Saturday, December 27, 2008
കാര്‍ത്തുവിന്റെ 'ദുര്‍നടപ്പ്'
അച്ചുതാനന്ദനോട് കാര്‍ത്തുവിനുള്ള സാദൃശ്യം രൂപത്തിലാണെങ്കില്‍ ലീഡര്‍ കരുണാകരകരനുമായി ഒരു ദു:ശ്ശീലത്തിലാണു സാദൃശ്യം. അതു തന്നെയാണ് നാട്ടിലെ ബൈക്കോടിക്കാന്‍ തുടങ്ങുന്ന സകല കുമാരസംഭവങ്ങളുടെയും സ്വപ്നത്തിലെ പേടിരൂപമായ് കാര്‍ത്തുവിനെ മാറ്റിയതും. കരുണാകരനെപ്പോലെ തന്നെ കാര്‍ത്തുവിന്റെയും നടപ്പ് ശരിയല്ലായിരുന്നു എന്നതു തന്നെ സംഗതി. തെറ്റിദ്ധരിക്കല്ലേ, ഞാനുദ്ദേശിച്ചത് ദുര്‍നടപ്പൊന്നുമല്ല കെട്ടോ, രണ്ടുകാലും ഉപയോഗിച്ചു റോട്ടിലൂടെയുള്ള നടപ്പ് തന്നെയാണ്. ലീഡറുടെ രാഷ്ടീയനടപ്പ് എത്രത്തോളം ശരിയല്ലായിരുന്നുവോ കാര്‍ത്തുവിന്റെ റോട്ടീലൂടെയുള്ള നടപ്പും അത്രതന്നെ ശരിയല്ലായിരുന്നു।
ഫോര്‍ എക്സാമ്പിള്‍, കരുണാകരനെപ്പോലെ മക്കളെപ്പോറ്റാന്‍ 'പണിയാനുള്ള' ആയുധവുമേന്തി കാര്‍ത്തു വലതുവശത്തൂടെ നടന്നുപോകുകയാണെന്നു കരുതുക। പ്രത്യേകിച്ചൊരു കാരണവും വേണ്ട, പ്രതീക്ഷിച്ചിരിക്കാതെ ഇടതു വശത്തേക്ക് ഒറ്റച്ചാട്ടം ചാടിക്കളയും പഹയത്തി। ഇതു പോലെ, ഇടതുവശത്തൂടെ കുറച്ചു നടന്നു മടുക്കുമ്പോള്‍ വലതുവശത്തേക്കും അവസാനം അവിടെയോ ഇവിടെയോ ഇല്ലാതെ തെരുവില്‍ ഒത്ത നടുക്ക് പെട്ടു പോകുകയും ചെയ്യും। മൂന്നാലു കി।മി. അപ്പുറത്തുള്ള കോളേജിലേക്ക് 'ചരക്കു കേറ്റാന്‍' പോകുന്ന വല്ല പ്രേമക്കച്ചവടക്കാരന്‍ പയ്യന്റെയുംബൈക്കിന്‍ മുന്നില്‍ പെടുകയോ, കേറ്റാവുന്നതിലപ്പുറം ചരക്കുമായി വരുന്ന വല്ല ആനവണ്ടിയുടെ തുരുമ്പു പിടിച്ച ഏതെങ്കിലും ഒരു കമ്പിയില്‍ കോര്‍ക്കുകയോ ചെയ്താല്‍ "കാര്‍ത്തു നിന്റെ തോര്ത്തെങ്ങാനും കൂര്‍ത്തമുള്ളില്‍ കോര്‍ത്തോ" എന്ന പാട്ടു മാറ്റി "തോര്‍ത്തെ നിന്റെ കാര്‍ത്ത്വോങ്ങാനും കൂര്‍ത്ത കമ്പീല് കോര്‍ത്തോ" എന്ന് കാര്‍ത്തു ചുമ്മാടുകെട്ടുന്ന തോര്‍ത്തിനോടു ചോദിക്കേണ്ടീ വരും. പക്ഷെ ഇത്തരത്തിലുള്ള അത്യാപത്തൊന്നും ഇന്നേവരെ സംഭവിക്കാത്തത് ആരുടെയൊക്കെയോ മഹാഭാഗ്യം!.
എന്നാലും ഏതാണ്ട് ഒരു ഡസനിലേറെ പെറ്റി ആക്സിഡന്റുകള് ഈ മഹതി പലപ്പോഴായി വരുത്തിവച്ചിട്ടുണ്ട്। ആശിച്ചുമോഹിച്ച് ചിട്ടിപിടിച്ച കാശുകൊണ്ട് മണികണ്ഠന്റെ അഛന് വാങ്ങിയ വിജയ് സൂപ്പര്‍ ആദ്യ യാത്രയില്‍ തന്നെ വലത്തുനിന്നും ഇടത്തേക്ക് പാളിവന്ന കാര്‍ത്തുവിറ്റ്നെ ചന്തിയിലിടിച്ചു നിന്നു। മീന്കാരന് മമ്മദിന്റെ ഹീറോ സൈക്കിളിന്റെ സ്റ്റമ്പും, അവന്റെ ഇടത്തേ കയ്യുടെ സ്റ്റമ്പും വളഞ്ഞതിന്റെ മെയിന്‍ കാരണവും ഇതേ ചന്തിയുടെ വലത്തു നിന്നും ഇടത്തേക്കുള്ള ഈ തെന്നിമാറല്‍ തന്നെയായിരുന്നു। ജോണപ്പന്റെ 'ടൈഗര്‍' എന്ന പെട്ടിഓട്ടോറിക്ഷ ഇന്നും പുളകത്തോടെ മാത്രം ഓര്‍ക്കുന്ന ഒന്നായിരിക്കും ബ്രേക്ക് കിട്ടാതെ കാര്‍ത്തൂന്റെ മേലേക്ക് മറിഞ്ഞു വീണ സംഭവം. 'ടൈഗറി'ന്റെ നഖക്ഷതങ്ങള്‍ കാര്‍ത്തുവിന്റെ വെളിവായ ശരീരഭാഗങ്ങളില്‍ ഇന്നും തെളിഞ്ഞുകാണാമത്രേ! ഇപ്പറഞ്ഞതൊക്കെ ഞാന്‍ നേരിട്ടു കണ്ടതൊന്നുമല്ല. സ്ഥലത്തെ പ്രധാന റിപ്പോര്‍ട്ടര്‍മാരായ ആകാശവാണി ഷാജിയുടെയും ലോലന് ലത്തീഫിന്റെയുമൊക്കെ ബ്രേക്കിംഗ് ന്യൂസുകളിലൂടെ കേട്ടറിഞ്ഞ പാതിമാത്രം വിശ്വസിക്കാവുന്ന റിപ്പോര്‍ട്ടുകളാണ്.
ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ സൃഷ്ടിച്ച് കാര്‍ത്തു 'ദുര്‍നടപ്പ്' തുടരുന്നതിനിടയില്‍ ലീഡര്‍ കരുണാകരന് അട്ടത്തുകേറി. പുത്രന് സത്രം തേടിയലയുന്നു. അച്ചുതാനന്ദനാണെങ്കില്‍ മുഖ്യമന്ത്രി സീറ്റ് ഒരുവിധത്തിലൊപ്പിച്ച് കേരളത്തിലെ ബെസ്റ്റ് കൊമേഡിയനായി. ഞാനാണെങ്കില്‍ മൂത്താപ്പാടെ യൗവനത്തോളം പ്രായമുള്ള എന്റെ പഴയ രാജ്ദൂത് മോട്ടോര്‍ സൈക്കളിനു പകരമായി ഒരു യമഹ ഒപ്പിച്ചെടുത്തു. പച്ചനിറമടിച്ച്, മുന്‍ഭാഗം പൊക്കി, സൈലന്‍സറിന്റെ ഫ്ലൂട്ട് കട്ട് ചെയ്ത് ചെത്താന്‍ തയ്യാറാക്കി. രാത്രി വീട്ടിലെ പോര്‍ച്ചില്‍ സേഫായി മൂടിയിട്ടിട്ടും ഇടക്ക് രണ്ടു പ്രാവശ്യം വന്നു നോക്കി ഭംഗി ഉറപ്പുവരുത്തി.
പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റു। കുളിച്ച് പൗഡറിട്ട് കുട്ടപ്പനായി. യമഹ സ്ടാര്ട്ട് ചെയ്ത് അയല്‍ക്കാര്‍ കേള്‍ക്കാന്‍ പാകത്തിനിരപ്പിച്ചു॥ങാഗ്..ങാഗ്..ട..ട..ട..ട..!
മുറ്റത്ത് നിന്നുന് റോട്ടിലേക്കിറങ്ങാനാഞ്ഞതും ഒരാശയക്കുഴപ്പം॥വലത്തേക്കു പോണോ, ഇടത്തേക്കു പോണോ? ആദ്യത്തെ പോക്കല്ലേ വലത്തേക്കു തന്നെ പോയേക്കാം। എന്റെ യമഹ ചീറ്റപ്പുലിയെപ്പോയെ പായാന്‍ തുടങ്ങി. ആളുകള്‍ നോക്കുന്നുണ്ടെന്നു എന്റെ ഇടംകണ്ണ് ഉറപ്പുവരുത്തിക്കൊണ്ടിരുന്നു. കയറ്റം കയറിയപ്പോഴുള്ള മൂളല്‍ എന്നെ ആവേശഭരിതനാക്കി. കയറ്റത്തിനു ശേഷം ഇറക്കം ഇറങ്ങുമ്പോളുള്ള സുന്ദരമായ റ്റ റ്റ റ്റ ശബ്ദം കേള്‍ക്കാന്‍ ആര്‍ത്തിയായി. എന്റെ യമഹപ്പുലി ഇറക്കം ഇറങ്ങുകയാണ്...സ്മൂത്തായി..സ്മാര്‍ട്ടായി...!
പെട്ടെന്നതാ ആഗോള എടത്തല ബൈക്കേര്‍സിന്റെ പേടിസ്വപ്നമായ ആ ചന്തി റോട്ടില് പ്രത്യക്ഷപ്പെട്ടിരിക്കുന്നു।അത് റോഡിന്റെ വലതു വശത്ത് നിന്നും ഇടത്തേക്ക് അതിവേഗം നീങ്ങാന്‍ തുടങ്ങുന്നു. എന്റെ കാലുകള്‍ ബ്റേക്കിന്റെ മുകളിലിരുന്നു വിറക്കാന്‍ തുടങ്ങുന്നു. ഇറക്കമാണ്, അതിവേഗമാണ്....ഡുംബഡക്കഡഡാ.....#$%%^।
ടാറിട്ട റോഡാണ്; റോഡിന് നടുക്കാണ്, സ്വിമ്മിംഗ് പൂളിലേക്ക് ഡോള്‍ഫിന്‍ എന്ന പോലെ മോന്തകുത്തി ഞാന്‍ റോട്ടിലേക്കു വീണു। ബോധം ഇല്ലാഞ്ഞിട്ടാവാം, അതു പോയിട്ടില്ല। എന്റെ യമഹാബായ് തൊട്ടപ്പുറത്ത് കെടന്ന് അറുത്തിട്ട കാളയെപ്പോലെ ഊര്‍ദ്ധ്വം വലിക്കുന്നു। കാര്‍ത്തു എവിടെ? എഴുന്നേറ്റു നോക്കുമ്പോല്‍ തൊട്ടടുത്ത് കുറ്റിക്കാട്ടില്‍ ഒളിച്ചുകിടക്കുന്ന മുതലയെപ്പോലെ കിടന്നു ഞെരങ്ങുന്നു. ദേഷ്യം അണപ്പല്ലുകൊണ്ട് ചവച്ചരച്ച് ഞാനവരെ പിടിച്ചെഴുന്നേല്പിച്ചു. "കാര്‍ത്ത്വേച്ചി, വല്ലതും പറ്റിയോ?" അനക്കമില്ല. പടച്ചോനേ, പണി പാളിയല്ലോ॥! വീണ്ടൂം വീണ്ടും ഞാന്‍ വിളിച്ചു.."കാര്‍ത്ത്വേച്ചീ..കാര്‍ത്ത്വേച്ചീ.."അച്ചുതാനന്ദന്റെ പ്രസംഗത്തില്‍ നിന്നും ശബ്ദം ഒഴിവാക്കിയാല്‍ കിട്ടുന്ന മുഖഭാവം എന്താണോ അതാണിപ്പോള്‍ കാര്‍ത്തുവിനുള്ളത്. മുഖഭാവം കണ്ടാല്‍ അറിയാം കാര്യമായിട്ടെന്തോ പറയാന്‍ ഭാവിക്കുകയാണ്, നല്ല പുളിച്ച തെറിയാകും, പക്ഷെ ശ്വാസം കിട്ടുന്നില്ലല്ലോ....ആളുകള്‍ കൂടിത്തുടങ്ങി. ഞാന്‍ നെഞ്ചിടിപ്പോടെ, ആളുകള്‍ ആകാംക്ഷയോടെ നോക്കി നില്ക്കുമ്പോള് കാര്‍ത്തു ശ്വാസം ആഞ്ഞുവലിച്ച്, സര്‍വ്വ ശക്തിയുമെടുത്ത് അലറിവിളിച്ചു..."അയ്യോ...എനിക്കിപ്പ കക്കൂസേപ്പോണേ.....!" പറഞ്ഞത് മാറിപ്പോയതാണോ?"കാര്‍ത്ത്യേച്ചീ..ആശുപത്രീപ്പോണോ..?" ആശോത്രീലാണോടാ നീയൊക്കെ തൂ.....ന് പോണത്? എനിക്കിപ്പം പോണേ....!" അടുത്ത വീട്ടിലെ ഓല മറച്ച വെളിപ്പുരയിലേക്ക് കാര്‍ത്തുവിനെ എത്തിക്കുന്ന ഭാരിച്ചഉത്തരവാദിത്തം ഞാന്‍ തന്നെ ഏറ്റെടുക്കേണ്ടി വന്നു....!
അതില്‍ പിന്നെ ഞാന്‍ ബൈക്കില്‍ വരുന്നതുകണ്ടാല്‍ മതിയത്രേ കാര്‍ത്തു കക്കൂസിലേക്കോടാന്‍. പക്ഷെ അതോടെ വലത്തേക്കും ഇടത്തേക്കുമുള്ള ചാട്ടം അവസാനിപ്പിച്ച് കാര്‍ത്തു റോഡിന്റെ വലതു വശത്തുകൂടെ അനുസരണയുള്ള കുട്ടിയെപ്പോലെ നടക്കാന്‍ തുടങ്ങി എന്നത് പരസ്യമായ രഹസ്യം. പക്ഷെ ഇപ്പോള്‍ സ്വപുത്രന് ആ ചാട്ടം തുടങ്ങിയിട്ടുണ്ടത്രേ, പറഞ്ഞത് ആകാശവാണി ഷാജിയാണ്, വിശ്വസിക്കാമോ ആവോ!
Monday, December 15, 2008
ബുഷിനെ എറിയാന്‍ ചെരിപ്പു തരാം..


Saturday, December 6, 2008
ഒരു കൊച്ചു പട്ടിക്കഥ.
ടീനെജിന്റെ പ്രാരംഭ കാലം। കേരളത്തിലെ ഏതാണ്ടെല്ലാ ഗ്രാമ, നഗരവാസികളെയും പോലെ എടത്തലക്കാരും ശ്വസിച്ചുകയറ്റിയ്യിരുന്ന ജീവവായുവില്‍ ഓക്സിജനും, ഓടമണവും, കരിയും പുകയും പൊടിപടലങ്ങള്‍ക്കും പുറമേ ഞായറാഴ്ച പ്രഭാതങ്ങളില്‍ നല്ല പോത്തിറച്ചിയുടെയും ചോരയുടെയും ഗന്ധം കൂടി കലര്‍ന്നിരിക്കും. കാട്ടുറബ്ബര്‍ പത്തലുകളില്‍ പഞ്ചാരച്ചാക്കുകെട്ടിയുണ്ടാക്കിയ ഇറച്ചിക്കടകളില്‍ തൂങ്ങിയാടുന്ന പോത്തിന് കൊറവുകളില്‍ നിന്നും പഞ്ചായത്തു പൈപ്പുകളില്‍ വെള്ളം വരുന്ന പോലെ തുള്ളിതുള്ളിയായി വീഴുന്ന ചോര ഒഴുകാത്ത ഓടകളില്‍ കട്ടപിടിച്ച് കെട്ടിക്കിടന്ന് പരക്കുന്ന ആ ഗന്ധം ഞായറാഴ്ചകള്‍ക്ക് എന്തെന്നില്ലാത്ത് ഒരുന്മേഷവും ഉണര്‍വ്വും നല്‍കിയിരുന്നു. സാധാരണ ദിവസങ്ങളില്‍ പാത്തുക്കുട്ടിത്താത്താടെ തിളങ്ങുന്ന കാപ്പിവാലുള്ള പൂവന്റെ കൊക്കരക്കോ കേട്ടുണര്‍ന്നിരുന്ന എടത്തല എന്ന എന്റെ ഗ്രാമം ഞായറാഴ്ചകളില്‍ ഉണരണമെങ്കില്‍ ചോരവറ്റാത്ത പോത്തിറച്ചിയും എല്ലും വെട്ടിമുറിച്ച് പുളിമുട്ടികളില്‍ വന്നിടിക്കുന്ന വെട്ടുകത്തികളുടെ അക്രമതാളത്തിലുള്ള ശബ്ദം തന്നെ വേണമായിരുന്നു!
ടീനെജിന്റെ മധ്യകാലമായപ്പോഴേക്കും ഈ ഗന്ധത്തിന്റെയും ശബ്ദത്തിന്റെയും ഫലമായി എടത്തലയിലാകെ വല്ലാത്തൊരു ശല്യം മുളച്ചുപൊന്തി। യത്തീംഘാനയുടെ വലത്തേമൂലയില്‍ തുടങ്ങി തുരുത്തിന്റെ വടക്കുകിഴക്കേമൂലവരെ ഏതാണ്ട് ഒരു കിലോമീറ്റര്‍ കോണായി പടര്‍ന്നു കിടന്നിരുന്ന കൂറ്റന്‍ റബ്ബര്‍തോട്ടത്തിന്റെ മധ്യഭാഗത്തെങ്ങോ കാടുപിടിച്ചു കിടന്നിരുന്ന കല്ലുവെട്ടു കുഴികളില്‍ താവളമുറപ്പിച്ചിരുന്ന രണ്ടോ മൂന്നോ അസംഘടിത ബിലോ പോവര്‍ട്ടി ലൈന്‍ ശുനകഫാമിലികള്‍; പട്ടിപിടുത്തക്കാരുടെ കണ്ണുവെട്ടിച്ചും, പഞ്ചായത്തിന്റെ കുടുംബാസൂത്രണ സൂത്രങ്ങളുടെ പിടിപ്പുകേടും തിരിമറിയും മുതലെടുത്തും അംഗസംഖ്യ വര്‍ദ്ധിപ്പിക്കുകയും ശക്തിപ്രാപിക്കുകയും ചെയ്തത് എടത്തലക്കാര്‍ അറിയുന്നത് ഏറെ വൈകിയാണ്। ആദ്യമാദ്യം എടത്തലയുടെ പലദിക്കിലുമുള്ള വിവിധ ഇറച്ചിക്കടകളിലേക്കുമായി മുതിര്‍ന്നവരും, സ്ഥലപരിചയവുമുള്ളവരുമായ ഒന്നോ രണ്ടോ ശുനകവീരന്മാരെ വേസ്റ്റ്കളക്ഷനയക്കുകയും അവര്‍ നയതന്ത്രപൂര്‍വ്വം ചൂണ്ടിയെടുത്ത് റബ്ബര്‍തോട്ടത്തിലെ മടകളില്‍ എത്തിച്ചിരുന്ന ഐറ്റംസ് കൃത്യമായി വീതിച്ചെടുത്ത് സംതൃപ്തിയടയുകയായിരുന്നു പതിവ്. പക്ഷെ; മക്കളൊക്കെ വളര്‍ന്നു വലുതാവാന്‍ തുടങ്ങിയതോടെ പാലായിലെ റബ്ബര്‍ ബേസ്ഡ് കേരള കോണ്‍ഗ്രസ്സുകാരെപ്പോലെ, എടത്തലയിലെ റബ്ബര്‍തോട്ടം മട ബേസ്ഡ് പട്ടിപ്പിതാക്കളും തന്റെ മക്കളെ കൂട്ടത്തില്‍ ആളാക്കാന്‍ വേണ്ടീ ചരടുവലികള്‍ തുടങ്ങുകയും 'ബേ' മുതല്‍ 'ബൗ', 'ബം' 'ബ' വരെയുള്ള വിവിധ പേരുകളില്‍ പാര്‍ട്ടികള്‍ രൂപീകരിച്ച് കടിച്ച്പിരിയുകയും ചെയ്തുവത്രെ! പട്ടിക്കും തന്‍കുഞ്ഞ് കാക്കക്കുഞ്ഞ്!
ഇതിനിടയില്‍ പലപല കാരണങ്ങളാന്‍ എടത്തലയിലെ എറച്ചിക്കടകളുടെ എണ്ണം കുറയുകയും, യതീംഖാനയുടെ ഇടത്തേ മൂലയിലുണ്ടായിരുന്ന അബൂക്കാടെ ഒരേഒരിറച്ചിക്കടയൊഴികെ ബാക്കിയെല്ലാം പൂട്ടി പുളിമുട്ടികള്‍ ചിതലുകള്‍ പാട്ടത്തിനെടുക്കുകയും ചെയ്തു. ഇതോടെയാണ് ഞാന്‍ നേരത്തേ സൂചിപ്പിച്ച ഞായറാഴ്ചകളിലെ ശല്യം അതിന്റെ സകല അതിരുകളും ലംഘിച്ച് പുറത്തു കടക്കുന്നത്. വിവിധ ഇറച്ചിക്കടകളിലേക്കായി ശാന്തരായി പോയിരുന്ന ശുനകസംഘങ്ങളെല്ലാം കൂടി ഞായറാഴ്ച പുലര്‍ന്നാല്‍ അബുക്കാടെ ഇറച്ചിക്കടയിലേക്ക് മുദ്രാവാക്യം വിളിച്ചു പോകാന്‍ തുടങ്ങി. ഗതികെട്ട അബുക്ക ഈ പട്ടിഗ്രൂപ്പുകളെ കല്ലെറിഞ്ഞോടിക്കാന്‍ പഴയ ഗോലികളിക്കാരന്‍ മൊയ്തുട്ടിയെ നിയമിക്കുകയും മൊയ്തുവിന്റെ കല്ലാക്രമണത്തില്‍ പരിക്കേറ്റ പട്ടികള്‍ ഒരിക്കല്‍ പതിയിരുന്ന് പ്രതികാരം തീര്‍ക്കുകയും ചെയ്തതിന്റെ ഫലമായി മൊതുട്ടി രാജിവക്കുകയും ചെയ്തു.
ഇതോടെ അബുക്ക പട്ടികളുമായി ഒരു സന്ധിയിലെത്തുകയും, അവര്‍ക്ക് ഞായറാഴ്ചകളില്‍ ഒരു ക്വാട്ട നിര്‍ണ്ണയിക്കുകയും ചെയ്തു. പക്ഷെ ഒരു കണ്ടീഷന്‍. ഒന്നോ രണ്ടോ പേര് മാത്രം വന്ന് ക്വാട്ട കളക്റ്റ് ചെയ്തോളണം, എല്ലാവരും കൂടി അപ്പുറത്ത് ചക്യാന്റെ പറമ്പില്‍ പോയി വീതിച്ച് തിന്നുകയോ കളയുകയോ ചെയ്യാം. അത് പട്ടികള്‍ അക്ഷരം പ്രതി അംഗീകരിച്ചു. പക്ഷെ, ഇപ്പോഴല്ലേ പൂരം. പട്ടികളല്ലേ പിള്ളേരല്ലേ എന്നു വിചാരിച്ച് അബുക്ക ചെയ്തത് വിനയായത് വിശാലമായ ചക്യാന്റെ പറമ്പിനു ചുറ്റും അധിവസിച്ചിരിന്ന എന്നെപ്പോലെ ചുരുക്കം ചിലര്‍ക്ക്. ഞായറാഴ്ച ഒമ്പതു മണിവരെ കിടന്നുറങ്ങുന്നതിന്റെ ബലത്തില്‍ ഒരാഴ്ച രാവിലെയുണര്‍ന്ന് കോളേജലും, പിന്നെ ജോലിക്കും പോയിരുന്ന എന്നെ പട്ടികളുണ്ടോ ഉറക്കുന്നു! അവറ്റകളെ അവിടെ നിന്നോടിക്കാന്‍ പഞ്ചായത്തിന്റെ സഹായം കിട്ടില്ലെന്നുറപ്പായപ്പോള്‍ അറിയപ്പെടുന്ന ഏറുകാരായ കുഴിരാശിപ്പിള്ളേരോടും, ക്രിക്കറ്റ് ടീമിനോടും ഒക്കെ സഹായം ചോദിച്ചെങ്കിലും മൊയ്തുട്ടിയുടെ അനുഭവം അവരെ എന്നെ സഹായിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു.
അങ്ങനെ അന്നുറക്കം നഷടപ്പെട്ട് ഗള്‍ഫിലേക്കു കടന്ന ഞാന്‍ പിന്നെ സ്വസ്ഥമായിട്ടൊന്നുറങ്ങിയിരുന്നത് ഇവിട അവധിയായ വെള്ളിയാഴ്ചകളിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച പ്രഭാതക്കുളിരിനെ പഞ്ഞിപ്പുതപ്പില്‍ ചുരുണ്ടകറ്റുമ്പോഴാണ് എന്റെ ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ട് വീണ്ടും പട്ടി ശല്യം..! ഇവിടെയും വിടില്ലേ ഇവറ്റകള്..!? സംഗതി എന്താണെന്നറിയാതെ എഴുന്നേറ്റ് ചെന്നു നോക്കുമ്പോഴല്ലേ..; സഹധര്‍മ്മിണി ടി.വി ഓണ്‍ ചെയ്തതാണ്! കേരള നിയമ സഭയാണ്! മുഖ്യമന്ത്രിയെ ആരോ പട്ടിയെന്നു വിളിച്ചെന്നോ, മുഖ്യമന്ത്രി പട്ടിയെന്നു വിളിച്ചെന്നോ...! കുര പൊടി പൂരം।എന്നിലെ നൊസ്റ്റാള്‍ജിയ ഉണര്‍ന്നു"ഹൊ, ചക്യാന്റെ പറമ്പാണല്ലോ ഞാനീ കാണുന്നത്"?
ബോംബെ ബ്ലാസ്റ്റ്, വെടിവെപ്പ്, എറച്ചി, ചോരമണം...! എങ്ങനെ ഞാന്‍ ഉറങ്ങും? ഇനി എവിടെച്ചെന്നാലാണ് എനിക്കൊന്നുറങ്ങാന്‍ കഴിയുക? സന്ദീപ് ഉണ്ണീകൃഷ്ണനും, കര്‍ക്കറെക്കും രക്തസ്സക്ഷികള്‍ക്കും സലാം!
നാട്ടിലേക്കു അനിയനെ വിളിച്ചു; ചക്യാന്റെ പറമ്പിലെ പട്ടികളെക്കുറിച്ച് ചോദിച്ചു। അവന് പറഞ്ഞു; "ഇല്ല, അവറ്റകളൊന്നും ഇപ്പോ വരാറില്ല"!
എങ്ങനെ വരും? അവയും കാണുന്നുണ്ടാകുമല്ലോ ടെലിവിഷന്‍! അല്പം അഭിമാനം അവക്കുമുണ്ടാകില്ലേ?
Monday, September 29, 2008
പെരുന്നാളിനോട് പറയാനുള്ളത്..!
"നാളെ ഷാജഹാന്റെ വീട്ടിലും, ജലീലിക്കാടെ വീട്ടിലും കോഴി ബിരിയാണിയാ ഹായ്, അബുക്കാടവ്ടെ ആട്! ഹൊ! എല്ലാട്ത്തും പായസോണ്ടാകും ഹാവൂ !" ഇങ്ങനെ യൊക്കെ പലപല ആത്മകൊതിപ്പിക്കലുകളും കരച്ചില് മാറ്റല്‍ ശ്രമങ്ങളും നടത്തിനോക്കാമെന്നല്ലാതെ ഉം ഹും..ലവലേശം ഒന്നാശ്വസിക്കില്ല എന്റെ അസത്ത് മനസ്സ്..!
