്ടിക്കാലവും വാര്‍ദ്ധക്യവും പണ്ടുമുതലേ ഏറ്റവും നല്ല ചങ്ങാതിമാരാണ്! രണ്ടിനും ഒരേമനസ്സ്, ഒരേ രീതി. സ്നേഹവും പരിചരണവും കിട്ടിയില്ലെങ്കില്‍ ഏറ്റവും സങ്കടപ്പെടുന്നവര്‍! ഭക്ഷണവും മരുന്നും കഴിക്കാന്‍ ഇവര്‍ക്കെന്തൊരു മടിയാണ്! കുട്ടിക്കാലം ഉമ്മക്കുചുറ്റും കറങ്ങാന്‍ കൊതിക്കുന്നുവെങ്കില്‍ വാര്‍ദ്ധക്യം മക്കള്‍ ചുറ്റുംകൂടുന്ന ഉമ്മയാകാന്‍ മോഹിക്കുന്നു! കുട്ടിക്കാലം എന്തിനും ഏതിനും ഉമ്മവേണം എന്നു ശഠിക്കുമ്പോള്‍ വാര്‍ദ്ധക്യം എന്തും ഏതും മക്കള്‍‌ക്കും കൊച്ചുമക്കള്‍ക്കും വേണ്ടി കരുതിവക്കുന്നു; ഉണ്ണിയപ്പവും, ഉപ്പുമാങ്ങയും, ആരെങ്കിലും സമ്മാനിച്ച കപ്പലണ്ടിമിഠായി പോലും.

ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ പട്ടിണിയുടെ പാരമ്യത്തില്‍ കിണറ്റില്‍ നിന്നും കോരിക്കുടിച്ച പച്ചവെള്ളത്തിന്റെ ശക്തിയില്‍ കല്ലുമലക്കും പെരുമലക്കുമിടയില്‍ കല്ലുചുമന്നും മുതലാളിയുടെ പാടം കൊയ്തും മെതിച്ചും ഏഴു മക്കളെപോറ്റിയ തിക്താനുഭവങ്ങള്‍ എടത്തയില്‍ എന്റെ വീട്ടിലെ‍ തണുത്ത മാര്‍ബിള്‍ തറയിലിരുന്ന് വല്ലിമ്മ വിവരിക്കുമ്പോള്‍‍ ആ പാതി മങ്ങിയ കണ്ണുകള്‍ ചുട്ടുപൊള്ളുന്ന നട്ടുച്ച വെയിലേല്‍ക്കുന്നതുപോലെ ചുരുങ്ങി വിറയ്ക്കുന്നതുകാണാം; തലയില്‍ കനമുള്ള കരിങ്കല്ല് ചുമക്കുന്നതുപോലെ തൊണ്ടഞരമ്പുകള്‍ തടിച്ചു തെളിയുന്നത്‌ കാണാം, അരിവാളു പിടിച്ചപോലെ വലംകൈ ചുരുണ്ടു മുറുകുന്നതുകാണാം! പിന്നെയാ കൈകള്‍ ആകാശത്തേക്കുയരുമ്പോള്‍ കണ്ണുകള്‍ വിപ്ലവകാരിയുടേതുപോലെ ആളിക്കത്തും. ശേഷം കഞ്ഞിവെള്ളത്തിന്നു മോഹിച്ച മക്കള്‍ക്ക്, കുഞ്ഞിക്കയില്‍ കോരിലഞ്ചാറുവറ്റിട്ട്, കാന്താരിപൊട്ടിച്ച് കണ്ണീരുചാലിച്ച്, വാത്സല്യവും കോരി വാരിക്കൊടുത്ത ചരിത്ര വിസ്മയ കഥകള്‍ വീരസാകസികയുടെ മുഖഭാവത്തോടെ പറയും എടത്തലയിലെ എന്റെ വല്ലിമ്മ! അതെ, ആരും തുണയില്ലാതെ രാപകലദ്ധ്വാനിച്ച് മക്കളെ പോറ്റിയ മാതാവിന്റെ നേര്‍ കഥനത്തേക്കാള്‍വലിയ വിപ്ലവ വിജയഗാഥകള്‍ ഏതു ചരിത്രേതിഹാസമാണ് നമുക്ക്‌ പറഞ്ഞു തരിക?