വളര്‍ത്തുദോഷമാണേ; വളര്‍ത്തു ദോഷം! മനസ്സുകളെ വളര്‍ത്തണ്ടതുപോലെ വളര്‍ത്തണം। ജനിച്ചതു മുതല്‍, മുതിര്‍ന്നിട്ടും, ഗള്‍ഫിലേക്കു പോരുന്നതു വരെ പെരുന്നാളിന്റെ തലേദിവസം മക്കളെയും വണ്ടീയില്‍ കയറ്റിയിരുത്തി ആലുവയിലോ പെരുമ്പാവൂരോ പോയി പെരുന്നാകോടിയും, ചെരിപ്പും, ബെല്‍ട്ടും, അത്തറും എല്ലാം വാങ്ങിക്കൊടുത്ത്, വീട്ടില്‍ വന്ന് അണിയിച്ചു നോക്കി, ചേര്‍ച്ച ഉറപ്പുവരുത്തി, സന്തോഷത്തോടെ കിടത്തിയുറക്കുന്ന വാപ്പമാരുണ്ടെങ്കില്‍ മനസ്സുകള്‍ ഇങ്ങനെ അസത്തുക്കളായില്ലെങ്കിലേ അത്ഭുതമുള്ളൂ॥!രാത്രി ഉറങ്ങാതെ പിറ്റേദിവസം രാവിലത്തേക്കുള്ള പലഹാരമുണ്ടാക്കലും, ഉച്ചക്കലേക്കുള്ള തേങ്ങാചോറിനുള്ള തേങ്ങാചെരകലും ഒക്കെ നടത്തുന്നതിനിടയില്‍ മക്കള്‍ ഉറങ്ങുന്നില്ലേ എന്നുറപ്പുവര്‍ത്താന്‍ ഇടക്കിടെ വന്നു നോക്കുകയും, ഉണര്‍ത്താതെ ഉമ്മ വക്കുകയും, ചെയ്യുന്ന ഉമ്മമാരുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട!
ഉമ്മ വച്ച തേങ്ങാചോറുതിന്ന് വയറുനിറഞ്ഞ മനസ്സിന്റെ ഓര്‍മ്മകളില്‍ ബ്റോയിലര്‍ കോഴിബിരിയാണി ഒരു കുട്ടളം നിറച്ചു തിന്നാലും ഒരു തുള്ളിയെങ്കിലും തൃപ്തിനിറയുമോ? വാപ്പസമ്മാനിച്ച കോടിയണിഞ്ഞ് പെരുന്നാളുകൂടുന്ന മനസ്സുകളെ റിയാലുകള്‍ വലിച്ചെറിഞ്ഞ് വാങ്ങിയ ജ്യോര്‍ദ്ദാനോയുടെയോ, ബോസ്സിനിയുടെയോ കളര്‍ഫുള്‍ ഉടുപ്പുകളുണ്ടോ ഒരു നുള്ളെങ്കിലും സന്തോഷിപ്പിക്കുന്നു? അനിയന് തലയില്‍ കെട്ടിത്തന്ന തൂവാല പാറിയപ്പോള്‍ ഉയര്‍ന്ന് നിന്നിരുന്ന എന്റെ ശിരസ്സ്; ഇപ്പോള്‍ വെല്ലാസ്റ്റ്റെയിറ്റിട്ട് മുടിനിവര്‍ത്തിയിട്ടും, ഹെഡ് & ഷോള്‍ഡര്‍ പതപ്പിച്ച് മിനുപ്പിച്ചിട്ടും, ഉംറക്കുപോയപ്പോള്‍ വാങ്ങിയ തിളക്കത്തൊപ്പിയണിഞ്ഞിട്ടും താങ്ങാനാകുന്നില്ലല്ലോ ഈ തലയുടെയൊരു കനം! ഈദ്ഗാഹിലേക്കു പോകവേ കുഞ്ഞുമൂത്താപ്പ പഞ്ഞിയില്‍ മുക്കി ചെവിയില്‍ തിരുകിത്തന്ന അത്തറിന്റെ സുഗന്ധത്തില്‍ പൂമ്പാറ്റകളായി പാറിയവര്‍ക്കു മുന്നില്‍ ഹ്യൂഗോ ബോസ്സിനോ അതിന്റെ മൂത്താപ്പ പോലീസിനോ പുല്ലോളം വിലയുണ്ടോ? തിരുദൂതര്‍ ചെയ്യാത്തതെങ്കിലും പടക്കം ഹറാമല്ല എന്ന ഉറച്ചവിശ്വാസത്തില്‍ പൊട്ടിച്ച പടക്കങ്ങളുടെ ശബ്ദം കാതില്‍ മുഴങ്ങുന്നതിനിടയില്‍ ഞാനിപ്പോള്‍ ഏതു ഖവ്വാലീ സംഗീതത്തിന്റെ താളഗതിയില്‍ മതിമറക്കാനാണ്?അതിരാവിലെ ആദ്യത്തെ പെരുന്നാള്‍ മുത്തം തന്നിരുന്ന വല്ലിമ്മമാരില്‍ ഒരാളുടെ കൃത്യം ഒരു വര്‍ഷം പഴക്കമുള്ള ഖബറിങ്കലും മറ്റേയാളുടെ നാലു വര്‍ഷം പഴക്കമുള്ല രോഗശയ്യയിലുമെത്തി സലാം പറഞ്ഞു കടന്നുപോകാനുള്ള ഈ പെരുന്നാളിനെ ആഹ്ലാദാമോദങ്ങളോടെ ഞാന്‍ എങ്ങനെ സ്വീകരിക്കാനാണ്?
അതുകൊണ്ടാണ് ഈ വരുന്ന പെരുന്നാളിനോടു പറയാന്‍ എന്റെ മനസ്സ് എന്നോട് ഇങ്ങനെ പറഞ്ഞേല്പ്പിച്ചത്..
"അല്ലയോ പ്രിയപ്പെട്ട പെരുന്നാളേ! ദുര്‍ബ്ബലനായ ഈ പ്രവാസിക്ക് നിന്നെ വേണ്ടവണ്ണം സ്വീകരിക്കാനോ, വേണ്ടുവോളം ആഘോഷിക്കാനോ കഴിഞ്ഞുകൊള്ളണമെന്നില്ല! ഇഷ്ടമില്ലാഞ്ഞിട്ടല്ല! നിന്നേക്കാള്‍ വലുതായി മറ്റൊരാഘോഷത്തെയും കണ്ടിട്ടുമല്ല! പക്ഷ; എനിക്കു പേടിയാണ്; നിന്നോടൊപ്പം കുത്തിയൊലിച്ചെത്തുന്ന, കരളുതകര്‍ത്ത്, മനസ്സിന്റെ തട്ടിന്‍പുറങ്ങള്‍ കലക്കിമറിച്ച്, ആത്മാവിന്റെ നാട്ടിന്‍പുറങ്ങളില്‍ സര്‍വ്വനാശം വിതച്ചേക്കാവുന്ന മധുരസ്മരണകളെ;! എന്റെ സ്വന്തം മധുരസ്മരണകളെ!"
എങ്കിലും എന്റെ പ്രിയപ്പെട്ടവരോട് എനിക്കു പറയാതിരിക്കാന്‍ പറ്റില്ലല്ലോ "ഈദ് മുബാറക്!"
Saturday, August 9, 2008
ആ താരകത്തെ കൊന്നതാരാണ്?
-----------------------------------------------------------------------
ഒരു ചെറുതാരകം മുറ്റത്തെ മുല്ലയില്‍ ഇന്നലെ രാവില്‍ അടര്‍ന്നു വീണു;
നേരം വെളുത്തിട്ടും മേലോട്ടു പോകാതെനക്ഷത്രമവിടെ തപസ്സിരുന്നു...!
മലയാളത്തിന്റെ ഒ.എന്‍.വിയുടെ ഈ ലളിതഭാവന മലയാള ഗസലിന്റെ സ്വന്തം ഉമ്പായിക്ക ലളിതസുന്ദരമായി പാടിയിട്ടും, മലയാളികള്‍ അതുകേട്ടാസ്വദിച്ചിട്ടും ഏകദേശം എത്ര കൊല്ലമായിക്കാണും? അഞ്ചാറു കൊല്ലമെങ്കിലും ആയിക്കാണണം! എന്തായാലും അതില്‍ കൂടുകയല്ലാതെ കുറയാന്‍ തീരെ സാധ്യതയില്ല!
ഇതെന്താ ഇപ്പോ ഒരു കൊല്ലക്കണക്കെന്ന് ഇതു വായിക്കുന്ന ഏതെങ്കിലും ഒരു മലയാളിക്കു തോന്നുന്നുണ്ടെങ്കില്‍ അതെന്റെ തെറ്റല്ല; ആ മലയാളിയുടെയും തെറ്റല്ല; മറിച്ച് ആഗോള മലയാളിയുടെ സകല രോമകൂപങ്ങളെയും ബന്ധിച്ചിരിക്കുന്ന നി:സ്സംഗതയുടെയും, സ്വാര്‍ത്ഥതയുടെയും മേല്‍ കുറ്റം ചുമത്തി നമുക്ക് അടുത്ത പാട്ടിനായി ചാനല്‍ മാറ്റാം...!
കൊല്ലം ഇത്രയുമായല്ലോ? മേലോട്ടു പോകാതെ തപസ്സിരുന്ന ആ താരകത്തിന് എന്തു സംഭവിച്ചു എന്നോ, ഇപ്പോള്‍ അതിന്റെ അവസ്ഥ എന്താണെന്നോ ആരെങ്കിലും ചിന്തിച്ചോ? ആ പാവത്തിനെ അവിടെ തപസ്സിരുത്തിയിട്ട് പേരറിയാത്തൊരു പെണ്‍കിടാവിന്റെ കഥ പിന്നെയും പിന്നെയും പാടി നടക്കുന്ന ഒ.എന്‍.വി സാറോ, ആ കഥ പാടി കൗമാരകേരളത്തെ മുഴുവന്‍ മയക്കിയ ഉമ്പായിക്കയോ അതു വെളിവാക്കാന്‍ മെനക്കെടുന്നില്ല എന്നതു പോകട്ടെ; പെണ്ണായിപ്പിറന്ന മക്കളുള്ള ഏതെങ്കിലും ഒരമ്മ ഏഷണിക്കിടയിലെങ്കിലും അവളെക്കുറിച്ചൊന്നോര്‍ത്തോ? ഇല്ലേയില്ല!
പക്ഷെ ആലുവവാലക്കതോര്‍ക്കാതിരിക്കാനാവില്ല; പറയാതിരിക്കാന്‍ തരമില്ല! നല്ല മനസ്സുണ്ടെങ്കില്‍ മാത്രം കേള്‍ക്കുക! യുവാക്കളോടൊരു കാര്യം; സൂര്യനെല്ലിയും, കിളീരൂരും മറ്റും കേട്ടപ്പോളുണ്ടായതു പോലെ, ഇതുകേള്‍ക്കുമ്പോഴും നിങ്ങള്‍ക്ക് ഇക്കിളി തോന്നുന്നുണ്ടെങ്കില്‍ ഉടന്‍ നിങ്ങളുടെ പെങ്ങളെ കെട്ടിച്ചു വിടുക, അല്ലെങ്കില്‍ അവളെ മാറ്റി തമസിപ്പിക്കുകയോ നിങ്ങള്‍ മാറിത്താമസിക്കുകയോ ചെയ്യുക! ഇക്കിളിയുടെ മൂര്‍ദ്ധന്യത്തില്‍ ഒരുമുഖവും നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല..!
ഒന്നാംമാനത്ത് ആകാശഗംഗയുടെ തീരത്ത് അത്രയൊന്നും വികസിതമല്ലാത്ത ഒരു സാധാരണ താരാപഥത്തില്‍, തികച്ചും ഒരു മിഡില്‍ക്ലാസ് നക്ഷത്രകുടുംബത്തിലാണ് ഇവള് ജനിച്ചത്. പാരമ്പര്യമായിക്കിട്ടിയ മിന്നിത്തിളങ്ങലും പ്രകാശിത വദനവും കൂടാതെ സ്പെഷ്യലായി സ്വല്പം ഇടിവെട്ട് സംഗീതവും കൂടിയായപ്പോള്‍ ചെറുപ്പത്തിലേ തന്നെ ആകാശദേശത്തെ ശ്രദ്ധാകേന്ദ്രമായിമാറി ആ കൊച്ചു മിടുക്കി.
നക്ഷത്രങ്ങള്‍ക്ക് പ്രകാശം വില്ക്കല് തൊഴിലാക്കിയിരുന്ന അവളുടെ അച്ഛന് നിന്നു തിരിയാനല്ലാതെ നേരമില്ലായിരുന്നതിനാല്‍ അവളുടെ എല്ലാകാര്യങ്ങളും നോക്കിനടത്തിയിരുന്നതും തീരുമാനങ്ങളെടുത്തിരുന്നതും അമ്മയായിരുന്നു. അങ്ങനെ അമ്മയുടെ സംരക്ഷണയില്‍ ഒരു സുന്ദരിക്കുട്ടിയായി, നല്ലൊരു പാട്ടുകാരിയായി അവള് വളര്‍ന്നു. സകല താരഗണസംഗമങ്ങളിലും അവള് നൃത്തം ചെയ്ത് പാട്ടുപാടി; പ്രായപൂര്‍ത്തിയായി..!
ഇതിനിടയിലാണ് ഹണ്ട്രഡ് സി.സി. ഉല്‍ക്ക മോട്ടോര്‍സൈക്കിളില്‍ സ്ഥിരമായി മിന്നിക്കാനിറാങ്ങിയിരുന്ന, തൊട്ടടുത്ത മില്‍ക്കീവേയില്‍പെട്ട സമ്പന്ന കുടുംബത്തിലെ ഒരു ജിംഗ്ജാംഗ് യുവനക്ഷത്രകുമാരനെ അവള് പരിചയപ്പെടുന്നതും അവന്റെ പഞ്ചാര പ്രളയത്തില്‍ മുങ്ങി അഗാധമായി അവനെ പ്രേമിക്കാന്‍ തുടങ്ങിയതും. മകള്‍ ഒരു സമ്പന്ന താരകുമാരനെ പ്രേമിക്കുന്നുവെന്ന വാര്‍ത്ത അമ്മയെ ഞെട്ടിപ്പിച്ചു എന്നു തന്നെ കരുതണം. പക്ഷെ സത്യത്തില്‍ ഞെട്ടിയത് ഞാനാണ്; അമ്മയുടെ പ്രതികരണം കേട്ടറിഞ്ഞപ്പോള്‍! മകള്‍ ഹോളീവുഡ് ബോളീവുഡ് താരങ്ങളുടെ നിലവാരത്തിലേക്കുയര്‍ന്നു തുടങ്ങിയെന്നു മനസ്സിലാക്കിയ ആ ആധുനിക താരമാതൃത്വം അഭിമാന പുളകിതയായിപ്പോയത്രേ! അതിനാല്‍.. അവര്‍ കണ്ട കാര്യങ്ങളൊക്കെ കണ്ടില്ല എന്നു തന്നെ നടിച്ചു. ലോകത്തേക്കുതന്നെ ഏറ്റവും ചൂടനായ അച്ഛനറിഞ്ഞാലുള്ള പുകിലറിയാമല്ലോ? അതുകൊണ്ട് മകളുടെ ഈ പ്രേമം മോഡേണ്‍ എന്നഭിമാനിച്ച് അമ്മ അച്ഛനില്‍ നിന്നു മറച്ചു. 'എന്റെ പുന്നാരമകള്‍ ഞാന്‍ പറയുന്നതിനപ്പുറമില്ല' എന്ന് കണ്ണടച്ചു വിശ്വസിച്ച ആ അച്ഛന് മുടക്കമില്ലാതെ ലോകം മുഴുവന്‍ പ്രകാശവിതരണം തുടര്‍ന്നു! ലോകം ഉറങ്ങി ഉണര്‍ന്നുകൊണ്ടിരുന്നു..!
കമിതാക്കള്‍ക്കു ബോറഡിച്ചു. "എന്നും ഈ ആകാശത്തും, മേഘങ്ങള്‍ക്കിടയിലും മാത്രം ഇങ്ങനെ കറങ്ങി നടക്കുന്നതില്‍ ഒരു ത്രില്ലും ഇല്ല! നമുക്കു പുറം ലോകത്തൊക്കെ ഒന്നു കറങ്ങിവന്നാലോ?" കാമുക കുമാരന്റെ ചോദ്യം കേട്ടു നമ്മുടെ കുമാരി ഒന്നു സന്ദേഹിച്ചെങ്കിലും 'നോ' പറയാന്‍ അവള്‍ക്കു കഴിഞ്ഞില്ല; 'നോ' പറയാന്‍ അവള്‍ക്കറിയുമായിരുന്നില്ല എന്നതാണു ശരി..! അല്ല; പെണ്‍കുട്ടികളുടെ ജീവിതത്തില്‍ 'നോ' പറയേണ്ട സന്ദര്‍ഭങ്ങളുണ്ടാകുമെന്നും അപ്പോള്‍ 'നോ' പറഞ്ഞില്ലെങ്കില്‍ ജീവിതം വലിയൊരു 'ഠോ' ആയിത്തീരുമെന്നും അവരെ പഠിപ്പിക്കേണ്ട അമ്മമാര്‍തന്നെ 'ഠോ' ആണെങ്കിലോ?
"എവിടെപ്പോകും?" താരകുമാരി ചോദിച്ചു.
"അങ്ങുതാഴെ ഭൂമി എന്നൊരു കൊച്ചുഗോളമുണ്ട്; അവിടെ കേരളം എന്ന ദൈവത്തിനെ സ്വന്തം കുഞ്ഞുനാടുണ്ട്. ആ നാട്ടില്‍ കാടും മലകളും പുഴകളും ഒക്കെയുണ്ട്; അവിടെ എല്ലാമെല്ലാമുണ്ട്..!" താര കുമാരന്റെ വര്‍ണ്ണനകേട്ട കുമാരിക്ക് കേരളം കാണാന്‍ ആക്രാന്തമായി!
അങ്ങനെ രണ്ടുപേരും കൂടി ആകാശത്തുനിന്നും കേരളത്തിലേക്കു ചാടാന്‍ തീരുമാനിച്ചു. ചാട്ടത്തിനുള്ള ടിക്കറ്റ് റെഡി. ചാട്ടത്തിനു മുന്‍പ് തങ്ങാന്‍ ചാട്ടത്താവളത്തിനടുത്തുള്ള ഹോട്ടലും ബുക്കു ചെയ്തു. ചാട്ടത്തിനു സമയമാകുന്നതു വരെ അവിടെ തങ്ങാനും അര്‍ദ്ധരാത്രി പന്ത്രണ്ടു മണിക്കുള്ള ചാട്ടത്തില്‍ കേരളത്തിലേക്കു പോകാനുമായിരുന്നു തീരുമാനം.
രാത്രി കരിനാഗമായി പടര്‍ന്നിറങ്ങി. അവര്‍ വിരിസര്‍പ്പങ്ങളായ് പടര്‍ന്നു കയറി..!
ആ അര്‍ദ്ധരാത്രി അവള് ഉലഞ്ഞുണര്‍ന്നു. അവനും!
'അറ്റന്‍ഷന്‍പ്ലീസ്..ചാട്ടക്കാരുടെ ശ്രദ്ധക്ക്! ആകാശത്തു നിന്നും അന്തരീക്ഷം വഴി കേരളത്തിലേക്കുള്ള ആദ്യത്തെ ചാട്ടം അല്പസമയത്തിനകം നടക്കുന്നതാണ്. ടിക്കറ്റെടുത്തവര്‍ ചാട്ടപ്പോയിന്റില്‍ വന്ന് തയ്യാറായി നില്ക്കുക..!"
കേരളത്തിലേക്ക് ആകെ ചാടനുള്ളത് നമ്മുടെ കമിതാക്കള്‍...!
ചാട്ടത്തിനു സമയമായി..ഒന്ന്..രണ്ട്..മൂന്ന്...ഠേ..!
ചാടി..അവള് ചാടി...! അതിവേഗം കേരളത്തെ ലക്ഷ്യമാക്കി കുതിക്കുകയാണവള്‍..! ചാടുന്നതിനിടയില്‍ അവള് ചുറ്റും നോക്കി..എവിടെ..? തന്റെ പ്രിയ താരകുമാരനെവിടെ? ചാടുന്നതിനു തൊട്ടു മുന്‍പുവരെ തന്റെ കൈപിടിച്ചിരുന്നതാണല്ലോ? തന്റെ കുമാരനെന്തുപറ്റി? ചാട്ടത്തിനിടയില്‍ വല്ലതും...?
പാവം, താരകുമാരി! അവളറിയുന്നുണ്ടോ; അവന് ചാടിയിട്ടേ ഇല്ല! അവന് പ്രേംനസീറിനെപ്പോലെ ചാടുന്നതായി ആക്ഷന്‍ കാണീച്ചേ ഉള്ളൂ. മണ്ടിപ്പെണ്ണ്..അവള് മാത്രം ചാടി. ആ താരകുമാരനിപ്പോള്‍ അവന്റെ ഉല്‍ക്കയില്‍ മറ്റൊരു താരകുമാരിയെത്തേടി ചീറിപ്പായുന്നുണ്ടാകും..!
അങ്ങനെ തിളക്കമില്ലാത്ത കണ്ണൂകളുമായി ആ താരകുമാരി കേരളത്തിന്റെ മുറ്റത്തെ മുല്ലയില്‍ വന്നിറങ്ങി..! എങ്ങിനെ മേലോട്ടു തിരിച്ചുപോകും എന്നറിയാതെ, തന്റെ പ്രിയകാമുകന് അടുത്തചാട്ടത്തിലെങ്കിലും തന്നെത്തേടിവരും എന്നപ്രതീക്ഷയില്‍ ആ പാവം നക്ഷത്രകുമാരി കാത്തുകാത്തിരുന്നു. ദിവസങ്ങള്‍ കൊഴിഞ്ഞു മറഞ്ഞു. അവളുടെ ചിന്തകള്‍ കുഴഞ്ഞു മറിഞ്ഞു. പതിയെപ്പതിയെ അവള് മനസ്സിലാക്കി, തന്റെ പ്രിയപ്പെട്ടവന് തന്നെ ചതിക്കുകയായിരുന്നു! അമ്മ വിലക്കിയിരുന്നെങ്കില്‍? അച്ഛന് ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍.! ഏതായാലും പറ്റി. ഇനിയും ജീവിച്ചല്ലേ പറ്റൂ. എന്തു ചെയ്യും?
അവളുടെ ആ വിമ്മിഷ്ടമെല്ലാം ഒരാള്‍ വീക്ഷിക്കുന്നുണ്ടായിരുന്നു. ആ മുല്ലച്ചെടിയിലെ കൊഴിയാറായ ഒരു വയസിമുല്ലപ്പൂ! അവര്‍ ഇതളില്ലാത്ത മോണകാട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു. "കുഞ്ഞേ! നീ ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ. ഇനി നീ മുകളിലേക്കു തിരിച്ചു പോകാന്‍ നിനക്കാവില്ല. നീ ഇനി ഇവിടെ ജീവിക്കുക!" "അമ്മുമ്മേ..ഞാന്‍ ഒരു താരകമല്ലേ..? ഞാന്‍ എങ്ങിനെ ഇവിടെ ജീവിക്കും? എനിക്കൊരു തൊഴിലും അറിയില്ല."
വയസിമുല്ലപ്പൂ വീണ്ടും ചിരിച്ചു, "ഇവിടെ ഇപ്പോള്‍ താരങ്ങളേ ജീവിക്കുന്നുള്ളൂ. ഇവിടുത്തെ അമ്മമാരെല്ലാം മക്കളെ താരങ്ങളാക്കുകയാണ്. ഇവിടുത്തെ ചാനലുകളെല്ലാം താരങ്ങളെ സൃഷടിക്കുന്ന വന്‍ വ്യവസായ ശാലകളാണ്. നിനക്കു പാടാനറിയുമോ? സൗന്ദര്യവും, സംഗീതവും, അല്പം 'സംഗതി'യുമുണ്ടെങ്കില്‍ ഇവിടെ ആരും താരമാണ്. പിന്നെയാണോ നിന്നെപ്പോലൊരു യഥാര്‍ത്ഥ താരകം!" ഇത്രയും പറഞ്ഞ് മുല്ലപ്പൂ നാമജപം തുടങ്ങി; കൊഴിയാന്‍ തയ്യാറായി..!
നക്ഷത്രകുമാരി മുല്ലയില്‍ നിന്നുമിറങ്ങി ചാനല്‍ഓഫീസ് ലക്ഷ്യമാക്കി നടന്നു. പണവും പ്രശസ്തിയും കൊരുത്ത് സുന്ദരിമാര്‍ക്കായി ചാനലുകാര് വിരിച്ച വല അവള്‍ക്കു പല്ലക്കായി. അധികം അലയാതെ പ്രശസ്തിയുടെ മാണിക്യക്കൊട്ടാരത്തിലെത്തി. താമസിയാതെ നടത്തം ഓട്ടമായി മാറി. വലകളില്‍ നിന്ന് വലകളിലേക്ക്! കൈകളില്‍ നിന്നു കൈകളിലേക്ക്..! ചാനലുകളില്‍ നിന്നു ചാനലുകളിലേക്കും പിന്നെ അവിടെ നിന്നു വെള്ളിത്തിരയിലേക്കും! അങ്ങനെ ആ താരകം ഭൂമിയില്‍ താരമായി; ഇന്നും താരമായിത്തന്നെ ജീവിക്കുന്നു.അവള് നിങ്ങളുടെ ആരാധനാപാത്രമാണ്. അവളുടെ കയ്യൊപ്പ് നിങ്ങള്‍ക്ക് നിധിയാണ്. അവളെ ഇപ്പോള്‍ നിങ്ങള്‍ നന്നായറിയുന്നു, അല്ലേ? അവളുടെ പലപേരുകളും മുഖങ്ങളും നിങ്ങളറിയും!
പക്ഷെ നിങ്ങള്‍ അറിയാത്ത ഒരു പരമസത്യമുണ്ട്! ആ താരകം; അവള് ഇന്നു ജീവിക്കുന്നില്ല! ആകാശത്തു നിന്നും ഭൂമിയിലേക്കുള്ള ചാട്ടത്തിനു മുന്‍പേ ആ ഹോട്ടല്‍മുറിയില്‍ അവള് മരിച്ചിരുന്നു; അതിനു ശേഷം ഭൂമിയില്‍ വച്ചു പലവട്ടവും..! ഭൂമിയിലെയും ആകാശത്തെയും അമ്മമാര്‍ പറയട്ടെ; ആരൊക്കെയാണു കൊലയാളികള്‍?.
Thursday, June 19, 2008
പ്രിയപ്പെട്ട ഹൗസ്ഡ്രൈവര്‍ക്ക്..!
ഗള്‍ഫിലേക്കു പറന്ന ഒരു വിമാനത്തോട് കൂടെപ്പറന്ന കഴുകന് ചോദിച്ചു! "വിശന്നിട്ടു വയ്യ! ഒരെണ്ണം! ഒരെണ്ണത്തിനെ എനിക്ക് തരുമോ?!"
വിമാനത്തിനു ദേഷ്യം വന്നു; "പോയിപ്പണിനോക്കെടാ കഴുകന്റെ മോനേ! ഇവരെയൊക്കെ അറബികള്‍ക്കു വേണ്ടി കൊണ്ടൂപോണതാ...; ഞാന്‍ തിരിച്ചു വരട്ടെ; ചിലപ്പോ വല്ല ഹൗസ്ഡ്രൈവര്‍മാരെയോ മറ്റോ കിട്ടിയേക്കും.എനിക്കെന്തെങ്കിലും ചായകുടിക്കാന്‍ തന്നാല്‍ മതി!"
ഗള്‍ഫിനും പ്രൗഢ കേരളത്തിനും ഇടയില്‍ നിരന്തരം മനുഷ്യ ക്രയവിക്രയം നടത്തുന്ന ആ വിമാനത്തിനറിയാമായിരുന്നു ഗള്‍ഫില്‍ ജോലിചെയ്ത് തിരിച്ചു വരുന്നവന്റെ അവസ്ഥ കഴുകനു മോഹിക്കാവുന്ന രീതിയിലായിട്ടുണ്ടാകുമെന്ന്! ഇതു പറയുമ്പോള്‍ ബാക്കിയുള്ളവരെല്ലാം മാലാഖമാര്‍ മോഹിക്കുന്ന രാജകുമാരന്‍മാരാണെന്നൊന്നും ധരിച്ചുപൊകല്ലേ..! എല്ലാരും കണക്കാണ്. ജീവിതം കൂട്ടിനോക്കിയാല്‍ വട്ടപ്പൂജ്യവും പൊട്ടത്തെറ്റും മാത്രമുള്ള വെറും ഒരു പൊട്ടക്കണക്ക്!
ആ കഴുകന് മോഹഭംഗംവന്ന് നിരാശബാധിച്ച് മരിക്കട്ടെ; ഇനിമേല്‍ തൊട്ടുനക്കാന്‍ പോലും ഒരു നഷ്ടജന്‍മത്തെയും മലയാള മണ്ണില്‍ നിന്നും അവനു കിട്ടാതിരിക്കട്ടെ എന്ന വ്യര്‍ത്ഥമോഹങ്ങളോടെ, നിലവില്‍ ഗള്‍ഫില്‍ ജീവിക്കുകയോ ജീവിക്കുന്നതായി ഭാവിക്കുകയോ ചെയ്യുന്നവര്‍ എനിക്കെതിരെ മാനനഷ്ടത്തിന് കേസ്കൊടുക്കില്ല എന്ന വിശ്വാസത്തില്‍ ചില കാര്യങ്ങള്‍ ഞാന്‍ പറയട്ടെ!