അത്ഭുതപ്പെട്ടുപോകും മധുരത്തില്‍ മുങ്ങിക്കുളിക്കുന്ന നമ്മള്‍. ഒരു നുള്ളു മധുരം നുണയാന്‍ കൊതിച്ചിരുന്ന കാലമുണ്ടയിരുന്നുവത്രെ അവര്‍ക്കൊക്കെ! ലോകത്തെങ്ങും മധുരം ഇല്ലാതിരുന്നിട്ടല്ല; കാലണക്ക് അഞ്ചെണ്ണം കിട്ടുന്ന ചന്ദ്രക്കലയൊത്ത നാരങ്ങാമിഠായികള്‍ പോലും വല്ലിമ്മ സ്വയം അപ്ര്യാപ്യമാക്കിയത് മക്കളുടെ ഒരുകയില്‍‌ ‍കഞ്ഞിയും ഒരു ജോഡി വസ്ത്രവും അവരുടെ വിദ്യാഭ്യാസവും ജീവിതത്തിലെ ഏറ്റവും വലിയ കൊതിയും ലക്ഷ്‌യവുമായി മാറിയതുകൊണ്ടാണ്; എത്താത്ത കൊമ്പിലെ മാമ്പഴം കയ്യെത്തിപ്പിടിക്കുമ്പോള്‍ ആത്മാവില്‍ നിറയുന്ന മധുരം നുകരാന്‍‌വേണ്ടിയാണ്! ബഹിരാകാശയാത്രയും വമ്പന്‍ പരീക്ഷാവിജയങ്ങളും മുഖ്യ ലക്ഷ്‌യമായിക്കാണുന്ന പെണ്ണുങ്ങള്‍ മിടുമിടുക്കികള്‍ തന്നെ, പക്ഷെ മഹത്വത്തില്‍ ആരാണു മുന്നില്‍ എന്ന ചോദ്യത്തിന് ഞാന്‍ ചൂണ്ടിക്കാണിക്കുക ഓരോ വീടിന്റെയും പിന്നാമ്പുറങ്ങളിലേക്കാണ്. അവിടെ മക്കളുടെയും കൊച്ചുമക്കളുടെയും ഓര്‍മ്മയില്‍ പ്രാര്‍‌ത്ഥനാ നിര്‍‌ഭരം നിശ്ശബ്ദമായിരിക്കുന്ന വല്ലിമ്മമാരിലേക്കാണ്. ഒരാളും ആ മഹത്വത്തിനു തെളിവു ചോദിക്കരുത്; തേഞ്ഞുതീര്‍ന്ന കൈകളും, പാടേ കുഴിഞ്ഞ കണ്ണുകളും, കൊഴിഞ്ഞുതീര്‍ന്ന കൂന്തലും തന്നെയാണ് തെളിവുകള്‍! ഞാനും നിങ്ങളും നമ്മുടെ മാതാപിതാക്കളും ഇങ്ങനെ ജീവിക്കുന്നു എന്നതും അവരുടെ മഹത്വമല്ലാതെ പിന്നെന്താണ്?

അന്ന് ഒരു തുണ്ടു മധുരം കൊതിച്ച നാളുകളെ വന്‍നിധിപോലെ മനസ്സില്‍ സൂക്ഷിക്കുന്നുണ്ട് വല്ലിമ്മ! പക്ഷെ, ഇന്ന്, ഈ മധുരം കുമിഞ്ഞ നാളില്‍ പഞ്ചാരരോഗത്തിന്റെ രൂപത്തില്‍ വന്ന പടച്ചവന്റെ വിധി മധുരം കഴിക്കരുത് എന്നായിരുന്നു. പറമ്പിലെ തേന്‍‌വരിക്ക പ്ലാവ് കായ്‌ച്ചകാലങ്ങളില്‍ ഞങ്ങളെയെല്ലാം ചുറ്റും വിളിച്ചിരുത്തി വെട്ടിയുരിഞ്ഞു തീറ്റിക്കുമ്പോള്‍ ഒരൊറ്റ ചുളപോലും രുചിച്ചുനോക്കാറില്ല പാവംവല്ലിമ്മ. അന്നു മക്കള്‍ക്കു വേണ്ടി സന്തോഷത്തോടെ മാറ്റിവച്ച കൊതി ഇതാ പടച്ചവനു വേണ്ടി അനുസരണത്തോടെ മാറ്റിവച്ചിരിക്കുന്നു! പക്ഷെ, അതോടെ പല്ലുകള്‍ പിണങ്ങി പിരിഞ്ഞുപോയി. കുറേ കഴിഞ്ഞപ്പോള്‍ രോഗം മൂര്‍ച്ഛിച്ച് ഇടത്തേ കാലും മുറിച്ചു മാറ്റപ്പെട്ടു. ചക്കക്കൊതിയരായ മക്കളെ സ്വര്‍ഗ്ഗത്തില്‍ ചുറ്റും ലഭിക്കാന്‍ നേരത്തേതന്നെ അവര്‍ക്കുള്ള പാസ്സുവാങ്ങാനയച്ചതാകാം മക്കളുടെ സ്വര്‍ഗ്ഗം വിരാജിക്കുന്ന ആ മാതൃപാദം!

"ഞാനെന്തു കഴിച്ചിട്ടാണാവോ എനിക്കീ രോഗം വന്നത്?" എന്ന ചോദ്യം വ്യത്യസ്ത്ഥമായ ഒരു ചിരിയോടെ വലിമ്മ ഇടക്കിടെ ചോദിക്കാറുണ്ട്. ചോദിക്കുന്നത് വല്ലിമ്മയാണ്, ഉത്തരങ്ങള്‍ എന്റെ പ്രാര്‍‌ത്ഥനകളാകുന്നു!
രോഗത്തിന്റെ രൂപത്തില്‍ വന്ന ആ വിലക്ക് ത്യാഗങ്ങളുടെ സ്മരണകള്‍‍ നല്‍കുന്ന മധുരത്തില്‍ തെല്ലുപോലും മായം കലര്‍‌ത്തേണ്ട എന്ന പടച്ചവന്റെ തീരുമാനമാകാം! കാപട്യം നിറഞ്ഞ ഈ ലോകത്തെ മധുരങ്ങളൊക്കെയും തന്റെ ഈ വിശുദ്ധദാസിക്ക് കഴിക്കാന്‍മാത്രം പരിശുദ്ധമല്ല എന്നവന്‍ കണ്ടതുകൊണ്ടാകാം!