സൗദിയില്‍ ഫ്രീവിസ എന്ന സാങ്കല്പിക സ്വാതന്ത്ര്യത്തില്‍ ജീവിക്കുന്ന ഞാന്‍ എല്ലാ ദിവസവും മുടങ്ങാതെ ഒരു ഹൗസ്ഡ്രൈവറയെങ്കിലും പരിചയപ്പെടാറുണ്ട്. അതെന്റെയൊരു നേര്‍ച്ചയായത് കൊണ്ട് മനപ്പൂര്‍വ്വം അന്വേഷിച്ച് കണ്ടെത്തി പരിചയപ്പെടുന്നതല്ല! ചായകുടിക്കാന്‍ ബൂഫിയയില്‍ കയറിയാല്‍, സാധനം വാങ്ങാന്‍ ബഖാലയിലോ പച്ചക്കറിക്കടയിലോ കയറിയാല്‍, നടക്കുന്ന വഴിയില്‍, കാര്‍പാര്‍ക്കിംഗില്‍, പള്ളിയില്‍ തുടങ്ങി എവിടെയായാലും ശരി ആവറേജ് രണ്ടു മലയാളികളെയങ്കിലും ഞാന്‍ കണ്ടുമുട്ടാറുണ്ട്. ആ രണ്ടുപേരെയും പരിചയപ്പെട്ടാല്‍ അതില്‍ മിനിമം ഒരാളെങ്കിലും ഹൗസ്ഡ്രൈവര്‍ ആയിരിക്കും, അവരുടെ മുഖം വിധേയത്വത്തിന്റെ പശപിടിച്ച് വലിഞ്ഞുണങ്ങിയിരിക്കും.
ഞാന്‍ പരിചയപ്പെട്ട ഹൗസ്ഡ്രൈവര്‍മാരില്‍, അമ്പതു ശതമാനം പേരും പുതിയൊരു ഫ്രീവിസയെക്കുറിച്ചോ, സ്പോണ്‍സറെ വിട്ട് ചാടിപ്പോയി ജോലിചെയ്യുക എന്ന അപകടകരമായ അവസ്ത്ഥയില്‍ അഭയം തേടുന്നതിനെക്കുടിച്ചോ ചോദിച്ചവരാണ്; അഥവാ നിലവിലെ സ്പോണ്‍സറുടെയോ അയാളുടെ ഭാര്യയുടെയോ മക്കളുടെയോ കയ്യിലിരിപ്പ് മടുത്തവരോ, സാമ്പത്തികപ്രശ്നങ്ങള്‍ വലച്ചവരോ ആണെന്നര്‍ത്ഥം. എനിക്കെന്തെങ്കിലും അവര്‍ക്കുവേണ്ടി ചെയ്യാന്‍ കഴിയും എന്ന വിശ്വാസത്തിലൊന്നുമായിരിക്കില്ല അവര്‍ അത് ചോദിച്ചത്; ഒരാശ്വാസത്തിനു വേണ്ടി, ഒരു ദു:ഖം പങ്കുവക്കലായി മാത്രം. എന്നാലും എനിക്കൊരുകാര്യം ഉറപ്പാണ്, എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല! എനിക്കെന്നല്ല ഏതെങ്കിലും ഒരു കൊലകൊമ്പന്‍ സൗദിയില്‍ പ്രവാസിയായിട്ടുണ്ടെങ്കില്‍ അയാള്‍ക്കും കഴിയില്ല ഒരു ഹൗസ്ഡ്രൈവര്‍ക്കും വേണ്ടി ഒരു ചുക്കും ചെയ്യാന്‍. കേവലം സാമ്പത്തിക ക്രയവിക്രയങ്ങളൊഴികെ.
അതിനു കഴിയുന്ന ഒരു ജീവിയേ ഈ ലോകത്തുള്ളൂ. സ്പോണ്സര്! സ്പോണ്സര്ക്ക് പലതും കഴിയും. സ്പോണ്‍സറുടെ ഭാര്യക്കും, മക്കള്‍ക്കും ചിലതൊക്കെ കഴിയും. ഉറങ്ങാനനുവദിക്കാതെ എന്തു പണിയുമെടുപ്പിക്കാം, ശമ്പളം തോന്നുന്നപോലെ തോന്നിയാല്‍ കൊടുക്കാം കൊടുക്കാതിരിക്കാം, ചുമടെടുപ്പിക്കാം, കുട്ടികളുടെ വിസര്‍ജ്ജ്യം വാരിക്കാം, മരുഭൂമിയില്‍ ചൂടില്‍ താമസിപ്പിക്കാം, പൂട്ടിയിടാം. ഒരാളും ഒന്നും ചോദിക്കില്ല. ഗവണ്മെന്റ് പോലും. സ്പോണ്സര് വേണ്ടാ എന്നു വിചാരിച്ചാല്‍ മരിച്ചാല്‍ മറവുചെയ്യാനാണെങ്കിലും ഇസ്ലാമിക നിയമത്തിനുപോലും കാലതാമസമെടുക്കും.
അത്ര ഏകപക്ഷീയമാണ് ഹൗസ്ഡ്രൈവറുടെ കരാര്‍ നിയമം. ഹൗസ്ഡ്രൈവര്‍ വിസയൊഴികെ ലേബര്‍, പ്ലംബര്‍ മുതലായ പ്രൊഫഷനിലുള്ളവര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റമോ പ്രൊഫഷന് മാറ്റമോ വേണ്ടിവന്നാല്‍ സാധ്യമാണ്.സ്പോണ്സര് അനുവദിച്ചാല്‍ മറ്റൊരു ജോലിയില്‍ പ്രവേശിക്കാനും സാധിക്കും. പണ്ടുകാലങ്ങളില്‍ അടിമക്കൈമാറ്റവും സാധ്യമായിരുന്നു. പക്ഷെ, സ്പോണ്സര് അനുവദിച്ചാല്‍ പോലും മറ്റൊരുജോലിയും ചെയ്യാന്‍ നിവൃത്തിയില്ലാതെ, പെട്ടുപോകുക എന്ന അവസ്ഥ ഒന്നൊഴിയാതെ എല്ലാ ഹൗസ്ഡ്രൈവര്‍മാരുടെയും ഗതികേടാണ്. സ്പോണ്‍സറുടെ കയ്യിലിരിപ്പിന്റെ വ്യതിയാനമനുസരിച്ച് മറ്റു പ്രൊഫഷനിലുള്ളവര്‍ക്കും ഈ ഗതികേട് ബാധകമാണ്.
ഏതു വെളിച്ചം കണ്ടിട്ടാണ് ഞാനടങ്ങുന്ന യുവകേരളം ഈയാമ്പാറ്റകക്കൂട്ടമായ് ഈ കത്തുന്ന ചൂടിന്റെ ഗതികേടിലേക്ക് പറന്നടുക്കുന്നത്! ഏതു പ്രാരാബ്ധത്തിന്റെ മഴയാണ് ഇവരെ ഇങ്ങനെ സ്വന്തം മണ്ണില്‍ നിന്നും ഉയര്‍ത്തി വിടുന്നത്? സ്വന്തം മക്കളും ഭാര്യയും തസ്ക്കരനെപ്പേടിച്ച് മണ്ണെണ്ണവിളക്കിനു ചുറ്റും ശബ്ദമുണ്ടാക്കാതെ കഞ്ഞികുടിക്കുമ്പോള്‍ ആരാന്റെ മക്കള്‍ക്ക് ബ്രോസ്റ്റഡും, കബാബും, ഐസ്ക്റീമും വാങ്ങിയും വാരിയും കൊടുത്ത് അവരെ കുളിപ്പിച്ചും കളിപ്പിച്ചും അവരുടെ ചവിട്ടും തുപ്പും കൊണ്ടും കഴിയാന്‍ പാകത്തിന് ഏതു കട്ടിലോഹത്തിന്റെ കവചമാണ് നിങ്ങള്‍ മനസിനു ചുറ്റും എടുത്തണിഞ്ഞിരിക്കുന്നത്? സ്വന്തം ഭാര്യ തുടച്ചുതീര്‍ക്കാത്തമുഖവും, കുളിച്ചുചീകാത്ത തലമുടിയും, വാരിവലിച്ചുടുത്ത ചുളുങ്ങിയ ഓയില്‍സാരിയും, തേഞ്ഞുതീര്‍ന്ന വള്ളിച്ചെരിപ്പുമിട്ട് ദോഷൈകദൃഷ്ടികള്‍ക്കിടയിലൂടെ ബാങ്കിലേക്കും, ആശുപത്രിയിലേക്കും, കറണ്ടാപ്പീസിലേക്കും, കുട്ടികളുടെ സ്കൂളിലേക്കും മറ്റും കിതച്ചോടുമ്പോള്‍, ആരാന്റെ ഭാര്യയെ ഷോപ്പിംഗ് മാളുകള്‍ നെരക്കാനും, അവര്‍ക്ക് സാനിട്ടറിനാപ്കിന്‍ വാങ്ങിക്കൊടുക്കാനും മാത്രം ഏതവസ്ഥയിലാണ് നിങ്ങള്‍ ആത്മാഭിമാനത്തിന്റെ നുറുങ്ങിയ അസ്ഥികളൊഴുക്കിയത്? ഏതു കഴിവില്ലായ്മയെയാണ് നിങ്ങള്‍ പറ്റിപ്പോയ ഗതികേടെന്ന് നാമകരണം ചെയ്ത് കഴുത്തില്‍ ചുറ്റിയത്? ഏത് പ്രതിഭാസമാണ പിറന്നു വീണ മണ്ണില്‍ നിന്നും നിങ്ങളെ വിദൂരത്തേക്ക് തട്ടിത്തെറിപ്പിച്ചത്?
ഒരു ഹൗസ്ഡ്രൈവര്‍ക്ക് കിട്ടാവുന്ന കൂടിയ ശംബളം ആയിരം റിയാല്‍ അഥവാ ഏകദേശം പതിനൊന്നായിരം രൂപയാണ്. അതില്‍ നിന്നും നന്നേകുറഞ്ഞത് മുന്നൂറ് റിയാലെങ്കിലും ഭക്ഷണത്തിനും ഫോണ്‍ വിളിക്കും പോകും. വീട്ടുചിലവിനയക്കുന്ന മൂവായിരം രൂപ അവരുടെ ദാരിദ്ര്യംപോലും മാറ്റില്ല. സിഗരറ്റുവലിയും, തായ്ലാന്റ് ലോട്ടറിയും ഒന്നും ഇല്ലാത്ത ഒരാള്‍ക്ക് ഒരുപക്ഷെ നാനൂറു റിയാല്‍ മിച്ചം പിടിക്കാന്‍ സാധിച്ചേക്കും. വീട്ടിലോ തനിക്കോ ഒരാശുപത്രിക്കേസുവന്നാല്‍ അതും ഢിം....നാട്ടിലൊന്നു പോയിവരണമെങ്കില്‍ വല്ലവനോടും കടം മേടിക്കണം. തിരിച്ചുവരുമ്പോഴേക്കും വീണ്ടൂം കടം കേറിയിട്ടുണ്ടാകും. പിന്നെ മിച്ചംവക്കുന്ന കാര്യമൊക്കെ വിദൂരസ്വപ്നം മാത്രമാകും.
നിങ്ങളെച്ചതിച്ചത് നിങ്ങള്‍ അനാവശ്യമായി ചുമന്നു നടന്നിരുന്ന കുടുംബ മഹിമയാണ്, തറവാടിത്തമാണ്. നൂറുപറക്കണ്ടമുണ്ടായിരുന്ന കുടുംബത്തിലെ സന്തതി മറ്റുള്ളവരുടെ പാടത്ത് പണിയെടുത്താല്‍ ഉരിഞ്ഞുപോകുന്ന തൊലിയുടെ ഇല്ലാത്ത മഹത്വമാണ്. ബസ്സ്റ്റോപ്പിലേക്ക് നടന്നുപോകുമ്പോള്‍ വഴിയില്‍കാണുവര്‍ ചോദിച്ച "ഒരു ടൂവീലറെടുത്തൂട്റാ...." എന്ന ചോദ്യംകേട്ടനുസരിച്ച നിങ്ങളുടെ ദുരഭിമാനമാണ്. സ്വമേധയാ കുടുംബമഹിമയുടെ, തറവാടിത്തത്തിന്റെ, ദുരഭിമാനത്തിന്റെ അടിമകളാകുകയായിരുന്നു നിങ്ങള്‍..ആ അടിമത്തമാണ് യാതൊരുനേട്ടവുമില്ലാത്ത ഈ വിടുവേലയും, ദാസ്യപ്പണിയും ചെയ്യാന്‍ നിങ്ങള്‍ക്ക് ഉളുപ്പില്ലാതാക്കിയത്..!
Saturday, May 24, 2008
"എസ്.എസ്.എല്‍.സി എന്നെ കമ്മ്യൂണിസ്റ്റാക്കി!"
കുഞ്ഞിപ്പരീത് പത്താം ക്ലാസ്സിലേക്ക് കടന്നപ്പോള്‍തന്നെ അവന്റെ വാപ്പ കുളമ്പ് മീതീന്‍പിള്ളക്ക് സന്തോഷമായിരുന്നു. "മോന് പത്താം ക്ലാസ് കഴിഞ്ഞിട്ട് വേണം കച്ചവടമൊക്കെ അവനെ ഏല്‍പ്പിച്ച് എനിക്കൊന്നു സ്വസ്ഥമാകാന്‍" എന്ന് നിഷ്കളങ്കനായ ആ പിതാവു പറഞ്ഞതായി ആകാശവാണിഷാജി നേരിട്ട് കേട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനെത്തുടര്‍ന്നാണ് പത്താം ക്ലാസ്സ് കഴിഞ്ഞ ഒരു പയ്യനെ കാളക്കച്ചവത്തിനു വിടുന്നതിലെ ദുരൂഹതയെക്കുറിച്ചും അത് ലോകത്തുണ്ടായേക്കാവുന്ന ദുരന്തങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ എടത്തലയില്‍ ചൂട്പിടിച്ചതും, പരിസ്ഥിതി പ്രവര്‍ത്തകരും പൗരാവലിയും അടക്കമുള്ളവര്‍ അതേറ്റെടുത്ത് " സേവ് കുഞ്ഞിപ്പരീത് ആക്ഷന്‍ കൌന്സില്" രൂപീകരിച്ചതും! കൌന്സില് പ്രസിഡന്‍ഡ് കുഞ്ചാട്ടുകര സ്കൂളിലെ ജ്യോഗ്രഫി അദ്ധ്യാപകന് ഹരിഹരന് സാറിന്റെ നേതൃത്വത്തില്‍ സ്കൂളില്‍ വച്ചു കൂടിയ പത്താമത് മീറ്റിംഗില്‍ മീതീന്‍ പിള്ളയുടെ വീട്ടിലേക്ക് ഒരു മൗനജാഥ നടത്താനും മീതീനെ പരസ്യമായി വിചാരണ ചെയ്യാനും തീരുമാനിക്കുകയും അതിനായി "ലോക ആക്ഷ ന്‍കൌന്‍സില്‍ ഡേ" തന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. ആലുവ പാലസില്‍ വച്ചു നടത്തിയ പത്രസമ്മേളനത്തില്‍ ജാഥ ഔദ്യോഗികമായി വിളംബരം ചെയ്തു.
ഹരിഹരന് സാറിന്റെ നേതൃത്വത്തില്‍ 'മൗനജാഥ' കുഞ്ചാട്ടുകരയില്‍ നിന്നും ആരംഭിച്ചു. "ഇങ്കിലാബ് സിന്താബാ...മൗനജഥ സിന്താബ..!" എന്ന് ഹരിഹരന് സാറ് വിളിച്ചു കൊടുത്തപ്പോള്‍ വിപ്ലവ കുതുകികളും വിദ്യാ സമ്പന്നരുമായ അനേകം അനുയായികള്‍ ഏറ്റു വിളിച്ചു; "അങ്ങനത്തന്നെ അങ്ങനത്തന്നെ..!" 'മൗനജാഥ' എടത്തലയാകെ കുലുക്കി. പക്ഷെ മീതീന്‍പിള്ളക്കുണ്ടോ വല്ല കുലുക്കവും? അയാള്‍ കൂളായിട്ടിരുന്ന് കാടി കലക്കി, തന്റെ പ്രിയപ്പെട്ട കാളകള്‍ക്കു വേണ്ടീ!
മൗനജാഥ മീതീന്‍പിള്ളയുടെ വീടിനു മുന്നിലെത്തിയതും അണികളുടെ ആവേശം അലതല്ലി; ദിഗന്തങ്ങള്‍ നടുങ്ങുമാറ് അവര്‍ വിളിച്ചു. "മീതീന്‍പിള്ള കാടി കലക്കല്‍ അവസാനിപ്പിക്കുക!", "കുഞ്ഞിപ്പരീതിനെ ഡോക്ടറാക്കുക!"; "കാളക്കച്ചവടം മുതലാളിത്ത അധിനിവേശം!...."
കുറച്ചുനേരം മീതീന്‍ പിള്ള ചിരിച്ചു ക്ഷമിച്ചിരുന്നെങ്കിലും പത്രപ്രവര്‍ത്തകരെക്കൂടിക്കണ്ടപ്പോള്‍ കക്ഷിയുടെ കണ്ട്രോള് പോയി. ജാഥക്കാരില്‍ അധികവും ഇടതുപക്ഷക്കാരാണെന്നു മനസ്സിലാക്കിയ തന്ത്രശാലിയായ അയാള്‍ അടുക്കളയില്‍ നിന്നും അരിവാളും തട്ടിന്‍പുറത്ത് നിന്നും ചുറ്റികയും എടുത്ത് ഇരുകയ്യിലും ഉയര്‍ത്തിപ്പിടിച്ച്കൊണ്ട് അലറി "അറുത്ത്കളയും, അലവലാതികളേ..! എന്റെ മോനെ എന്തു ചെയ്യണം എന്ന് എനിക്കറിയാം; ഒരു കൌന്സിലും ജാതേം എന്നെ ഒരു ചുക്കും ചെയ്യൂല്ല!" അരിവാളും ചുറ്റികയും കണ്ടപ്പോള്‍ കമ്മ്യൂണീസ്റ്റ് അണികള്‍ ബഹുമാനപൂര്‍വ്വം വണങ്ങി അടങ്ങി; പേടിയോ ആദരവോ..?
ഹരിഹരന് സാറ് ചെറിയ വിറയോടെ അരിവാളില്‍ ഒരുകണ്ണുവച്ച് മുന്നോട്ട് വന്നു. "മിസ്റ്റര്‍ മീതീന്‍പിള്ള! ഞങ്ങള്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കണം; നിങ്ങളുടേയും മോന്റ്റെയും നാടിന്റേയും നന്മക്കു വേണ്ടിയാണ്".
"ഒന്നു പോ സാറേ; കാലത്ത് മൊതല് വൈന്നേരം വരെ നിങ്ങള്‍ പറയണ കേള്‍ക്കണ പിള്ളേരല്ലേ ഇവിടെ കഞ്ചാവും കള്ളൂം കുടിച്ച് കുളിസീന്‍ കാണാന്‍ നടക്കണത്? എന്നിട്ടിപ്പോ മീതീന്‍പിള്ളക്ക് നന്മ തരാന്‍ നടക്കണ്! സാറിന് വേണോങ്കി സാറിന്റെ മോനെ ഡോക്ടറാക്ക്; അതിനെന്റെ മോനെക്കിട്ടൂല്ല; വെറുതെ സമരം നടത്തി തല്ലുകൊള്ളാനും പട്ടിണികെടന്നു ജീവിക്കാനൊന്നും എന്റെ മോനെ വിടൂല്ലാന്ന്..മനസ്സിലായോ?
"ഏതായാലും പത്തുജയിച്ച കുട്ടിയെ കാളക്കച്ചവടത്തിനു വിടാന്‍ ഞങ്ങള്‍ സമ്മതിക്കൂല്ല! അവനെ പഠിപ്പിക്കണം; പഠിപ്പിച്ചേ പറ്റൂ..!"
"അതിന് അവന് പത്താം ക്ലാസ്സെങ്ങാനും ജയിച്ചു പോയാലല്ലേ..ഹ ഹ്ഹാ..! ജയിക്കട്ടെ! ജയിച്ചാ അപ്പോനോക്കാം..! സാറേ..അവനേ മീതീന്‍പിള്ളേടെ മോനാ..!"
അങ്ങനെ....; ജയിച്ചാല്‍ അവനെ പഠിപ്പിക്കണം എന്ന ഉപാധിയില്‍ ജാഥക്കാര് പിരിഞ്ഞു പോയി.
അതെ! അത്ര പ്രതീക്ഷയാണ് ആ പിതാവിന് മോനെക്കുറിച്ച്. തന്റെ കച്ചവടം ഗംഭീരമായി നോക്കി നടത്താനുള്ള എല്ലാ യോഗ്യതകളും തികഞ്ഞ ആ മകന് അയാള്‍ക്കഭിമാനമായിരുന്നു. അതിനു വിപരീതമായി അവന് പത്താംക്ലാസ്സെങ്ങാനും പാസ്സായിപ്പോയാല്‍ ആ പിതാവ് ചങ്കുപൊട്ടി മരിക്കും. കുഞ്ഞിപ്പരീതും അതിനു വേണ്ടീയുള്ള എല്ലാ പ്രിപ്പറേഷനും നടത്തിയിരുന്നു. "പത്താം ക്ലാസ്സില്‍ എത്ര പേപ്പറുണ്ടെടാ കുഞ്ഞിപ്പരീ.." എന്ന് ചോദിച്ചാ "പേപ്പറൊന്നൂല്ല..; എന്റെ കയ്യിലൊരു നോട്ട്ബുക്കുണ്ട്" എന്നു മറുപടി പറയാവുന്ന രീതിയില്‍ അവന് ഡെവലപ് ചെയ്തിരുന്നു!
എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞു! ആക്ഷന്‍കമ്മിറ്റിക്കാര്‍ കണ്ണില്‍ പാമോയിലൊഴിച്ച് നോക്കിയിരിക്കുന്നതിനാല്‍ റിസല്‍ട്ട് വന്നിട്ടുമതി മകന്റെ കച്ചവടപ്രവേശം എന്ന് മീതീന്‍പിള്ള തീരുമാനിച്ചിരുന്നു. എങ്കിലും റിസല്‍ട്ട് എന്തായിരിക്കും എന്നുറപ്പുള്ളത് കൊണ്ട് രാവിലെ നാലുമണീക്ക് എല്ലാരും ഉറങ്ങുമ്പോള്‍ ചന്തയിലേക്കുള്ള കാളയടി മുതലുള്ള ചെറിയ ചെറിയ കാര്യങ്ങള്‍ കുഞ്ഞിപ്പരീത് സ്വയം ഏറ്റെടുത്ത് സന്തോഷപൂര്‍വ്വം നടത്തി വന്നു. റിസല്‍ട്ടിന്റെ ദിവസമായതൊന്നും അവന് അറിഞ്ഞില്ല. ആക്ഷന്‍ കമ്മിറ്റിയെ വെല്ലുവിളിച്ചിരുന്നത് കൊണ്ട് മീതീന്‍പിള്ള ആ ദിവസം ഓര്‍ത്തു വച്ചിരുന്നു!
അങ്ങനെ ആ ദിവസം പുലര്‍ന്നു. എടത്തലക്കാര്‍ മുഴുവന്‍ കവലയിലേക്കൊഴികി. സൂര്യന് പതിവു കറക്കത്തിനു പോകാതെ ആ വാകയുടെ പിന്നില്‍ ടെന്‍ഷനടിച്ച് നില്‍പ്പുണ്ട്. പക്ഷെ മീതീന്‍പിള്ളയും കുഞ്ഞിപ്പരീതും ഇപ്പോഴും കൂള്‍ കൂള്‍. ഇന്റര്‍ നെറ്റിലും ടെലഫോണിലും ഒക്കെ റിസല്‍ട്ടറിയാനുള്ള സൗകര്യം ഉണ്ടെങ്കിലും എല്ലാവരുടെയും മുന്പില് വച്ച് അഭിമാനത്തോടെ റിസല്‍ട്ട് പ്രഖ്യാപിച്ച് മകന്റെ കയ്യില്‍ കാളയുടെ കയര്‍ ഏല്‍പ്പിക്കണം എന്നത് മീതീന്‍പിള്ളയുടെ വാശിയായിരുന്നത്കൊണ്ട് പരീക്ഷാനമ്പര്‍ ടിയാന് രഹസ്യമാക്കി വച്ചിരുന്നു.
എല്ലാ കണ്ണുകളും പത്രം വരുന്ന വഴിയിലേക്ക് നട്ടിരിക്കുന്നു. പത്രക്കാരന് സുധി ഹീറോ സൈക്കിളില്‍ വളവു തിരിഞ്ഞതും കവലയിലുള്ള സകല ചന്തികളും ഇരിപ്പിടങ്ങള്‍ വിട്ടുയര്‍ന്നു. തന്നെത്തന്നെ തുറിച്ച് നോക്കുന്ന ആള്‍ക്കൂട്ടം കണ്ടമ്പരന്ന സുധി കവലയുടെ ഏതാണ്ട് അമ്പതുവാര ദൂരെ എത്തിയതും പത്രമെറിഞ്ഞ് പമ്പകടന്നു. 'ആരെടുക്കും പത്രം' എന്ന് എല്ലാവരും അന്തിച്ചു നില്‍ക്കേ മുണ്ടു മടക്കിക്കുത്തി മീതീന്‍പിള്ള തന്നെ മുന്നോട്ടു ചെന്നു; പത്രമെടുത്തുയര്‍ത്തിക്കാണിച്ചു; അക്ഷരമറിയാത്തതിനാല്‍ ഔദ്യോഗിക വായനക്കായി പഴയ പത്താംക്ലാസ്സുകാരന് പത്രാസുമമ്മാലിയെ ക്ഷണീച്ചു. പത്രം കണ്ട് മമ്മാലി കഴുകാത്ത വാപൊളിച്ചു!വായന തുടങ്ങി..
"അറിയിപ്പ്: എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം പ്രമാണിച്ച് ഇന്നത്തെ പത്രം മുപ്പത് പേജാണ്; സ്ഥലപരിമിതി മൂലം പ്രധാന വാര്‍ത്തകള്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു!".
അതിശയോക്തിക്കുവേണ്ടീപ്പറയാം; ആ പത്രത്തില്‍ ആകെയുണ്ടായിരുന്ന മലയാളം വാക്കുകള്‍ ആ അറിയിപ്പും പത്രത്തിന്റെ പേരും മാത്രമായിരുന്നു. കാരണമുണ്ട്! ഇന്ത്യക്കാര്‍ തിന്നുമുടിച്ച് പ്രപഞ്ചം മുഴുവന്‍ പട്ടിണിയാക്കിയ കാര്യം പ്രപഞ്ച നാഥന് ബുഷ് തമ്പുരാന് അന്നൗണ്‍സ് ചെയ്തത് റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലൊന്നും ഒരാളും ചോദിക്കില്ലായീരിക്കാം.! പക്ഷെ എസ്.എസ്.എല്‍.സി ജയിച്ച ആരുടെയെങ്കിലും നമ്പര്‍ ഉള്‍പ്പെടുത്താതെ വിട്ടുപോയാല്‍, വായിക്കാനെടുത്ത പത്രം നിലത്ത് വിരിച്ച് കക്കൂസ്സാക്കി മാറ്റിക്കളയും പ്രബുദ്ധ കേരളം!
ഇത്തവണ എഴുതിയവരെല്ലാം പാസ്സായല്ലോ; മൂന്നാലു പേരൊഴികെ! സത്യത്തില്‍ തോറ്റവരുടെ പേരാണ് കൊടുത്തിരുന്നതെങ്കില്‍ ഒരു കോളത്തില്‍ ഒതുക്കാമായിരുന്നു. പക്ഷെ, ആരൊക്കെ ജയിച്ചാലും ഞാന്‍ പാസ്സാവില്ല എന്ന് കുഞ്ഞിപ്പരീത് ഉറപ്പിച്ചു പറഞ്ഞു.
അങ്ങനെ മലയാളത്തിനു പകരം കണക്കിലുള്ള ആ പത്രത്തില്‍ എല്ലാവരും മീതീന്‍കുഞ്ഞിന്റെ നമ്പര്‍ തിരഞ്ഞു തുടങ്ങി. ക്ഷീണീച്ചവര്‍ ക്ഷീണീക്കാത്തവര്‍ക്ക് പത്രം കൈമാറി. ഇല്ല കാണുന്നില്ല! കുഞ്ഞിപ്പരീത് പ്രതീക്ഷയോടെ കാളയെ നോക്കി. മീതീന്‍പിള്ള അഭിമാനത്തോടെ മകനെ നോക്കി! ഇതിനിടയില്‍ ബോറഡിച്ച സൂര്യന് കോപിച്ച് കുത്തനെ മുകളിലേക്കു കയറി അവിടെ നിന്ന് ചൂടായി. അവസാനത്തെ പേജായി. ആക്ഷന്‍ കൗണ്‍സിലുകാര്‍ നിരാശരായിത്തുടങ്ങി! ഇപ്പോള്‍ പത്രം നോക്കുന്നത് പ്രസിഡന്റ് ശശിധരന് സാറാണ്.
"ജയിച്ചു! കുഞ്ഞിപ്പരീത് ജയിച്ചു! ഇതാ നോക്ക്!" ശശിസാറ് അലറിച്ചാടി!
മീതീന്‍പിള്ള നെഞ്ചിടിപ്പോടെ പത്രം പിടിച്ചുവാങ്ങി; കയ്യിലിരുന്ന നമ്പറും പത്രവും ആകൃതി വച്ച് തട്ടിച്ചു നോക്കി..!
"എന്റെ കാളേ.....!" മീതീന്‍പിള്ള പൊത്തോം എന്ന് പിന്നിലേക്ക് മറിഞ്ഞു വീണു. കുഞ്ഞിപ്പരീത് തലക്ക് കൈയ്യും കൊടുത്ത് കുത്തിയിരുന്നു. ആക്ഷന്‍ കൗണ്‍സിലുകാര്‍ ആനന്ദ നൃത്തമാടി!
ചായക്കട ബീരാനാണ് ഒരു സോഡപൊട്ടിച്ച് മീതീന്‍പിള്ളയുടെ മുഖത്തൊഴിച്ചത്! ബോധം തിരിച്ചു കിട്ടിയ ആ ഹതഭാഗ്യനായ പിതാവ് ചാടിയെഴുന്നേറ്റ് കാറി..
"അറാമ്പറന്നോനേ.....!"
വാപ്പ വേലിപ്പത്തല് ഊരണകണ്ട കുഞ്ഞിപ്പരീത് വിളിച്ചു പറഞ്ഞു " വാപ്പോ; ഞാനറിഞ്ഞുകൊണ്ടല്ലേ..; ഇതു ചതിയാ.. ...; എന്നെക്കൊല്ലല്ലേ...!" വാപ്പ അടങ്ങുന്നില്ല എന്നു കണ്ടതും കുഞ്ഞിപ്പരീത് പിടിവിട്ടു പാഞ്ഞു; പിറകെ പത്തലുപിടിച്ച മീതീന്‍പിള്ളയും! അവര്‍ കുടിയന്‍ജോസിന്റെ വിതച്ചിട്ട പാടത്തേക്കിറങ്ങണതുവരെ പാവം കാളയും നാട്ടുകാരും അത് നോക്കി നിന്നു! ശേഷം..അചിന്ത്യം..!
പത്തുകൊല്ലങ്ങള്‍ക്കു ശേഷം രണ്ടായിരത്തിപ്പതിനെട്ടിലാണ് ഞാന്‍ വീണ്ടും കുഞ്ഞിപ്പരീതിനെ കാണുന്നത്. സൗദിയില്‍ നിന്നും ചെന്നപ്പോള്‍ ആ പഴയ സ്നേഹിതനെ സന്ദര്‍ശിക്കാന്‍ പോയതാണ്. തേക്കാത്ത പഴയവീട്ടില്‍ എല്ലും തോലുമായ ഒരു രൂപം! ഒരേ ഒരു മോളുടെ ഊര്‍ന്നുപോകുന്ന പാവാട പറഞ്ഞു; പട്ടിണിയാണ്!
"മീതീന്‍പിള്ളക്ക..?"
"വാപ്പ മരിച്ചു; രണ്ടു കൊല്ലമായി!"
"കുഞ്ഞിപ്പരീത് എന്തു ചെയ്യുന്നു?"
"ഡോക്ടറാണ്, എം.ബി.ബി.എസ്, എം.ഡി!"
എനിക്കു സഹതാപം തോന്നി!
"ജോലിയൊന്നും കിട്ടിയില്ലേ?"
"കയ്യിലുള്ള ഈ എം.ബി.ബി.എസ്, എം.ഡി കൊണ്ട് എന്തു ജോലി കിട്ടാനാ? കിട്ടിയാ തന്നെ ഒരു ഡോക്ടര്‍കെന്താ കിട്ടുക? ദിവസക്കൂലി നൂറ്റമ്പത് രൂപ കിട്ടും. അതിനു തന്നെ എന്താ തെരക്ക്? നാടു നിറച്ചും ഡോക്ടര്‍മാരല്ലേ?"
എന്റെ സഹതാപം ഇരട്ടിച്ചു. അവന് തുടര്‍ന്നു..
"നല്ല ശമ്പളം കിട്ടണ കൂലിപ്പണീം പാടത്തും പറമ്പിലും ജോലിയൊക്കെ ഇനി സ്വപ്നം കാണാന്‍ പോലും നമുക്കൊന്നും പറ്റില്ല! എസ്.എസ്.എല്‍.സി തോറ്റോരെ മതി അവര്‍ക്ക്. മക്കളെങ്കിലും നന്നായാ മതിയായിരുന്നു. എസ്.എസ്.എല്‍.സി തോല്‍ക്കാനൊക്കെ എന്താ ഒരു പാട്!"
അപ്പോഴേക്കും കുറേ ചുവപ്പു വസ്ത്രധാരികള്‍ അങ്ങോട്ടു വന്നു. യൂണിയന് കാരാണ്; ഡോക്ടേഴ്സ്! അവകാശങ്ങള്‍ക്കു വേണ്ടിപ്പൊരുതുന്ന തൊഴിലാളീ സംഘടനയുടെ കരുത്തുറ്റ പ്രവര്‍ത്തകരാണവര്‍.
"വാ കുഞ്ഞിപ്പരീതേ..ഒരു ഹൃദയം മാറ്റിവക്കല്‍ ശസ്ത്രക്രിയയുണ്ട്! പൊയി നോക്കി നിന്നാല്‍ 'നോക്കുകൂലി' വാങ്ങാം..!"
"മോളേ; ആ തോര്‍ത്തിങ്ങെടുത്തേ, സ്റ്റെതസ്ക്കോപ്പും!" കുഞ്ഞിപ്പരീത് അകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു.
"എന്നാ വൈകീട്ട് കവലയില്‍ പന്നിമലത്തുന്നേടത്ത് കാണാം..!" കുഞ്ഞിപ്പരീത് എന്നെ യാത്രയാക്കി.
അവര്‍ കൂട്ടമായി നീങ്ങുമ്പോള്‍ നാളത്തെ ധര്‍ണ്ണക്കുള്ള മുദ്രാവാക്യം ഒരാള്‍ വായിക്കുന്നത് കേട്ടു; "ഞങ്ങള്‍ കീറും വയറെല്ലാം ഞങ്ങടതാകും പൈങ്കിളിയേ..!"
അപ്പോള്‍ ആവഴിയിലൂടെ ഒരു നാടകത്തിന്റെ അനൗണ്‍സ്മെന്റ വാഹനം കടന്നുപോയി; "ആലുവ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍......നൂറാമത് നാടകം..."എസ്.എസ്.എല്‍.സി എന്നെ കമ്മ്യൂണിസ്റ്റാക്കി!"..!"
Monday, May 19, 2008
ഭദ്രാനന്ദസ്വാമിയും ആലുവപോലീസും പിന്നെ ഞാനും!
ഇന്നലെയും മിനിഞ്ഞാന്നുമായി ടി.വിയിലൊക്കെ ഒരു മുറി കാണിക്കുന്നില്ലേ? ആ അതു തന്നെ; ആലുവ പോലീസ്സ്റ്റേഷനില്‍ നമ്മുടെ ഭദ്രാനന്ദ സ്വാമികള്‍ രൗദ്രാനന്ദ സ്വാമികളാകുകയും പോലീസ്സേന കണ്ടിട്ടുപോലുമില്ലാത്ത വെള്ളിമുക്കിയ തോക്കെടുത്ത് വില്ലന്‍ കളിക്കുകയും, പോലീസുകാര്‍ വലിച്ചിട്ടു കൊടുത്ത കസേയില്‍ ഭദ്രമായിട്ടിരുന്ന് പോലീസിന്റെ ചെലവില്‍ മൊബൈല്‍ ചാര്‍ജ് ചെയ്ത് വിളിച്ചു കളിക്കുകയും ചെയ്ത മുറി. എന്റെ ഗ്രഹാതുരത്വം നിറയുന്ന ആ മുറിയെക്കുറിച്ച് ഇപ്പോഴല്ലാതെ പിന്നെ എപ്പോള്‍ പറയാനാണ്? ആ മുറിയും ഈ ആലുവവാലയുമായിട്ടെന്തു ബന്ധം എന്നല്ലേ? ഉണ്ട്! ആ മുറിയുമായിട്ടു മാത്രമല്ല; ഭദ്രന്റെ അടുത്ത് ഒരു പോലീസുകാരന് ഇരുന്ന സ്റ്റൂളില്ലേ? ആ സ്റ്റൂളുമായിട്ടും, മൊബൈല്‍ചാര്‍ജ്ജര്‍ കുത്തിയ പ്ലഗ്ഗുമായിട്ടും ഒരു രാത്രിയിലേറെ നീണ്ട ബന്ധമുണ്ടെനിക്ക്! എങ്ങനെയെന്നല്ലേ? പറയാം!
ആലുവ പോലീസ് സ്റ്റേഷനില്‍ എന്റെ പേഴ്സണലായുള്ള രണ്ടാമത്തെ സന്ദര്‍ശനത്തിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. ഒന്നാമത്തേത് കോളേജില്‍ പഠിക്കുമ്പോള്‍ നിര്‍ത്താതെ പോയ കെ.എസ്.ആര്.ടി.സി ബസ്സിന് കല്ലെറിഞ്ഞതിനായിരുന്നു. കോളേജ് വിദ്യാര്‍ത്ഥിയുടെ ആനുകൂല്യത്തില്‍ അന്ന് ഒരുമണിക്കൂറിനു ശേഷം താക്കീതു ചെയ്ത് പറഞ്ഞുവിട്ടു.
രണ്ടാം സന്ദര്‍ശനം; ഒന്നാം സന്ദര്‍ശനത്തിനു കൃത്യം രണ്ടുകൊല്ലങ്ങള്‍ക്കു ശേഷം! ഒരു ശനിയാഴ്ച രാത്രി, സമയം പതിനൊന്നേ മുക്കാല്‍ മുക്കര മുക്കേ മുക്കാല്‍! നാട്ടില്‍ ജോലിചെയ്തിരുന്ന കമ്പനിയില്‍ രാത്രി പന്ത്രണ്ടു മണീക്കുള്ള ഷിഫ്റ്റ് അറ്റന്റു ചെയ്യാന്‍ സ്വന്തം ഹീറോ ഹോണ്ടയില്‍ ഒരു മൂളിപ്പാട്ടും പാടിപ്പോകവേ, മാര്‍ത്താണ്ഡവര്‍മ്മ പാലം കഴിഞ്ഞ് എടയാര്‍ റൂട്ടിലേക്ക് നാല്പത്തഞ്ച് ഡിഗ്രിയില്‍ ബൈക്ക് ചരിച്ച എന്റെ നേരെ വഴിയില്‍ ഒളിച്ചു നിന്നിരുന്ന കാക്കിക്കാപാലകര്‍ കറുത്ത കൈകള്‍ കാണിച്ച് കാടി, ഛെ; ചാടി വീഴുകയായിരുന്നു.
എന്നെ ചെക്ക് ചെയ്ത പോലീസു കാരന് ജീപ്പിലുരുന്ന് രണ്ടെണ്ണം വിടുകയായിരുന്ന എസ്.ഐ ഏലിയാസിനോട് വിളിച്ചു പറഞ്ഞു; "സാറേ, ഇവന് ലൈസന്‍സും, വണ്ടിക്ക് ബുക്കും പേപ്പറും കോപ്പും ഒന്നും ഇല്ല!"
"എന്നാ ആ താക്കോലിങ്ങോട്ട് ഊരിയെടുത്തോ, ഗോപാലാ..!"
"സാറേ, താക്കോലും ഇല്ലാന്നാ ഇവന് പറയണേ..എവിടന്നെങ്ങാണ്ട് അടിച്ച് മാറ്റീട്ട് വന്നതാ..!" എന്ന് ഗോപാലന് സാറ്.
എന്നെ അടുത്തേക്ക് വിളിച്ച് ചോദ്യം ചെയ്ത എസ്.ഐ യോട് "സാറേ, ഞാന്‍ ആ കമ്പനീല് ജോലിചെയ്യണതാ, തെരക്കില് എല്ലാം എടുക്കാന്‍ മറന്നതാ, ഇപ്പ കയ്യില്‍ പത്തു രൂപേ ഉള്ളു, നൂറാണെങ്കി നാളെത്തരാം!" എന്നു കരഞ്ഞു പറഞ്ഞപ്പോ നല്ലവനായ എസ്.ഐയുടെ മനസ്സ് അലിഞ്ഞ് "എന്നാ, ഗോപാലാ, അവന്റെ ശകടം എടുത്ത് സ്റ്റേഷനിലേക്ക് പൊക്കോ, ഇവനിപ്പോ നടന്നു പൊക്കോട്ടെ, നാളെ സ്റ്റേഷനില്‍ ബുക്കും പേപ്പറും താക്കോലും കൊണ്ടോന്നിട്ട് വണ്ടി കൊണ്ടോക്കോട്ടെ" എന്നു പറഞ്ഞതായിരുന്നു. അപ്പോഴേക്കും വായില്ക്കെടന്ന നാക്കില്‍ മുരളീധരന് കൂടി..!
"വണ്ടി തരാതെ ഞാന്‍ പോയാല്‍ ശരിയാവില്ല സാറേ ; വണ്ടീ കോണ്ടൊകണോങ്കി രസീത് തരണം" എന്നു ഞാന്‍ വെറുതെ പറഞ്ഞു നോക്കിയതാ. "എന്നാ സാറ് വാ, രസീത് മുഴുവന്‍ സ്റ്റേഷനിലിരിക്കാണല്ലോ" എന്ന് എന്നോടും "എന്നാ സാറിനെ കേറ്റാല്ലേ സാറേ?" എന്ന് എസ്.ഐ യോടും വയറന്‍ ഗോപാലന് പറയുകയും പറഞ്ഞതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു.
സ്റ്റേഷനില്‍ ചെന്നപ്പോഴല്ലേ, രസീത് ഇപ്പോ തരൂല്ലത്രേ! നാളെ രാവിലെയേ രസീത് കുറ്റി തുറക്കാന്‍ പറ്റൂ പോലും! ഒരു സ്റ്റൂള് ചൂണ്ടിക്കാണിച്ചു ഗോപാലന് സാറ്. അതെ! മിനിഞ്ഞാന്ന് ഭദ്രന്റെ കൂടെ പോലീസുകാരനിരുന്ന അതേ സ്റ്റൂള്. ആ സ്റ്റൂളാണ് ഈ സ്റ്റൂളെന്ന് എങ്ങനെ മനസ്സിലായി എന്നു മാത്രം ചോദിക്കരുത്. ചില സംഗതികള്‍ അംഗനെയാണ്. ബുഷിന്റെ മൂക്ക് കണ്ടാല്‍ സദ്ദാം പറയുമായിരുന്നില്ലേ "മിസൈല്‍" എന്ന്!
"സാറ് ഇവിടെ ഇരുന്നോ, രസീത് കുറ്റി തുറക്കുമ്പോ ആദ്യം തന്നെ തന്ന് വിട്ടോളാം ട്ടോ..!" എന്തൊരു മാന്യനാണ് ഗോപാലന് സാറ്, എന്നേം സാറെന്നല്ലേ വിളീച്ചത്!
ഗോപാലന് സാറ് പോയി, ഞാനും നീണ്ട പാറാവ്കാരന് അനിയന്‍സാറും നീളമുള്ള ഒരു തോക്കും മാത്രമായി. അനിയന് സാറ് കാഴ്ചയില്‍ അപ്പൂപ്പന് സാറാണ് കെട്ടോ. തോക്കില്‍ ഉണ്ടയുണ്ടോ ആവോ? അനിയന് സാറ് ടി.വിയില്‍ വാര്‍ത്ത കണ്ട് കണ്ട് ബോറടിച്ചുറങ്ങിപ്പോയി. പാവം! എനിക്കുണ്ടോ ബോറഡിക്കു കുറവ്? വാര്‍ത്തയിപ്പോ എന്തു കാണാനാ? അന്ന് വാര്‍ത്തകേള്‍ക്കാന്‍ ഇന്നത്രെ അത്ര ത്രില്ലൊന്നും ഉണ്ടായിരുന്നില്ല. ഏറ്റവും കൂടിയാല്‍ ഒരു ബലാത്സംഗം, ഒരു കൊല! മഹാ ബോറ്. പതുക്കെ മേശപ്പുറത്തിരുന്ന റിമോട്ട് കയ്യിലെടുത്തു. പാട്ടു ചാനലിനുള്ള തിരച്ചിലില്‍ ഡിസ്കവറിചാനലില് എത്തിയതും ഒടുക്കം വരാന്‍ ഒരാന ചിന്നംവിളിച്ചു. അത് കേട്ട് അനിയന് പോലീസ് ഞെട്ടിയുണര്‍ന്നു. "ഡാ..നീ ആളു കൊള്ളാല്ലോ! പോലീസ്റ്റേഷനിലെ ടി.വീല്‍ ചാനലു മാറ്റിക്കളിക്കുന്നോ? റിമോട്ട് ഇവിടെത്താഡാ...!".
"സാറൊറങ്ങല്ലേന്നു കരുതിയാ!".
"നീ ഒറങ്ങണോര്ടെ ഒക്കെ ചാനല്‍ മാറ്റുവോഡാ...? മര്യാദക്കിരുന്നോണം..? പിടിച്ച് തുണീയഴിച്ച് അകത്തിടും, എം.ബി.യെ ക്കാരനല്ലേ, നല്ലൊരു പയ്യനല്ലേ എന്നു കരുതിയപ്പോ, അവന് ഞാനൊറങ്ങണ നോക്കണ്; ആഹാ..!". എം.ബി.യെ ക്കാരനോ? ഞാനോ? ഓ, ഗോപാലന് സാറ് പറഞ്ഞതാകും. റോട്ടില് വച്ച് ചോദിച്ചപ്പൊ ഒരു വെയിറ്റിനു വേണ്ടീ ഗോപാലന്‍സാറിനോട് എം.ബി.യെ ക്കാരനാണെന്നു പറഞ്ഞായിരുന്നു. അതുവരെ ഞാന്‍ ഒരുപാടു വഴക്കു പറഞ്ഞ എന്റെ നാവിനോട് എനിക്ക് ബഹുമനം തോന്നി. അനിയന് സാറ് വീണ്ടും ഉറക്കം തുടങ്ങി.
രാത്രി ഷിഫ്റ്റുള്ള ദിവസം കമ്പനിയില്‍ എത്തിയാല്‍ ഉടന്‍ വീട്ടിലേക്ക് വിളിക്കാറുണ്ട്. എന്നിട്ടേ ഉമ്മ ഉറങ്ങാറുള്ളൂ. ഉമ്മ ഇതുവരെ ഉറങ്ങീട്ടുണ്ടാവില്ല. ബാറ്ററിചാര്‍ജ്ജ് തീരെ തീര്‍ന്നുപോയതിനാല്‍ കമ്പനിയില്‍ ചെന്നിട്ട് ചാര്‍ജ്ജ് ചെയ്യാം എന്നു കരുതി എടുത്ത എന്റെ അഭിമാനം എറിക്സണ്ടെ മൊബൈല്‍ സ്കിന്‍ടൈറ്റ് ജീന്‍സ് ഇഷ്ടിക വിഴുങ്ങിയത് പോലെ പോക്കറ്റില്‍ കിടക്കുകയാണ്. ഒന്നു ചുറ്റും നോക്കിയപ്പോള്‍ ഒരു പവര്‍ പ്ലഗ്ഗില്‍ ഹോളോബ്ലോക്ക് പോലൊരു ചാര്‍ജ്ജര്‍! എറിക്സണ്ടെ തന്നെയാണ്; സമാധാനമായി. കുത്തി! മിനിഞ്ഞാന്നു ഭദ്രന് സ്വാമിയുടെ മൊബൈല്‍ചാര്‍ജ്ജര്‍ കുത്തി ഫെയ്മസായ അതേ പ്ലഗ്ഗായിരുന്നു അത്! ഉറങ്ങുന്നതിനു മുന്‍പ് അനിയന് സാറ് വീണ്ടും വച്ച വാര്‍ത്തയും, കൊതുകിന്റെ അറുബോറന്‍ സംഗീതആല്‍ബവും, അനിയന് സാറു സ്റ്റാര്‍ട്ട് ചെയ്ത കൂര്‍ക്കം വലിയുമായി പത്തു പതിനഞ്ചു നിമിഷങ്ങള്‍ കടന്നു പോയി. ഞാനും ഒന്നു മയങ്ങിത്തുടങ്ങിയിരുന്നു.
ജീപ്പിന്റെ സൗണ്ട് കേട്ടാണ് ഞങ്ങള്‍ രണ്ടുപേരും ഉണര്‍ന്നത്. രാത്രി ഇരപിടുത്തത്തിന് പുറത്ത് പോയിരുന്ന എസ്.ഐയും ഗോപാലന് സാറും ഒന്നു രണ്ടു വേറെ പോലീസുകാരും തിരിച്ചു വന്നതാണ്. എസ്.ഐ കയറി വന്നയുടനെ എന്നോട് ചോദിച്ചു; "രസീത് കിട്ടിയോഡാ..?" ഞാന്‍ വളിച്ച ചിരി ചിരിക്കുന്നതിനിടെ എസ്.ഐയുടെ കണ്ണ് ചാര്‍ജ്ജ് ചെയ്യാന്‍ വച്ചിരുന്ന എന്റെ മൊബൈലിലേക്ക് നല്ല കിണ്ണനായി പതിഞ്ഞിരുന്നു. അങ്ങനെയൊന്ന് കുത്തിവച്ചിരുന്നല്ലോ എന്ന് അപ്പോഴാണ ഞാന്‍ ഓര്‍ക്കുന്നത് തന്നെ.
"ചാര്‍ജ്ജ് കേറുന്നുണ്ടോ?" എസ്.ഐയുടെ സ്നേഹാന്വേഷണം!
"ഉവ്വാ, ഇപ്പക്കുത്തിയേ ഉള്ളു!"
"എന്നാ സാറു വാ, അകത്തേക്കിരിക്കാം". ദേ എസ്.ഐ യും എന്നെ സാറേന്നു വിളിക്കുന്നു!
"ഒ.കെ; സംസാരിക്കാനായിരിക്കും!"
"ഇങ്ങോട്ടിരിക്കാം".
"എങ്ങോട്ട്?"
"ദേ; ഇങ്ങോട്ട്!"
"അല്ലാ; അത് സാറിന്റെ ചെയറല്ലേ?"
"ഹേയ്! നീയല്ലേ ഇപ്പോ ഈ സ്റ്റേഷന്റെ അധികാരി? നീ വേണം ഇനി ഇവിടെ ഇരിക്കാന്‍; ഇരിക്കെഡാ"
പെട്ടെന്നുള്ള 'ഇരിക്കെഡാ'യില്‍ ഞെട്ടിപ്പോയ ഞാന്‍ എസ്.ഐ യുടെ സീറ്റില്‍ കേറി ഇരിക്കാനാഞ്ഞതും എസ്.ഐ ഉറക്കെ വിളിച്ചു "ഗോപാലാ....!" "ഇവനെ എടുത്ത് അകത്തിട്, അവടെക്കെടക്കട്ടെ; സമ്മാനം നാളെക്കൊടുക്കാം!"
"സാറേ; അതില്‍ വെള്ളിപ്പല്ലന്‍ വാസുവും ടീമും കെടന്ന് ഒറക്കത്തിലാ; ഇവനെ അതിലിടണോ?"
"എന്നാ അവനെ ആ സ്റ്റൂളില്ക്കേറ്റി നിര്‍ത്ത്; മുള്ളാന്‍പോലും വിടണ്ട; അവന്റെ മൊബൈല്‍ എന്റെ മേശേല് വച്ച് പൂട്ട്!"
നിര്‍ത്തി! സ്റ്റൂളിന്റെ മോളില്‍തന്നെ കേറ്റി നിര്‍ത്തി. എസ്.ഐ വീട്ടില്‍ പോയി. ഗോപാലന് സാറ് കുളിക്കാനും. അനിയന് സാറ് കൂര്‍ക്കം വലിച്ചു. രാവിലെ എന്നെ ഇറക്കാന്‍ മൂത്താപ്പ വരുന്നത് വരെ ഞാന്‍ ആ സ്റ്റൂളില്‍ തന്നെ നിന്നു. അങ്ങനെയാണ് ആ മുറിയും സ്റ്റൂളും പ്ലഗും എന്റെ ഗൃഹാതുരതയില്‍ പടര്‍ന്നു കയറുന്നത്! പടര്‍ന്നു കയറിയില്ലെങ്കിലേ അത്ഭുതമുള്ളൂ!
ഇന്നലെ വീണ്ടും ഞാനാ മുറിയും സ്റ്റൂളും പ്ലഗും കണ്ടു. പാവപ്പെട്ട, സല്‍സ്വഭാവിയായ എനിക്കു പകരം അവിടെയുണ്ടായിരുന്നത് തട്ടിപ്പിന്റെ തട്ടിന്‍പുറത്താശാന്‍ ഭദ്രാനന്ദ എന്ന എച്.എം.ഭദ്രനായിരുന്നു. മൂന്നു പോലീസുകാര്‍ക്കു പകരം മുപ്പത് പോലീസുകാര്‍. പിന്നെയുമുണ്ടായിരുന്നു ഒട്ടേറെ പ്രത്യേകതകള്‍!ഞാന്‍ റിമോട്ട് എടുത്തിടത്ത് ഭദ്രന് തോക്കെടുത്തു! എന്റെകയ്യില്‍ റിമോട്ട്കണ്ട് കലിയായ പോലീസുകാരന് ഭദ്രന്റെകയ്യില്‍ തോക്കു കണ്ട് എലിയായി! ഞാന്‍തന്നെ കുത്തിയ എന്റെ മൊബൈല്‍ ചാര്‍ജ്ജര്‍ എസ്.ഐ മേശയില്‍ വച്ചു പൂട്ടിയേടത്ത് ഭദ്രന്റെ ചാര്‍ജ്ജര്‍ പോലീസുകാര്‍ കുത്തിക്കൊടുത്തു! ഞാന്‍ സ്റ്റൂളില്‍ നിന്നേടത്ത് ഭദ്രന് കസേരയില്‍ ഭദ്രാസനം ചെയ്തു. പോലീസുകാര്‍ എന്നെ തെറി പറഞ്ഞേടത്ത് ഭദ്രന് പോലീസിനെയും പത്രക്കാരെയും തെറി പറഞ്ഞു; അവസാനം, എല്ലാത്തിനും ആരംഭമെന്നവണ്ണം, രണ്ട് വെടിയും പൊട്ടിച്ചു!
ഇപ്പോള്‍ ഞാന്‍ ആശിച്ചുപോകുന്നു; അന്നു ഞാനൊരു ഭദ്രനായിരുന്നെങ്കില്‍ നില ഏറെ ഭദ്രമായിരുന്നേനെ! സന്തോഷ് മാധവനായിരുന്നെങ്കില്‍ ഏറെ സന്തോഷവും വിശ്വചൈതന്യയായിരുന്നെങ്കില്‍ കുറേക്കൂടി ചൈതന്യവും ഉണ്ടായിരുന്നേനെ! പക്ഷെ ഇങ്ങനെ ആശിക്കുമ്പോള്‍ തന്നെ ഞാന്‍ ഒന്നോര്‍ക്കണം; എം.ബി.എ ക്കാരന് എന്നു പറഞ്ഞില്ലായിരുന്നെങ്കിലോ?
Sunday, May 4, 2008
എങ്ങനെ തുടങ്ങണം ?