പകരമായി, സ്വര്‍ഗ്ഗത്തിന്റെ ഉച്ഛിയില്‍ മധുരത്തിന്റെ പെരുമലകള്‍ സ്വര്‍ഗ്ഗരാജന്‍ കരുതിവച്ചിട്ടുണ്ടാകും! സ്വര്‍ഗ്ഗഗേഹത്തിന്റെ മുറ്റത്ത് അനര്‍ഘമായ ഒരു തേന്‍‌വരിക്കപ്ലാവ് വല്ലിമ്മാക്കുവേണ്ടി മാത്രം കായ്‌ച്ചുനില്‍‌പ്പുണ്ടാകും! നേരത്തേ മുറിക്കപ്പെട്ട ഇടംകാലിനു പകരം സ്വര്‍ഗ്ഗത്തിലെ തെങ്ങിന്‍ തോട്ടം ഭരിക്കാന്‍ തമ്പുരാന്‍ സ്വര്‍ണ്ണപാദം തന്നെയാകും നല്‍കുക! വീടിന്റെ പിറകിലെ കുഞ്ഞുതോട്ടത്തിലെപ്പോലെ സര്‍‌വതിനും സഹായിയായി സാധുവായ മക്കാര്കാക്കയെയും കൂട്ടിനു നല്‍കിയേക്കാം. സ്വര്‍ഗ്ഗീയശയ്യയില്‍ തന്റെ വലംകയ്യായ ശുശ്രൂഷകക്കുള്ള തോട്ടത്തിന്റെ കവാടത്തില്‍ അവകാശിയുടെ നാമം 'ഹാജറാബീവി' എന്നുല്ലേഖനം ചെയ്യപ്പെട്ടിരിക്കാം!!!

വല്ലിമ്മ തീരെ ക്ഷീണിതയാണ്! ഒന്നും കഴിക്കുന്നില്ല! ഇതെഴുതിത്തീര്‍ത്തിട്ടുവേണം വീട്ടിലേക്കൊന്നു വിളിക്കാന്‍. ആരെങ്കിലും ഫോണെറ്റുക്കുമ്പോള്‍ വല്ലിമ്മ തലപൊക്കി നോക്കും. അപ്പോള്‍ ശുശ്രൂഷിച്ചുകൊണ്ട് അടുത്തിരിക്കുന്ന ഹാജുഎളീമ പറയും "ഉമ്മാ..നിഷാദാണ്..!" ആവേശത്തോടെ ഉണങ്ങിയ ചുണ്ട്നനക്കാന്‍ ശ്രമിച്ചുകൊണ്ട് വല്ലിമ്മ ഫോണ്‍ ചെവിയോട് ചേര്‍‌ക്കും! ഞാന്‍ വിളിക്കും.."വല്ലിമ്മാ...". കേള്‍ക്കില്ലെങ്കിലും നേര്‍ത്ത സ്വരത്തില്‍ നിരതെറ്റിയ വാക്കുകളീല്‍ വല്ലിമ്മ ചോദിക്കും "മോനു സുഖാണോ..?"

അതെ എനിക്കു സുഖമാണ്. അതിനുവേണ്ടി മാത്രമാണല്ലോ വല്ലിമ്മ ജീവിച്ചതും; ഇപ്പോഴും പ്രാര്‍‌ത്ഥിക്കുന്നതും.....!


തുടരും..!

(ഇനി എനിക്ക് പെരുമ്പാവൂരുപോകാനുണ്ട്..അവിടെ എനിക്കൊരു വല്ലിമ്മയുണ്ടായിരുന്നു.....അല്ല വല്ലിമ്മയുണ്ട്...!)

-----------------------------------------------------------------
ശ്ലോകം: ശൊളകം എന്നാണ് പെരുമ്പാവൂരെ എന്റെ വല്ലിമ്മ പറഞ്ഞിരുന്നത്.

11 comments:

Aluvavala said...

അതെ എനിക്കു സുഖമാണ്. അതിനുവേണ്ടി മാത്രമാണല്ലോ വല്ലിമ്മ ജീവിച്ചതും; ഇപ്പോഴും പ്രാര്‍‌ത്ഥിക്കുന്നതും.....!

Phayas AbdulRahman said...

Nishaade.. Valara hridaya sparshiyaaya vivaranam.. ithinte oru katha ennu vilikkaamo atho anubhavam ennu vilikkaamo?? enthaayaalum nalla avatharanam. vellimmaaaku sukhamaakum.. pinne poorvaadhikam aarogyathodu koodi Odi nadakkum.. perumbavoorathe vellimaaaede visehshangalkkaayi wait cheyyaam..
(NB : malayalathil comment idaan nokkeetu nee thanne enikkayachu thanna aa link ippo work aakunnillaato - Malayalam Offline. athu kondaanu mangleeeshil commentiyath)

ശ്രീ said...