വിരലില്‍ എണ്ണാവുന്നത്ര, അതും നിലവാരം കുറഞ്ഞവ മാത്രമേ എനിക്കെഴുതാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നത് വിനയത്തിനു വേണ്ടീ ഞാന്‍ പറയുന്നതല്ല എന്നതിന് "ആലുവവാല" സാക്ഷിയാണ്. ഒന്നിനെയും ഞാന്‍ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ലെങ്കിലും നിലവിലുള്ള ബ്ലോഗിംഗിന്റെ സ്വഭാവവും സമ്പ്രദായങ്ങളും എന്റെ വിഷയ തിരഞ്ഞെടുപ്പുകളില്‍ വല്ലാതെ ഇടപെട്ടിട്ടുണ്ട് എന്ന് തെല്ലത്ഭുതത്തോടെ ഞാന്‍ തിരിച്ചറിയുന്നു. വിഷയങ്ങള്‍ക്കു വേണ്ടീ ചുറ്റുപാടുളിലേക്ക് നോക്കുന്നത് തെറ്റാണോ? അല്ല!. എങ്കിലും ആ ചുറ്റുപാടുകള്‍ എനിക്ക് തന്ന വിഷയങ്ങളേക്കാള്‍ പതിന്മടങ്ങ് എന്നെ തൃപ്തിപ്പെടുത്തുന്ന ഒരു വിഷയംഎന്റെ ആത്മാവിന്റെ മരതകക്കൂട്ടില്‍ വേരൂന്നി എന്റെ ജന്മം മുഴുവന്‍ പടര്‍ന്ന് പന്തലിച്ച്, നിശ്വാസവും, വിശ്വാസവുമായി കുടികൊള്ളൂന്ന വിവരം എനിക്കറിയാതിരുന്നതല്ലല്ലോ?. എന്നിട്ടും അതു തൊടാതെ മാറ്റിവച്ചുകൊണ്ട്, ചുറ്റുവട്ടത്തേക്ക് എടുത്ത് ചാടിയത് കൊടിയ പാതകമാണെന്നും ആ മഹത്വത്തെക്കുറിച്ചെഴുതുന്നത് വരെ ഞാന്‍ എഴുതിയ സകലതും വിലയില്ലാതെ പോകുന്നു എന്നതും സത്യം തന്നെയാണ്.
ഇപ്പോഴും എന്താണാ വിഷയം എന്നു പറഞ്ഞില്ല. ഇതിനു മുന്‍പും ഇങ്ങനെത്തന്നെയായിരുന്നു. ശ്രമിക്കാഞ്ഞിട്ടല്ല. ഭയമാണെനിക്ക്. എങ്ങിനെ തുടങ്ങണം എന്ന സന്ദേഹമാണ്. അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ അതുമിതും പറഞ്ഞ് ചുറ്റിത്തിരിയുന്നത്. അതെ ഇപ്പോഴും എനിക്കു കഴിയുന്നില്ല; ആ വിഷയം ഗംഭീരമായി ഒന്നു തുടങ്ങി വക്കാന്‍ പോലും. കുറേ കൊല്ലം എഴുതി എഴുതി തഴക്കവും പഴക്കവും ഒക്കെ വന്നതിനു ശേഷം അതിനെക്കുറിച്ച് എന്തെങ്കിലും ഒക്കെ എനിക്കെഴുതാന്‍ കഴിഞ്ഞേക്കും.
എഴുതിയവയില്‍ എനിക്കേറ്റവും ഇഷ്ടം എന്റെ വാപ്പയെക്കുറിച്ച് ഞാനെഴുതിയ കവിതയാണ്. എന്റെ ബാക്കിയിള്ള എഴുത്തുകളെക്കുറിച്ച് ആളുകള്‍ പറയുന്നത് പോലെ ഇത് കവിതയല്ല എന്നാരെങ്കിലും പറഞ്ഞാല്‍ ഞാന്‍ സമ്മതിച്ചെന്നു വരില്ല. ശ്രോതാക്കളെ അതെത്രകണ്ട് സ്വാധീനിക്കും എന്നത് ആ കവിതയുടെ കാര്യത്തില്‍ എനിക്ക് പ്രശ്നമേ അല്ല. അതെന്നെ വല്ലാതെ സ്വാധീനിക്കുന്നു, കണ്ണു നിറക്കുന്നു, മനസ്സും നിറക്കുന്നു.
ആ കവിത അവസാനിക്കുന്നേടത്ത് നിന്നും ഈ വിഷയം തുടങ്ങുന്നു. പക്ഷെ ആ അവസാനം ആ കവിതയെ മുച്ചൂടും ചൂഴ്ന്ന് പിതൃമാഹാത്മ്യം ആരംഭിക്കുന്നേടത്ത് നിന്നുതന്നെ ആരംഭിക്കുകയും വാപ്പയുടെ സര്‍വ മഹത്വത്തിനും കാരണഭൂതമാകുകയും ചെയ്യുന്നു!
പടച്ചവനെ സാക്ഷി നിര്‍ത്തി, നിങ്ങളെയും സാക്ഷി നിര്‍ത്തി ആ വിഷയത്തിനു തുടക്കം കുറിച്ചുകൊണ്ട് ആ അവസാനത്തെ വരി ഇവിടെ ഞാന്‍ എഴുതട്ടെ.. എന്റെ ഒരു തൃപ്തിക്കു വേണ്ടി..!
"എന്‍ പ്രിയമാതാവല്ലേ എന്നുമാ വലം കയ്യായ്, സത്യത്തിന് സ്വരൂപമായ് തത്വസംഹിതയായി!."
Tuesday, April 22, 2008
മീതീന്‍കുഞ്ഞിന്റെ വിമാനയാത്ര..!
ബീരാന്‍ക്കാടെ 'ഒബറോയി' ചായക്കടയുടെ പുറത്തെ ബഞ്ചിരുന്നുള്ള മീതീന്‍കുഞ്ഞിന്റെയും കാദര്‍ക്കാടേം കുശുകുശുപ്പ് അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ഞങ്ങള്‍ വിവരകുതുകികളായ യുവാകോമളന്‍മാര്‍ വിദഗ്ധമായി വേണ്ടാത്തത് പ്ലാന്‍ ചെയ്യുകയും ചാരപ്പണി ചെയ്ത് വിവരം യഥാസമയം ധരിപ്പിക്കാന്‍ രണ്ടു കൂര്‍മ്മ ചെവിയന്മാരെ ഉത്തരവാദിത്തപ്പെടുത്തുകയും ചെയ്തു. പൊടിപ്പിനും തൊങ്ങലിനും പേരുകേട്ടവരായ ചാരസുന്ദരന്‍മാര്‍ പിറ്റേദിവസം തന്നെ സബ്മിറ്റ് ചെയ്ത കുശുകുശുപ്പ് റിപ്പോര്‍ട്ടില്‍ നിന്നാണ് അവരുടെ വിഷയം വിമാനയാത്രയിലെ മര്യാദകളൂം, 'ഏര് ഗോസ്റ്റുകളും', 'വിമാനത്താവളത്തിലെ എന്റെ മുഖഭാവം' തുടങ്ങിയവയൊക്കെയാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായത്.
എടത്തല മുഴുവന്‍ മീന്‍ വിറ്റുനടക്കുന്നതിനിടയില്‍ എവിടെയോവ്ച്ച് മിതീന്‍കുഞ്ഞിന്റെ 'തീ' നഷ്ടപ്പെടുകയും, 'മീന്‍കുഞ്ഞാ'യി മാറുകയും ചെയ്തു എന്നു മാത്രമല്ല ആ ബാക്കിയുള്ള പേരിനോടൊപ്പം കടക്കാര് 'ക' യും 'പു' യും കൂടി ചേര്‍ത്തുവിളിക്കാന്‍ തുടങ്ങിയപ്പോഴാണ് കക്ഷി ഗള്‍ഫ് എന്ന അഭയസ്വര്‍ഗ്ഗത്തില്‍ വിശ്വസിക്കാന്‍ തുടങ്ങിയത്.മരുഭൂമിയില്‍ ഒരു വള്ളിത്തോട് ഒഴുകുന്നതായും, കമ്മ്യൂണിസ്റ്റ് പച്ചയും, ചീരയും ഒക്കെ അവിടെ വളരുന്നതായും അവിടെ ഒരു റോസാപൂവ് വിടരുന്നതുമായ കാഴ്ചകള്‍ മീതീന്‍കുഞ്ഞ് സ്വപ്നത്തില്‍ കണ്ടുവത്രെ!
"ആ വിടര്‍ന്ന റോസാപൂവ് ഞാനായിരിക്കും, ഇങ്ങട് നോക്ക്യേ" എന്ന് തന്റെ മുഖം കാണിച്ച് കൊണ്ട് അവന് കാദര്‍ക്കായോട് പറഞ്ഞതായും കാദര്‍ക്ക ഒന്ന് തിരിഞ്ഞ് ചുറ്റും നോക്കിയതായും കുശുകുശുപ്പു റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്, വിശ്വാസ്യയോഗ്യമായ തെളിവില്ലെങ്കിലും.
ഏതായാലും, യാത്രപറച്ചിലിനും കരച്ചിലിനും ശേഷം മീതിന്‍കുഞ്ഞിന്റെ വിമാനയാത്രക്കു നേരമായി. കൈലിമുണ്ടും കള്ളിഷര്‍ട്ടും ഇട്ടല്ലാതെ നാട്ടിലെ ഒരു കുഞ്ഞും ഇന്നുവരെ കണ്ടിട്ടില്ലാത്ത മീതീന്കുഞ്ഞിനെ കറുത്ത പാന്റ്സും വെള്ളയില്‍ നീല വരയുള്ള ഷര്‍ട്ടും ബാറ്റാ ഷൂസും ഇട്ടു കണ്ടപ്പോള്‍ പലര്‍ക്കും ചിരിവന്നെങ്കിലും മോന്റെ വളര്‍ച്ച സ്വപ്നം കാണുന്ന അവന്റെ ഉമ്മ ഉമൈബത്താക്ക് മീതീന്കുഞ്ഞിനെ രണ്ടാമത് പ്രസവിക്കുന്നതിന്റെ വേദനയായിരുന്നു. ആദ്യ പ്രസവം ഗര്‍ഭപാത്രത്തില്‍നിന്നും ഈ ലോകത്തേക്കായിരുന്നുവെങ്കില്‍ ഈ പ്രസവം തന്റെ കരവലയത്തില്‍നിന്നും ജീവിതത്തിന്റെ ചുട്ടുപഴുത്ത മറ്റൊരു ലോകത്തേക്കാണ്. ലോകത്തെ ഒരു പ്രവാസിയുടെയും മാതാവ് ഈ രണ്ടാം പ്രസവ വേദന അനുഭവിക്കാതിരുന്നു കാണില്ല. ആദ്യ പ്രസവത്തില്‍ പൊക്കിള്‍ക്കൊടി കത്തികൊണ്ട് അറുത്തുമാറ്റപ്പെടുന്നുവെങ്കില്‍ ഈ പ്രസവത്തില്‍ അതു വല്ലാതെ വലിഞ്ഞുമുറുകി കഠിന വേദനയുടെ കാട്ടുതീ പടര്‍ത്തുമെങ്കിലും മാതാവും മക്കളും പല്ലുകടിച്ചമര്‍ത്തി കാലാകാലം അതങ്ങനെ പൊട്ടാതെ സൂക്ഷിക്കും!.
ഉമൈബത്തയുടെ നൊമ്പരം അവിടെ കൂടിയ ഒരുകുഞ്ഞിന്റെയും കണ്ണ് നിറക്കാതിരുന്നതായി ഞാന്‍ കണ്ടീല്ല. പക്ഷെ, മീതീന്‍കുഞ്ഞിന്റെ മുഖത്ത് ഒരു വലിഞ്ഞു മുറുകിയ പുഞ്ചിരിയുണ്ട്. പോയിക്കഴിഞ്ഞ ഇല്ലായ്മയുടെ സുഖത്തിനു നേരെയോ വരാനിരിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് നേരെയോ എന്നറിയില്ല, എങ്കിലും പൊക്കിള്‍ക്കൊടി വലിഞ്ഞു മുറുകുന്നതിന്റെ വേദന ആ പുഞ്ചിരിയില്‍ കിടന്നു പിടക്കുന്നത് ഞാന്‍ കണ്ടു.
വിമാനത്താവളത്തിലേക്ക് വണ്ടി ചെന്നു നിന്നപ്പോള്‍ എന്തു വികാരമാണ് അവനുണ്ടായിരുന്നത്? എനിക്കറിയില്ല! ആ പരന്ന കെട്ടിടത്തിന്റെ കല്ലുകള്‍ക്കും ചില്ലുകള്‍ക്കുമപ്പുറത്ത് പ്രിയപ്പെട്ട പുഴയും, ബഹുമാനപ്പെട്ട ചാളയും, മുല്ലയും, മൊല്ലാക്കയും ഒന്നുമില്ലാത്ത ഒരു ലോകമുണ്ടെന്നും അവിടുത്തെ സൂര്യന് ക്രൂരനാണെന്നും, അതിനു കീഴിലാണ് താന്‍ പണിയെടുത്ത് ജീവിക്കേണ്ടതെന്നുമൊക്കെയുള്ള തിരിച്ചറിവ് അവനില്ലാഞ്ഞിട്ടല്ല. ആരെയും വിഷമിപ്പിക്കാതിരിക്കാന്‍ അവന് അവന്റെ വിഷമത്തിന്റെ കാലില്‍ തോട്ടി വച്ച് അടക്കി നിര്‍ത്തിയതാണ്. തന്നെക്കണ്ട് താനേ പിന്മാറിയ വിമാനത്താവള വാതിലിനെ നോക്കി പുച്ഛത്തോടെ ചിരിച്ചുകൊണ്ട്, അടുത്ത് വന്ന് നിര്‍ദ്ദേശം കൊടുത്ത തരുണിയെ തെല്ലും വകവക്കാതെ ആ കറുത്ത് കുറുകിയ കുഞ്ഞു മീതീന്‍കുഞ്ഞ് അകത്തെക്ക് കയറിപ്പോയി.
ഇപ്പോള്‍ അവനു കൂട്ട് കയ്യിലെ ചെറിയ പെട്ടിയും മാണിക്യന് കാദര്‍ക്കായുടെ വലിയ നിര്‍ദ്ദേശങ്ങളും മാത്രമാണ്. ഇനി അവന് തന്നെ പറയട്ടെ, അവന്റെ യാത്രാവിശേഷങ്ങള്‍..!
വല്യ പ്രശ്നോന്നൂല്ലാതെ ബീമാനത്തില് കേറിപ്പറ്റി. പിന്നെ പോക്കറ്റില്ണ്ടാര്‍ന്ന ദിനേശ് ബീഡീം തീപ്പെട്ടീം അവന്മാര് തട്ടിയെടുത്തു. വില്‍സ് മേടിക്കാനുള്ള കാശ് ഞാന്‍ തരാം, എന്റെ ദിനേശിങ്ങട് തരാന്‍ ഞാ പറഞ്ഞപ്പോ, അവന് പറയ്യാ പിടിച്ചകത്തിടൂന്ന്. എന്നാ പിന്നെ ബെറ്തെ വാശി പിടിച്ച് കൊളാക്കണ്ടാന്ന് കരുതി അതങ്ങട് പോട്ടേന്ന് ഞാനും വിചാരിച്ചു.
ബീമാനത്തിലേക്ക് കേറുമ്പത്തന്നെ ഒരു പെണ്ണ് നിന്ന് കയ്യും കാലും കാണിച്ചു. ഞാന്‍ മൈന്റ് ചെയ്തില്ല. തലേലായാലോ?! എന്നെപ്പോലത്തെ ആണ്‍പിള്ളേരെക്കാണുമ്പോ ഇങ്ങനെ ഒരുപാട് നമ്പറ് പലരും കാണിക്കൂന്ന് കാദര്‍ക്ക പറഞ്ഞിട്ടുണ്ടേ! എന്തായാലും മുമ്പില്‍ത്തന്നെ ജനലിന്റടുത്ത് സീറ്റ് പിടിച്ചു. നാല് മണിക്കൂറ് നില്ക്കണ്ടി വന്നാ എറങ്ങിപ്പോകാന്‍ പറ്റൂല്ലാന്നും കാദര്‍ക്ക പറഞ്ഞിട്ടുണ്ട്.
രണ്ടുമ്മൂന്ന് പെശക് പെണ്ണുങ്ങള് മുട്ട് വരെയുള്ള പാവാടേട്ട് ബീമാനത്തില് നിന്ന് പെട്ടിയടുക്കല്, ആളെ ഇരുത്തല്..ഓ എന്താ അവള്മാര് കെടന്ന് കാണിക്കണേ.! അവരുടെ തൊപ്പികണ്ടപ്പോ എനിക്ക് മനസ്സിലായി അവര്‍ ബീമാനത്തിലെ നഴ്സുമ്മാരാ..! ആള്‍ക്കാരൊക്കെ കേറിക്കഴിഞ്ഞു. ഒരു കാര്‍ന്നോര്‍ക്ക് മാത്രം സീറ്റ് കിട്ടീല്ല.
ബേണോങ്കി നേരത്തെ ഓടി വന്ന് കേറണോര്‍ന്ന് കാര്‍ന്നോരേ എന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ചതും ഒരു നേഴ്സ് വന്ന് ടിക്കറ്റ് വാങ്ങീട്ട് എന്നോട് എണീറ്റ് കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു, ഇത് ആലുവേന്ന് എടത്തലക്ക് പോണതല്ല, സൗദി അറേബ്യേലേക്കാ. നില്‍ക്കാനൊന്നും എന്നെക്കിട്ടൂല്ല. മോള് പോയി വേറെ ആളെ നോക്ക്. അവള് പോയതാന്നാ ഞാന്‍ കരുത്യേ. അപ്പത്തന്നെ ബേറൊരുത്തനേം വിളിച്ച് കൊണ്ട് വന്നു, അവന് നിര്‍ബന്ധിച്ച് എഴുന്നേല്‍പ്പിച്ച് എന്നെ പൊറകില് കൊണ്ടോയി ഇരുത്തി. ആ കാര്ന്നോര് അവള്ടെ ആരാണ്ടാന്നാ എനിക്ക് തോന്നണേ..!
കൊറച്ച് കഴിഞ്ഞപ്പോ ബേറൊരു നേഴ്സ് ഒരു ഇയര്‍ ഫോണ്‍ കൊണ്ടത്തന്നു. അതിനെപ്പറ്റീം കാദര്‍ക്ക പറഞ്ഞിട്ടുണ്ട്. പഴേ ബീമാനങ്ങളിലാ അതുണ്ടാകുക. ബീമാനം ഓടുമ്പോ അതിന്റെ കുലുക്കോം എളക്കോം ഒക്കെ നമ്മള് കേള്‍ക്കാതിരിക്കാനുള്ള അവരുടെ ഒരു ടെക്നിക്കാ അത്. പാട്ട് ഇപ്പ വരും എന്നോര്‍ത്ത് നമ്മള് അതെട്ത്ത ചെവീലും വച്ചിരിക്കും. അവസാനം വരെ ഒരു വരിപ്പാട്ട് പോലും അതീന്ന് വരൂല്ല. ഞാന്‍ അത് വാങ്ങീല്ല. കളി എന്റടുത്താ..? അടുത്തിരുന്ന മണ്ടന്‍ അത് ചെവീല് വച്ച് പാട്ട് കേള്‍ക്കണ പോലെ ഇരിക്കണ കണ്ടപ്പോ എനിക്ക് ചിരിവന്നിട്ട് ഒരുകണക്കിനാ ഞാന്‍ അടക്കിയേ..!
അതിനിടേല് ബെല്‍ട്ടിടണ കാര്യം മറന്നു. അടുത്തിരുന്നയാള്‍ അതിട്ടത് എങ്ങനെയാന്ന് കണ്ടതൂല്ല. അതിട്ടില്ലങ്കി ഇപ്പോ ആകെ കൊഴപ്പാകൂല്ലോ പടച്ചോനെ. ബെല്‍ട്ടിടാതിരുന്നിട്ട് ബീമാനം പൊങ്ങിയപ്പോ കാദര്‍ക്ക സീറ്റീന്ന് പൊങ്ങിപ്പോയതോര്‍ത്തപ്പോ ചങ്ക് കിടുങ്ങി. പിന്നെ കുറച്ച് കഴിഞ്ഞപ്പോ മുന്‍പലെ ടി.വീല്‍ ബെല്‍ട്ടിടണത് കാണിച്ചു തന്നു. രക്ഷപ്പെട്ടു!
പിന്നെ അവര്‍ തന്ന ശാപ്പാടൊന്നും എനിക്ക് പിടിച്ചില്ല. ചായേലാണെങ്കി പഞ്ചാരേല്ല. പിന്നെ ഒരു ചെറിയ കവറില്‍ നല്ല തക്കാളി അച്ചാറ് കിട്ടി. അത് ഞാന്‍ അങ്ങനെ തന്നെ തിന്നു. നല്ല മധ്രോം ചെറിയ പുളീം ഒക്കെയായിട്ട് നല്ല ഒന്നാന്തരം അച്ചാറ്!
പക്ഷെ..! കാദര്‍ക്ക ഒരു കാര്യം കൂടിപ്പറഞ്ഞായിരുന്നു. എല്ലാടത്തും നോക്കീട്ടും കണ്ടില്ല. ബീമാനത്തില് കേറാനുള്ള മെയിന്‍ പൂതി അതായിരുന്നു. അതിപ്പോ നിങ്ങളോട് പറയല്‍ മോശാല്ലേ?
"ഹ! എന്നാലും പറട മീതീന്‍ കുഞ്ഞേ..!"
ഛേയ്..വേണ്ടാ...അത് ഞാന്‍ പറയൂല്ല..!
"ഹ പറയട..പ്ലീസ്..!"
ഹും..പറയാം...! കാദര്‍ക്ക പറഞ്ഞായിരുന്നു...കൊറേ നല്ല കലക്കന്‍ 'ഏര് ഗോസ്റ്റുമാര്' ഇങ്ങനെ നമ്മടടുത്തൊക്കെ വന്ന്, സാറേന്നൊക്കെ വിളിച്ച്, നമ്മളെ മുട്ടിയുരുമ്മി സുഖിപ്പിച്ച്.....!"
പക്ഷെ ഒരൊറ്റ എണ്ണത്തിനെ പോലും ആ ബീമാനത്തില് ഞാന്‍ കണ്ടീല്ല. ബെറ്തെ മന്‍ഷ്യനെപ്പറ്റിക്കാന്‍..!
"ഡാ...ഡാ...മീതീന്‍കുഞ്ഞേ..! ഇരുന്ന് വെറുതെ വെടിപറയാതെ വന്ന് ഈ മീന്‍ നന്നാക്ക്യേ...!"റൂമിലെ ചീഫ് കുക്ക് കല്ലായിക്കാരന് മക്കാര്‍ വിളിച്ച് പറഞ്ഞു..!
"മക്കാരേ..മോനേ..ആളെ നോക്കി ബര്‍ത്താനം പറഞ്ഞില്ലെങ്കി മോന്തപിടിച്ച് ഞാന്‍ ഒരയ്ക്കും...ഞാനേ ബീമാനത്തില് വന്നതാ..!", മീതീന്‍കുഞ്ഞ് എന്ന 'മീന്‍കുഞ്ഞ്' മീന്‍ നന്നാക്കാനുള്ള കത്തിയെടുത്തു.
Thursday, April 10, 2008
അതേ ആശ പറക്കുകയാണ്
ഈ രണ്ടു പെണ്ണുങ്ങളില്‍ ഒന്നാമത്തേത് എന്റെ ജീവിത മഹാരാജ്യത്തെ പ്രഥമ വനിതയായ ശ്രീമതി എന്റെ ശ്രീമതിയാണ്. ഞാനെഴുതുന്നതൊന്നും അവള് ഇതുവരെ തിരിഞ്ഞ് പോലും നോക്കിയിട്ടില്ലാത്തത്കൊണ്ടും, ഞാനീ പറയുന്നത് പത്ര പ്രസിദ്ധീകരണങ്ങളിലൊന്നും വരില്ല എന്ന് ഉറപ്പുള്ളത് കൊണ്ടും, അവള് ഇന്റര്‍നെറ്റിലൊന്നും അങ്ങനെ ഗൂഗ്ലി നടക്കാന്‍ സാധ്യത ഇല്ലാത്തത് കൊണ്ടും, ഇനി അല്പമൊക്കെ ഗൂഗ്ലീയാല്‍ തന്നെ 'ആലുവവാല' തൊടില്ല എന്ന് ശപഥം ചെയ്തിട്ടുള്ളതു കൊണ്ടും, മാത്രമാണ് ഇനിയുള്ള കാര്യങ്ങള്‍ ഞാന്‍ പറയുന്നത്!
കുറച്ച് കാലത്തെ ഭര്‍തൃസഹിത സൗദീ ജീവിതത്തിനു ശേഷം ചില സാങ്കേതിക കാരണങ്ങളാല്‍ ഭര്‍തൃരഹിത നാട്ടില്‍ ജീവിതത്തിന്റെ വിരസതയില്‍ എത്തിപ്പെടുകയും അതില്‍ നിന്നും രക്ഷപ്പെടാന്‍ മാര്‍ഗ്ഗം നോക്കി പ്രിയപ്പെട്ടവള്‍ നടക്കുകയും ചെയ്ത ഏതാണ്ട് രണ്ടു മാസം മുന്‍പുള്ള കാലം. വെബ് ഡെവെലപ്മെന്റോ, ഫാഷന്‍ ഡിസൈനിംഗോ പോലെ വെറൈറ്റിയുള്ള ഏതെങ്കിലും ലളിത കലാ കോഴ്സിനു പോകാന്‍ കക്ഷി തന്ത്രപരമായി നീക്കിയ കരുക്കള്‍ കയ്യില്‍ നിന്നു വഴുതി ചെന്നു വീണത് ബി.എഡ്ഡ് കൊടുമുടിയുടെ ചോട്ടില്. ഞാനടക്കം, പലരുടെയും താല്പര്യങ്ങള് അവള് അംഗീകരിക്കുകയായിരുന്നു. പഠിപ്പിനേക്കാള്‍ പണിയെടുപ്പിന് പ്രാധാന്യമുള്ള ആ ഭീകര മലമ്പാതയില്‍ അവള് നിന്നു വിയര്‍ത്തു. എഴുതിയെഴുതി എന്റെ പ്രിയപ്പെട്ട വലംകയ്യുടെ വലംകൈ തളര്‍ന്നു. എഴുത്ത് ഭാരം കൂടി നല്ലപാതി മോശംപാതിയായിത്തുടങ്ങിയപ്പോള്‍, കണ്ണിനു കണ്ണ് ചോരക്കു ചോര എന്ന മുദ്രാവാക്യത്തോട് എനിക്കത്ര താല്പര്യം ഇല്ലെങ്കിലും, മോശത്തിനു മോശം എന്ന നിലപാടെടുക്കാന്‍ യാതൊരു മടിയും ഉണ്ടായില്ല.
എങ്കിലും, ഞാനുറങ്ങുമ്പോള്‍ അവള് എഴുതുകയും, ഞാന്‍ കോഴിക്കാല് കടിച്ച് വലിക്കുമ്പോല്‍ അവള് ആധിപിടിച്ച് വലയുകയുമാണല്ലോ എന്ന ചിന്ത നിരന്തരം എന്റെ കൂമ്പിനിട്ടിടിച്ചപ്പോള്‍ ' നിന്റിഷ്ടം പോലെ ചെയ്തോ' എന്ന മൂന്നു വാക്കുകള്‍ കൊണ്ട്, തിരുമാനം എടുക്കുക എന്ന ഭാരം ഞാന്‍ മെല്ലെ ഇറക്കി വച്ചു. എങ്കിലും അങ്ങനെഅങ്ങ് ഇഷ്ടം പോലെ ചെയ്യുമോ? ഇല്ലില്ല. ജീവിതത്തില്‍ ഏതൊരാള്‍ക്കും ബി.എഡ് പഠിക്കാന്‍ ഒരേ ഒരു ചാന്‍സേ കിട്ടൂ. അതവള് മൊതലാക്കുക തന്നെ ചെയ്യും. ജീവിക്കാന്‍ ബി.എഡിന്റെ യാതൊരാവശ്യവും ഇല്ലെങ്കിലും ജീവിതത്തില്‍ ബി.എഡിന്റെ സഹായം എപ്പോഴെങ്കിലും ഒന്ന് കിട്ടാതിരിക്കില്ലല്ലോ?മക്കളെ പഠിപ്പിക്കാനെങ്കിലും! ഇങ്ങനെയൊക്കെയാണെങ്കിലും, അവള് അതു പഠിച്ചില്ല എന്നോര്‍ത്ത് എനിക്ക് യാതൊരു പ്രശ്നവുമില്ല കെട്ടോ. അവള്ടെ ഇഷ്ടം പോലെ ചെയ്യട്ടെ, കുറേ എഴുതാനും വരക്കാനും ഒക്കെയുണ്ടാകും. പറ്റില്ലെങ്കില്‍ നിര്‍ത്തിക്കോട്ടെ!
പ്രതീക്ഷിച്ചപോലെ അവള് ഇഷ്ടം പോലെ ചെയ്തു. ഇന്ന് ഞാനുണര്‍ന്ന ഉടന്‍ ഫോണ്‍, "ഇക്കാക്കാ പറ്റൂല്ലാ, എന്തോരാ എഴ്താന്‍, ഇന്നലെ ഒറങ്ങീല്ല" എന്ന് അവള് പറഞ്ഞപ്പോള്‍ ഞാന്‍ വിമ്മിഷ്ടനാകുകയും, അതിനു വേണ്ടി ഓടിനടന്ന എന്റെ വാപ്പാടേം സീറ്റൊപ്പിച്ച മാമാടേം അനുവാദത്തോടെ ബി.എഡ് നിര്‍ത്തലാക്കുകയും ചെയ്തു. ഇപ്പോള്‍ എനിക്ക് ദു:ഖമൊന്നുമില്ല. അവള്‍ക്കും സന്തോഷമായി.
പിന്നെ, എന്താണ് പ്രശ്നം? ആദ്യം പറഞ്ഞ കരിങ്കല്ലു പോലത്തെ വല്ലായ്മക്കു എന്താണ് കാരണം?
അടുത്ത ഫോണ്‍ കോള്‍..! നാട്ടില്‍ നിന്നു തന്നെയാണ്. അങ്ങേ തലക്കല്‍ ഒരു സ്ത്രീ ശബ്ദം! പരിചയം തോന്നുന്നില്ല.
"ആരാ..?"
"ഡാ..നിനക്ക് എന്നെ ഓര്‍മ്മയുണ്ടാവില്ല?"
"ഇല്ലാ. . .!"
"ഞാന്‍...ആശയാ, പി.ആശ, സ്കൂളില്‍.. ഓര്‍ക്കുന്നില്ലേ..?"
"ആശയോ..? പ..ശ..യാണോ?
"ഓഓ..യെസ് യെസ്.. അപ്പോ മറന്നിട്ടില്ല...അല്ലേ..കൊല്ലം പത്ത് പതിനഞ്ജായി?"
"ഇല്ല.. അങ്ങനെ മറക്ക്വോ? എന്റെ നമ്പര്‍ എവിടുന്നു കിട്ടി? എന്തേ വിളിച്ചു?"
"നമ്മട ക്ലാസിലെ തമ്പിയെ കണ്ടീരുന്നു. അവനാ പറഞ്ഞേ നീ സൗദിയില്‍ ആണെന്ന്. നമ്പരും തന്നു. അതേ.. എനിക്ക് സൗദിയില്‍ ജിദ്ദേല് ഒരു ഹോസ്പിറ്റലില്‍ സെലക്ഷനായി? ആ ഹോസ്പിറ്റലിനെപ്പറ്റി ഒന്നന്വോക്ഷിക്ക്വോ? വേറെ ആരും സൗദിയില്‍ എനിക്കില്ല".
"നീ നഴ്സാണോ? കല്യാണം കഴിഞ്ഞത് ഞാന്‍ അറിഞ്ഞിരുന്നു. ഭര്‍ത്താവ് എന്തു ചെയ്യുന്നു?"
"ഇവിടേണ്ട്...!പിന്നെ ആ ഹോസ്പിറ്റലിനെ പറ്റി ഒന്നന്വോഷിക്കണേ? അതേ, ഫോണില്‍ പൈസേല്ല..ഞാന്‍ വക്കട്ടെ, പിന്നെ വിളിക്കാം"
ഇത് രണ്ടാമത്തെ പെണ്ണ്. ഞങ്ങള്‍ പശ എന്ന് വിളിച്ചിരിന്നു പി.ആശ,. എന്തു പറയുമ്പോഴും 'അതേ' എന്നു ചേര്‍ക്കുന്നത് കൊണ്ട് അവള്‍ക്ക് 'അതേ ആശ' എന്നും പേരുണ്ടായിരുന്നു. എന്റെ പഴയ നല്ല കൂട്ടുകാരി. എന്നെ ആത്മാര്തമായി എടാ എന്ന് വിളിച്ചിരുന്ന നല്ല കണ്ണുള്ള നനഞ്ഞ മുടിയുള്ള നന്നായി പഠിക്കുന്ന ഒതുക്കമുള്ള പെണ്‍കുട്ടി. അവള് അച്ഛന്റെ കാറിലായിരുന്നു സ്കൂളില്‍ വന്നിരുന്നത്. ട്യൂഷനും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ഏറ്റവും നന്നായി ജീവിക്കുന്നുണ്ടാകും എന്ന് ഞങ്ങളൊക്കെ അവളെക്കുറിച്ചോര്‍ക്കാറുണ്ട്.
മനസ്സില്‍ അവളുടെ പഴയ ചിത്രങ്ങള്‍ അതിവേഗം മിന്നിമറഞ്ഞു.
എന്നെ ഇപ്പോള്‍ വിളിച്ച് ഒരാവശ്യം ഉന്നയിക്കാന്‍ മാത്രമുള്ള ഒരടുപ്പവും പത്തുവര്‍ഷങ്ങളായി ഞങ്ങള്‍ക്കിടയില്ല. എന്നിട്ടും അവള് വിളീച്ചു. അവള് പറഞ്ഞ പോലെ സൗദിയില്‍ വേറെ ആരും ഉണ്ടാകില്ലായിരിക്കും. അങ്ങനെ സൗദിയില്‍ കഷ്ടപ്പെട്ട് പണിയെടുത്ത് ജീവിക്കാന്‍ മാത്രമുള്ള അവസ്ഥ അവളുടെ കുടുംബത്തില്‍ ആര്‍ക്കുമില്ല!. എന്നിട്ടെന്തേ ഇവള്?
അവള് വിളിച്ച നമ്പറിലേക്ക് ഞാന്‍ തിരിച്ചു വിളിച്ചു. അവള് തന്നെയാണ് ഫോണ്‍ എടുത്തത്.
"ആശ, നീ എന്താ ഇപ്പോള്‍ സൗദിയിലേക്ക്..?"
"ഞാന്‍ എറണാകുളത്ത് ലിസിയിലായിരുന്നു. ഇങ്ങനെ സെലക്ഷന് കിട്ടിയപ്പോ പോകാമെന്നു വച്ചു"
"ഹസ്ബന്റ് എന്തു ചെയ്യുന്നു?"
"ചേട്ടന് സുഖോല്ല, പണിയെടുക്കാന്‍ വയ്യ"
"കുട്ടികള്‍?"
"ഒരു പെണ്‍കുട്ടി, കഴിഞ്ഞ കൊല്ലം നഴ്സറീ ചേര്‍ത്തു".
"ഞാന്‍ ഹോസ്പിറ്റലിനെപ്പറ്റി ഒന്നന്വോഷിക്കട്ടെ. വിളിക്കാം"
എന്റെ ചിന്ത കിടന്നു പിടച്ചു. ആശയുടെ തീരുമാനം എന്നെ വല്ലാതെ ചിന്തിപ്പിക്കുന്നു. എന്റെ പ്രിയതമയുടെ ബി.എഡ് തീരുമാനവുമായി ഞാന്‍ അതിനെ തുലനം ചെയ്തു. രണ്ടു പേരും പെണ്ണുങ്ങള്. ഭര്‍തൃമതികള്‍. ഒരാള്‍ ബി.എഡ് എന്ന വളരെ ചെറിയ ഒരു ദൂരം താണ്ടാനാകാതെ തോറ്റു പിന്മാറുന്നു. ആശ ജീവിതം എന്ന അതിദൂരം നടന്നു തീര്‍ക്കാന്‍ കുടുംബത്തെയും പൊന്നു മോളെയും വിട്ട് വിദൂരത്തിലേക്ക് പറക്കാന്‍ തുടങ്ങുന്നു. ആശയുടെ ഫോണ്‍ വിളിക്കു ശേഷമാണ് എന്റെ ഭാര്യയുടെ ഫോണ്‍ വന്നിരുന്നതെങ്കില്‍ ഒരു പക്ഷെ ബി.എഡ് നിര്‍ത്താന്‍ ഞാന്‍ സമ്മതിക്കില്ലായിരുന്നു. ഇവരുടെ തീരുമാനങ്ങള്‍ക്കിടയില്‍ ഇത്ര വലിയ ഒരന്തരം വരാന്‍ എന്താണ് കാരണം?
നിങ്ങള്‍ക്ക് പല ഉത്തരങ്ങളും കിട്ടുമായിരിക്കും. ഞാന്‍ ആലോചിച്ചിട്ട് എനിക്ക് ഒരുത്തരമേ കിട്ടിയുള്ളൂ. അവസ്ഥ! അത് അത്ര വലിയ ഉത്തരമൊന്നുമല്ലെങ്കിലും ആ ഉത്തരമാണ് എനിക്ക് 'വല്ലായ്മ' സമ്മാനിച്ചത്. എല്ലാരും ഉണ്ട് എന്ന ശക്തിയുടെ അവസ്ഥയാണ് എന്റെ പ്രിയതമയെ കേവലം ഒരു ബി.എഡ് നു മുന്നില്‍ തോല്പിച്ചത് . ആരും ഇല്ല എന്ന നി:സ്സഹായതയുടെയും, ദൗര്‍ബല്യത്തിന്റെയും അവസ്ഥയാണ് ജീവിതം എത്തിപ്പിടിക്കാനുള്ള ബലം ആശക്ക് നല്കിയതും.
ഞാന്‍ ഇതെഴുതുന്ന നിമിഷം എനിക്കും നിങ്ങള്‍ക്കും ഒക്കെ മുകളിലൂടെ അതേ ആശ പറക്കുകയാണ്, രോഗിയായ ഭര്‍ത്താവിനെ വിട്ട്, പൊന്നുമോളെയും വിട്ട്; ഈ ലോകത്തെ മുഴുവന്‍ ശുശ്രൂഷിക്കാന്‍!
Thursday, March 27, 2008
'മലയാളം ന്യൂസിനു പറ്റിയ പറ്റേ..!'
ദിവസങ്ങള്‍ അങ്ങനെ കടന്നു പോയി. മാര്‍ച്ച് 20 വ്യാഴാഴ്ച രാവിലെ, ഗ്ലാമര്‍ കൂട്ടാന്‍ അരലിറ്റര്‍ പാലുവാങ്ങിക്കുടിക്കാം എന്നു കരുതി അടുത്തുള്ള അനിലേട്ടന്റെ സൂപ്പര്മാര്ക്കറ്റിലേക്കിറങ്ങി.മലയാളം ന്യൂസ് വന്നിട്ടേയുള്ളു. ആളുകള്‍ ഓസിനു വായിക്കാതിരിക്കാന്‍ അനിലേട്ടന് പേപ്പറിലെല്ലാം സ്റ്റാപ്ലര്‍ അടിക്കുകയാണ്.
മൂപ്പരുടെ കണ്ണ് വെട്ടിച്ച് ഒരുപേപ്പര്‍ കയ്യിലാക്കി, ഒരു പാക്കറ്റ് പാലും എടുത്ത് കുറേശ്ശെ കുടിച്ചുകൊണ്ട് ഒരു തൂണിന്റെ പിന്നില്‍ മറഞ്ഞിരുന്ന് ഞാന്‍ അതൊന്നു മറിച്ച് നോക്കി. അതിന്റെ പതിനൊന്നാം പേജില്‍ സര്ഗവീധിയില് ഒരു കരയുന്ന കണ്ണിനോട് ചേര്‍ന്ന് അതാ ആ മണ്ടത്തരം അച്ചടിച്ച് അങ്ങനെ കിടക്കുന്നു. അമ്പരക്കണോ, വായിലുള്ള പാലിറക്കണോ എന്ന വല്ലാത്തൊരു കണ്‍ഫ്യൂഷനിലായിപ്പോയി ഞാന്‍..!
"ചേട്ടാ; ഇതാ പാലിന്റെ പൈസ! പേപ്പറിന്റേം എടുത്തോ..".
"ഹോ! നീ പേപ്പറ് വാങ്ങേ..!? ഇന്ന് ചത്ത കാക്ക മലന്നു പറക്കും".
"ശരിയാ, എനിക്കും തോന്നണ്ണ്ട്".
തലക്കടിയേറ്റ് കിറുങ്ങിയ പോലെ റൂമലേക്ക് തിരികെ നടക്കുമ്പോള്‍ ഉള്ളില്‍ എനിക്ക് ചിരിയായിരുന്നു. 'മലയാളം ന്യൂസിനു പറ്റിയ പറ്റേ..!'
മലയാളം ന്യൂസിനു പറ്റിയ ആ മണ്ടത്തരം ഇതിന്റെ തൊട്ടു താഴെ നിങ്ങള്‍ക്ക് കാണാം..!
പിന്നെ, ഞാന്‍ ഇങ്ങനെയൊക്കെ പറഞ്ഞൂന്ന് ആരും മലയാളം ന്യൂസിനോട് പറഞ്ഞേക്കല്ലേ..! പിന്നെ നമ്മളെന്തെങ്കിലും ഇമെയിലില്‍ അയച്ചുകൊടുത്താ പ്രിന്റൗട്ടെടുത്ത് പിച്ചിക്കീറി കലിതീര്‍ത്ത് കളയും പഹയന്...!

Tuesday, March 25, 2008
സില്മേലെ മമ്മുട്ട്യാക്കാന്റെ ഡയ്ലോക്കാ..!
ക്ലാസ് ടെസ്റ്റ് നടത്താനല്ലാതെ അദ്ദേഹം പേപ്പറും കൊണ്ട് വരാറില്ല. ഒന്നും പറഞ്ഞിരുന്നില്ലല്ലോ എന്ന് കുട്ടികളെല്ലാം അമ്പരന്നിരിക്കുമ്പോള്‍ മാഷ് ക്ലാസ് ലീഡറായ അലിക്കുഞ്ഞിനെ പേപ്പറുകള്‍ ഏല്പിച്ച് എല്ലാവര്ക്കും കൊടുക്കാന്‍ പറഞ്ഞു. മുന്പില് നിന്ന് പേപ്പര്‍ കൊടുത്ത് തുടങ്ങിതും കിട്ടിയവര്‍ കിട്ടിയവര്‍ ചിരി തുടങ്ങി. വിവരമറിയാന്‍ ഏന്തിവലിഞ്ഞു നോക്കിയപ്പോള്‍ അതൊരു പടമാണെന്നു എനിക്കു മനസ്സിലായി.
ബാലരമയിലെ 'സൂത്രന്'ല്‍ നിന്ന് വെട്ടിയെടുത്ത, രണ്ട് എലികളും ഒരു ദേഷ്യം പിടിച്ച പൂച്ച സന്യാസിയും മുഖാമുഖം നില്ക്കുന്ന ചിത്രമായിരുന്ന് അത്. അതിന്റെ മുപ്പത്താറ് ഫോട്ടോക്കോപ്പികളാണ് മുപ്പത്താറ് പിള്ളേര്‍ക്കും വിതരണം ചെയ്തത്. ഇപ്പോള്‍ കുട്ടികള്‍ക്കെല്ലാം ഒരു പ്രത്യേക മുഖഭാവമാണ്. ടി.വി യില്‍ ജുറാസിക് പാര്‍ക്ക് കണ്ടപ്പോള്‍ പാത്തുത്താക്കും ഇതേ മുഖഭാവമായിരുന്നു. കുട്ടികള്‍ എല്ലാവരും അന്തം വിട്ടിട്ടുണ്ട് എന്നു മനസ്സിലാക്കിയ മാഷ് പറഞ്ഞു.

"ഇനി എല്ലോരും ഈ ചിത്രത്തിന് അടിക്കുറിപ്പെഴുതണം! നല്ല നാടന്‍ ഭാഷേല് തന്നെ എഴുത്യാലേ സമ്മാനോള്ളൂട്ടോ..".
ഹൊ! പരീക്ഷ ഒഴിവായിക്കിട്ടിയല്ലോ എന്ന് സന്തോഷിച്ച് ഞാന്‍ ഒന്ന് മൂരിനിവര്‍ത്തിയതും, മാഷ് എന്നെ നോക്കി ഒരു ഡോസ്, "ഡോ..പീതാംബരന് (പേരു മറന്നാല്‍ മാഷ് ആരെയും ഏതു പേരും വിളിക്കും) ഇതെങ്കിലും സ്വന്തമായിട്ടെഴുതണോട്ടോ..!".
അടുത്തുള്ള ബോര്‍ഡിംഗില്‍ താമസിച്ച് പഠിക്കുന്ന മലപ്പുറം കാരായ കുട്ടികളാണ് ക്ലാസ്സില്‍ മികച്ചു നിന്നിരുന്നത്. അവരെല്ലാം അനുവദിച്ചിരുന്ന അഞ്ചു മിനിട്ട് കൊണ്ട് അടിക്കുറിപ്പെഴുതി മാഷിനെ ഏല്പിച്ചു. ആറാം മിനുട്ടില്‍ വെപ്രാളത്തില്‍ എന്തൊക്കെയോ എഴുതി മുപ്പത്താറാമനായി ഞാനും സംഗതി സമര്‍പ്പിച്ചു! മാഷ് ഓരോന്നായി വായിക്കാന്‍ തുടങ്ങി.
ഉമ്മര്‍. എം.എം: "സാമീ..ങ്ങള് ഒരു ബരം (വരം) തര്വോ? പപ്പാതി പവുത്ത് ഞങ്ങളെടുത്തോളാം."
ഹലീമ. കെ.പി: " ഈ ബനത്തില് കുത്തിരിക്കാണ്ട് ബരീ, നല്ല കോയി ബിര്യാണി തരാന്ന്.."
മലപ്പുറത്തിന്റെ വാഗ്ദാനങ്ങളൂടെ സാഹിത്യം.
സുരേഷ് കുട്ടന്: " ഞങ്ങ കല്യാണം വിളിക്കാന്‍ വന്നേണ്..സാമി വന്നം...ഇത്തിര്‍ക്കോളം അനുഗ്രഹം തന്നം, തന്നാ തനിക്ക് കൊള്ളാം, ഇല്ലെങ്കി പോയി പണിനോക്കടപ്പാ..".
കൊച്ചിക്കാരന്റെ ശുദ്ധ മലയാളം!
നിയാസ് മൊയ്തു: " ചോര്‍ന്നാര്‍ന്നോ..? മ്മള് പട്ടിണ്യാ സാമീ.. ബാ..മ്പ്ക്ക് പാ... വല്ലോം ഞണ്ണാം"
പെരുമ്പാവൂര്‍ക്കാരന്റെ അടിക്കുറിപ്പ്, വല്ലതും മനസ്സിലായോ? ഇല്ലല്ലോ? ഞങ്ങള്‍ക്കും ഒന്നും മനസ്സിലായില്ല..നിയാസിനോട് വിശദീകരണം ചോദിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്.
" ചോറ് തിന്നായിരുന്നോ? ഞാന്‍ പട്ടിണിയാ സാമിയേ..വാ..നമുക്ക് പോവാം..വല്ലതും കഴിക്കാം".
ഇതൊക്കെ കേട്ട് അന്തം വിട്ടിരുന്ന ഞാന്‍ കരുതി, ഫസ്റ്റ് എനിക്കു തന്നെ.
മുന്‍പ് പറഞ്ഞവരെല്ലാം എലികള്‍ പൂച്ചയോട് പറയുന്നതായിട്ടാണ് എഴുതിയത്. പക്ഷെ നേരെ തിരിച്ചാണ് എന്റെ മഹാ ഭാവന ഉണര്‍ന്നത്! മാഷ് വായന തുടര്‍ന്നു;
നിഷാദ് അഹ്മദ്(ഞാന്‍): " ബിരിയാണിയില്‍ പിരിയാണീ കടിച്ചവന് ചന്തു. കൊല്ലന് മാറ്റാന്‍ ചുരിക കൊടുത്തവന് ചന്തു, ചന്തൂനെ തോപ്പിക്കാനാവില്ല മക്കളേ..!"
മാഷ് അത്ഭുതത്തോടെ എന്നെ നോക്കി. ഞാന്‍ അഭിമാനത്തോടെ ചുറ്റും നോക്കി. കുട്ടികള്‍ വളീച്ച മുഖത്തോടെ എന്നെ നോക്കി.
"ആരാഡോ ഈ ചന്തു? കൊല്ലന് എന്തു മാറ്റാന്‍ കൊടുത്തുവെന്ന്? " മാഷിന്റെ ചോദ്യം..! "
അത് സില്മേലെ മമ്മുട്ട്യാക്കാന്റെ ഡയ്ലോക്കാ മാഷേ..അവന് കോപ്പിയടിച്ചതാ.." അസൂയമൂത്ത മലപ്പുറം കാരന് ഉമ്മറിന്റെ വക.
അത് കേട്ടതോടെ മാഷിന്റെ ചിരി, കുട്ടികള്ടെ ചിരി, കൂട്ടച്ചിരി. അങ്ങനെ, അപമാനിതനായി ഞാന്‍ നില്ക്കവേ, എനിക്കു പാരവച്ച ഉമ്മറിന് തന്നെ മാഷ് ഒന്നാം സമ്മാനമായ ഹീറോ പേന കൊടുത്തു.
അതില്‍ പിന്നെ എന്റെ പേര് വിളിക്കാന്‍ മാഷിന് കണ്ഫ്യൂഷന് ഉണ്ടായിട്ടേയില്ല. കാണുമ്പോഴൊക്കെ അദ്ദേഹം നീട്ടി വിളിക്കും.."ഡോ..ചന്തൂ...!"
രണ്ട് വര്‍ഷം മുന്‍പ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വച്ച് ഉമ്മറിനെ കാണുന്നത് വരെ പത്രങ്ങളിലും മറ്റും വരുന്ന ഓരോ അടിക്കുറിപ്പുകള്‍ വായിക്കുമ്പോഴും, ആ സംഭവവും അവനും എന്റെ പല്ലുകള്‍ക്കിടയില്‍ ഞെരിഞ്ഞമരുമായിരുന്നു.
ഏതായാലും, എനിക്ക് മലയാളത്തെ സ്നേഹിക്കാനും മലയാളത്തില്‍ എഴുതുന്നവരെ സ്നേഹിക്കാനും, കുറച്ചെന്തെങ്കിലും കുത്തിക്കുറിക്കാനും പ്രേരിപ്പിച്ചവരില്‍ ഏറ്റവും മുന്നിലെ നിരയില്‍ എന്റെ പിതാവിനോടൊപ്പം നീലേശ്വരം രാമന്‍കുഞ്ഞി എന്ന എന്റെ രാമന്‍മാഷിന് സ്ഥാനമുണ്ട്; അതില്പിന്നെ മാഷിനെ ഞാന്‍ കണ്ടിട്ടില്ലെങ്കിലും! മാഷ് എന്നെ ഓര്‍ക്കുന്നുണ്ടാകില്ലെങ്കിലും..!
Friday, March 21, 2008
ഉത്തരം പറയാമോ?
പിന്നെ, പാല് ഇഷ്ടമല്ലാത്തതിനാല്‍, കരഞ്ഞാല്‍ പാല് കുടിക്കേണ്ടീ വരുമോ എന്ന ഭയം കൊണ്ടാകുമോ? ഏയ്, അങ്ങനെ ഭയക്കാന്‍ മാത്രം മണിമാളികയിലൊന്നുമായിരുന്നില്ലല്ലോ അവന്റെ പിറവി! പിന്നെ എന്തുകൊണ്ടവന് കരച്ചില് നിര്‍ത്തി?
ഞാന്‍ പറയാം കാരണം. പുച്ഛം! ആ പഴഞ്ചൊല്ലിനോടുള്ള പുച്ഛം! പഴഞ്ചൊല്ലില്‍ പതിരില്ല എന്ന ചൊല്ലിനോടുള്ള പുച്ഛം! വരണ്ട നാവിന്റെ പ്രതിഷേധം! അവന്റെ ചോദ്യം ഇതായിരുന്നു;
"മഹാന്മാരേ! കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്നു നിങ്ങള്‍ നാഴികക്കു നാല്പതുവട്ടം പറയുന്നുണ്ടല്ലോ? പൊട്ടിക്കരഞ്ഞു പിറന്നിട്ടും, പിറന്നതുമുതല്‍ ഇത്രകാലം നിര്‍ത്താതെ കരഞ്ഞിട്ടും ഒന്നു നുണയാന്‍ പോലും ഒരു തുള്ളി പാല് എനിക്കെന്തേ ഇറ്റി വീണുകിട്ടിയില്ല!?"
പട്ടിവളര്ത്തുന്ന അമ്മമാരേ! കള്ളുകുടിക്കുന്ന അച്ഛന്മാരേ! ഉത്തരം പറയാമോ?
Thursday, March 13, 2008
ചെത്താന്‍ പെട്ട പാട്..!
ഈ മോന്തയും കൊണ്ടാണ്, മൂത്താപ്പ മുതല്‍ കൊച്ചാപ്പമാര്‍ വരെ കൊതറി നടന്ന് വല്ലിപ്പാപരുവമായ രാജ്ദൂത് മോട്ടോര്‍സൈക്കിളില്‍, 'ചെത്തല്‍' തന്നെ മുഖ്യവിഷയമായെടുത്ത് ഞാന്‍ മാറമ്പള്ളി എം.ഇ.എസ് കോളേജില്‍ ചെന്നു കേറിയത്. "വാഹനം എന്നാല്‍ യാത്ര ചെയ്യാനുള്ള ഉപകരണമാണ്, ഇതു മതി" എന്നാണ് പുതിയ സുസുക്കി ഷോഗണു വേണ്ടിയുള്ള എന്റെ ആപ്ലിക്കേഷന്‍ റിജക്റ്റ് ചെയ്ത്കൊണ്ട് വാപ്പ പറഞ്ഞത്. ഏതായാലും കിട്ടിയതായി. പക്ഷെ റാഗിംഗിനു വേണ്ടി അവിടുത്തെ മുതുക്കന്മാര് പിടികൂടി തവളച്ചാട്ടം ചാടിച്ചതും 'ജെയിംസ് ബോണ്ട്' എന്ന പേരുവീണതുമല്ലാതെ ഉദ്ദേശിച്ച ഒരു ഗുണവും രാജ്ദൂതും ഈ മോന്തയും എനിക്ക് തന്നില്ല. ചെത്തല്‍ മെയിനായിട്ടെടുത്ത ഒരു അഞ്ചുപത്ത് പേരല്ലാതെ('ഇവനൊക്കെ എന്തു ചെത്താനാ?' എന്നു ഞാന്‍ പോലും അവന്മാരെകുറിച്ച് ചിന്തിച്ചിരുന്നു!) വേറെ ഒരുത്തനും എന്നെ തിരിഞ്ഞുപോലും നോക്കിയില്ല. പിന്നെ കുറേ തരുണീമണികള്‍ തിരിഞ്ഞു നോക്കിയിരുന്നു കെട്ടോ; കാന്റീന്റെ സൈഡിലൂടെ അവറ്റകള് വരുമ്പോള്‍ മുന്നില്‍ ചെന്ന്നിന്ന് 'ഹായ്, എന്താപേര്?' എന്ന് ചോദിക്കുമ്പോഴേക്കും അവര്‍ തിരിഞ്ഞു നോക്കിയിരുന്നു, കക്കൂസിന്റെ നേര്‍ക്ക്. പിന്നെ ഒറ്റപ്പോക്കും! അതെന്താ? എന്നേക്കാള്‍ ഭേദം കക്കൂസാണോ ആവോ?
അങ്ങനെ, എങ്ങനെ ശ്രദ്ധിക്കപ്പെടണം എന്ന ചിന്തയും പേറി ഒരു കൊല്ലം കഴിഞ്ഞു. പുതിയ വര്‍ഷം ആദ്യത്തില്‍ തന്നെ കോളേജ് ഇലക്ഷന് പ്രഖ്യാപിച്ചു. രാഷ്ട്രീയം ഇല്ലാത്ത തിരഞ്ഞെടുപ്പ്. രാഷ്ട്രീയം അനുവദിച്ചാല്‍, അലവലാദികള് അലമ്പും അറാമ്പറപ്പും അച്ചാറിട്ട് വില്‍ക്കും അത്രെ!
ഇതു തന്നെ അവസരം; ശ്രദ്ധിക്കപ്പെട്ടിട്ടുതന്നെ ബാക്കിക്കാര്യം. അങ്ങനെ, പൊറോട്ടയും ഹാഫ് ബീഫും വാങ്ങിക്കൊടുത്ത്, കൂട്ടുകാരായ ഷിജുവിന്റേം റാഫിയുടേം മറ്റും മസിലുകാണിക്കാണുള്ള അവകാശവും അതുവഴി 'സാര്‍ക്ക്' എന്ന പാര്‍ട്ടിയുടെ ഒരു സീറ്റും ഒപ്പിച്ചെടുത്തു. ഏതാ സീറ്റ് എന്നല്ലേ? നല്ല സിംഹാസനം പോലത്തെ ആര്‍ട്സ്ക്ലബ് സെക്രട്ടറി സീറ്റ്. പക്ഷെ കിട്ടിക്കഴിഞ്ഞപ്പഴല്ലേ, വായില്‍ സിഗരറ്റുപുകയിരിക്കുമ്പോ വാപ്പ വന്ന അവസ്ഥയായി, ഊതാനും വയ്യ, ഊതാണ്ടിരിക്കാനും വയ്യ. സംഗതി ആര്‍ട്സ് അല്ലേ? കണ്ട അണ്ടത്തീം അടകോടത്തീം വരെ വിളിച്ച് നിര്‍ത്തി പാട്ടു പാടാനും, ഡാന്‍സ് കളിക്കാനും ആജ്ഞാപിച്ചുതുടങ്ങി. നമുക്കുണ്ടോ ഇതു വല്ലതും വഴങ്ങുന്നു? പതുക്കെ മുങ്ങിയാലോ എന്ന് വരെ തോന്നിപ്പോയി. മറുവശത്ത് എതിരാളിയാണെങ്കില്‍ 'യു.എസ്.എ' എന്ന പാര്‍ട്ടിയുടെ വക ഒരു ബ്രേക്ക് ഡാന്‍സര്‍! കൂടാതെ ഇംഗ്ലീഷില്‍ പാട്ടും പാടും!