ഹൃദ്യം മാഷേ. നന്നായി പങ്കു വച്ചിരിയ്ക്കുന്നു പഴയ ഓര്‍മ്മകളും വല്യമ്മയോടുള്ള സ്നേഹവും.

keraladasanunni said...

തികച്ചും ഹൃദയസ്പര്‍ശിയായി. അമ്മമാരും വല്യുമ്മമാരും നമുക്കായി സ്വര്‍ഗ്ഗം ഒരുക്കുന്നു, സ്വന്തം കണ്ണീരും ചോരയും കൊണ്ട്.
palakkattettan

വാഴക്കോടന്‍ ‍// vazhakodan said...
This comment has been removed by the author.
വാഴക്കോടന്‍ ‍// vazhakodan said...

ഇന്നത്തെകുട്ടികള്‍ക്ക് വല്ലിമ്മയെന്നാല്‍ അന്യഗ്രഹ ജീവിപോലെയാണ്. വളരെ നന്നായി എഴുതിയിരിക്കുന്നു. ആശംസകള്‍...

Typist | എഴുത്തുകാരി said...

വല്ലിമ്മയോടുള്ള സ്നേഹം മുഴുവനുമുണ്ട് ഈ വരികളില്‍. ആ മുത്തശ്ശിയെ ഞങ്ങള്‍ക്കും ഇഷ്ടമായി.

ധവള വെളിച്ചം said...

എനിക്ക് 2 വല്ലിമ്മമാരുണ്ടായിരുന്നു.ഒന്നെന്റെ വീടിലും മറ്റൊന്ന് എന്റെ ഉമ്മയുടെ വീടിലും..കഴിഞ്ഞയാഴ്ച ഉമ്മയുടെ വീടിലെ വല്ലിമ്മ മരണമടഞ്ഞു..അധികം ആരെയും ബുന്ധിമുട്ടിക്കാതെ..കാണാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്..പ്രാര്തികുന്നു..തീര്‍ച്ചയായും വല്ലിമ്മമാര്‍ നമ്മുടെ ജീവിതത്തെ ഒത്തിരി സ്വാദീനിക്കുന്നു..നല്ല എഴുത്ത് തുടരട്ടെ
എന്റെ വീടും പെരുംബാവൂരിലാണ്

കണ്ണനുണ്ണി said...

ഹൃദ്യമായ അവതരണം.... കാലഹരണപെട്ട ഒരു പുരാവസ്തു എന്ന് വരെ പഴയ തലമുറയെ വിശേഷിപ്പിക്കുന്ന gen-Y kidz ഇന് ഇത് വായിക്കുവാനും അല്പം ചിന്തിക്കുവാനും തോന്നട്ടെ

Areekkodan | അരീക്കോടന്‍ said...

ബൂലോകത്ത്‌ വല്ല്യമ്മായി ഉണ്ട്‌ ,വല്ല്യുമ്മയുടെ കുറവും ഉണ്ട്‌.നല്ല പോസ്റ്റ്‌

Sam said...

ഇതെന്റെ രണ്ടാം വായനയാണ്. ഞാന്‍ ഇതിനു മുമ്പ് ഇമെയില്‍ വായിച്ചിരുന്നു. വീണ്ടും മുഴുവനും വായിച്ചു. വളരെ നന്നായിരിക്കുന്നു. നിഷാദ് ഫോണ്‍ ചെയ്‌താല്‍ മാത്രം പോര വല്ലിമ്മയെ കാണാന്‍ പോകണം. എനിക്ക് പറ്റിയിട്ടില്ല. ഞാന്‍ വളരെ തിരക്കിലായിരുന്നു. വെറുതെ ഒരു വല്ലാത്ത തിരക്ക്. - ഷമീര്‍