എന്താപ്പോ ചെയ്യ? ചെറുപ്പത്തില്‍ വൈലോപ്പിള്ളിയുടെ 'മാമ്പഴം' ചൊല്ലി ഒന്നാം സമ്മാനം കിട്ടിയതിന്റെ ബലത്തില്‍ മധുസൂധനന് നായരുടെ 'അഗസ്ത്യ് ഹൃദയ'ത്തിലെ ആദ്യ ഭാഗം ('നാറാണത്ത് ഭ്രാന്തന്' ഹൈപിച്ചാ..! പിടിച്ചാകിട്ടൂല്ല) പഠിച്ച് കുട്ടികള്‍ക്കു മുന്നില്‍ ഒരുവിധം ചൊല്ലി ഒപ്പിച്ചു. പിന്നെ കാണാതെ പഠിച്ച രണ്ടു പ്രസംഗങ്ങള്‍ ക്ലാസ്സുകളില്‍ ('എന്റെ മാത്രം' ശൈലിയില്‍) മാറി മാറി കാച്ചുകയും ചെയ്തതോടെ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. പിന്നെ, ഒന്നു ഹിറ്റാകണം എന്നു തോന്നിയപ്പോള്‍ കോളേജിലെ പ്രശസ്ത മിമിക്രിക്കാരനായ ശ്രീകുമാറിനെ ചാക്കിട്ട് പിടിച്ച് അവതരണം ഒന്നിന് പത്തു രൂപ എന്ന തോതില്‍ എന്റെ പ്രസംഗം അനുകരിക്കാന്‍ സവിനയം ഏല്പിക്കുകയും ചെയ്തു.
ഒരിക്കള്‍ കാന്റീനിന്റെ 'ലേഡീസ്' ഏരിയയില്‍ മ്മക്ക് വേണ്ടപ്പെട്ട ഒരുകുട്ടി നില്‍ക്കുന്നത് കണ്ട ആവേശത്തില്‍, അവിടെപ്പോയി എന്നെ അവതരിപ്പിക്കന്‍ ഞാന്‍ ശ്രീകുമാറിനെ ശട്ടംകെട്ടി. അവന് അവള്‍ടേം കൂട്ടുകാരികള്‍ടേം മുന്നില്‍ എന്നെ അവതരിപ്പിക്കുന്നത് നിര്‍നിമേഷനായി ഞാന്‍ ഇപ്പുറത്ത് നിന്ന് കേട്ടു. 'ഞാന്‍ തന്നെ' എന്ന പോലുള്ള അവതരണം കഴിഞ്ഞിട്ട് പതിവു പോലെ അവന് എല്ലാരോടുമായി ചോദിച്ചു; 'ആരാണെന്ന് പറയാമോ?'. "ഞാന്‍ പറയാം" എന്ന് മ്മട കുട്ടി പറയണ കേട്ട് ഹര്‍ഷ പുളകിതനായി ഞാന്‍ നില്ക്കവേ അവള് ആളെ പറഞ്ഞു "സുകുമാര്‍ അഴീക്കോട്"!. എന്റമ്മേ..! അതോടെ ഞാനവിടന്ന് സ്കൂട്ടായി. അവള് പറഞ്ഞത് കറക്ടായിരുന്നു കെട്ടോ! അഴീക്കോടിനെ അറിയുന്നവര്‍ ആ കോളേജിലുണ്ടായിരുന്നു എന്ന് അപ്പോഴാണ് ഞാന്‍ അറിഞ്ഞത്.
അങ്ങനെയിരിക്കെ ഒരുദിവസം രാവിലെ, കോളേജിലെത്തിയ എന്റെ നെഞ്ച് തകരുന്ന കാഴ്ചയായിരുന്നു അത്. അന്നത്തെ മാതൃഭൂമി കോളേജിലാകെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. അതില്‍ നമ്മട ശത്രു ബ്രേക് ഡാന്‍സ് കളിക്കുന്ന കളര്‍ ചിത്രം; ആ വട്ടന്‍ ഏതോ ട്രൂപ്പിന്റെ പരിപാടിക്ക് തുള്ളിയതാണ്.
സകലതും പോയി. ആ കളര്‍ ചിത്രം ഈയുള്ളവന്റെ സ്വപ്നങ്ങളെ ബ്ലാക് & വൈറ്റ് ആക്കുകയും കുട്ടികളെല്ലാം ആ പഹയന്റെ പിന്നാലെ കൂടുകയും ചെയ്തെന്ന് ഇനീം ഞാന്‍ പറയണ്ടല്ലോ? പിന്നേം ചിന്തയായി. ഈ മോന്തയും പത്രത്തില്‍ ഒന്ന് വന്നില്ലെങ്കില്‍ സിംഹാസനത്തില്‍ അവന് കേറിയിരുന്ന് ബ്രേക്ക് ഡാന്‍സു കളിക്കുന്ന ദുരന്തകാഴ്ച ഞാന്‍ കാണേണ്ടീ വരും; പിന്നെ ഞാനും ബ്രേക്ക് ഡാന്‍സ് കളിക്കണ്ടീ വരും, അവന് കളിപ്പിക്കും..!
മസില് വാടകക്ക് തന്ന റാഫിയാണ് പറഞ്ഞത്, "നീ കക്ക്വോ, മോഷ്ടിക്ക്വോ ഒക്കെ ചെയ്താലും നിന്റെ ഈ മോന്ത പത്രക്കാര് ഇടൂന്ന് തൊന്നണില്ല. നീ ഒരു കവിത എഴുതി എല്ലാ പത്രങ്ങള്‍ക്കും അയച്ചു കൊട്ക്ക്, അതെങ്ങാനും അച്ചടിച്ച് വന്നാ നമ്മളിവിടെ പൊളിക്കും, നൂറ് കോപ്പി എന്റെ വക ഞാനിവിടെ വിതരണം ചെയ്യും'. വലിയൊരു ആവേശമായിപ്പോയി എനിക്ക്. അന്ന് തന്നെ "ശകുനമില്ലാത്തവന്‍ ഞാന്‍, മുജ്ജന്മ സുകൃതമില്ലാത്തവന്‍ ഞാന്‍" എന്ന് തുടങ്ങുന്ന ഒരു കവിത പോലത്തെ സാധനം എഴുതി പിറ്റേദിവസം രാവിലെ അഞ്ച് കോപ്പികള്‍ വിവിധ പത്രമാസികകളുടെ വിലാസത്തില്‍ നോര്‍ത്ത് എടത്തല.പി.ഒ യില്‍ പോസ്റ്റ് ചെയ്തിട്ടാണ് കോളേജിലേക്കെത്തിയത്.
ഇലക്ഷന് തിങ്കളാഴ്ചയാണ്. വെള്ളിയാഴ്ചയായിട്ടും അത് ഒരു പത്രത്തിലും മാസികയിലും അച്ചടിച്ച് വന്നില്ല. ദിവസവും പത്തിരുപത് രൂപ പത്രം വാങ്ങി കളഞ്ഞത് കടം വാങ്ങിയിട്ടാണേ. ദേഷ്യവും സങ്കടവും ഒപ്പം റാഫി അടക്കമുള്ള കൊഞ്ഞാണന്മാരുടെ കളിയാക്കലും കൂടിയായപ്പൊ ആകെ പിരാന്തായി. ഇനീപ്പൊ എപ്പ വരാനാ? വന്നിട്ടെന്തിനാ? കവിത പത്രത്തില്‍ വന്നിട്ടു അതുകാണിച്ച് കുട്ടികളെ സ്വാധീനിക്കാം എന്ന മോഹം അന്നത്തോടെ വിട്ടു.
തിങ്കളാഴ്ച! ഇന്ന് ഇലക്ഷനാണ്. നേതാക്കള്‍ക്കെല്ലാം ഖദര്‍വേഷം, കുട്ടികള്‍ക്ക് ആവേശം, എനിക്കാണെങ്കില്‍ പരവേശം!. അപ്പഴും എതിരാളിക്കുചുറ്റും ബ്രേക്ക് ഡാന്‍സും ഇംഗ്ലീഷ് പാട്ടും കാണാനും കേള്‍ക്കാനും കുട്ടികള്‍. എന്റെ കാര്യം പോക്കാ..!
അങ്ങനെ വോട്ടെടുപ്പ് കഴിഞ്ഞു. ഉച്ചകഴിഞ്ഞ് ഫലപ്രഖാപനത്തിനു മുന്‍പ് "ഡാ, ഞാനൊന്ന് ടൗണീല്‍ പോയിട്ട് വരാം, അത്യാവശ്യോണ്ട്" എന്ന് പറഞ്ഞ് മെല്ലെ സ്ഥലം കാലിയാക്കാന്‍ ശ്രമിച്ചപ്പൊ പ്രിയപ്പെട്ട അനുയായികള്‍ കാന്റീനിന്റെ സ്റ്റോര്‍റൂമിലിട്ട് എന്നെ പൂട്ടി. അത് നന്നായീന്ന് ഞാനും കരുതി. ആരും കൂകിവിളിക്കൂലല്ലോ!
ആധികേറി അങ്ങനെ ഇരിക്കുമ്പോള്‍ ബുള്ളറ്റ്മനു ഓടിവന്ന് കാന്റീനിലുള്ളവരോടു പറയുന്നത് ശരിക്കും ഞാന്‍ കേട്ടു. എന്റമ്മോ..! ഞാന്‍ ലീഡു ചെയ്യുന്നൂന്ന്..!അനുയായികളുടെ അനുവാദത്തോടെ ആവേശത്തില്‍ ചാടി പുറത്തിറങ്ങി വരാന്തയിലൂടെ ഞെളിഞ്ഞു നടന്നു. അങ്ങനെ, അവസാന ഫലപ്രഖ്യാപനത്തിനായി പ്രിന്‍സിപ്പള്‍ അസംബ്ലി സ്ഥലത്തേക്കു വന്നു. കുട്ടികള്‍ ശ്വാസമടക്കി നിന്നു. എനിക്ക് ശ്വാസമേകിട്ടുന്നുണ്ടായിരുന്നില്ല!
പ്രഖ്യാപനം തുടങ്ങി. നമ്മട പാര്‍ട്ടീടെ ചെയര്മാന് സ്ഥാനാര്‍ത്ഥി പൊട്ടി. വൈസ് ചെയര്മാന് പൂട്ടി. മാഗസിന് എഡിറ്ററ് പിച്ചച്ചട്ടി. ഇനി എന്റെ ഊഴമാണ്. കിട്ടി! ഇതാ നാല് വോട്ടിന് ജയിച്ചിരിക്കുന്നു; മ്മട ബ്രേക്ക് ഡാന്‍സര്‍; അല്ലാണ്ടാരാ..?
അവനെ തോളിലേറ്റി മുദ്രാവാക്യം വിളിക്കുന്നതിനു പകരം മന്ദബുദ്ധികളെല്ലാം എന്റെ ചുറ്റും കൂടി കൂവിയ കൂവല്‍! ഒപ്പം പെട്ടി പെട്ടി ബാലറ്റ് പെട്ടീ...! ഞാന്‍ മെല്ലെ വലിഞ്ഞ്, ടെന്‍ഷന്‍ വരുമ്പൊ പോയിരിക്കാറുള്ള സോമേട്ടന്റെ കടേലെ ഉള്ളിലെ മുറീയില്‍ കേറിയിരുന്ന് മനസ്സിന്റെ കൊളുത്തിവലി നിര്‍ത്താന്‍ ഒരു വില്‍സ് കൊളുത്തി വലിച്ചു. പിന്നാലെ കൂവലിന്റെ മര്‍ദ്ദം സഹിക്കാനാവാതെ റാഫീം ഷിജൂം അങ്ങോട്ട് പാഞ്ഞെത്തി. ഷിജു അടുത്തിരുന്ന മാതൃഭൂമി എടുത്ത് നിവര്‍ത്തി. "ഡാ മോനേ, അത് ഞായറാഴ്ചത്തെയാടാ",സോമേട്ടന്. "എന്നത്തേങ്കിലുമാകട്ടെ, ഒന്ന് മുഖം മറക്കാനാ ചേട്ടാ" എന്നും പറഞ്ഞ് പത്രത്തില്‍ കണ്ണൂം നട്ട് മൗനിയായി ഷിജുവിരുന്നു. ഞാന്‍ വില്‍സ്കുറ്റി കടയുടെ പുറത്തേക്കെറിഞ്ഞ് തിരിഞ്ഞപ്പോഴേക്കും, ഷിജുവിന്റെ അലര്‍ച്ച!
"ഡാ, ദേ ശകുനമില്ലാത്തവന്‍! ദേ നോക്ക്യേ.." എന്നെ പരിഹസിക്കുകയാണെന്നു കരുതിപ്പോയി. അവന് പത്രം എനിക്കു നേരെ കാണീച്ചു. "ദേ; എന്റെ കവിത! ഇതെപ്പോ വന്നു?" അതിന്നലത്തെ, ഞായറാഴ്ചത്തെ പേപ്പറാ" സോമേട്ടന് പറഞ്ഞു.
പിന്നെ നോക്കണോ..? ഞായറാഴ്ച പത്രം വായിക്കാത്തതിന് പരസ്പരം പഴിയും, 'പോടാ, നീപോടാ' വിളികളും തുടങ്ങിയതോടെ, ഇടതുകാല് സന്തോഷത്തിലും വലതുകാല്‍ ദു:ഖത്തിലും വച്ച് ഞാന്‍ നിരാശയിലേക്ക് മുങ്ങി, വീട്ടിലെത്തി. ഇന്നലെ കണ്ടിരുന്നെങ്കില്‍ രണ്ട് വോട്ടൊക്കെ മറിക്കാന്‍ അത് മതിയായിരുന്നു; ജയിച്ചേനെ. ഇനിപ്പറഞ്ഞിട്ടെന്താ; പോയില്ലേ?
പിറ്റേ ദിവസം കോളേജില്‍ എന്നെ കൂവി എതിരേല്ക്കാന് നിന്ന ബ്രേക്ക് ഡാന്‍സറുടേം സില്‍ബന്ധികളുടേം മുന്നിലേക്ക് ഈ പത്രവും ഉയര്‍ത്തിപ്പിടിച്ച്, ഇതേ മൊന്തയുമായി, അതേ രാജ്ദൂതില്‍ മുഖത്ത് അഭിമാനം വരുത്തി ഞാന്‍ ചെന്നിറങ്ങി. "നോക്കെടാ നോക്ക്..എന്റെ കവിതയാ...!" അവന്റെ നേരെ ചുമ്മാ എറിഞ്ഞു ഞാനാ പത്രം.
ആ പത്രത്തിനു വേണ്ടീ പെണ്‍കുട്ടികള്‍ തിക്കിത്തിരക്കുന്നത് കണ്ടപ്പൊ എനിക്കെന്റെ സുന്ദരദിനങ്ങള് വന്നു ചേര്‍ന്ന പോലെ തോന്നി. ബ്രേക്ക് ഡാന്‍സറുടെ മുഖത്തെ ദേഷ്യം കൂടി കണ്ടപ്പൊ, സന്തോഷം നിയന്ത്രിക്കാനായില്ല. കിട്ടാവുന്നോടത്ത്ന്നെല്ലാം ഞായറാഴച്ചത്തെ മാതൃഭൂമി ഇന്നലെത്തന്നെ ശേഖരിച്ചിരുന്നത് കൊണ്ട് എല്ലാര്‍ക്കുമല്ലെങ്കിലും കുറേ പേര്‍ക്കൊക്കെ കൊടുക്കാന്‍ കഴിഞ്ഞു. അധികം പേരും തിരിച്ചു തന്നു കെട്ടോ, നല്ല കുട്ടികള്‍! പക്ഷെ മ്മട കുട്ടി തിരിച്ചു തന്നില്ല; അതെന്താണാവോ..?
തോറ്റാലെന്താ..? ഒരു കവിത പത്രത്തില്‍ വന്നല്ലോ.. പെണ്‍കുട്ടികള്‍ 'കവി' എന്നു വിളീച്ചു, എതിരാളികള്‍ 'ക' മാറ്റി 'ശ' ആക്കി വിളിച്ചു. പരിപാടികളില്‍ കവിത ചൊല്ലാന്‍ അവസരങ്ങള്‍ കിട്ടി, കുട്ടികള്‍ക്ക് കൂവാനും. എല്ലാത്തിലുമുപരിയായി, ശ്രദ്ധിക്കപ്പെട്ടല്ലോ? അല്ല! അതിനു വേണ്ടീയാണല്ലോ ഈ പണിയൊക്കെ ഒപ്പിച്ചതും!
പിന്നെ,ഒരു കാര്യം കൂടി പറഞ്ഞോട്ടെ! മ്മട കുട്ടി ആ പത്രം ഇത് വരെ തിരിച്ചു തന്നിട്ടില്ലാട്ടോ,..ആരെങ്കിലും കണ്ടാ ഒന്നു പറഞ്ഞേക്കണേ..!
Thursday, March 6, 2008
ലോലന്റെ ലീലകള്‍..!
ലോലന്റെ വക കളിപ്പേരു കിട്ടാത്തവരായി ആരും അവന്റെ മുന്നിലൂടെ കടന്നു പോയിട്ടില്ല. അവനിടുന്ന പോലെ അത്ര ആപ്റ്റായ പേരിടുന്ന ഒരു മിടുക്കനെയും ഞാന്‍ പരിചയപ്പെട്ടിട്ടുമില്ല. നാട്ടിലെ പ്രധാന കോഴിയായ കുട്ടൂസന് ജോര്‍ജ്ജിന്റെ (നാമം:ലോലന് വക) പെങ്ങടെ കല്യാണത്തിന്റെ അന്ന് വൈകീട്ടു നാട്ടുകാരെ പരിചയപ്പെടാന്‍ വന്ന പുതിയാപ്ലക്ക് ലോലനിട്ട പേര് "കോഴിഅളിയന്‍"!. ചായക്കടക്കാരനും എടത്തല വടം വലി ടീമിന്റെ ക്യാപ്റ്റനുമായ വീരാനിക്കാക്ക് "വടവീരന്‍"! അല്പം മെലിഞ്ഞവനും ഫുട്ബാള്‍ ടീമിന്റെ സ്ഥിരം ഗോളിയുമായ ഷറഫിന് "ഒണക്ക ഡിങ്കന്". ഒരു കൈ വളഞ്ഞിരിക്കുന്ന പലചരക്കുകടക്കാരന് രാജേഷിന് "പൊക്ലിന്‍". ഞായറാഴ്ചകളില്‍ വളക്കച്ചോടത്തിനു വരുന്ന ചൂടന്‍ ഗോപാലേട്ടന് "വളയപ്പന്‍"!
ഇങ്ങനെ തൊരപ്പന്, വട്ടിവാസു, പൂച്ചപ്പോലീസ് തുടങ്ങി ഒരുപാടു പേരുകളും പലരെയും കാണുമ്പോളുള്ള വിവിധ ആക്ഷനുകളും കൊണ്ട് ലോലന് പലരുടെയും കണ്ണിലെ കരടും ചില കുരീലുകളുടെ കണ്ണിലുണ്ണിയുമായി.
ഉമ്മുക്ക അവനെക്കുറിച്ചു പറയാറുള്ളത് ഞാന്‍ ആദ്യമേ പറഞ്ഞല്ലോ? പാവം ഗതികെട്ടിട്ട് ഒരുപാടാലോചിച്ച് ഉണ്ടാക്കിയെടുത്തതാണത്. പുക്കാട്ടുപടീപ്പോയി ആരും കാണാതെ രണ്ടെണ്ണം വിട്ടു ഒന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ ഉമ്മുക്ക സ്ഥിരമായി ജംക്ഷനില്‍ വരും. പഴയകാലത്ത് ഒരു മന്ത്രിയുടെ വലംകയ്യും അടിച്ച വെള്ളം വയറ്റീത്തന്നെ കെടക്കുന്നയാളുമായത്കൊണ്ട് ആരും അത് കാര്യമാക്കാറുണ്ടായിരുന്നില്ല. പക്ഷെ ലോലന് വിടൂല്ല. ഉമ്മുക്ക വീരാന്‍ക്കാടെ കടേന്ന് ഒരു കട്ടന്‍ചായ വാങ്ങി കുടിക്കാനിരുന്നാ അവന് അച്ചാറു മുന്പില് കൊണ്ടു വച്ച് കൊടുക്കും;ഒരു കമന്റും;"ടച്ചിംഗ്സാ"!. അതിന് ഉമ്മുക്കാടെ തെറിവിളിയും മറുവിളിയും ഒക്കെ മുറക്ക് നടക്കാറുണ്ട്.
അന്ന്, ആരെക്കളിയാക്കും എന്നു കരുതി ലോലനും സില്‍ബന്ധികളും അങ്ങനെ ഇരിക്കുന്ന നേരത്താണ് ഉമ്മുക്ക കവലയിലേക്കു നീളം കുറവുള്ള ഉറക്കാത്ത കാലെടുത്ത് വച്ചത്. കുറച്ചു നേരം വളരെ മാന്യനായി തല മനപ്പൂര്‍വം ഉയര്‍ത്തിപ്പിടിച്ചു നിന്ന ഉമ്മുക്കാനെ വീക്ഷിച്ചശേഷം ലോലന് പതുക്കെ എഴുന്നേറ്റു മൂരിനിവര്‍ത്തി. എന്നിട്ട് ആരോടെന്നില്ലാതെ ഉറക്കെ പറഞ്ഞു "പുക്കാട്ടുപടിയിലെ ഷാപ്പു പൂട്ടീന്നാ കേട്ടേ!", എന്നിട്ടു ഇടങ്കണ്ണീട്ട് ഉമ്മുക്കാനെ ഒരു നോട്ടം. 'ഇപ്പൊ ഞാന്‍ വീശീട്ടെറങ്ങിയ ഷാപ്പ് പൂട്ടീന്നോ' എന്നമ്പരന്നു ഉമ്മുക്ക നില്ക്കുമ്പോ ലോലന് വീണ്ടും, " മിനിഞ്ഞാന്ന് മുതല്‍ അവിടെ സപ്ലേ ഇല്ല!".
തന്റെ പ്രിയപ്പെട്ട ഷാപ്പിനെപ്പറ്റി അനാവശ്യം പറയണത് സഹിക്കാതെ വന്നതുകൊണ്ടാകണം നിഷ്ക്കളങ്കനായ ഉമ്മുക്കപറഞ്ഞുപോയി, "ഈ ക്ണാപ്പന് ചുമ്മാ പോളിക്കണതാ, ഇപ്പൊ ഞാന്‍ അവിടന്നാ വരണത്, അവിടെ ഷാപ്പൂണ്ട് സപ്ലേണ്ട്, അവന്റെ ചെകിട് നോക്കി ഒന്ന് കൊടുത്തേടാ വീരാനേ!".
പോരേ പൂരം!. ആളുകള്‍ ചിരിതുടങ്ങിയപ്പോഴാണ് പറ്റിയ അബദ്ധം ഉമ്മുക്കാക്കു മനസ്സിലായത്. കവലയില്‍ കൂടിയ കാര്‍ന്നോന്മാര്ടേം, പിള്ളേര്ടേം ഒക്കെ മുന്പില് ഞാന്‍ പുക്കാട്ടുപടീന്ന് രണ്ടെണ്ണം വിട്ടിട്ടാ വന്നിരിക്കണേന്ന് ഉറക്കെ വിളിച്ച് പറഞ്ഞമാതിരി ആയില്ലേ? ലോലന്റെ ആക്കിയുള്ള ചിരികൂടിആയപ്പൊ ഉമ്മുക്ക അവനു നേരെ പാമ്പായി കുതിച്ചു ചെന്നു. "എങ്ങാണ്ടു കെടന്ന മംഗളത്തില്‍ ആരാണ്ട് വരച്ച പടത്തീന്ന് നീ ഇങ്ങോട്ട് എറങ്ങിവന്നതെന്തിനാടാ ...മോനെ? നിനക്ക് വല്ല അങ്ങടും പോകാന്‍പാടില്ലാര്‍ന്നോ?".
"ഉമ്മുക്കാനോട് ഞാന്‍ വല്ലതും പറഞ്ഞോ? എന്റെ മേത്തേക്ക് കേറണതെന്തിനാന്നേ? പിന്നെ പടത്തിന്റെ കാര്യം ഇക്ക പറയര്ത്..." ഒരു തത്വജ്ഞാനിയെപ്പോലെ ലോലന് പറഞ്ഞു തുടങ്ങി,"...ഈ ലോകം മുഴുവന്‍ ആരോ വരച്ച ചിത്രമാണുമ്മുക്കാ!.ഞാനും, ഇവരും, ഉമ്മുക്കായും ഒക്കെ. പക്ഷെ എന്റെ അറിവ് ശരിയാണെങ്കില്‍ ഉമ്മുക്കാനെയാ ലാസ്റ്റ് വരച്ചത്! ഉമ്മുക്കാനെ വരച്ച് തീരാറായപ്പോഴേക്കും മഷിതീര്‍ന്നു പോയിട്ട്ണ്ടാവും! അതോണ്ടാ കാല് പാതിയായിപ്പോയത്!".
ഉമ്മുക്ക ലോലനെ കടന്നു പിടിച്ചൂന്ന് ഞാന്‍ പറയണ്ടല്ലോ? അവന്റെ സ്ഥിരം കോട്ട ഇന്ന് ഉമ്മുക്കാടടുത്ത്ന്ന് കിട്ടി ബോധിച്ചു. പക്ഷെ പകരമായി, അത്രപോരെങ്കിലും പുതിയ ഒരു പേരു ലോലന് ഉമ്മുക്കാക്ക് സമ്മാനിച്ചു; "വരതീരാത്ത പടം"! വിളീക്കാന്‍ എളുപ്പത്തിന് കാലക്രമേണ അവന്‍തന്നെ അതു ലോപിപ്പിച്ചു "വരതീരാ..."!.
Monday, March 3, 2008
അമ്മേ! എന്റെ മൊതലാണല്ലാ മോളില് !
മീതീന്‍ക്കാടെ വീട്ടുമുറ്റത്ത് റോട്ടിലേക്കു ചാഞ്ഞു നിന്ന ചിങ്കിരിമാവു വെട്ടുന്നത്കൊണ്ട് അത് കാണാന്‍ ഞാനും ലോലന് എന്ന ഷംസുവുമടക്കം കൂട്ടം കൂടിനിന്ന നാലഞ്ചുപേര് ഇപ്പോള്‍ ഒന്നുരണ്ട് പേരായി. ലോലനു പെട്ടെന്ന് ചായകുടിക്കാനോ, മൂത്രമൊഴിക്കാനൊ ഒക്കെ തോന്നുന്നൂന്ന് പലവട്ടം പറഞ്ഞെങ്കിലും, അവന് മുങ്ങിയത് ഞാന്‍ കണ്ടില്ല. ചടേന്ന് മരം വെട്ടു നിന്നു.
"എന്തേടാ സുബൈറേ; ക്ഷീണീച്ചോ? എന്നാ നീ ഇങ്ങെറങ്ങിക്കോ, ബാക്കി നാളെയാക്കാം" മീതീന്‍ക്ക മേലോട്ടു നോക്കി വിളീച്ച് പറഞ്ഞു.
എന്തോ അപകടം മണത്തപോലെ ദൂരേക്കു നോക്കിക്കൊണ്ട് ചെവിക്കു മുകളീല്‍ നിന്ന് ബീഡി എടുത്ത് കത്തിച്ച് സുബൈര്‍ അവനു കഴിയാവുന്നത്ര പതുക്കെ പറഞ്ഞു " ഇക്കോ, വാസു വരണ്ട്, അവന് ചോദിച്ചാ ഞാന്‍ ഇവിടെ ഒള്ളത് പറയല്ലേട്ടാ, കൊറച്ച് ചില്ലറ കൊടുക്കാനുണ്ട്".
അതിന് അവനിവിടെ നിന്നാലല്ലെ? അവന് നേരെ സ്കൂള്‍ ഗ്രൗണ്ടീലേക്കു പോകുള്ളു എന്ന് ഞാന്‍ പറാഞ്ഞു തീര്‍ന്നതും അതാ ആ അപകടം വളവു തിരിഞ്ഞ് വരുന്നു. മുകളിലേക്കു നോക്കിയ എന്നെ സുബൈര്‍ നോക്കല്ലേ എന്ന് തലയാട്ടി വിലക്കി.
ഒരു വില്ലന്റെ സകല ഭാവഹാവാദികളോടും കൂടി വട്ടിവാസു എന്ന അമരീഷ്പുരി റോട്ടില് വീണു കിടക്കുന്ന മരാവശിഷ്ടങ്ങള്‍ക്കു മുന്നില്‍ വന്നു ബ്രേക്കിട്ടു. വായില്‍ തിങ്ങിനിറഞ്ഞ് വലത്തെ അധരകോണിലൂടെ ചാലിട്ടൊഴുകാന്‍ തുടങ്ങിയിരുന്ന മുറുക്കാന്‍ ചാറ് ഇടത്തോട്ട് തുപ്പി, വയസിപ്പശു മക്കിടണപോലെ വാ പൊളിച്ച്, മോണക്കിടയില്‍ അള്ളിപ്പിടിച്ചിരുന്ന അടക്കാത്തരികളെ നാവുകൊണ്ട് തോണ്ടിയെടുത്ത് പല്ലുകള്‍ക്കിടയിലേക്കിട്ടുകൊടുത്ത് വാസു മീതീന്‍ക്കാക്കു നേരെ ഒരാവശ്യവുമില്ലാതെ ഒരു 'ഉരുള' വിട്ടു; "റോട്ടിലാണോ മാഷേ മരം വെട്ടിയിടണത്?".
ആരോടാ? നാട്ടിലെ 'ഉപ്പേരി' മൊത്തക്കച്ചവടക്കാരനായ മീതീന്‍ക്കാനോട്!!
"റോട്ടിലാണൊടാ വാസൂ കോപ്പ് തുപ്പണത്? പിന്നെ നിന്റെ വീട്ടില്‍ വന്ന് വെട്ടിയാ മാത്രം നീപറഞ്ഞാ മതി! എന്റടുത്ത് കളീച്ചാ പലിശയടക്കം ഞാന്‍ അങ്ങു ചൊരിയും."
മീതീന്‍ക്കാടെ മറുപടി കേട്ട് എനിക്ക് വീര്‍ത്തു വന്ന ചിരിപൊട്ടാതെ ഞാന്‍ തൊണ്ടക്കുഴിയില്‍ നൂലിട്ടു കെട്ടി. പതിയെ തിരിഞ്ഞ് നിന്ന് മാവിലേക്കു നോക്കി. സുബൈര്‍ പേടിച്ച് വിറച്ചിരിക്കുകയാകും എന്ന എന്റെ ധാരണ തെറ്റിച്ച്കൊണ്ട് ഒരു കൈ മരക്കൊമ്പില്‍ പിടിച്ച് മറുകൈ കൊണ്ട് വാപൊത്തി ശ്വാസം കിട്ടാത്ത പോലെ അവന് ഇരുന്ന് പിരിയുന്നു. ആദ്യം ഒന്നമ്പരന്ന എനിക്ക് പിന്നെ മനസ്സിലായി, എന്നെപ്പോലെതന്നെ ചിരിയടക്കാന്‍ പാടുപെടുകയാണു കക്ഷി. അതുകൂടിക്കണ്‍ടപ്പൊ നൂലു പൊട്ടി, ചിരി പുറത്ത് വന്ന് ബലൂണ്‍ പോലെ പൊട്ടിച്ചിതറി. അതോടെ വാസു ശരിക്കും കോപാന്ധ കെ.പി.ഉമ്മറായി മാറി.
എന്നെ കലിപ്പിച്ചൊന്നു നോക്കി വാസു മെല്ലെ വണ്ടി എരപ്പിച്ചു പോകാനാഞ്ഞു. പെട്ടെന്നതാ മോളീന്നൊരു അപശബ്ദം! അതെവിടുന്നാണെന്നോ എന്താണെന്നോ ആദ്യം വാസൂനു മനസ്സിലായില്ല. വളരെ വേഗം തന്നെ മുട്ടയിട്ട കോഴി കൊക്കുന്ന അതേ ഫ്രീക്വ ന്‍സിയിലേക്കു ആ ശബ്ദം ഉയര്‍ന്നു; സുബൈറിന്റെ ചിരിവള്ളി പൊട്ടിയിരിക്കുന്നു. അവന് അടക്കാനാകാതെ പൊട്ടിപ്പൊട്ടിച്ചിരിക്കുകയാണ്! വാസു താഴെയുള്ളത് അവന് മറന്നിട്ടല്ല ആ ചിരി എന്നും അടക്കാന്‍ പറ്റാതായപ്പൊ തുറന്നുവിട്ടതാണെന്നും എനിക്കു വേഗം മനസ്സിലായി.
വാസു ചുറ്റും നോക്കുന്നു. പിന്നെ വിമാനത്തിന്റെ ശബ്ദം കേട്ട് പാത്തുത്ത മേലോട്ടു നോക്കുന്ന പോലെ കണ്ണുകള്‍ മേലോട്ട്. സുബൈറിന്റെ ചിരി അതോടെ നിന്നു. വാസു സുബൈറിനെ കണ്ടിരിക്കുന്നു. സുബൈറിന്റെ മുഖത്തെ ചമ്മല്‍പാളി മീതീന്‍ക്കാടെ മുഖത്തും ചിരിവിടര്ത്തി. വാസൂന്റെ മുഖമാകട്ടെ ദേഷ്യം കൊണ്ടു കൂടുതല്‍ കറുത്തു. പുളിച്ച തെറിയുടെ മാലപ്പടക്കം പ്രതീക്ഷിച്ചു കാതോര്‍ത്തു ഞാനിരുന്നു. പ്രതീക്ഷ തെറ്റിച്ച് കൊണ്ട് വാസുവിന്റെ പ്രതികരണം!
"അമ്മേ! എന്റെ മൊതലാണല്ലാ മോളില്! ഡാ പിടിച്ചിരിക്കെടാ മോനേ! എന്തിനാടാ നീ ഈ പണീക്കൊക്കെ നിക്കണേ? നിനക്ക് നെലത്ത് നിന്ന് പണിഞ്ഞാ പോരേടാ?".
പിന്നെ മീതീന്‍ക്കാടെ നേരെ തിരിഞ്ഞ് "അതേ! എന്റെ രൂവ ഇരുപത്തേഴായിരാ നിങ്ങള്‍ മരത്തേ കേറ്റിയേക്കണത്! അവനെന്തെങ്കിലും പറ്റിയാ പിന്നെ വട്ടിവാസു വട്ടുവാസുവാകും, ഹ്ആ!"
എന്റെ ഓര്‍മ്മയില്‍ ആദ്യമായി ഉത്തരമില്ലാതെ അന്തം വിട്ടു നിന്ന മീതീന്‍ക്കാനേം ചിരിപൊട്ടിനിന്ന എന്നേം മാറിമാറി നോക്കിക്കൊണ്ട്, ഡയലോഗിനു ശേഷം കലാഭവന്‍ മണിയുടെ മുഖഭാവത്തോടെ വാസു തന്റെ കൈനറ്റിക് ഹോണ്ടയില്‍ അടുത്ത പിരിവിടത്തേക്കു നീങ്ങി. അപ്പോള്‍ വീണ്ടും മുകളില്‍ നിന്നും സുബൈറിന്റെ അലറിയുള്ള കോഴിച്ചിരി ആരംഭിച്ചിരുന്നു.
Wednesday, February 27, 2008
ഒരു പാളേങ്കൊടന്‍ പഴത്തിനെന്താ വെല?..
പക്ഷെ എന്റെ അഭിപ്രായത്തില്‍ ഇവന് ആളൊരു സാധുവാണ്. ഏത്തപ്പഴത്തിന്റെ ആഢ്യത്തമോ, പൂവന്റെ തലയെടുപ്പോ, കദളിയുടെ കുലീനതയോ ഒന്നുമില്ലാത്ത ഒരു സാധു. പാവങ്ങളുടെ കൂട്ടുകാരനായി, അവരുടെ വിരുന്നുകൂടി അങ്ങനെ കഴിയുന്ന ഈ പാളയങ്കോടന് എനിക്കെന്തു പ്രിയപ്പെട്ടവനാണെന്നോ?
ഒരവധി ദിവസം രാവിലെ വീട്ടീന്നൊരു ചായേം കുടിച്ച് ഒരു വില്‍സ് കാച്ചാന്‍ എടത്തലയിലെ എന്റെ സ്ഥിരം കവലയിലേക്കിറങ്ങിയതണ്. അവിടെ എത്തുമ്പോ നാട്ടിലെ സകല കുരീലുകളും ബഷീര്‍ക്കാടെ കടത്തിണ്ണയില്‍ കൂട്ടം കൂടിനിന്ന് പൊട്ടിച്ചിരിക്കുന്നു. ഒരുത്തന് മറ്റവന്റെ തോളത്തും നെഞ്ചത്തും തട്ടി എന്തൊക്കെയോ പറഞ്ഞാര്‍ക്കുന്നു.ഈ കാഴ്ച അത്ര അപൂര്‍വ്വ മല്ലാത്തതിനാല്‍ ഞാനത്ര ഗൗനിച്ചില്ല. ഇതിനിടയില്‍ സ്ഥലത്തെ ഒരു പ്രധാന മോന്റെ അരോചകമായ ശബ്ദം അതാ ഉയര്‍ന്നു കേള്‍ക്കുന്നു. വാക്കുകള്‍ ശ്രദ്ധിക്കുക!"എടോ കാക്ക!ഇങ്ങനെ പാലും പഴോം ഒറ്റക്കു വിഴുങ്ങാതെ വല്ലതും കൊണ്ടോയി മക്കള്‍ക്കും കൊട്!"
കവലയിലുള്ള എല്ലാവരുടെയും മുഖത്ത് പുഞ്ചിരി മുതല്‍ പൊട്ടിച്ചിരി വരെയുള്ള വിവിധ ഭാവങ്ങള്‍ വിടര്‍ന്നു. ഏതര്‍ത്ഥത്തിലാണ് ആവിരുതന്‍ അത് പറഞ്ഞതെന്നു മനസ്സിലാകാതെ, തെല്ലമ്പരപ്പോടെ എന്റെ കണ്ണുകള്‍ അവന് എയ്ത വാക്കമ്പിന്റെ ലക്ഷ്യസ്ഥാനം തേടി. അവ ചെന്നു നിന്നത് പാതി മുറിഞ്ഞ ഒരു പാളേങ്കൊടന്‍ പഴത്തിന്റെ അറ്റത്ത്.അവിടെ നിന്നും വരണ്ടു കറുത്ത ഒരു ജോഢി വിറക്കുന്ന ചുണ്ടുകളിലൂടെ ചുക്കിച്ചുളിഞ്ഞ ഒരു മുഖത്തേക്കും മെല്ലെ താഴേക്കിറങ്ങി മെലിഞ്ഞുണങ്ങിയ ഒരു പഴയ ശരീരത്തിലേക്കും നീങ്ങി. പിന്നെ ചുരുണ്ടു തൂങ്ങിയ ആ ഇടത്തേ നെഞ്ചു പിളര്‍ന്നു അകത്തേക്കും. അവിടെയതാ ചുവന്ന ഒരു ഹൃദയം കിടന്നു പിടക്കുന്നു. കറുകറുത്ത ചോര അങ്ങോട്ടുമിങ്ങോട്ടും അതിവേഗം ഒഴുകുന്നു. അവക്കിടയില്‍; അപമാനത്തിന്റെയും, അമിത വേദനയുടെയും രോഷം പുരണ്ട ഒരു രക്തപിണ്ഡം!. അത് ക്ഷമയുടെ മറപറ്റി ദൗര്‍ബല്യത്തില്‍ ഒളിക്കുന്നു. അന്നേരമൊക്കെയും അവിടെ ഉയര്‍ന്ന ചിരികള്‍ എടത്തലക്കു മുകളില്‍, ഇരുളു വീഴ്ത്തുന്ന കരിമേഘങ്ങളായി മാറിക്കൊണ്ടീരുന്നു. എന്റെ കണ്ണുകള്‍ മെല്ലെ പിന്‍വലിഞ്ഞ്ചുറ്റും പരതിയപ്പോഴേക്കും പാതിയായ പ്ഴം ഒരു ബഞ്ചിന്റെ മൂലയിലുപേക്ഷിച്ച് ആ മനുഷ്യന് കാലി കയ്യുമായി അയാളുടെ വീട്ടിലേക്കുള്ള കയറ്റം കയറുന്നുണ്ടായിരുന്നു.
എടത്തലയുടെ ചുവന്ന മണ്ണുള്ള ഇടവഴികളില്‍ ആ വയോധികനെ എപ്പോഴും കാണാം.അദൃശ്യമായ ഒരു ഭാരം ശിരസ്സില്‍ വഹിക്കുന്ന പോലെ തോളൂമുതല്‍ തലയോളം കുനിച്ച് വേഗത്തിലുള്ള ആ നടത്തം നന്നേ ചെറുപ്പം മുതല്‍ ഞാന്‍ കാണുന്നു.സ്കൂളിലേക്കു പോകാന്‍ വീടിനു മുന്നില്‍ കൂട്ടുകാരിയെ കാത്തു നില്ക്കുമ്പോള് ആ വഴിയിലൂടെ, ഉച്ചക്കു സ്കൂള്‍ മുറ്റത്ത് കളിക്കുമ്പോള്‍ അതിനു മുന്നിലൂടെ, വൈകീട്ടു സ്കൂളീന്നു വരുമ്പോള്‍ വീണ്ടും അവിടെ, രണ്ടു തെങ്ങുകള്‍ക്കിടയില്‍ മൂന്നു കുഞ്ഞു കുഴികളെടുത്ത് കുഴിരാശി കളിക്കുമ്പോള്‍ തെങ്ങിന് തോപ്പിലൂടെ ഒക്കെ ആ കുനിഞ്ഞ ശിരസ്സ് ആരും ശ്രദ്ധിക്കാതെ ആരെയും ശ്രദ്ധിക്കാതെ പ്രത്യക്ഷപ്പെട്ട് അപ്രത്യക്ഷമായിക്കൊണ്ടിരുന്നു.എപ്പോഴാണ് ഞാന്‍ അയാളെ ആദ്യമായി ശ്രദ്ധിച്ചത് എന്നോര്‍മയില്ല. ചെറുപ്പത്തിലൊക്കെ കളിത്തിരക്കിനിടയില്‍ കാണാറുണ്ടായിരുന്നെങ്കിലും അയാളൂടെ നേരെ ശ്രദ്ധാപൂര്‍ണ്ണമായ ഒരു നോട്ടം ഞങ്ങള്‍ കുട്ടികള്‍ ആരുടെഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അതെ, ഞാന്‍ അയാളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് മുതിര്‍ന്നതിനു ശേഷമാണ്. കാരണം അയാള്‍ അപ്പോള്‍ എന്നെയും ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു.മുഖത്ത് ദൈന്യതയുണ്ട് എന്നതല്ലാതെ ഇത്തരത്തില്‍ ദാരുണമായി പരിഹസിക്കപ്പെടാന്‍ മാത്രം അയാളില്‍ ഒന്നും ഞാന്‍ കണ്ടിരുന്നില്ല.
ആള്‍ക്കൂട്ടത്തില്‍ ആളാകാന്‍ വേണ്ടീയാണെങ്കിലും ആ ചെറുക്കന്റെ വാക്കുകള്‍ ഈ സാധുമനുഷ്യന്റെ ഏറ്റവും ചെറിയ കൊതിയെയാണ് ജപ്തിചെയ്ത് സീല്‍ വച്ചത്. ഏതു കാരണമാണ് വിശപ്പോ കൊതിയോ മാറ്റാന്‍, ഒരുരൂപക്കു മൂന്നെണ്ണം കിട്ടുന്ന ഒരുപഴം കഴിക്കാനുള്ള അവകാശം അയാള്‍ക്ക് നിഷേധിച്ചത്? ഉത്തരം എനിക്കു കിട്ടിയേ തീരൂ.
ചെറുപ്പം മുതല്‍ അയാള്‍ നടന്ന ഇടവഴികളിലൂടെ ഞാന്‍ എന്റെ മനസ്സിനെ പറഞ്ഞുവിട്ടു. അതൊരു ഭ്രാന്തന് നായയെപ്പോലെ ആ വഴികളിലെല്ലാം മണത്തു നടന്നു. അതെ, ഇപ്പോള്‍ വീണ്ടും ഓര്‍ക്കുന്നു; ഞാന്‍ അയാളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് മുതിര്‍ന്നതിനു ശേഷമാണ്. കാരണം അപ്പോള്‍ അയാള്‍ എന്നെയും ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു.എന്റെ ചെറുപ്പം മുതല്‍ അയാള്‍ എന്നെ ശ്രദ്ധിക്കുന്നതു വരെയുള്ള ഈ കാലയളവില്‍ നടന്ന ഒരേ ഒരു മാറ്റം ഞാന്‍ മുതിര്‍ന്നു എന്നതു മാത്രമാണ്. ഓഹ്! ശരിയാണ്, മുതിര്‍ന്നതിനു ശേഷം എന്നെ നോക്കുമ്പോളൊക്കെ ചുവന്ന നൂല്‍ഞരമ്പുകള്‍ തെളിഞ്ഞ അയാളുടെ കണ്ണുകള്‍ തുറിച്ചു തുറിച്ചു വന്നിരുന്നു. ഒരിക്കല്‍ സഫ്വാനും പറഞ്ഞു, മീശവക്കാന്‍ തുടങ്ങിയതിനു ശേഷം ഈ മനുഷ്യന് വല്ലാതെ കനപ്പിച്ച് നോക്കുന്നു എന്ന്. ഇവിടെ ഞാന്‍ ആ കവലച്ചെറുക്കന്റെ വാക്കുകള്‍ കൂട്ടിവായിക്കട്ടെ!"എടോ കാക്ക! ഇങ്ങനെ പാലും പഴോം ഒറ്റക്കു വിഴുങ്ങാതെ വല്ലതും കൊണ്ടോയി മക്കള്‍ക്കും കൊട്!"
ഒരാണ്കുട്ടിയുടെ വളര്‍ച്ചയും ഈ ഡയലോഗും തമ്മില്‍ എങ്ങിനെ കൂട്ടി വായിക്കും എന്നല്ലേ?പറയാം. അതിനു മുന്‍പ് എനിക്കയാളുടെ മക്കളെക്കുറിച്ചറിയണം. ഒന്നും കഴിക്കാതെ ക്ഷീണിച്ച് കോലം കെട്ടവരാകും ആ കുട്ടികള്‍! സഫ്വാന് ഒരിക്കല്‍ ഇയാളുടെ കനപ്പിച്ച നോട്ടത്തെ കുറിച്ചു പറഞ്ഞിരുന്നല്ലോ? അവനോടു തന്നെ ചോദിക്കാം.അവന് പറന്‍ഞ്ഞത് ഇങ്ങനെയാണ്, "അഞ്ച് പെണ്‍കുട്ടികള്‍ ഉണ്ടെന്നതില്‍ കവിഞ്ഞൊന്നും എനിക്കറിയില്ല, ഒന്നിനെ കെട്ടിച്ചെന്നു തോന്നുന്നു". ഞാന്‍ ഇതൊന്നും അറിഞ്ഞില്ല, എന്നു പറഞ്ഞപ്പോ നിങ്ങളെപ്പോലെ സഫ്വാനും തെറ്റിദ്ധരിച്ചു, അവന് ഒന്നു മൂളിച്ചിരിച്ചു.ഞാന്‍ എങ്ങിനെ അറിയും. വിദ്യാഭ്യാസം എന്നെ ഏറെ നാളേക്ക് നാട്ടില്‍ നിന്നും അകറ്റയിരുന്നു.
പക്ഷെ എനിക്കപ്പോള്‍ ഒരു ചോദ്യത്തിനുത്തരം കിട്ടുകയായിരുന്നു; മുതിര്‍ന്ന ശേഷം എന്റെ നേരെയും, മീശ വച്ചശേഷം സഫ്വാനു നേരെയും തുറിച്ചു വന്ന ആ നോട്ടത്തിനുത്തരം. ഞാനൂഹിക്കുന്നു, മുന്നിലൂടെ കടന്നു പോയ എല്ലാ ചെറുപ്പക്കാര്‍ക്കു നേരെയും ആ നോട്ടം അയാള്‍ തൊടുത്തിരിക്കണം; ഒരു ചോദ്യമായോ, അപേക്ഷയോ ഭിക്ഷയോ ആയോ, പിന്നെ പൊള്ളുന്ന ഒരു ശാപമായിട്ടോ! ഒരാള്‍ക്കും അയാളുടെ നോട്ടം മനസ്സിലാക്കാനുള്ള കണ്ണില്ലാതെ പോയി. അല്ല, മനസ്സിലാകാതിരുന്നത് നന്നായി. മുതലില്ലാത്ത പിതാവിന്റെ മക്കളായതുകൊണ്ട് മൊതലെടുപ്പില്‍ കൂടുതലായി ഞാനടക്കം ഒരു ചെറുപ്പക്കാരനും ആ പെണ്‍കുട്ടികള്‍ക്കു വേണ്ടി ഒന്നും ചെയ്യില്ല. പിന്നെ അല്പം കുടി മിടുക്കുള്ള യുവാക്കള്‍ ആ കുട്ടികളുടെ പഴത്തിനു വേണ്ടി ശുപാര്‍ശ ചെയ്യുന്നത് നമ്മള് നേരിട്ടു കേട്ടതുമാണ്.
സത്യത്തില്‍ അയാള്‍ മക്കള്‍ക്കു ഒന്നും കൊടുക്കാറില്ലേ? പെണ്‍കുട്ടികള്‍ മാത്രമുള്ള ആ വീട്ടിലേക്കു കയറിച്ചെന്നു ചോദിക്കാമെന്നു വച്ചാല്‍ പിന്നെ അയാളെ കാണുമ്പോ ആളുകള്‍ പറയും, "എടോ കാക്ക! ഇനി ഇഷ്ടം പോലെ പാലും പഴോം കഴിച്ചോ, ഇപ്പോ മക്കള്‍ക്ക് കൊടുക്കാന്‍ ആളുണ്ടല്ലൊ?" എന്ന്. എന്നാപിന്നെ ആ മക്കളുടെ കാര്യത്തില്‍ വല്യ താല്പര്യം കാണിക്കുന്ന കുരീലുകളോടു ചോദിച്ചാലോ? സഫ്വാനാണു പറഞ്ഞത് വേണ്ടാന്ന്. അവനാണ് അവരുടെ സ്വഭാവം എന്നേക്കാള്‍ നന്നായിട്ടറിയുന്നത്.
അങ്ങനെയിരിക്കെ, ഒരു നട്ടുച്ച. നട്ടപ്രാന്തിനു വീടിനു മുന്നിലേക്കിറങ്ങിയതാണ്. അതാ വരുന്നു അയാള്‍. എന്റെ മനസ്സില്‍ അയാളുമായി ബന്ധപ്പെട്ടു നടക്കുന്ന യുദ്ധം അയാള്‍ക്കറിയില്ല. എങ്കിലും, അടുത്തെത്തുന്തോറും അയാളുടെ നോട്ടം എന്നിലേക്കു തറച്ചു കയറിക്കൊണ്ടിരുന്നു. ഞാന്‍ മനസ്സിനെ ബലപ്പെടുത്തിക്കൊണ്ടിരുന്നു. തുറിച്ച് തുറിച്ച് നോക്കിക്കൊണ്ട് അയാള്‍ എന്നെ കടന്ന് പോയി. ആശ്വാസമായി! "മോനേ!" അയാളുടെ ശബ്ദം. ആദ്യമായിട്ടാണ് അത് ഞാന്‍ കേള്‍ക്കുന്നത്. അന്തിച്ചു നിന്ന എന്റെ നേര്‍ക്കു ആ കണ്ണുകള്‍ നീങ്ങി വന്നു. "ആ മോട്ടര്‍ സൈക്കിളില്‍ ഇക്കാനെ ഒന്നു വീടുവരെ കൊണ്ടു വിട്വോ? നടക്കാന്‍ വയ്യ!" ചെറുപ്പം മുതല്‍ ഞാന്‍ കാണുന്ന ആ നടത്തം...! ബൈക്കില്‍ ഞാന്‍ അയാളെ വീട്ടിലെത്തിച്ചു. "കയറിയിട്ടു പോകാം". കാത്തിരുന്ന അവസരം. "മോളേ! കുറച്ച് നാരങ്ങാവെള്ളം ഇങ്ങെടുത്തോ?"."ഇക്കാക്കെന്താ പണീ"? ഞാന്‍ ചോദിച്ചു തുടങ്ങി. "പണിയൊന്നൂല്ല മോനേ. പിന്നെ അയലോക്കക്കാരുടെ കരണ്ടു ബില്ലും, ഫോണ്‍ ബില്ലുമൊക്കെ ഞാനടക്കും. റേഷനും സാധനങ്ങളുമൊക്കെ വാങ്ങിക്കൊടുക്കും, മക്കള്‍ക്ക് അരിവാങ്ങാനും, ഉടുപ്പിനും അവരുടെ ഉമ്മാക്ക് മരുന്നിനുമൊക്കെയുള്ളത് കിട്ടും!"
ഓഹോ! പിന്നെ അന്നു കവലയില്‍ വച്ച് അവന് "മക്കള്‍ക്കും കൊണ്ടോയി കൊട്" എന്നു വിളിച്ച് പറഞ്ഞത് എന്തറിഞ്ഞിട്ടാണ്?
"വാപ്പാ വെള്ളം"! മകള്‍ വെള്ളം കൊണ്ടു വന്നു. ഇത് എന്റെ കൂടേ ഏഴാം ക്ലാസ്സില്‍ പഠിച്ച ഷംനയല്ലേ? അപ്പൊ ഷംനാടെ വാപ്പയാണോ ഇദ്ദേഹം! അവള് കാഴ്ചയില്‍ പഴയതിനേക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ട്. ആ പെണ്‍കുട്ടി എന്നെ നോക്കി ചിരിച്ചു? ഞാനും. അവള് തോളില്‍ കിടന്ന തോര്‍ത്തെടുത്ത് വപ്പാടെ വിയര്‍പ്പു മുറ്റിയ മുഖം തുടച്ചുകൊടുത്തു, എന്നെ നോക്കി ഭക്ഷണം കഴിച്ചിട്ടു പോയാ മതി എന്ന ക്ഷണത്തോടെ അകത്തേക്കു പോയി. അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി നല്ല മീന്‍ പൊരിച്ചതും പപ്പടവും ഇലക്കറിയുമൊക്കെയുള്ള ഊണു കഴിച്ച് തീര്‍ന്നപ്പോഴേക്കും ഷംനയുടെ അനിയത്തിക്കുട്ടി ഞങ്ങള്‍ക്കുമുന്നില്‍ ഒരു പാത്രം കൊണ്ടുവന്നു വച്ചു. അതെ! പാളേങ്കൊടന്‍ പഴം! മക്കള്‍ക്ക് പഴം പോലും കൊടുക്കുന്നില്ല എന്ന് പ്റഞ്ഞാണല്ലൊ ആളുകള്‍ ഈ പിതാവിനെ അപമാനിച്ചത്. എന്നാല്‍ നോക്കൂ. പഴവും, മീനും, ചോറും എല്ലാം ഈ വീട്ടില്‍ സ്നേഹ സന്തോഷങ്ങളോടൊപ്പം നിരന്നിരിക്കുന്നു. ഈ ലോകത്തിന്റെ നീണ്ടുകിടന്നടിക്കുന്ന പട്ടിനാക്കുകള്‍ക്ക് ആണിയടിക്കുക.
"മക്കളൊക്കെ എന്തു ചെയ്യുന്നു ഇക്കാ"? "മൂത്തവളെ എട്ടേക്കറില്‍ കെട്ടിച്ചു. അവന് ലോറീപ്പോണ്. ഇനി നാലെണ്ണത്തിനെ കെട്ടിക്കണം. എല്ലാര്ക്കും മൊതലുവേണം മോനേ! പിന്നെ എന്റെ പുള്ളേരൊക്കെ കാണാനും അത്ര പോര! ദജ്ജാലിനെ പോലെ ഇരിക്കണോനും പെണ്ണിന്റെ ചന്തം പോരാ! എന്നാ പെണ്ണു കാണാന്‍ വരണ ഹലാക്ക്കള്‍ക്ക് ചിന്തിക്കാന്‍ പാടില്ലെ; സന്തോഷം ഉണ്ടാകുമ്പോ ചന്തം ഉണ്ടാകൂന്ന്. സ്വഭാവത്തിന്റെ കാര്യത്തില്‍ ഒരാളും മോശമല്ല". ആ മനുഷ്യന്റെ നിഷ്കളങ്കമായ രോഷം അണപൊട്ടിത്തുടങ്ങി. ആളിക്കത്തി മാത്രം ഞാന്‍ കണ്ടിട്ടുള്ള കണ്ണുകളില്‍ ജീവിച്ചിരിക്കുന്ന സകല യുവാക്കളും മുങ്ങിച്ചാകാന്‍ മാത്രം പോന്ന ഒരു തുള്ളിക്കണ്ണുനീര്!
ഞാനിതാ ആ കവലയിലല്‍ ചെന്നു നിന്നു ഉറക്കെ ചോദിക്കുന്നു. നിസ്സഹായനായ ഒരു മനുഷ്യന്റെ അഭിമാനത്തിനെന്താ വെല? ജീവിതത്തിനു നേര്‍ക്ക് നിരാശയോടെ നോക്കുന്ന പെണ്‍കുട്ടികളുടെ കണ്ണീരിനെന്താ വെല? കവലയില്‍ നിന്നു വേണ്ടാത്തതു വിളിച്ചു പറയുന്ന നിങ്ങള്‍ക്കെന്താ വെല? ഒരു പാളേങ്കൊടന്‍ പഴത്തിനെന്താ വെല?..